2014 ജൂൺ 8, ഞായറാഴ്‌ച

സമസ്യയ്ക്കുള്ള ഉത്തരം .

0 അഭിപ്രായ(ങ്ങള്‍)

                                                     സമസ്യയ്ക്കുള്ള    ഉത്തരം .
                                                    --------------------------------------
                                                                                                            --  ശിവനന്ദ . 

                              അതൊരു    സർവ്വേ  ആയിരുന്നു .   ഭാര്യമാരുടെ   ഇടയിൽ   മാത്രം   നടത്തിയ   സർവ്വേ .   വിഷയം -- '  ഈ   ജന്മത്തിലെ   ഭർത്താവ്   തന്നെ   വേണമോ   അടുത്ത   ജന്മത്തിലും ? '   ഒരു   വനിതാമാസികയ്ക്ക്   വേണ്ടിയായിരുന്നു   അത് .

                          പാർക്കിലേയ്ക്കാണ്   ഞങ്ങൾ   ചെന്നത് .   കുറേപ്പേർ   പറഞ്ഞു,

" വേണം ".

" എന്തുകൊണ്ട് ?"

ഞങ്ങൾ   ചോദിച്ചു .   അവർ   ഒരോരുത്തരും   പറഞ്ഞു .

ഭർത്താവ്   എന്റെ   ജീവനാണ് .   എന്റെ  ദൈവമാണ് .   അദ്ദേഹമില്ലാത്തൊരു   ജന്മമെനിയ്ക്ക്   വേണ്ട ."

വേറെ   കുറേപ്പേർ   പറഞ്ഞു ,

ഹേയ് ...അതുവേണ്ട .   അടുത്ത   ജന്മം   വേറെയാരെങ്കിലുമായിക്കോട്ടെ ."

" എന്തുകൊണ്ട് ?"

ചോദ്യം   ഞങ്ങളുടേത് .

" ഒരു   ചേഞ്ച്   എപ്പോഴും   നല്ലതല്ലേ ?"

തമാശ മട്ടിലാണവർ   പറഞ്ഞത് .  കളിയോ   കാര്യമോ   ആവോ ..അടുത്ത സ്ഥലത്തേയ്ക്ക്   നീങ്ങി .   ചിലർ   എങ്ങും   തൊടാതെ   പറഞ്ഞു .

" എന്തായാലും   വേണ്ടില്ല .   ഇതോ  അല്ലെങ്കിൽ   വേറാരെങ്കിലുമോ ,  എതെങ്കിലുമാകട്ടെ "

തൊട്ടടുത്തിരുന്ന   രണ്ടുപേരോട്‌   ചോദിച്ചു.   അവർ   പറഞ്ഞു .

" അടുത്ത  ജന്മം   ഭർത്താവോ  ?   ജന്മം   തന്നെ   വേണമെന്നില്ല ."

" അതെന്താ?"

" ഓ ...മടുത്തെന്നെ .."

പിന്നെ   ഞങ്ങൾ   ചെന്നത് ,  ഒരു   നാൽവർ   സംഘത്തിന്റെ   അടുത്ത് .   അവർക്കിത്തിരി   ശൗര്യം   കൂടുതലാണെന്ന്   തോന്നി .  അവർ പറഞ്ഞു .

" അടുത്ത   ജന്മം   ഭർത്താവേ   വേണ്ട  .   വിവാഹം   കഴിയ്ക്കാതെ   ജീവിയ്ക്കാനാണ്   ആഗ്രഹം ."

" കാരണം ? "

 കൂട്ടത്തിലൊരാൾ   പറഞ്ഞു .

" ഒരാളെക്കൊണ്ടുതന്നെ   മതിയായി .   ഞങ്ങളെ   ചവിട്ടിക്കൂട്ടാൻ   ഇനിയുമൊരു   ഭർത്താവോ  ?"

അടുത്തയാൾ പറഞ്ഞു .

" അങ്ങേരുടെ   ഉപദ്രവം   സഹിയ്ക്കുകയാണ് .   മക്കളെ ഓർത്ത് .  സമൂഹത്തെപ്പേടിച്ച് ."

അടുത്തിരുന്ന ആൾ  പറഞ്ഞു ,

"അടുത്തൊരു   ജന്മമുണ്ടാകുമോ? ? എങ്കിൽ   ഞങ്ങൾ   കാത്തിരിയ്ക്കും.   ഒറ്റയ്ക്ക്   ജീവിയ്ക്കാൻ.   കുറഞ്ഞ   പക്ഷം   ആത്മാഭിമാനമെങ്കിലുമുണ്ടാവുമല്ലോ  "

                           ഇതുപോലുള്ള   അഭിപ്രായങ്ങൾ   തന്നെയാണ് ഒരോ   ഭാഗത്തുനിന്നും   കിട്ടിയത് .   അവസാനമായി   ഒറ്റതിരിഞ്ഞിരിയ്ക്കുന്ന   ഒരു   സ്ത്രീയുടെ   അടുത്തെത്തി .   അതേ   ചോദ്യം   ചോദിച്ചു .

"  ഈ   ജന്മത്തിലെ   ഭർത്താവ്   തന്നെ  വേണമെന്നുണ്ടോ   അടുത്ത   ജന്മത്തിലും ?"

" വേണ്ട ."

നിശിതമായിരുന്നു  ഉത്തരം .  തീക്ഷ്ണതയായിരുന്നു   സ്വരത്തിൽ .

" ഭർത്താവ്   വേണ്ടെന്നാണോ ?"

" അല്ല.  ഭർത്താവ്   വേണം .  പക്ഷേ ...."

" പക്ഷേ '?

ഞങ്ങൾ   ചോദിച്ചു .

അവർ   ഒരു നിമിഷം   മൗനം   പാലിച്ചു .   ആ കണ്ണുകൾ  എതോ   ഒരു    ബിന്ദുവിൽ  തറഞ്ഞു .   ഞങ്ങളങ്ങോട്ട്‌   ശ്രദ്ധിച്ചു .   അവിടെ  ഒരു  ഭിക്ഷക്കാരനും   ഭാര്യയും   കുഞ്ഞും   ഇരിയ്ക്കുന്നുണ്ടായിരുന്നു .   ഭാര്യയുടെ   കൈവിരലിൽ   തറഞ്ഞ   എന്തോ   ഒന്ന് --  മുള്ളോ   കുപ്പിച്ചില്ലോ --  എന്തോ ....അയാൾ  പിന്ന്   കൊണ്ട്   കുത്തിയെടുക്കുന്നു .  കൈവിരലിൽപ്പൊടിഞ്ഞ  രക്തം   അയാളുടെ   മുഷിഞ്ഞ   മുണ്ടിന്റെ   തുമ്പ്   കൊണ്ട്   ഒപ്പിയെടുത്തു .   ആ   മുറിവിൽ   മെല്ലെയൊന്ന്   ഊതി .   മുണ്ടിന്റെ   അറ്റത്തുനിന്നു തന്നെ   അല്പം   തുണി   കീറിയെടുത്ത്    ഭാര്യയുടെ     വിരലിലെ   മുറിവ്   കെട്ടിക്കൊടുത്തു .   എന്നിട്ട്   അവരുടെ   നേരെ   നോക്കി   സ്നേഹത്തോടെ   ചിരിച്ചുകൊണ്ട്   പറഞ്ഞു .

" ഒന്നൂല്ലമ്മാ ....നാളേയ്ക്ക്   പൊറുത്തോളും .."

ഭാര്യയുടെ   മുഖത്തെ   നിർവൃതി   ഞങ്ങൾ   കൗതുകത്തോടെ   നോക്കി .

" കണ്ടോ   അത് ? "

പെട്ടെന്ന്    ഞങ്ങളുടെ   കക്ഷി   ഞങ്ങളോട്   ഒരു   ചോദ്യം .

" നിങ്ങളത്   കണ്ടോ ?   അതാണുത്തരം .  അടുത്ത   ജന്മം   ഭർത്താവായി   ഇതുപോലൊരു  ഭിക്ഷക്കാരൻ   മതിയെനിയ്ക്ക് . "

ഒരു നിമിഷം   ഞങ്ങൾ   സ്തംഭിച്ചു ..!   പക്ഷേ ,  അത്   ഒരുപാട്   വലിയ   ചോദ്യങ്ങൾക്കുള്ള   ചെറിയൊരു   ഉത്തരമായിരുന്നു .   ഒരു  ഭാര്യയുടെ ,  ഈ   ജന്മത്തിലെ   മുഴുവൻ   വേദനകളും   മോഹഭംഗങ്ങളും കൊണ്ട്   ചുരുങ്ങിപ്പോയ   ഉത്തരം ..!  ഒരു  സമസ്യയ്ക്കുള്ള   ഉത്തരം   പോലെ ..
                       
                   ഞങ്ങൾ   അന്തിച്ചു നിൽക്കെ  ,  അവരുടെ   കണ്ണുകൾ   വീണ്ടും ,  ഒരേ പൊതിയിൽ  നിന്നും   കപ്പലണ്ടി   കൊറിയ്ക്കുന്ന   ഭിക്ഷക്കാരനിലേയ്ക്കും   ഭാര്യയിലേയ്ക്കും   കുട്ടിയിലേയ്ക്കും   നീങ്ങി .....കുട്ടിയുടെ   തലയിൽ   പേൻ    ചികയുന്നുണ്ടായിരുന്നു   അമ്മ.   അമ്മയുടെ  മുടി   മെടഞ്ഞിട്ടു കൊടുക്കുന്ന   അച്ഛനും ...

                           ഞങ്ങളുടെ   ക്യാമറ   ആ  മനോഹരദൃശ്യത്തിന്  മേൽ    കണ്ണു  ചിമ്മി ...

                                                          ------------------------------------

       









   
                                                       

2014 മേയ് 27, ചൊവ്വാഴ്ച

മഴവില്ലണിഞ്ഞ ബാസുരി .

4 അഭിപ്രായ(ങ്ങള്‍)
                                 
                                        മഴവില്ലണിഞ്ഞ  ബാസുരി .
                                       ---------------------------------
                                                                                                 ശിവനന്ദ .

                                         
                                                               അവൾ    ഇരുട്ടിൽക്കിടന്ന്   ചെവിയോർത്തു ...........

" ബാസുരീ ...."

വന്നുവോ ?  അവൻ ........എന്റെ   കണ്ണൻ.........ആ  ശബ്ദം   ഞാൻ   കേട്ടുവോ ?

" ബാസുരീ....ഞാനാണ് ...നിന്റെ   കണ്ണൻ ........"

അവൾ   ഞൊടിയിടയിൽ   ചാടിയെഴുന്നേറ്റു .   ഇരുട്ടിലേയ്ക്ക്‌   നോക്കി   വിളിച്ചു .

" കണ്ണാ...."

മുറിവേറ്റൊരു   കുഞ്ഞു  കിളിയുടെ   കരച്ചിൽ   പോലിരുന്നു   ബാസുരിയുടെ   സ്വരം .

" കണ്ണാ...നീയെവിടെയാണ് ?   ഞാൻ.........ഞാനിരുട്ടിലാണ് ..........എനിയ്ക്കൊന്നും  കാണാൻ വയ്യ. ............."

" ബാസുരീ ...ഞാനിവിടെയുണ്ട് ...വരൂ ....."

അവൾ   തപ്പിപ്പിടിച്ച്   വാതിൽക്കലേയ്ക്ക്   ഓടി .......................

                                                   
                                                               ************

                                                     രാത്രി   അംഗിതൻ   വരും.   അയാൾ ,  ബാസുരിയുടെ   ജ്യേഷ്ഠസഹോദരി   ബസുമതിയുടെ      ഭർത്താവാണ് .   ജോലി   കഴിഞ്ഞ്    സന്ധ്യയോടെ   വീട്ടിലെത്തിയാൽ ,  ഒരു  ചായ   കുടിച്ച്   അല്പം   വിശ്രമം .   അതുകഴിഞ്ഞാൽ,  നേരെ   ബാസുരിയുടെ   മുറിയിലേയ്ക്ക് . .......  പൂട്ടിയിട്ട   വാതിൽ   തുറന്ന്   അയാൾ അകത്തു കയറും .   വാതിൽ  അകത്തുനിന്നും   കുറ്റിയിടും .   പിന്നെ..........ബാസുരി............മഴവില്ലണിഞ്ഞതുപോലെ   സുന്ദരിയായ   ബാസുരി...........            

                                                          ഒരു   വിരൽത്തുമ്പിൽപ്പോലും   തൊട്ട്   അശുദ്ധമാക്കാതെ   അവളുടെ   കണ്ണൻ   നിധി പോലെ   സൂക്ഷിച്ച   ആ  സൗന്ദര്യത്തെ    കലി പിടിച്ച   വ്യാഘ്രത്തേപ്പോലെ   അയാൾ ......അംഗിതൻ   കടിച്ചു കുടയും ...................

                                                            പക്ഷേ  ബാസുരിയ്ക്ക്   വേദനിയ്ക്കില്ല .   അവളുടെ   മനസ്സോ   ശരീരമോ   അയാളുടെ   കാമവെറി   അറിയില്ല.   അവൾ   ഒന്നുമറിയാതെ   ഇരുട്ടിലേയ്ക്ക്   തുറിച്ചുനോക്കിക്കിടക്കും .   ആ  മനസ്സിലപ്പോൾ   കണ്ണനാണ് .   അയാളുടെ   ആക്രമണം   കഴിഞ്ഞു പോയാലുടൻ   കണ്ണൻ   വരും .   ആ  പ്രതീക്ഷയിലാണവളുടെ   മനവും  തനുവും ...........

                                             ,  ഒടുവിൽ   ,   അയാളൊരു    ബീഡിയും  പുകച്ച്   സംതൃപ്തിയോടെ   പുറത്തിറങ്ങി ,  വാതിൽ   പുറത്തുനിന്നും   പൂട്ടും.  അതയാളുടെ   ഒരു  ദിനചര്യ   പോലെയാണ് .

                                                 പാവം   ബാസുരി .........അവളെഴുന്നേറ്റു കുളിമുറിയിലേയ്ക്ക്   പോകും.  തുളസീതൈലം   ചേർത്ത   വെള്ളത്തിൽ   കുളിയ്ക്കും .   അരുവി പോലെ   ഒഴുകിക്കിടക്കുന്ന   നീണ്ടുലഞ്ഞ   മുടിയിൽ   ചന്ദനത്തൈലം   പൂശും .   ചന്ദന ഗന്ധമുള്ള   വസ്ത്രങ്ങൾ   ധരിയ്ക്കും .   കല്ലും   മുത്തും  പിടിപ്പിച്ച  ,  ഒരുപാട്   ഞൊറികളുള്ള   പാവാടയാണവൾ   ധരിയ്ക്കുക .   അലുക്കുകൾ   പിടിപ്പിച്ച   ബ്ളൌസും   ധാവണിയും   ധരിയ്ക്കും .   ദേഹത്ത്   മറ്റൊരു   അണിഞ്ഞൊരുങ്ങലുമില്ലാതെ   അവൾ   മീരാബായിയേപ്പോലെ   സുന്ദരിയും   ശാന്തയുമായിരിയ്ക്കും ............ഇനി.........ഇനിയാണവളുടെ   കണ്ണൻ   വരുന്നത് .

                                                   മാതാപിതാക്കൾ   മരണപ്പെടുന്നതിന്  മുൻപ് ,   ബാസുരിയുടെ   വീട്ടിൽ  പശുക്കളെ   നോക്കാൻ   നിന്ന   ചെറുമച്ചെക്കനായിരുന്നു   മാണിക്യൻ .   അവനെ   ബാസുരി   സ്നേഹത്തോടെ   വിളിയ്ക്കുന്ന   പേരാണ്   കണ്ണൻ ....അവളങ്ങനെയാണ് .   മനസ്സിൽ   സ്നേഹം   വിങ്ങി വിതുമ്പുമ്പോൾ .." കണ്ണാ "   എന്നുള്ള   ഒരു  വിളിയിൽ   അവൾ   സ്നേഹമത്രയും   പകർന്നു  നിറച്ചു വയ്ക്കും ...........കണ്ണൻ...................ബാസുരിയുടെ   മാത്രം   കണ്ണൻ............

                                                    ഉന്നതകുലജാതയായ --നക്ഷത്രക്കണ്ണുകളുള്ള   ബാസുരിയെ ,  കണ്ണൻ   ' നക്ഷത്രക്കുഞ്ഞേ '   എന്ന്   വിളിച്ചിരുന്നു .  ആ  നക്ഷത്രം   പിന്നീട്   അവന്റെ  മനസ്സിലെ   മാനത്തേയ്ക്ക്   കൂടുമാറി .   ബാസുരിയുടെ   മനസ്സിലാണെങ്കിൽ ,  ആ  കറുത്ത   കാലിച്ചെക്കൻ ,  അക്ഷരാർത്ഥത്തിൽ   കാർവർണ്ണനായി .   അവളുടെ മാത്രം   കണ്ണൻ ..........അവനോടുള്ള   പ്രണയം   അവളുടെ   മനസ്സിൽ   അമൃതവർഷിണി രാഗമായി   പെയ്തു നിറഞ്ഞു .....

                                                  കൊട്ടാരം   പോലത്തെ  ആ  വലിയ   വീട്ടിൽ ,   ബാസുരിയുടെ   നൃത്തച്ചുവടുകൾ   ചിലമ്പൊലിനാദമായി   മുഴങ്ങി.   അവളുടെ   വിരൽസ്പർശമേറ്റ്   വീണാതന്ത്രികൾ   മോഹനം   പാടി .   കുന്തിരിയ്ക്കം   പുകച്ച്   ഈറൻ   മാറ്റിയ   അവളുടെ   നീണ്ട് ഇടതൂർന്ന   മുടിച്ചുരുളുകൾ   കാട്ടരുവി പോലെ   ഒഴുകിക്കിടന്നു .

                                                   പൂന്തോട്ടത്തിൽ   ഇറങ്ങിനിന്ന് ,  ബാസുരി   പൂക്കളോടും   പൂമ്പാറ്റകളോടും   കിന്നാരം   പറയും .   ചിലപ്പോൾ   പൂത്തു നിറഞ്ഞു   നില്ക്കുന്ന അശോകമരത്തിന്റെ   ചുവട്ടിൽ   വെറുതെയങ്ങനെ   നിൽക്കും .   ഒരു  സാലഭഞ്ജിക  പോലെ .കണ്ണുകളിൽ  നിറയെ  സ്വപ്നം  മയങ്ങുന്നുണ്ടാവും  .

" ബാസുരീ..  ആ   അശോകമരത്തിന്റെ   ചുവട്ടിൽ   നിൽക്കാതെ .  അത്   നല്ലതല്ല .  സീതാദേവി ,  ശ്രീരാമനെ  പിരിഞ്ഞ് ,  ലങ്കയിൽ  ഏകയായിരുന്നത്   അശോകത്തിന്റെ   ചുവട്ടിലാണ് . "

അമ്മയുടെ   വാക്കുകളെ   ബാസുരി   ഒരു   പുഞ്ചിരിയോടെ   നേരിടും .   അമ്മ  വഴക്കുണ്ടാക്കിയാലും   അവൾ   പുഞ്ചിരിയ്ക്കും .   അവൾക്ക്   ആരോടും   പിണക്കമില്ല .   കാരണം,  അവളുടെ  മനസ്സിൽ   പ്രണയമഴയാണ് .   അപ്പോൾപ്പിന്നെ   എങ്ങനെയവൾക്ക്    പിണങ്ങാനാവും ?   കാണുന്നതെല്ലാം   ദൃശ്യമനോഹരം ...കേൾക്കുന്നതെല്ലാം   ശ്രവണസുന്ദരം ..

                   ബാസുരിയുടെ   മൂത്ത   സഹോദരി   ബസുമതിയുടെ   ഭർത്താവ് ,   അംഗിതന്റെ     കാമക്കണ്ണുകളൊന്നും   അവൾ   ശ്രദ്ധിയ്ക്കാറേയില്ല .   കണ്ണൻ   കാലികളെ   കുളിപ്പിയ്ക്കുന്നതും ,   തൊഴുത്ത്   വൃത്തിയാക്കുന്നതും ,   അവയെ    കറന്ന്   പാലെടുക്കുന്നതും,  പിന്നീടവയെ   മേയ്ക്കാൻ   കൊണ്ടുപോകുന്നതുമൊക്കെ   നോക്കി,   ബാസുരിയുടെ   കണ്ണുകൾ ,  വാതിലിലോ  കിളിവാതിലിലോ   ഒക്കെ   നക്ഷത്രം   പോലെ   ചിമ്മിത്തെളിയുന്നുണ്ടാവും .   കണ്ണനത്   ഒരു   കള്ളച്ചിരിയോടെ   കാണാതെ   കാണുന്നുമുണ്ടാവും .   കാണാതെ   കണ്ടും ,   പറയാതെ   പറഞ്ഞും   അവരുടെ   പ്രണയം   ഒരു  കാട്ടരുവിയുടെ   കുളിർമ്മയോടെയും  നൈർമ്മല്യത്തോടെയും  ഒഴുകി .

" മാണിക്യാ."....

അതൊരു   അലർച്ചയായിരുന്നു .   അവന്റെ   മേലാളന്മാരുടെ   അലർച്ച .   അവർ    ബാസുരിയുടെ   അച്ഛനും   സഹോദരന്മാരുമായിരുന്നു.   കണ്ണൻ    കച്ചിത്തുറുവിലേയ്ക്കും    പിന്നെ ,  കാടിത്തൊട്ടിയിലേയ്ക്കും   മറിഞ്ഞുവീണു .   പിന്നെ ...........

                       പിന്നെ ,    ബാസുരി     ഒന്നും   കണ്ടില്ല .   ഒന്നും   അറിഞ്ഞില്ല . .....മീര   കൃഷ്ണനിൽ    ലയിച്ചുചേർന്നതുപോലെ  ,   ബാസുരിയുടെ   മനസ്സ്  ,  അവളുടെ   കണ്ണനിൽ   ലയിച്ചുചേർന്നു ....പിന്നെ   ഈ   ലോകത്ത്   അവളുടെ   മനസ്സില്ലായിരുന്നു .


                       കണ്ണനെ   അന്വേഷിച്ചവൾ    അങ്ങിങ്ങ്   പതറിപ്പതറി  നടന്നു .   തൊഴുത്തിൽച്ചെന്ന്   കാലികളോട്   അടക്കത്തിൽ   കണ്ണനെ   അന്വേഷിച്ചു .   ബസുമതിയുടെ   ഭർത്താവ്   ക്രൂരമായി   ചിരിച്ചുകൊണ്ട്   ബാസുരിയോട്  പറഞ്ഞു .

" ഇനി   വരില്ലവൻ ."

അവളത്   കേട്ടില്ല .   കണ്ണന്റെ   ശത്രുക്കളെല്ലാം  അവൾക്ക്   വെറും   നിഴൽരൂപങ്ങളായിരുന്നു .   ബാസുരി   അവളുടെ   അടക്കം പറച്ചിലുകളും   അന്വേഷണങ്ങളും   തുടർന്നുകൊണ്ടേയിരുന്നു .  അതെല്ലാം   ആ  വലിയ   വീട്ടിൽ അവളുടെ   അനാഥമായ   നിശ്വാസങ്ങളിൽ   അലിഞ്ഞു ചേർന്നു .

                           പിന്നെ,   ബാസുരിയുടെ   മാതാപിതാക്കൾ   മണ്ണോട് ചേർന്നപ്പോൾ ,    അവളുടെ   നിശ്വാസങ്ങളെ   വീണ്ടും   അനാഥമാക്കിക്കൊണ്ട് ,  സഹോദരന്മാർ   കൂട് മാറിപ്പോയപ്പോൾ ...........നിസ്സഹായയായ   ബസുമതിയെ   നോക്കി  ,  ഭർത്താവ്   അംഗിതൻ  തൃപ്തിയോടെ   ക്രൂരമായി   ചിരിച്ചു .  അയാളുടെ   കാമക്കണ്ണുകളിലേയ്ക്ക്   നോക്കി   ബസുമതി   ഭയത്തോടെ   കരഞ്ഞു .   അവളുടെ നെഞ്ചിൽ ,  ഒരു   കിളിക്കുഞ്ഞിനേപ്പോലെ   അള്ളിപ്പിടിച്ച്   ചുരുണ്ടുകൂടിയ   ബാസുരിയെ ,    അംഗിതൻ   വലിച്ചിഴച്ച്     മുറിയിലേയ്ക്ക്   കൊണ്ടുപോയി   മെത്തയിലേയ്ക്കെറിഞ്ഞു .   വാതിലടച്ച് വന്ന്   അയാൾ   അവളെ   നോക്കി   പേയ്   പിടിച്ച   നായയെപ്പോലെ   അണച്ചു .

                         ബാസുരിയുടെ   ഒരോ   ജീവാണു   തോറും   അംഗിതൻ   ഇരച്ചു കയറുമ്പോൾ .....പാവം......അവളൊന്നും തന്നെയറിഞ്ഞില്ല .   ആ  കണ്ണുകളിലെ   നക്ഷത്രമണഞ്ഞിരുന്നു .

                           ഒടുവിൽ   അയാളെഴുന്നേറ്റ് ,  വാതിൽ  പുറത്തുനിന്നും   പൂട്ടി   പോയപ്പോൾ ,  ഇരുട്ടിന്റെ   ജഡനിർവ്വികാരതയിലലിഞ്ഞ്   ബാസുരി   കാതോർത്തു ,   കണ്ണന്റെ   വിളിയ്ക്കായി......

" ബാസുരീ..."

"കണ്ണാ ...!  നീയെവിടെയാ...?"

"'  ദാ  ഇവിടെ..നീ   വരൂ.."

ബാസുരി  വാതിൽക്കലേയ്ക്കോടി .   അടഞ്ഞ   വാതിലിൽത്തട്ടി   അവൾ   പകച്ചു നിന്നു .   പിന്നെ ആ   വാതിലിൽ   മുഖം   ചേർത്തവൾ   കരഞ്ഞു .

" ബാസുരീ,  കരയാതെടാ   കണ്ണാ ...ഞാനിവിടുണ്ട് .   നീയീ   കിളിവാതിൽ   തുറക്കൂ. "

അവൾ   കിളിവാതിലിലേയ്ക്കോടി .   വെമ്പലോടെ   അത്   തള്ളിത്തുറന്നു .

" എന്റെ   കണ്ണാ....എന്നെ......എന്നെ     കൊണ്ടുപോകണം   നീ .   നീയെവിടെയാ ..?"

അവൾ   പുറത്തെ   ഇരുട്ടിലേയ്ക്ക്   പകച്ചു നോക്കി .   ദൂരെ..........ദൂരെ നിന്ന്   ഒരു  കൈ   അവളുടെ   അവളുടെ   നേരെ   നീണ്ടുവന്നു .   അതവളുടെ   കണ്ണന്റെ   കൈയ്യായിരുന്നു .   പക്ഷെ ...ആ   കൈയ്യിനപ്പുറം   കണ്ണനെ   കണ്ടില്ല .

                              ബാസുരി   ഒരു  എങ്ങലോടെ   കിളിവാതിലിനിടയിലൂടെ   കൈ   പുറത്തേയ്ക്ക്   നീട്ടി .   കണ്ണന്റെ   കൈ   നീണ്ടുനീണ്ടു വന്ന്   ബാസുരിയെ   എത്തിപ്പിടിയ്ക്കാനാഞ്ഞു .   അവൾ   അവനേയും ................പക്ഷെ   കഴിഞ്ഞില്ല .   എത്ര   ശ്രമിച്ചിട്ടും   അവർക്ക്   പരസ്പരം   എത്തിപ്പിടിയ്ക്കാനായില്ല ......ഒടുവിൽ ,   അവന്റെ   കൈ   പിറകോട്ട്   വലിഞ്ഞു വലിഞ്ഞ് .....അകന്നകന്ന് ...ആകാശത്തെ    കാർമേഘങ്ങൾക്കിടയിലേയ്ക്ക്   മറഞ്ഞു .....

" കണ്ണാ ......"

ചതഞ്ഞരഞ്ഞ   ആ   വിളി  ,  നിസ്സഹായതയുടെ   ശബ്ദരൂപമായി ......ഒരു മാത്ര കൂടി   അവളങ്ങനെ   നിന്നു  .   പിന്നെ ,   കൈ   മെല്ലെ പിന്നോട്ട്   വലിച്ചു .     കിളിവാതിൽ   മെല്ലെ   ചാരി .   കണ്ണുകൾ   മഴയായി   പെയ്തു .   കുറെ  നേരം...പിന്നെയത്   നിന്നു .   ഒഴുകാൻ   മറന്ന   മഴത്തുള്ളികൾ   അവളുടെ   കണ്‍തടങ്ങളിൽ   കരിമേഘങ്ങളായി   അടിഞ്ഞു ....ഭിത്തിയിൽ ചാരി   അവൾ   താഴോട്ട്   ഊർന്നു  ......കണ്ണാ....കണ്ണാ.....അവൾ   പിറുപിറുത്തുകൊണ്ടിരുന്നു ....പിന്നെ ,  എല്ലാം   ശാന്തം .

                           ഇനി   നാളെ  രാത്രി   അംഗിതൻ   വരുന്നതും   കാത്തിരിയ്ക്കുമവൾ .   കാരണം ,  അയാൾ    വന്നുപോകുമ്പോഴാണ്‌    അവളുടെ   കണ്ണൻ   വരിക .

                            അപ്പുറത്തെ   തൊടിയിൽ ,   കണ്ണന്റെ   കുടിലിനു പിന്നിൽ ,  അവന്റെ   കുഴിമാടത്തിൽ   നട്ട   കാട്ടുകോളാമ്പിച്ചെടിയിൽ  നിന്നും  രണ്ട്   വാടിയ   പൂക്കൾ   അടർന്ന്    താഴേയ്ക്ക്   വീണതും   അവളറിഞ്ഞില്ല .....

                                 
                                                       *********************
                                   

                                                                                                    

2014 ഏപ്രിൽ 29, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
    ( പ്രണയം ഡിസ്കഷനിൽ നിന്നും...)




Delete
ആദ്യപ്രണയത്തിൽ  എന്റെ ഹൃദയാകാശത്ത്  ജ്വലിച്ചുനിന്നത് .........സൂര്യൻ ..!!!  ഒരേയൊരു   സൂര്യൻ....!!!  അവിടെ  പകരം  വയ്ക്കാൻ  മറ്റൊന്നില്ല .  ഉണ്ടാവുകയുമില്ല .. അതൊരു സ്വപ്നം പോലെ മറഞ്ഞു .  പിന്നെ   ജീവിതം  വന്നു....അതിലേയ്ക്ക്  ഞാൻ  പ്രണയത്തെ  ക്ഷണിച്ച്ചുകൊണ്ടുവന്നു .   പക്ഷെ അത്,, തല്ലിപ്പഴുപ്പിച്ച മാമ്പഴം  പോലിരുന്നു .  എങ്കിലും  ആ  ഇത്തിരി  മധുരം   കൊണ്ട്  ഞാനെന്റെ   ജീവിതം  നിറച്ചു .   മറ്റൊന്നും  ചെയ്യാനില്ലായിരുന്നു   എനിയ്ക്ക് .  അപ്പോഴും  എന്റെ  സൂര്യൻ  ഒരുപാട്   മുകളിലുണ്ടായിരുന്നു  ..  ഞാൻ  ഇങ്ങ്  താഴെയും...........തൊട്ടില്ലെങ്കിലും   തഴുകിയില്ലെങ്കിലും  ,  ഞാനറിഞ്ഞു   ആ പ്രകാശം..............ഒരുപാട്  ദൂരെ  നിന്ന് .......ഒരു  സൂര്യകാന്തി  പോലെ........ഇതളുകൾ  കൊഴിഞ്ഞ്   താഴെ   വീഴുന്നത്  വരെ..........



Delete
നന്ദി മൊട്ടക്കുട്ടി ,,,....ദൂരെ നിന്ന് ഈ പ്രകാശം തരാൻ മാത്രമേ  ഇനി   എനിയ്ക്ക് കഴിയൂ എന്ന് എന്റെ സൂര്യൻ എന്നോട് പറഞ്ഞപ്പോൾ........ അത് മതി ...എന്ന് മൗനസമ്മതം നല്കിയ എന്റെ മനസ്സ് ഉരുക്കിയൊഴിച്ച്  ,  എന്റെ  ആദ്യപ്രണയത്തേക്കുറിച്ച്  ഞാനെഴുതുമ്പോൾ  ,   അത്,  ഇങ്ങനെയല്ലാതെ  മറ്റെങ്ങനെയാണ്   വരിക ചങ്ങാതി? സൂര്യന് പകരം വയ്ക്കാൻ മറ്റെന്താണ് ഉള്ളത്? ഒരുപാട് അകലെയുണ്ട് ഒരു 

സൂര്യൻ.........എനിയ്ക്ക് കാണാം......


ശിവനന്ദയുടെ സാഹിത്യം കലര്‍ന്ന വരികളിലൂടെ പ്രണയത്തെ വായിക്കുക എന്നത് നല്ല ഒരു അനുഭവം തരുന്നു. എങ്കിലും എനിക്ക് പറയാനുള്ളത് പറയട്ടെ.. സൂര്യനേ പോലെ ചൂടും  പ്രകാശവും തരാന്‍ കഴിയില്ലെങ്കിലും. നനുനനുത്ത കുളിരും അല്പം പ്രകാശവും ചന്ദ്രനും തരാനാവും. സൂര്യന്‍റെ വിടവാങ്ങലിനു ശേഷം നമ്മില്‍ പലരും കാത്തിരിക്കുന്നത് ആ പാല്‍നിലാവിനെയാണ്. ആ നിലവില്‍ ലയിചിരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌ ഭൂമിയില്‍. എങ്കിലും ആ സൂര്യപ്രഭാവത്തിന്റെ ഓര്‍മ്മകള്‍ ചന്ദ്രന്‍റെ ശോഭ കെടുത്തും...അതല്ലേ ശരി,





Delete
സൂര്യൻ സ്വയം പിൻവാങ്ങിയത് കൊണ്ട് മാത്രമാണ് നിലാവ് വന്നത്. എങ്കിലും  ആ നിലാവിനെയും ഞാൻ ഒരുപാട് സ്നേഹിയ്ക്കുന്നു. ആ നിലാവിൽ ഇരിയ്ക്കുമ്പോഴും ഞാൻ പ്രതീക്ഷിയ്ക്കും  ,  നാളെ സൂര്യൻ ഉദിയ്ക്കും............ഒരോ നിലാവിലും ഞാനത് പ്രതീക്ഷിയ്ക്കും...ആ പ്രതീക്ഷ അസ്തമിയ്ക്കണമെങ്കിൽ ,  ഒന്നുകിൽ സൂര്യൻ കത്തി ഒരുപിടി ചാരമാകണം...അല്ലെങ്കിൽ  ഞാൻ കത്തി ഒരുപിടി ....ചാരമാകണം.....




Delete






Delete
Delete

2014 ഏപ്രിൽ 24, വ്യാഴാഴ്‌ച

ദൈവത്തിന്റെ താഴ്വര

2 അഭിപ്രായ(ങ്ങള്‍)
ദൈവത്തിന്റെതാഴ് വര . 

- ശിവനന്ദ 

                                      ചങ്ങല  ഉരഞ്ഞ്  വ്രണമായി  പഴുത്തഴുകിയ  കാലിലേക്ക്  നോക്കിയിരുന്ന്  ചിരിച്ചു . ആത്മനിന്ദയുടെ  ചിരിയാണോ ? അതോ  ആത്മപീഡനത്തിന്റെയൊ ? അതോ  ഇനി  ആത്മസംതൃപ്തിയാണോ ? ആവോ  അറിയില്ല .

"നിങ്ങളെന്റെ  ഭർത്തവായിപ്പോയതുകൊണ്ടുമാത്രമാണ്  ഞാൻ  തിരിച്ചു  തല്ലാത്തത് . പക്ഷെ  മനസ്സുകൊണ്ട്  ഒരായിരം  പ്രാവിശ്യമെങ്കിലും  ഞാൻ  നിങ്ങളെ  കൊന്നുകഴിഞ്ഞു ".

അമർന്ന  സ്വരത്തിൽ  ഭാര്യ  പറഞ്ഞു . അവിടെ , അവളിലെ  ഭാര്യ  ആദരണീയയായെന്നു  അന്ന്  മനസ്സിലാക്കീല്ലല്ലോ . എന്നിലെ  ആധിപത്യമോഹിയായ  മണ്ടൻ  പുരുഷൻ  കരുതി  അവൾ  തോൽവി  സമ്മതിച്ചതാണെന്ന് . പക്ഷെ  ജയത്തെ  ഉള്ളിലൊളിപ്പിച്ച്  തോൽവി  പ്രഖ്യാപിച്ച  അവൾ , ' ഭാര്യ ' യെന്ന  സ്ഥാനത്തിന്റെ  മഹനീയത  പറയാതെ  പറയുകയായിരുന്നു .

                                           മുഖമടച്ചുകൊടുത്ത  അടിയിൽ  ചെവിയിൽനിന്നൊഴുകിയ  രക്തത്തുള്ളികൾ  തുടച്ചെടുത്തുകൊണ്ടാണവളതു  പറഞ്ഞത് . മുറിവേറ്റ  കാട്ടുമൃഗത്തിന്റെ  മുരൾച്ചപോലിരുന്നു  സ്വരം . കണ്ണുകളിൽ  ഒരായിരം  സൂര്യന്മാർ  കത്തിക്കാളുന്നുണ്ടായിരുന്നു . അതുകണ്ടപ്പോൾ  കുറെ  ചീഞ്ഞഴുകിയ  തെറിവാക്കുകൾ  കൊണ്ട്  അവളെ  അഭിഷേകം  ചെയ്യാനാണെനിക്കു  തോന്നിയത് . അങ്ങനെതന്നെ  ചെയ്തു . പക്ഷെ  അവളത്  ശ്രദ്ധിച്ചതേയില്ല . പ്രതികരിച്ചുമില്ല . അതുകൊണ്ടുതന്നെ  ആ  അസഭ്യവാക്കുകളത്രയും  എന്റേതുതന്നെയായി  അവശേഷിച്ചു . ഞാൻ  കൊടുക്കുന്നത്  അവൾ  സ്വീകരിച്ചില്ലെങ്കിൽ  പിന്നെ  അത്  എന്റെതുമാത്രമായിരിക്കുമെന്ന്  ചിന്തിക്കാൻ  എത്ര  കാലമെടുത്തു ! 

                                              എന്തിനാവളെ  അത്രമേൽ  ക്രൂശിച്ചത് ? ഈ  ചോദ്യം  ഞാനെന്നോടുതന്നെ  ചോദിച്ചത് ഇപ്പോഴല്ലേ ?  അന്നങ്ങനെ  തോന്നിയില്ലല്ലോ . വിഡ്ഢികളുടെ  സ്വർഗത്തിൽ  കുറെ  മിഥ്യാധാരണകളുമായി  മദിച്ചുനടന്നു . മദ്യം ............. മദ്യമാണെല്ലം  തകർത്തുകളഞ്ഞത്‌ . മദ്യപിച്ചുകഴിഞ്ഞാൽപ്പിന്നെ  കണ്ണിന്  മഞ്ഞനിറമാണ് . സംശയത്തിന്റെ  മഞ്ഞനിറം .അങ്ങനെ  ഭാര്യ  ഒരു  മഞ്ഞസ്ത്രീയായി . ആദ്യമവൾ  പകച്ചു . പിന്നെ  അവിശ്വസ്സനീയതയോടെ  നോക്കി . ശേഷം  എതിർത്തു . ആത്മാഭിമാനത്തിന്  ക്ഷതമേറ്റപ്പോൾ  അവൾ  ശൗര്യത്തോടെ  നേരിട്ടു . പക്ഷെ  എന്റെ  നേരെ  ചൂണ്ടുന്ന  വിരലുകളത്രയും  അരിഞ്ഞുകളയുന്നതായിരുന്നല്ലൊ  എനിക്കിഷ്ടം . അടിച്ചു , തൊഴിച്ചു , മുടിയിൽപ്പിടിച്ച് വലിച്ചിഴച്ചു ..........

                                                                   അവൾ  കരഞ്ഞതേയില്ല . വാചകങ്ങൾ  വാക്കുകളിലേക്ക്‌  ചുരുങ്ങി . ഒടുവിൽ .............. മനസ്സിൽ  അഗ്നിപർവ്വതങ്ങളെ  ഗർഭം  ധരിച്ചുകൊണ്ടവൾ  മൗനത്തിലമർന്നു ..............

"ഞാനൊരാളോട്  സംസാരിക്കണമെങ്കിൽ   അത്  കേൾക്കാനുള്ള  ഏറ്റവും  കുറഞ്ഞ  യോഗ്യതയെങ്കിലും  അയാൾക്ക്‌  വേണം . വാക്കുകളെനിക്കു  വിലപ്പെട്ടതാണ്‌ ."

പരഞ്ഞവസാനിപ്പിച്ചുകൊണ്ടവൾ   തിരിഞ്ഞുനടന്നു . പക്ഷെ  ഞാൻ  യുദ്ധം  നിർത്തിയില്ല . സ്ഥാനത്ത്  ആരുമില്ലാത്തിടത്തോളംകാലം  ഞാനെന്റെ  നിഴലിനോടാണ്‌  യുദ്ധം  ചെയ്യുന്നതെന്ന്  ചിന്തിക്കാൻ  മദ്യമെന്നെ  അനുവദിച്ചിരുന്നില്ലല്ലൊ . 

"സ്നേഹം  ആവശ്യമുള്ളിടത്തേക്ക്   അത്  സ്വയം  ഒഴുകിയെത്തും . ആവശ്യമില്ലാത്തിടത്ത്  അതിന്റെ  ഒഴുക്ക്  നിലക്കുകയും  ചെയ്യും ".

അവളൊരിക്കൽ   ആത്മഗതം  പോലെയാണത്  പറഞ്ഞത് . അതൊരു    മുന്നറിയിപ്പായിരുന്നോ  എന്നറിയില്ല . ഞങ്ങളുടെ  ഇടയിൽ  സ്നേഹത്തിന്റെ  ഒഴുക്കുണ്ടായിരുന്നോ ? ആവോ . ആർക്കറിയാം ! അതെന്നെങ്കിലും  നിലച്ചുപോയതാണൊ ? അതുമറിയില്ല . എങ്ങനെയറിയാനാണ് ? എന്റെ  കണ്ണിൽ  ഭാര്യ  ഒരു  മഞ്ഞ  സ്ത്രീയായിരുന്നല്ലോ .

                                         ഭാര്യ  എന്ന  നിലയിൽ  യാതൊരു  പരിഗണനയും  കൊടുക്കാതെ ......... വേശ്യയെന്നു  വിളിച്ചു , ജീവിതത്തിൽ  നിന്നൊഴിഞ്ഞുപോകാൻ  പറഞ്ഞു , ആത്മഹത്യ  ചെയ്യാൻ  പ്രേരിപ്പിച്ചു , പറിച്ചെറിഞ്ഞിട്ടും  ഇത്തിക്കണ്ണിപോലെ  പിടിച്ചുതൂങ്ങാൻ  നാണമില്ലേ  എന്ന്   ചോദിച്ചു .

എങ്ങനെയാണ്  ഭാര്യയെന്ന  സ്ത്രീ  അതെല്ലാം  സഹിച്ചതെന്ന്  ആലോചിയ്ക്കാൻ  ഇക്കണ്ട  കാലമെടുത്തല്ലോ . ഒറ്റ   വാചകമേ  അവൾ  പറഞ്ഞുള്ളൂ .

"എന്റെ  മക്കൾ  അച്ചനുമമ്മയുമുള്ളവരായിത്തന്നെ  ജീവിക്കണം ".

വല്ലാത്ത  മൂർച്ചയുണ്ടായിരുന്നു  സ്വരത്തിന് . ആത്മരോഷം  രാകി  മൂർച്ചകൂട്ടിയ  ആ  വാക്കുകൾ  ഏൽപ്പിച്ച  പരിക്ക് 
വേദന  വമിപ്പിച്ചത് ഇപ്പോഴല്ലേ ?

കാലിൽ  ആയിരം  സൂചികൾ  കുത്തിയിറക്കുന്നതുപോലെ ........... വേദനയല്ല . സന്തോഷം ......... സംതൃപ്തി ..... ഇത്രയും  പോരാ . ഇനിയുമിനിയും  വേണം . ദേഹമാസകലം   വൃണങ്ങൾ  വരണം . ഓരോ  ഇഞ്ച്  സ്ഥലവും  പുഴുക്കൾ  അരിച്ചു  തീർക്കണം . മുഷിഞ്ഞുനാറിയ  കീറത്തുണികൊണ്ട്  മൂടിയിട്ട്  പുഴുക്കൾക്ക്  സംരക്ഷണം  കൊടുത്തു . എന്നെങ്കിലും  കൊടുത്തോ  ഭാര്യക്കും  മകൾക്കും  ഒരു  സംരക്ഷണം ? മകൾ ? മകളോ ? ഏതു  മകൾ ? പെട്ടെന്ന്   കീറത്തുണി  മാറ്റി  പുഴുക്കളോട്  സൗഹൃദത്തോടെ  പറഞ്ഞു .

"എന്തിനാണിത്ര  താമസം ? വേഗമാകട്ടെ ".

വീണ്ടും  മകൾ ........ എന്റെ .......... എന്റെ  കുഞ്ഞ് ...... ഹോ ! എന്റെ  ദൈവമേ ! നിലത്ത്  കിടന്നുരുണ്ടു . തലമുടി  വലിച്ചുപറിച്ചു . അരിക്കുന്ന  പുഴുക്കളോട്  അലറിവിളിച്ചു .

"ഞാനെന്റെ  ദേഹം  ഇഷ്ടദാനം  തന്നതല്ലേ ? എന്തിനാണിത്ര  അമാന്തം ? തിന്ന് . മത്സരിച്ചു  തിന്ന് ".........

പക്ഷെ  എന്റെ  അലർച്ചക്കുമേലെ  ഭാര്യയുടെ  അലർച്ച  മുഴങ്ങിക്കൊണ്ടേയിരുന്നു .

"ദുഷ്ടാ ..... ഇനി  നീയി  ഭൂമിയിൽ  വേണ്ട ".

കൈയ്യിൽ  വെട്ടുകത്തിയുമായി  പാഞ്ഞടുത്ത  അവൾ  പൊട്ടിത്തെറിച്ച  അഗ്നിപർവ്വതം  പോലെ . കണ്ണിൽ  നിന്നുംതിളക്കുന്ന  ലാവ  ഒഴുക്കികൊണ്ട് . മദ്യത്തിന്റെ  ലഹരിയിൽ  അന്തംവിട്ടു  ഒന്നിനുമാവാതെ  നിന്ന  നിമിഷം  അവളുടെ  കൈയ്യിലെ  വെട്ടുകത്തി  ഉയർന്നുതാണു . ഒഴിഞ്ഞുമാറിയത്‌  കൊണ്ട്  കൈയ്യിലാണ്  വെട്ടുകൊണ്ടത് .രക്തമൊലിക്കുന്ന  കൈയ്യുമായി  ഇറങ്ങിയോടുമ്പോൾ  മദ്യത്തിന്റെ  ലഹരി  തീർത്തും  വിട്ടൊഴിഞ്ഞിരുന്നു . അല്പദൂരം  മാത്രം  ഓടി . തളർന്നുവീണപ്പോൾ  പിറകിലെവിടെയോനിന്നു  അഗ്നിപർവ്വതസ്ഫോടനങ്ങൾ  കേൾക്കാമായിരുന്നു . നാട്ടുകാർ  പിടികൂടി  പോലീസിലേൽപ്പിക്കുമ്പോഴും , പോലീസിന്റെയും  കോടതിയുടെയും  ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ   മറുപടി  പറയുമ്പോഴും  മനസ്സിൽ  വിവിധവിചാരങ്ങളായിരുന്നു . ജയിലിലടച്ചാൽ  കുറെ  നാൾ  കഴിയുമ്പോൾ  മോചിപ്പിക്കും . അതുവേണ്ട . പിന്നെ  ആത്മഹത്യയെക്കുറിച്ച്  ചിന്തിച്ചു . ഒറ്റ  നിമിഷംകൊണ്ടെല്ലാം  തീരും . അതും  വേണ്ട . നീറിനീറി  ഇഞ്ചിഞ്ചായി  മരിയ്ക്കണം . അതാണെനിക്ക്  വേണ്ടത് .

                                                     മകളെ  പീഡിപ്പിക്കാൻ  ശ്രമിച്ച  അച്ഛൻ !....... ദൈവമേ ! ഞാനാണോ  ആ  അച്ഛൻ ? ഞാനാണോ ? എന്താണ്  ഞാൻ  ചെയ്തത് ? എന്താണ്  സംഭവിച്ചത് ? ആരോടാണത്  പറയുക ? ആരാണത്  വിശ്വസിക്കുക ? മദ്യത്തിന്റെ  ലഹരിയിൽ  മകളെ .............. അമ്മയോളം  വളർന്ന  മകളെ ........... എന്റെ   ദൈവമേ ! ആരോടാണ്  ഞാനൊന്ന്  പറയുക ? പിറകിൽ  നിന്ന്  വട്ടം  പിടിക്കുമ്പോൾ ............. മകളാണെന്നറിഞ്ഞില്ല . അമ്മയുടെ  നിശാവസ്ത്രമാണ്  അവളണിഞ്ഞിരുന്നത് . ഭര്യയാണെന്നൊർത്താണ്‌ ........

                                                      അലറിക്കരഞ്ഞുകൊണ്ട്  തിരിഞ്ഞ  മുഖം  കണ്ടപ്പോൾ ......... എന്റെ  ദൈവമേ ! എന്റെ  കുഞ്ഞ് ......... നടുക്കത്തോടെ  പിന്നോട്ടു  മാറുമ്പോൾ ........... മദ്യത്തിന്റെ  ലഹരി  നിമിഷനേരം  കൊണ്ട്  ഊർന്നുപോയി .

"മോളെ , അച്ഛനറിഞ്ഞില്ല ".........

തൊഴുകൈയ്യോടെ  മകളുടെ  മുന്നിൽ . എനിക്ക്  ചെവി  തരാതെ  ഭയത്തോടെ  അലരിക്കരഞ്ഞ  മകളെ  നോക്കി  സ്തംഭിച്ചുനിന്നപ്പോൾ ......... സ്വന്തം  കുഞ്ഞിനെ  രക്ഷിക്കാൻ  ഏതറ്റം  വരെയും  പോകുന്ന , ആരെയും  സംഹരിക്കുന്ന  അമ്മ  എന്ന  സത്യം ......ഭാര്യ  എന്റെ  നേരെ  വെട്ടുകത്തി  വീശുമ്പോൾ ......... ആ  അവസ്ഥയിലും  അവളിലെ  അമ്മയെ  ജീവിതത്തിലാദ്യമായി  എന്റെ  മനസ്സ്  തൊഴുതു . പിന്നെ  ഞാൻ  എനിക്ക്  വേണ്ടി  ശബ്ദിച്ചില്ല . നിസ്സഹായത  വെളിപ്പെടുത്തിയില്ല . നിരപരാധിത്വം  തെളിയിക്കാൻ  ശ്രമിച്ചുമില്ല .

                                                      ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ  മറുപടി  പറഞ്ഞപ്പോൾ , ഭ്രാന്തഭിനയിച്ച്  അക്രമം  കാട്ടിയപ്പോൾ ........... എന്റെ  ശിക്ഷ  ഞാൻ  സ്വയം  വിധിക്കുകയായിരുന്നു . ആക്രമണകാരിയായ  ഭ്രാന്തനെ  ഭ്രാന്താശുപത്രിയിൽ  ചങ്ങലക്കിട്ടു . എത്രനാളുകളായി ? മാസങ്ങൾ ? വർഷങ്ങൾ ? അറിയില്ല . ആരുടെയും  ഒരു  വിവരവുമറിയില്ല . ആരും  അന്വേഷിച്ച്  വന്നിട്ടുമില്ല . അത്രയും  നന്ന് .

                                                       കാലിലെ  വൃണത്തിൽ  അരിച്ച  ഓരോ  പുഴുക്കളോടും  നന്ദി  പറഞ്ഞു . അറിയാതെയാണെങ്കിലും  ഒരു  നിമിഷം  ഞാനെന്റെ  കുഞ്ഞിനെ  ദുരുദ്ദേശത്തോടുകൂടി  സ്പർശിച്ചതിന്  സ്വയം  വിധിച്ച  ശിക്ഷയാണിത് . എന്റെ  ഓരോ  ജീവാണുവിലും  പുഴുവരിക്കണം . അരിച്ചരിച്ച്  തീർക്കണം .

"ഒരു  പുരുഷാവയവത്തിൽ  നിന്നല്ല . പുരുഷന്റെ  സ്നേഹത്തിൽ  നിന്നാണ്  അമ്മയുടെ  ഗർഭപാത്രത്തിൽ  ഒരു  കുഞ്ഞ്  പിറക്കേണ്ടത് ".

എന്നോ  ഒരിക്കൽ  ഭാര്യ  പറഞ്ഞ  വാക്കുകൾ . ഒരു  മന്ത്രധ്വനിപോലെ  ചുറ്റും ..............

                                                      വളർന്നിറങ്ങിയ  താടിരോമങ്ങൾക്കിടയിലൂടെ  ഒഴുകിയിറങ്ങിയ  വെള്ളത്തുള്ളികൾ ............... വരണ്ടുണങ്ങിയ  കണ്ണുകളിൽ  നിന്നും .......... ഇടയ്ക്കിടെ  പെയ്യുന്ന  വേനൽമഴ  പോലെ ............... തുടച്ചില്ല . ദൈവത്തിന്റെ  താഴ് വരയിലത്   വീണ്  ചിതറി ....................



                                         ____________________________

2014 ഏപ്രിൽ 8, ചൊവ്വാഴ്ച

0 അഭിപ്രായ(ങ്ങള്‍)
(പ്രണയത്തെക്കുറിച്ച് ചർച്ചയിൽ നിന്നും.........ഞാൻ പറഞ്ഞ ചില അഭിപ്രായങ്ങൾ....)പ്രണയം ദിവ്യമായൊരു അനുഭൂതിയാക്കണൊ അതോ ഭ്രാന്തമായൊരു ലഹരിയാക്കണോ എന്ന് അതിൽ ഉൾപ്പെടുന്നവർക്ക് തീരുമാനിയ്ക്കാവുന്നതേയുള്ളു എന്ന് ഞാൻ മുൻപേ പറഞ്ഞു .  സ്ത്രീപുരുഷബന്ധം എങ്ങനെയൊക്കെ നിർവചിച്ചാലും ,   അതിനൊരു പ്രകൃതിനിയമമുണ്ട് .  അതിനിപ്പുറം നമ്മൾ കൊടുത്തിരിയ്ക്കുന്ന മറ്റൊരു നിയമാവലിയുമുണ്ട് .  ' മാംസനിബദ്ധമല്ല അനുരാഗം '  എന്ന കവിവചനം അവിടെ നിൽക്കട്ടെ.  ഒരു സ്ത്രീയും പുരുഷനും തമ്മിൽ അടുക്കുമ്പോൾ ,  അത് പ്രണയത്തിലേയ്ക്ക് വഴിമാറുമ്പോൾ ---  മാനസികതലത്തിൽ നിന്നും വളർന്നുവളർന്ന് അനുകൂലസാഹചര്യത്തിൽ  അത് ശാരീരികതലത്തിലെയ്ക്ക് എത്തി നിൽക്കുമെന്നത്  പ്രകൃതിനിയമം .  പക്ഷെ, അവിടെ നമ്മൾ ചില   ' വിലക്കുകൾ '  വച്ചിട്ടുണ്ട് എന്നുള്ളത്  നമ്മുടെ  നിയമം.  അപ്പോൾ ,  പ്രകൃതിനിയമം അനുസരിയ്ക്കണോ അതോ നമ്മുടെ നിയമം അനുസരിയ്ക്കണമോ എന്ന് നമുക്ക് തന്നെ തീരുമാനിയ്ക്കാം.ഒരു പ്രണയം, മാനസികതലത്തിൽ നിന്നും വളർന്ന് ശാരീരിക തലത്തിലെത്തിയാൽ , അത് ആ ബന്ധത്തിന്റെ ഉത്തുംഗശൃംഗമാണെന്ന്  പറയാം.  അതിന് മുകളിലേയ്ക്ക് ഇനി ഒന്നുമില്ല .  ഏറ്റവും മുകളിലെത്തിയാൽ എപ്പോഴെങ്കിലും താഴത്തോട്ടുപോന്നല്ലെ തീരൂ?  അപ്പോൾപ്പിന്നെ ആ ബന്ധം തീർച്ചയായും  താഴേയ്ക്കാണ് .  കാരണം ,  പിന്നെയതിൽ  എന്തിരിയ്ക്കുന്നു ?  അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.  അത് പ്രകൃതി നിയമമാണ്.  അവിടെയാണ് നാം നമ്മുടെ നിയമങ്ങൾ കൈയ്യിലെടുക്കേണ്ടത് .  ബന്ധങ്ങൾ നല്ല രീതിയിൽ നിലനിന്നുപോകാൻ വേണ്ടിയാണ് നാം ചില  ' അരുതുകൾ '  സൃഷ്ടിച്ചിരിയ്ക്കുന്നത് .  ബുദ്ധിപൂർവ്വം ചെയ്യേണ്ടത് ഇതുതന്നെയാണ്.  പ്രണയം മനസ്സിലെ അനുഭൂതിയിൽ നിന്നും, ശരീരത്തിന്റെ ലഹരിയിലേയ്ക്ക് എത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക .  അങ്ങനെ എത്താത്തിടത്തോളം കാലം, പ്രണയം അനുഭൂതിയായും ആവേശമായും എന്നും നിലനിൽക്കും .  എത്ര സ്നേഹിച്ചാലും മതിയാവാതെ ,   "സ്നേഹിച്ചു തീർന്നില്ല  ഞാൻ,  ഇനിയുമുണ്ട് സ്നേഹിയ്ക്കാനെനിയ്ക്ക് ബാക്കി "   എന്ന തോന്നലിൽ നിരന്തരം സ്നേഹിച്ച്ചുകൊണ്ടെയിരിയ്ക്കും .  കാരണം ,  അതൊരിയ്ക്കലും പൂർണ്ണതയിലെത്തുന്നില്ലല്ലോ .  ഇനിയതല്ല , തിരിച്ചാണ് സംഭാവിയ്ക്കുന്നതെങ്കിൽ,  പ്രണയം അവിടെ തീരും   അത്രതന്നെ ...  ദാമ്പത്യത്തിൽ  പ്രണയം നിലനില്ക്കാത്തത് ,  ഒരുപരിധിവരെ  ഇതുകൊണ്ടുതന്നെയാണ് .  ദാമ്പത്യത്തിൽ,  ഒരു ഭർത്താവിന് കാമുകനാവാനോ , ഭാര്യയ്ക്ക് കാമുകിയാവാനോ ഒരിയ്ക്കലും കഴിയുന്നില്ല .  കാരണം ,  അവരെല്ലാം അനുഭവിച്ചുതീർത്തുകഴിഞ്ഞു.  ഒന്നും ബാക്കിയില്ല.  പിന്നെ കുറെ ആവർത്തന വിരസതകൾ മാത്രം.  ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ പുതുമകൾ നിലനിർത്താൻ ( എല്ലാ രീതിയിലും ) ശ്രമിച്ചാൽ പ്രണയം കുറെ നാൾ കൂടി നിലനിൽക്കും .  അത്രതന്നെ .  ( എന്റെ വാക്കുകൾ അതിര് കടന്നു പോകുന്നെങ്കിൽ ക്ഷമിയ്ക്കുക. ഞാൻ കഴിയുന്നത്ര സൂക്ഷിച്ചാണ് പറയുന്നത്. )....   ...
പ്രണയവിവാഹം  90% പരാജയപ്പെടുന്നതിന് കാരണവും ഇതുതന്നെയാണ് .  അതായത് ,  വിവാഹത്തിനു മുൻപുണ്ടായിരുന്ന  പ്രണയം , വിവാഹശേഷം നിലനിർത്താൻ കഴിയുന്നില്ല.  അതിന് കുറെ പാടുപെടേണ്ടിവരും.  ദാമ്പത്യത്തിൽ പ്രണയം നിലനിർത്താൻ  കഴിയാത്തതുകൊണ്ടാണ് പല സ്ത്രീപുരുഷന്മാരും ദാമ്പത്യത്തിനു പുറമേ പ്രണയമന്വേഷിയ്ക്കുന്നത് .  പരസ്പരം സ്നേഹത്തോടെ ഒരു ചേർത്തുപിടിയ്ക്കൽ,  പരിലാളനം,  സ്നേഹത്തിന്റെയൊരു   കൊക്കുരുമ്മൽ  ,  സ്നേഹമർമ്മരങ്ങൾ .....ഇതൊക്കെ  എല്ലാ സ്ത്രീപുരുഷന്മാരും  ഒരുപാട് ആഗ്രഹിയ്ക്കുന്നുണ്ട് .പക്ഷെ , ദാമ്പത്യത്തിൽ 90% വും കുറെ ആവേശപ്രകടനങ്ങളും , കടമതീർക്കലുകളുമല്ലാതെ  മറ്റൊന്നും ഉണ്ടാകുന്നില്ല.  അതുകൊണ്ടാണ് മടുപ്പും വിരസതയും പെട്ടെന്ന് കടന്നുവരുന്നത്.   ' താലി '  കുറെ നിബന്ധനകളുടെ ലോഹരൂപമായതിനാലും ,  സമൂഹം, കുടുംബം ,  മക്കൾ , ഇവയൊക്കെ വളരെ പ്രധാന്യമർഹിയ്ക്കുന്നതിനാലും   പല ദാമ്പത്യങ്ങളും,   ഇഴഞ്ഞും വലിഞ്ഞും  മുന്നോട്ട് നീങ്ങുന്നു.  പല ഭാര്യാഭർത്താക്കന്മാരുടെ  ഇടയിലും വളരെ ആഴത്തിലുള്ള ഒരു ആത്മബന്ധം നിലനിൽക്കുന്നു  എന്നത് ഞാൻ മറക്കുന്നില്ല.  പക്ഷെ,  അവിടെയും  പ്രണയമുണ്ടോ  എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.  പരസ്പരം ഒരുപാട് സ്നേഹിയ്ക്കുന്നു  എന്ന് നമുക്ക് പ്രത്യക്ഷത്തിൽ തോന്നുന്ന ദമ്പതിമാരിൽ പലരും ദാമ്പത്യത്തിന്  പുറത്ത് പ്രണയമന്വേഷിയ്ക്കുന്നതിന്റെ കാരണവും ഇതാണ് .  എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യം, പ്രണയിയ്ക്കുന്നവർ തമ്മിൽ ഒരിയ്ക്കലും വിവാഹം കഴിയ്ക്കരുത് എന്നാണ് . കഴിച്ചാൽ ആ നല്ലോരു ബന്ധം അതോടെ തീരും .  മറിച്ചായാൽ , ഇടയ്ക്കിടെ അതോർത്ത് ഒന്ന് നൊമ്പരപ്പെടാനും ,  അതൊരു   മയിൽപ്പീലിത്തുണ്ടായി  മനസ്സിൽ  സൂക്ഷിയ്ക്കാനും ,  ഇടയ്ക്കിടെ എടുത്ത് അരുമയോടെ ഒന്ന് തഴുകാനും കഴിയും .  ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുന്നതുവരെ അത് നിലനിൽക്കുകയും  ചെയ്യും ...............  ഞാൻ   ഈ  പറഞ്ഞതെല്ലാം  എന്റെ  എളിയ  അഭിപ്രായങ്ങൾ  മാത്രമാണ് .  തെറ്റുണ്ടെങ്കിൽ ,  എന്റെ  ചങ്ങാതിമാർ  എന്നോട്  ദയവായി  ക്ഷമിയ്ക്കുക.


                                                  Permalink Reply by ശിവനന്ദ on Saturday
Delete
പ്രണയം എന്നും മനോഹരമായൊരു അനുഭൂതി തന്നെയാണ് . പ്രണയം  ഒരുപാട് മുകളിൽത്തന്നെയുമാണ് . അതിന് ഉദാത്തമായൊരു ഭാവം നല്കേണ്ടത് , പ്രണയിയ്ക്കുന്നവർ തന്നെയാണ്.  പരസ്പരം കാണാതെ തീവ്രമായി പ്രണയിയ്ക്കുന്നവർ ധാരാളമുണ്ട് താനും.   പ്രണയം എന്ന  ഭാവം എന്നും മനസ്സിൽ സൂക്ഷ്യ്ക്കുന്ന ആളാണ്‌  ഞാനും. വളരെ മഹത്തായ ഒരു അർത്ഥതലം തന്നെയാണ്  ഞാനതിന് കൊടുത്തിരിയ്ക്കുന്നതും .  അതുകൊണ്ടുതന്നെ പ്രണയത്തെ വളരെ സൂക്ഷ്മതയോടെയാണ്  ഞാൻ സമീപിയ്ക്കുന്നതും. ഒരു വിരൽത്തുമ്പിൽപ്പോലും തൊട്ട് അശുദ്ധമാക്കാത്ത എന്റെ   പ്രണയവഴികളിലൂടെ    കടന്നുപോന്നവളാണ്  ഞാനും .   . അത്, അത്രയും ശ്രദ്ധിച്ചത് കൊണ്ടുതന്നെയാണ് .   പക്ഷെ ,  ,   സ്ത്രീപുരുഷബന്ധം ( രക്തബന്ധം ഒഴിവാക്കുക )  അനുകൂലസാഹചര്യത്തിൽ എങ്ങനെവേണമെങ്കിലും മാറി മറിയാം  എന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളൂ. അതൊന്ന്  ശ്രദ്ധിച്ചാൽ ബന്ധങ്ങൾ എന്നും നല്ല രീതിയിൽ കൊണ്ടുപോകാം എന്നും ഞാൻ പറഞ്ഞു . സ്ത്രീപുരുഷന്മാർ തമ്മിൽ സംവദിയ്ക്കുമ്പോൾ ,,,  സമൂഹം,  സംസക്കാരം,  കാഴ്ച്ചപ്പാടുകൾ എന്നിവ നമുക്ക് ചില മുന്നറിയിപ്പുകൾ തരുന്നുണ്ട്.  ' ഇവൻ  അല്ലെങ്കിൽ ഇവൾ , സഹോദരസ്ഥാനീയനാണ്‌ ,  മാതൃ സ്ഥാനീയയാണ് , പുത്രീസ്ഥാനീയയാണ് ,, അത് അങ്ങനെയേ പാടുള്ളൂ '   എന്നൊക്കെ.  തർക്കമില്ലല്ലോ   ആർക്കും  ?  നമ്മളത്  കഴിയുന്നത്ര  ശ്രദ്ധിയ്ക്കുകയും  ചെയ്യുന്നു.  പക്ഷെ അതെല്ലാം മാറ്റിനിർത്തി , സ്ത്രീയും പുരുഷനും എന്ന നിലയിലേയ്ക്ക് മാത്രം മാറുമ്പോൾ ,  അവിടെ ഒരു ദിവ്യത്വവും ഇല്ല.  വെറും പച്ച മനുഷ്യർ  മാത്രം. അങ്ങനെയാവാതിരിയ്ക്കാനാണ് നാം ചില വിലക്കുകൾ  വച്ചിരിയ്ക്കുന്നത് ...എന്നാണ്  ഞാൻ പറഞ്ഞത്. ഇതെന്റെ  ശക്തവും വ്യക്തവുമായ അഭിപ്രായമാണ്. അവസാനത്തെതുമാണ് ..

2014 മാർച്ച് 27, വ്യാഴാഴ്‌ച

മഞ്ഞ് പൂത്ത വെയിൽമരം.

2 അഭിപ്രായ(ങ്ങള്‍)
                                              മഞ്ഞ് പൂത്ത വെയിൽമരം.
                                             --------------------------------
                                                                                                       ശിവനന്ദ .


                                           അയാൾ കുറെ നേരമായി കണ്ണാടിയുടെ മുന്നിലിരിയ്ക്കുന്നു . എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല .  അല്ലെങ്കിൽ ഈ ആണുങ്ങൾക്കെന്താ ഇത്ര ഒരുങ്ങാൻ ?  ഇത്തിരി പൗഡർ പൂശണം, മുടിയൊന്നൊതുക്കണം , നല്ല വസ്ത്രം ധരിയ്ക്കണം ...അതിലപ്പുറം ഒന്നും ചെയ്യാനില്ലല്ലോ എന്ന് തെല്ല് നിരാശയോടെയാണ് അയാൾ  ഓർത്തത് .  സത്യത്തിൽ ഈ സ്ത്രീകളാണ് ഭാഗ്യവതികൾ .  കണ്മഷിയിൽ ,  സിന്ദൂരക്കുറിയിൽ , വസ്ത്രങ്ങളിൽ,  കൈകാൽ നഖങ്ങളിൽ...ഒക്കെ എന്തെന്ത് പുതുമകൾ പരീക്ഷിയ്ക്കാം  അവർക്ക് ..!


                                                           
 മൊബൈലിൽ വിളി വല്ലതും വന്നോ ?അയാള് ആകാംക്ഷയോടെ നോക്കി.  ഇല്ല...      എന്താണിവൾ വിളിയ്ക്കാത്തത് ?  അങ്ങോട്ട് വിളിയ്ക്കണോ ?  വേണ്ട .  ചെന്നിട്ട് വിളിയ്ക്കാം.  അതാ നല്ലത്.  എന്തായാലും പോയേക്കാം.  കണ്ണാടിയിൽ ഒന്നുകൂടി നോക്കി തൃപ്തി വരുത്തി.  മുടി പ്രണയത്തോടുകൂടി  ഒന്ന് പിറകോട്ട് തഴുകിയൊതുക്കി .  ഷർട്ടിൽ എവിടെയെങ്കിലും ചുളിവുകളുണ്‍ടൊ എന്ന് ഒന്നുകൂടി പരിശോധിച്ചു.  കോളർ ശരിയാക്കി.  ഷൂസിന്റെ ലേസ്  മുറുക്കിക്കെട്ടി.   പെർഫ്യൂം  അടിച്ചു.   ഒരെണ്ണം   അടിച്ചിട്ട്  തൃപ്തിയാവാതെ   മറ്റൊരെണ്ണം   കൂടി  അടിച്ചു .   വിദേശ പെർഫ്യൂമുകളുടെ   ഒരു   മേളം   തന്നെയുണ്ട്   വീട്ടിൽ  .   തൃപ്തിയായി .   ഇനിയിറങ്ങാം .


കാറിന്റെ ചാവിയെടുത്ത് കൈവിരലിലിട്ട് കറക്കി ,  ഊർജ്ജസ്വലതയോടെ  ഇറങ്ങി.   കാറിന്റെ കണ്ണാടിയിലും കൂടി ഒന്ന് നോക്കി തൃപ്തനായപ്പോഴെയ്ക്കും അയാളുടെ ചുണ്ടിൽ അറിയാതൊരു  ചിരിയൂറി .


" ഇത്രമേൽ  മണമുള്ള  പൂവാണ് നീയെന്ന്
ആത്മസഖി ഞാനറിയുവാൻ വൈകിയോ.."


ഈസ്റ്റ് കോസ്റ്റ്  വിജയന്റെ  പ്രണയഗാനം  മെല്ലെ  മൂളിക്കൊണ്ട്  വണ്ടിയെടുത്തപ്പോൾ  അയാൾ  അതിശയത്തോടെ  ഓർത്തു .  തനിയ്ക്ക് പാടാൻ  അറിയുമായിരുന്നില്ലല്ലോ  !   അതിനയാൾ തന്നെ  ഉത്തരവും  കണ്ടുപിടിച്ചു.


" പാടാത്ത വീണയും പാടും ....
പ്രേമത്തിൻ  ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും  പാടും........"


സ്റ്റിയറിങ്ങിൽ താളം  പിടിച്ച്  വളരെ  ലാഘവത്തോടെ  അയാള്  വണ്ടിയോടിച്ചു.   പാർക്കിൽ  വരാമെന്നാണ്  പറഞ്ഞത് .   കാത്തിരിയ്ക്കേണ്ട  സ്ഥലവും  പറഞ്ഞുകൊടുത്തിട്ടുണ്ട് .


" ഇഷ്ടം  എനിയ്ക്കിഷ്ടം.....
ആരോടും  തോന്നാത്തൊരിഷ്ടം ...
ആദ്യമായ്  തോന്നിയൊരിഷ്ടം ......"


ഓ....!   ഇന്ന്  പാടി  മരിയ്ക്കും .  ....!   തെല്ല്  തമാശയോടെ  അയാളോർത്തു .


 പാർക്കിന്  മുന്നിൽ  വണ്ടിയൊതുക്കി .   പോക്കറ്റിൽ  നിന്ന് ചീപ്പെടുത്ത്   കാറിന്റെ  കണ്ണാടിയിൽ  നോക്കി  അയാൾ   തലചീകി .   മൊത്തത്തിൽ  ഒന്ന്  ശ്രേയസ്  വരുത്തി .   പെർഫ്യൂമിന്റെ  വാസന   പോയോ ?   സ്വയമൊന്ന്  പരിശോധിച്ച്  അയാൾ  കാറിന്  പുറത്തിറങ്ങി .   പറഞ്ഞപ്രകാരം  പാർക്കിലെ   ചാരുബഞ്ചിൽ  പോയിരുന്നു.   മൊത്തത്തിലൊരു  വിഹഗവീക്ഷണം  നടത്തി .   വന്നോ ?   വരുന്നുണ്ടോ ?


അയാൾ  ഓർത്തു . .....അല്ല ,  ഓർക്കാനിപ്പോൾ  മറ്റൊന്നുമില്ലതാനും .   കാത്തിരിപ്പ്  മടുപ്പിയ്ക്കുമോ  എന്ന്  ഭയന്ന്  അയാൾ  ഓർക്കാൻ  തുടങ്ങി .   സരയുവിനെ  പരിചയപ്പെട്ടതുമുതലുള്ള  കാര്യങ്ങൾ ......ഒരു  ചാറ്റ് സൗഹൃദമായിരുന്നു  അത് .   ചാറ്റ്റൂമിൽ  കയറിയാൽ  ഗോപുവും സരയുവുമല്ലാതെ  ഈ  ഭൂമിയിൽ   മറ്റാരുമില്ലെന്ന്  തോന്നിയിരുന്നു .   സങ്കടവും ,  സന്തോഷവും ,  സൗഹൃദവും  പങ്കുവച്ച്  ,   അവസാനം  അത്  പ്രണയത്തിലേയ്ക്ക്  വഴിമാറിത്തുടങ്ങിയപ്പോൾ  രണ്ടുപേരും  പരസ്പരം  ഓർമ്മിപ്പിച്ചു  .


"നമ്മൾ  സ്വയമൊന്ന്  നിയന്ത്രിയ്ക്കണം .   ഈ  പോക്ക്  ശരിയല്ല .  "


ഈ  പോക്ക്  ശരിയല്ലെന്ന്  രണ്ടുപേരും  അംഗീകരിച്ചു .   പക്ഷേ  പോക്കിന്  മാത്രം  വ്യത്യാസമൊന്നുമുണ്ടായില്ല .   ഒരടി  പിന്നോട്ട്  വയ്ക്കുമ്പോൾ  രണ്ടടി  മുന്നോട്ട്  വച്ച്  പ്രണയവഴികൾ ....അവസാനം  ഫോണ്‍ നമ്പറും   കൈമാറി .   സരയുവിന്റെ തേനൂറുന്ന   മധുരസ്വരം  കോരിത്തരിപ്പിയ്ക്കുന്നതായിരുന്നു  എന്നയാൾ  ഓർത്തു .   അത്  പറഞ്ഞപ്പോൾ  അവൾ  പറഞ്ഞു .


" ശബ്ദം  കേട്ട്  എന്നെ വിലയിരുത്തണ്ടാട്ടോ ...മാധവിക്കുട്ടീടെ  സ്വരം  മരിയ്ക്കുന്നതുവരെ  എന്ത്  നല്ലതായിരുന്നു !   '


അയാളുടെ  ശബ്ദത്തിന്  വളരെ  ഗാംഭീര്യം ഉണ്ടെന്ന്   അവൾ  പറഞ്ഞത്  അയാൾക്ക്  വളരെ  സുഖിച്ചു.


 അവസാനം  പരസ്പരം  കാണണമെന്ന്  തോന്നിത്തുടങ്ങി .   പിന്നെയങ്ങോട്ട്  മുൻകൂർജാമ്യങ്ങളുടെ   കോലാഹലമായിരുന്നു .


" എന്നെ കാണാൻ  അത്ര  ഭംഗിയോന്നുമില്ലാട്ടോ "


അവൾ  പറഞ്ഞു .  അയാളത്  നിസ്സരവത്കരിച്ച്ചു .


" അതിന്  ഞാൻ  നിന്റെ  ശരീരത്തെയല്ലല്ലോ  ,  മനസ്സിനെയല്ലേ  സ്നേഹിച്ചത് ? "


" കണ്ടാലെന്നെ   ഇഷ്ടാല്ലാണ്ടാവോ  ? "


അവൾക്ക്   പേടി.


" അങ്ങനെ നീ സംശയിയ്ക്കുന്നോ ?  എന്റെ സ്നേഹത്തിൽ  നിനക്ക്  വിശ്വാസമില്ലേ ?  "


" ഉണ്ട്.  മറ്റെന്തിനെക്കാളും..എന്നാലും ...."


" ഒരെന്നാലുമില്ല.   എന്റെ പേടി ,  നിനക്കെന്നെ  ഇഷ്ടമായില്ലെങ്കിലോ  എന്നാണ് ."


" ഒരിയ്ക്കലുമില്ല  ഗോപു....നീയെങ്ങനെയിരുന്നാലും  എനിയ്ക്ക്  വിഷയമല്ല .  നിന്റെ  സ്നേഹം......നിന്റെ  ശബ്ദം.....നിന്റെ വാക്കുകൾ .....ഇനിയിപ്പോ  നീ  തൊണ്ണൂറ്  കഴിഞ്ഞ  വൃദ്ധനായാൽപ്പോലും  നിന്നെയെനിയ്ക്ക്   വെറുക്കാനാവില്ല  ഗോപൂ...അത്ര  ഞാൻ സ്നേഹിയ്ക്കുന്നു  നിന്നെ......"


പ്രണയാതുരമായിരുന്നു  അവളുടെ  സ്വരം...


" എനിയ്ക്കുമതെ  ".


അയാളും  മനസ്സുകൊണ്ട്  ഒപ്പ്  വച്ചു .


" എനിയ്ക്ക് പതിനേഴ്  വയസ്സോന്നുമാല്ലാട്ടോ  ഗോപൂ .."


അവൾ  വീണ്ടും  ആശങ്കപ്പെട്ടു .  അയാൾ സമാധാനിപ്പിച്ചു .


"എഴുപതായിക്കോട്ടെ..അതിനെന്താ ? "


ഇതൊക്കെ   ചാറ്റ് സൌഹൃദങ്ങളിലെ   സ്ഥിരം  ഡയലോഗുകളാണല്ലൊ  എന്നയാൾ  ഓർക്കാതിരുന്നില്ല .   മനപ്പൂർവ്വം  അതങ്ങ്  മറന്നുകളയുകയും  ചെയ്തു ..  ഏറ്റവും   സങ്കടം  തോന്നിയത്,  അവളുടെ  മറ്റൊരു  ചോദ്യം  കേട്ടപ്പോഴാണ് .


" വിശ്വസിയ്ക്കാമോ  എനിയ്ക്ക് ?   ചതിയ്ക്ക്യോ  എന്നെ ? മറ്റുള്ളോരുടെ   മുന്നിൽ ചീത്തയായി  ചിത്രീകരിയ്ക്ക്യോ  ?  ..."


വല്ലാതെ വിഷമം   തോന്നി.  സ്ത്രീജന്മങ്ങൾ  ഉള്ളിടത്തോളം   കാലം   ഈ സംശയം   എന്നും  അവരുടെ   കൂടെയുണ്ടാകുമെന്നും    തോന്നി.   നനുത്ത   സ്വരത്തിൽ  അവൾ  വീണ്ടും   പറഞ്ഞു .


" വേണ്ടെങ്കിൽ   വിട്ടുകളഞ്ഞോളൂ .   പക്ഷെ   ഒരു  മോശക്കാരിയായി   കാണരുത് .  ആരോടുമങ്ങനെ   പറയുകയുമരുത് ...."


ഒന്ന്  നിർത്തി   അവൾ   വീണ്ടും  പറഞ്ഞു.....

" പല   പുരുഷന്മാരും   അങ്ങനെയാണെന്ന്   കേട്ടിരിയ്ക്കണു .  എനിയ്ക്കറിയില്ല . "


" കഷ്ടം....!  സരയൂ...."


അങ്ങനെ  അവളെയൊന്ന്   വിളിയ്ക്കാനല്ലാതെ   മറ്റൊന്നിനും  കഴിഞ്ഞില്ല .  അവളങ്ങനെ   ചിന്തിച്ചതിൽ  തെറ്റ്   പറയാനില്ല .   കാലമതാണ് .   ആ   ചെറുഭയം   അവളുടെ   സ്ത്രീത്വത്തിന്   അഴക്   കൂട്ടിയെന്ന്   തോന്നി .   ....


 സത്യം   പറഞ്ഞാൽ  ,  അവൾക്ക്   എന്ത്  പ്രായമുണ്ടെന്നറിയാൻ  ആഗ്രഹമുണ്ടായിരുന്നു .  അതിന്  വേണ്ടി   ഒന്നുമറിയാത്ത   മട്ടിൽ തിരിച്ചും   മറിച്ചും  പല   ചോദ്യങ്ങളും   അവളോട്   ചോദിച്ചു .   പക്ഷേ   അവളുടെ   ഉത്തരങ്ങളിൽ   നിന്നും    വ്യക്തമായി    ഒന്നും   മനസ്സിലാക്കാൻ   കഴിഞ്ഞില്ല .   അവളുടെ   ആകാംക്ഷയും   പ്രകടമായിരുന്നു .


" ഞാനങ്ങനെ   തീരെ   ചെറുപ്പമൊന്നുമല്ല   സരയൂ....."


അവൾ   ചോദിച്ചതും ,  ചോദിയ്ക്കാൻ   പോകുന്നതുമായ  എല്ലാ  ചോദ്യങ്ങൾക്കുമുള്ള   ഉത്തരമായിരുന്നു   അത് .   എന്തായാലും   ഇന്ന്  എല്ലാ  ചോദ്യങ്ങൾക്കുമുള്ള  ഉത്തരം  കിട്ടും .   ഇന്ന്  പരസ്പരം   കാണാൻ  പോകുകയാണ് .   ആകാംക്ഷ   കൊണ്ട്   അയാൾക്ക്  വീർപ്പുമുട്ടലനുഭവപ്പെട്ടു .    വാച്ച്   നോക്കി .  പറഞ്ഞ   സമയം   കഴിഞ്ഞിരിയ്ക്കുന്നു .   എന്താണിവൾ   വരാത്തത് ?   ഒന്ന്   വിളിച്ചു നോക്കിയാലോ  ?   അയാൾ   ആശങ്കയോടെ   ഫോണെടുത്ത്   അവളുടെ   നമ്പർ   ഡയൽ   ചെയ്തു .   തൊട്ടടുത്തുനിന്നും   ഫോണ്‍   ബെല്ലടിയ്ക്കുന്നത്   കേട്ട്   ശ്രദ്ധിച്ചു .   അപ്പോഴാണ്‌   അടുത്തൊരു   സ്ത്രീ  ഇരിയ്ക്കുന്നത്   കണ്ടത് .   ഇവരെപ്പോ   വന്നിരുന്നു ? !  കണ്ടിരുന്നില്ല .   സരയു   ഫോണെടുത്തു .


" സരയൂ ,  നീയെവിടെയാ ?   ഞാനിവിടെ   കുറെ   നേരമായി   നോക്കിയിരിയ്ക്കുന്നു ..  "


" ഞാൻ.....ഞാൻ........"


അടുത്ത   നിമിഷം   അപ്പുറത്തിരിയ്ക്കുന്ന   സ്ത്രീയിലേയ്ക്ക്   വീണ്ടും   കണ്ണുകൾ   തിരിഞ്ഞു .   അവരും വല്ലാതെ   പകച്ചു നോക്കി .   ഒന്നുകൂടി   ഫോണ്‍   ചെവിയോട്   ചേർത്തു .


"സരയൂ  ,  നീയെവിടെയാ ..."


വീണ്ടും തൊട്ടപ്പുറത്ത് നിന്ന് ...


" ഞാൻ......"


അയാൾ   ഫോണ്‍   കട്ട്   ചെയ്തു .   പിന്നെ   ആ  സ്ത്രീയെ   സൂക്ഷിച്ചു നോക്കി .   അവർ   തിരിച്ചും.......


" സരയു ?  സരയുവാണോ ? '


" അ ........അതെ ......."


അവരുടെ   പകപ്പ്   മാറിയിരുന്നില്ല .


" ഞാൻ  ഗോപു...."


അപ്പുറത്തിരിയ്ക്കുന്ന   ഒരുത്തന്റെ   മൊബൈൽ   അടിച്ചു......." എസ്കേപ്പിക്കോ   മച്ചാനേ ..മച്ചാനെ മച്ചു ..."


   ചിരിയ്ക്കണോ   കരയണോ   എന്നറിയാതെയായി   രണ്ടുപേർക്കും .   ഒന്നും   മിണ്ടാതെ   പരസ്പരം   അടിമുടി   നോക്കിക്കൊണ്ടിരുന്നു . ......  അറുപത് വയസ്സ്   തോന്നിയ്ക്കും   സരയുവിന് .   സൗന്ദര്യമല്ല  .   ഐശ്വര്യം .   വെള്ളി   പാകിത്തുടങ്ങിയ   ചുരുണ്ട   മുടിയിലേയ്ക്കും ,  കണ്ണടയ്ക്കുള്ളിലെ   ജീവസ്സുറ്റ   കണ്ണുകളിലേയ്ക്കും ,  നെറ്റിയിലെ   ചന്ദനക്കുറിയിലേയ്ക്കും   അയാളുടെ   കണ്ണുകൾ   നീണ്ടു .   ഭംഗിയുള്ളൊരു   കോട്ടണ്‍  സാരി   അതിലും   ഭംഗിയായി   ഞൊറിഞ്ഞുടുത്തിരിയ്ക്കുന്നു  .


 അവരും   ശ്രദ്ധിയ്ക്കുകയായിരുന്നു .   പ്രായം   നിർണ്ണയിയ്ക്കാനാവാത്ത   അയാളുടെ   മുഖത്ത്   നോക്കി   അവർ   കണക്കുകൂട്ടി .   അറുപത് -അറുപത്തഞ്ച് .......സ്നേഹം   ഒളിപ്പിച്ച   കണ്ണുകളിലേയ്ക്കും   ,  ഇപ്പോൾ   പൊട്ടിവിടരുമെന്ന  ഭാവത്തിൽ   തത്തിക്കളിയ്ക്കുന്ന   പുഞ്ചിരിയിലേയ്ക്കും   അധികനേരം  നോക്കാനവർക്ക്   കഴിഞ്ഞില്ല .   പ്രായം   മറന്ന   ഒരു   നാണം  അവരെ   തേടിയെത്തി .   ഒളിച്ചുകളിച്ച   പുഞ്ചിരി ,  പൊട്ടിച്ചിരിയായി   അയാളെയും .   ഈ  ചെറുനാണവും ,  ചെറുഭയവും  ഏത്  പ്രായത്തിലും  ഒരു  സ്ത്രീയെ   അതീവ സുന്ദരിയാക്കുന്നു    എന്നയാൾ   ഓർത്തു ......


 അതിനിടയ്ക്ക്   ,   രണ്ടുപേരും   രഹസ്യമായി  ദൈവത്തെ   വിളിച്ചു......എന്റെ   തൃപ്രയാറപ്പാ ......!  ഇവളൊരു   ചെറുപ്പക്കാരിയായിരുന്നെങ്കിൽ   ഞാനെന്ത്   ചെയ്തേനെ.....?  അവിടുന്ന്   രക്ഷിച്ചു...........!


എന്റെ ഭഗവതീ....!   ഈയുള്ളവളെ   കാത്തു ......രക്തപുഷ്പാഞ്ജലി  എത്രയും  വേഗം  കഴിച്ചോളാം  ഞാൻ ......


" സരയു  എന്ന്   തന്നെയാണോ   പേര്  ? "


" അല്ല  സരസ്വതിയമ്മ . "


ചിരിയ്ക്കാതെന്ത്   ചെയ്യും ?


" എന്റെ   പേര്   ഗോപാലകൃഷ്ണൻ നായർ . "


പിന്നെ ,  ഇതുവരെ   പങ്കുവയ്ക്കാത്ത   ചില  കാര്യങ്ങൾ   കൂടി   അവർ   പറഞ്ഞു .   അവിടെ ,  ഭർത്താവ്   മരിച്ച - ജോലിയിൽ  നിന്ന്  വിരമിച്ച   മലയാളം   അദ്ധ്യാപിക   സരസ്വതിയമ്മയും ,  റിട്ട.  ഇംഗ്ളീഷ്   അദ്ധ്യാപകൻ   ഗോപാലകൃഷ്ണൻ  നായരും   പുതുമുഖങ്ങളായി  .


 പശുവും ,  കിടാവും  ,  കുറെ   ആടുകളും ,  സഹായത്തിന്   ഒരു  ജോലിക്കാരിയുമായി  കഴിയുന്ന   സരസ്വതിയമ്മ ,  വിദേശത്തുള്ള   മക്കളെ   കുറ്റപ്പെ    ടുത്തിയതേയില്ല .   മക്കൾ   ഒരുപാട്   പണമയച്ചുതരുമെന്ന്   അവർ   അഭിമാനത്തോടെ  പറയുകയും   ചെയ്തു .


വിദേശത്ത്   കുടുംബസമേതം   താമസിയ്ക്കുന്ന  മക്കളെ   ഗോപാലകൃഷ്ണൻ നായരും  തള്ളിപ്പറഞ്ഞില്ല .   ചാരുബഞ്ചിന്റെ   അടിയിൽ   ഒളിപ്പിച്ചു വച്ചിരുന്ന   ഊന്നുവടി   അയാൾ   വലിച്ചെടുത്തു .   ഇനിയെന്തൊളിയ്ക്കാണാണ്  ?   അയാളത്   അവരെ   കാണിച്ചു .


"ഊന്നുവടിയോ  "?


" അല്ല .  വാക്കിംഗ്  സ്റ്റിക്ക് ..!  അങ്ങനെ   പറയണം ...അതാ  അന്തസ്സ് ...!   കാലിന്   നല്ല  വേദനയാണെന്ന്   പറഞ്ഞപ്പോ   എന്റെ  മോൻ   വാങ്ങിത്തന്നതാ .....!   ഇത്  കണ്ടോ ?  നല്ല   വിലയാ ....!   പോത്തിന്റെ   കൊമ്പ്  കൊണ്ട്   ഉണ്ടാക്കിയതാ ...!  ഇതുപയോഗിച്ചാൽ   വാതം  വരില്ലത്രെ . പക്ഷേ ....എനിയ്ക്കൊരു   കുറവുമില്ലാട്ടോ ......പാവമെന്റെ   കുഞ്ഞ്.....എപ്പോഴും   അവനങ്ങനെയാ ...എത്ര   കാശാ   എനിയ്ക്ക്  വേണ്ടി   ചെലവാക്കുന്നെ ......!  ചൂടെടുക്കാതെ   ഉറങ്ങാൻ   എന്റെ  മുറി  ഏ സി   ആക്കിത്തന്നു !   പക്ഷെ ...ഏസി   എനിയ്ക്ക്  പറ്റത്തില്ലെന്നേ .....കാലുവേദന   കൂടും .   അതെന്റെ   കുഴപ്പമല്ലേ ?   അതിന്   പാവമെന്റെ   കുഞ്ഞെന്ത്   പിഴച്ചു ? "


അയാൾക്ക്   പറഞ്ഞിട്ട്   മതിയാവാത്തതുപോലെ.....സരസ്വതിയമ്മ   ഒരക്ഷരം   മിണ്ടാതെ   കേട്ടുകൊണ്ടിരുന്നു .   ഒരു   കേൾവിക്കാരിയെ   ആണ്   അദ്ദേഹത്തിനിപ്പോൾ   ആവശ്യമെന്ന്   അവരറിഞ്ഞു ......ഒരു   ഊന്നുവടിയ്ക്കുള്ളിൽ   ഒതുക്കാൻ   മാത്രം   ചുരുങ്ങിപ്പോയിരിയ്ക്കുന്നു   സ്നേഹം....!  ആത്മനിന്ദയോടെ   അവരോർക്കുകയും   ചെയ്തു .....


" ഇന്നലെ   എന്റെ   പിറന്നാളായിരുന്നു ..മോൻ   വിളിച്ചിരുന്നു....പിറന്നാൾ  ആശംസിയ്ക്കാൻ ....!


പിറന്നാൾ......തന്റെ  പിറന്നാൾ  എന്നാണ്   ?  അവർ   ആലോചിച്ചുനോക്കി .  ഒരു  പിടിയുമില്ല .....


" എന്റെ  കിങ്ങിണിക്കുട്ടി   സംസാരിച്ചു .....!   എന്റെ   കൊച്ചുമോളേയ്...!   ഞാനാ   അവൾക്ക്   കിങ്ങിണീന്ന്   പേരിട്ടത്. !   ഇംഗ്ലീഷിലാ   സംസാരമൊക്കെ ..!    എന്നാലും  അപ്പൂപ്പാന്ന് മലയാളത്തിൽ  വിളിയ്ക്കും   കെട്ടോ.....!  എന്ത്  രസാന്നറിയ്യോ  അവൾടെ   കൊഞ്ചല്   കേൾക്കാൻ ..!   ഒരുപാടായി  കണ്ടിട്ട്...പ്രസവം   കഴിഞ്ഞ് ,   കുഞ്ഞിന്റെ   ഇരുപത്തെട്ട്   കഴിഞ്ഞപ്പോ   പോയതാ.   പിന്നെ  വന്നിട്ടില്ല....കൊതിയാവുന്നു...ഇപ്പൊ   നാല്  വയസ്സായി   മോൾക്ക് ....ഇത്തവണത്തെ   ഓണത്തിനും   വരാൻ   പറ്റില്ലെന്നാ  പറഞ്ഞത്.   ലീവ്  കിട്ടില്ലത്രേ ......പക്ഷെ ..ഒരുപാട്   ഫോട്ടോ   അയച്ചുതരും   കേട്ടോ...അതുനന്നായി........"


പെട്ടെന്ന്   അയാള്  നിർത്തി ...ശബ്ദം   എവിടെയോ   വഴിതടയപ്പെട്ടതുപോലെ .....


അവരൊന്നും   മിണ്ടാതെ   ആ  കണ്ണുകളിലേയ്ക്ക്   നോക്കിയിരുന്നു .   അയാൾ   തെരുതെരെ   ഇമകൾ   ചിമ്മുന്നത് ,  കണ്ണീരിനെ   ആട്ടിപ്പായിയ്ക്കുന്നതാണെന്ന്   അവർക്ക്   മനസ്സിലാകുമായിരുന്നു .   പിറന്നാളും ,    ഓണവും , ക്രിസ്തുമസ്സും ,   റംസാനുമൊക്കെ   തന്റെ  ജീവിതത്തിലും   എന്നേ   അനാഥമായതാണ്   എന്നവർ  പറഞ്ഞില്ല .....അയാൾ   അവരെ  നോക്കി  വെറുതെ   പുഞ്ചിരിച്ചു.....ആ  ചിരിയിലൊളിച്ചുവച്ച   കരച്ചിൽ   കണ്ട്  അവരും  ചിരിച്ചു........ഈറൻ നിലാവുപോലെ......പിന്നെ......കുറെ   നിമിഷങ്ങൾ      ഒന്നും   സംസാരിയ്ക്കാതെ.......മനസ്സിൽ   എന്തൊക്കെയോ   കൂട്ടിയും   കിഴിച്ചും.....ഇടയ്ക്ക്  പരസ്പരം   നോക്കിയും.....കണ്ണുകളിലപ്പോൾ   പ്രണയമായിരുന്നില്ല ....നിലാവുടുത്ത   സ്നേഹം........!


അവർ   മെല്ലെ   എഴുന്നേറ്റു.   അയാളുടെ   കൈയ്യിൽ നിന്നും   ഊന്നുവടി   വാങ്ങി   ചാരുബഞ്ചിന്റെ   അടിയ്ലേയ്ക്കിട്ടു .  എന്നിട്ട്   പറഞ്ഞു ..


" ഇനിയിത്   വേണ്ട ."


ഒന്നും   മനസ്സിലാവാതെ   നോക്കിയ   അയാളുടെ   നേരെ   അവർ   കൈ   നീട്ടി .....


മനസ്സുകൾ   വലുതായ   നിമിഷം......ആശകൾ   ചെറുതായ   നിമിഷം.....സ്നേഹത്തിന്റെ   ആ  ഇളം നിലാവിൽ   അയാൾ    കൈ തൊട്ടു.....!!!

                                       
                                                      ----------------------------------










              

2014 ഫെബ്രുവരി 12, ബുധനാഴ്‌ച

വാലന്റൈൻ .....! അങ്ങെവിടെയാണ് .?

1 അഭിപ്രായ(ങ്ങള്‍)
                           വാലന്റൈൻ ....!   അങ്ങെവിടെയാണ് .?
                            -----------------------------------------------

                                                                                                                   --- ശിവനന്ദ .

   പ്രിയപ്പെട്ട  എഴുത്തുകാരാ  ,

                                                  എനിയ്ക്ക്   നീ  ആരാണെന്നറിയില്ല  ,  എന്താണെന്നറിയില്ല  ,  എവിടെയാണെന്നും  അറിയില്ല .   നിന്നെക്കുറിച്ചു  ഞാൻ മനസ്സിലാക്കിയതൊക്കെ  സത്യമാണോ  എന്നുമറിയില്ല. പക്ഷെ....പക്ഷെ  നിന്റെ അക്ഷരങ്ങളെ  ഞാൻ സ്നേഹിയ്ക്കുന്നു....അത് കോറിയിട്ട  തൂലികയെ  ഞാൻ  സ്നേഹിയ്ക്കുന്നു.....ആ   തൂലിക  പിടിച്ച  വിരൽത്തുമ്പുകളെ  ഞാൻ  സ്നേഹിയ്ക്കുന്നു....ആ  വിരൽത്തുമ്പുകൾ  സ്വന്തമായ  നിന്നെയും.....നിന്നെയും  ഞാൻ  സ്നേഹിയ്ക്കുന്നു. ഒരുപാട്.....ഈ  പ്രപഞ്ചത്തോളം.


.ഇന്ന്  ദൈവം   എന്നോട്  ചോദിച്ചു,


" നിനക്ക്  നിന്റെ  പ്രിയനെ   എത്ര  നാൾ  സ്നേഹിയ്ക്കാനാകും   "?


എന്റെ കണ്ണ്  നിറഞ്ഞു .   അതളക്കാൻ   എനിയ്ക്കറിയുമായിരുന്നില്ല.  അപ്പോൾ  നല്ല  മഴയുമുണ്ടായിരുന്നു.    ഞാൻ  മഴയത്തിറങ്ങി നിന്നു .   എന്റെ  കണ്ണുകളിൽ  നിന്നും  രണ്ടു തുള്ളി   കണ്ണുനീർ   ഒഴുകിയിറങ്ങി  മഴയിലലിഞ്ഞു .    ഞാൻ  ദൈവത്തോട്  പറഞ്ഞു..


" ദൈവമേ !    അങ്ങിത്   കണ്ടുവോ  ?    എന്റെ  കണ്ണുകളിൽ നിന്നും  ഒഴുകിയിറങ്ങി   മഴയിലലിഞ്ഞ  ഈ  കണ്ണുനീർത്തുള്ളികൾ ?     ആ  കണ്ണുനീർത്തുള്ളികൾ  ,    ഈ  മഴത്തുള്ളികളിൽ  നിന്നും  എനിയ്ക്ക്  എന്ന്  വേർതിരിച്ചെടുക്കാനാവുമോ  ,    അന്നുവരെ......അതുവരെ  വേണം  എനിയ്ക്കെന്റെ  പ്രിയനെ ...."


ദൈവം   നിശ്ശബ്ദനായി .....പിന്നെ ,  പറഞ്ഞു,


" സ്നേഹിച്ചോളൂ ......പ്രപഞ്ചത്തിന്റെ  അവസാനം  വരെ....."


എന്റെ  കണ്ണുകൾ   എന്തിനെന്നറിയാതെ   വീണ്ടും  നിറഞ്ഞു .


   കണ്ണാ  ,  നമ്മൾ  ഒരിയ്ക്കലും  പരസ്പരം  കണ്ടിട്ടില്ല ,  മിണ്ടിയിട്ടില്ല ,  അറിയുകയുമില്ല ...അതൊരിയ്ക്കലും   സംഭവിയ്ക്കാനും   പോകുന്നില്ല.  കാരണം ,   എന്നോ   ഏതോ  അത്തക്കളത്തിൽ   വീണുപോയ  കാക്കപ്പൂവാണ്   ഞാൻ.    വെയിലിൽ  കരിഞ്ഞാലും  ,  ചവിട്ടിയരച്ചാലും  ഞാൻ  നീതി  കാണിയ്ക്കേണ്ടിയിരിയ്ക്കുന്നു ,   എന്റെ  ചുറ്റുമുള്ളവരോട്  .  അതുകൊണ്ട്  പ്രിയപ്പെട്ട  കൂട്ടുകാരാ  ,    ഈ  കത്ത്  ഞാൻ എഴുതിത്തീർത്താലും   അത്  നിനക്ക്  അയയ്ക്കുമോ  എന്നെനിയ്ക്ക്  തീർച്ചയില്ല .     ഒരുപക്ഷെ  ഇതൊരു  മയില്പ്പീലിത്തുണ്ടായി   മനസ്സിന്റെ  പുസ്തകത്താുകൾക്കിടയിൽ  ഞാൻ  ഒളിച്ചുവച്ചേക്കാം .    ഇടയ്ക്കിടെ  തുറക്കാനും ,  അരുമയോടെ  തലോടാനും  ,   ഒടുവിൽ   എന്നോടൊപ്പം  മണ്ണടിയാനുമുള്ള   ഒരു  രഹസ്യമായിത്തീരാം  എന്റെ  മൂകപ്രണയം .....


   എങ്കിലും .....ഈ  കടലാസിലെങ്കിലും  എനിയ്ക്കിത്  കുിയ്ക്കാതെ   വയ്യ  കണ്ണാ.    കാരണം ,   ഓരോ  ജീവാണു  കൊണ്ടും  നിന്നെ  ഞാൻ  സ്നേഹിയ്ക്കുന്നു .     എവിടെയോ  നീ  ചവിട്ടിക്കടന്നുപോയ   മണൽത്തരികളെ  ,   നിന്നെ  തഴുകിയെത്തുന്ന  കാറ്റിനെ ,   കാറ്റിലലിഞ്ഞ  നിന്റെ  നിശ്വാസങ്ങളെ ...  എല്ലാം.... എല്ലാം  ഞാൻ  സ്നേഹിയ്ക്കുന്നു ..   ഞാൻ  കാണാത്ത  നിന്റെ  നിഴലിനെപ്പോലും ....


  പ്രിയ  എഴുത്തുകാരാ ,  ഇനിയൊരു  ജന്മമുണ്ടെങ്കിൽ  ,  അന്നെങ്കിലും ....അന്നെങ്കിലും  നീയെന്നെ  അറിയണം .  ഒരു  തുളസിക്കതിരായി  നീയെന്നെ  കൈയ്യിൽ  വാങ്ങണം .....ഒരു നുള്ള്  ഹരിചന്ദനമായി  നീയെന്നെ  നെഞ്ചിൽ ചേർക്കണം ......എന്റെ  നെറ്റിയിലെ  ഈറൻ   ചന്ദനക്കുറിയിൽ   നീ അലിഞ്ഞില്ലാതെയാവണം . ..നിന്റെ  മടിയിൽക്കിടന്ന് ,  ആ  സ്നേഹമനുഭവിച്ച്   എനിയ്ക്ക്  മരിയ്ക്കണം .....അതിനാണ് ...കണ്ണാ,  അതിനാണ്   ഇനിയെന്റെ  തപസ്സ് .


  ഇനി....ഇനിയൊന്നുമില്ല... ഇതിനപ്പുറം  എഴുതാനൊന്നുമില്ലെനിയ്ക്ക് .  നിർത്തട്ടെ .

                                                                              സ്നേഹത്തോടെ  ,

                                                                                                                      അനസൂയ.



കണ്ണിൽ  കിനിഞ്ഞുവന്ന  നനവ്  കടലാസിലെ അക്ഷരങ്ങളെ  മായ്ക്കുന്നതിന് മുന്പ്  കത്ത്  മടക്കി  കവറിലാക്കി .    മേൽവിലാസം ....മേൽവിലാസം  എന്താണ് ?     അറിയില്ല....എനിയ്ക്കറിയില്ല ...എവിടെയോ  ഇരുന്ന്  എങ്ങിനെയോ  മനസ്സിൽക്കയറി  സ്നേഹമായി....വേദനയായി....നിരാശയായി ...എന്റെ...എന്റെ  പ്രിയപ്പെട്ട  എഴുത്തുകാരൻ ....അദ്ദേഹത്തിന്റെ   കഥകൾ   വായിച്ച്  ,  ആ  കഥാപാത്രങ്ങളിൽ  ജീവിച്ച് ....ആ  അനുഭൂതിയിൽ  ലയിച്ച്...ഭ്രാന്തമായി  സ്നേഹിച്ച്.....


മണ്ടത്തരമാണോ  ?    അതുമറിയില്ല.    പക്ഷേ   ഒന്നറിയാം.    ഈ മണ്ടത്തരങ്ങൾ  ഇന്നെന്നെ  ജീവിപ്പിയ്ക്കുന്നു.    .ഹോ  !!    ആരോടാണ്  ഞാൻ പറയുക ?    ആരാണെന്നെ  സഹായിയ്ക്കുക ?   സഹായിയ്ക്കാൻ  എവിടെയാണൊരു  വാലന്റൈൻ  ഉണ്ടാവുക ?      വാലന്റൈൻ ....!


  വാലന്റൈൻ .....!    അങ്ങെവിടെയാണ് ?     ഞങ്ങൾക്കങ്ങയെ   വേണം .. ഈ  ഭൂമിയിലെ  കോടാനുകോടി  പ്രണയിയ്ക്കുന്നവക്കും  ,   പ്രണയിയ്ക്കപ്പെടുന്നവർക്കും  ,   പ്രണയിയ്ക്കാൻ   ആഗ്രഹിയ്ക്കുന്നവർക്കും   അങ്ങയെ  വേണം .   അങ്ങ്  ഒരിയ്ക്കൽക്കൂടി   വരൂ. .   പ്രിയ  വാലന്റൈൻ  ,  അങ്ങ്  ഞങ്ങൾക്ക്   വേണ്ടി  ഒരിയ്ക്കൽക്കൂടി   ജന്മമെടുക്കൂ ....ഒരിയ്ക്കൽക്കൂടി ......ഒരിയ്ക്കൽക്കൂടി   മാത്രം...
                                                                                                                 

                         

                                                                                 
 
Copyright © .