(പ്രണയത്തെക്കുറിച്ച് ചർച്ചയിൽ നിന്നും.........ഞാൻ പറഞ്ഞ ചില അഭിപ്രായങ്ങൾ....)പ്രണയം ദിവ്യമായൊരു അനുഭൂതിയാക്കണൊ അതോ ഭ്രാന്തമായൊരു ലഹരിയാക്കണോ എന്ന് അതിൽ ഉൾപ്പെടുന്നവർക്ക് തീരുമാനിയ്ക്കാവുന്നതേയുള്ളു എന്ന് ഞാൻ മുൻപേ പറഞ്ഞു . സ്ത്രീപുരുഷബന്ധം എങ്ങനെയൊക്കെ നിർവചിച്ചാലും , അതിനൊരു പ്രകൃതിനിയമമുണ്ട് . അതിനിപ്പുറം നമ്മൾ കൊടുത്തിരിയ്ക്കുന്ന മറ്റൊരു നിയമാവലിയുമുണ്ട് . ' മാംസനിബദ്ധമല്ല അനുരാഗം ' എന്ന കവിവചനം അവിടെ നിൽക്കട്ടെ. ഒരു സ്ത്രീയും പുരുഷനും തമ്മിൽ അടുക്കുമ്പോൾ , അത് പ്രണയത്തിലേയ്ക്ക് വഴിമാറുമ്പോൾ --- മാനസികതലത്തിൽ നിന്നും വളർന്നുവളർന്ന് അനുകൂലസാഹചര്യത്തിൽ അത് ശാരീരികതലത്തിലെയ്ക്ക് എത്തി നിൽക്കുമെന്നത് പ്രകൃതിനിയമം . പക്ഷെ, അവിടെ നമ്മൾ ചില ' വിലക്കുകൾ ' വച്ചിട്ടുണ്ട് എന്നുള്ളത് നമ്മുടെ നിയമം. അപ്പോൾ , പ്രകൃതിനിയമം അനുസരിയ്ക്കണോ അതോ നമ്മുടെ നിയമം അനുസരിയ്ക്കണമോ എന്ന് നമുക്ക് തന്നെ തീരുമാനിയ്ക്കാം.ഒരു പ്രണയം, മാനസികതലത്തിൽ നിന്നും വളർന്ന് ശാരീരിക തലത്തിലെത്തിയാൽ , അത് ആ ബന്ധത്തിന്റെ ഉത്തുംഗശൃംഗമാണെന്ന് പറയാം. അതിന് മുകളിലേയ്ക്ക് ഇനി ഒന്നുമില്ല . ഏറ്റവും മുകളിലെത്തിയാൽ എപ്പോഴെങ്കിലും താഴത്തോട്ടുപോന്നല്ലെ തീരൂ? അപ്പോൾപ്പിന്നെ ആ ബന്ധം തീർച്ചയായും താഴേയ്ക്കാണ് . കാരണം , പിന്നെയതിൽ എന്തിരിയ്ക്കുന്നു ? അതിനാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത് പ്രകൃതി നിയമമാണ്. അവിടെയാണ് നാം നമ്മുടെ നിയമങ്ങൾ കൈയ്യിലെടുക്കേണ്ടത് . ബന്ധങ്ങൾ നല്ല രീതിയിൽ നിലനിന്നുപോകാൻ വേണ്ടിയാണ് നാം ചില ' അരുതുകൾ ' സൃഷ്ടിച്ചിരിയ്ക്കുന്നത് . ബുദ്ധിപൂർവ്വം ചെയ്യേണ്ടത് ഇതുതന്നെയാണ്. പ്രണയം മനസ്സിലെ അനുഭൂതിയിൽ നിന്നും, ശരീരത്തിന്റെ ലഹരിയിലേയ്ക്ക് എത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുക . അങ്ങനെ എത്താത്തിടത്തോളം കാലം, പ്രണയം അനുഭൂതിയായും ആവേശമായും എന്നും നിലനിൽക്കും . എത്ര സ്നേഹിച്ചാലും മതിയാവാതെ , "സ്നേഹിച്ചു തീർന്നില്ല ഞാൻ, ഇനിയുമുണ്ട് സ്നേഹിയ്ക്കാനെനിയ്ക്ക് ബാക്കി " എന്ന തോന്നലിൽ നിരന്തരം സ്നേഹിച്ച്ചുകൊണ്ടെയിരിയ്ക്കും . കാരണം , അതൊരിയ്ക്കലും പൂർണ്ണതയിലെത്തുന്നില്ലല്ലോ . ഇനിയതല്ല , തിരിച്ചാണ് സംഭാവിയ്ക്കുന്നതെങ്കിൽ, പ്രണയം അവിടെ തീരും അത്രതന്നെ ... ദാമ്പത്യത്തിൽ പ്രണയം നിലനില്ക്കാത്തത് , ഒരുപരിധിവരെ ഇതുകൊണ്ടുതന്നെയാണ് . ദാമ്പത്യത്തിൽ, ഒരു ഭർത്താവിന് കാമുകനാവാനോ , ഭാര്യയ്ക്ക് കാമുകിയാവാനോ ഒരിയ്ക്കലും കഴിയുന്നില്ല . കാരണം , അവരെല്ലാം അനുഭവിച്ചുതീർത്തുകഴിഞ്ഞു. ഒന്നും ബാക്കിയില്ല. പിന്നെ കുറെ ആവർത്തന വിരസതകൾ മാത്രം. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ പുതുമകൾ നിലനിർത്താൻ ( എല്ലാ രീതിയിലും ) ശ്രമിച്ചാൽ പ്രണയം കുറെ നാൾ കൂടി നിലനിൽക്കും . അത്രതന്നെ . ( എന്റെ വാക്കുകൾ അതിര് കടന്നു പോകുന്നെങ്കിൽ ക്ഷമിയ്ക്കുക. ഞാൻ കഴിയുന്നത്ര സൂക്ഷിച്ചാണ് പറയുന്നത്. ).... ...
പ്രണയവിവാഹം 90% പരാജയപ്പെടുന്നതിന് കാരണവും ഇതുതന്നെയാണ് . അതായത് , വിവാഹത്തിനു മുൻപുണ്ടായിരുന്ന പ്രണയം , വിവാഹശേഷം നിലനിർത്താൻ കഴിയുന്നില്ല. അതിന് കുറെ പാടുപെടേണ്ടിവരും. ദാമ്പത്യത്തിൽ പ്രണയം നിലനിർത്താൻ കഴിയാത്തതുകൊണ്ടാണ് പല സ്ത്രീപുരുഷന്മാരും ദാമ്പത്യത്തിനു പുറമേ പ്രണയമന്വേഷിയ്ക്കുന്നത് . പരസ്പരം സ്നേഹത്തോടെ ഒരു ചേർത്തുപിടിയ്ക്കൽ, പരിലാളനം, സ്നേഹത്തിന്റെയൊരു കൊക്കുരുമ്മൽ , സ്നേഹമർമ്മരങ്ങൾ .....ഇതൊക്കെ എല്ലാ സ്ത്രീപുരുഷന്മാരും ഒരുപാട് ആഗ്രഹിയ്ക്കുന്നുണ്ട് .പക്ഷെ , ദാമ്പത്യത്തിൽ 90% വും കുറെ ആവേശപ്രകടനങ്ങളും , കടമതീർക്കലുകളുമല്ലാതെ മറ്റൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് മടുപ്പും വിരസതയും പെട്ടെന്ന് കടന്നുവരുന്നത്. ' താലി ' കുറെ നിബന്ധനകളുടെ ലോഹരൂപമായതിനാലും , സമൂഹം, കുടുംബം , മക്കൾ , ഇവയൊക്കെ വളരെ പ്രധാന്യമർഹിയ്ക്കുന്നതിനാലും പല ദാമ്പത്യങ്ങളും, ഇഴഞ്ഞും വലിഞ്ഞും മുന്നോട്ട് നീങ്ങുന്നു. പല ഭാര്യാഭർത്താക്കന്മാരുടെ ഇടയിലും വളരെ ആഴത്തിലുള്ള ഒരു ആത്മബന്ധം നിലനിൽക്കുന്നു എന്നത് ഞാൻ മറക്കുന്നില്ല. പക്ഷെ, അവിടെയും പ്രണയമുണ്ടോ എന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. പരസ്പരം ഒരുപാട് സ്നേഹിയ്ക്കുന്നു എന്ന് നമുക്ക് പ്രത്യക്ഷത്തിൽ തോന്നുന്ന ദമ്പതിമാരിൽ പലരും ദാമ്പത്യത്തിന് പുറത്ത് പ്രണയമന്വേഷിയ്ക്കുന്നതിന്റെ കാരണവും ഇതാണ് . എനിയ്ക്ക് പലപ്പോഴും തോന്നിയിട്ടുള്ള കാര്യം, പ്രണയിയ്ക്കുന്നവർ തമ്മിൽ ഒരിയ്ക്കലും വിവാഹം കഴിയ്ക്കരുത് എന്നാണ് . കഴിച്ചാൽ ആ നല്ലോരു ബന്ധം അതോടെ തീരും . മറിച്ചായാൽ , ഇടയ്ക്കിടെ അതോർത്ത് ഒന്ന് നൊമ്പരപ്പെടാനും , അതൊരു മയിൽപ്പീലിത്തുണ്ടായി മനസ്സിൽ സൂക്ഷിയ്ക്കാനും , ഇടയ്ക്കിടെ എടുത്ത് അരുമയോടെ ഒന്ന് തഴുകാനും കഴിയും . ജീവന്റെ അവസാന തുടിപ്പും നിലയ്ക്കുന്നതുവരെ അത് നിലനിൽക്കുകയും ചെയ്യും ............... ഞാൻ ഈ പറഞ്ഞതെല്ലാം എന്റെ എളിയ അഭിപ്രായങ്ങൾ മാത്രമാണ് . തെറ്റുണ്ടെങ്കിൽ , എന്റെ ചങ്ങാതിമാർ എന്നോട് ദയവായി ക്ഷമിയ്ക്കുക.
Permalink Reply by ശിവനന്ദ on Saturday
Delete
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ