-- ശിവനന്ദ .
പ്രിയപ്പെട്ട കുഞ്ഞേ ,
ഇത് ഞാനാണ്. നിന്റെ സഞ്ചിയിലെ പുസ്തകത്താളുകൾക്കിടയിൽ ജനിയ്ക്കുകയും വളരുകയും സ്വപ്‌നങ്ങൾ നെയ്യുകയും ചെയ്തവൾ.....ഓർക്കുന്നോ നീയെന്നെ ? ആളും മാനവും കാണാതെ നീയെന്നെ ഒളിച്ചു വച്ചപ്പോൾ , നിന്റെ ഹൃദയത്തിലായിരുന്നില്ലേ എന്റെ ഇരിപ്പിടം ? ആരുമറിയാതെ പമ്മിവന്ന് എന്നെ ഒളിഞ്ഞു നോക്കുമ്പോൾ , ഒരു കോരിത്തരിപ്പിന്റെ നിർവൃതിയായിരുന്നു ഞാനറിഞ്ഞത് .
പിണങ്ങിയ ചങ്ങാതിയെ ഇണക്കാൻ എന്നെ സമ്മാനമായി നീ കൊടുക്കുമ്പോൾ , എനിയ്ക്ക് സ്നെഹത്തോളം സ്ഥാനമുണ്ടായിരുന്നു . എന്നാൽ ചങ്ങാതിയോട് നീ പിണങ്ങുമ്പോൾ , കൊടുത്ത സമ്മാനം നീ തിരികെ ചോദിയ്ക്കുമ്പോൾ ....വിലയിടാനാവാത്തതാണ് എന്റെ സ്ഥാനമെന്ന് ഞാൻ വീണ്ടും അറിയുകയായിരുന്നു .
"കുറച്ചീസം നിന്റെ പുസ്തകത്തിൽ.. കുറച്ചീസം എന്റെ പുസ്തകത്തിൽ ..."
എന്ന് പറഞ്ഞ് , എന്റെ ഉടമസ്ഥാവകാശം നിങ്ങൾ പങ്കിട്ടപ്പോൾ , പങ്കുവയ്ക്കലാണ് സ്നേഹമെന്ന് ഞാൻ മനസ്സിലാക്കി . ഒടുവിൽ എങ്ങോ പിരിഞ്ഞുപോയ ചങ്ങാതിയ്ക്ക് സ്നേഹത്തോടെ നീയെന്നെ സമ്മാനിച്ചപ്പോൾ , ത്യാഗമാണ് -- വിട്ടുകൊടുക്കലാണ് സ്നേഹമെന്നും ഞാനറിഞ്ഞു.
നിന്റെ പുസ്തകസഞ്ചിയിൽ കിടന്ന് ഊഞ്ഞാലാടിയപ്പോൾ , സ്നേഹത്തിന്റെ എത്രയെത്ര ഭാവങ്ങളാണ് കുഞ്ഞേ നീയെന്നെ പഠിപ്പിച്ചത് ..!
നീയും വളർന്നു ...ഞാനും വളർന്നു ....നമ്മൾ യാത്ര ചെയ്ത ഇടനാഴികൾ ഇരുണ്ടും വെളുത്തും....
എന്തിനാണ് കുഞ്ഞേ നീ വളർന്നത് ? നിന്റെ വളർച്ചയ്ക്കിടയിലെ ഏതോ ഗുഹാന്തരങ്ങളിലല്ലെ എന്നെ നിനക്ക് നഷ്ടമായത് ? അല്ലെങ്കിൽ നീയെന്നെ നഷ്ടപ്പെടുത്തിയത് ? എന്തൊരു കാലനീതിയാണിത് ...?
എവിടെയാണ് നീ ? സുഖമോ നിനക്ക് ? നീണ്ടിടതൂർന്ന മുടിയുണ്ടോ നിനക്കിപ്പോഴും ? നീണ്ടിടംപെട്ട നിന്റെ കണ്ണുകളിൽ സ്വപ്നം മയങ്ങുന്നുണ്ടോ ? അതോ പണ്ടത്തെപ്പോലെ കുസൃതിയാണോ ? അന്നത്തെ കുട്ടിമനസ്സ് നഷ്ടമായോ നിനക്ക് ?
കാലത്തിന്റെ കണക്ക് പുസ്തകത്തിൽ ഒരുപാട് വെട്ടലും തിരുത്തലും......ഞാൻ പോവുകയാണ്....എങ്ങോട്ടെന്നറിയില്ല.....വിമാനത്തിലാണെന്റെ യാത്ര.....ആരുടെയോ മൗലിയിൽ ചാർത്തപ്പെടാൻ ....അത് കണ്ണന്റെയല്ലെന്ന് എനിയ്ക്കറിയാം....ആർക്കൊക്കെയോ ആഭരണമാവാൻ...അത് നിനക്കല്ലെന്ന് എനിയ്ക്കറിയാം.....എവിടൊക്കെയോ അലങ്കാരമാകാൻ ...അത് നിന്റെ പുസ്തകത്താളിനല്ലെന്ന് എനിയ്ക്കറിയാം ....
മുറിഞ്ഞിരിയ്ക്കുന്നു എന്റെ ഹൃദയം......ചോര വാർന്നിരിയ്ക്കുന്നു.....കുഞ്ഞേ....പോവുകയാണ്...നീയില്ലാത്തൊരു ലോകത്തേയ്ക്ക്...പക്ഷെ ...ഞാൻ ജീവിയ്ക്കും. എന്റെ ഹൃദയത്തിൽ ഒരു തുടിപ്പ് മാത്രം മാറ്റിവച്ച് ഞാൻ ജീവിയ്ക്കും, ഒറ്റ പ്രതീക്ഷയിൽ. ജീവിത സായാഹ്നത്തിൽ , നീ നിന്റെ ബാല്യത്തിലേയ്ക്ക് തിരിച്ച് വരുമെന്നെനിയ്ക്കറിയാം. അപ്പോൾ...അപ്പോൾ നീയെന്നെ നിന്റെ പുസ്തകത്താളുകൾക്കിടയിൽ തിരയും... കണാതാകുമ്പോൾ നീ വേദനിയ്ക്കും. എന്നെ വിളിച്ച് കരയും... നീ വിളിച്ചാലെനിയ്ക്ക് വരാതിരിയ്ക്കാനാവില്ല . ഞാൻ വരും...എവിടെയാണെങ്കിലും ഞാൻ വരും...
പ്രതീക്ഷ.....ഒരു പിൻവിളിയ്ക്കുള്ള പ്രതീക്ഷ...അതെന്നെ ജീവിപ്പിയ്ക്കും...ഇപ്പോൾ ഞാൻ പോകട്ടെ. മുറിഞ്ഞു മുറിഞ്ഞ് ചോര വാർന്ന് പിടയാൻ ഒരു സമരമുന്നണിയിലേയ്ക്ക്.......
-- സ്നേഹപൂർവ്വം -----
---------------------------------
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ