-- ശിവനന്ദ .
ചകിരിക്കൂമ്പാരത്തിന്റെ എത്രയോ താഴത്ത് നിന്നുമാണ് തിങ്ങിഞെരുങ്ങി ആ കൂപ്പുകൈകൾ പുറത്ത് വന്നത് ! അത് ആകാശത്തെ നോക്കി ആനന്ദത്തോടെ കൈകൾ വിടർത്തി . " എന്നിട്ടും ഞാൻ വന്നു " എന്ന് ആ മാവിൻ തൈ പറയുന്നത് പോലെ എനിയ്ക്ക് തോന്നി. ഞാനതിനെ വാത്സല്യത്തോടെ തലോടി . കുഞ്ഞരിപ്പല്ലുകൾ മുളയ്ക്കുന്നത് പോലെ അതിന് കുഞ്ഞു ശാഖകൾ വന്നു...
ഒരു ദിവസം ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നും തീ പടർന്ന് ചകിരി ആളിക്കത്തി. ഒപ്പം മാവിന്റെ കുഞ്ഞിലകളേയും തീ വിഴുങ്ങി. ഞാൻ വെള്ളമൊഴിച്ച് തീ കെടുത്തി . കരിഞ്ഞ മാവിൻ തൈയ്യിന്റെ അസ്ഥികൂടം നോക്കി ഞാൻ സങ്കടപ്പെട്ടു . "കഷ്ടം ! അത് പോയി..."
എന്നാൽ കുറച്ച് ദിവസം കരിഞ്ഞുണങ്ങി ചുള്ളിക്കമ്പ് പോലെ നിന്ന ആ മാവിൻ തയ്യിന്റെ ശാഖകളിൽ നിന്നും വീണ്ടുമൊരു ദിവസം കള്ളച്ചിരി ചിരിച്ച് നിൽക്കുന്നു പുതു നാമ്പുകൾ ! അതെന്നെ അതിശയിപ്പിയ്ക്കുക തന്നെ ചെയ്തു . കത്തിയെരിഞ്ഞ തീനാളങ്ങൾക്കുള്ളിൽ നിന്നൊരു പുനർജ്ജീവനം ! " വീണ്ടും ഞാൻ വന്നു " എന്ന് പറയുന്ന തളിരുകൾ ....! അതിജീവനം.....പ്രകൃതി പഠിപ്പിയ്ക്കുന്ന അതിജീവനം....!
അന്നത്തെ ആ മാവിൻ തൈ ഇന്ന് രണ്ടാൾപ്പൊക്കത്തിൽ വളർന്നു . പക്ഷെ അന്ന് കരിഞ്ഞുപോയ കുറച്ച് ഭാഗത്തെ പുറം തോൽ ഇന്നും വന്നിട്ടില്ല . "ഒരിയ്ക്കൽ നിങ്ങളെന്നെ മുറിവേൽപ്പിച്ചിരുന്നു " എന്ന് ഓർമ്മപ്പെടുത്തുംപോലെ ....
പക്ഷെ ആ അതിജീവനത്തിന്റെ പാത എനിയ്ക്കിഷ്ടമായി . ആരോടുമില്ല പരിഭവവും പരാതിയും....അതിന്റെ ആവശ്യമെന്ത് ? എല്ലാം കാലത്തിന്റെ സ്വന്തം നീതി..
അക്ഷരങ്ങൾ കടലാസിൽ നിന്നും വിരൽത്തുമ്പുകളിലേയ്ക്ക് ചുരുങ്ങുന്നത് കാണുന്നില്ലേ ? പരാതി പറഞ്ഞിട്ടെന്തിന് ? തൂലിക എന്ന വാക്കിനുള്ളിൽപ്പോലും ഒളിഞ്ഞിരിയ്ക്കുന്ന തൂവൽസ്പർശം ആർക്കും വേണ്ടെന്നാണെങ്കിൽപ്പിന്നെ എന്ത് ചെയ്യാൻ....
വിരൽത്തുമ്പൊന്നമർത്തിയാൽ നേട്ടവും നാശവും ! ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം . വിരൽത്തുമ്പിലെ ഒറ്റ ക്ലിക്കിൽ പ്രണയത്തിന്റെ ജനന മരണങ്ങൾ...ലോകം തന്നെ വിരൽത്തുമ്പിലേക്ക് ചുരുങ്ങുമ്പോൾ ഈ നിസ്സാരതകൾക്ക് ഇനിയെന്തിനൊരു വിശദീകരണം ?
പക്ഷേ എനിയ്ക്ക് വേണം. മനസ്സുരുക്കി സ്നേഹം ചാലിച്ചൊഴിച്ച് നിറയ്ക്കാൻ എനിയ്ക്കെന്റെ തൂലിക വേണം. ആ തൂലികത്തുമ്പിലൂടെ ഒഴുകി നിറയാൻ കടലാസുകൾ വേണം. കടലാസുകളുടെയും മഷിയുടെയും ഗന്ധമാണ് എന്റെ അക്ഷരങ്ങളിലെ സത്യസന്ധതയേയും ആത്മാർത്ഥതയേയും ഉരുക്കഴിയ്ക്കുന്നത്. എന്റെ കൈകളിൽ വിറയൽ പടരുന്നത് വരെ ഞാനെഴുതും. അത് കഴിഞ്ഞാൽപ്പിന്നെ ആരോടും പരാതിയില്ലാതെ നിയതിയുടെ പിറകെ .....
സാമൂഹ്യ മാധ്യമങ്ങളെ ഞാനെന്നും ബഹുമാനിയ്ക്കുന്നു. അതും പറയാതെ വയ്യ. എന്നാൽ പുതുമയിലേയ്ക്ക് നടക്കുമ്പോൾ പഴമയുടെ തേൻ തുള്ളികൾ കൂടി മനസ്സിലിറ്റിയ്ക്കും ഞാൻ . അത്രേയുള്ളു.
ഇരുട്ട് വന്നാലെന്താണ് ചെയ്യുക ? ഒന്നുകിൽ ഇരുട്ടുണ്ടാക്കിയവനെ പഴിച്ചു കൊണ്ടിരിയ്ക്കാം . അല്ലെങ്കിൽ ഇരുട്ടിൽ നിന്നും ഓടിയൊളിയ്ക്കാം . എന്നാലിത് രണ്ടും ചെയ്യാതെ , ഇരുട്ടിലൊരു നെയ്ത്തിരി കത്തിച്ച് വച്ചാലോ ? അതാവില്ലേ നല്ലത്? മാറ്റങ്ങളെല്ലാം സ്വന്തം മനസ്സിൽ നിന്നും തുടങ്ങണം .
മുറ്റത്തും പറമ്പിലും അൽപം മണ്ണ് ബാക്കിയിട്ട് പ്രകൃതിയിൽ എന്നേ ഞാനെന്റെ മനസ്സ് പതിപ്പിച്ചു ! മുൻപ് പല തവണ പറഞ്ഞിട്ടുള്ളതിനാൽ ഒരു ആവർത്തനം വേണ്ട. എന്തായാലും എനിയ്ക്ക് ഓണപ്പൂക്കളമിടാൻ പൂക്കൾ തേടി അയല്പക്കങ്ങളിലൂടെ നെട്ടോട്ടമോടണ്ട . നാട്ടിൻപുറത്തിന്റെ തനതായ രുചിക്കൂട്ടുകൾ എനിയ്ക്ക് പഴങ്കഥയുമല്ല .
പക്ഷെ , ഇവിടെ എന്റെ മകൾ നെറ്റിൽ നോക്കി പലതരം കേക്കുകൾ ഉണ്ടാക്കാൻ പഠിച്ചു വച്ചിരിയ്ക്കുന്നു . അവൾക്ക് ചമ്മന്തിയരയ്ക്കാൻ പഠിയ്ക്കണ്ട , അവിയലും സാമ്പാറും വേണ്ട....മൂന്ന് നേരവും കേക്ക് ആയാലോ ? നന്നായില്ലേ ? പക്ഷേ ഞാൻ വിട്ടുകൊടുക്കുവോ ? കെട്ടിച്ച് വിടുമ്പോൾ , ഭർത്താവിനെ പട്ടിണിയ്ക്കിടാതിരിയ്ക്കാൻ ആദ്യം കഞ്ഞിയും ചമ്മന്തിയുമുണ്ടാക്കാൻ പഠിയ്ക്കാൻ പറഞ്ഞു . അല്ലാതെ പിന്നെ ? ഒന്നുല്ലെങ്കിലും ഒരു തട്ടുകട നടത്തിയെങ്കിലും ജീവിയ്ക്കാല്ലോന്ന്.....എന്തേ ?
സത്യം പറയാല്ലോ, എനിയ്ക്ക് വലിയ ആഗ്രഹമാണ്, നമ്മുടെ അമ്മമാരുടെ കൈപ്പുണ്ണ്യം തിരികെ കൊണ്ടുവന്ന് എല്ലാവർക്കും വിളമ്പണമെന്ന്. പാചകം ഇഷ്ടമാണെനിയ്ക്ക് . എന്താ ? ഒരു തട്ടുകട തുടങ്ങിയാലോ ? ' കൈ വിറയ്ക്കുന്നത് വരെയല്ലേ എഴുതൂ ' എന്ന് ചോദിയ്ക്കുന്നവരോട് പറയാം , അത് കഴിഞ്ഞാൽ ഞാൻ തട്ടുകട നടത്തുമെന്ന് ...അല്ലേ ? അല്ല, അങ്ങനെയായാലും കൊള്ളില്ലല്ലോ....
പുതുമയേയും പഴമയേയും കൂട്ടി യോചിപ്പിച്ച് കൊണ്ടുപോകാനാണ് എന്റെ ശ്രമം. പണ്ടൊരിയ്ക്കൽ ഞാൻ പറഞ്ഞിട്ടില്ലേ , മുന്തിയ തരം ബേക്കറിപ്പലഹാരങ്ങളുടെ ഇടയിൽ ഞാനുണ്ടാക്കി വച്ച ശർക്കരയും തേങ്ങയും ചേർത്ത കൊഴുക്കട്ട ഹീറോ ആയത് ? അന്ന് വീട്ടിലുള്ളവർ എന്നെ കളിയാക്കുകയും , ഞങ്ങളുടെ ബോംബേ നിവാസികളായ അതിഥികൾ എന്നെ അഭിനന്ദിയ്ക്കുകയും ചെയ്തു. അതല്ലെങ്കിലും എപ്പോഴും അങ്ങനെയാണ് .
വർഷങ്ങൾക്ക് മുൻപ് കാർഗിൽ യുദ്ധം നടന്ന സമയത്ത് , രാജ്യസ്നേഹം ഒരു വീർപ്പുമുട്ടലായി എന്നെ നോവിച്ചപ്പോൾ , ആ പ്രാവശ്യത്തെ ഓണത്തിന് മണ്ണ് കുഴച്ച് ഞാൻ പൂത്തറ ഉണ്ടാക്കിയത് ഇന്ത്യയുടെ ആകൃതിയിൽ . ഓരോ സംസ്ഥാനവും ഓരോ തരം പൂക്കൾ കൊണ്ട് ഞാൻ വേർതിരിച്ചപ്പോൾ , എന്നെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് , ഞങ്ങളുടെ ഫ്രാൻസ് കാരനായ സുഹൃത്ത്. ഓണക്കാഴ്ച്ചകൾ കാണാനിറങ്ങിയ അദ്ദേഹം , എന്റെ പുഷ്പ മനോഹരിയായ ഇന്ത്യയെ ക്യാമറയിൽ പകർത്തി . ഒരു വിദേശിയാണത് ചെയ്തതെന്നുള്ളത് വളരെ മഹത്തരമായി എനിയ്ക്ക് തോന്നി. ചിത്രത്തിന്റെ ഒരു കോപ്പി എനിയ്ക്ക് തരികയും ചെയ്തു.
ഇതാണ് ഞാനെപ്പോഴും പറയാറുള്ളത്, നമ്മളെ നമ്മൾ തിരിച്ചറിയുന്നില്ല. നമുക്ക് നമ്മളെ ചൂണ്ടിക്കാണിച്ചു തരാൻ മറ്റൊരാൾ വേണം....
കേട്ട് മടുത്തു അല്ലേ ? എവിടെയോ തുടങ്ങി....അടുക്കും ചിട്ടയുമില്ലാതെ എന്തൊക്കെയോ പറഞ്ഞു.....
എഴുത്തിന് കുറച്ച് ദിവസം അവധി കൊടുത്തപ്പോൾ ചിതറിപ്പോയ ചിന്തകളാണ് . അതൊന്ന് പങ്ക് വച്ചെന്ന് മാത്രം.
ഞാനെപ്പോഴും ഓർക്കുകയും , മറ്റാരും തിരിച്ചറിയാതെ പോവുകയും ചെയ്യുന്ന ഒരു സത്യമുണ്ട് .. എന്താണെന്ന് വച്ചാൽ , ഞാൻ ബ്ലോഗുകൾ എഴുതുകയും , ബ്ലോഗുകൾ വായിയ്ക്കുകയും , കമന്റ് എഴുതുകയും കമന്റിന് മറുപടി എഴുതുകയും , ഡിസ്ക്കഷൻസിൽ പങ്കെടുക്കുകയുമൊക്കെ ചെയ്യുമ്പോൾ ഒരു വ്യക്തിയോട് എന്നതിലുപരി, ഒരു സമൂഹത്തോടാണ് ഞാൻ സംവദിയ്ക്കുന്നത് . എനിയ്ക്ക് ഈ സമൂഹത്തോട് പറയാനുള്ള കാര്യങ്ങൾ യാതൊരു വിലക്കുകളുമില്ലാതെ സ്വാതന്ത്ര്യത്തോടെ ഞാൻ തുറന്ന് പറയുകയാണ്. സമൂഹത്തോട് ചോദിയ്ക്കാനുള്ള ചോദ്യങ്ങൾ ധൈര്യപൂർവ്വം ചോദിയ്ക്കുകയാണ് . എന്റെ ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ , അഭിപ്രായങ്ങൾ, എതിരഭിപ്രായങ്ങൾ, ചോദ്യങ്ങൾ , ഉത്തരങ്ങൾ , മുന്നറിയിപ്പുകൾ ...... അങ്ങനെ എല്ലാമെല്ലാം..........അതിനായി ഞാനും സംസാരിയ്ക്കും, എന്റെ കഥാപാത്രങ്ങളും സംസാരിയ്ക്കും. എന്റെ മനസ്സ് പറയുന്നത് മാത്രമേ ഞാനെഴുതൂ. മറ്റൊരാളുടെ തോക്കിൻ മുനയിൽ നിന്ന് എഴുതേണ്ടി വന്നാൽ , അന്ന് ഞാൻ എഴുത്ത് നിർത്തുകയും ചെയ്യും. ഇതാണെന്റെ വഴി. ഇത് തന്നെയാണെന്റെ വഴി.
കഥകൾ .....അവയുടെ മായാലോകം ......അവയുണ്ടാക്കുന്ന മിഥ്യാദൃശ്യങ്ങൾ .......ഈ വാക്കുകളൊക്കെ എന്നെ നിരന്തരം വേട്ടയാടിയപ്പോൾ , എന്റെ മുഖത്ത് ഞാൻ പോലുമറിയാതെ വിരിഞ്ഞ ഒരു ചെറു പുഞ്ചിരി , സങ്കടത്തിന്റെതാണോ സഹതാപത്തിന്റെതാണോ കാരുണ്യത്തിന്റേതാണോ അതോ നിസ്സഹായതയുടെതാണോ എന്ന് തിരിച്ചറിയാനായില്ലെനിയ്ക്ക് . പക്ഷേ ഒരിയ്ക്കലുമത് പരിഹാസത്തിന്റേതായിരുന്നില്ല , ഉറപ്പ്. ഞാൻ ആലോചിച്ചു.......കുറെയേറെ കാര്യങ്ങൾ .....സത്യവും മിഥ്യയും ഒരു യുദ്ധഭൂമിയുടെ ഇരു ചേരികളിൽ നിന്ന് കാഹളം മുഴക്കിയപ്പോൾ ഞാൻ ചിന്തകളിങ്ങനെ ഉപസംഹരിച്ചു......,'ഞാൻ മറഞ്ഞു നിന്നാലും മരിച്ചു വീണാലും ആരുടെയെങ്കിലുമൊക്കെ മനസ്സിൽ എന്റെ അക്ഷരങ്ങളെങ്കിലും ഉണ്ടാകുമെന്ന തിരിച്ചറിവ് എന്നിൽ വളരെ ആശ്വാസവും സന്തോഷവുമുണ്ടാക്കുന്നു '...
ഞാനെന്തിന്നാണിതൊക്കെ പറയുന്നതെന്നറിയാമോ ? സാഹചര്യമില്ല എന്ന കാരണം കൊണ്ട് ഒരു സ്ത്രീയും മുഖ്യ ധാരയിൽ നിന്നും പിന്നോട്ട് പോകരുത് . ഒരു വഴിയല്ലെങ്കിൽ മറ്റൊരു വഴി.
കഥകളുടെ ലോകത്ത് നിന്നും മാറിനിന്നാൽ , കരയിൽ പിടിച്ചിട്ട മത്സ്യത്തേപ്പോലെ ഞാൻ പിടഞ്ഞു മരിയ്ക്കുമെന്ന് എനിയ്ക്ക് നന്നായറിയാം . എന്നിട്ട് പോലും ചില സന്ദർഭങ്ങളിൽ ,സഹികെട്ട് ഞാനെന്റെ അക്ഷരങ്ങളെ പകയോടെ കുടഞ്ഞു തെറിപ്പിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട് . പക്ഷെ അപ്പോഴും അവ വിട്ടുപോകാതെ എന്റെ വിരൽത്തുമ്പിൽ കടിച്ചു തൂങ്ങി എന്നെ വേദനിപ്പിച്ചു. അവയെ സംരക്ഷിയ്ക്കാൻ ഞാൻ നേരിട്ട പ്രതിസന്ധികൾക്ക് കണക്കില്ല. എന്നിട്ടും കണ്ടില്ലേ ? എനിയ്ക്ക് ചുറ്റും ഞാൻ തീർത്ത സ്വർഗ്ഗത്തിന്റെ പൂമുഖത്തിണ്ണയിലിരുന്ന് ഇപ്പോഴും ഞാനെഴുതുകയാണ് ! കറുത്ത പകലുകളും വെളുത്ത രാത്രികളും വീണ്ടും എന്നെ തേടി വന്നേക്കാം . വരട്ടെ. വരുന്നതെല്ലാം വന്നു പോകട്ടെ.....എന്റെ കൈവിരൽത്തുമ്പുകൾ നിശ്ചലമാകുന്നതുവരെ ഞാനെഴുതും....
അതിജീവനം ....അതല്ലേ എല്ലാം .......
*****************
3 അഭിപ്രായ(ങ്ങള്‍):
കുറച്ച് ദിവസം കരിഞ്ഞുണങ്ങി ചുള്ളിക്കമ്പ് പോലെ നിന്ന ആ മാവിൻ തയ്യിന്റെ ശാഖകളിൽ നിന്നും വീണ്ടുമൊരു ദിവസം കള്ളച്ചിരി ചിരിച്ച് നിൽക്കുന്നു പുതു നാമ്പുകൾ ! കത്തിയെരിഞ്ഞ തീനാളങ്ങൾക്കുള്ളിൽ നിന്നൊരു പുനർജ്ജീവനം ! " വീണ്ടും ഞാൻ വന്നു " എന്ന് പറയുന്ന തളിരുകൾ ....! അതിജീവനം.....
ഒരുപാട് നന്ദി ശിവനന്ദ ഇങ്ങനെ ഒരു സൃഷ്ടിക്ക് ജന്മം കൊടുത്തതില്‍. അക്ഷരങ്ങളെ അടുക്കും ചിട്ടയോടെ കോര്‍ത്തിണക്കുമ്പോള്‍ അത് വായനക്കാരില്‍ ആസ്വാദനത്തിന്‍റെ പൂത്തിരികള്‍ കത്തിക്കുമെങ്കില്‍ ഇതു വായിക്കാന്‍ തുടങ്ങിയത് മുതല്‍ എന്‍റെ മനസ്സില്‍ ഒരു ഉത്സവം കൊടിയേറുകയായിരുന്നു...ഇനിയും ഒരുപാട് എഴുതുക. ആശംസകള്‍
thanks soma, biju.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ