2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ദൈവത്തിന്റെ താഴ്വര

ദൈവത്തിന്റെതാഴ് വര . 

- ശിവനന്ദ 

                                      ചങ്ങല  ഉരഞ്ഞ്  വ്രണമായി  പഴുത്തഴുകിയ  കാലിലേക്ക്  നോക്കിയിരുന്ന്  ചിരിച്ചു . ആത്മനിന്ദയുടെ  ചിരിയാണോ ? അതോ  ആത്മപീഡനത്തിന്റെയൊ ? അതോ  ഇനി  ആത്മസംതൃപ്തിയാണോ ? ആവോ  അറിയില്ല .

"നിങ്ങളെന്റെ  ഭർത്തവായിപ്പോയതുകൊണ്ടുമാത്രമാണ്  ഞാൻ  തിരിച്ചു  തല്ലാത്തത് . പക്ഷെ  മനസ്സുകൊണ്ട്  ഒരായിരം  പ്രാവിശ്യമെങ്കിലും  ഞാൻ  നിങ്ങളെ  കൊന്നുകഴിഞ്ഞു ".

അമർന്ന  സ്വരത്തിൽ  ഭാര്യ  പറഞ്ഞു . അവിടെ , അവളിലെ  ഭാര്യ  ആദരണീയയായെന്നു  അന്ന്  മനസ്സിലാക്കീല്ലല്ലോ . എന്നിലെ  ആധിപത്യമോഹിയായ  മണ്ടൻ  പുരുഷൻ  കരുതി  അവൾ  തോൽവി  സമ്മതിച്ചതാണെന്ന് . പക്ഷെ  ജയത്തെ  ഉള്ളിലൊളിപ്പിച്ച്  തോൽവി  പ്രഖ്യാപിച്ച  അവൾ , ' ഭാര്യ ' യെന്ന  സ്ഥാനത്തിന്റെ  മഹനീയത  പറയാതെ  പറയുകയായിരുന്നു .

                                           മുഖമടച്ചുകൊടുത്ത  അടിയിൽ  ചെവിയിൽനിന്നൊഴുകിയ  രക്തത്തുള്ളികൾ  തുടച്ചെടുത്തുകൊണ്ടാണവളതു  പറഞ്ഞത് . മുറിവേറ്റ  കാട്ടുമൃഗത്തിന്റെ  മുരൾച്ചപോലിരുന്നു  സ്വരം . കണ്ണുകളിൽ  ഒരായിരം  സൂര്യന്മാർ  കത്തിക്കാളുന്നുണ്ടായിരുന്നു . അതുകണ്ടപ്പോൾ  കുറെ  ചീഞ്ഞഴുകിയ  തെറിവാക്കുകൾ  കൊണ്ട്  അവളെ  അഭിഷേകം  ചെയ്യാനാണെനിക്കു  തോന്നിയത് . അങ്ങനെതന്നെ  ചെയ്തു . പക്ഷെ  അവളത്  ശ്രദ്ധിച്ചതേയില്ല . പ്രതികരിച്ചുമില്ല . അതുകൊണ്ടുതന്നെ  ആ  അസഭ്യവാക്കുകളത്രയും  എന്റേതുതന്നെയായി  അവശേഷിച്ചു . ഞാൻ  കൊടുക്കുന്നത്  അവൾ  സ്വീകരിച്ചില്ലെങ്കിൽ  പിന്നെ  അത്  എന്റെതുമാത്രമായിരിക്കുമെന്ന്  ചിന്തിക്കാൻ  എത്ര  കാലമെടുത്തു ! 

                                              എന്തിനാവളെ  അത്രമേൽ  ക്രൂശിച്ചത് ? ഈ  ചോദ്യം  ഞാനെന്നോടുതന്നെ  ചോദിച്ചത് ഇപ്പോഴല്ലേ ?  അന്നങ്ങനെ  തോന്നിയില്ലല്ലോ . വിഡ്ഢികളുടെ  സ്വർഗത്തിൽ  കുറെ  മിഥ്യാധാരണകളുമായി  മദിച്ചുനടന്നു . മദ്യം ............. മദ്യമാണെല്ലം  തകർത്തുകളഞ്ഞത്‌ . മദ്യപിച്ചുകഴിഞ്ഞാൽപ്പിന്നെ  കണ്ണിന്  മഞ്ഞനിറമാണ് . സംശയത്തിന്റെ  മഞ്ഞനിറം .അങ്ങനെ  ഭാര്യ  ഒരു  മഞ്ഞസ്ത്രീയായി . ആദ്യമവൾ  പകച്ചു . പിന്നെ  അവിശ്വസ്സനീയതയോടെ  നോക്കി . ശേഷം  എതിർത്തു . ആത്മാഭിമാനത്തിന്  ക്ഷതമേറ്റപ്പോൾ  അവൾ  ശൗര്യത്തോടെ  നേരിട്ടു . പക്ഷെ  എന്റെ  നേരെ  ചൂണ്ടുന്ന  വിരലുകളത്രയും  അരിഞ്ഞുകളയുന്നതായിരുന്നല്ലൊ  എനിക്കിഷ്ടം . അടിച്ചു , തൊഴിച്ചു , മുടിയിൽപ്പിടിച്ച് വലിച്ചിഴച്ചു ..........

                                                                   അവൾ  കരഞ്ഞതേയില്ല . വാചകങ്ങൾ  വാക്കുകളിലേക്ക്‌  ചുരുങ്ങി . ഒടുവിൽ .............. മനസ്സിൽ  അഗ്നിപർവ്വതങ്ങളെ  ഗർഭം  ധരിച്ചുകൊണ്ടവൾ  മൗനത്തിലമർന്നു ..............

"ഞാനൊരാളോട്  സംസാരിക്കണമെങ്കിൽ   അത്  കേൾക്കാനുള്ള  ഏറ്റവും  കുറഞ്ഞ  യോഗ്യതയെങ്കിലും  അയാൾക്ക്‌  വേണം . വാക്കുകളെനിക്കു  വിലപ്പെട്ടതാണ്‌ ."

പരഞ്ഞവസാനിപ്പിച്ചുകൊണ്ടവൾ   തിരിഞ്ഞുനടന്നു . പക്ഷെ  ഞാൻ  യുദ്ധം  നിർത്തിയില്ല . സ്ഥാനത്ത്  ആരുമില്ലാത്തിടത്തോളംകാലം  ഞാനെന്റെ  നിഴലിനോടാണ്‌  യുദ്ധം  ചെയ്യുന്നതെന്ന്  ചിന്തിക്കാൻ  മദ്യമെന്നെ  അനുവദിച്ചിരുന്നില്ലല്ലൊ . 

"സ്നേഹം  ആവശ്യമുള്ളിടത്തേക്ക്   അത്  സ്വയം  ഒഴുകിയെത്തും . ആവശ്യമില്ലാത്തിടത്ത്  അതിന്റെ  ഒഴുക്ക്  നിലക്കുകയും  ചെയ്യും ".

അവളൊരിക്കൽ   ആത്മഗതം  പോലെയാണത്  പറഞ്ഞത് . അതൊരു    മുന്നറിയിപ്പായിരുന്നോ  എന്നറിയില്ല . ഞങ്ങളുടെ  ഇടയിൽ  സ്നേഹത്തിന്റെ  ഒഴുക്കുണ്ടായിരുന്നോ ? ആവോ . ആർക്കറിയാം ! അതെന്നെങ്കിലും  നിലച്ചുപോയതാണൊ ? അതുമറിയില്ല . എങ്ങനെയറിയാനാണ് ? എന്റെ  കണ്ണിൽ  ഭാര്യ  ഒരു  മഞ്ഞ  സ്ത്രീയായിരുന്നല്ലോ .

                                         ഭാര്യ  എന്ന  നിലയിൽ  യാതൊരു  പരിഗണനയും  കൊടുക്കാതെ ......... വേശ്യയെന്നു  വിളിച്ചു , ജീവിതത്തിൽ  നിന്നൊഴിഞ്ഞുപോകാൻ  പറഞ്ഞു , ആത്മഹത്യ  ചെയ്യാൻ  പ്രേരിപ്പിച്ചു , പറിച്ചെറിഞ്ഞിട്ടും  ഇത്തിക്കണ്ണിപോലെ  പിടിച്ചുതൂങ്ങാൻ  നാണമില്ലേ  എന്ന്   ചോദിച്ചു .

എങ്ങനെയാണ്  ഭാര്യയെന്ന  സ്ത്രീ  അതെല്ലാം  സഹിച്ചതെന്ന്  ആലോചിയ്ക്കാൻ  ഇക്കണ്ട  കാലമെടുത്തല്ലോ . ഒറ്റ   വാചകമേ  അവൾ  പറഞ്ഞുള്ളൂ .

"എന്റെ  മക്കൾ  അച്ചനുമമ്മയുമുള്ളവരായിത്തന്നെ  ജീവിക്കണം ".

വല്ലാത്ത  മൂർച്ചയുണ്ടായിരുന്നു  സ്വരത്തിന് . ആത്മരോഷം  രാകി  മൂർച്ചകൂട്ടിയ  ആ  വാക്കുകൾ  ഏൽപ്പിച്ച  പരിക്ക് 
വേദന  വമിപ്പിച്ചത് ഇപ്പോഴല്ലേ ?

കാലിൽ  ആയിരം  സൂചികൾ  കുത്തിയിറക്കുന്നതുപോലെ ........... വേദനയല്ല . സന്തോഷം ......... സംതൃപ്തി ..... ഇത്രയും  പോരാ . ഇനിയുമിനിയും  വേണം . ദേഹമാസകലം   വൃണങ്ങൾ  വരണം . ഓരോ  ഇഞ്ച്  സ്ഥലവും  പുഴുക്കൾ  അരിച്ചു  തീർക്കണം . മുഷിഞ്ഞുനാറിയ  കീറത്തുണികൊണ്ട്  മൂടിയിട്ട്  പുഴുക്കൾക്ക്  സംരക്ഷണം  കൊടുത്തു . എന്നെങ്കിലും  കൊടുത്തോ  ഭാര്യക്കും  മകൾക്കും  ഒരു  സംരക്ഷണം ? മകൾ ? മകളോ ? ഏതു  മകൾ ? പെട്ടെന്ന്   കീറത്തുണി  മാറ്റി  പുഴുക്കളോട്  സൗഹൃദത്തോടെ  പറഞ്ഞു .

"എന്തിനാണിത്ര  താമസം ? വേഗമാകട്ടെ ".

വീണ്ടും  മകൾ ........ എന്റെ .......... എന്റെ  കുഞ്ഞ് ...... ഹോ ! എന്റെ  ദൈവമേ ! നിലത്ത്  കിടന്നുരുണ്ടു . തലമുടി  വലിച്ചുപറിച്ചു . അരിക്കുന്ന  പുഴുക്കളോട്  അലറിവിളിച്ചു .

"ഞാനെന്റെ  ദേഹം  ഇഷ്ടദാനം  തന്നതല്ലേ ? എന്തിനാണിത്ര  അമാന്തം ? തിന്ന് . മത്സരിച്ചു  തിന്ന് ".........

പക്ഷെ  എന്റെ  അലർച്ചക്കുമേലെ  ഭാര്യയുടെ  അലർച്ച  മുഴങ്ങിക്കൊണ്ടേയിരുന്നു .

"ദുഷ്ടാ ..... ഇനി  നീയി  ഭൂമിയിൽ  വേണ്ട ".

കൈയ്യിൽ  വെട്ടുകത്തിയുമായി  പാഞ്ഞടുത്ത  അവൾ  പൊട്ടിത്തെറിച്ച  അഗ്നിപർവ്വതം  പോലെ . കണ്ണിൽ  നിന്നുംതിളക്കുന്ന  ലാവ  ഒഴുക്കികൊണ്ട് . മദ്യത്തിന്റെ  ലഹരിയിൽ  അന്തംവിട്ടു  ഒന്നിനുമാവാതെ  നിന്ന  നിമിഷം  അവളുടെ  കൈയ്യിലെ  വെട്ടുകത്തി  ഉയർന്നുതാണു . ഒഴിഞ്ഞുമാറിയത്‌  കൊണ്ട്  കൈയ്യിലാണ്  വെട്ടുകൊണ്ടത് .രക്തമൊലിക്കുന്ന  കൈയ്യുമായി  ഇറങ്ങിയോടുമ്പോൾ  മദ്യത്തിന്റെ  ലഹരി  തീർത്തും  വിട്ടൊഴിഞ്ഞിരുന്നു . അല്പദൂരം  മാത്രം  ഓടി . തളർന്നുവീണപ്പോൾ  പിറകിലെവിടെയോനിന്നു  അഗ്നിപർവ്വതസ്ഫോടനങ്ങൾ  കേൾക്കാമായിരുന്നു . നാട്ടുകാർ  പിടികൂടി  പോലീസിലേൽപ്പിക്കുമ്പോഴും , പോലീസിന്റെയും  കോടതിയുടെയും  ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ   മറുപടി  പറയുമ്പോഴും  മനസ്സിൽ  വിവിധവിചാരങ്ങളായിരുന്നു . ജയിലിലടച്ചാൽ  കുറെ  നാൾ  കഴിയുമ്പോൾ  മോചിപ്പിക്കും . അതുവേണ്ട . പിന്നെ  ആത്മഹത്യയെക്കുറിച്ച്  ചിന്തിച്ചു . ഒറ്റ  നിമിഷംകൊണ്ടെല്ലാം  തീരും . അതും  വേണ്ട . നീറിനീറി  ഇഞ്ചിഞ്ചായി  മരിയ്ക്കണം . അതാണെനിക്ക്  വേണ്ടത് .

                                                     മകളെ  പീഡിപ്പിക്കാൻ  ശ്രമിച്ച  അച്ഛൻ !....... ദൈവമേ ! ഞാനാണോ  ആ  അച്ഛൻ ? ഞാനാണോ ? എന്താണ്  ഞാൻ  ചെയ്തത് ? എന്താണ്  സംഭവിച്ചത് ? ആരോടാണത്  പറയുക ? ആരാണത്  വിശ്വസിക്കുക ? മദ്യത്തിന്റെ  ലഹരിയിൽ  മകളെ .............. അമ്മയോളം  വളർന്ന  മകളെ ........... എന്റെ   ദൈവമേ ! ആരോടാണ്  ഞാനൊന്ന്  പറയുക ? പിറകിൽ  നിന്ന്  വട്ടം  പിടിക്കുമ്പോൾ ............. മകളാണെന്നറിഞ്ഞില്ല . അമ്മയുടെ  നിശാവസ്ത്രമാണ്  അവളണിഞ്ഞിരുന്നത് . ഭര്യയാണെന്നൊർത്താണ്‌ ........

                                                      അലറിക്കരഞ്ഞുകൊണ്ട്  തിരിഞ്ഞ  മുഖം  കണ്ടപ്പോൾ ......... എന്റെ  ദൈവമേ ! എന്റെ  കുഞ്ഞ് ......... നടുക്കത്തോടെ  പിന്നോട്ടു  മാറുമ്പോൾ ........... മദ്യത്തിന്റെ  ലഹരി  നിമിഷനേരം  കൊണ്ട്  ഊർന്നുപോയി .

"മോളെ , അച്ഛനറിഞ്ഞില്ല ".........

തൊഴുകൈയ്യോടെ  മകളുടെ  മുന്നിൽ . എനിക്ക്  ചെവി  തരാതെ  ഭയത്തോടെ  അലരിക്കരഞ്ഞ  മകളെ  നോക്കി  സ്തംഭിച്ചുനിന്നപ്പോൾ ......... സ്വന്തം  കുഞ്ഞിനെ  രക്ഷിക്കാൻ  ഏതറ്റം  വരെയും  പോകുന്ന , ആരെയും  സംഹരിക്കുന്ന  അമ്മ  എന്ന  സത്യം ......ഭാര്യ  എന്റെ  നേരെ  വെട്ടുകത്തി  വീശുമ്പോൾ ......... ആ  അവസ്ഥയിലും  അവളിലെ  അമ്മയെ  ജീവിതത്തിലാദ്യമായി  എന്റെ  മനസ്സ്  തൊഴുതു . പിന്നെ  ഞാൻ  എനിക്ക്  വേണ്ടി  ശബ്ദിച്ചില്ല . നിസ്സഹായത  വെളിപ്പെടുത്തിയില്ല . നിരപരാധിത്വം  തെളിയിക്കാൻ  ശ്രമിച്ചുമില്ല .

                                                      ചോദ്യങ്ങൾക്ക്  പരസ്പരബന്ധമില്ലാതെ  മറുപടി  പറഞ്ഞപ്പോൾ , ഭ്രാന്തഭിനയിച്ച്  അക്രമം  കാട്ടിയപ്പോൾ ........... എന്റെ  ശിക്ഷ  ഞാൻ  സ്വയം  വിധിക്കുകയായിരുന്നു . ആക്രമണകാരിയായ  ഭ്രാന്തനെ  ഭ്രാന്താശുപത്രിയിൽ  ചങ്ങലക്കിട്ടു . എത്രനാളുകളായി ? മാസങ്ങൾ ? വർഷങ്ങൾ ? അറിയില്ല . ആരുടെയും  ഒരു  വിവരവുമറിയില്ല . ആരും  അന്വേഷിച്ച്  വന്നിട്ടുമില്ല . അത്രയും  നന്ന് .

                                                       കാലിലെ  വൃണത്തിൽ  അരിച്ച  ഓരോ  പുഴുക്കളോടും  നന്ദി  പറഞ്ഞു . അറിയാതെയാണെങ്കിലും  ഒരു  നിമിഷം  ഞാനെന്റെ  കുഞ്ഞിനെ  ദുരുദ്ദേശത്തോടുകൂടി  സ്പർശിച്ചതിന്  സ്വയം  വിധിച്ച  ശിക്ഷയാണിത് . എന്റെ  ഓരോ  ജീവാണുവിലും  പുഴുവരിക്കണം . അരിച്ചരിച്ച്  തീർക്കണം .

"ഒരു  പുരുഷാവയവത്തിൽ  നിന്നല്ല . പുരുഷന്റെ  സ്നേഹത്തിൽ  നിന്നാണ്  അമ്മയുടെ  ഗർഭപാത്രത്തിൽ  ഒരു  കുഞ്ഞ്  പിറക്കേണ്ടത് ".

എന്നോ  ഒരിക്കൽ  ഭാര്യ  പറഞ്ഞ  വാക്കുകൾ . ഒരു  മന്ത്രധ്വനിപോലെ  ചുറ്റും ..............

                                                      വളർന്നിറങ്ങിയ  താടിരോമങ്ങൾക്കിടയിലൂടെ  ഒഴുകിയിറങ്ങിയ  വെള്ളത്തുള്ളികൾ ............... വരണ്ടുണങ്ങിയ  കണ്ണുകളിൽ  നിന്നും .......... ഇടയ്ക്കിടെ  പെയ്യുന്ന  വേനൽമഴ  പോലെ ............... തുടച്ചില്ല . ദൈവത്തിന്റെ  താഴ് വരയിലത്   വീണ്  ചിതറി ....................



                                         ____________________________

2 അഭിപ്രായ(ങ്ങള്‍):

Sureshkumar Punjhayil പറഞ്ഞു...

Manushya jeevithangalude thazvara...!

Manoharam, Ashamsakal...!!!

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

ഒരു പുരുഷാവയവത്തിൽ നിന്നല്ല . പുരുഷന്റെ സ്നേഹത്തിൽ നിന്നാണ് അമ്മയുടെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് പിറക്കേണ്ടത് "!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .