--------------------------------
ശിവനന്ദ .
അയാൾ കുറെ നേരമായി കണ്ണാടിയുടെ മുന്നിലിരിയ്ക്കുന്നു . എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല . അല്ലെങ്കിൽ ഈ ആണുങ്ങൾക്കെന്താ ഇത്ര ഒരുങ്ങാൻ ? ഇത്തിരി പൗഡർ പൂശണം, മുടിയൊന്നൊതുക്കണം , നല്ല വസ്ത്രം ധരിയ്ക്കണം ...അതിലപ്പുറം ഒന്നും ചെയ്യാനില്ലല്ലോ എന്ന് തെല്ല് നിരാശയോടെയാണ് അയാൾ ഓർത്തത് . സത്യത്തിൽ ഈ സ്ത്രീകളാണ് ഭാഗ്യവതികൾ . കണ്മഷിയിൽ , സിന്ദൂരക്കുറിയിൽ , വസ്ത്രങ്ങളിൽ, കൈകാൽ നഖങ്ങളിൽ...ഒക്കെ എന്തെന്ത് പുതുമകൾ പരീക്ഷിയ്ക്കാം അവർക്ക് ..!
മൊബൈലിൽ വിളി വല്ലതും വന്നോ ?അയാള് ആകാംക്ഷയോടെ നോക്കി. ഇല്ല... എന്താണിവൾ വിളിയ്ക്കാത്തത് ? അങ്ങോട്ട് വിളിയ്ക്കണോ ? വേണ്ട . ചെന്നിട്ട് വിളിയ്ക്കാം. അതാ നല്ലത്. എന്തായാലും പോയേക്കാം. കണ്ണാടിയിൽ ഒന്നുകൂടി നോക്കി തൃപ്തി വരുത്തി. മുടി പ്രണയത്തോടുകൂടി ഒന്ന് പിറകോട്ട് തഴുകിയൊതുക്കി . ഷർട്ടിൽ എവിടെയെങ്കിലും ചുളിവുകളുണ്‍ടൊ എന്ന് ഒന്നുകൂടി പരിശോധിച്ചു. കോളർ ശരിയാക്കി. ഷൂസിന്റെ ലേസ് മുറുക്കിക്കെട്ടി. പെർഫ്യൂം അടിച്ചു. ഒരെണ്ണം അടിച്ചിട്ട് തൃപ്തിയാവാതെ മറ്റൊരെണ്ണം കൂടി അടിച്ചു . വിദേശ പെർഫ്യൂമുകളുടെ ഒരു മേളം തന്നെയുണ്ട് വീട്ടിൽ . തൃപ്തിയായി . ഇനിയിറങ്ങാം .
കാറിന്റെ ചാവിയെടുത്ത് കൈവിരലിലിട്ട് കറക്കി , ഊർജ്ജസ്വലതയോടെ ഇറങ്ങി. കാറിന്റെ കണ്ണാടിയിലും കൂടി ഒന്ന് നോക്കി തൃപ്തനായപ്പോഴെയ്ക്കും അയാളുടെ ചുണ്ടിൽ അറിയാതൊരു ചിരിയൂറി .
" ഇത്രമേൽ മണമുള്ള പൂവാണ് നീയെന്ന്
ആത്മസഖി ഞാനറിയുവാൻ വൈകിയോ.."
ഈസ്റ്റ് കോസ്റ്റ് വിജയന്റെ പ്രണയഗാനം മെല്ലെ മൂളിക്കൊണ്ട് വണ്ടിയെടുത്തപ്പോൾ അയാൾ അതിശയത്തോടെ ഓർത്തു . തനിയ്ക്ക് പാടാൻ അറിയുമായിരുന്നില്ലല്ലോ ! അതിനയാൾ തന്നെ ഉത്തരവും കണ്ടുപിടിച്ചു.
" പാടാത്ത വീണയും പാടും ....
പ്രേമത്തിൻ ഗന്ധർവ്വ വിരൽ തൊട്ടാൽ
പാടാത്ത മാനസവീണയും പാടും........"
സ്റ്റിയറിങ്ങിൽ താളം പിടിച്ച് വളരെ ലാഘവത്തോടെ അയാള് വണ്ടിയോടിച്ചു. പാർക്കിൽ വരാമെന്നാണ് പറഞ്ഞത് . കാത്തിരിയ്ക്കേണ്ട സ്ഥലവും പറഞ്ഞുകൊടുത്തിട്ടുണ്ട് .
" ഇഷ്ടം എനിയ്ക്കിഷ്ടം.....
ആരോടും തോന്നാത്തൊരിഷ്ടം ...
ആദ്യമായ് തോന്നിയൊരിഷ്ടം ......"
ഓ....! ഇന്ന് പാടി മരിയ്ക്കും . ....! തെല്ല് തമാശയോടെ അയാളോർത്തു .
പാർക്കിന് മുന്നിൽ വണ്ടിയൊതുക്കി . പോക്കറ്റിൽ നിന്ന് ചീപ്പെടുത്ത് കാറിന്റെ കണ്ണാടിയിൽ നോക്കി അയാൾ തലചീകി . മൊത്തത്തിൽ ഒന്ന് ശ്രേയസ് വരുത്തി . പെർഫ്യൂമിന്റെ വാസന പോയോ ? സ്വയമൊന്ന് പരിശോധിച്ച് അയാൾ കാറിന് പുറത്തിറങ്ങി . പറഞ്ഞപ്രകാരം പാർക്കിലെ ചാരുബഞ്ചിൽ പോയിരുന്നു. മൊത്തത്തിലൊരു വിഹഗവീക്ഷണം നടത്തി . വന്നോ ? വരുന്നുണ്ടോ ?
അയാൾ ഓർത്തു . .....അല്ല , ഓർക്കാനിപ്പോൾ മറ്റൊന്നുമില്ലതാനും . കാത്തിരിപ്പ് മടുപ്പിയ്ക്കുമോ എന്ന് ഭയന്ന് അയാൾ ഓർക്കാൻ തുടങ്ങി . സരയുവിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങൾ ......ഒരു ചാറ്റ് സൗഹൃദമായിരുന്നു അത് . ചാറ്റ്റൂമിൽ കയറിയാൽ ഗോപുവും സരയുവുമല്ലാതെ ഈ ഭൂമിയിൽ മറ്റാരുമില്ലെന്ന് തോന്നിയിരുന്നു . സങ്കടവും , സന്തോഷവും , സൗഹൃദവും പങ്കുവച്ച് , അവസാനം അത് പ്രണയത്തിലേയ്ക്ക് വഴിമാറിത്തുടങ്ങിയപ്പോൾ രണ്ടുപേരും പരസ്പരം ഓർമ്മിപ്പിച്ചു .
"നമ്മൾ സ്വയമൊന്ന് നിയന്ത്രിയ്ക്കണം . ഈ പോക്ക് ശരിയല്ല . "
ഈ പോക്ക് ശരിയല്ലെന്ന് രണ്ടുപേരും അംഗീകരിച്ചു . പക്ഷേ പോക്കിന് മാത്രം വ്യത്യാസമൊന്നുമുണ്ടായില്ല . ഒരടി പിന്നോട്ട് വയ്ക്കുമ്പോൾ രണ്ടടി മുന്നോട്ട് വച്ച് പ്രണയവഴികൾ ....അവസാനം ഫോണ്‍ നമ്പറും കൈമാറി . സരയുവിന്റെ തേനൂറുന്ന മധുരസ്വരം കോരിത്തരിപ്പിയ്ക്കുന്നതായിരുന്നു എന്നയാൾ ഓർത്തു . അത് പറഞ്ഞപ്പോൾ അവൾ പറഞ്ഞു .
" ശബ്ദം കേട്ട് എന്നെ വിലയിരുത്തണ്ടാട്ടോ ...മാധവിക്കുട്ടീടെ സ്വരം മരിയ്ക്കുന്നതുവരെ എന്ത് നല്ലതായിരുന്നു ! '
അയാളുടെ ശബ്ദത്തിന് വളരെ ഗാംഭീര്യം ഉണ്ടെന്ന് അവൾ പറഞ്ഞത് അയാൾക്ക് വളരെ സുഖിച്ചു.
അവസാനം പരസ്പരം കാണണമെന്ന് തോന്നിത്തുടങ്ങി . പിന്നെയങ്ങോട്ട് മുൻകൂർജാമ്യങ്ങളുടെ കോലാഹലമായിരുന്നു .
" എന്നെ കാണാൻ അത്ര ഭംഗിയോന്നുമില്ലാട്ടോ "
അവൾ പറഞ്ഞു . അയാളത് നിസ്സരവത്കരിച്ച്ചു .
" അതിന് ഞാൻ നിന്റെ ശരീരത്തെയല്ലല്ലോ , മനസ്സിനെയല്ലേ സ്നേഹിച്ചത് ? "
" കണ്ടാലെന്നെ ഇഷ്ടാല്ലാണ്ടാവോ ? "
അവൾക്ക് പേടി.
" അങ്ങനെ നീ സംശയിയ്ക്കുന്നോ ? എന്റെ സ്നേഹത്തിൽ നിനക്ക് വിശ്വാസമില്ലേ ? "
" ഉണ്ട്. മറ്റെന്തിനെക്കാളും..എന്നാലും ...."
" ഒരെന്നാലുമില്ല. എന്റെ പേടി , നിനക്കെന്നെ ഇഷ്ടമായില്ലെങ്കിലോ എന്നാണ് ."
" ഒരിയ്ക്കലുമില്ല ഗോപു....നീയെങ്ങനെയിരുന്നാലും എനിയ്ക്ക് വിഷയമല്ല . നിന്റെ സ്നേഹം......നിന്റെ ശബ്ദം.....നിന്റെ വാക്കുകൾ .....ഇനിയിപ്പോ നീ തൊണ്ണൂറ് കഴിഞ്ഞ വൃദ്ധനായാൽപ്പോലും നിന്നെയെനിയ്ക്ക് വെറുക്കാനാവില്ല ഗോപൂ...അത്ര ഞാൻ സ്നേഹിയ്ക്കുന്നു നിന്നെ......"
പ്രണയാതുരമായിരുന്നു അവളുടെ സ്വരം...
" എനിയ്ക്കുമതെ ".
അയാളും മനസ്സുകൊണ്ട് ഒപ്പ് വച്ചു .
" എനിയ്ക്ക് പതിനേഴ് വയസ്സോന്നുമാല്ലാട്ടോ ഗോപൂ .."
അവൾ വീണ്ടും ആശങ്കപ്പെട്ടു . അയാൾ സമാധാനിപ്പിച്ചു .
"എഴുപതായിക്കോട്ടെ..അതിനെന്താ ? "
ഇതൊക്കെ ചാറ്റ് സൌഹൃദങ്ങളിലെ സ്ഥിരം ഡയലോഗുകളാണല്ലൊ എന്നയാൾ ഓർക്കാതിരുന്നില്ല . മനപ്പൂർവ്വം അതങ്ങ് മറന്നുകളയുകയും ചെയ്തു .. ഏറ്റവും സങ്കടം തോന്നിയത്, അവളുടെ മറ്റൊരു ചോദ്യം കേട്ടപ്പോഴാണ് .
" വിശ്വസിയ്ക്കാമോ എനിയ്ക്ക് ? ചതിയ്ക്ക്യോ എന്നെ ? മറ്റുള്ളോരുടെ മുന്നിൽ ചീത്തയായി ചിത്രീകരിയ്ക്ക്യോ ? ..."
വല്ലാതെ വിഷമം തോന്നി. സ്ത്രീജന്മങ്ങൾ ഉള്ളിടത്തോളം കാലം ഈ സംശയം എന്നും അവരുടെ കൂടെയുണ്ടാകുമെന്നും തോന്നി. നനുത്ത സ്വരത്തിൽ അവൾ വീണ്ടും പറഞ്ഞു .
" വേണ്ടെങ്കിൽ വിട്ടുകളഞ്ഞോളൂ . പക്ഷെ ഒരു മോശക്കാരിയായി കാണരുത് . ആരോടുമങ്ങനെ പറയുകയുമരുത് ...."
ഒന്ന് നിർത്തി അവൾ വീണ്ടും പറഞ്ഞു.....
" പല പുരുഷന്മാരും അങ്ങനെയാണെന്ന് കേട്ടിരിയ്ക്കണു . എനിയ്ക്കറിയില്ല . "
" കഷ്ടം....! സരയൂ...."
അങ്ങനെ അവളെയൊന്ന് വിളിയ്ക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല . അവളങ്ങനെ ചിന്തിച്ചതിൽ തെറ്റ് പറയാനില്ല . കാലമതാണ് . ആ ചെറുഭയം അവളുടെ സ്ത്രീത്വത്തിന് അഴക് കൂട്ടിയെന്ന് തോന്നി . ....
സത്യം പറഞ്ഞാൽ , അവൾക്ക് എന്ത് പ്രായമുണ്ടെന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു . അതിന് വേണ്ടി ഒന്നുമറിയാത്ത മട്ടിൽ തിരിച്ചും മറിച്ചും പല ചോദ്യങ്ങളും അവളോട് ചോദിച്ചു . പക്ഷേ അവളുടെ ഉത്തരങ്ങളിൽ നിന്നും വ്യക്തമായി ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല . അവളുടെ ആകാംക്ഷയും പ്രകടമായിരുന്നു .
" ഞാനങ്ങനെ തീരെ ചെറുപ്പമൊന്നുമല്ല സരയൂ....."
അവൾ ചോദിച്ചതും , ചോദിയ്ക്കാൻ പോകുന്നതുമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നു അത് . എന്തായാലും ഇന്ന് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടും . ഇന്ന് പരസ്പരം കാണാൻ പോകുകയാണ് . ആകാംക്ഷ കൊണ്ട് അയാൾക്ക് വീർപ്പുമുട്ടലനുഭവപ്പെട്ടു . വാച്ച് നോക്കി . പറഞ്ഞ സമയം കഴിഞ്ഞിരിയ്ക്കുന്നു . എന്താണിവൾ വരാത്തത് ? ഒന്ന് വിളിച്ചു നോക്കിയാലോ ? അയാൾ ആശങ്കയോടെ ഫോണെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു . തൊട്ടടുത്തുനിന്നും ഫോണ്‍ ബെല്ലടിയ്ക്കുന്നത് കേട്ട് ശ്രദ്ധിച്ചു . അപ്പോഴാണ് അടുത്തൊരു സ്ത്രീ ഇരിയ്ക്കുന്നത് കണ്ടത് . ഇവരെപ്പോ വന്നിരുന്നു ? ! കണ്ടിരുന്നില്ല . സരയു ഫോണെടുത്തു .
" സരയൂ , നീയെവിടെയാ ? ഞാനിവിടെ കുറെ നേരമായി നോക്കിയിരിയ്ക്കുന്നു .. "
" ഞാൻ.....ഞാൻ........"
അടുത്ത നിമിഷം അപ്പുറത്തിരിയ്ക്കുന്ന സ്ത്രീയിലേയ്ക്ക് വീണ്ടും കണ്ണുകൾ തിരിഞ്ഞു . അവരും വല്ലാതെ പകച്ചു നോക്കി . ഒന്നുകൂടി ഫോണ്‍ ചെവിയോട് ചേർത്തു .
"സരയൂ , നീയെവിടെയാ ..."
വീണ്ടും തൊട്ടപ്പുറത്ത് നിന്ന് ...
" ഞാൻ......"
അയാൾ ഫോണ്‍ കട്ട് ചെയ്തു . പിന്നെ ആ സ്ത്രീയെ സൂക്ഷിച്ചു നോക്കി . അവർ തിരിച്ചും.......
" സരയു ? സരയുവാണോ ? '
" അ ........അതെ ......."
അവരുടെ പകപ്പ് മാറിയിരുന്നില്ല .
" ഞാൻ ഗോപു...."
അപ്പുറത്തിരിയ്ക്കുന്ന ഒരുത്തന്റെ മൊബൈൽ അടിച്ചു......." എസ്കേപ്പിക്കോ മച്ചാനേ ..മച്ചാനെ മച്ചു ..."
ചിരിയ്ക്കണോ കരയണോ എന്നറിയാതെയായി രണ്ടുപേർക്കും . ഒന്നും മിണ്ടാതെ പരസ്പരം അടിമുടി നോക്കിക്കൊണ്ടിരുന്നു . ...... അറുപത് വയസ്സ് തോന്നിയ്ക്കും സരയുവിന് . സൗന്ദര്യമല്ല . ഐശ്വര്യം . വെള്ളി പാകിത്തുടങ്ങിയ ചുരുണ്ട മുടിയിലേയ്ക്കും , കണ്ണടയ്ക്കുള്ളിലെ ജീവസ്സുറ്റ കണ്ണുകളിലേയ്ക്കും , നെറ്റിയിലെ ചന്ദനക്കുറിയിലേയ്ക്കും അയാളുടെ കണ്ണുകൾ നീണ്ടു . ഭംഗിയുള്ളൊരു കോട്ടണ്‍ സാരി അതിലും ഭംഗിയായി ഞൊറിഞ്ഞുടുത്തിരിയ്ക്കുന്നു .
അവരും ശ്രദ്ധിയ്ക്കുകയായിരുന്നു . പ്രായം നിർണ്ണയിയ്ക്കാനാവാത്ത അയാളുടെ മുഖത്ത് നോക്കി അവർ കണക്കുകൂട്ടി . അറുപത് -അറുപത്തഞ്ച് .......സ്നേഹം ഒളിപ്പിച്ച കണ്ണുകളിലേയ്ക്കും , ഇപ്പോൾ പൊട്ടിവിടരുമെന്ന ഭാവത്തിൽ തത്തിക്കളിയ്ക്കുന്ന പുഞ്ചിരിയിലേയ്ക്കും അധികനേരം നോക്കാനവർക്ക് കഴിഞ്ഞില്ല . പ്രായം മറന്ന ഒരു നാണം അവരെ തേടിയെത്തി . ഒളിച്ചുകളിച്ച പുഞ്ചിരി , പൊട്ടിച്ചിരിയായി അയാളെയും . ഈ ചെറുനാണവും , ചെറുഭയവും ഏത് പ്രായത്തിലും ഒരു സ്ത്രീയെ അതീവ സുന്ദരിയാക്കുന്നു എന്നയാൾ ഓർത്തു ......
അതിനിടയ്ക്ക് , രണ്ടുപേരും രഹസ്യമായി ദൈവത്തെ വിളിച്ചു......എന്റെ തൃപ്രയാറപ്പാ ......! ഇവളൊരു ചെറുപ്പക്കാരിയായിരുന്നെങ്കിൽ ഞാനെന്ത് ചെയ്തേനെ.....? അവിടുന്ന് രക്ഷിച്ചു...........!
എന്റെ ഭഗവതീ....! ഈയുള്ളവളെ കാത്തു ......രക്തപുഷ്പാഞ്ജലി എത്രയും വേഗം കഴിച്ചോളാം ഞാൻ ......
" സരയു എന്ന് തന്നെയാണോ പേര് ? "
" അല്ല സരസ്വതിയമ്മ . "
ചിരിയ്ക്കാതെന്ത് ചെയ്യും ?
" എന്റെ പേര് ഗോപാലകൃഷ്ണൻ നായർ . "
പിന്നെ , ഇതുവരെ പങ്കുവയ്ക്കാത്ത ചില കാര്യങ്ങൾ കൂടി അവർ പറഞ്ഞു . അവിടെ , ഭർത്താവ് മരിച്ച - ജോലിയിൽ നിന്ന് വിരമിച്ച മലയാളം അദ്ധ്യാപിക സരസ്വതിയമ്മയും , റിട്ട. ഇംഗ്ളീഷ് അദ്ധ്യാപകൻ ഗോപാലകൃഷ്ണൻ നായരും പുതുമുഖങ്ങളായി .
പശുവും , കിടാവും , കുറെ ആടുകളും , സഹായത്തിന് ഒരു ജോലിക്കാരിയുമായി കഴിയുന്ന സരസ്വതിയമ്മ , വിദേശത്തുള്ള മക്കളെ കുറ്റപ്പെ ടുത്തിയതേയില്ല . മക്കൾ ഒരുപാട് പണമയച്ചുതരുമെന്ന് അവർ അഭിമാനത്തോടെ പറയുകയും ചെയ്തു .
വിദേശത്ത് കുടുംബസമേതം താമസിയ്ക്കുന്ന മക്കളെ ഗോപാലകൃഷ്ണൻ നായരും തള്ളിപ്പറഞ്ഞില്ല . ചാരുബഞ്ചിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന ഊന്നുവടി അയാൾ വലിച്ചെടുത്തു . ഇനിയെന്തൊളിയ്ക്കാണാണ് ? അയാളത് അവരെ കാണിച്ചു .
"ഊന്നുവടിയോ "?
" അല്ല . വാക്കിംഗ് സ്റ്റിക്ക് ..! അങ്ങനെ പറയണം ...അതാ അന്തസ്സ് ...! കാലിന് നല്ല വേദനയാണെന്ന് പറഞ്ഞപ്പോ എന്റെ മോൻ വാങ്ങിത്തന്നതാ .....! ഇത് കണ്ടോ ? നല്ല വിലയാ ....! പോത്തിന്റെ കൊമ്പ് കൊണ്ട് ഉണ്ടാക്കിയതാ ...! ഇതുപയോഗിച്ചാൽ വാതം വരില്ലത്രെ . പക്ഷേ ....എനിയ്ക്കൊരു കുറവുമില്ലാട്ടോ ......പാവമെന്റെ കുഞ്ഞ്.....എപ്പോഴും അവനങ്ങനെയാ ...എത്ര കാശാ എനിയ്ക്ക് വേണ്ടി ചെലവാക്കുന്നെ ......! ചൂടെടുക്കാതെ ഉറങ്ങാൻ എന്റെ മുറി ഏ സി ആക്കിത്തന്നു ! പക്ഷെ ...ഏസി എനിയ്ക്ക് പറ്റത്തില്ലെന്നേ .....കാലുവേദന കൂടും . അതെന്റെ കുഴപ്പമല്ലേ ? അതിന് പാവമെന്റെ കുഞ്ഞെന്ത് പിഴച്ചു ? "
അയാൾക്ക് പറഞ്ഞിട്ട് മതിയാവാത്തതുപോലെ.....സരസ്വതിയമ്മ ഒരക്ഷരം മിണ്ടാതെ കേട്ടുകൊണ്ടിരുന്നു . ഒരു കേൾവിക്കാരിയെ ആണ് അദ്ദേഹത്തിനിപ്പോൾ ആവശ്യമെന്ന് അവരറിഞ്ഞു ......ഒരു ഊന്നുവടിയ്ക്കുള്ളിൽ ഒതുക്കാൻ മാത്രം ചുരുങ്ങിപ്പോയിരിയ്ക്കുന്നു സ്നേഹം....! ആത്മനിന്ദയോടെ അവരോർക്കുകയും ചെയ്തു .....
" ഇന്നലെ എന്റെ പിറന്നാളായിരുന്നു ..മോൻ വിളിച്ചിരുന്നു....പിറന്നാൾ ആശംസിയ്ക്കാൻ ....!
പിറന്നാൾ......തന്റെ പിറന്നാൾ എന്നാണ് ? അവർ ആലോചിച്ചുനോക്കി . ഒരു പിടിയുമില്ല .....
" എന്റെ കിങ്ങിണിക്കുട്ടി സംസാരിച്ചു .....! എന്റെ കൊച്ചുമോളേയ്...! ഞാനാ അവൾക്ക് കിങ്ങിണീന്ന് പേരിട്ടത്. ! ഇംഗ്ലീഷിലാ സംസാരമൊക്കെ ..! എന്നാലും അപ്പൂപ്പാന്ന് മലയാളത്തിൽ വിളിയ്ക്കും കെട്ടോ.....! എന്ത് രസാന്നറിയ്യോ അവൾടെ കൊഞ്ചല് കേൾക്കാൻ ..! ഒരുപാടായി കണ്ടിട്ട്...പ്രസവം കഴിഞ്ഞ് , കുഞ്ഞിന്റെ ഇരുപത്തെട്ട് കഴിഞ്ഞപ്പോ പോയതാ. പിന്നെ വന്നിട്ടില്ല....കൊതിയാവുന്നു...ഇപ്പൊ നാല് വയസ്സായി മോൾക്ക് ....ഇത്തവണത്തെ ഓണത്തിനും വരാൻ പറ്റില്ലെന്നാ പറഞ്ഞത്. ലീവ് കിട്ടില്ലത്രേ ......പക്ഷെ ..ഒരുപാട് ഫോട്ടോ അയച്ചുതരും കേട്ടോ...അതുനന്നായി........"
പെട്ടെന്ന് അയാള് നിർത്തി ...ശബ്ദം എവിടെയോ വഴിതടയപ്പെട്ടതുപോലെ .....
അവരൊന്നും മിണ്ടാതെ ആ കണ്ണുകളിലേയ്ക്ക് നോക്കിയിരുന്നു . അയാൾ തെരുതെരെ ഇമകൾ ചിമ്മുന്നത് , കണ്ണീരിനെ ആട്ടിപ്പായിയ്ക്കുന്നതാണെന്ന് അവർക്ക് മനസ്സിലാകുമായിരുന്നു . പിറന്നാളും , ഓണവും , ക്രിസ്തുമസ്സും , റംസാനുമൊക്കെ തന്റെ ജീവിതത്തിലും എന്നേ അനാഥമായതാണ് എന്നവർ പറഞ്ഞില്ല .....അയാൾ അവരെ നോക്കി വെറുതെ പുഞ്ചിരിച്ചു.....ആ ചിരിയിലൊളിച്ചുവച്ച കരച്ചിൽ കണ്ട് അവരും ചിരിച്ചു........ഈറൻ നിലാവുപോലെ......പിന്നെ......കുറെ നിമിഷങ്ങൾ ഒന്നും സംസാരിയ്ക്കാതെ.......മനസ്സിൽ എന്തൊക്കെയോ കൂട്ടിയും കിഴിച്ചും.....ഇടയ്ക്ക് പരസ്പരം നോക്കിയും.....കണ്ണുകളിലപ്പോൾ പ്രണയമായിരുന്നില്ല ....നിലാവുടുത്ത സ്നേഹം........!
അവർ മെല്ലെ എഴുന്നേറ്റു. അയാളുടെ കൈയ്യിൽ നിന്നും ഊന്നുവടി വാങ്ങി ചാരുബഞ്ചിന്റെ അടിയ്ലേയ്ക്കിട്ടു . എന്നിട്ട് പറഞ്ഞു ..
" ഇനിയിത് വേണ്ട ."
ഒന്നും മനസ്സിലാവാതെ നോക്കിയ അയാളുടെ നേരെ അവർ കൈ നീട്ടി .....
മനസ്സുകൾ വലുതായ നിമിഷം......ആശകൾ ചെറുതായ നിമിഷം.....സ്നേഹത്തിന്റെ ആ ഇളം നിലാവിൽ അയാൾ കൈ തൊട്ടു.....!!!
----------------------------------
2 അഭിപ്രായ(ങ്ങള്‍):
നല്ല ഒഴുക്കുള്ള കഥ
santhosham saji .. online frnedship ingane +ve aayittum varaallo ennoru chithayil ninnum..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ