--------------------------------
-- ശിവനന്ദ .
നീര് വച്ച് വീർത്ത പാദം വലിച്ച്, ചിന്നിച്ചിതറിയ മുടിയിഴകള്‍ ഇടയ്ക്കിടെ പിന്നിലേയ്ക്ക് തൂത്തെറിഞ്ഞ് ഏന്തിയും വലിഞ്ഞും വേച്ചും അവർ നടന്നു. കല്ലില്‍ത്തട്ടി കാലില്‍ ചോര പൊടിഞ്ഞു. കീറിയും തുന്നിയും നിറം കെട്ടുമിരുന്ന സാരിത്തുമ്പ് കാറ്റില്‍ പിറകോട്ടു പറന്നു.
"സഞ്ചാരിയാണത്രെ ... എന്താ തെളിവ് ? നിന്റെ കൈയ്യിൽ തിരിച്ചറിയൽ കാർഡുണ്ടോ ? "
അവൾ നിഷേധാർതഥത്തിൽ തലയനക്കി .
" ആധാർ കാർഡുണ്ടോ ? റേഷൻ കാർഡുണ്ടോ ? പാസ്‌പ്പോർട്ട് ? പോട്ടെ..ഒരു ഡ്രൈവിങ് ലൈസൻസ് എങ്കിലും ? "
അവൾ മുഖമുയർത്തി അവരെയൊന്ന് നോക്കി....!
ആ നോട്ടത്തിന്റെ അർത്ഥം തിരയാൻ അവർ ഡിക്ഷ്ണറി എടുക്കാൻ മറന്നു ..കഷ്ടം..!
" എന്താ നിന്റെ മാറാപ്പിൽ ? "
അത് കേട്ട മാത്രയിൽ അവൾ ഭയത്തോടെ അതൊന്നുകൂടി കൈ കൊണ്ട് പൊതിഞ്ഞു പിടിച്ച് മിണ്ടാതിരുന്നു ..
" പറയെടീ .. ഇതിൽ ബോംബല്ലേ ?"
അവൾ ഞെട്ടി ..
"അല്ല...അല്ല..."
അവളുടെ സ്വരം വിറച്ചിരുന്നു .. കണ്ണുകൾ നനഞ്ഞു വന്നു. പക്ഷെ മനസ്സിന്റെ ചൂട് കൊണ്ട് അത് ആവിയായിപ്പോയി . തുണിക്കെട്ട് ഒന്നുകൂടി നെഞ്ചിലേക്കമർത്തി അവൾ ചുരുണ്ടുകൂടി ...
"അതൊന്നഴിച്ചേ ..കാണട്ടെ .."
"ഇല്ല..."
അവൾ ദുർബ്ബലമായി പ്രതിഷേധിച്ചു ..
" നിന്നോടല്ലേ പറഞ്ഞെ ..താടീ ഇവിടെ.."
എല്ലാവരും കൂടി ആക്രാന്തത്തോടെ ആ പഴന്തുണിക്കെട്ട് പിടിച്ചു പറിച്ചു . ആവേശത്തോടെ അത് വലിച്ചു കീറി . അതിനുള്ളിൽ മറ്റൊരു പൊതിക്കെട്ട് .. അതിനുള്ളിൽ വേറൊന്ന് ... ഒന്നൊന്നായി അവർ വലിച്ചു കീറിയെറിഞ്ഞു ...
ഒടുക്കം ... ഒടുക്കമൊരു കുഞ്ഞു മൺചെപ്പ് ..! അത് കൈയ്യിലെടുത്തപ്പോൾ അവൾ തൊഴുതു...
"അരുത് ..അത് നശിപ്പിയ്ക്കരുത് ..."
"സത്യം പറയെടീ ..എന്താ ഇതിൽ ?"
മറുപടി പറയാതെ അവൾ കൈനീട്ടി ..
"താ .."
" ങാഹാ ... നീ പറയില്ലേ ? എന്നാ ഇതിലെന്താന്ന് അറിഞ്ഞിട്ടുതന്നെ കാര്യം.."
"ഞാൻ തുറക്കാം...ഞാൻ തുറക്കാം..."
എല്ലാവരും കൂടി പിടിവലി കൂടി. ആരോ ഒരാൾ അത് താഴേയ്ക്ക് ആഞ്ഞെറിഞ്ഞു .. പൊട്ടിച്ചിതറിയ മൺചെപ്പിനുള്ളിൽ നിന്നും തൂവിത്തെറിച്ചത് കുറെ തരികളായിരുന്നു..! കുറെ സ്വപ്നത്തരികൾ ! അവളുടെ പാതി കരിഞ്ഞ സ്വപ്നത്തരികൾ ...!
അവളൊന്നും മിണ്ടിയില്ല. കല്ലിന് കാറ്റ് പിടിച്ചത് പോലിരുന്നു...പിന്നെ...മെല്ലെ മെല്ലെ തൂവിപ്പോയ തരികൾ കൈ കൊണ്ട് തടുത്തുകൂട്ടി വാരി , സാരിയുടെ തുമ്പിൽ കെട്ടിയിട്ടു... പിന്നെ ചുറ്റും നിന്നവരുടെ മുഖങ്ങളിലേയ്ക്ക് മാറി മാറി നോക്കി.. ആ നോട്ടത്തിന്റെ അർത്ഥം ...ശ്ശൊ...അവർ ഡിക്ഷ്ണറി എടുത്തില്ലല്ലോ...
എങ്കിലും അവർ അവളെ നോക്കി പിറുപിറുത്തു.....
"മാപ്പ് "...
അത് കേൾക്കെ അവളുടെ കണ്ണൊന്ന് വിടർന്നു ..! മാപ്പ് ? മാപ്പ്... അതിനെന്തു വിലവരും ? അവൾ കണക്കു കൂട്ടി .. ആത്മാഭിമാനത്തിന്റെ അത്രയും ? ഹേയ് ...ഇല്ല..അത്രയും വരില്ല... വ്യക്തിത്വത്തിന്റെ ? ഹേയ് ...അതുമില്ല... അപമാനത്തിന്റെ ? അതെ ! അവൾ ഉത്തരം കണ്ടു പിടിച്ചു ! അവളുടെ അപമാനത്തിന്റെ വില വരും മാപ്പിന്... ഓരോ ദിവസവും തെരുവിൽ വലിച്ചു കീറപ്പെട്ട അവളുടെ മാനത്തിന്റെ വില...കൊള്ളാം...
മാപ്പ്..... അവൾ ഓർത്തോർത്ത് ചിരിച്ചു... കറ പിടിച്ച പല്ലുകൾ കാട്ടി വീണ്ടും വീണ്ടും ചിരിച്ചു ...
പക്ഷെ പോരല്ലോ... ഇനിയുമുണ്ട്... ഒരു കുഞ്ഞു മുഖത്തെ കടിച്ചു പറിച്ച തെരുവ് നായ....എന്റെ....എന്റെ...
ആ കുഞ്ഞു ദേഹത്ത് ആഴ്ന്നിറങ്ങിയ പല്ലും മുഖവും...പിന്നെ...പിന്നെ...
അവളുടെ അണപ്പല്ലുകൾ ഞെരിഞ്ഞമർന്നു... സാരിയുടെ ഇടയിൽ തീ വിഴുങ്ങിയ ഒരു തുണ്ടു മൗനം പോലെ കത്തിയുടെ വായ്ത്തല തിളങ്ങി....ഓരോ ആൾക്കൂട്ടത്തിലും അവളുടെ ചത്ത കണ്ണുകൾ തിരഞ്ഞു... ഒരു നായ്‌മുഖം ...
"മാമ്മമ്മാര് ചീത്തയാമ്മാ... അപ്പടി വേദനേടുത്തു ..."......
മണ്ണ് തിന്ന് മറഞ്ഞുപോയ നിലവിളി....
കുത്തിക്കീറി . .. ഓരോ അവയവങ്ങളായി അരിഞ്ഞരിഞ്ഞു .. ..പിന്നെയൊന്നും ആർത്തു ചിരിയ്ക്കാൻ....
അവൾ വീണ്ടും നടന്നു ... പ്രാഞ്ചിപ്രാഞ്ചി ....
..........................
8 അഭിപ്രായ(ങ്ങള്‍):
വളരെ നല്ല രചന മിസ്സിസ് ശിവാനന്ദ ... ഇന്നത്തെ നമ്മുടെ സമൂഹത്തിനു നേരെ ഉള്ള ശക്തമായ വിമർശനം ആണ് ഈ രചനയിൽ കാണുന്നത് . ഒന്നു ചോദിച്ചോട്ടെ താങ്കൾ ഒരു സ്ത്രീ പക്ഷവാദി ആണോ? പല രചനകളിലും അത് നിഴലിക്കുന്നു ...
ഞാന്‍ സ്ത്രീ പക്ഷ വാദിയോ പുരുഷപക്ഷ വാദിയോ അല്ല. ന്യായ പക്ഷ വാദിയാണ്. സ്ത്രീകള്‍ ഇപ്പോഴും പലയിടത്തും പാര്‍ശ്വവത്ക്കരിയ്ക്കപ്പെടുന്നുണ്ട് . അതിനെതിരെയാണ് എന്റെ വിരല്‍ ചൂണ്ടല്‍. "മഞ്ഞു പൂത്ത വെയില്മരം " എന്നൊരു കഥ ഇതില്‍ കിടപ്പുണ്ട്. അത് ഇതിലൊന്നും പെടാത്ത കഥയാണ്. "സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍ " എന്നൊരു കഥ ഇതില്‍ കിടപ്പുണ്ട്. അതൊരു പുരുഷന്‍ കേന്ദ്രകഥാപാത്രമായി ഉള്ള കഥയാണ്. "ദൈവത്തിന്റെ താഴ്വര" എന്നൊരു കഥ ഇതില്‍ ഉണ്ട്. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ പ്രാധാന്യമുള്ള കഥയാണത്. സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുത്തിട്ടുള്ള പുരുഷ എഴുത്തുകാര്‍ കുറവാണ്. ശ്രീ , സേതുവിനെപ്പോലെ അപൂര്‍വ്വം ചിലരല്ലാതെ. വെര്‍ജീനിയ വ്പ്പ്ല്ഫ് പറഞ്ഞത് താങ്കള്‍ വായിച്ചോ ? " ഒരു സ്ത്രീയ്ക്ക് എഴുതണമെങ്കില്‍ പണവും സ്വന്തമായൊരു മുറിയും വേണം" എന്ന്. സാമ്പത്തിക സ്വാതന്ത്ര്യമല്ല അവര്‍ ഉദ്ദേശിച്ചത്. പെണ്ണെഴുത്തിന് പ്രായപൂര്‍ത്തിയായി, അവരെ അതിനനുവദിച്ച് വെറുതെ വിടുക എന്നാണ്.. നന്ദി പ്രിയ വായനക്കാരാ...
ആര് വലിച്ചു കീറിയാലും ആര് തകര്‍ത്തെറിഞ്ഞാലും പൊട്ടിച്ചിതറിയ തരി സ്വപ്‌നങ്ങള്‍ തൂത്തുവാരി സാരിത്തുമ്പില്‍ കെട്ടി സ്ത്രീ വീണ്ടും യാത്ര തുടരുമെന്നും , അവള്‍ക്കൊരു ലക്ഷ്യമുണ്ട്, ആ ലക്ഷ്യത്തിനു വേണ്ടി അവള്‍ ഓരോ നിമിഷവും ഈ സമൂഹത്തിനു നേരെ ഉറ്റു നോക്കിക്കൊണ്ടിരിയ്ക്കുമെന്നും , എനിക്ക് ഈ ലോകത്തോട് വിളിച്ചു പറയണമായിരുന്നു... താങ്കള്‍ ചോദിച്ചത് നന്നായി.
ക്ഷമിക്കണം മിസ്സ് /മിസ്സിസ് ശിവനന്ദ .. ഇതുവരെ ഞാൻ വായിച്ചാ താങ്കളുടെ രചനകളിൽ നിന്നും തോന്നിയ കാര്യം ചോദിച്ചു എന്നെ ഉള്ളൂ . മറ്റു രചനകൾ വായിക്കാൻ സമയം കിട്ടിയിട്ടില്ല സമയം പോലെ വായിച്ചു അഭിപ്രായം പറയാം .
ഹേയ്...ക്ഷമ പറയേണ്ട ആവശ്യമേയില്ല. ഇങ്ങനെയുള അഭിപ്രായങ്ങള്‍ എന്റെ മനസ്സിലെ കനലിനെ ഊതിത്തെളിയ്ക്കും . ആ കനലില്‍ കിടന്നു ഉരുകിത്തെളിഞ്ഞു , ഞാന്‍ കൂടുതല്‍ പാകപ്പെട്ടു വരും. താങ്കള്‍ നല്ലൊരു കാര്യമാണ് സുഹൃത്തെ ചെയ്തത്. നന്ദി..
എല്ലാം നന്നായി വരട്ടെ
സത്യമാണ്..ഒരു സ്ത്രീപക്ഷ വാദി ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട്...:)
kamantum avasaanam oru chiriyum... haha.. thanks ali sha..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ