--------------------------------------------------------
-- ശിവനന്ദ .
ഈറൻ നിലാവിൻറെ സ്വപ്നം പകുത്ത വെറുമൊരു സാധാരണക്കാരി . എറണാകുളം ജില്ലയിലെ മനോഹരമായൊരു കൊച്ചു ഗ്രാമത്തിൽ , ഒരുപാട് അക്ഷരക്കൂട്ടങ്ങളുടെ നടുവിൽ ജനിച്ച് ,എന്നും വാഗ്ദേവതയെ ധ്യാനിച്ച് വളർന്ന് , കലയുടേയും സാഹിത്യത്തിൻറെയും
ചിറകിലേറിപ്പറന്ന്... ഞാൻ ജീവിതത്തിൻറെ ഏറ്റവും നല്ല നാളുകളിലൂടെ...
അക്ഷരങ്ങളോടൊപ്പം സംഗീതവും നൃത്തവും എൻറെ ജീവിതത്തിൽ നിറമാല ചാർത്തി . ഗസലുകൾ തേന്മഴയായി മനസ്സിൽ പെയ്തലിയുമ്പോൾ....ഓഷോയുടെ വാക്കുകൾ അത്ഭുതമായി പെയ്തു നിറയുമ്പോൾ ...ബുദ്ധവചനങ്ങളിൽ ഞാനൊരു ധ്യാനത്തിലേയ്ക്ക്..സ്വാതന്ത്ര്യസമരസേനാനികളുടെ കുടുംബത്തിൽ പിറന്നത് കൊണ്ടോ വിപ്ലവ കഥകൾ കേട്ട് വളർന്നത് കൊണ്ടോ എന്തോ എൻറെ ഞരമ്പുകളിൽ രക്തത്തോടൊപ്പം ഒരു ചെറു കനലും ഒഴുകി നടന്നു. അച്ഛൻറെ ശൌര്യവും , അമ്മയുടെ സ്നേഹവും എന്നിൽ പുനർജ്ജനിച്ചത് കൊണ്ടാവാം , മനസ്സിലും വാക്കുകൾക്കുള്ളിലും , എരിയുന്നൊരു കനലും , തഴുകാനൊരു തൂവലും സൂക്ഷിച്ചു ഞാനെപ്പോഴും.. സാഹചര്യങ്ങൾ എന്നുമെന്നെ ശത്രുവായി പ്രഖ്യാപിച്ചു. പക്ഷെ പ്രകൃതി എനിയ്ക്ക് വേണ്ടി സാഹചര്യങ്ങളോട് എന്നും പൊരുതിക്കൊണ്ടേയിരുന്നു. കുട്ടിക്കാലം മുതൽ ഞാൻ അനുഭവിച്ചറിഞ്ഞ കളങ്കമില്ലാത്ത സൗഹൃദങ്ങൾ , ഗ്രാമീണശാന്തി , പിന്നീട് കാലം വരുത്തിവച്ച അശാന്തികൾ....ഇതെല്ലാം എൻറെ കഥാമനസ്സിന് അസംസ്കൃത വസ്തുക്കളായി . ഭാഷയോ ശൈലിയോ കൃത്രിമ ഗൗരവമോ ഞാൻ കടമെടുത്തില്ല. ഒരേസമയം എൻറെ ചിന്തകളിൽ വന്ന ലാളിത്യവും മൂർച്ചയും സത്യസന്ധമായി ഞാനെൻറെ കഥകളിലും പകർത്തി . കഥകളിലൂടെ ഞാൻ തീർത്ത സമാന്തര ലോകം എന്നെ കൈ പിടിച്ചുയർത്തുക തന്നെ ചെയ്തു.
സമൂഹത്തിന് നേരെ കണ്ണാടി പിടിച്ച് തന്ന് എന്നെ വളർത്തിയ എൻറെ അച്ഛനും അമ്മയ്ക്കും , പിന്നെ എന്നെ സ്നേഹിയ്ക്കുന്നവർക്കും വേണ്ടി ഈ അക്ഷരപ്പൊട്ടുകൾ..........വായനാശൈശവത്തിൻറെ തീർത്താൽ തീരാത്ത ബാലാരിഷ്ടതകളിൽപ്പെട്ട് നട്ടം തിരിയുന്ന ഈ അക്ഷരപ്പൊട്ടുകൾ സ്നേഹത്തോടെ ഞാൻ സമർപ്പിയ്ക്കുന്നു .
3 അഭിപ്രായ(ങ്ങള്):
നമ്മൾ ആഗ്രഹിക്കുന്നപോലെ കാര്യങ്ങൾ നടക്കണം എന്നില്ല . നമ്മുടെ ചിന്തകൾ മാറുന്നതിനു അനുസരിച്ചു ആഗ്രഹങ്ങളും മാറും വളർച്ചയുടെ ഓരോ പടവിലും ഓരോ ആഗ്രഹങ്ങൾ ആണ് . ഇങ്ങനെ ആണേൽ ദൈവത്തിനു ചിരിക്കാനേ നേരം കാണൂ . എല്ലാ മനുഷ്യരുടെയും അവസ്ഥ ഇതാകുമല്ലോ . രചന തുടരുക മിസ്സിസ് ശിവനന്ദ.....
:) thanks..
:) thanks..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ