2016 നവംബർ 4, വെള്ളിയാഴ്‌ച

നിങ്ങളെന്നെ തെരുവിലാക്കി. ( ലേഖനം )

2 അഭിപ്രായ(ങ്ങള്‍)
                                                
                                                   
                                                                       

ചില  അനുഭവസാക്ഷ്യങ്ങളിൽ  നിന്നും   നമുക്ക്  തുടങ്ങാം.

എന്റെ  കുട്ടിപ്രായത്തിൽ  അച്ഛന്റെ   വീട്ടിൽ  ഒരു വളർത്തു നായുണ്ടായിരുന്നു .   ടോമി   എന്നായിരുന്നു   അവന്റെ   പേര് .   വലിയ   കുടുംബമഹിമയൊന്നും   അവകാശപ്പെടാനില്ലാത്ത   ഒരു നാടൻ നായ .   നല്ല  ഓർമ്മയുണ്ടെനിയ്ക്ക് ...


എന്റെ  കൊച്ചച്ഛന്റെ  മകൾ   അന്ന്   കുഞ്ഞു വാവയാണ് .  വീട്ടിൽ   നീണ്ടൊരു   ഇറയവും   അതിനറ്റത്ത് വലിയൊരു തളവുമുണ്ട് .   തളം   എന്ന്  പറഞ്ഞാൽ ,  പൂമുഖമില്ലെ ?   അതിന്റെ  മറ്റൊരു  രൂപം.   ഇറയത്തിന്റെ   ഒരു വശമാണ്   വലിയൊരു  തുറന്ന തളമായി   മാറിയിരിയ്ക്കുന്നത് .   നമ്മുടെ   സ്വീകരണ മുറിപോലെ...


അവിടെ   നിലത്ത്   പായ  വിരിച്ചു   അനിയത്തിയെ   കിടത്തും .   കുഞ്ഞുങ്ങളെ   എപ്പോഴും   എടുത്തുകൊണ്ട്  നടക്കരുത് ,  താഴെ   കിടത്തണം ,   അവർ   കിടന്നു   തുള്ളിക്കളിച്ചു   വളരണം   എന്നാണ്   അമ്മയുടെയും മറ്റും   പക്ഷം .  (എന്റെയും ).


അനിയത്തി   പായിൽക്കിടന്ന്   തുള്ളിക്കളിച്ചു ,  ഉരുണ്ട് മറിഞ്ഞു  തളത്തിന്റ   വക്കത്തേയ്ക്ക്   നീങ്ങും .   അപ്പൊ   നമ്മുടെ   കഥാനായകൻ   ടോമി  ഇത്   സസൂക്ഷ്മം   നിരീക്ഷിച്ച്  ,  കോലിറയത്ത്   ഇരിയ്ക്കുന്നുണ്ടാവും.   കുഞ്ഞ്  ഉരുണ്ട്   അരികത്തേയ്ക്ക്   വരുമ്പോഴുണ്ടല്ലോ ,  കക്ഷി   ഓടിവന്ന്   അവളുടെ   ഇപ്പുറത്ത് , തളത്തിന്റ   വക്കത്ത്   നീണ്ടു നിവർന്ന്   ഒരു കിടപ്പാണ് ...!!!!    എന്തിനാ ?    കുഞ്ഞ്   താഴത്തേയ്ക്ക്   വീഴാതിരിയ്ക്കാൻ !!!   അവൾ  അവിടുന്നും   ഉരുണ്ടു മറിഞ്ഞ്   വേറെ  സ്ഥലത്തേയ്ക്ക്   പോകുമ്പോ  അവൻ  ഓടിവന്ന്   ആ  വശത്ത്   കിടക്കും... കുഞ്ഞിനെ   നോക്കി   ഒരുതരം   മൂളലും   മുരങ്ങലും   ഒക്കെയുണ്ട് .   അവൻ  വാവയോട്   സംസാരിയ്ക്കുന്നതാകാം.   മറക്കാൻ   പറ്റില്ല  ആർക്കുമത് .   ഒരു  മനുഷ്യൻ   കുഞ്ഞിനെ   നോക്കുന്നത് പോലെ..!


ഈ ഒരു  അനുഭവമാണ്   ആ  നായയെക്കുറിച്ച്   എന്റെ  ഓർമ്മയിലുള്ളത് .   പിന്നെ  അവന്റെ   മരണവും...  പ്രായമായി   അസുഖം  ബാധിച്ചായിരുന്നു   മരണം.   ചികിൽസിയ്‌ക്കുകയും ചെയ്തിരുന്നു.   അവൻ   എന്നെന്നേയ്ക്കുമായി   കണ്ണടച്ച   അന്ന്   വീട്ടിലെല്ലാവർക്കും   വലിയ   സങ്കടമായിരുന്നെന്നും   ഞാൻ  ഓർക്കുന്നു.   കൊച്ചച്ഛൻ   അന്ന്   ഭക്ഷണം   പോലും   കഴിച്ചില്ലത്രെ ...


എന്റെ   വീട്ടിലും   എന്നും നായയെ   വളർത്തിയിരുന്നു .  അതിൽ   എനിയ്ക്കേറ്റവും   പ്രിയപ്പെട്ടവൻ   ജാക്കി .   വലിയ   കുസൃതിയും   സ്നേഹസമ്പന്നനും .   കുറച്ചു   നേരം  ഞങ്ങളെ   കാണാതിരുന്നാൽ   സങ്കടമാണവന്.   എവിടെങ്കിലും  പോയാൽ  തിരിച്ചെത്തി   ഗേറ്റ് കടക്കുമ്പോഴേയ്ക്കും ,  സ്വതന്ത്രനാണെങ്കിൽ,   സ്നേഹം  കൊണ്ടും   സന്തോഷം   കൊണ്ടും  വീർപ്പ് മുട്ടി ,   പാഞ്ഞു വന്ന്  ചാടി ,  രണ്ടു  കാൽ   ഞങ്ങളുടെ   തോളത്ത്   വച്ചൊരു   നിൽപ്പുണ്ട് ...


കുറുമ്പും  കുസൃതിയും   കുറച്ചല്ല.   ഒരു   ജോഡി   ചെരുപ്പ്   പുറത്ത്   കിടന്നാൽ, - അത്  ഞങ്ങളുടെയായാലും  പുറത്തു നിന്ന് വരുന്നവരുടെ  ആയാലും -    ഉറപ്പാണ്,   അതിൽ  ഒരെണ്ണം   അവൻ  എടുത്തുകൊണ്ടു പോകും.   ഒരെണ്ണം   മാത്രമേ   കൊണ്ടുപോകൂ.   എന്തിനാ ?   ഒളിച്ചു വയ്ക്കാൻ ..!   കളയുകയോ   നശിപ്പിയ്ക്കുകയോ   ഒന്നും  ചെയ്യില്ല.   ഒരു പോറൽ  പോലും  വീഴ്ത്തില്ല.  ടെറസ്സിലേയ്ക്ക്   കയറുന്ന   കോണിപ്പടിയുടെ   അടിയിലാണ്  അവൻ  അത്  ഒളിച്ചു വയ്ക്കുക.    എപ്പോഴും   അതെ.   അതിന്   മാറ്റമില്ല.   എന്നിട്ട്   അവിടെ   കാവൽ   കിടക്കും.    എന്റെ  പണി   കഴിഞ്ഞു ,  ഇനി   ആവശ്യക്കാർ   വന്ന്   എടുത്തുകൊണ്ട്   പൊയ്ക്കോ  എന്ന  ഭാവത്തിൽ..!    നമുക്ക്  പോയി   അതെടുക്കാം.   അവന്   വിരോധമില്ല.   ഹോ...!  നായയ്‌ക്കൊക്കെ   എന്നാ   പക്വത !  ല്ലേ ?


ഭക്ഷണം    കൊടുക്കുന്ന    സമയത്ത്   മാത്രം   അവന്   ക്ഷമയില്ല.   പാത്രത്തിലേക്ക്   ഇട്ടു  തീരുന്നതിനു   മുൻപേ   അവൻ   ചാടിവീഴും .    അപ്പോൾ   നമ്മൾ   ശകാരിച്ചാലുണ്ടല്ലോ ,   പിന്നത്തെ   കാര്യം   പറയണ്ട.  ഭയങ്കര   പരിഭവവും   പിണക്കവുമാണ് .   ദൂരെ   മാറിക്കിടക്കും.   ഭക്ഷണത്തിലേയ്ക്ക്   നോക്കുക   പോലുമില്ല.    വിളിച്ചാലും   പിണക്കം   മാറില്ല.   ഓട്ടക്കണ്ണിട്ട്   നമ്മളെ   നോക്കും.   പിന്നെ   അനുനയിപ്പിച്ച്   ഭക്ഷണം  കഴിപ്പിയ്ക്കാൻ   വലിയ   പാടാണ് .   അങ്ങനെ  എന്തെല്ലാം   ഓർമ്മകൾ...
  

നോക്കൂ...   ഈ  പാവങ്ങളാണ്   ഇപ്പോൾ  നമ്മുടെ   നിതാന്ത ശത്രുക്കളായിരിയ്ക്കുന്നത് .    ഒരു നായയെപ്പോലും  ഞങ്ങൾ   ഉപേക്ഷിച്ചു   കളഞ്ഞിട്ടില്ല .   അസുഖം   വന്നാൽ   ചികിത്സയ്ക്കും .   എത്ര   രോഗിയായാലും   പ്രായമായാലും  മരണം  വരെ   അവർ  വീട്ടിൽത്തന്നെയുണ്ടാകും .   


തെരുവുനായ   ഭീകരാന്തരീക്ഷം   സൃഷ്ടിയ്ക്കുന്ന   ഈ സമയത്ത് ,  ഞാനൊന്ന്   ചിന്തിച്ചു   നോക്കുകയാണ്.... തെരുവ് നായ  വാദിയായോ   തെരുവ് നായ വിരുദ്ധവാദിയായോ   അല്ല.     ഒരു കിരീടവും  വയ്ക്കാതെ  സ്വതന്ത്രമായി   നിന്ന്  ഒന്ന്  ചിന്തിയ്ക്കുകയാണ്... പണ്ടില്ലാത്ത  വിധം ,  എന്തുകൊണ്ടിങ്ങനെ   സംഭവിയ്ക്കുന്നു   എന്നാണെന്റെ   ആലോചന....


ആദിമകാലം  തൊട്ടേ   മനുഷ്യന്റെ   ഉറ്റചങ്ങാതിയാണ്   നായ.   എന്നിട്ടും   എന്തുകൊണ്ട്  ?   ആരാണ്   തെറ്റുകാർ ?


നമ്മൾ   പലപ്പോഴും   കണ്ടിട്ടുള്ള    ചില  കാഴ്ചകളുണ്ട് .   വളർത്തുനായയ്ക്ക്   പ്രായമായാൽ   അവയെ  തെരുവിൽ  ഉപേക്ഷിയ്ക്കുക ,  രോഗിയായാൽ ഉപേക്ഷിച്ചു കളയുക ,   നായയ്ക്ക്  കുഞ്ഞുങ്ങളുണ്ടാവുമ്പോൾ,   നല്ല കുഞ്ഞുങ്ങളെ നോക്കി എടുത്ത്  ബാക്കി  കുഞ്ഞുങ്ങളെ  തെരുവിൽ   ഉപേക്ഷിയ്ക്കുക ... അങ്ങനെ പലതും ...


ഒരു  ചെറിയ  വിഭാഗം   നായ്ക്കൾ   ഇങ്ങനെ  തെരുവിലാകുന്നു .   തെരുവ് നായ്   എന്നതിനേക്കാൾ  തെരുവിലാക്കപ്പെടുന്ന നായ  എന്ന പേരാണ്  അവയ്ക്ക്  കൂടുതൽ യോചിയ്ക്കുക  എന്ന് എനിയ്ക്ക് തോന്നുന്നു.    തെരുവിലാകുന്ന   നായ്ക്കൾക്ക്   വരുന്ന   അനാഥത്വം ,     അവരുടെ സ്വഭാവ രീതികളിൽ  വലിയ   മാറ്റങ്ങൾ  വരുത്തുന്നു..


നമ്മൾ   പ്രത്യേകം   ഓർക്കേണ്ട   ഒരു  കാര്യമുണ്ട് .   ചെന്നായ  വർഗ്ഗത്തിൽപെട്ടവരാണ്   നായ്ക്കൾ .    ചെന്നായ്ക്കൾക്ക്   ഡൊമസ്റ്റിക്കേഷൻ  വഴി നായ്ക്കളിലേയ്ക്ക്   രൂപാന്തരീകരണം   സംഭവിച്ചതാണ്.     മനുഷ്യൻ   ആദ്യമായി  മെരുക്കി  വളർത്തിയ   മൃഗമാണ്   നായ.   ഏതാണ്ട്   പന്തീരായിരം   വർഷങ്ങൾക്ക്   മുൻപാണെന്ന്  പറയപ്പെടുന്നു ,   മനുഷ്യൻ  ചെന്നായ്ക്കളെ    മെരുക്കിയെടുത്തത്.   അങ്ങനെ  ചെന്നായയെ  മെരുക്കി  നായയാക്കി   വളർത്തി .   ഈ  നായ്ക്കൾക്ക്   മനുഷ്യരുമായി   ബന്ധമില്ലാതായാൽ ,   അവർ  പൂർവ്വികരായ   ചെന്നായ്ക്കളുടെ   സ്വഭാവം   കാണിയ്ക്കും.    

ചെന്നായ്ക്കൾ   കൂട്ടമായിട്ടാണ്  ഇരതേടുകയും   ആക്രമിയ്ക്കുകയും ചെയ്യുക.   മുഖത്തും  തുടയിലുമാണ്  ചെന്നായ്ക്കൾ   ആക്രമിയ്ക്കുക.   നോക്കൂ ,    ഇപ്പോൾ   തെരുവ് നായ്ക്കളുടെ   സ്വഭാവം  ഈ പറയുന്ന   ചെന്നായ്ക്കളുടെ  സ്വഭാവത്തിലേയ്ക്കല്ലേ  വിരൽ ചൂണ്ടുന്നത് ?   

ചുരുക്കം  പറഞ്ഞാൽ ,   ഉപേക്ഷിയ്ക്കപ്പെട്ട  നായ ,  തന്റെ   വംശപൈതൃകം  തേടുന്നു...!   അതായത്   വിപരിണാമം.  വംശപാരമ്പര്യത്തിലേക്കുള്ള  തിരിച്ചുപോക്ക് .

ഇതൊരു  കാര്യം...   ഇനി  മറ്റൊരു  കാര്യം.


ഭക്ഷണം   പാഴാക്കി തെരുവിൽ  തള്ളുന്ന  രീതി...  അറവ് മാലിന്യങ്ങൾ,   ഹോട്ടലിലെ  വേസ്റ്റ്   തുടങ്ങിയവ  സംസ്ക്കരിയ്ക്കാതെ തെരുവിൽ  തള്ളുന്ന  രീതി..   ഇതൊക്കെ   ഭക്ഷിച്ചാണ്‌   തെരുവ് നായ്ക്കൾ   കൊഴുക്കുന്നത് .   


ധാരാളം   രാസപദാർത്ഥങ്ങൾ   അടങ്ങിയ   ഭക്ഷണം  ചിലപ്പോഴൊക്കെ   മനുഷ്യരിൽപ്പോലും   വന്യ സ്വഭാവം ഉണ്ടാക്കുന്നു  എന്ന്  വിദഗ്ദ്ധമതം .   അത് ,  അതിലിരട്ടിയായി   തെരുവ് നായ്ക്കളിലും .


ഒരുപാട് ദുരന്തങ്ങൾ   നമ്മളിപ്പോൾ   കണ്ടു കഴിഞ്ഞു.   ഒരുപാട് വേദനിയ്ക്കുകയും  ചെയ്തു.    പക്ഷെ  ഈ  കൊന്നുതീർക്കൽ  എത്രത്തോളം  പരിഹാരമാകുമെന്ന്  അറിയില്ല.  


സൗത്ത്   ആഫ്രിക്കയിലെ   തെക്കു കിഴക്കൻ   പ്രദേശത്തുള്ള   'മാരിയൻ '   ദ്വീപിൽ   വളരെ   ക്രൂരമായൊരു   നായക്കുരുതി   നടന്നതായി  വായിച്ചിട്ടുണ്ട്.   പതിനാറ്  വർഷം  നിരന്തരമായിട്ട്  തെരുവ്  നായ്ക്കളെ  കൊന്നത്രെ.!   എന്നിട്ടും  തെരുവ് നായ്  പ്രശ്നം  പരിഹരിയ്ക്കാൻ  അവർക്ക്  കഴിഞ്ഞില്ല   എന്നാണ്   പറയുന്നത് .


 അതുകൊണ്ടാണ്   എനിയ്ക്ക്   സംശയം..  ഇവയെ എല്ലാം കൊന്നുതീർക്കാനാവുമോ?    ഇതൊരു  പരിഹാരമാകുമോ ?


ഇത്തരുണത്തിൽ   നമ്മൾ ഓർക്കേണ്ട  ഒരു  പ്രധാനപ്പെട്ട  കാര്യം,   തെരുവിൽ ഭക്ഷണമില്ലെങ്കിൽ ,  തെരുവിൽ  നായയുമുണ്ടാകില്ല എന്നതാണ് .  അതായത്   തെരുവ്‌നായ്ക്കളെ  കൊല്ലുന്നതിനു മുൻപ് ,   അവയുണ്ടാകാനുള്ള  സാഹചര്യങ്ങളെ   ഉന്മൂലനം   ചെയ്യുക.


അതെ... സാഹചര്യങ്ങളെയാണ്   ആദ്യം  ഉന്മൂലനം ചെയ്യേണ്ടത്   എന്നെനിയ്ക്ക്   തോന്നുന്നു.


എന്തായാലും  ഒരു കാര്യം   ഉറപ്പാണ് .   കുരുതി   കഴിയ്ക്കപ്പെടുന്ന   ഓരോ   നായയുടേയും  ആത്മാവ്   നമുക്ക്   നേരെ   വിരൽചൂണ്ടി പറയും....


" നിങ്ങളാണ് ... നിങ്ങളാണെന്നെ  തെരുവിലാക്കിയത് .   നിങ്ങളാണെന്നെ   കൊലയാളിയാക്കിയത്..."


                                        -------------------------


2016 ഒക്‌ടോബർ 30, ഞായറാഴ്‌ച

ഒരു തുണ്ട് മൗനം .

8 അഭിപ്രായ(ങ്ങള്‍)
                                                 ഒരു തുണ്ട്  മൗനം .
                                                 --------------------------------
                                                                                            -- ശിവനന്ദ .

നീര് വച്ച് വീർത്ത പാദം വലിച്ച്, ചിന്നിച്ചിതറിയ   മുടിയിഴകള്‍   ഇടയ്ക്കിടെ പിന്നിലേയ്ക്ക്   തൂത്തെറിഞ്ഞ് ഏന്തിയും  വലിഞ്ഞും  വേച്ചും അവർ  നടന്നു.    കല്ലില്‍ത്തട്ടി   കാലില്‍   ചോര   പൊടിഞ്ഞു.   കീറിയും തുന്നിയും നിറം കെട്ടുമിരുന്ന   സാരിത്തുമ്പ്   കാറ്റില്‍   പിറകോട്ടു   പറന്നു.

  ഒരു   പഴന്തുണിക്കെട്ട്   അവള്‍   നെഞ്ചോട്   ചേര്‍ത്ത്   പിടിച്ചിരുന്നു.   ആരോ   പിന്തുടരുന്നത്   പോലെ   അവള്‍  ഇടയ്ക്കിടെ   പിറകോട്ട്   തിരിഞ്ഞു   നോക്കി.   പിന്നെ   വഴിയരികില്‍   കണ്ട   മരച്ചുവട്ടിലേയ്ക്കിരുന്നു .   ആശ്വാസത്തോടെ   മരത്തിലേയ്ക്ക്   ചാരി   കണ്ണുകളടച്ചു.    മാറാപ്പ്   ഒന്നുകൂടി  നെഞ്ചിലേയ്ക്ക്   ഇറുക്കിപ്പിടിച്ച് ....

" ആര്  നീ ?"

അവള്‍  ഞെട്ടി   കണ്ണ് തുറന്നു .    ചുറ്റും   കൂടിയ   ആളുകള്‍..!   കണ്ണുകളില്‍   കൂര്‍ത്ത   മുനകള്‍..!


" നീയാര് "?

അവര്‍   വിരല്‍  ചൂണ്ടി .

" ഞാന്‍ ....ഞാന്‍... ഒരു   സഞ്ചാരി..."

" എന്തിനിവിടെ   വന്നു "? 

"അത്...അത് .. വെറുതെ..."

" നുണ.   നീ   തീവ്രവാദിയല്ലേ ?"

" നീ   ചാരനല്ലേ "?

" നീ  ചാവേറല്ലേ "?

മാറി   മാറി   ആക്രോശങ്ങള്‍ ..

" അല്ല...അല്ല... സഞ്ചാരിയാണ്... പാവം  സഞ്ചാരി...."

"സഞ്ചാരിയാണത്രെ ... എന്താ തെളിവ് ?   നിന്റെ   കൈയ്യിൽ   തിരിച്ചറിയൽ  കാർഡുണ്ടോ ? "

അവൾ   നിഷേധാർതഥത്തിൽ   തലയനക്കി .

" ആധാർ കാർഡുണ്ടോ ?  റേഷൻ  കാർഡുണ്ടോ ?  പാസ്‌പ്പോർട്ട്  ?  പോട്ടെ..ഒരു ഡ്രൈവിങ്  ലൈസൻസ്  എങ്കിലും ? "


അവൾ  മുഖമുയർത്തി  അവരെയൊന്ന്  നോക്കി....!

ആ നോട്ടത്തിന്റെ   അർത്ഥം   തിരയാൻ   അവർ  ഡിക്ഷ്ണറി   എടുക്കാൻ  മറന്നു ..കഷ്ടം..!


" എന്താ  നിന്റെ   മാറാപ്പിൽ ? "

അത്   കേട്ട   മാത്രയിൽ  അവൾ  ഭയത്തോടെ   അതൊന്നുകൂടി  കൈ കൊണ്ട്   പൊതിഞ്ഞു പിടിച്ച്  മിണ്ടാതിരുന്നു ..

" പറയെടീ .. ഇതിൽ   ബോംബല്ലേ  ?"

അവൾ ഞെട്ടി ..

"അല്ല...അല്ല..."

അവളുടെ  സ്വരം   വിറച്ചിരുന്നു .. കണ്ണുകൾ   നനഞ്ഞു വന്നു.   പക്ഷെ   മനസ്സിന്റെ   ചൂട്  കൊണ്ട്   അത്  ആവിയായിപ്പോയി .  തുണിക്കെട്ട്   ഒന്നുകൂടി  നെഞ്ചിലേക്കമർത്തി   അവൾ  ചുരുണ്ടുകൂടി ...

"അതൊന്നഴിച്ചേ ..കാണട്ടെ .."

"ഇല്ല..."

അവൾ  ദുർബ്ബലമായി   പ്രതിഷേധിച്ചു ..

" നിന്നോടല്ലേ പറഞ്ഞെ ..താടീ  ഇവിടെ.."

എല്ലാവരും കൂടി   ആക്രാന്തത്തോടെ   ആ പഴന്തുണിക്കെട്ട്   പിടിച്ചു  പറിച്ചു .  ആവേശത്തോടെ   അത്   വലിച്ചു കീറി .   അതിനുള്ളിൽ  മറ്റൊരു   പൊതിക്കെട്ട് .. അതിനുള്ളിൽ  വേറൊന്ന് ... ഒന്നൊന്നായി   അവർ  വലിച്ചു കീറിയെറിഞ്ഞു ...

ഒടുക്കം ... ഒടുക്കമൊരു  കുഞ്ഞു  മൺചെപ്പ് ..!   അത്  കൈയ്യിലെടുത്തപ്പോൾ  അവൾ   തൊഴുതു...

"അരുത് ..അത്  നശിപ്പിയ്ക്കരുത് ..."

"സത്യം  പറയെടീ ..എന്താ ഇതിൽ ?"

മറുപടി  പറയാതെ  അവൾ  കൈനീട്ടി ..

"താ .."

" ങാഹാ ... നീ പറയില്ലേ ?  എന്നാ  ഇതിലെന്താന്ന്   അറിഞ്ഞിട്ടുതന്നെ   കാര്യം.."

"ഞാൻ തുറക്കാം...ഞാൻ തുറക്കാം..."

എല്ലാവരും  കൂടി  പിടിവലി കൂടി.    ആരോ  ഒരാൾ  അത്   താഴേയ്ക്ക്  ആഞ്ഞെറിഞ്ഞു ..   പൊട്ടിച്ചിതറിയ  മൺചെപ്പിനുള്ളിൽ  നിന്നും   തൂവിത്തെറിച്ചത്  കുറെ  തരികളായിരുന്നു..!    കുറെ  സ്വപ്നത്തരികൾ !   അവളുടെ   പാതി   കരിഞ്ഞ   സ്വപ്നത്തരികൾ ...!

അവളൊന്നും  മിണ്ടിയില്ല.  കല്ലിന്  കാറ്റ്  പിടിച്ചത് പോലിരുന്നു...പിന്നെ...മെല്ലെ  മെല്ലെ  തൂവിപ്പോയ  തരികൾ  കൈ  കൊണ്ട്   തടുത്തുകൂട്ടി   വാരി ,  സാരിയുടെ   തുമ്പിൽ   കെട്ടിയിട്ടു... പിന്നെ  ചുറ്റും   നിന്നവരുടെ   മുഖങ്ങളിലേയ്ക്ക്  മാറി മാറി  നോക്കി..  ആ നോട്ടത്തിന്റെ   അർത്ഥം ...ശ്ശൊ...അവർ  ഡിക്ഷ്ണറി  എടുത്തില്ലല്ലോ...

എങ്കിലും   അവർ   അവളെ   നോക്കി   പിറുപിറുത്തു.....

"മാപ്പ് "...

അത്   കേൾക്കെ   അവളുടെ   കണ്ണൊന്ന്   വിടർന്നു ..!    മാപ്പ് ?  മാപ്പ്... അതിനെന്തു   വിലവരും ?    അവൾ   കണക്കു കൂട്ടി ..  ആത്മാഭിമാനത്തിന്റെ  അത്രയും ?    ഹേയ് ...ഇല്ല..അത്രയും  വരില്ല...  വ്യക്തിത്വത്തിന്റെ ?    ഹേയ് ...അതുമില്ല...  അപമാനത്തിന്റെ  ?    അതെ !   അവൾ ഉത്തരം  കണ്ടു പിടിച്ചു !   അവളുടെ  അപമാനത്തിന്റെ   വില  വരും മാപ്പിന്...  ഓരോ ദിവസവും   തെരുവിൽ  വലിച്ചു കീറപ്പെട്ട  അവളുടെ മാനത്തിന്റെ   വില...കൊള്ളാം...

മാപ്പ്..... അവൾ  ഓർത്തോർത്ത്   ചിരിച്ചു... കറ   പിടിച്ച   പല്ലുകൾ  കാട്ടി  വീണ്ടും  വീണ്ടും  ചിരിച്ചു ...

പക്ഷെ  പോരല്ലോ... ഇനിയുമുണ്ട്... ഒരു  കുഞ്ഞു മുഖത്തെ കടിച്ചു പറിച്ച   തെരുവ് നായ....എന്റെ....എന്റെ...

ആ കുഞ്ഞു ദേഹത്ത്  ആഴ്ന്നിറങ്ങിയ  പല്ലും മുഖവും...പിന്നെ...പിന്നെ...

അവളുടെ  അണപ്പല്ലുകൾ   ഞെരിഞ്ഞമർന്നു... സാരിയുടെ  ഇടയിൽ  തീ  വിഴുങ്ങിയ   ഒരു  തുണ്ടു  മൗനം  പോലെ  കത്തിയുടെ   വായ്ത്തല തിളങ്ങി....ഓരോ  ആൾക്കൂട്ടത്തിലും  അവളുടെ  ചത്ത കണ്ണുകൾ  തിരഞ്ഞു... ഒരു  നായ്‌മുഖം ...

"മാമ്മമ്മാര്  ചീത്തയാമ്മാ... അപ്പടി വേദനേടുത്തു ..."......

മണ്ണ്  തിന്ന്   മറഞ്ഞുപോയ  നിലവിളി....

കുത്തിക്കീറി . .. ഓരോ അവയവങ്ങളായി  അരിഞ്ഞരിഞ്ഞു .. ..പിന്നെയൊന്നും ആർത്തു ചിരിയ്ക്കാൻ....

അവൾ   വീണ്ടും   നടന്നു ... പ്രാഞ്ചിപ്രാഞ്ചി ....

                                                              ..........................






2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഈ ദൈവത്തിന്റെയൊരു കാര്യം..!

3 അഭിപ്രായ(ങ്ങള്‍)
                                  ഈ ദൈവത്തിന്റെയൊരു കാര്യം..!
                                --------------------------------------------------------
                                                                                                              -- ശിവനന്ദ .


ആ കുഞ്ഞിന് ഒരു മൂന്ന് മൂന്നര വയസ്സ് പ്രായം വരും. ഒരു തോർത്തിന്റെ ഒരറ്റം പെറ്റിക്കോട്ടിന്റെ അടിയിൽ തിരുകിയിട്ടുണ്ട്. മറ്റേ അറ്റം തോളത്തേയ്ക്ക് വീശി എറിഞ്ഞിട്ടുണ്ട്. സാരി ഉടുത്തതാണേ .. ആരോ ഉണ്ടാക്കിക്കൊടുത്ത ഒരു ഓലക്കണ്ണട ഫിറ്റ് ചെയ്തിട്ടുണ്ട്. കൈയ്യിൽ കുപ്പിവള നിറയെ. കാലിൽ വെള്ളി പാദസരം. ഒരു കുഞ്ഞു വടിയുണ്ട് കൈയ്യിൽ. മുന്നിൽ നിറയെ വിദ്യാർഥികൾ ഇരിയ്ക്കുന്നെണ്ടെന്നാണ് അവളുടെ ഭാവം . ചോദ്യങ്ങൾ ചോദിയ്ക്കുന്നു കുട്ടികളോട് . അവൾ ടീച്ചറാണ്. മനസ്സിലായല്ലോ?
കുട്ടികൾ ആരും ചോദ്യത്തിന് ഉത്തരം പറയുന്നില്ല. പിന്നത്തെ കാര്യം പറയണോ ? അടിയോടടി. വടി ഒടിയുന്നത് വരെ അടിച്ചു...! ആ കുഞ്ഞു അന്ന് ആഗ്രഹിച്ചത് ഒരു ടീച്ചറാവാൻ. ഇങ്ങനെ കുട്ടികളെ അടിയ്ക്കാല്ലോ. അതാവും. വെല്യ പുള്ളിയല്ലേ ഈ ടീച്ചർ എന്ന് പറഞ്ഞാൽ..!
കുറേക്കൂടി വലുതായപ്പോൾ , അവൾക്ക് ചുറ്റും കണ്ട അനീതികൾക്ക് നേരെ അവൾ മുഷ്ടി ചുരുട്ടാൻ തുടങ്ങി. അപ്പോൾ അവൾ ആഗ്രഹിച്ചു, ഒരു വക്കീൽ ആവാൻ. വാദിയ്ക്കാല്ലോ. വാദിച്ചു വാദിച്ചു എതിരാളിയെ തോല്പിയ്ക്കാല്ലോ.
പിന്നെയും മുതിർന്നപ്പോൾ അവൾ അനീതിയ്ക്കു നേരെ വിരൽ ചൂണ്ടാൻ തുടങ്ങി. പൊട്ടിത്തെറിയ്ക്കാൻ തുടങ്ങി. അപ്പോൾ അവൾ തീരുമാനിച്ചു, ഒരു ജേണലിസ്റ് ആകണമെന്ന്. അതെ. അതായിരുന്നു അവളുടെ അവസാന തീരുമാനം.
പക്ഷെ...അവൾ ഒന്നുമായില്ല. സംവിധായകൻ പ്രിയദർശൻ പറഞ്ഞതുപോലെ , അവളുടെ ഭാവിയെക്കുറിച്ചുള്ള കണക്കു കൂട്ടലുകൾ കണ്ട്, ദൈവം തലതല്ലി ചിരിച്ചു കാണും.
 എന്നാലും ഈ ദൈവത്തിനെയൊരു കാര്യം..!!! എന്താല്ലേ..!!!!!!

                                                                *********************

2016 ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒരു രചന തുടങ്ങുന്നതിന് മുൻപ് ..

3 അഭിപ്രായ(ങ്ങള്‍)
                                  ഒരു രചന തുടങ്ങുന്നതിന്  മുൻപ് ...
                                  ------------------------------------------------------------
                                                                                              -- ശിവനന്ദ .

ഓരോ രചനകളുടെയും സൃഷ്ടിയ്ക്ക് മുൻപ് , അതിനുള്ളൊരു മനസ്സൊരുക്കവും , മനസ്സുരുക്കവും ഉണ്ട് .( ശ്രദ്ധിയ്ക്കുക, രണ്ടും രണ്ടാണ്.)
അങ്ങനെ മനസ്സിന്റെ ഉലയിൽക്കിടന്നു ഉരുകിത്തെളിഞ്ഞാണ് ഓരോ അക്ഷരങ്ങളും പുറത്തു വരുന്നത്. എഴുതുന്ന സമയത്ത് ഞാൻ വായനക്കാരെക്കുറിച്ച് ഓർക്കാറില്ല. അതൊരു ധ്യാനമാണ്. ആ സമയത്തു എനിയ്ക്കു ചുറ്റും മറ്റൊരു ലോകമില്ല. ഞാനും എന്റെ കഥാപാത്രങ്ങളുംമാത്രം.അവരിൽ ഓരോരുത്തരും ഞാൻ ആകും. ഓരോരുത്തരുടെയും മനസ്സിൽ ഞാൻ യാത്ര ചെയ്യും. ആ സഞ്ചാരപഥം പ്രവചനാതീതമാണ്.
ചിലപ്പോൾ അതൊരു ഉത്സവമേളത്തിലൂടെയാകും. ചിലപ്പോ ഒരു ശ്മാശാനഭൂവിലൂടെയാകും. ചിലപ്പോ നിതാന്ത ശൂന്യതയിലൂടെയുമാകും. ഒരു വല്ലാത്ത മാനസീകാവസ്ഥയിലാകും അപ്പോൾ ഞാൻ. അതിൽ നിന്നും ഞാൻ തിരികെ വരുമ്പോഴേയ്ക്കും ആ രചന പൂർത്തിയായിക്കഴിഞ്ഞിരിയ്ക്കും. അല്ല, അപ്പോഴും ഞാൻ പൂർണ്ണമായും എന്റെ കഥാപാത്രങ്ങളിൽ നിന്നും മോചിതയായി എന്ന് പറയാനാവില്ല. കുറെ ദിവസങ്ങൾ വേണം എനിയ്ക്കു വരുടെ മനസ്സിൽ നിന്നും സ്വതന്ത്രമാകാൻ.
അങ്ങനെ ഞാനൊരു രചന പൂർത്തിയാക്കിക്കഴിഞ്, അത് വായനക്കാരുടെ മുന്നിൽ സമർപ്പിച്ചു കഴിഞ്ഞാൽ , എനിയ്ക്കു വല്ലാത്ത സംഘർഷമാണ് . അത് സ്വീകരിയ്ക്കപ്പെടുമോ എന്നറിയുന്നത് വരെ. അതിന്റെ തെറ്റും ശരിയും വളരെ വ്യക്തമായി പറഞ്ഞു തരുന്നവരെയാണ് ഞാൻ വായനക്കാരിൽ പ്രതീക്ഷിയ്ക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും തന്നെ നല്ലതെങ്കിൽ നല്ലതെന്നു പറയും, തെറ്റുണ്ടെങ്കിൽ ഉണ്ടെന്നും പറയും.
എന്തായാലും ഞാൻ എന്റെ വായനക്കാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നു. അവരില്ലെങ്കിൽ ഞാൻ എന്നേ മറവിയിൽ പൊടി മൂടപ്പെട്ടു പോയേനെ. അവർ അക്ഷരങ്ങളിലൂടെ എനിയ്ക്കു തരുന്നത് അവർക്കു മാത്രം സ്വന്തമായ കുറെ നിമിഷങ്ങളാണ്. അതിനു ഞാൻ എന്ത് കൊടുത്താൽ മതിയാകും? ഒരു നന്ദി വാക്കിൽ തീരുമോ ?
ഞാൻ എപ്പോഴും ശ്രമിയ്ക്കാറുള്ളത് , എന്റെ അക്ഷരങ്ങളോടൊപ്പം എന്റെ വായനക്കാരെയും കൈ പിടിച്ചു നടക്കാനാണ്. ഒരു പക്ഷെ അവിടെയാവും വ്യക്തിബന്ധങ്ങൾ എനിയ്ക്കുണ്ടാവുന്നതും. ഇതുവരെ എന്റെ കൈ തട്ടിനീക്കി പോകാൻ എന്റെ വായനക്കാർ ശ്രമിച്ചിട്ടില്ല. അത് ഒരു പരസ്പര ബഹുമാനമാണ്. ഒരു മനസ്സിലാക്കലാണ്.
അവിടെയാണ് ഒരു എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദം നടക്കുന്നത്. ആ കൈകോർത്തു നടക്കലിലൂടെയും പരസപരം മനസ്സിലാക്കലിലൂടെയും...

അജ്ഞാതൻ ..

3 അഭിപ്രായ(ങ്ങള്‍)
                                          അജ്ഞാതൻ ..
                                         --------------------------
                                                                             -- ശിവനന്ദ .

ആര് നീയെന്നെനിയ്ക്കറിയില്ല..!

നീയെവിടെയെന്നുമറിയില്ല ...!

എന്റെ മുന്നിലെ വെള്ളത്തിരശ്ശീലയിൽ 

ഒരുപിടി സ്നേഹാക്ഷരങ്ങളായി 

ചങ്ങാത്തത്തിന്റെയൊരു പിടി 

വാടാമലരുകളായി ..

ഇന്നാണ് സുഹൃത്തേ ,

നിന്നെ ഞാൻ കണ്ടത് !!!

നിന്റെ സ്നേഹാക്ഷങ്ങൾക്ക്  കീഴെ -

യൊരു നന്ദിവാക്കെഴുതാനെനിയ്ക്ക് 

കഴിഞ്ഞതുമില്ല...!

നീയിത് സ്വീകരിയ്ക്കുക..!

സൗഹൃദത്തിന്റെയീ അക്ഷരപ്പൂക്കൾ !

അനന്തമജ്ഞാതം നിന്റെ യാത്ര !!!!!

ഒരു കോടിയാശംസകൾ ..!!!!!


                                           ******************** 



2016 ഒക്‌ടോബർ 15, ശനിയാഴ്‌ച

വെർജീനിയ വൂൾഫ്.

4 അഭിപ്രായ(ങ്ങള്‍)
വെർജീനിയ വൂൾഫ്.
--------------------------------------


വെർജീനിയ വൂൾഫ്.
----------------------------------
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരി..
" ഒരു സ്ത്രീയ്ക്ക് കഥ എഴുതണമെങ്കിൽ പണവും , സ്വന്തമായി ഒരു മുറിയും വേണം.."
കഴിഞ്ഞ നൂറ്റാണ്ടിന്റെ aadya pakuthiyil , ഇംഗ്ലീഷ് സാഹിത്യ രംഗത്ത് മുഴങ്ങിക്കേട്ട വ്യത്യസ്തമായ ഒരു
സ്ത്രീസ്വരമാണ് ഇത്. സമ്പന്നകള്‍ക്കെ സാഹിത്യകാരികള്‍ ആകാന്‍ കഴിയൂ എന്നല്ല, കാര്യങ്ങള്‍
തുറന്നെഴുതാന്‍ വേണ്ട സ്വയം പര്യാപ്തതയും സ്വാതന്ത്ര്യവും , രചനയ്ക്ക് ആവശ്യമായ
സ്വകാര്യതയും സമയവും ഒരു എഴുത്തുകാരിയ്ക്ക് കൂടിയേ കഴിയൂ എന്നുള്ള , തന്റെ
അഭിപ്രായമാണ് , ധീരമായ ഈ പ്രസ്താവനയിലൂടെ , അഡലിന്‍ വെര്‍ജീനിയ വൂള്‍ഫ്
സാഹിത്യലോകത്തിന് മുന്‍പില്‍ തുറന്നു വച്ചത് ...!
'എ റൂം ഓഫ് വണ്‍സ് ഓണ്‍ ' (സ്വന്തമായൊരു മുറി ) (1929) എന്ന പ്രസിദ്ധമായ
ലേഖനത്തിലേതാണ് ഈ വാക്യം .
സ്വകാര്യതയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള അഭ്യർത്ഥനയല്ല ; മറിച്ചു,
പെണ്ണെഴുത്തിന് പ്രായപൂർത്തിയായി എന്നുള്ള പ്രഖ്യാപനമാണ് ഇത്.
ഇരുപതാം നൂറ്റാണ്ടിൽ ഇഗ്ളീഷ് സാഹിത്യത്തെ വളരെയധികം സ്വാധീനിച്ച വനിതാ സാഹിത്യ
പ്രതിഭയായിരുന്നു മിസ്സിസ് വൂൾഫ്. നോവലിസ്റ്റ്, ഫെമിനിസ്റ്റ് , ചെറുകഥാകൃത് , നിരൂപക ,
ലേഖിക, സാമൂഹ്യ വിമർശക എന്നീ നിലകളിലെല്ലാം ജ്വലിച്ചു നിന്ന അവരുടെ കൃതികൾ
ഇന്നും ധാരാളം വായിയ്ക്കപ്പെടുന്നു . പരമ്പരാഗത സാഹിത്യരൂപങ്ങളെയും അവയെ
അടിസ്ഥാനമാക്കിയുള്ള സൗന്ദര്യശാസ്ത്ര സങ്കല്പങ്ങളെയും വെല്ലുവിളിച്ച ആധുനികതാവാദത്തെ
പിന്തുണച്ച ആളായിരുന്നു , വെർജീനിയ വൂൾഫ്. ബോധധാരാ സമ്പ്രദായത്തിലുള്ള
പരീക്ഷണാത്മകങ്ങളായ നോവലുകളും ചെറുകഥകളും , ഫെമിനിസ്റ്റ് ചിന്താഗതി
വെളിപ്പെടുത്തുന്ന ലേഖനങ്ങളും കഥകളും , മറ്റനേകം രചനകളും മിസ്സിസ് വൂള്ഫിന്റെ ബഹുമുഖ
പ്രതിഭയ്ക്ക് നിദര്ശനങ്ങളാണ് .
ലെസ്ലി സ്റ്റീഫന്റെയും ജൂലിയ ജാക്സൺ ന്റെയും മകളായി
1882 ഇൽ ലണ്ടനിൽ ജനിച്ചു .
1912 ഇൽ , സാഹിത്യകാരനും പത്രലേഖകനുമായ , ലിയോണാർഡ് വൂൾഫ് ന്റെ ഭാര്യയായി.
1941 മാർച്ചു 28 നു വെർജീനിയ മരണമടഞ്ഞു . അതൊരു ആത്മഹത്യ ആയിരുന്നു.
1905 മുതൽ 1941 ഇൽ anthariykkunnath വരെ ടൈമ്സ് നും മറ്റനേകം പ്രസിദ്ധീകരങ്ങൾക്കും
വേണ്ടി എഴുതിയ ഗ്രന്ഥ നിരൂപണങ്ങൾ , ഇംഗ്ളീഷ് സാഹിത്യത്തിന്റെയും
സാഹിത്യകാരന്മാരുടെയും സത്യസന്ധമായ വിലയിരുത്തലുകളായി കരുതപ്പെടുന്നു.

പ്രിയപ്പെട്ട 'യാഹൂ'... (ലേഖനം)

11 അഭിപ്രായ(ങ്ങള്‍)
                                            
                                        
1961 ഇൽ ഇറങ്ങിയ ' ജംഗ്‌ലി ' എന്ന സിനിമ എപ്പോഴെങ്കിലും കണ്ട ഓർമ്മയുണ്ടോ ആർക്കെങ്കിലും ? ഷമ്മി കപൂറും , സൈറാ ബാനുവും തകർത്തഭിനയിച്ച സിനിമ ?

ആ സിനിമയിലെ " ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ " എന്ന ആ മനോഹര ഗാനം ഓർക്കുന്നു ആരെങ്കിലും? തലമുറകൾ പാടി ആഘോഷിച്ച ഒരു മനോഹര ഗാനം..! നമ്മുടെ റാഫി സാഹിബ് (മുഹമ്മദ് റാഫി ) പാടി അനശ്വരമാക്കിയ ഗാനം..!!

ഞാൻ ആ സിനിമ കണ്ടിട്ടില്ല. പക്ഷെ ഈ പാട്ട് ഞാനെന്റെ നെഞ്ചോട് ചേർത്ത് സൂക്ഷിയ്ക്കുന്നു..ആ പാട്ടിനിടയിൽ പല തവണ വരുന്ന "യാഹൂ" എന്ന അലർച്ച ഓർമ്മയുണ്ടോ ?

ഓർത്തു നോക്കൂ ,...സത്യത്തിൽ ആ അലർച്ച , ആ പാട്ടിന്റെ പൂർണ്ണതയല്ലേ ? ആ 'യാഹൂ ' ശബ്ദമില്ലാതെ നമുക്ക് ആ പാട്ടിനെക്കുറിച്ചു ചിന്തിയ്ക്കാനാവുമോ ? ഹൃദയത്തിൽ തുളച്ചു കയറുന്ന പ്രണയാനുഭവം ..!!!

റാഫി സാഹിബ് പാടിയ ആ അനശ്വര ഗാനത്തിൽ , "യാഹൂ" എന്ന ആ അലറുന്ന ശബ്ദം ആരുടേതാണെന്ന് അറിയാമോ ? പലരും കരുതിയിരിയ്ക്കുന്നു, അത് , റാഫി സാഹിബിന്റേതാണെന്നു. പക്ഷെ അങ്ങനെയല്ല.

അത്ര പ്രാധാന്യമില്ലാത്ത ഒരു നടനും പാട്ടുകാരനുമായ പ്രയാഗ് രാജ് ആണ് ആ യാഹൂ നിലവിളിയുടെ കർത്താവ് ..! ആ സിനിമയിൽ , തനിയ്ക്ക് വേണ്ടി പാടുന്നത് , റാഫി സാഹിബ് ആയിരിയ്ക്കണമെന്നും, അതിൽ , 'യാഹൂ' എന്ന അലർച്ച ഉണ്ടായിരിയ്ക്കണമെന്നും നിബന്ധന വച്ചത് ഷമ്മി കപൂർ തന്നെയാണ്.

പക്ഷെ , ആ പാട്ടും , ആ അലർച്ചയും കൂടി ഒന്നിച്ചു കൊണ്ടുപോകാൻ റാഫി സാഹിബിനു ബുദ്ധിമുട്ടായപ്പോൾ , ഷമ്മി കപൂർ തന്നെ പ്രയാഗ് രാജിനെ ആ ദൗത്യമേൽപ്പിച്ചു. അൻപതോളം ടേക്കുകൾ വേണ്ടിവന്നത്രെ , ആ അലർച്ച പൂർണ്ണതയിലെത്താൻ..!

ഒക്കെ കഴിഞ്ഞപ്പോൾ പ്രയാഗ് രാജിന്റെ ശബ്ദത്തിനു പരിക്ക് പറ്റുകയും ആശുപത്രിവാസം വേണ്ടി വരികയും ചെയ്തു .

അതിനു മുന്പിറങ്ങിയ രണ്ടു മൂന്നു സിനിമകളിൽ ഈ യാഹൂ ശബ്ദം മുഴങ്ങിയിട്ടുണ്ടെങ്കിലും അത് ശ്രദ്ധിയ്ക്കപ്പെട്ടില്ല.

'ജംഗ്ലി ' യ്ക്ക് വേണ്ടി , പ്രണയം ആഘോഷമാക്കുന്ന ഈ പാട്ട് എഴുതിയത് , ഗാനരചയിതാവ് ശൈലേന്ദ്ര . വെള്ളിത്തിരയിലെ , ഷമ്മിയുടെ ബഹിർമുഖ വ്യക്തിത്വത്തോട് അങ്ങേയറ്റം ഇണങ്ങി നിക്കുന്ന ഗാനം..! തികച്ചും ലളിതവും കുസൃതി നിറഞ്ഞതുമായിരുന്നു പാട്ടിന്റെ ആശയം.

"എന്നെ കാടൻ എന്ന് വിളിയ്ക്കുന്നു എല്ലാവരും. വിളിയ്ക്കുന്നവർ വിളിച്ചോട്ടെ . എന്ത് ചെയ്യാൻ... പ്രണയകൊടുങ്കാറ്റിൽ അകപ്പെട്ടു പോയില്ലേ ഞാൻ ? "

ഷമ്മിയിലെ കാമുകന്റെ വികാരതീവ്രമായ ചോദ്യം! ഉള്ളിലെ പ്രണയക്കൊടുങ്കാറ്റ് , അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രേക്ഷകരെ അനുഭവിപ്പിയ്ക്കണമെന്നു ഷമ്മി ആഗ്രഹിച്ചു. "യാഹൂ " എന്ന ആർപുവിളി അതിനു ഏറെ സഹായിയ്ക്കുകയും ചെയ്തു എന്ന്, ആ പാട്ട് കേൾക്കുമ്പോൾ നമുക്ക് മനസ്സിലാവും..!!!!

അഭിനയിയ്ക്കുന്നവരുടെ മനസ്സും ശരീരവും അറിഞ്ഞു പാടാൻ കഴിവുള്ള മുഹമ്മദ് റാഫി സാഹിബും , കൂടെ പ്രയാഗ്‌റാജ്ഉം ചേർന്ന് ആ പ്രണയാനുഭവം അതി തീവ്രമാക്കി നമുക്ക് തന്നു..!!!

ഇനിയാണ് മറ്റൊരു അത്ഭുതം !

ലോകപ്രശസ്തമായ 'യാഹൂ.കോം ' നു , ആ പേരിലേക്ക് വഴി തുറന്നത് , ഈ പാട്ടിലെ "യാഹൂ" എന്ന ആർപ്പുവിളിയായിരുന്നു !!

അത്ഭുതങ്ങൾ തുടരുകയാണ് ! അമേരിക്കൻ ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ "യാഹൂ" മുംബൈയിൽ അവരുടെ ഓഫീസ് തുറക്കുന്ന ദിവസം . വിശിഷ്ടാതിഥികളിൽ ഷമ്മി കപൂറും ഉണ്ട്. (അദ്ദേഹം ഇന്ത്യ യിലെ ആദ്യ ഇന്റർ നെറ്റ് ഗുരുക്കളിൽ ഒരാളും കൂടിയാണെന്ന് നാം ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട് ! ആദ്യകാല വെബ് സൈറ്റ് ഉടമകളിൽ ഒരാളും..! ) vediyil , യാഹുവിന്റെ സ്ഥാപകരിൽ ഒരാളും മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ ജെറി യാങ് ഉൾപ്പെടെയുള്ള പ്രമുഖർ . ഉദ്ഘാടന പരിപാടിയുടെ അവസാനം ബാൻഡ് സംഗീതം. പ്രൗഢ ഗംഭീരമായ ആ അന്തരീക്ഷ്ത്തിലേയ്ക്ക് ഒഴുകി വന്നത് , ആ പഴയ സിനിമാഗാനം !

"യാഹൂ.....ചാഹേ കോയീ മുച്ഛേ ജംഗ്‌ളീ കഹേ...."

അന്തം വിട്ടു നിന്ന ഷമ്മി കപൂറിനോട് ജെറി യാങ് പറഞ്ഞു , "കുട്ടിക്കാലത്തു താങ്കളുടെ യാഹൂ ഗാനത്തിന്റെ ആരാധകനായിരുന്നു ഞാൻ . എന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച പാട്ടാണത് . പുതിയ സ്ഥാപനം തുടങ്ങിയപ്പോൾ , ആദ്യം മനസ്സിൽ വന്നത് , ആ പേരാണ് ! യാഹൂ..."

കണ്ണ് നിറഞ്ഞു പോയ വൃദ്ധനായ ഷമ്മി കപൂറിന് പഴയ പ്രണയ തീവ്രത ഓർമ്മ വന്നു കാണണം ...


                                           
 
Copyright © .