2014, ജനുവരി 24, വെള്ളിയാഴ്‌ച

തുന്നിച്ചേര്‍ത്ത നന്‍മത്താളുകള്‍

                                                   തുന്നിച്ചേർത്ത  നൻമ്മത്താളുകൾ
                                                                                                                     -ശിവനന്ദ

                                                        ഞാന്‍  മരമാണ്‌.....................   .ആല്‍മരം.   ഒരുപാട്‌  പ്രായമായി  എനിക്ക്‌. . ................എത്രയായോ  ആവോ.   ചിലരെന്നെ  മുത്തശ്ശനെന്നു  വിളിക്കും.   ചിലര്‍  മുത്തശ്ശിയെന്നും.   എന്നും എന്റെ  യടുത്ത്‌  വരുന്ന   ഒരു  ചെറിയ  പെണ്‍കുഞ്ഞുണ്ട്‌. .................................   അവളുടെ  പേരെനിക്കറിയില്ല.   പത്തോ പതിനൊന്നോ  വയസ്സുകാണും.   അവളെന്നെ  അപ്പൂപ്പനെന്നാണ്‌   വിളിക്കുക.   എന്നെ കെട്ടിപ്പിടിക്കും,  ഉമ്മവയ്ക്കും,  രാത്രി  എന്റെ   കാല്‍ച്ചുവട്ടില്‍  കിടന്നുറങ്ങുകയും  ചെയ്യും.   അവള്‍ക്കാരുമില്ലായിരിക്കുമോ ?  അറിയില്ല.   ചിലപ്പോള്‍  ഏതെങ്കിലും  നാടോടിക്കൂട്ടത്തില്‍  നിന്നും  വഴിതെററിവന്നതാകും.  പാവം.  ചില രാത്രികളില്‍  അവളെ  ആരോ  കൈയ്യില്‍പ്പിടിച്ച്‌   വലിച്ചുകൊണ്ടുപോകുന്നതു  കാണാം.   അവളുടെ  പ്രതിഷേധം  വകവയ്ക്കാതെ  വലിച്ചിഴച്ചാണ്‌  കൊണ്ടുപോവുക.   അതാരാണെന്നോ  എങ്ങോട്ടാണവളെ  കൊണ്ടുപോകുന്നതെന്നോ  അറിയില്ല.   അല്‍പ സമയത്തിനുശേഷം  അവൾ  കരഞ്ഞുകൊണ്ട്‌  തിരിച്ചുവരുന്നത്‌ കാണാം.   കൈയിലൊരു  ഭക്ഷണപ്പൊതിയും  കാണും.   കരഞ്ഞുകൊണ്ടു  തന്നെ  അവളത്‌  ആര്‍ത്തിയോടെ  കഴിക്കും.   കൈയും  മുഖവും  കീറിപ്പറിഞ്ഞ  ഉടുപ്പില്‍  തുടച്ച്‌  ഏങ്ങലടിച്ചുകൊണ്ട്‌  എന്റെ  കാല്‍ച്ചുവട്ടില്‍  കിടക്കും.   മിക്കവാറും  ഞാന്‍  കാണുന്ന  കാഴ്ചയാണിത്‌.   ചെറുപ്പത്തില്‍  ഞാന്‍  കേട്ടത്‌  വിപ്ളവവീര്യമുള്ള,  മൂര്‍ച്ചയുള്ള  വാക്കുകളും  ആശയങ്ങളുമാണെങ്കില്‍  ഇന്ന്‌  ഞാന്‍  കാണുന്നത്‌  ഏതൊക്കെയോ  ആശയങ്ങളുടെ  മൂര്‍ച്ചയില്‍  മുറിവേറ്റു  പിടയുന്ന  പെണ്‍കുഞ്ഞിന്റെ  ഏങ്ങലടികളാണ്‌...............................................................................  .................................  സംസാരിക്കാനും  സഞ്ചരിക്കാനും കഴിയുന്നില്ലെങ്കിലും  എനിക്ക്‌  കാഴ്ചയുണ്ട്‌ ',. കേഴ്‌വിയുണ്ട്‌,  ചിന്തകളുണ്ട്‌,  സ്വപ്നങ്ങളും  സങ്കല്‍പങ്ങളുമുണ്ട്‌.  ഏങ്ങലടിച്ചു  കിടക്കുന്ന  കുഞ്ഞിനെ  വീശിയുറക്കാന്‍  മാത്രമേ  എനിക്ക്‌  കഴിയുന്നുള്ളൂ  എന്നോര്‍ത്തപ്പോള്‍ വല്ലാത്ത  നിസ്സഹായത  തോന്നുന്നു.   ഇപ്പോള്‍  എന്റെ   ദേഹം  നിറയെ  തോരണങ്ങള്‍  തൂക്കിയിരിക്കുകയാണ്‌.   തെരഞ്ഞെടുപ്പുകളും  സമ്മേളനങ്ങളും  തകൃതിയായി  നടക്കുമ്പോള്‍  ഞാന്‍  ഒരുപാട്‌  പീഡനങ്ങള്‍  സഹിക്കേണ്ടിവരുന്നുണ്ട്‌. ..   ചിലപ്പോള്‍  എന്റെ  ദേഹത്ത്‌  കൊടികള്‍  കെട്ടിവയ്ക്കും.   ചിലപ്പോള്‍  ബാനറുകള്‍  കെട്ടിവയ്ക്കും.   വലിച്ചുമുറുക്കി  കെട്ടുമ്പോള്‍  എനിക്ക്‌  വേദനിക്കുമെന്ന്‌  ആര്‍ക്കുമറിയില്ല.   ചിലപ്പോള്‍  തുണികള്‍  കൊണ്ടെന്റെ  ദേഹം  പുതപ്പിക്കും.   അതെനിക്ക്‌  വല്ലാത്ത  അസ്വസ്ഥതയാണ്‌.   പ്രകൃതിയാണെന്റെ പുതപ്പ്‌ .  അതാരോട്‌  പറയാന്‍ !  പണ്ട്‌,  സ്വാതന്ത്യ്രസമരകാലത്ത്‌,  അന്ന്‌  ഞാന്‍  തീരെ  കുഞ്ഞായിരുന്നു.   എന്റെ കൂടെ അച്ഛനുമുണ്ടായിരുന്നു.  ഭീമാകാരനായിരുന്നു  എന്റെ അച്ഛനാൽമരം.   അന്നിതുപോലൊന്നുമായിരുന്നില്ല  കാര്യങ്ങൾ .   ഇന്നത്തെപ്പോലെ  വലിയ  വേദികള്‍  കെട്ടിപ്പൊക്കിയും  വാഹനതടസ്സമുണ്ടാക്കിയും  സമ്മേളനങ്ങള്‍  നടത്താറില്ല  അന്ന്‌.  . ഞങ്ങളുടെ  കാല്‍ച്ചുവട്ടിലിരുന്ന്‌  സഭകൂടുമായിരുന്നു.   വലിപ്പച്ചെറുപ്പില്ലാതെ  , ജാതിമതഭേദമില്ലാതെ,  തൊഴുത്തില്‍ക്കുത്തുകളില്ലാതെ ... ഓര്‍ക്കാന്‍  തന്നെ  എന്തു  സുഖമാണ്‌. !!.............................................! എല്ലാവര്‍ക്കും  പരസ്പരം  ത്യാഗസമ്പന്നമായ  സ്നേഹ മായിരുന്നു.   കോരിത്തരിപ്പിക്കുന്ന  ഒരുപാട്‌  കഥകൾ ,  അല്ല   അനുഭവസാക്ഷ്യങ്ങള്‍  . ...........  ആദര്‍ശശുദ്ധിയുള്ള  രാഷ്ട്രീയചര്‍ച്ചകള്‍   ...  ജയില്‍വാസ കഥകള്‍ .. പോലീസ്‌  മേലാസകലം  ബ്ളേഡ്‌ കൊണ്ട്‌  വരഞ്ഞ്‌  ഉപ്പും  മുളകും  പുരട്ടി  ക്രൂരമായി  പീഡിപ്പിച്ച  കൃഷ്ണപ്പിള്ള,  ഒരു കൈയ്യബദ്ധത്തിന്‌  കൊലപാതകിയാകേണ്ടിവന്ന  പാവം  മുക്കുവപ്പയ്യനെ  രക്ഷിയ്ക്കാന്‍  അവനു  വേണ്ടി  സ്വയം  കുറ്റമേറ്റ്‌  ജയിലില്‍പ്പോയ  നിരപരാധിയായ  ശങ്കരമേനോന്‍.  ...............................സ്വന്തം  സഖാക്കളെ  അന്യായമായി  ലോക്കപ്പിലിട്ട്‌  മര്‍ദ്ദിച്ചപ്പോള്‍  പോലീസ്‌  സ്റ്റേഷന്‍  ആക്രമിച്ച്‌  അവരെ  മോചിപ്പിച്ച  കഥ , തനിക്ക്‌  വിളമ്പുന്ന  ഭക്ഷണം  അയല്‍പക്കത്തുള്ള  ദരിദ്രഭവനങ്ങളിലെ  കുട്ടികളെ  വിളിച്ചുവരുത്തി പങ്കുവച്ചുകൊടുക്കുന്ന  മാധവന്‍,   പോലീസ്‌  ഓടിച്ചപ്പോള്‍  കുറുമ്പ  എന്ന  വൃദ്ധയുടെ  കുടിലിലേക്ക്‌  ഓടിക്കയറിയ  സഖാവ്‌  ശങ്കുപ്പിള്ളയെ  പനമ്പിനുള്ളില്‍  കിടത്തി  തെറുത്തുകെട്ടി  മൂലയില്‍  ചാരി വച്ച്‌  പോലീസിനെ കബളിപ്പിച്ചു . ആ  അഭിവന്ദ്യമാതാവ്‌ .   തങ്ങള്‍ക്കൊരു  അച്ഛനുണ്ടെന്നും  അദ്ദേഹം  വലിയ  ആളാണെന്നും  സ്വാതന്ത്യ്രസമര സേനാനിയാണെന്നും  ഒളിവിലാണെന്നുമൊക്കെ  കേട്ടറിഞ്ഞ  കുരുന്നു കുഞ്ഞ്‌,   ഒളിച്ചും  പാത്തും കയറിവരുന്ന  അച്ഛനെന്ന  വിശിഷ്ടാതിഥിയെ  അപരിചിതത്വത്തോടെ,   നാണത്തോടെ  ഒളികണ്ണിട്ടു നോക്കുന്നതും  അവരെയൊന്നെടുത്ത്‌  ലാളിയ്ക്കാൻ ന്‍  കൊതിക്കുന്നതും  വിവരിക്കുന്ന  ശിവദാസന്‍പിള്ളയുടെ കണ്ണിലപ്പോള്‍  നനവുണ്ടായിരുന്നോ?   ഈ  വിപ്ളവകഥകളെല്ലാം  കേട്ടുവളര്‍ന്ന  എനിക്ക്‌  അല്‍പം  ദേശസ്നേഹവും  വിപ്ളവചിന്തയുമുണ്ടായതില്‍  അത്ഭുതപ്പെടാനുണ്ടോ. ? എന്റെ   വളര്‍ച്ചയുടെ  ഏതോ  ഒരു ഘട്ടത്തില്‍  അച്ഛനെന്നെ  വിട്ടുപോയി.   ഒരു  പ്രഭാതത്തില്‍  ഞാന്‍  കണ്ണുതുറപ്പോള്‍  അച്ഛന്‍  വീണു കിടക്കുന്നതാണ്‌  കണ്ടത്‌.   എന്തുപറ്റിയെന്നറിയില്ല.   പിന്നീട്‌  ആരൊക്കെയോ   വന്ന്‌  അച്ഛനെ  എടുത്തുകൊണ്ടുപോയി.   അതു മുതല്‍  ഞാനൊറ്റയ്ക്കാണ്‌.  .  വര്‍ഷങ്ങളെത്ര കഴിഞ്ഞു!   എന്തെല്ലാം  മാറ്റങ്ങൾ ! രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും  ചിന്തകള്‍ക്കും  വളരെ  വ്യത്യാസം.   ഇപ്പോള്‍  എന്റെ  കാല്‍ച്ചുവട്ടിലിരുന്ന്‌  ആരും ചര്‍ച്ചകള്‍  നടത്താറില്ല   അതുകൊണ്ടുതന്നെ  പുതിയ  മാറ്റങ്ങളെക്കുറിച്ച്‌  എനിയ്ക്കൊന്നുമറിയില്ല.   എന്റെ  മുന്നില്‍  ഒരു  കപ്പലണ്ടിക്കച്ചവടക്കാരന്‍  കപ്പലണ്ടി  വില്‍ക്കുന്നുണ്ട്‌. .  അയാളുടെ  അടുത്ത്‌  രണ്ട്‌  പുസ്തകങ്ങൾ .......... അതില്‍  നിന്നും  താളുകള്‍  വലിച്ചുകീറി  അയാള്‍  കപ്പലണ്ടി  പൊതിയുന്നു.   ഞാന്‍  ആകാംക്ഷയോടെ പുസ്തകത്തിന്റെ  പുറംചട്ട  നോക്കി.   ഒന്ന്‌,  നെഹ്രുവിന്റെ   ,  ' ഒരച്ഛന്‍  മകള്‍ക്കയച്ച  കത്തുകള്‍ '   മറ്റേത്‌,  "പൊരുതിവീണവരുടെ  കത്തുകള്‍  .'    മനസ്സൊന്നു  പകച്ചു.   അടുത്ത നിമിഷം  എനിക്ക്‌  കരയാനാണ്‌ തോന്നിയത്‌  . നന്‍മയുടെ  താളുകളാണ്‌  ഒന്നൊന്നായി  വലിച്ചുകീറി  അയാള്‍  കപ്പലണ്ടി  പൊതിയുന്നത്‌ . സത്യത്തിന്റെയും   നീതിയുടെയും  അക്ഷരപ്പൊട്ടുകളാണ്‌  ഉപ്പും  മുളകും  പുരട്ടി  വില്‍ക്കുന്നത്‌. ........................................... അത്‌  തിരിച്ചറിയാനാവാത്തവിധം  ലോകം  മാറിയെന്ന്‌  ആ നിമിഷം  ഞാനറിഞ്ഞു.   ഇനിയിവിടെ  വിപ്ളവ  വീര്യമുളള  നന്‍മക്കുറിപ്പുകള്‍  ഉണ്ടാവില്ലെന്നും  തോന്നി.   സത്യവും  ന്യായവും  കച്ചവടച്ചരക്കാകും.   ത്യാഗം നിറഞ്ഞ  സ്നേഹഗാഥകള്‍  വെറും  കടലാസുകുമ്പിളുകളാകും.   ഒന്നുമിനി  പ്രതീക്ഷിക്കാനില്ലെന്നിനിക്കുറപ്പായി.   എന്റെ  മൗനത്തിന്‌  മൂര്‍ച്ച  കൂടി...   ഇപ്പോള്‍  എന്റെയടുത്ത്‌   കുറെ  ആളുകള്‍  കൂടിനില്‍ക്കുന്നുണ്ട്‌.   അവരെന്റെ   ദേഹത്ത്‌  ആണികള്‍  തറയ്ക്കും.   പരസ്യ ബോര്‍ഡുകള്‍  വയ്ക്കാന്‍ തറയ്ക്കുന്ന  ആണികള്‍  എന്റെ   ഹൃദയത്തിലാണ്‌  കൊള്ളുന്നതെന്ന്‌  ആര്‍ക്കുമറിയില്ല.   സഹനത്തിനപ്പുറമായിരിക്കുന്നു  എല്ലാം.   ഇപ്പോള്‍  ഞങ്ങളെയാരും  ഗൗനിക്കാറില്ല.   ഇത്തിരി  ദാഹജലം  ഒഴിച്ചുതരുന്നതിനു  പകരം  ആസിഡും  മണ്ണെണ്ണയുമൊക്കെ  ഞങ്ങളുടെ  വേരുകളിലൊഴിയ്ക്കുന്നു.   ഒരു  ഇല പറിച്ചെടുത്താല്‍പോലും  ഞങ്ങള്‍ക്ക്‌  വേദനിക്കുമെന്ന്‌  മനസ്സിലാക്കാതെ , ശിഖരങ്ങള്‍  തന്നെ  മുറിച്ചുമാറ്റുന്നു.   ഇനി  ഈ  വേദന  സഹിക്കാന്‍  വയ്യ.   എല്ലാംകൊണ്ടും  മടുത്തു.   പോവുകയാണ്‌  ഞാന്‍.   എന്റെ  വിത്തിലേക്ക്‌  തന്നെ  മടങ്ങുകയാണ്‌ .   അതാണ്‌  സുരക്ഷിതം.   അവിടെയെനിക്ക്‌  സമാധിയിരിക്കാം.   സന്ധ്യയായി.   നാളെ പുലരുമ്പോള്‍  ആത്മാവ്‌  വിത്തിലേക്ക്‌  മടങ്ങിയ  മൃതശരീരം  മാത്രമേ  കാണൂ.

"അപ്പൂപ്പാ..."

 നനുത്ത  ക്ഷീണിച്ച  ശബ്ദം  കേട്ടപ്പോള്‍  ശ്രദ്ധിച്ചു.   അവള്‍  വരികയാണ്‌.

" ഒന്നും  കഴിച്ചില്ല.   വിശന്നിട്ടു വയ്യ.  ഒന്നു  വീശിത്തര്വോ   അപ്പൂപ്പാ ?"

അവൾ  വന്ന്‌  എന്റെ  കാല്‍ച്ചുവട്ടില്‍  കിടന്നു.   ഞാനവള്‍ക്ക്‌  വീശിക്കൊടുത്തു.   മെല്ലെ  അവളുറങ്ങി.   നാളെ മുതല്‍  ആരാണവള്‍ക്ക്‌  വീശിക്കൊടുക്കുക ?   എവിടെക്കിടന്നാണവളുറങ്ങുക?   പാവം.   അമ്മയുടെ  ഗര്‍ഭപാത്രത്തിലേക്ക്‌  തിരികെപ്പോകാന്‍  ഒരിക്കല്‍  അവളും  ആഗ്രഹിക്കും.   ആരോ  ആ  കുഞ്ഞിന്റെയടുത്തേക്ക്‌   വരുന്നത്‌  കണ്ടു.   അവളെ  വിളിച്ചുകൊണ്ടുപോകാനായിരിക്കും.   ഭക്ഷണം  വാങ്ങിക്കൊടുക്കുമായിരിക്കും.   നന്നായി.   അയാള്‍  അടുത്തെത്തി.   അവളുടെ  അരികില്‍  വന്നിരുന്നു.   കൈകള്‍  മെല്ലെ  ശരീരത്തില്‍  പരതുന്നു.   എനിക്കെന്തോ  അസ്വസ്ഥത  തോന്നി.   അതേ നിമിഷത്തില്‍  കുഞ്ഞ്‌  ഉണര്‍ന്ന്‌  ചാടിയെഴുന്നേറ്റു.   അടുത്ത നിമിഷം  അയാള്‍  കുഞ്ഞിനെ  പിടിച്ചു  നിലത്ത്‌  അമര്‍ത്തിക്കിടത്തി.   അതിന്റെ  മുകളിലേക്ക്‌  ചാഞ്ഞു.   നടുങ്ങിപ്പോയി  ഞാന്‍.  ദൈവമേ?   ഇതെന്താണ്‌ ?   ഇത്രയും നാള്‍  ഈ  കുഞ്ഞിനെ  വലിച്ചിഴച്ചുകൊണ്ടുപോയത്‌ ....  ഹൃദയം  വലിഞ്ഞു മുറുകി.   ആയിരം നാവുള്ള  തീജ്വാലകള്‍   മനസ്സിലേക്ക്‌  പാഞ്ഞടുത്തു.   കത്തിയെരിഞ്ഞു.   വയ്യ   ഇതിന്‌  മൂകസാക്ഷിയാവാനെനിക്ക്‌  വയ്യ.   പ്രകൃതിയാണ്‌  ഞാന്‍.  . ആശ്രയിക്കുന്നവരെ  രക്ഷിച്ചേ തീരൂ.   ചെയ്യണം  എന്തെങ്കിലും  അതിനിടയില്‍  കുഞ്ഞ്‌  എങ്ങനെയോ  കുതറിയെഴുന്നേറ്റ്‌  ഓടി.   എനിക്ക്‌  ചുറ്റുമാണവള്‍  ഓടുന്നത്‌  . അയാള്‍  പിറകെയും.   ഓട്ടത്തിനിടയില്‍  എന്റെ   വേരില്‍ത്തട്ടി  അയാള്‍  വീണു.    ഇതാണ്‌. .......... ഇതാണവസരം .......... മനസ്സിന്റെ   എല്ലാ  ശക്തിയും  ഞാനെന്റെ   ശിഖരങ്ങളിലേക്കാവാഹിച്ചു.   ജീവന്‍  പറിഞ്ഞുപോകുന്ന  വേദന  കടിച്ചമര്‍ത്തി  എന്റെ   ദേഹത്തുനിന്നും  വലിയൊരു  കമ്പടര്‍ത്തി  വന്യമായ  ആവേശത്തോടെ  അയാളുടെ  മുകളിലേക്കിട്ടു.   'അയ്യോ.....'എന്ന  അലര്‍ച്ചയോടെ  അയാള്‍  കിടന്നു  പിടഞ്ഞു.   'അമ്മേ '..............വീണ്ടും  ഞരക്കം.   അമ്മയോ?  ആ  പേര്‌  ഉച്ചരിക്കാന്‍  നിനക്കെവിടെയാണ്‌   യോഗ്യത  ദുഷ്ടാ? ഒരമ്മയുടെ  ഗര്‍ഭപാത്രത്തിലാണ്‌  ഈ  കുഞ്ഞും  ജനിച്ചതെന്ന്‌  നീ  ഓര്‍ത്തോ?  അമ്മമാരുണ്ടാകുന്നത്‌  പെണ്‍ കുഞ്ഞുങ്ങള്‍  വളര്‍ന്നിട്ടാണെന്ന്‌  നീ  ഓര്‍ത്തോ?  സ്ത്രീയെ  കൈക്കുമ്പിളിലെ  ഹരിചന്ദനമായി  കൊണ്ടുനടക്കണമെന്ന്‌  നീ  ഓര്‍ത്തോ?    അനുഭവിക്ക്‌   ദുഷ്ടാ.   ശതകോടി  അമ്മമാര്‍  നിനക്കു  വിധിക്കുന്ന  ശിക്ഷയാണിത്‌.    അനുഭവിക്ക്‌. ...................................................... ...................................  .. ഞാന്‍  സംതൃപ്തിയോടെ  നോക്കി  നിന്നു.    അയാള്‍  കിടന്നു  പിടഞ്ഞു പിടഞ്ഞ്‌.   .........................................ഒടുവില്‍  ആ  പിടച്ചില്‍  നിന്നു.   രക്തത്തില്‍  കുളിച്ചുകിടക്കുന്ന  ആ  രൂപം  കണ്ട്‌  ഒന്ന്‌  അലറിച്ചിരിക്കണമെന്ന്‌  എനിയ്ക്കു  തോന്നി.   കുഞ്ഞ്‌ എന്റെ   പിറകില്‍  നിന്ന്‌  ഭയത്തോടെ  അയാളെ  ഒളിഞ്ഞുനോക്കുകയാണ്‌.  മെല്ലെ  അവളെ  വീശിത്തലോടി.  ഒപ്പം  ഞാനുറപ്പിച്ചു.   അധര്‍മ്മത്തിനുനേരെ  മനുഷ്യന്‍  കണ്ണടക്കുമ്പോള്‍  പ്രകൃതി  രംഗത്തിറങ്ങണം.   പോകുന്നില്ല.   ഞാന്‍  മടങ്ങിപ്പോകുന്നില്ല.   പോയാല്‍  ഈ  കുഞ്ഞിന്‌  ആരുമില്ലാതാകും.   എന്നെ  എല്ലാവരും   ഉപദ്രവിച്ചോട്ടെ.   വേദനിപ്പിച്ചോട്ടെ.   ഒക്കെ  സഹിച്ച്‌  ഞാനിവിടെ  വേണം.   ഇവളെ  വീശിത്തണുപ്പിക്കാന്‍  ഞാന്‍  വേണം.   അവള്‍ക്ക്‌  വിശന്നു  തളര്‍ന്നുറങ്ങാന്‍  എന്റെ   മടിത്തട്ട്‌  വേണം.   അവളെ  ഉപദ്രവിക്കാന്‍  വരുന്നവരുടെ  ഓരോരുത്തരുടേയും  മേല്‍  എന്റെ   അവയവങ്ങള്‍  ഒന്നൊന്നായി  അറുത്തുമുറിച്ചിട്ട്‌  അവരെ  കൊല്ലണം.   മനസ്സില്‍  കത്തിയെരിയുന്ന  തീ  എന്റെ   ഓരോ  അവയവങ്ങളിലേക്കും  പടര്‍ത്തി  ഒരു  കുന്നു  കനലാക്കി  അവരുടെ  ദേഹത്തിടണം.   ഓരോരുത്തരേയും  ഓരോ  പിടി  ചാരമാക്കി   ഊതിപ്പറപ്പിക്കണം.   പേടിച്ചു  തളര്‍ന്ന  കുഞ്ഞിനെ  ചേര്‍ത്തു  പിടിച്ച്‌  ഞാന്‍  കാത്തു  നിന്നു.   കേട്ടുവളര്‍ന്ന  വിപ്ളവകഥകള്‍  ജീവന്‍  വച്ച്‌  എന്റെ  മുന്നില്‍  നൃത്തം  ചവിട്ടി.   ഉള്ളിലെന്നും  അണയാതെ  കിടന്ന  കനല്‍  എരിഞ്ഞുതുടങ്ങി.   വരട്ടെ   ഓരോരുത്തരായി  വരട്ടെ.   കാത്തുനില്‍ക്കുകയാണ്‌  ഞാന്‍.  ............................... അടര്‍ന്നുപോയ  നന്‍മത്താളുകള്‍ക്ക്‌  പകരം  ചോദിക്കാന്‍ ......................

ശിവനന്ദ

 '(ഇത് വെറുമൊരു കഥയല്ല, ഞാൻ അഭിമാനത്തോടെ കേട്ടുവ ളർന്ന  അനുഭവകഥകൾ. കഥയുടെ രൂപത്തിലാക്കിയെന്നേയുള്ളു. ഇതിലെ വിപ്ലവകഥാപാത്രങ്ങൾ  - കൃഷ്ണപിള്ള, ശങ്കരമേനോൻ, മാധവൻ , ശങ്കുപ്പിള്ള, ശിവദാസൻപിള്ള ...ഇവരെല്ലാം പലരല്ല, ഒരേയൊരാൾ  മാത്രം..... എന്റെ പ്രിയപ്പെട്ട അച്ഛൻ.  അദ്ദേഹം  ഒരു സ്വാതന്ത്ര്യസമരസേനാനിയും,   ഇപ്പോൾ,   രാഷ്ട്രീയരംഗത്ത് നേതൃസ്ഥാനത്തുള്ള  ആളും. ഇന്നത്തെ രാഷ്ട്രീയം കാണുമ്പോൾ .............എന്റെ അച്ഛന്  എന്ത് കൊടുത്താൽ മതിയാകുമെന്ന് ഞാനോർക്കും . ഈ കുറെ അക്ഷരപ്പൊട്ടുകളല്ലാതെ മറ്റൊന്നുമില്ല എന്റെ കൈയ്യിൽ അദ്ദേഹത്തിന്‌  സമർപ്പിയ്ക്കാൻ .. അത്രയെങ്കിലും................ശ്രീമതി ഇന്ദിരാഗാന്ധിയുടെ കൈയ്യിൽനിന്നും  താമ്രപത്രവും, ശ്രീ അബ്ദുൾ കലാമിന്റെ കൈയ്യിൽ നിന്നും സ്വാതന്ത്ര്യസമര പുരസ്ക്കാരവും  വാങ്ങിയ  അച്ഛൻ  ,  സമരകാലത്ത് ,  ഒളിവ് ജീവിതവും  ,  ജയിൽവാസവും  ,  പോലീസ് മർദ്ദനവും   ഒക്കെക്കൊണ്ടാവാം ,  അമ്മയുടെ  ശാരീരികമാനസിക ആരോഗ്യം  മോശമായിരുന്നു.  അതുകൊണ്ടാവാം  അമ്മയ്ക്ക്  നാല് കുഞ്ഞുങ്ങൾ   നഷ്ടപ്പെട്ടതിന്   ശേഷം  വളരെ  വൈകിയാണ്  ഞാൻ  ജനിച്ചത്.  അപ്പോഴേയ്ക്കും  ആ കാലമൊക്കെ  കഴിഞ്ഞിരുന്നു.  എങ്കിലും  അപ്പോഴും  അച്ഛൻ  പ്രസ്ഥാനത്തിന്  സ്വന്തമായിരുന്നു.  ഞങ്ങൾക്ക്   വല്ലപ്പോഴും  വരുന്നൊരു  വിരുന്നുകാരനും.  അച്ഛൻ വരുമ്പോൾ  വാതിലിന്റെ  മറവിൽ നിന്ന്  നാണത്തോടെ  ഞാൻ  ഒളിഞ്ഞുനോക്കുമായിരുന്നു   എന്ന്  അമ്മ  പറയാറുണ്ട്.  ഓർക്കുമ്പോൾ  ,  അഭിമാനം  കൊണ്ടാണോ  സന്തോഷം  കൊണ്ടാണോ  സങ്കടം  കൊണ്ടാണോ  എന്നറിയില്ല ,  എന്റെ  കണ്ണുകൾ   നിറയും.  ഈ  വരുന്ന  ഫെബ്രുവരി  ആറിന്   അച്ഛന്റെ   രാഷ്ട്രീയജീവിതം  അറുപത്   വർഷം   പിന്നിടുന്നു.  അന്ന്  അച്ഛനെ  ആദരിയ്ക്കുന്നൊരു  ചടങ്ങുണ്ട്.  ഈ  അവസരത്തിൽ  ,  അച്ഛന്റെ  കാൽക്കൽ  .........എന്റെ  ആത്മപ്രണാമം ............ഒപ്പം,  എന്റെ  ജീവന്റെ  ആകെത്തുകയായ  കുറെ  അക്ഷരപ്പൂക്കളും.............. ..........)      ..അതോടൊപ്പം, ഇന്നത്തെ ഒരു സാമൂഹിക വിപത്ത്- സ്ത്രീ ശിശു പീഡനങ്ങൾ......സ്ത്രീകളെ- പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ഉപദ്രവിയ്ക്കുന്നവരെ ഇറച്ചി വെട്ടുന്നതുപോലെ കൊത്തിയരിഞ്ഞ് കൊല്ലണമെന്നെനിയ്ക്ക് തോന്നാറുണ്ട് . എന്റെ മുന്നിൽക്കിട്ടിയാൽ ഞാനത് ചെയ്യുകതന്നെ ചെയ്യും. എന്റെ ആത്മരോഷം കുറെ മഷിത്തുള്ളികളായി കടലാസിലേയ്ക്ക് ഞാൻ കുടഞ്ഞുതെറിപ്പിയ്ക്കുന്നു  )

1 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Aa achanu enteyum athma Pranamangal...!

Manoharam, Ashamsakal..!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .