-----------------------------------------------
--- ശിവനന്ദ .
പ്രിയപ്പെട്ട എഴുത്തുകാരാ ,
എനിയ്ക്ക് നീ ആരാണെന്നറിയില്ല , എന്താണെന്നറിയില്ല , എവിടെയാണെന്നും അറിയില്ല . നിന്നെക്കുറിച്ചു ഞാൻ മനസ്സിലാക്കിയതൊക്കെ സത്യമാണോ എന്നുമറിയില്ല. പക്ഷെ....പക്ഷെ നിന്റെ അക്ഷരങ്ങളെ ഞാൻ സ്നേഹിയ്ക്കുന്നു....അത് കോറിയിട്ട തൂലികയെ ഞാൻ സ്നേഹിയ്ക്കുന്നു.....ആ തൂലിക പിടിച്ച വിരൽത്തുമ്പുകളെ ഞാൻ സ്നേഹിയ്ക്കുന്നു....ആ വിരൽത്തുമ്പുകൾ സ്വന്തമായ നിന്നെയും.....നിന്നെയും ഞാൻ സ്നേഹിയ്ക്കുന്നു. ഒരുപാട്.....ഈ പ്രപഞ്ചത്തോളം.
.ഇന്ന് ദൈവം എന്നോട് ചോദിച്ചു,
" നിനക്ക് നിന്റെ പ്രിയനെ എത്ര നാൾ സ്നേഹിയ്ക്കാനാകും "?
എന്റെ കണ്ണ് നിറഞ്ഞു . അതളക്കാൻ എനിയ്ക്കറിയുമായിരുന്നില്ല. അപ്പോൾ നല്ല മഴയുമുണ്ടായിരുന്നു. ഞാൻ മഴയത്തിറങ്ങി നിന്നു . എന്റെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങി മഴയിലലിഞ്ഞു . ഞാൻ ദൈവത്തോട് പറഞ്ഞു..
" ദൈവമേ ! അങ്ങിത് കണ്ടുവോ ? എന്റെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങി മഴയിലലിഞ്ഞ ഈ കണ്ണുനീർത്തുള്ളികൾ ? ആ കണ്ണുനീർത്തുള്ളികൾ , ഈ മഴത്തുള്ളികളിൽ നിന്നും എനിയ്ക്ക് എന്ന് വേർതിരിച്ചെടുക്കാനാവുമോ , അന്നുവരെ......അതുവരെ വേണം എനിയ്ക്കെന്റെ പ്രിയനെ ...."
ദൈവം നിശ്ശബ്ദനായി .....പിന്നെ , പറഞ്ഞു,
" സ്നേഹിച്ചോളൂ ......പ്രപഞ്ചത്തിന്റെ അവസാനം വരെ....."
എന്റെ കണ്ണുകൾ എന്തിനെന്നറിയാതെ വീണ്ടും നിറഞ്ഞു .
കണ്ണാ , നമ്മൾ ഒരിയ്ക്കലും പരസ്പരം കണ്ടിട്ടില്ല , മിണ്ടിയിട്ടില്ല , അറിയുകയുമില്ല ...അതൊരിയ്ക്കലും സംഭവിയ്ക്കാനും പോകുന്നില്ല. കാരണം , എന്നോ ഏതോ അത്തക്കളത്തിൽ വീണുപോയ കാക്കപ്പൂവാണ് ഞാൻ. വെയിലിൽ കരിഞ്ഞാലും , ചവിട്ടിയരച്ചാലും ഞാൻ നീതി കാണിയ്ക്കേണ്ടിയിരിയ്ക്കുന്നു , എന്റെ ചുറ്റുമുള്ളവരോട് . അതുകൊണ്ട് പ്രിയപ്പെട്ട കൂട്ടുകാരാ , ഈ കത്ത് ഞാൻ എഴുതിത്തീർത്താലും അത് നിനക്ക് അയയ്ക്കുമോ എന്നെനിയ്ക്ക് തീർച്ചയില്ല . ഒരുപക്ഷെ ഇതൊരു മയില്പ്പീലിത്തുണ്ടായി മനസ്സിന്റെ പുസ്തകത്താുകൾക്കിടയിൽ ഞാൻ ഒളിച്ചുവച്ചേക്കാം . ഇടയ്ക്കിടെ തുറക്കാനും , അരുമയോടെ തലോടാനും , ഒടുവിൽ എന്നോടൊപ്പം മണ്ണടിയാനുമുള്ള ഒരു രഹസ്യമായിത്തീരാം എന്റെ മൂകപ്രണയം .....
എങ്കിലും .....ഈ കടലാസിലെങ്കിലും എനിയ്ക്കിത് കുിയ്ക്കാതെ വയ്യ കണ്ണാ. കാരണം , ഓരോ ജീവാണു കൊണ്ടും നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു . എവിടെയോ നീ ചവിട്ടിക്കടന്നുപോയ മണൽത്തരികളെ , നിന്നെ തഴുകിയെത്തുന്ന കാറ്റിനെ , കാറ്റിലലിഞ്ഞ നിന്റെ നിശ്വാസങ്ങളെ ... എല്ലാം.... എല്ലാം ഞാൻ സ്നേഹിയ്ക്കുന്നു .. ഞാൻ കാണാത്ത നിന്റെ നിഴലിനെപ്പോലും ....
പ്രിയ എഴുത്തുകാരാ , ഇനിയൊരു ജന്മമുണ്ടെങ്കിൽ , അന്നെങ്കിലും ....അന്നെങ്കിലും നീയെന്നെ അറിയണം . ഒരു തുളസിക്കതിരായി നീയെന്നെ കൈയ്യിൽ വാങ്ങണം .....ഒരു നുള്ള് ഹരിചന്ദനമായി നീയെന്നെ നെഞ്ചിൽ ചേർക്കണം ......എന്റെ നെറ്റിയിലെ ഈറൻ ചന്ദനക്കുറിയിൽ നീ അലിഞ്ഞില്ലാതെയാവണം . ..നിന്റെ മടിയിൽക്കിടന്ന് , ആ സ്നേഹമനുഭവിച്ച് എനിയ്ക്ക് മരിയ്ക്കണം .....അതിനാണ് ...കണ്ണാ, അതിനാണ് ഇനിയെന്റെ തപസ്സ് .
ഇനി....ഇനിയൊന്നുമില്ല... ഇതിനപ്പുറം എഴുതാനൊന്നുമില്ലെനിയ്ക്ക് . നിർത്തട്ടെ .
സ്നേഹത്തോടെ ,
അനസൂയ.
കണ്ണിൽ കിനിഞ്ഞുവന്ന നനവ് കടലാസിലെ അക്ഷരങ്ങളെ മായ്ക്കുന്നതിന് മുന്പ് കത്ത് മടക്കി കവറിലാക്കി . മേൽവിലാസം ....മേൽവിലാസം എന്താണ് ? അറിയില്ല....എനിയ്ക്കറിയില്ല ...എവിടെയോ ഇരുന്ന് എങ്ങിനെയോ മനസ്സിൽക്കയറി സ്നേഹമായി....വേദനയായി....നിരാശയായി ...എന്റെ...എന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ....അദ്ദേഹത്തിന്റെ കഥകൾ വായിച്ച് , ആ കഥാപാത്രങ്ങളിൽ ജീവിച്ച് ....ആ അനുഭൂതിയിൽ ലയിച്ച്...ഭ്രാന്തമായി സ്നേഹിച്ച്.....
മണ്ടത്തരമാണോ ? അതുമറിയില്ല. പക്ഷേ ഒന്നറിയാം. ഈ മണ്ടത്തരങ്ങൾ ഇന്നെന്നെ ജീവിപ്പിയ്ക്കുന്നു. .ഹോ !! ആരോടാണ് ഞാൻ പറയുക ? ആരാണെന്നെ സഹായിയ്ക്കുക ? സഹായിയ്ക്കാൻ എവിടെയാണൊരു വാലന്റൈൻ ഉണ്ടാവുക ? വാലന്റൈൻ ....!
വാലന്റൈൻ .....! അങ്ങെവിടെയാണ് ? ഞങ്ങൾക്കങ്ങയെ വേണം .. ഈ ഭൂമിയിലെ കോടാനുകോടി പ്രണയിയ്ക്കുന്നവക്കും , പ്രണയിയ്ക്കപ്പെടുന്നവർക്കും , പ്രണയിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർക്കും അങ്ങയെ വേണം . അങ്ങ് ഒരിയ്ക്കൽക്കൂടി വരൂ. . പ്രിയ വാലന്റൈൻ , അങ്ങ് ഞങ്ങൾക്ക് വേണ്ടി ഒരിയ്ക്കൽക്കൂടി ജന്മമെടുക്കൂ ....ഒരിയ്ക്കൽക്കൂടി ......ഒരിയ്ക്കൽക്കൂടി മാത്രം...
1 അഭിപ്രായ(ങ്ങള്‍):
Bhagyam cheythavarkku vendi ...!
Manoharam, Ashamsakal...!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ