2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒരു രചന തുടങ്ങുന്നതിന് മുൻപ് ..

                                  ഒരു രചന തുടങ്ങുന്നതിന്  മുൻപ് ...
                                  ------------------------------------------------------------
                                                                                              -- ശിവനന്ദ .

ഓരോ രചനകളുടെയും സൃഷ്ടിയ്ക്ക് മുൻപ് , അതിനുള്ളൊരു മനസ്സൊരുക്കവും , മനസ്സുരുക്കവും ഉണ്ട് .( ശ്രദ്ധിയ്ക്കുക, രണ്ടും രണ്ടാണ്.)
അങ്ങനെ മനസ്സിന്റെ ഉലയിൽക്കിടന്നു ഉരുകിത്തെളിഞ്ഞാണ് ഓരോ അക്ഷരങ്ങളും പുറത്തു വരുന്നത്. എഴുതുന്ന സമയത്ത് ഞാൻ വായനക്കാരെക്കുറിച്ച് ഓർക്കാറില്ല. അതൊരു ധ്യാനമാണ്. ആ സമയത്തു എനിയ്ക്കു ചുറ്റും മറ്റൊരു ലോകമില്ല. ഞാനും എന്റെ കഥാപാത്രങ്ങളുംമാത്രം.അവരിൽ ഓരോരുത്തരും ഞാൻ ആകും. ഓരോരുത്തരുടെയും മനസ്സിൽ ഞാൻ യാത്ര ചെയ്യും. ആ സഞ്ചാരപഥം പ്രവചനാതീതമാണ്.
ചിലപ്പോൾ അതൊരു ഉത്സവമേളത്തിലൂടെയാകും. ചിലപ്പോ ഒരു ശ്മാശാനഭൂവിലൂടെയാകും. ചിലപ്പോ നിതാന്ത ശൂന്യതയിലൂടെയുമാകും. ഒരു വല്ലാത്ത മാനസീകാവസ്ഥയിലാകും അപ്പോൾ ഞാൻ. അതിൽ നിന്നും ഞാൻ തിരികെ വരുമ്പോഴേയ്ക്കും ആ രചന പൂർത്തിയായിക്കഴിഞ്ഞിരിയ്ക്കും. അല്ല, അപ്പോഴും ഞാൻ പൂർണ്ണമായും എന്റെ കഥാപാത്രങ്ങളിൽ നിന്നും മോചിതയായി എന്ന് പറയാനാവില്ല. കുറെ ദിവസങ്ങൾ വേണം എനിയ്ക്കു വരുടെ മനസ്സിൽ നിന്നും സ്വതന്ത്രമാകാൻ.
അങ്ങനെ ഞാനൊരു രചന പൂർത്തിയാക്കിക്കഴിഞ്, അത് വായനക്കാരുടെ മുന്നിൽ സമർപ്പിച്ചു കഴിഞ്ഞാൽ , എനിയ്ക്കു വല്ലാത്ത സംഘർഷമാണ് . അത് സ്വീകരിയ്ക്കപ്പെടുമോ എന്നറിയുന്നത് വരെ. അതിന്റെ തെറ്റും ശരിയും വളരെ വ്യക്തമായി പറഞ്ഞു തരുന്നവരെയാണ് ഞാൻ വായനക്കാരിൽ പ്രതീക്ഷിയ്ക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും തന്നെ നല്ലതെങ്കിൽ നല്ലതെന്നു പറയും, തെറ്റുണ്ടെങ്കിൽ ഉണ്ടെന്നും പറയും.
എന്തായാലും ഞാൻ എന്റെ വായനക്കാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നു. അവരില്ലെങ്കിൽ ഞാൻ എന്നേ മറവിയിൽ പൊടി മൂടപ്പെട്ടു പോയേനെ. അവർ അക്ഷരങ്ങളിലൂടെ എനിയ്ക്കു തരുന്നത് അവർക്കു മാത്രം സ്വന്തമായ കുറെ നിമിഷങ്ങളാണ്. അതിനു ഞാൻ എന്ത് കൊടുത്താൽ മതിയാകും? ഒരു നന്ദി വാക്കിൽ തീരുമോ ?
ഞാൻ എപ്പോഴും ശ്രമിയ്ക്കാറുള്ളത് , എന്റെ അക്ഷരങ്ങളോടൊപ്പം എന്റെ വായനക്കാരെയും കൈ പിടിച്ചു നടക്കാനാണ്. ഒരു പക്ഷെ അവിടെയാവും വ്യക്തിബന്ധങ്ങൾ എനിയ്ക്കുണ്ടാവുന്നതും. ഇതുവരെ എന്റെ കൈ തട്ടിനീക്കി പോകാൻ എന്റെ വായനക്കാർ ശ്രമിച്ചിട്ടില്ല. അത് ഒരു പരസ്പര ബഹുമാനമാണ്. ഒരു മനസ്സിലാക്കലാണ്.
അവിടെയാണ് ഒരു എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദം നടക്കുന്നത്. ആ കൈകോർത്തു നടക്കലിലൂടെയും പരസപരം മനസ്സിലാക്കലിലൂടെയും...

3 അഭിപ്രായ(ങ്ങള്‍):

അജ്ഞാതൻ പറഞ്ഞു...

ഒരു രചന പിറവി എടുക്കണം എങ്കിൽ വളരെ പ്രയാസകരം തന്നെ ആണ് .അതിനായ് ഉള്ള തയ്യാറെടുപ്പുകൾ ചിന്തകൾ ഒക്കെ വിലപ്പെട്ടതാണ് . കൂടുതൽ എഴുതുക മിസ്സിസ് ശിവനന്ദ... ലാൽസലാം

Sivananda പറഞ്ഞു...

laalsalaam..

Sivananda പറഞ്ഞു...

laalsalaam..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .