ചില അനുഭവസാക്ഷ്യങ്ങളിൽ നിന്നും നമുക്ക് തുടങ്ങാം.
എന്റെ കുട്ടിപ്രായത്തിൽ അച്ഛന്റെ വീട്ടിൽ ഒരു വളർത്തു നായുണ്ടായിരുന്നു . ടോമി എന്നായിരുന്നു അവന്റെ പേര് . വലിയ കുടുംബമഹിമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു നാടൻ നായ . നല്ല ഓർമ്മയുണ്ടെനിയ്ക്ക് ...
എന്റെ കൊച്ചച്ഛന്റെ മകൾ അന്ന് കുഞ്ഞു വാവയാണ് . വീട്ടിൽ നീണ്ടൊരു ഇറയവും അതിനറ്റത്ത് വലിയൊരു തളവുമുണ്ട് . തളം എന്ന് പറഞ്ഞാൽ , പൂമുഖമില്ലെ ? അതിന്റെ മറ്റൊരു രൂപം. ഇറയത്തിന്റെ ഒരു വശമാണ് വലിയൊരു തുറന്ന തളമായി മാറിയിരിയ്ക്കുന്നത് . നമ്മുടെ സ്വീകരണ മുറിപോലെ...
അവിടെ നിലത്ത് പായ വിരിച്ചു അനിയത്തിയെ കിടത്തും . കുഞ്ഞുങ്ങളെ എപ്പോഴും എടുത്തുകൊണ്ട് നടക്കരുത് , താഴെ കിടത്തണം , അവർ കിടന്നു തുള്ളിക്കളിച്ചു വളരണം എന്നാണ് അമ്മയുടെയും മറ്റും പക്ഷം . (എന്റെയും ).
അനിയത്തി പായിൽക്കിടന്ന് തുള്ളിക്കളിച്ചു , ഉരുണ്ട് മറിഞ്ഞു തളത്തിന്റ വക്കത്തേയ്ക്ക് നീങ്ങും . അപ്പൊ നമ്മുടെ കഥാനായകൻ ടോമി ഇത് സസൂക്ഷ്മം നിരീക്ഷിച്ച് , കോലിറയത്ത് ഇരിയ്ക്കുന്നുണ്ടാവും. കുഞ്ഞ് ഉരുണ്ട് അരികത്തേയ്ക്ക് വരുമ്പോഴുണ്ടല്ലോ , കക്ഷി ഓടിവന്ന് അവളുടെ ഇപ്പുറത്ത് , തളത്തിന്റ വക്കത്ത് നീണ്ടു നിവർന്ന് ഒരു കിടപ്പാണ് ...!!!! എന്തിനാ ? കുഞ്ഞ് താഴത്തേയ്ക്ക് വീഴാതിരിയ്ക്കാൻ !!! അവൾ അവിടുന്നും ഉരുണ്ടു മറിഞ്ഞ് വേറെ സ്ഥലത്തേയ്ക്ക് പോകുമ്പോ അവൻ ഓടിവന്ന് ആ വശത്ത് കിടക്കും... കുഞ്ഞിനെ നോക്കി ഒരുതരം മൂളലും മുരങ്ങലും ഒക്കെയുണ്ട് . അവൻ വാവയോട് സംസാരിയ്ക്കുന്നതാകാം. മറക്കാൻ പറ്റില്ല ആർക്കുമത് . ഒരു മനുഷ്യൻ കുഞ്ഞിനെ നോക്കുന്നത് പോലെ..!
ഈ ഒരു അനുഭവമാണ് ആ നായയെക്കുറിച്ച് എന്റെ ഓർമ്മയിലുള്ളത് . പിന്നെ അവന്റെ മരണവും... പ്രായമായി അസുഖം ബാധിച്ചായിരുന്നു മരണം. ചികിൽസിയ്‌ക്കുകയും ചെയ്തിരുന്നു. അവൻ എന്നെന്നേയ്ക്കുമായി കണ്ണടച്ച അന്ന് വീട്ടിലെല്ലാവർക്കും വലിയ സങ്കടമായിരുന്നെന്നും ഞാൻ ഓർക്കുന്നു. കൊച്ചച്ഛൻ അന്ന് ഭക്ഷണം പോലും കഴിച്ചില്ലത്രെ ...
എന്റെ വീട്ടിലും എന്നും നായയെ വളർത്തിയിരുന്നു . അതിൽ എനിയ്ക്കേറ്റവും പ്രിയപ്പെട്ടവൻ ജാക്കി . വലിയ കുസൃതിയും സ്നേഹസമ്പന്നനും . കുറച്ചു നേരം ഞങ്ങളെ കാണാതിരുന്നാൽ സങ്കടമാണവന്. എവിടെങ്കിലും പോയാൽ തിരിച്ചെത്തി ഗേറ്റ് കടക്കുമ്പോഴേയ്ക്കും , സ്വതന്ത്രനാണെങ്കിൽ, സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും വീർപ്പ് മുട്ടി , പാഞ്ഞു വന്ന് ചാടി , രണ്ടു കാൽ ഞങ്ങളുടെ തോളത്ത് വച്ചൊരു നിൽപ്പുണ്ട് ...
കുറുമ്പും കുസൃതിയും കുറച്ചല്ല. ഒരു ജോഡി ചെരുപ്പ് പുറത്ത് കിടന്നാൽ, - അത് ഞങ്ങളുടെയായാലും പുറത്തു നിന്ന് വരുന്നവരുടെ ആയാലും - ഉറപ്പാണ്, അതിൽ ഒരെണ്ണം അവൻ എടുത്തുകൊണ്ടു പോകും. ഒരെണ്ണം മാത്രമേ കൊണ്ടുപോകൂ. എന്തിനാ ? ഒളിച്ചു വയ്ക്കാൻ ..! കളയുകയോ നശിപ്പിയ്ക്കുകയോ ഒന്നും ചെയ്യില്ല. ഒരു പോറൽ പോലും വീഴ്ത്തില്ല. ടെറസ്സിലേയ്ക്ക് കയറുന്ന കോണിപ്പടിയുടെ അടിയിലാണ് അവൻ അത് ഒളിച്ചു വയ്ക്കുക. എപ്പോഴും അതെ. അതിന് മാറ്റമില്ല. എന്നിട്ട് അവിടെ കാവൽ കിടക്കും. എന്റെ പണി കഴിഞ്ഞു , ഇനി ആവശ്യക്കാർ വന്ന് എടുത്തുകൊണ്ട് പൊയ്ക്കോ എന്ന ഭാവത്തിൽ..! നമുക്ക് പോയി അതെടുക്കാം. അവന് വിരോധമില്ല. ഹോ...! നായയ്‌ക്കൊക്കെ എന്നാ പക്വത ! ല്ലേ ?
ഭക്ഷണം കൊടുക്കുന്ന സമയത്ത് മാത്രം അവന് ക്ഷമയില്ല. പാത്രത്തിലേക്ക് ഇട്ടു തീരുന്നതിനു മുൻപേ അവൻ ചാടിവീഴും . അപ്പോൾ നമ്മൾ ശകാരിച്ചാലുണ്ടല്ലോ , പിന്നത്തെ കാര്യം പറയണ്ട. ഭയങ്കര പരിഭവവും പിണക്കവുമാണ് . ദൂരെ മാറിക്കിടക്കും. ഭക്ഷണത്തിലേയ്ക്ക് നോക്കുക പോലുമില്ല. വിളിച്ചാലും പിണക്കം മാറില്ല. ഓട്ടക്കണ്ണിട്ട് നമ്മളെ നോക്കും. പിന്നെ അനുനയിപ്പിച്ച് ഭക്ഷണം കഴിപ്പിയ്ക്കാൻ വലിയ പാടാണ് . അങ്ങനെ എന്തെല്ലാം ഓർമ്മകൾ...
നോക്കൂ... ഈ പാവങ്ങളാണ് ഇപ്പോൾ നമ്മുടെ നിതാന്ത ശത്രുക്കളായിരിയ്ക്കുന്നത് . ഒരു നായയെപ്പോലും ഞങ്ങൾ ഉപേക്ഷിച്ചു കളഞ്ഞിട്ടില്ല . അസുഖം വന്നാൽ ചികിത്സയ്ക്കും . എത്ര രോഗിയായാലും പ്രായമായാലും മരണം വരെ അവർ വീട്ടിൽത്തന്നെയുണ്ടാകും .
തെരുവുനായ ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുന്ന ഈ സമയത്ത് , ഞാനൊന്ന് ചിന്തിച്ചു നോക്കുകയാണ്.... തെരുവ് നായ വാദിയായോ തെരുവ് നായ വിരുദ്ധവാദിയായോ അല്ല. ഒരു കിരീടവും വയ്ക്കാതെ സ്വതന്ത്രമായി നിന്ന് ഒന്ന് ചിന്തിയ്ക്കുകയാണ്... പണ്ടില്ലാത്ത വിധം , എന്തുകൊണ്ടിങ്ങനെ സംഭവിയ്ക്കുന്നു എന്നാണെന്റെ ആലോചന....
ആദിമകാലം തൊട്ടേ മനുഷ്യന്റെ ഉറ്റചങ്ങാതിയാണ് നായ. എന്നിട്ടും എന്തുകൊണ്ട് ? ആരാണ് തെറ്റുകാർ ?
നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ചില കാഴ്ചകളുണ്ട് . വളർത്തുനായയ്ക്ക് പ്രായമായാൽ അവയെ തെരുവിൽ ഉപേക്ഷിയ്ക്കുക , രോഗിയായാൽ ഉപേക്ഷിച്ചു കളയുക , നായയ്ക്ക് കുഞ്ഞുങ്ങളുണ്ടാവുമ്പോൾ, നല്ല കുഞ്ഞുങ്ങളെ നോക്കി എടുത്ത് ബാക്കി കുഞ്ഞുങ്ങളെ തെരുവിൽ ഉപേക്ഷിയ്ക്കുക ... അങ്ങനെ പലതും ...
ഒരു ചെറിയ വിഭാഗം നായ്ക്കൾ ഇങ്ങനെ തെരുവിലാകുന്നു . തെരുവ് നായ് എന്നതിനേക്കാൾ തെരുവിലാക്കപ്പെടുന്ന നായ എന്ന പേരാണ് അവയ്ക്ക് കൂടുതൽ യോചിയ്ക്കുക എന്ന് എനിയ്ക്ക് തോന്നുന്നു. തെരുവിലാകുന്ന നായ്ക്കൾക്ക് വരുന്ന അനാഥത്വം , അവരുടെ സ്വഭാവ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു..
നമ്മൾ പ്രത്യേകം ഓർക്കേണ്ട ഒരു കാര്യമുണ്ട് . ചെന്നായ വർഗ്ഗത്തിൽപെട്ടവരാണ് നായ്ക്കൾ . ചെന്നായ്ക്കൾക്ക് ഡൊമസ്റ്റിക്കേഷൻ വഴി നായ്ക്കളിലേയ്ക്ക് രൂപാന്തരീകരണം സംഭവിച്ചതാണ്. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ മൃഗമാണ് നായ. ഏതാണ്ട് പന്തീരായിരം വർഷങ്ങൾക്ക് മുൻപാണെന്ന് പറയപ്പെടുന്നു , മനുഷ്യൻ ചെന്നായ്ക്കളെ മെരുക്കിയെടുത്തത്. അങ്ങനെ ചെന്നായയെ മെരുക്കി നായയാക്കി വളർത്തി . ഈ നായ്ക്കൾക്ക് മനുഷ്യരുമായി ബന്ധമില്ലാതായാൽ , അവർ പൂർവ്വികരായ ചെന്നായ്ക്കളുടെ സ്വഭാവം കാണിയ്ക്കും.
ചെന്നായ്ക്കൾ കൂട്ടമായിട്ടാണ് ഇരതേടുകയും ആക്രമിയ്ക്കുകയും ചെയ്യുക. മുഖത്തും തുടയിലുമാണ് ചെന്നായ്ക്കൾ ആക്രമിയ്ക്കുക. നോക്കൂ , ഇപ്പോൾ തെരുവ് നായ്ക്കളുടെ സ്വഭാവം ഈ പറയുന്ന ചെന്നായ്ക്കളുടെ സ്വഭാവത്തിലേയ്ക്കല്ലേ വിരൽ ചൂണ്ടുന്നത് ?
ചുരുക്കം പറഞ്ഞാൽ , ഉപേക്ഷിയ്ക്കപ്പെട്ട നായ , തന്റെ വംശപൈതൃകം തേടുന്നു...! അതായത് വിപരിണാമം. വംശപാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്ക് .
ഇതൊരു കാര്യം... ഇനി മറ്റൊരു കാര്യം.
ഭക്ഷണം പാഴാക്കി തെരുവിൽ തള്ളുന്ന രീതി... അറവ് മാലിന്യങ്ങൾ, ഹോട്ടലിലെ വേസ്റ്റ് തുടങ്ങിയവ സംസ്ക്കരിയ്ക്കാതെ തെരുവിൽ തള്ളുന്ന രീതി.. ഇതൊക്കെ ഭക്ഷിച്ചാണ് തെരുവ് നായ്ക്കൾ കൊഴുക്കുന്നത് .
ധാരാളം രാസപദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണം ചിലപ്പോഴൊക്കെ മനുഷ്യരിൽപ്പോലും വന്യ സ്വഭാവം ഉണ്ടാക്കുന്നു എന്ന് വിദഗ്ദ്ധമതം . അത് , അതിലിരട്ടിയായി തെരുവ് നായ്ക്കളിലും .
ഒരുപാട് ദുരന്തങ്ങൾ നമ്മളിപ്പോൾ കണ്ടു കഴിഞ്ഞു. ഒരുപാട് വേദനിയ്ക്കുകയും ചെയ്തു. പക്ഷെ ഈ കൊന്നുതീർക്കൽ എത്രത്തോളം പരിഹാരമാകുമെന്ന് അറിയില്ല.
സൗത്ത് ആഫ്രിക്കയിലെ തെക്കു കിഴക്കൻ പ്രദേശത്തുള്ള 'മാരിയൻ ' ദ്വീപിൽ വളരെ ക്രൂരമായൊരു നായക്കുരുതി നടന്നതായി വായിച്ചിട്ടുണ്ട്. പതിനാറ് വർഷം നിരന്തരമായിട്ട് തെരുവ് നായ്ക്കളെ കൊന്നത്രെ.! എന്നിട്ടും തെരുവ് നായ് പ്രശ്നം പരിഹരിയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല എന്നാണ് പറയുന്നത് .
അതുകൊണ്ടാണ് എനിയ്ക്ക് സംശയം.. ഇവയെ എല്ലാം കൊന്നുതീർക്കാനാവുമോ? ഇതൊരു പരിഹാരമാകുമോ ?
ഇത്തരുണത്തിൽ നമ്മൾ ഓർക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം, തെരുവിൽ ഭക്ഷണമില്ലെങ്കിൽ , തെരുവിൽ നായയുമുണ്ടാകില്ല എന്നതാണ് . അതായത് തെരുവ്‌നായ്ക്കളെ കൊല്ലുന്നതിനു മുൻപ് , അവയുണ്ടാകാനുള്ള സാഹചര്യങ്ങളെ ഉന്മൂലനം ചെയ്യുക.
അതെ... സാഹചര്യങ്ങളെയാണ് ആദ്യം ഉന്മൂലനം ചെയ്യേണ്ടത് എന്നെനിയ്ക്ക് തോന്നുന്നു.
എന്തായാലും ഒരു കാര്യം ഉറപ്പാണ് . കുരുതി കഴിയ്ക്കപ്പെടുന്ന ഓരോ നായയുടേയും ആത്മാവ് നമുക്ക് നേരെ വിരൽചൂണ്ടി പറയും....
" നിങ്ങളാണ് ... നിങ്ങളാണെന്നെ തെരുവിലാക്കിയത് . നിങ്ങളാണെന്നെ കൊലയാളിയാക്കിയത്..."
-------------------------
2 അഭിപ്രായ(ങ്ങള്‍):
നല്ല ഒരു ലേഖനം ... ചെന്നയിക്കളെക്കുറിച്ചുള്ള പുതിയ അറിവ് ആണ് . ഒപ്പം നായ്ക്കളുടെ സ്നേഹവും അവയുടെ മനുഷ്യനോടുള്ള ഇടപെടലും നന്നായി വിവരിച്ചു . നല്ല നായ്ക്കളെ വളർത്തുക ഉപദ്രവകാരികളായ നായ്ക്കളെ കൊല്ലുക തന്നെ വേണം . അല്ലങ്കിൽ മനുഷ്യന് നിലനിൽപ് ഇല്ലാതെയാകും
thnak u very much.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ