അയാള്‍ ആലോചിച്ചു....എന്താണെഴുതേണ്ടത് ? പല ആശയങ്ങളും മനസ്സില്‍ വന്നു. വെള്ളം....വായു...അഗ്നി..പഞ്ചഭൂതങ്ങള്‍ മുഴുവന്‍ മനസ്സില്‍ നിരന്നു. ഓരോന്നിനേക്കുറിച്ചും എഴുതിനോക്കി. ശ്ശേ ... നന്നായില്ല..തൃപ്തിയായില്ല . കരകുരാന്ന്‍ വെട്ടി.
പിന്നെ ആനുകാലിക സംഭവങ്ങള്‍ വിഷയമാക്കി നോക്കി. ഒരു ഖണ്ഡിക. അല്ലെങ്കില്‍ രണ്ട് താളുകള്‍. പോര. മനസ്സിലെ വികാരതീവ്രത അക്ഷരങ്ങളിലേയ്ക്കിറങ്ങിയില്ല . അതും വെട്ടി.
എന്നാല്‍പ്പിന്നെ സ്വന്തം വേദനകളെക്കുറിച്ചെഴുതാമെന്നയാള്‍ക്ക് തോന്നി.....
ങാ....! അത് കൊള്ളാം ..! എഴുതിത്തുടങ്ങി. അനിര്‍ഗ്ഗളം ഭാഷ ഒഴുകിയിറങ്ങി കടലാസ്സില്‍ നിറഞ്ഞു...ഒടുക്കം വലിയൊരു വെട്ട് കൊടുത്തു. ശ്ശേ...നാണക്കേട്..സ്വന്തം വേദനകള്‍ മറ്റുള്ളവര്‍ക്ക് വില്‍ക്കാനോ ?
പിന്നെയിനി ? ഇനിയോ ?
"എഴുതാത്തതെന്താ ? എഴുത്ത് നിര്‍ത്തിയോ ? ""
ചോദ്യങ്ങള്‍ അയാളെ ഭയപ്പെടുത്തി. ഒടുക്കം അയാള്‍ സ്വയം ചോദിച്ചു. നിര്‍ത്തിയോ ?? മനസ്സിലെ ശൂന്യത കണ്ട് അയാള്‍ക്ക് ഭ്രാന്ത് കയറി. വിരല്‍ത്തുമ്പുകളിലേയ്ക്ക് നോക്കി. അത് പരിഹസിയ്ക്കുന്നു ! തൂലികത്തുമ്പിലേയ്ക്ക് നോക്കി...അത് നിര്‍ജ്ജീവം ! പിന്നെ അയാള്‍ അക്ഷരങ്ങളെ തിരഞ്ഞു...അവ ദൂരെ മാറിനിന്ന് കരയുന്നു...!
" പിന്നേ.....വല്യൊരു എഴുത്തുകാരന്‍..എം ടി യൊക്കെ മാറിനിക്കും."
പരിഹാസത്തിന് മാസാമാസം കിട്ടുന്ന ശമ്പളത്തിന്റെ വിലയുണ്ടായിരുന്നു. ....അപമാനത്തിന്‍റെ വില..!
കാലിത്തൊഴുത്തിന്റെ പിന്നിലിരുന്ന് അയാള്‍ കരഞ്ഞു.
"ഇപ്പോള്‍ ജീവിച്ചിരിയ്ക്കുന്നു എന്നതല്ലേ ഏറ്റവും വലിയ അതിശയവും പുണ്യവും ? ദൈവത്തോട് നന്ദികേട് കാണിയ്ക്കല്ലേ..."
അയാള്‍ കരഞ്ഞുകൊണ്ട് സ്വയം പറഞ്ഞു. പിന്നെ മാസാമാസം കിട്ടുന്ന ശമ്പളം കാത്ത് വീട്ടിലിരിയ്ക്കുന്ന ഭാര്യയേയും കുഞ്ഞിനേയും ഓര്‍ത്തു....അയാള്‍ യന്ത്രം പോലെയായി. ചാണകം വാരി, തൊഴുത്ത് കഴുകി , പശുവിനെ കുളിപ്പിയ്ക്കാന്‍ തുടങ്ങി....
രാത്രി തന്‍റെ കുടുസ്സ് മുറിയുടെ ഏകാന്തതയില്‍ അയാള്‍ ഒരു കഷണം കടലാസിനായി തപ്പിത്തിരഞ്ഞു.....എഴുതണം...എന്‍റെ ദൈവമേ..! എനിയ്ക്ക് എഴുതണം...എന്‍റെ ഹൃദയം പറിച്ചെടുത്ത് കടലാസില്‍ പിഴിഞ്ഞൊഴിയ്ക്കണം ...
"എടാ...പന്ന............രാത്രി ലൈറ്റുമിട്ടിരുന്ന്‍ സ്വപ്നം കാണുന്നോടാ ? നിന്‍റെ അപ്പന്‍ കൊണ്ടൊന്ന മൊതലൊന്ന്വല്ലിത്...ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ മൊതലാ... കരണ്ട് ചാര്‍ജ്ജ് നിന്റെ അപ്പനടയ്ക്ക്വോടാ ? രാത്രി പത്ത് മണിയ്ക്ക് ലൈറ്റ് കെടുത്തിക്കോണം . ഇല്ലെങ്കി എന്റെ സ്വഭാവം നീയറിയും ...അവന്റെ ഒടുക്കത്തെയൊരു എഴുത്തും വായനേം ...ഇന്ന് ഞാന്‍ തീര്‍ത്ത് തരാടാ ...."
തെറികളുടെ കനല്‍ക്കാറ്റില്‍ സ്വപ്നങ്ങളുടെ ചാരം പറന്നു.
ഇരുട്ടിന്‍റെ മൂലയില്‍ അയാള്‍ ചുരുണ്ട് കൂടി. കനച്ച എണ്ണയുടെ മണമുള്ള തലയിണയില്‍ മുഖമമര്‍ത്തി മനസ്സിനെ കെട്ടിയിട്ടു. എന്നത്തേയും പോലെ മുടിയിഴകള്‍ വലിച്ച് പറിച്ചില്ല. അണപ്പല്ലുകള്‍ ഞെരിഞ്ഞമര്‍ന്നില്ല.....പിന്നെ...കത്തിയമര്‍ന്ന സ്വപ്നങ്ങളുടെ ചാരമത്രയും വെള്ളത്തില്‍ കലക്കി തുളസീതീര്‍ത്ഥം പോലെ കുടിച്ചു. സംതൃപ്തിയോടെ ചിരിച്ചു. ഓര്‍ക്കുകയും ചെയ്തു.
"എന്‍റെ സ്വപ്നങ്ങളുടെ ചാരം എന്നില്‍ത്തന്നെ പുനര്‍ജ്ജനിയ്ക്കട്ടെ."
പിറ്റേന്ന്.....
"മൊതലാളി, എനിയ്ക്കെന്റെ ന്യായങ്ങള്‍...നിങ്ങക്ക് നിങ്ങടേം. എന്നാലിത് രണ്ടും കാണുന്ന ഒരാള്‍ മോളിലുണ്ട്.. ദൈവം. വിധി അവിടുന്ന്‍ വരട്ടെ."
അയാള്‍ ഇറങ്ങി നടന്നു. മുതലാളി പകച്ച് നിന്നോ എന്നയാള്‍ തിരിഞ്ഞു നോക്കിയില്ല. അയാള്‍ക്കതിന്റെ ആവശ്യമില്ലായിരുന്നു.
**
കുടിച്ച് തീര്‍ത്ത സ്വപ്നങ്ങളുടെ ചാരം അയാളില്‍ പുനര്‍ജ്ജനിച്ചു . കത്തിത്തീര്‍ന്ന ചിതയുടെ അരികിലിരുന്ന്‍ അയാളോര്‍ത്തു..... ശ്മശാനത്തിലേത് പോലെ ശാന്തിയും സമാധാനവും ഭൂമിയില്‍ മറ്റൊരിടത്തുമില്ലെന്ന്. മറ്റുള്ളവര്‍ക്ക് വേണ്ടി ചിത കൂട്ടുമ്പോള്‍ അയാള്‍ക്ക് നൊന്തതേയില്ല. കാരണം ഏറ്റവും മഹത്തായ ഒരു കമ്മ്യൂണിസമാണ് താന്‍ നടപ്പാക്കുന്നതെന്ന് അയാള്‍ക്കറിയാമായിരുന്നു ! വലിപ്പച്ചെറപ്പമില്ലാതെ , മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ , ജാതിമതവ്യത്യാസമില്ലാതെ എല്ലാവരും ഒരേപോലെ ഒരേ മണ്ണില്‍ !
ഗജഗംഭീരനായി സര്‍വ്വവും അടക്കി വാണ ഒരുത്തന്‍റെ മൃതശരീരം കത്തിത്തീരുന്നത് വരെപ്പോലും കാത്തുനില്‍ക്കാതെ മക്കള്‍ തിരിഞ്ഞു നടന്നപ്പോള്‍ , എരിയുന്ന തീവെളിച്ചത്തിലിരുന്ന്‍ അയാളെഴുതി....
"ഇത്രേയുള്ളൂ "
ഓരോരുത്തരും ഏല്‍പ്പിച്ചിട്ട് പോകുന്ന പാത്രങ്ങളില്‍ ചിതാഭസ്മം വാരി നിറയ്ക്കുമ്പോള്‍ അയാള്‍ സൂക്ഷിച്ച് നോക്കി... എന്തെങ്കിലും വ്യത്യാസം ? ഒന്നുമില്ല ! ഒരേപോലിരിയ്ക്കുന്നു എല്ലാം.! അയാള്‍ക്ക് ചിരി വന്നു. ഏറ്റവും വിശുദ്ധനായ കമ്മ്യൂണിസ്റ്റ് താനാണെന്ന്‍ അയാള്‍ സ്വയം അഭിമാനിച്ചു.
" മഹാത്മാക്കളേ...! നിങ്ങള്‍ സ്വപ്നം കണ്ട സമത്വസുന്ദരലോകം ഇതാ ഇവിടെ....ഈ ശ്മശാനത്തില്‍...! "
അയാള്‍ ആകാശത്തേയ്ക്ക് കൈകള്‍ വിടര്‍ത്തി.
ശരീരമെന്ന ഭാരം അഴിച്ചു വച്ച സന്തോഷത്തോടെ ശ്മശാനത്തില്‍ ചുറ്റിക്കറങ്ങിയ ആത്മാക്കള്‍ അയാളോട് കൂട്ട് കൂടി. അവരുമായുള്ള സംവാദം അയാള്‍ കഥകളും കവിതകളുമാക്കി. എത്രയോ അപമാനിയ്ക്കപ്പെട്ട തന്‍റെ അക്ഷരങ്ങള്‍ ഏറെ ആദരിയ്ക്കപ്പെട്ടത് ഇവിടെയാണെന്നയാള്‍ക്ക് തോന്നി.
"അച്ഛന് തീരെ വയ്യ. ആരെങ്കിലും എപ്പോഴും അടുത്തു വേണം. നീയൊന്നു വരൂ."
കൊച്ചുമുതാളിയുടെ ഫോണ്‍വിളിയ്ക്ക് കൊടുത്ത മറുപടി കൊടുത്ത മറുപടി ക്രൂരമായെന്ന്‍ അവര്‍ക്ക് തോന്നിക്കാണും. പക്ഷേ അയാള്‍ക്കത് തോന്നിയില്ല.
" ഇല്ല കൊച്ചുമുതലാളി...ഞാനിവിടെ ജോലിയിലാണ്. ശ്മശാനത്തില്‍. സ്വപ്നങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നു. "
" തീരെ കിടപ്പാണ് . നീയാവുമ്പോ വിശ്വസിച്ച് ഏല്‍പ്പിച്ച് പോകാല്ലോ."
അതിന് കൊടുത്ത മറുപടി അല്പം ക്രൂരമായിപ്പോയോ ? ഇല്ല. അയാള്‍ക്കതും തോന്നിയില്ല .
" സമയമാകുമ്പോ ഇങ്ങോട്ട് കൊണ്ട് വന്നോളൂ. ഇവിടെ ഞാന്‍ കാവല്‍ നില്‍ക്കാം ."
പിറ്റേന്ന് വന്ന അവസാനത്തെ 'ശവഘോഷയാത്ര' അയാളുടെ മുതലാളിയുടെതായിരുന്നു. ഒന്നും തോന്നിയില്ല. തയാറാക്കിയ ചിതയിലേയ്ക്ക് മൃതദേഹം വയ്ക്കുമ്പോള്‍ അയാളുടെ അക്ഷരങ്ങള്‍ ദൂരെ മാറി നിന്ന് കൈകൊട്ടിച്ചിരിച്ചു .
" ഹഹഹ....ഒരിയ്ക്കല്‍ ഇയ്യാള്‍ ഞങ്ങള്‍ക്ക് ചിത കൂട്ടി....ഇന്ന്...ഹഹഹ...."
" ആയുധമില്ലാത്തവനോട് യുദ്ധം ചെയ്യുന്നോടാ പുല്ലേ.."
അക്ഷരങ്ങളോട് അയാള്‍ കയര്‍ത്തു. അവര്‍ നിശ്ശബ്ദരായി മുന്നില്‍ വന്ന്, വിധേയത്വത്തോടെ നിരന്ന്‍ നിന്നു .
ആരായാലെന്ത്? കണക്ക് പറഞ്ഞ് കാശ് വാങ്ങി അയാള്‍ അടുത്ത കഥയെഴുതിത്തുടങ്ങി.... തലക്കെട്ട് ഇങ്ങനെയെഴുതി....
"സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍ ".........
****************
3 അഭിപ്രായ(ങ്ങള്‍):
സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍ ".........
തോല്‍വികള്‍ക്കു മുന്‍പില്‍ ഒരിക്കലും തോറ്റുകൊടുക്കാതെ,.......
സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍ ".........
തോല്‍വികള്‍ക്കു മുന്‍പില്‍ ഒരിക്കലും തോറ്റുകൊടുക്കാതെ,.......
ശരിയാണ്.. സന്തോഷം.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ