വരുന്നോ അമ്മവീട്ടിലേയ്ക്ക് .....?
ശിവനന്ദ .
ഞാനെന്റെ അമ്മവീട്ടിലെയ്ക്കൊന്നു പോവുകയാണ്. അവിടെ കുറെ മുത്തും മണികളും തൂവിക്കിടക്കുന്നു. അതൊന്ന് പെറുക്കിയെടുക്കണം . അതിനാണ് . ഇടയ്ക്കിടെ ഞാനിങ്ങനെ പോകാറുള്ളതാണ് . നിങ്ങൾ വരുന്നോ എന്റെ കൂടെ ? രസകരമായ ചില കാഴ്ച്ചകളുണ്ട് അവിടെ. കാണിച്ചുതരാം. എന്നോടൊപ്പമുള്ള യാത്ര മടുപ്പിയ്ക്കുമൊ? എങ്കിൽ ഞ്ഞാൻ മുൻകൂറായി ക്ഷമ ചോദിയ്ക്കുന്നു. അങ്ങനെയെങ്കിൽ പാതിവഴിയിൽ എന്നെ ഉപേക്ഷിച്ച് തിരികെ പോകാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടല്ലോ. എന്തായാലും നമുക്കൊന്ന് പോയിനോക്കാം അല്ലെ ?
എന്റെ അമ്മയ്ക്കുണ്ടല്ലോ , മൂന്ന് കുഞ്ഞുങ്ങൾ ഗർഭത്തിൽ വച്ചും, ഒരു കുഞ്ഞ് പ്രസവത്തിലും മരിച്ചതിന് ശേഷം ജനിച്ചത് കുഞ്ഞു ശിവനന്ദ . അപ്പോൾപ്പിന്നെ ഞാനെല്ലാവരുടെയും ഓമനയായതിൽ പറയാനുണ്ടോ? അമ്മയ്ക്ക് ജോലിയ്ക്ക് പോകണം. അദ്ധ്യാപികയായിരുന്നു അമ്മ. അതിനാൽ കുഞ്ഞുശിവനന്ദയ്ക്ക് തൊട്ടിൽ കെട്ടിയത് മുത്തശ്ശിവീട്ടിൽ ( അമ്മയുടെ അമ്മ ) . അതായിരുന്നു സത്യത്തിൽ എന്റെ വലിയൊരു പഠനക്കളരി .
എനിയ്ക്കൊരുപാട് പ്രിയപ്പെട്ട ശൈശവബാല്യങ്ങൾക്ക് കാപ്പിപ്പൂവിന്റെ വാസനയാണ് . നിറയെ പൂത്ത കാപ്പിയും അതിന് നടുക്കൊരു കൊച്ചുവീടും . അവിടെ എന്റെ മുത്തച്ഛനും മുത്തശ്ശിയും. മുറ്റത്ത് ഉണങ്ങാനിട്ട കച്ചൂലത്തിന്റെയും, മഞ്ഞളിന്റെയും, കുരുമുളകിന്റെയും ഗന്ധം. കാപ്പിക്കുരു വറുത്തുപൊടിയ്ക്കുന്നതിന്റെ ഉന്മെഷദായകമായ വാസന. ആ മലയോരഗ്രാമം ഗന്ധങ്ങളിലൂടെ തന്നെ എന്നെ തടവിലാക്കിയിരുന്നു. തൊടിയിൽ നിറഞ്ഞുനില്ക്കുന്ന മാവും, പ്ലാവും, പേരയും, കശുമാവും ഞങ്ങൾക്ക് മാത്രമല്ല, പക്ഷികൾക്കും , അണ്ണാരക്കണ്ണൻമാർക്കും കൂടിയുള്ളതാു എന്നും, മുറ്റത്ത് അടുക്കും ചിട്ടയുമില്ലാതെ നട്ടുവളർത്തിയ ചെത്തിയും ചെമ്പരത്തിയും, രാജമല്ലിയും, മന്ദാരവുമെല്ലാം പൂമ്പാറ്റകൾക്ക് വേണ്ടിയുള്ളതാു എന്നും മുത്തച്ഛൻ പറഞ്ഞിരുന്നു.
കരിമ്പച്ച നിറത്തിൽ തിളങ്ങുന്ന ഇലകൾ ചൂടിയ ' ഗന്ധരാജനെന്ന ' വലിയൊരു മരം മുത്തച്ഛന്റെ വീട്ടുമുറ്റത്ത്. അതിൽ ഇടയ്ക്കിടെ വെളുത്ത പൂക്കൾ വെള്ളിനക്ഷത്രം പോലെ. രാത്രി പൊട്ടിയടർന്നുമാറുന്ന നക്ഷത്രച്ചില്ലുകൽ പോലെ അതിന്റെ ഇതളുകൾ പൊട്ടിവിരിയുന്നത് മുത്തച്ഛനും ഞാനും കൂടി രാത്രി നൊക്കിയിരുന്ന് കണ്ടിട്ടുണ്ട് .
ഇന്ന് ഞാനെന്റെ വീട്ടുമുറ്റത്ത് മറ്റ് ചെടികളുടെ കൂട്ടത്തിൽ ഗന്ധരാജനും , കാപ്പിച്ചെടിയും വളർത്തിയിരിയ്ക്കുന്നു , കുറെ കുളിരോർമ്മപ്പൂക്കൾക്കായി . കൂട്ടത്തിൽ ഒരു ഇലഞ്ഞിയും. ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം നുകരുമ്പോൾ വല്ലാത്തൊരു അനുഭൂതിയിൽ എന്റെ കണ്ണുകൾ അടഞ്ഞടഞ്ഞുപോകും . കുഞ്ഞുശിവനന്ദയ്ക്ക് അവളെക്കാൾ നീണ്ട മുടിയുണ്ടായിരുന്നു. മുത്തച്ഛൻ ചീകിമിനുക്കി മെടഞ്ഞിട്ടു തരുന്ന മുടിയിൽ ചൂടാൻ , കൂവളത്തിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കിടക്കുന്ന മുല്ലയിൽ നിന്നും പൂക്കൾ ഇറുത്ത് മാല കെട്ടിത്തരും മുത്തശ്ശി. പക്ഷെ ഇലഞ്ഞിപ്പൂമാല ചൂടാനായിരുന്നു.അവള്ക്കിഷ്ടം.
കൃഷിയിടങ്ങളിലേയ്ക്ക് തോട് കീറി മുത്തച്ഛൻ വെള്ളം തിരിച്ച്ചുവിടുമ്പോൾ ശിവനന്ദയെന്ന മൂന്നുവയസ്സുകാരിയുടെ കണ്ണിലും മനസ്സിലും പതിഞ്ഞത് , ഉണങ്ങിയ മണ്ണിൽ നനവ് പടർത്തി വെള്ളം കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന കാഴ്ച്ച ! ആ കാഴ്ച്ച ഞാനെന്നും മനസ്സിൽ സൂക്ഷിച്ചു. പിന്നീടെന്നോ ആ കാഴ്ച്ചയ്ക്ക് ഞാനൊരു പേരിട്ടു. ' സ്നേഹം ' . അതെ. അങ്ങനെതന്നെയാണ് സ്നേഹം. മനസ്സിൽ കുളിര് പടർത്തി കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന സ്നേഹം....!
മുത്തച്ഛന്റെ കൈപിടിച്ച്ചുനടന്നാണ് ഞാൻ പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിച്ചത്. തോട്ടിയുമായി തൊടിയിൽ കശുവണ്ടി പറിയ്ക്കാൻ പോകുന്ന മുത്തച്ഛന്റെ പിന്നാലെ പോയി , തുടുതുടുത്ത കശുമാമ്പഴം കടിച്ചുപറിച്ച് അതിന്റെ ചവർപ്പും മധുരവും കൈയ്യിലൂടെ ഒലിച്ചിറങ്ങി ....അത് പെറ്റിക്കോട്ടിൽ തുടച്ച് ...! ഹോ!....അങ്ങനെ പെറ്റിക്കോട്ടിൽ കറ പറ്റിയ്ക്കാൻ ഇന്ന് Eതെങ്കിലുമൊരു കുഞ്ഞിന് ഭാഗ്യമുണ്ടാകുമോ? വളരെ സമൃദ്ധമായ ശൈശവബാല്യങ്ങൾ . അങ്ങനെയാണതിനെ ഞാൻ വിശേഷിപ്പിയ്ക്കുക .
മനസ്സിൽ സംഗീതം തേൻമഴ പെയ്യിച്ചുതുടങ്ങിയത് , മുത്തച്ഛന്റെ കൈയ്യിലെ ട്രാൻസിസ്റ്റർ പൊഴിയ്ക്കുന്ന പാട്ടുകൾ കേട്ടുകേട്ടാണ് . അദ്ദേഹം പള്ളിക്കൂടത്തിലെ മാഷായിരുന്നു. നന്നായി പാടുകയും ചെയ്യുമായിരുന്നു. അത് തലമുറകളായി ഇന്നും തുടർന്നുപോരുന്നു .
അമ്മയെന്നെ പഠിപ്പിച്ച ' എങ്ങനെ നീ മറക്കും കുയിലേ ' ആണോ , അതോ അച്ഛൻ പഠിപ്പിച്ച ദേശീയഗാനമാണോ മുന്നിൽ എന്ന് ചോദിച്ചാൽ എനിയ്ക്ക് മറുപടിയില്ല. മലയാളം വാക്കുകൾ സ്ഫുടമായി പറയാതിരുന്നതിന്, പുളിയുടെ വടിയൊടിച്ച് അമ്മയെന്നെ അടിച്ചതാണോ അതോ തർക്കുത്തരം പറഞ്ഞതിന്, ഒരു കുഞ്ഞു വാഴവള്ളിയെടുത്ത് അച്ഛൻ അടിച്ചതാണോ കൂടുതൽ വേദനിച്ചതെന്നു ചോദിച്ചാലെനിയ്ക്ക് മറുപടിയുണ്ട്. അമ്മ അടിച്ചത് കാലിൽ ചുവന്ന് തിണർത്ത് കിടന്നു. അച്ഛൻ അടിച്ചത് ദേഹത്ത് കൊണ്ടതെയില്ല . വെറും വാഴവള്ളിയല്ലേ . കുട്ടിയുടുപ്പിൽത്തട്ടി അത് തെറിച്ചുപോയി. പക്ഷെ.......കുഞ്ഞുശിവനന്ദയ്ക്ക് ഒരുപാട് നൊന്തത് അച്ഛൻ അടിച്ചതാണ്. സങ്കടം വന്നിട്ട് അവളന്നൊരു കണ്ണീർപ്രളയം തന്നെ സൃഷ്ടിച്ചു. .......... .അച്ഛന്റെ ആദ്യത്തേയും അവസാനത്തേയും അടിയായിരുന്നു അത്.
ഞാൻ ആദ്യത്തെ സ്നേഹക്കുറിപ്പെഴുതിയത് കേൾക്കണോ ? ( തെറ്റിദ്ധരിയ്ക്കല്ലേ , ഞാൻ കുഞ്ഞല്ലേ? ) അത് മൂന്നാംക്ലാസ്സിൽ വച്ചായിരുന്നു. എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന തങ്കപ്പൻ എന്ന കൂട്ടുകാരന്. കാണാൻ ഭംഗിയുള്ള ഒരു കരുമാടിക്കുട്ടനായിരുന്നു അവൻ. സ്നേഹമോ, പ്രേമമോ, പ്രേമലേഖനമോ തിരിച്ചറിയാൻ പ്രായമാകാത്ത ശിവനന്ദ എന്ന മൂന്നാംക്ലാസ്സുകാരിയ്ക്ക് തോന്നി , തങ്കപ്പൻ നല്ല ചെക്കനാണെന്ന് . അന്നും ഞാനൊരു ചെറിയ വായനക്കാരിയാണ്. ബാലരമയിൽനിന്നും , പൂമ്പാറ്റയിൽ നിന്നും , അമർച്ചിത്രകഥകളിൽനിന്നും ,വളരെ നേരത്തെ തന്നെ കോട്ടയം പുഷ്പനാഥിന്റെ കുറ്റാന്വേഷണകഥകളിലേയ്ക്കും അവിടുന്ന് ' പൊരുതിവീണവരുടെ കത്തുകളി ' ലേയ്ക്കും മലയാറ്റൂർ രാമകൃഷ്ണന്റെ ' യന്ത്ര ' ത്തിലേയ്ക്കും പിന്നെ , മാക്സിം ഗോർക്കിയുടെ ' അമ്മ ' യിലേയ്ക്കും എന്റെ വായനാതലം നീങ്ങിയിരുന്നു. എന്തായാലും പ്രേമമെന്നൊരു സാധനം ഉണ്ടെന്നും അത് തുണ്ടുകടലാസിൽ എഴുതിക്കൊടുക്കണമെന്നും ഞാനെവിടുന്നോ പഠിച്ചുവച്ചു. അച്ഛന്റെ വിപുലമായ പുസ്തകശേഖരങ്ങളിൽ നിന്നാവണം , വിപ്ലവവും , കാരുണ്യവും , ത്യാഗവും , സ്നേഹവും , പ്രണയവുമൊക്കെ ഞാൻ മനസ്സിലെഴുതിച്ചെർത്തു . ..................
ഒരുദിവസം ക്ലാസ്സിൽ ചെന്നപ്പോൾ ഒട്ടും മടിയ്ക്കാതെ ഒരു തുണ്ട് കടലാസ്സിൽ എനിയ്ക്കറിയാവുന്നത് പോലെ ഞാനെഴുതി ഒറ്റ വരി .
" തങ്കപ്പനോട് എനിയ്ക്ക് സങ്കടം . "
എന്റെ ആദ്യത്തെ പ്രണയലേഖനം ! !!
സങ്കടത്തിനും , സന്തോഷത്തിനും , പ്രേമത്തിനും , സ്നേഹത്തിനും ഞാൻ ഒരേ അർത്ഥം കണ്ടു . ' ഐ ലവ് യു ' ; മിസ് യു ഡാ ' ഇതൊന്നും അന്നില്ലായിരുന്നല്ലൊ. അത് തങ്കപ്പന് നേരെ നീട്ടിയപ്പോൾ അടുത്തുനിന്ന തല്ലുകൊള്ളി കൂട്ടുകാരൻ ദുഷ്ടൻ അതെന്റെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ച് സാറിന്റെ കൈയ്യിൽ കൊടുത്തു . ( അവനിപ്പോൾ ആർമിയിൽ ക്യാപ്ടനാണ് .. ങും.....പിന്നെ ...എത്ര വലിയവനായാലെന്താ , എന്റെ മുത്ത്‌പോലത്തെ പ്രണയം പൊളിച്ചില്ലേ നീ ? .ഇന്നും ക്യാപ്റ്റൻ സാബിനെ ഇടയ്ക്ക് അവധിയ്ക്ക് വരുമ്പോൾ കാണുമ്പോൾ ഇത് പറഞ്ഞ് ചിരിയ്ക്കും ഞങ്ങൾ. ) സാറത് വായിച്ച് ചിരിയോട് ചിരി. അങ്ങനെ എന്റെ ആദ്യ പ്രണയം പൊളിഞ്ഞു . .
ഞാനിപ്പോഴും ആലോചിയ്ക്കും, സ്നേഹം , പ്രണയം ഇവയെക്കുിച്ചൊന്നും വിശകലനം ചെയ്യാനുള്ള വിവരമൊന്നും അന്നില്ലായിരുന്നു . അതിനാൽ തങ്കപ്പനോട് സങ്കടമെന്നെഴുതി . എന്നാൽ എന്തുകൊണ്ടാണ് സങ്കടമെന്നതിന് പകരം സന്തോഷമെന്ന് എഴുതാതിരുന്നതെന്ന് ! ശിവനന്ദ എന്ന കൊച്ചുകുട്ടിയ്ക്ക് സന്തോഷം വരുമ്പോൾ ചിരിയ്ക്കാനും സങ്കടം വരുമ്പോൾ കരയാനുമാല്ലാതെ മറ്റെന്തറിയാം ? സന്തോഷത്തേക്കാൾ ഹൃദയസ്പർശിയായി സങ്കടം തോന്നിക്കാണുമോ അവൾക്ക് ? ആർക്കറിയാം !
ഇനി , എനിയ്ക്ക് ആദ്യമായി കിട്ടിയ സ്നേഹോപഹാരം അതിലും രസം. അതും മൂന്നാംക്ലാസ്സിൽ വച്ച്. ഞങ്ങളുടെ പ്രൈമറി സ്കൂളിന്റെ മതിലരികത്ത് നിറയെ അങ്ങോളമിങ്ങോളം ശീമക്കൊന്നകൾ ആർത്തുവളർന്നു നിന്നിരുന്നു. അതിന്റെ പൂക്കാലം അതിമനോഹരം. എനിയ്ക്ക് വലിയ ഇഷ്ടമാണ് ശീമക്കൊന്നയുടെ പൂക്കൾ . ഇളം വയലറ്റ് നിറത്തിലുള്ള വലിയ പൂക്കുലകൾ , നീളൻ ശിഖരത്തിന്റെ അറ്റത്ത് , ഞങ്ങളെ ചെരിഞ്ഞ് നോക്കി സൗന്ദര്യം കാണിച്ച് കൊതിപ്പിച്ചുകൊണ്ടിരുന്നു. എന്നും ഞാനത് കൊതിയോടെ നോക്കിനിൽക്കും . ഒരുദിവസം ഞങ്ങളെ പഠിപ്പിയ്ക്കുന്ന പൌലോസ് സാറിനോട് ഞാൻ ചോദിച്ചു , ഒരു പൂങ്കുല പറിച്ചുതരുമോ എന്ന് . സാർ അവിടെ നിന്ന് വലിയൊരു പ്രഖ്യാപനം !
" ശിവനന്ദയോട് ഒരുപാട് ഇഷ്ടമുള്ളവർ അവൾക്ക് ഒരു കുല കൊന്നപ്പൂവ് പറിച്ചുകൊടുക്കണം ".
ഞാൻ നോക്കിയപ്പോൾ , കണ്ണടച്ചു തുറക്കുന്നതിന് മുന്നേ ഒരാൾ പറക്കുന്നു ! ആരാണെന്നോ ? കേശവൻ ! മറ്റൊരു കരുമാടിക്കുട്ടൻ ! മൂന്നാംക്ലാസ്സിൽ തോറ്റുതോറ്റ് ' വലിയവ'നായവൻ !
കൊന്നയിൽ വലിഞ്ഞുകയറി ശിഖരം ചായ്ച്ച് ഒരു കുല പൂവ് പറിച്ച് , മത്സരം ജയിച്ചവനെപ്പോലെ വിജയിയുടെ ചിരി ചിരിച്ച് അവൻ വന്നു. ഭീമസേനൻ ദ്രൗപദിയ്ക്ക് കല്യാണസൗഗന്ധികം കൊണ്ടുവന്നതുപോലെ ! അവന്റെ നേരെ നീണ്ട അനേകം കുഞ്ഞുക്കൈകളെ അവഗണിച്ച് എനിയ്ക്ക് മാത്രം തന്നു ! പിന്നീടെന്നും രാവിലെ സ്കൂളിൽ വന്നാൽ കേശവന്റെ ആദ്യജോലി എനിയ്ക്ക് കൊന്നപ്പൂവ് പറിച്ചുതരിക എന്നുള്ളതായിരുന്നു. ഞാൻ ചോദിയ്ക്കാതെ തന്നെ . മറ്റാർക്കും കൊടുത്തിരുന്നുമില്ല. എല്ലാ പൂക്കാലത്തും ഇതാവർത്തിച്ചു .. അങ്ങനെ കേശവൻ അവന്റെ ഇഷ്ടം , ഒരു കുടന്ന കൊന്നപ്പൂക്കളിലൂടെ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. പ്രൈമറി സ്കൂൾ ജീവിതം അവസാനിയ്ക്കുന്നതുവരെ . പിന്നീടവനെ കണ്ടിട്ടില്ല.
സത്യം പറയാമല്ലോ, അത്രയും നിഷ്ക്കളങ്കവും നിസ്വാർത്ഥവുമായൊരു സ്നേഹം പിന്നീട് ജീവിതത്തിലൊരിയ്ക്കലും ഞാൻ അനുഭവിച്ചിട്ടില്ല. അന്ന് അതിനേക്കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല . പക്ഷെ ഇന്ന് ഞാനറിയുന്നു , അതൊരു വിലമതിയ്ക്കാനാവാത്ത നിക്ഷേപമായിരുന്നു. ! അത് വളർന്നുവളർന്ന് മനസ്സൊരു സ്നേഹത്തിന്റെ കലവറയാകുമ്പോൾ ഞാൻ കരുതുന്നു , എന്നെങ്കിലുമൊരിയ്ക്കൽ കേശവനെ കണ്ടാൽ , അന്ന് പറയാൻ കഴിയാതെപോയ നന്ദി ഇനിയെനിയ്ക്ക് അവനോട് പറയണം ..' ഇതാണ് സ്നേഹം , ഇങ്ങനെയാണ് സ്നേഹിയ്‌ക്കേണ്ടത് ' എന്നെന്നെ പഠിപ്പിച്ചതിന് ....
ഞാനിന്ന് ഭാര്യയും അമ്മയുമായി. ഇടയ്ക്ക് സ്വന്തം നാട്ടിലേയ്ക്ക് പോകുന്ന സമയത്ത് , ഞങ്ങളുടെ പ്രൈമറി സ്കൂളിന്റെ മുന്നിലൂടെ കടന്നുപോകുമ്പോൾ രസകരമായ ആ ഓമ്മകൾ വന്നെന്നെ പൊതിയും. പക്ഷെ എന്നെ സങ്കടപ്പെടുത്തുന്നത് , ആ ശീമക്കൊന്നകളത്രയും എന്നോ വെട്ടിമാറ്റി എന്നുള്ളതാണ് . സ്നേഹം പൂത്തിരുന്ന ശീമക്കൊന്നകൾ ! ! !
ഞാനാലൊചിയ്ക്കും, ആ ശീമക്കൊന്നകൾ എത്ര വലിയൊരു ദൗത്യമാണ് നിർവ്വഹിച്ചിരുന്നതെന്ന് ! ആർക്കും വേണ്ടാതെ , ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ , വേലിപ്പത്തലായി നട്ടുവളർത്തി , നിഷ്ക്കരുണം മുറിച്ച് തെങ്ങിന് വളമാക്കുന്ന ആ ശീമക്കൊന്നകളിൽ പൂത്തിരുന്നത് , നിഷ്ക്കളങ്കമായ , നിസ്വാർത്ഥമായ കുറെ ഇഷ്ടങ്ങളായിരുന്നു !
ഇന്ന് ഞങ്ങളുടെ വീടിരിയ്ക്കുന്ന പറമ്പിന്റെ ഒരു മൂലയിൽ , മറ്റൊന്നിനും ശല്യമില്ലാതെ ഒരു ശീമക്കൊന്ന ഞാൻ നട്ടുവളർത്തിയിട്ടുണ്ട് . അത് പൂക്കുമ്പോൾ ഞാനൊരു മൂന്നാംക്ലാസ്സുകാരിയാകും. പൂക്കൾ ഞാനൊരിയ്ക്കലും പറിയ്ക്കാറില്ല . തഴുകിത്തലോടി അങ്ങനെ നില്ക്കും . ഓരോ ശിഖരത്തിലും ഒരു കുടന്ന സ്നേഹം ഒളിപ്പിച്ചുവച്ച എന്റെ ശീമക്കൊന്നയ്ക്ക് ' കേശവൻ ' എന്ന് പേരിട്ടാലോ ? നന്നായിരിയ്ക്കില്ലേ ?
മഴത്തുള്ളിയിലും , മഞ്ഞുതുള്ളിയിലും , നിലാവിലും , നക്ഷത്രങ്ങളിലും , പൂക്കളിലും , ശലഭങ്ങളിലും , മാനത്തും , മഴവില്ലിലും ശിവനന്ദ എന്ന കുട്ടി മനസ്സ് നിക്ഷേപിച്ചിരുന്നു . ഇന്നും , ഒരു വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടാൽ സ്വയമറിയാതെ എന്റെ കണ്ണുകൾ ആകാശത്തേയ്ക്ക് നീളും . അപൂർവ്വമായി വിരിയുന്നൊരു മഴവില്ല് കണ്ടാൽ എന്റെ മനസ്സിലും ഏഴ് വർണ്ണങ്ങൾ വിരിയും . രാത്രി മുറ്റത്തിറങ്ങിയാൽ എന്റെ കണ്ണുകൾ അറിയാതെ നക്ഷത്രങ്ങളിലേയ്ക്ക് നീളും .
ഇന്നിന്റെ പൂമുഖത്തിണ്ണയിൽ ഇരുന്ന് , " ഒറ്റയ്ക്കിരിക്കുന്നു ഞാനുമെൻ മോഹങ്ങളും ....മാറാല മൂടിയ മനസ്സിൻ ദാഹങ്ങളും " എന്ന് കവിത കുറിയ്ക്കുമ്പോൾ ഞാനോർക്കുകയാണ് , ഈ ശീമക്കൊന്നയും , കാപ്പിച്ചെടിയും , ഗന്ധരാജനും ,, ഇലഞ്ഞിയുമൊക്കെ ഓരോരോ സമയത്ത് എത്ര മനോഹരമായാണ് എന്റെ ജീവിതത്തിലിടപെട്ടത് !
ജീവിതപ്രതിസന്ധികളിൽ സ്വയം പഴിയ്ക്കുകയും വിധിയെ പഴിയ്ക്കുകയുമൊക്കെ ചെയ്യുന്ന സമയത്ത് , സ്വന്തം മനസ്സിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കൂ. അവിടെ , നമ്മളറിയാതെ നമ്മെ തഴുകിക്കടന്നുപോയ മധുരമുള്ള ചിലതുകൾ .....ജീവിതത്തിന്റെ വരണ്ട തലങ്ങളിൽ ഒരു ഇളംകാറ്റ് പോലെ ഒഴുകിവന്ന് കുളിരും ലാഘവവും തരുന്ന ചില ഓർമ്മത്തുന്ടുകൾ .....മാനം കാണാതെ സൂക്ഷിച്ച മയിൽപ്പീലിത്തുണ്ടുകൾ പോലെ......അവ വീണ്ടും നമ്മെ തഴുകുന്നില്ലെ? അവിടെ നമ്മുടെ എല്ലാ വേദനകളും അലിഞ്ഞുതീരുന്നില്ലെ?
എനിയ്ക്കറിയാം ഇത് നിങ്ങളെ മടുപ്പിച്ചിട്ടുണ്ടാവും എന്ന് ..കാരണം , ഞാൻ , എനിയ്ക്ക് പ്രിയപ്പെട്ടവൾ ആകുന്നതുപോലെ മറ്റാർക്കുമാകുന്നില്ലല്ലോ .. എങ്കിലും ആരുടെയെങ്കിലും മനസ്സിൽ ഏതെങ്കിലും ഒരോർമ്മ കടന്നുവന്ന് പാൽമധുരമിറ്റിച്ചിട്ടുണ്ടെങ്കിൽ , അതിന് ഇത് കാരണമായെങ്കിൽ , ഞാൻ ധന്യയായി.....
ഇനി , ഇതിന്റെ മറ്റൊരു വശം . ഒരു മുഴുവൻസമയ കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യ എന്ന നിലയിൽ , എന്റെ അമ്മ അനുഭവിച്ച ഏകാന്തതയും വേദനയും ആ ഗർഭപാത്രത്തിൽക്കിടന്ന് ഞാനറിഞ്ഞിരിയ്ക്കാം . ആ നിറവയറിൽ സ്നേഹത്തോടെ അമ്മ സ്വയം തലോടുമ്പോൾ , ഗർഭപാത്രത്തിൽക്കിടന്നു ആ പരിലാളനത്തിൽ ലയിയ്ക്കുമ്പൊഴും ഞാൻ അമ്മയോട് ചോദിച്ചിരിയ്ക്കാം , " അച്ഛനെന്താണ് എന്നെ തഴുകാത്തത് ?" എന്ന് . അപ്പോൾ അമ്മയിങ്ങനെ മന്ത്രിച്ചിരിയ്ക്കാം , " അത് രാജ്യത്തിന് വേണ്ടിയുള്ള സ്വപ്നങ്ങളുടെ ബലിതർപ്പണം ആണ് കുഞ്ഞേ " എന്ന് . ആരെ കുറ്റപ്പെടുത്താനാവുമെനിയ്ക്ക് ? അച്ഛനെന്റെ അഭിമാനവും , അമ്മയെന്റെ അനുഭൂതിയുമാണ് .
ഞാൻ സ്വയം പാർവതീകരിയ്ക്കുവാൻ വേണ്ടി ഈ പേജ് ഉപയോഗിച്ചു എന്ന് ദയവായി തോന്നരുത് . ഇതെന്റെ അഭിമാനനിമിഷങ്ങളും, അനുഭൂതിയും , വേദനകളുമാണ് . അത് ഞാൻ നിങ്ങളോടല്ലാതെ മറ്റാരോടാണ് പങ്കുവയ്ക്കുക?
ബാല്യത്തിലേയ്ക്കുള്ള ഈ മടക്കയാത്രയിൽ ആരൊക്കെ എന്റെയൊപ്പം വന്നെന്നറിയില്ല . വന്നവരിൽ , ആരൊക്കെ എന്നെ പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെപ്പോയെന്നറിയില്ല . എങ്കിലും.....നന്ദി.....ഒരുപാട് നന്ദി.....എല്ലാവർക്കും .....
**************
3 അഭിപ്രായ(ങ്ങള്‍):
Nee ninakku priyappettavalaakunna pole thanne mattullavarkkum...!
Manoharam ee varikal. Ashamsakal...!!!
ശുദ്ധമായ എഴുത്തു
thank u sajeev..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ