2016, നവംബർ 10, വ്യാഴാഴ്‌ച

കുഞ്ഞേ.. പണ്ട് പണ്ട് ..

                                        കുഞ്ഞേ.. പണ്ട് പണ്ട് ..
                                      ---------------------------------------
  
ഇങ്ങോട്ടു നോക്കൂ...  ഞാനിവിടെത്തന്നെയുണ്ട് .    നിന്റെ   നെട്ടോട്ടം   ഞാൻ  കാണുന്നുമുണ്ട് .    എന്തേ ?   ഇപ്പൊ   കടിച്ചതുമില്ല   പിടിച്ചതുമില്ല എന്നായോ ?    കഷ്ടം...  സഹതാപം   തോന്നുന്നുണ്ടെനിയ്ക്ക് ...


നീയോർക്കുന്നോ ?   എന്നെ   ഒരു   നോക്ക്  ഒന്ന്   കാണാൻ  കൊതിച്ചൊരു   കാലമുണ്ടായിരുന്നു   നിനക്ക് ...  ഒന്ന്   കാണാൻ.. ഒന്നടുത്തിരിയ്ക്കാൻ... ഒന്ന്   സ്പർശിയ്ക്കാൻ...  എത്ര  കൊതിച്ചു   നീ !   ഇല്ലേ ?


എത്രയോ   പ്രതിസന്ധികൾ   തരണം   ചെയ്താണ്   നീയെന്നെ   സ്വന്തമാക്കിയതെന്ന്   ഓർമ്മയുണ്ടോ ?   നീയെന്നെ   സ്നേഹിച്ചില്ലെന്നൊന്നും   ഞാൻ  പറയില്ല.   


ആദ്യമായി   നീയെന്നെ   സ്പർശിച്ച   നിമിഷം ... നിന്റെ കൈകളിൽ പടർന്ന   വിറയൽ..  അതെന്തിന്റേതായിരുന്നു  ?   സ്നേഹമോ ?   അതോ  ഉത്കണ്ഠയോ ?   ആ... എനിയ്ക്കറിയില്ല.   പക്ഷെ   ആ  വിറയൽ   എന്നിലൊരു   കുളിരായ്   പടർന്നുവെന്നു മാത്രം  എനിയ്ക്കറിയാം.   ആ  ദിവസം   എനിയ്ക്കൊരിയ്ക്കലും  മറക്കാൻ   കഴിയില്ല...


നിന്റെ   കൈകൾക്കുള്ളിൽ   ഞാൻ  വിധേയത്വത്തോടെ   ഒതുങ്ങി   നിന്നു .   ആരാണതാഗ്രഹിയ്ക്കാത്തത് ?   സ്നേഹിയ്ക്കുന്ന   ഒരാളിന്റെ  കൈയ്ക്കുള്ളിൽ   ഒന്ന് ഒതുങ്ങിക്കൂടി  നിന്ന്   നിർവൃതിയിലലിയാൻ   ആരാണാഗ്രഹിയ്ക്കാത്തത് ?


നീയെന്റെ  ആർദ്രമായ   കണ്ണുകളിലേയ്ക്ക്   അതിലേറെ   ആർദ്രതയോടെ   നോക്കി.   പിന്നെ... പിന്നെ   എന്റെ  ചുണ്ടുകളിൽ  മൃദുവായി   ചുംബിച്ചു ... കോരിത്തരിപ്പിന്റെയൊരു   കുഞ്ഞ്   ലോകം എനിയ്ക്ക് ചുറ്റും   നൃത്തം ചെയ്തു... ആ  നിമിഷം   നിന്റെ   കണ്ണുകൾ  നനഞ്ഞിരുന്നു ..  അത്  സ്നേഹം   കൊണ്ടായിരുന്നു   എനിയ്ക്കറിയാം... പിന്നെ,   നീയെന്നെ  നിന്റെ   നെഞ്ചിലേക്ക്   ചേർത്തമർത്തി.... ആ  നെഞ്ചിൽ   മുഖമണച്ചിരുന്ന്   ഞാൻ  നിന്റെ  ഹൃദയതാളങ്ങൾ   കേട്ടു .   ഒരുപാട്   നിന്നെ   സ്നേഹിച്ചു ..  ജീവനേക്കാളേറെ  നീയെന്നെയും ...


പിന്നെ   നമ്മളൊന്നിച്ചുള്ള   ജീവിതയാത്ര .... ഒരു നിമിഷം   പോലും  നമ്മൾ  പിരിഞ്ഞിരുന്നില്ല.   ഒരു  നിമിഷം  പോലും   നമ്മൾ   കാണാതിരുന്നില്ല.   സ്നേഹിയ്ക്കാതിരുന്നില്ല .... പിന്നെ  എങ്ങനെ ?   പിന്നെ   എങ്ങനെയാണ് ?


ഒരു  നിമിഷം  കൊണ്ട്   എങ്ങനെയാണ്   എല്ലാം  കീഴ്‌മേൽ   മറിഞ്ഞത് ?   എങ്ങനെയാണ്   ഇത്ര  നിഷ്ടൂരമായി  എന്നെ   ഉപേക്ഷിയ്ക്കാൻ   നിനക്ക്   കഴിഞ്ഞത് ?   എന്ത്   തെറ്റാണ്   നിന്നോട്   ഞാൻ  ചെയ്തത് ?   ഇന്നലെ വരെ  എന്നെ സ്നേഹത്തോടെ   നോക്കിയ  കണ്ണുകളിൽ   ഇന്നെങ്ങനെയാണ്   ഇതുപോലെ അവഗണന   നിറഞ്ഞത് ?   ഇന്നലെവരെ   പ്രണയത്തോടെ  എന്നെ   ആസകലം  തഴുകിയ  നിന്റെ കൈകൾ  ഇന്നെങ്ങനെയാണ്  എന്നെയിങ്ങനെ ആട്ടിയകറ്റിയത് ?


ഇന്നലെവരെ   നിന്റെ  നെഞ്ചിൽ   ചേർന്നിരുന്ന   എന്നെ  ഇത്ര   നിസാരമായി   തള്ളിക്കളയുമ്പോൾ  ഒരു വേദനയും  തോന്നുന്നില്ലേ   നിനക്ക് ?   ഉപേക്ഷിയ്ക്കപ്പെടുന്നതിന്റെ   തീരാനോവ്   എത്രയെന്നറിയുമോ  നിനക്ക് ?


ശരി....  ആയിക്കോട്ടെ... ഇനിയില്ല... നിർത്തുകയാണ്  ഈ പരിദേവനം,  എന്നെന്നേയ്ക്കുമായി.   അറിയാമെനിയ്ക്ക് ..   മനസ്സിലാവുന്നുണ്ട് .   


ഇത്രയേ ഉള്ളു ..  ജീവിതം  എന്ന്  പറയുന്നത്  ഇത്രയേ   ഉള്ളു...  ഒരു ജന്മം   മുഴുവൻ   നെഞ്ചിൽ   കൊണ്ടുനടന്നിട്ട് ,  ഒരു  നിമിഷം കൊണ്ട്   എല്ലാം തകർന്ന്   തരിപ്പണമായിപ്പോകുന്ന  ഒരു  തമാശ..!  ഇത്രയേയുള്ളൂ..!


തീരട്ടെ   എല്ലാം ...  വരുംതലമുറയ്ക്ക്   പറഞ്ഞുകൊടുക്കാൻ  ഒരു കഥ..!


" പണ്ട് പണ്ടൊരു  അഞ്ഞൂറും   ആയിരവും   ഉണ്ടായിരുന്നു...."

                                                     -------------------------------




8 അഭിപ്രായ(ങ്ങള്‍):

അജ്ഞാതൻ പറഞ്ഞു...

പ്രണയം ഒരു വിഷ സർപ്പം ആണ് . അതിനെ എടുത്തു തോളിൽ ഇടുമ്പോൾ അറിയില്ല കടി കിട്ടി കഴിഞ്ഞേ അതിന്റെ വിഷം അറിയൂ . നല്ല രചന ശിവനന്ദ

Sivananda പറഞ്ഞു...

nandi priya vaayanakkaaree...thannkal ee kadha muzhuvanum shraddhichu vayichillennu thonnunnu. ithoru paranayakadhayalla. pinavaliykkappetta nottukalude ( 1000, 500 ) paridevanamaanu . etho oru not athinte udamasthanodu parayunna paraathiyaanu.

അജ്ഞാതൻ പറഞ്ഞു...

ഒരു പ്രണയ കഥയായും വ്യാഖ്യാനിക്കാമല്ലോ ശിവനന്ദ... കഥാകാരി ഉദ്ദേശിക്കാത്ത തലങ്ങൾ വായനക്കാർ കണ്ടെത്തുന്നു എന്ന് കരുതിയാൽ മതി

Sivananda പറഞ്ഞു...

:):):) ok..

Unknown പറഞ്ഞു...

അജ്ഞാതൻ പറഞ്ഞത് വളരെ ശരിയാണ് ... കഥ വായിച്ചു തുടങ്ങി അവസാനിക്കുന്നത് വരേയ്ക്കും ഒരു നഷ്ട പ്രണയ കഥയുടെ ഒഴുക്കിലങ്ങു അലിഞ്ഞു ചേര്‍ന് പോകുന്നുണ്ട്.... പക്ഷെ അവസാനത്തെ വരി മാത്രം നോട്ടിനെ കുറിച്ച പറയുന്നു എന്നാലും അത് വരെ ഒഴുകി വന്ന ഒഴുക്കില്‍ നിന്നും ഒരു മോചനം സാധ്യമാല്ലതവുന്നു..... സത്യത്തില്‍ ഒരു ഒരു പ്രണയ കഥ തന്നെയായിരുന്നു എന്ന് കഥാകാരിക്ക് പോലും സമ്മതിക്കേണ്ടി വന്ന പോലെ തോന്നുന്നു...... എന്തായാലും വളരെ നന്നായിട്ടുണ്ട്.... ആശംസകള്‍.....

Sivananda പറഞ്ഞു...

nandi soman..

KHARAAKSHARANGAL പറഞ്ഞു...

ഏറെ നാളുകൾക്കു ശേഷം ശിവാനന്ദയുടെ കഥ വായിച്ചു. പ്രണയകഥയുടെ മൂഡിലാണ് വായിച്ചത്.

Sivananda പറഞ്ഞു...

aahaa...! kanakan..! valare santhosham kandathil. nandi..nandi..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .