----------------------
-- ശിവനന്ദ .
വിളിച്ചു ...വീണ്ടും വീണ്ടും....ഒരായിരം വട്ടം ........
നോട്ട് അവെയിലബിൾ ...സ്വിച്ച്ഡ് ഓഫ്.....പരിധിയ്ക്ക് പുറത്ത്........ഈ ഭൂമിയിൽ ഇത്രയും വൃത്തികെട്ട വാക്കുകൾ വേറെയില്ലെന്ന് തോന്നി. ഓരോ പ്രാവശ്യവും എന്റെ വിളികൾ , മറുപടികളോ മറുവിളികളോ ഇല്ലാതെ ശൂന്യതയിൽ ലയിച്ചു ചേർന്നപ്പോൾ , മൊബൈൽ എറിഞ്ഞുടയ്ക്കാനെനിയ്ക്ക് തോന്നി. അനാഥമായ ഓരോ വിളിയിലും മനസ്സിന്റെ ഓരോ പാളികളാണ് അടർന്നുപോയത്. അപ്പോൾ മാത്രമാണ് എന്റെ മൊബൈൽ വെറുമൊരു യന്ത്രമാണെന്നെനിയ്ക്ക് തോന്നിയത് . അതുവരെ , അത് ജീവൻ തുടിയ്ക്കുന്നൊരു ഹൃദയമായിരുന്നു . അതിൽ അവന്റെ സ്നേഹമുണ്ടായിരുന്നു , കരുതലുണ്ടായിരുന്നു , മൃദുചുംബനങ്ങളുണ്ടായിരുന്നു , ശ്വാസനിശ്വാസങ്ങളുണ്ടായിരുന്നു , നെടുവീർപ്പുകളുണ്ടായിരുന്നു ....അതിലേയ്ക്ക് ജലതരംഗത്തിന്റെ ശബ്ദത്തിൽ അവന്റെ വിളികളും വന്നിരുന്നു....അവന് വേണ്ടി മാത്രം ഞാൻ തെരഞ്ഞെടുത്ത ശബ്ദം......ഇപ്പൊ...തരംഗം പോയിട്ട് , ജലം പോലുമില്ലാതെ മനസ്സ് വറ്റി വരണ്ടിരിയ്ക്കുന്നു ....
കരയണോ എന്ന് ഞാൻ ചിന്തിച്ചു. തൊണ്ടയെ വേദനിപ്പിച്ചുകൊണ്ടൊരു ഗദ്ഗദം യുദ്ധസന്നദ്ധമായി നില്ക്കുന്നുണ്ട് . ദിനചര്യകൾ ഏറെക്കുറെ താറുമാറായിരിയ്ക്കുന്നു ...
മൊബൈലിലേയ്ക്ക് നോക്കി. വെറുപ്പ് തോന്നി . വൃത്തികെട്ടൊരു പെട്ടി... കണ്ടാലും മതി ....കറുത്ത് പെടച്ച് ....എന്തിന് കൊള്ളാം...? ഞാനതിന്റെ ഓടക്കുഴൽ റിങ്ങ് ടോണ്‍ മാറ്റി . പകരം പോത്ത് കരയുന്ന ശബ്ദമാക്കി . അവന്റെ വിളികളില്ലാത്ത മൊബൈലിന് ഇനി ഈ ശബ്ദം മതി.... അങ്ങനെ ചെയ്തപ്പോൾ ഇത്തിരി ആശ്വാസം...സന്തോഷം....
ഞാൻ കുളിമുറിയിൽ കയറി . കരയാനും ചിരിയ്ക്കാനും ചിന്തിയ്ക്കാനും , പിന്നെ പാട്ടുപാടാനും എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം......കണ്ണുകൾ പൂട്ടി....ചുണ്ടുകൾ പൂട്ടി....മനസ്സും പൂട്ടി....ഏറെ നേരം................
അടഞ്ഞ മനസ്സിൽ നിന്നൊരു നറുപുഞ്ചിരി .....
നീയെന്താണ് കരുതിയത് ? നിർജ്ജീവമാക്കിയ മൊബൈൽ ഫോണിന് പിന്നിൽ നിനക്ക് നിന്റെ ശരീരത്തെ മാത്രമല്ലേ ഒളിപ്പിയ്ക്കാനാവൂ ? നിന്റെ മനസ്സോ ? അത് ഒളിപ്പിയ്ക്കാനാവുമൊ? അതിന് എവിടെയാണ് നിന്റെ മനസ്സ് ? അതെന്റെ കൈയ്യിലല്ലേ ഉള്ളത് ? അതെന്നോ എനിയ്ക്ക് തന്നുപോയില്ലെ നീ? ഈ ജന്മം ഞാനത് നിനക്ക് തിരിച്ചു തരാനും പോകുന്നില്ല. ഈ ജന്മം മാത്രമല്ല , ഇനിയൊരു ജന്മവും നിനക്കത് തിരിച്ചു കിട്ടില്ല. പിന്നെ നീയെന്ത് ചെയ്യും?
ഞാൻ കുളിമുറിയിൽ നിന്നും പുറത്തിറങ്ങി . കരയണ്ട എന്ന് തന്നെ ഞാൻ തീരുമാനിച്ചു . ഹൃദയത്തിൽ മെല്ലെ കൈ ചേർത്തു ....മെല്ലെ.........വളരെ മെല്ലെ............കാരണം....കാരണം അതിനുള്ളിലല്ലെ ഞാനവന്റെ മനസ്സ് സൂക്ഷിച്ചിരിയ്ക്കുന്നത്....മയിൽപ്പീലി പോലെ മൃദുവായ അവന്റെ മനസ്സ്...അതിനു നോവരുതല്ലൊ.......
ആ നിമിഷം , എന്റെ മൊബൈലിൽ നിന്നും പോത്ത് കരയുന്ന ശബ്ദം. ചിരി വന്നു... അങ്ങനെ വേണം...അങ്ങനെതന്നെ വേണം....വൃത്തികെട്ട ഈ ശവപ്പെട്ടിയ്ക്ക് ഇതാണ് ചേരുക ...ഈ ശബ്ദം തന്നെയാണ് ചേരുക. നന്നായിപ്പോയി .... എന്റെ കണ്ണല്പം നനഞ്ഞത് ചിരിച്ചിട്ടാവും....
-----------------------
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ