2014 ജൂൺ 14, ശനിയാഴ്‌ച

ചന്ദനം മണക്കുന്ന ഈണങ്ങൾ .

0 അഭിപ്രായ(ങ്ങള്‍)
                                 ചന്ദനം  മണക്കുന്ന  ഈണങ്ങൾ .
                                -------------------------------------------------
                                                                                                      -- ശിവനന്ദ .

                                      
                                 കുളിച്ചൊരുങ്ങി വരുന്ന   അശ്വതിയ്ക്ക്   ചന്ദനഗന്ധമായിരുന്നു  .    അതവളുടെ   അലക്കിത്തേച്ച   വസ്ത്രത്തിന്റെയായിരുന്നോ?   അതോ   അവളുപയോഗിയ്ക്കുന്ന   ചന്ദന സോപ്പിന്റെയോ?   അതുമല്ലെങ്കിൽ   ആ  നെറ്റിയിലെ   ഈറൻ  ചന്ദനക്കുറിരുടെയോ ?

                                 ഒരു   ശിശുവിനെപ്പോലെ   ഉറങ്ങുന്ന   അശ്വതിയുടെ   മുഖത്ത്   നോക്കിയിരുന്ന്   വെറുതെ   ഓർത്തു .  എന്റെ   പ്രണയവും   ഇപ്പോളൊരു   മുത്തുപോലെ ............

"   'ഒരു  തീമല   വന്നോട്ടെ ,  ഞാൻ   കരിഞ്ഞു തീർന്നിട്ടേ   നിനക്ക്   പൊള്ളൂ  '   എന്നെന്നോട്   പറയാൻ   നിനക്ക്   സാധിയ്ക്കുമോ   ഹരീ ? "

അവളുടെ   ചോദ്യത്തിന്   മറുപടി   ആലോചിച്ചു നിന്നപ്പോൾ   അവൾ തന്നെ  മറുപടി   പറഞ്ഞു .

" കഴിയില്ല   നിനക്ക് .   തീമലയല്ല,  ഒരു  മഴുകുതിരി വെട്ടം   കണ്ടാൽ മതി ,  ഓടിയൊളിയ്ക്കും   നീ.  ഇത്   പ്രണയമല്ല   ഹരീ."

നിഷേധാത്മകമായി   അവൾ   ഇരുവശത്തേയ്ക്കും   തല   ചലിപ്പിച്ചു .  ഞാൻ   കളിയാക്കി .

" നീയിത്   ഏത്   നൂറ്റാണ്ടിലാ   അശ്വതീ?   ജീവിതം   എത്ര   ഫാസ്റ്റാ  ?  കുത്തിയിരുന്ന്   പ്രണയലേഖനങ്ങളെഴുതാനും   വഴിത്താരകളിൽ   കാത്തുനിൽക്കാനും   ഇന്നാർക്കാ   നേരം ?  എല്ലാവരും   മുന്നോട്ടോടുമ്പോൾ   നീ  പിറകോട്ടാണോ ?"

എന്റെ  പരിഹാസത്തെ   നേർത്ത   ഒരു   ചിരി   കൊണ്ടവൾ   നേരിട്ടു .

" ശരിയാ ...ഒരു   എസ് എം എസിലോ    മിസ്ഡ്   കോളിലോ   തുടങ്ങി   ഒരു  സ്വിച്ച്ഡ് ഓഫിൽ   തീരുന്ന  പ്രണയങ്ങൾ .......വിരൽത്തുമ്പിലെ   ഒറ്റ  ക്ളിക്കിൽ   പ്രണയത്തിന്റെ   ജനനമരണങ്ങൾ ......"

ഒന്ന്   നിർത്തി   എന്തോ   ഓർത്തിരുന്നു   അവളൊരു   നിമിഷം ....പിന്നെ   വീണ്ടുമെന്നെ   നേരിട്ടു.

" പക്ഷെ  ഹരീ,  ഞാൻ  പറഞ്ഞത് ,  പ്രണയത്തിന്   ഞാൻ   മനസ്സിൽ   കൊടുത്തിരിയ്ക്കുന്ന   സ്ഥാനം ....അവിടെ   നമ്മൾ തമ്മിൽ   ചേരില്ല .   നിന്റെ   പ്രണയം   ഒരു   പൊങ്ങുതടി  പോലെയാണ് .  എങ്ങനെയും   ഒഴുകും .  എങ്ങോട്ടും  ഒഴുകും. "

" നിന്റെ   പ്രണയമോ ?"

എന്റെ  ചോദ്യത്തിൽ   പരിഹാസച്ചുവ .

" അതൊരു   ചിപ്പിയ്ക്കുള്ളിലെ   മുത്തുപോലെയാണ് .  സ്നേഹം   കൊണ്ട്   തേച്ചുരച്ച്   മിനുക്കിയെടുക്കുന്ന   മുത്ത് .   മനസ്സിന്റെ   ആഴങ്ങളിൽ   അതങ്ങനെ   അമർന്നു കിടക്കും ."

എനിയ്ക്ക്   കുറച്ചിൽ   തോന്നി . അവളിലേയ്ക്കെത്താൻ  ഇനിയും   ഒരുപാട്   പടികൾ   കയറാനുണ്ടെന്നും   തോന്നി .  അതൊരു   തിരിച്ചറിവായിരുന്നു .  ആ  തിരിച്ചറിവാണ്,  എങ്ങുമെത്താതെ പോയ   എന്റെ   പ്രണയത്തെ   അശ്വതിയുടെ   ഹൃദയത്തിലെത്തിച്ചത് .

                     ഞങ്ങൾ   വിവാഹിതരായി .   പരസ്പരം   സ്നേഹിയ്ക്കാനുള്ള   കാരണങ്ങൾ   മാത്രം   ഞങ്ങൾ   കണ്ടുപിടിച്ചു .......സ്നേഹത്തിന്റെ   ഒരു  താമര നൂലിഴയിൽ   ഹൃദയങ്ങൾ   ഇഴചേർത്തു ............

പിന്നെ...ഒരു  കുഞ്ഞിന് വേണ്ടിയുള്ള    ഏറെ   നാളത്തെ   കാത്തിരിപ്പും   ചികിത്സകളും   വ്യർത്ഥമായപ്പോൾ................ചലനശേഷിയില്ലാത്ത  ബീജങ്ങൾ   മനസ്സിൽ   ചാപിള്ളകളായി .  നിരാശയോടെ   തളർന്നിരുന്ന   എന്നെ   അശ്വതി   തോളിലേയ്ക്ക്   ചായ്ച്ചു കിടത്തി   പറഞ്ഞു.

" നീയെന്റെ   മുത്തല്ലേ?   എനിയ്ക്കെന്തിനാ  വേറെ   കുഞ്ഞ് ?"

                    അവളെന്റെ  അമ്മയായി .  മുത്തുപോലെ   അവളുടെ   സ്നേഹം............

കാലം പോകെ ,  അശ്വതിയിൽ   മറവിരോഗത്തിന്റെ   ലക്ഷണങ്ങൾ   കണ്ടുതുടങ്ങിയതെന്നാണെന്നോർമ്മയില്ല .   അങ്ങനെയൊരു   സംശയം   തോന്നിത്തുടങ്ങിയപ്പോൾ  സങ്കടത്തോടെ   അശ്വതി  എന്നോട്   പറഞ്ഞു ,  അവളൊരു   ബാദ്ധ്യതയാകുന്നതിന്  മുൻപേ   അവളെ  ഉപേക്ഷിച്ചു പോകാൻ .  

" അസാദ്ധ്യം "...

ഞാൻ അശ്വതിയെ  ശകാരിച്ചു ..പിന്നെ  ഒരു  കൊച്ചു കുഞ്ഞിനെയെന്നവണ്ണം  അവളെ   സ്നേഹിയ്ക്കുകയും   പരിപാലിയ്ക്കുകയും   ചെയ്തു.അസുഖം  കൂടി വന്നു.   മറവിയ്ക്കും   ഓർമ്മയ്ക്കുമിടയിലെ   എതോ  ഒരു   നിമിഷം   അശ്വതി   ഭയത്തോടെ  എന്നോടപേക്ഷിച്ചു .

"എന്നെ  ഉപേക്ഷിയ്ക്കരുത് "....

ജീവിതത്തിൽ   ഏറ്റവും   സ്നേഹവും   കാരുണ്യവും   മനസ്സിൽ തോന്നിയ   ആ  നിമിഷത്തിൽ   ഞാൻ  അശ്വതിയുടെ   അച്ഛനായി .  വാത്സല്യത്തോടെ   അവളെ   നെഞ്ചോടടുക്കിപ്പിടിച്ച്   ഞാൻ മന്ത്രിച്ചു........

" നീയെന്റെ   മുത്തല്ലേ? .."

എന്റെ  സ്നേഹവും   ഇപ്പോഴൊരു   മുത്തുപോലെ ...........

                                                               
                                                         ***************




2014 ജൂൺ 12, വ്യാഴാഴ്‌ച

കാർത്തു പറഞ്ഞ കഥ .

0 അഭിപ്രായ(ങ്ങള്‍)
                                         കാർത്തു  പറഞ്ഞ കഥ . 
                                                                                       
                                                                                         

                                                                                                   --ശിവനന്ദ .

                            കാർത്തുവിനും   ഒരു   കഥയെഴുതണമെന്നുണ്ട് .   അവളുടെ  മനസ്സിൽ  ഒരുപാട്   ' 'ബാവന ' യുണ്ടെന്നാണവൾ   പറയുന്നത് .   പക്ഷെ   എല്ലാവരും   അവളെ   കളിയാക്കി .

" കാർത്തു ,  നീ   കഥയെഴുതുകയോ ! ഹഹഹ..."

ഇതിനെന്താപ്പത്ര   ചിരിയ്ക്കാൻ ?  അവളാലോചിച്ചു ...

കാർത്തു   ഒരു   ചെറുമപ്പെണ്ണാണ് .   ഒരു വീട്ടുവേലക്കാരിയുമാണ് .  കൂലിപ്പണിക്കാരനായ   ഭർത്താവും   രണ്ടാംക്ളാസ്സിൽ   പഠിയ്ക്കുന്നൊരു   കുഞ്ഞുമുണ്ട് .   ആ   ഇത്തിരി  ലോകത്തിൽ   അവൾ   സന്തോഷവതിയാണ് .   പക്ഷേ   അവൾക്ക്   കഥയെഴുതണം .   എഴുതിയേ   തീരൂ   എന്നാണവൾ   പറയുന്നത് .

" നിനക്കറിയാവുന്ന   പണി   ചെയ്‌താൽ പോരെ   കാർത്തു  ? "

അങ്ങനെയാണെല്ലാവരും   ചോദിയ്ക്കുന്നത് ..!  കഥയെഴുത്ത്   അവൾക്കറിയില്ലാത്ത  ജോലിയാണത്രെ  !  കഥയെഴുത്ത്   ഒരു  ജോലിയാണോ ? കാർത്തുവിന്   അതിശയം ..!

                   എന്തായാലും   കാർത്തു   അവളുടെ  ' ഭാവനകൾ'  മനസ്സിലിട്ട്   ഉരുട്ടിക്കൊണ്ടിരുന്നു.  ഒരുപാട്  പഠിച്ചിട്ടൊന്നുമില്ലവൾ .   ഏഴാം  ക്ളാസ്സ്  കഴിഞ്ഞപ്പോൾ  പഠിപ്പ്  നിർത്തി .   അപ്പന്റെയും  കുഞ്ഞാഞ്ഞയുടെയും   കൈയ്യിൽ   കാശില്ലായിരുന്നത്രെ  അവളെ പഠിപ്പിയ്ക്കാൻ .  അപ്പനും   അമ്മയും   കുഞ്ഞാഞ്ഞയും  പണിയ്ക്ക്   പോകുമ്പോ  ഇളയത്തുങ്ങൾ   മൂന്ന്   പേരെ   നോക്കാൻ   അവൾ   വേണമായിരുന്നു.

                  ജോലിയ്ക്ക്   നില്ക്കുന്ന   വീട്ടിലെ   ഗ്രഹനാഥയെ അവൾ   ' ചേച്ചിയമ്മ '  എന്ന് വിളിയ്ക്കും .   ചേച്ചിയമ്മ   അവളോട്  പറഞ്ഞു .

" ഒരുപാട്  വായിയ്ക്കണം   കാർത്തു .  ഒരുപാട് അനുഭവസമ്പത്ത്   വേണം . ഒരുപാട് യാത്രാനുഭവങ്ങൾ  വേണം.  ഒരുപാട്  സ്ഥലങ്ങളും  അവിടുത്തെ ആളുകളേയും  അവരുടെ ജീവിതവും അറിയണം ...."

കാർത്തു  അന്തം വിട്ടു .   ഒരു  കഥയെഴുതാൻ  ഇതിനുമ്മാത്രം കാര്യങ്ങളറിയണോ ? അവൾക്ക്  ചിരി വന്നു.   ചേച്ചിയമ്മ പറഞ്ഞ ഒരോ കാര്യങ്ങളും  അവൾ   ഓർത്തെടുത്തു .   എമ്പിടി  വായിയ്യ്ക്കണത്രെ .   അവൾക്ക്   ലോക ക്ളാസ്സിക്കുകളേക്കുറിച്ചൊന്നും അറിയില്ല.  പക്ഷെ കിട്ടുന്നതെന്തും  വായിയ്ക്കും .   കടയിൽ നിന്നും   സാധനങ്ങൾ  പൊതിഞ്ഞു കൊണ്ടുവരുന്ന   കടലാസ്സു പോലും  അവൾ   വായിയ്ക്കാതെ വിടില്ല .   ചേച്ചിയമ്മയുടെ   വീട്ടിലെ  പത്രവും   വായിയ്ക്കും .   അയൽപക്കങ്ങളിൽ നിന്നും  കിട്ടുന്നതൊക്കെ  വാങ്ങി   വായിയ്ക്കാറുണ്ട് .

                  പിന്നെ   ' അനുബവസമ്പത്ത്  '.    അതെന്ത്  കുന്തമാണെന്നവൾക്ക്   മനസ്സിലായില്ല .   കാർത്തുവിന്റെ   കെട്ടിയവൻ പണി കഴിഞ്ഞു വരുന്ന   വഴിയിൽ ഷാപ്പിൽ കയറി   അല്പം   കള്ള്  കുടിയ്ക്കുമെങ്കിലും   വീട്ടിലേയ്ക്കുള്ള   അരിയും   സാധനങ്ങളും   കൃത്യമായി   കൊണ്ടുവരും .  പിന്നെ   ഷാപ്പിലെ   മീൻകറിയും .   അത്   കാർത്തുവിനുള്ള   സ്നേഹസമ്മാനമാണ് .   ഇതൊക്കെയാണോ  'അനുബവസമ്പത്ത് ' ?  അവൾക്കറിയില്ല .

                  ഇനി   ഈ    'യാത്രാനുബവം '   എന്താണാവോ....കാർത്തു   ആലോചിച്ചു .   അവൾക്കെവിടെയാണ് യാത്ര ?   അവളുടെ   വീട്ടിൽ നിന്ന്   ചേച്ചിയമ്മയുടെ   വീട്ടിലേയ്ക്കും   ചേച്ചിയമ്മയുടെ വീട്ടിൽ നിന്ന്   തിരിച്ചും .   പിന്നെ, ശിവരാത്രിയ്ക്ക്   മണപ്പുറത്ത്   പോവും .  എല്ലാത്തവണയും   മീൻ ചട്ടി   വാങ്ങും .  അതുറപ്പാണ് .   ചിരട്ടക്കയിലും .   ചേട്ടായി  ( കെട്ടിയവനെ   അവൾ  അങ്ങനെയാണ്  വിളിയ്ക്കുക .) കാർത്തുവിന്   വാങ്ങിക്കൊടുക്കുന്നൊരു   പ്രത്യേക   സമ്മാനമുണ്ട് ,  മുല്ലപ്പൂവിന്റെ   മണമുള്ള  സെന്റും  ക്യൂട്ടെക്സും .   പിന്നെ   മാസത്തിലൊരിയ്ക്കൽ  ബിന്ദു തീയേറ്ററിൽ   സിനിമയ്ക്ക്   കൊണ്ടുപോവും .   ഇത്രയൊക്കെയാണവളുടെ   അനുഭവങ്ങൾ .  ഇതായിരിയ്ക്കുമോ   ചേച്ച്യമ്മ   പറയുന്ന   ' യാത്രാനുബവങ്ങൾ ' ?അവൾ   ആലോചിച്ചു .

                 ഒരുപാട്   സ്ഥലങ്ങളൊന്നും   കാർത്തു   കണ്ടിട്ടില്ല .   കുഞ്ഞിലേ   പള്ളിക്കൂടം   പൂട്ടുമ്പോ  ചാച്ചന്റെ   വീട്ടില്  പോവാറുണ്ട് .   അവിടെ   വെല്ല്യാച്ഛനും   വെല്ല്യാമ്മയും   ചാച്ചനും   മേമയും   ഒന്നിച്ചാ   താമസം .  അവരുടെ   ജീവിതമെന്താത്ര  പഠിയ്ക്കാൻ ?  കാർത്തുവിന്   ഒരു  പിടിയും   കിട്ടിയില്ല .

                 എന്തായാലുമൊരു   കഥയെഴുതണം  അവൾക്ക്  .  എഴുതിയേ   തീരൂ .  ആ   മാസം   ശമ്പളം   കിട്ടിയപ്പോൾ   കാർത്തു   നൂറ്   പേജിന്റെ   ഒരു   ബുക്ക്   വാങ്ങി .   ചേച്ചിയമ്മയുടെ ,  കോളേജിൽ   പഠിയ്ക്കുന്ന മോളുടെ   അടുത്ത്  ചെന്നു .

" കുഞ്ഞോളേ ...ഞാൻ   പറയുന്നത്   ഒന്നെഴുതിത്തരാവോ?   നല്ല  ബങ്ങീലെഴുതണം .'

" എന്താ   കാർത്തു "?

" ഒരു  കദയാ "

കാർത്തു   നാണത്തോടെ   പറഞ്ഞു .

ചേച്ചിയമ്മയുടെ   മോള്   കാർത്തുവിനെ   നോക്കി   സ്നേഹത്തോടെ   ചിരിച്ചു .അവളുടെ   കൈയ്യിൽ നിന്നും   ബുക്ക്   വാങ്ങി .   പേനയെടുത്ത്   എഴുതാനിരുന്നു .

" അറിയുംപോലെ   ഞാൻ   പറയാവേ .   കുഞ്ഞോള്   നല്ല   ബാഷേല്   എഴുതിത്തരണട്ടോ ."

"എന്തെഴുതണം ?  പറയ്‌ ."

കാർത്തു   കഥ  പറഞ്ഞു .   ചേച്ചിയമ്മയുടെ   മകളെഴുത്തിത്തുടങ്ങി .  നല്ല  ഭാഷയിൽ .

"തീവണ്ടി മുറീന്നൊക്കെ   പറയോ   കുഞ്ഞോളേ ?   ഞാനീ   തീവണ്ടീലൊന്നും   കേറീട്ടില്ലേയ് ."

നിനക്കറിയാവുന്നതുപോലെ   പറഞ്ഞാൽ   മതി .. അതാ   അതിന്റെ   സൌന്ദര്യം .  നിഷ്ക്കളങ്കത ."

കുഞ്ഞോള്   പറഞ്ഞത്   കാർത്തുവിന്  അത്രയ്ക്കങ്ങ്   മന്സ്സിലായൊന്നുമില്ല .   എങ്കിലുമവൾ   കഥ   പറഞ്ഞു .   അതിങ്ങനെയായിരുന്നു ......................
                                                                    *****

"കുട്ടി   എങ്ങോട്ടാ "?

അവൾ   അയാളെ   നോക്കി .

" തിരുവനന്തപുരം ".

അവളുടെ   ശബ്ദം   വല്ലാതെ   ഈറനായിരുന്നു .  

" ബോംബേയിലെന്താ   ജോലി ?"

"നേഴ്സാണ് "

അല്പം   അസഹ്യതയുണ്ടായിരുന്നോ   സ്വരത്തിൽ?   പക്ഷേ   അയാൾക്ക്  വീണ്ടും   ചോദിയ്ക്കണം .

" എന്താ   കുട്ടി   വല്ലാതിരിയ്ക്കുന്നേ ?  എന്റെയെന്തെങ്കിലും   സഹായം   വേണോ ?"

അവളൊന്നും   മിണ്ടിയില്ല .   കീഴോട്ടു നോക്കി   കണ്ണുകളിറുക്കിയടച്ചിരുന്നു . ഇക്കുറി   അയാൾ   വളരെ   ക്ഷമയുള്ളവനായി .  ഒരു   പരിഭവവുമില്ലാതെ   വീണ്ടും   ചോദിച്ചു .

" എന്ത്   വിഷമമാണെങ്കിലും   പറഞ്ഞോളൂട്ടോ .  ഞാനും   തിരുവനന്തപുരത്തേയ്ക്കു  തന്നെയാണ്  എന്ത്   സഹായം   വേണമെങ്കിലും.........."

പെട്ടെന്നവൾ   മുഖമുയർത്തി .  പൊട്ടിത്തെറിയ്ക്കുന്ന   സ്വരത്തിൽ   ചോദിച്ചു .

" സഹായമോ?  എന്ത്   സഹായം ?   എന്റെ   അമ്മ   മരിച്ചു .  ഈ   ലോകത്തെ  എന്റെ  ഒരേയൊരു   ബന്ധു .  അങ്ങോട്ടാണ്   ഞാൻ   പോകുന്നത് .   എനിയ്ക്ക്........എനിയ്ക്കൊന്ന്   കരയണം .  ഒന്ന്   പൊട്ടിക്കരയണം ...സഹായിയ്ക്കാൻ   പറ്റുമോ   നിങ്ങൾക്ക് "

അയാൾ   സ്തംഭിച്ചു .   കരയാൻ   സഹായിയ്ക്കാനോ ?   അതെങ്ങനെ ?    പെണ്‍കുട്ടിയുടെ  നോട്ടം   അയാൾക്ക്   നേരെത്തന്നെയാണ് .   നിമിഷങ്ങൾ ...............അയാൾ  മെല്ലെ   എഴുന്നേറ്റു .   അവളുടെ   തൊട്ടടുത്ത്   പോയിരുന്നു .  പിന്നെ   ആ  മുഖം   സ്വന്തം   തോളിലേയ്ക്ക്   ചായ്ച്ചു  വച്ചു .   മുടിയിഴകളിൽ   തഴുകിക്കൊണ്ട്   വാത്സല്യത്തോടെ  അലിവാർന്ന   സ്വരത്തിൽ   പറഞ്ഞു .

" കരഞ്ഞോളൂ ....മതിയാവും വരെ .........."

                                                                    *****

കാർത്തു   കഥ   പറഞ്ഞു നിർത്തി .   ഒരു നിമിഷം   കുഞ്ഞോള്   കണ്ണടച്ചിരുന്നു.   പിന്നെ  എഴുന്നേറ്റു .  കാർത്തുവിന്റെ   അടുത്തുചെന്ന്  അവളുടെ   മുഖം   കൈക്കുമ്പിളിൽ   പൊതിഞ്ഞ്   ആ  കണ്ണുകളിലേയ്ക്ക്   നോക്കി .   പിന്നെയാ   മുഖം   നെഞ്ച്ലേയ്ക്ക്   ചേർത്തു .  എന്തിനെന്നറിയില്ല ,   കാർത്തുവിന്റെ   കണ്ണുകൾ   നിറഞ്ഞിരുന്നു .   കുഞ്ഞോളുടെയും ........

                                                        --------------





                             

2014 ജൂൺ 10, ചൊവ്വാഴ്ച

നെരിപ്പോടിന്റെ നീലച്ചിറകുകൾ

1 അഭിപ്രായ(ങ്ങള്‍)
                                                     നെരിപ്പോടിന്റെ നീലച്ചിറകുകൾ 
                                                                                                                                 -ശിവനന്ദ           ഫോണ്‍   ഒന്നുകൂടി   ചെവിയോട്  ചേർത്തു  പിടിച്ചു  .....
"ഹലോ ?"
ഒന്നുമില്ല ....ആരുമില്ല ....മെല്ലെ  കസേരയിലേക്കിരുന്നു . കണ്ണുകളടച്ചു . മനസ്സിലൊരു  പാട  വീണു . പിന്നെയെല്ലാം  നിശ്ശബ്ദം .......നിശ്ചലം ....ആ  നിശ്ചലതയിലേക്ക്  ഓർമ്മകളുടെ  കുറേ  ഇലഞ്ഞിപ്പൂക്കൾ  അടർന്നുവീണു . അത്  പെറുക്കി  മാല  കോർത്ത്  എന്റെ  നേരെ  നീട്ടുന്നത്  ശ്രീദേവിയാണ് . എന്റെ  ശ്രീക്കുട്ടി . അവളുടെ  മുഖത്ത്  ശാന്തമായൊരു  ചിരിയുണ്ട് .
                            
                                 പച്ചപ്പാവാടയും  ബ്ലൗസുമിട്ട്  അടിവച്ചടിവച്ച്   എന്റെ  മനസ്സിലേക്ക്  കയറിവന്നപ്പോൾ ....... എന്തായിരുന്നു  അവൾക്കുള്ള  പ്രത്യേകത ? ഒരു  പുരുഷന്   കാണുന്ന  മാത്രയിൽ  ഓടിയടുക്കാൻ  മാത്രം  അവളിൽ  പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല എന്നതാണ്  അതിശയം . ഒരു  പക്ഷെ  ആ  ഒന്നുമില്ലായ്മയിലെ  ലാളിത്യമായിരിക്കാം  എന്നെ  അവളോടടുപ്പിച്ചത് .
                                                   
                                                നീണ്ട  മുടിയിൽ  കുരുങ്ങിക്കിടന്ന കുരുങ്ങിക്കിടന്ന  ഊഞ്ഞാലാടിയ  നന്ത്യാർവട്ടപ്പൂവ്‌  എന്റെ  മനസ്സിൽ  നറുമണം  പരത്തിയതും  കാലിലെ  പാദസരത്തിന്റെ  കിലുക്കം  എന്റെ  ഹൃദയതാളമായതും  എത്ര  പെട്ടെന്ന് ! അവൾ  ചവിട്ടുന്ന  മണ്‍തരികളേപ്പോലും  സ്നേഹിച്ച് , അവളെ  തലോടിയെത്തുന്ന  കാറ്റിനെപ്പോലും   നെഞ്ചിലണച്ച് , ആ  നെറ്റിയിലെ  വിയർപ്പിൽ  നനഞ്ഞ  ചന്ദനക്കുറിയുടെ  നൈർമ്മല്ല്യം  ഹൃദയത്തിലേക്കാവാഹിച്ച് ........ 
         കോളേജിന്റെ  നീളൻ  വരാന്തയിലും  ചതുരത്തൂണുകൾക്ക്  പിറകിലും  ക്ലാസ്മുറികളിലും  എന്റെ കണ്ണുകൾ  സദാ  അവളെ   പിന്തുടർന്നു . അവൾ ........ ആ  പച്ചിലക്കുടുക്ക , അറിയാതെയാണ്  എന്റെ  മനസ്സിന്റെ  ചില്ലകളിൽ  കൂടുവച്ചത് . സ്വപ്നം  മയങ്ങുന്ന  കണ്ണുകളുമായി  നിശ്ശബ്ദമായി  സാന്നിദ്ധ്യമറിയിച്ച് , സൗഹൃദത്തിന്റെ  ഒരു  പുഞ്ചിരി  മാത്രം  എനിക്കായ്  മാറ്റിവച്ച്  എന്റെ  മുന്നിലൂടെ  നടന്നു  നീങ്ങിയപ്പോൾ  ഞാൻ  പച്ചനിറത്തെ  പ്രണയിക്കുന്നവനായി . എന്റെ  മനസ്സ്  അവളെ  അറിയിക്കണമെന്ന്  തീരുനിച്ചുറച്ച  ദിവസങ്ങളിലൊന്നിൽ , മുറച്ചെറുക്കനുമായി  വിവാഹം  ഉറപ്പിച്ച  പെണ്ണാണവളെന്ന  അറിവ്  എന്റെ മനസ്സിൽ  വലിയ  മുറിവുണ്ടാക്കി . അവളപ്പോഴും  സൗഹൃദത്തോടെ  പുഞ്ചിരിച്ചു .
                                           പഠിത്തം  കഴിഞ്ഞ്  ഉദ്യോഗസ്ഥനായപ്പോൾ  ഞനവളെക്കുറിച്ച്  തിരക്കി . വെറുതെ ....... 
വിവാഹം  കഴിഞ്ഞുവെന്നറിഞ്ഞു . എന്തുകൊണ്ടോ  സുഹൃത്തുക്കളെ  ആരേയും  അവൾ  വിവാഹത്തിന്  ക്ഷണിച്ചില്ല . എനിക്ക്  വിവാഹാലോചന  വന്നുതുടങ്ങിയപ്പോൾ  ഞനെതിർത്തു . കാരണം  എന്റെ  പച്ചിലക്കുടുക്ക  കൂടൊഴിഞ്ഞുപോയിരുന്നില്ലല്ലോ . എന്നെ  നന്നായറിയാമായിരുന്ന  എന്റെ  അമ്മ  എന്നോട്  ചോദിച്ചു ,

"  ആരാണ്  മോനെ ?....പറയ്‌ ...നമുക്കാലോചിക്കാം "

മനസ്സിൽ   വേദന  പടർന്നു .

" അത്  നടക്കില്ലമ്മേ ".

"അതെന്താ ? വീട്ടുകാരാണോ  പ്രശ്നം ?"

"അവളുടെ  വിവാഹം  കഴിഞ്ഞു . എന്റെ  മനസ്സ്  അവളെ  അറിയിക്കാൻ  പോലും  എനിക്ക്  കഴിഞ്ഞില്ല ".

അമ്മ  കാരുണ്യത്തോടെ  എന്നെ നോക്കി

"പിന്നെയിനി  എന്തിനാടാ ? അവളൊരുപാട്  അകലെയായില്ലേ ?"

"പക്ഷെ  ഞാനിപ്പോഴും  അടുത്താണമ്മെ "

"മണ്ടത്തരം  പറയാതെ "

അമ്മ  സ്നേഹപൂർവ്വം  ശാസിച്ചു . പിന്നെ  എല്ലാവരുടേയും  നിർബന്ധത്തിനു  വഴങ്ങി  പെണ്ണുകാണൽ  പരമ്പര . കണ്ട  ഓരോ  സ്ത്രീയിലും  ഞാനെന്റെ  പച്ചിലക്കുടുക്കയെ  ആണ്  തിരഞ്ഞത് . അവളെ  എങ്ങും  കണ്ടില്ല . എനിക്കാരെയും  ഇഷ്ട്ടപെട്ടതുമില്ല . ഒടുവിൽ  അമ്മയുടെ  ഭീഷണി .

"ഇത്  അവസാനത്തേതാണ് . ഇനി  നിനക്ക്  വേണ്ടി  പെണ്ണ്  കാണാൻ  ഞാനുണ്ടാവില്ല "

അതായിരുന്നു  അവസാനത്തെ  പെണ്ണുകാണൽ . ശൂന്യമായ  മനസ്സോടെ  അവരുടെ  വീട്ടിലെ  അതിഥി  മുറിയിലിരുന്നപ്പോൾ ......... ഒരു  പച്ചസാരി  എന്റെ  നേരെ   ഒഴുകിവരുന്നത്  മാത്രമാണ്  ഞാൻ  കണ്ടത് . പെട്ടെന്ന്     എന്റെ  മനസ്സുണർന്നു , സിരകളുണർന്നു , ഒരോ  ജീവാണുവിലും  എന്റെ നേരെ  ഒഴുകിവരുന്ന  പച്ചനിറം  നിറഞ്ഞു . പച്ചനിറത്തെ  പ്രണയിക്കുന്ന  എന്നിലെ  കാമുകൻ  വിവാഹത്തിന്  സമ്മതമറിയിച്ചു . സൗന്ദര്യവും  സമ്പത്തും  വിദ്യാഭ്യാസവുമുള്ള  പെണ്ണാണത്രെ ........ ആവോ ........ എന്റെ  മുന്നിൽ  വന്നു  നിന്ന  ആ  പെണ്‍കുട്ടി  എന്റെ  പച്ചിലക്കുദുക്കയാണെന്നു   ഞാൻ  സങ്കൽപ്പിച്ചു . വിവാഹം  കഴിഞ്ഞു . പൊരുത്തക്കേടുകളുടെ  ഒരു  സംഗമമായിരുന്നു  അത് . ജീവിതമല്ലേ ? മുന്നോട്ടു  നീങ്ങണമല്ലൊ .

                                              നെഞ്ചുവേദനയെത്തുടർന്ന്   ആശുപത്രിയിലായ  ഒരു  സുഹൃത്തിനെ  കാണാനാണ്  ഇന്നലെ  അവിടെ   പോയത് . വരാന്തയിലൂടെ  നടക്കുമ്പോൾ  കസേരയിലിരുന്ന  ഗർഭിണിയായ  സ്ത്രീയെ  വെറുതെ  ശ്രദ്ധിച്ഛതാണ് . മനസ്സിലൊരു  തരിപ്പുണർന്നു . ഇത് ! ഹോ......! നിറവായറുമായ്  ഒറ്റയ്ക്ക് ....... തളർന്നിരിക്കുന്ന  ഈ  രൂപം !...... ഇതെന്റെ  ശ്രീക്കുട്ടിയല്ലെ ? ഇതവൾ  തന്നെയല്ലെ ? കസേരയിലേക്ക്  ചാരി  കണ്ണടച്ചിരിക്കുകയാണ് . മെല്ലെ  തഴുകുന്ന  സ്വരത്തിൽ  വിളിച്ചു .

"ശ്രീക്കുട്ടി !"

പെട്ടെന്നവൾ  കണ്ണു  തുറന്നു . തൊട്ടടുത്തു  നിന്നയെന്നെ  സൂക്ഷിച്ചു  നോക്കി . ആ  മുഖത്ത്  അതിശയം  വിടർന്നു .

"മോനു ...! ഹോ..! ദൈവമെ ! എത്ര  കാലമായി  കണ്ടിട്ട്...! "

മോനു .........ആ  വിളി  കേട്ടപ്പോൾ  മേലാസകലം  കുളിരുകോരി . അതെന്റെ  അമ്മ  എന്നെ  വിളിക്കുന്ന  ചെല്ലപ്പേരാണ് . അതറിഞ്ഞപ്പോൾ  മുതൽ  അവളും  എന്നെ  അങ്ങനെ  തന്നെ  വിളിച്ചു . വല്ലാത്തൊരു  അടുപ്പമുണ്ടായിരുന്നു  ആ  വിളിയിൽ . ശ്രീക്കുട്ടി  എപ്പോഴും  അങ്ങനെയാണ് . വളരെ  നിസ്സാര  കാരണം  കൊണ്ട്  മറ്റുള്ളവരിൽ  നിന്നും  വേറിട്ടുനിൽക്കും  അവൾ .

"അതെ ....ഒരുപാട്  കാലമായി ".

ഞാനവളുടെ  മുഖത്തേക്ക്  സൂക്ഷിച്ചു  നോക്കി . പഴയ  സൗഹൃദച്ചിരിയുണ്ട്  മുഖത്ത് . പക്ഷെ  അതിന്  പണ്ടത്തെ  തേജസ്സുണ്ടായിരുന്നില്ല . കണ്ണുകളിൽ  സ്വപ്നങ്ങൾക്ക്  പകരം  മരവിപ്പാണെന്നു  തോന്നി . ദൈവമേ !....എന്താണെന്റെ  കുട്ടിക്ക്  പറ്റിയത് ?

"ശ്രീക്കുട്ടി  ഒറ്റക്കേയുള്ളൊ ?"

അവൾ  മെല്ലെ  തലയാട്ടി . 

"ഭർത്താവ് ?"

"തിരക്ക് ".

"ആരെയെങ്കിലും  കൂട്ടി  വരാമായിരുന്നില്ലേ ? ഒറ്റയ്ക്ക് ....... ഈ  അവസ്ഥയിൽ ........"

"ഒരാവശ്യവുമില്ലാതെ  മറ്റുള്ളവരെ  കഷ്ട്ടപ്പെടുത്തുന്നതെന്തിനാ ? എനിക്ക്  കുഴപ്പമൊന്നുമില്ല . ചെക്കപ്പിനു  വന്നതാണ് "

ആ  മറുപടി  എനിക്ക്   തൃപ്തികരമായിരുന്നില്ല . ആരോടൊക്കെയോ  വല്ലാത്ത  ദേഷ്യം  തോന്നി .

"വിവാഹം  അരിയിക്കതിരുന്നതെന്താണെന്ന്  ചോദിക്കുന്നില്ല . ഞാനും  അറിയിച്ചില്ലല്ലോ . എങ്കിലും .....നീ  വളരെ  മാറിപ്പോയി  മോനു ."

എന്റെ  മുഖത്താകമാനം  കണ്‍പീലികൊണ്ടുഴിഞ്ഞ്   ഇളംകാറ്റിന്റെ  മർമ്മരം  പോലെ  അവൾ ചോദിച്ചു .

"തുമ്പപ്പൂവിന്റെ  നിറമുള്ള  കുറേ  നാടൻസ്വപ്നങ്ങളുണ്ടായിരുന്നല്ലോ  നിനക്ക്? ചൂടൻ കഞ്ഞിയും  ചുട്ടരച്ച  ചമ്മന്തിയുംകടുമാങ്ങാ  അച്ചാറും  ഉള്ളിത്തീയലും ........."

ഒന്ന്  നിർത്തി , ഒരു  കള്ളച്ചിരി  ചിരിച്ച്  അവൾ  വീണ്ടും  ചോദിച്ചു .

"ഉണ്ടോ  അതൊക്കെ  ഇപ്പോഴും  കയ്യിൽ ? അതോ  എല്ലാം  പിസ്സക്കും  ബർഗറിനും  വഴിമാറിയോ ? നിന്നെ  കണ്ടിട്ട്  അങ്ങനെ  തോന്നുന്നു ."

ഞാനൊന്നു  പകച്ചു . മറുപടിയൊന്നും  പറയാൻ  കഴിഞ്ഞില്ല . അവളുടെ  പുഞ്ചിരിയിൽ  ഒരുപാടർത്ഥങ്ങൾ  ഒളിഞ്ഞു  കിടക്കുന്നത്  പോലെ ........ ഞാൻ  വിഷയം  മാറ്റി .

"നിനക്ക്  സുഖമാണോ ?"

അവൾ  തലയാട്ടിയതേയുള്ളു . ആ  മൗനം  നാവടക്കലല്ല , മനസ്സടക്കലാണെന്നു  എനിക്ക്  തോന്നി . എന്റെ  പല  ചോദ്യങ്ങൾക്കും  അവൾ  ഇതുപോലെ  മൗനത്തെ  കൂട്ടുപിടിച്ചു . 

"ഞാൻ  നിന്നെ  ഇങ്ങനെ  കാണാനല്ല  ഇഷ്ട്ടപ്പെട്ടത്‌ ".

അവൾ  കുസൃതിച്ചിരിയോടെ  എന്നെ  നോക്കി . നിറവയറിനുമേൽ  കൈവച്ചു  ചോദിച്ചു .

"ഈ  കോലത്തിൽ  മഹാവൃത്തികേട്‌  അല്ലേ ?"

ആ  തമാശ  ആസ്വദിക്കാനെനിക്ക്  കഴിഞ്ഞില്ല . ഒരു  നിമിഷം  ഞാനാ  കണ്ണുകളുടെ  ആഴങ്ങളിലേക്കിറങ്ങി . അത്നേരിടാനാവാഞ്ഞിട്ടോ  എന്തോ  ശ്രീക്കുട്ടി  കണ്ണുകൾ  താഴ്ത്തി . ആ  സമയം  ഡോക്ടറുടെ  മുറിയിൽ   നിന്നും  നെഴ്സ്  തലനീട്ടി .

"ശ്രീദേവി  വരൂ ".

അവൾ  ബദ്ധപെട്ട്  എഴുന്നേറ്റ്  കബിൻലേക്ക്  കയറി .  ഏതോ  ഉൾപ്രേരണയാൽ  ഞാനും  ഒപ്പം  കയറി . ശ്രീകുട്ടിയുടെ  അത്ഭുതവും  പകപ്പും  ശ്രദ്ധിക്കാതെ  ഡോക്ടറുടെ  കണ്ണിലെ  ചോദ്യത്തിനു  മറുപടി  പറഞ്ഞു .

"ഡോക്ടർ , ശ്രീകുട്ടിയുടെ  സഹോദരനാണ്  ഞാൻ ".

"ഓഹോ ! അവകാശം  ബോധിപ്പിക്കാൻ  വന്നതാണോ ?"

ഡോക്ടറുടെ  നോട്ടത്തിനു  മൂർച്ചയേറി .

"മനുഷ്യരാണോ  നിങ്ങൾ ? ഈ  കുട്ടിക്കിപ്പോൾ  എട്ടു  മാസമായി . ഒന്നാം  മാസം  മുതൽ  ഇവളിവിടെ ഒറ്റക്കാണ്  വരുന്നത് . ഭർത്താവിന്  തിരക്കാണത്രെ . എന്നാൽപ്പിന്നെ  ഇത്രയും   ധൃതി  പിടിച്ചതെന്തിനാ ? തിരക്കെല്ലാം  കഴിഞ്ഞിട്ട്  ഭാര്യ  ഗർഭിണിയായാൽ  മതിയായിരുന്നല്ലോ ".

അവരുടെ  ദേഷ്യം  തീരുന്നില്ല . ഞാൻ  സ്തംഭിച്ചിരുന്നു .

"ഭർത്താവിന്റെ  സ്നേഹവാത്സല്യങ്ങൾ  ഏറ്റവും  കൂടുതൽ  ലഭിക്കേണ്ട  സമയമാണ് . ഒരു  പൂവിനേപ്പോലെ  പരിപാലിക്കേണ്ട   സമയമാണ് . എന്നിട്ട് ......... നിങ്ങൾ  വീട്ടുകാരെങ്കിലും ഇവളോടിത്തിരി  കരുണ  കാണിക്ക് ".

ഡോക്ടർ  പറഞ്ഞു  നിർത്തി . ഞാൻ  ശ്രീക്കുട്ടിയുടെ  നേരെ  ഇടംകണ്ണിട്ടുനോക്കി . ചൂളിച്ചുരുങ്ങി  തലകുനിച്ചിരിക്കയാണ് .

"കുട്ടി  വരൂ ".

ഡോക്ടർ  കർട്ടനപ്പുറത്തേക്ക്  നീങ്ങി . അവളും . പരിശോധന  കഴിഞ്ഞ്  മരുന്നെഴുതി  കുറിപ്പെന്റെ  നേരെ  നീട്ടികൊണ്ട്  പറഞ്ഞു .

"കുഴപ്പമൊന്നുമില്ല . പക്ഷെ  ഇനിയെങ്കിലും  ഇവൾക്കിത്തിരി  പരിഗണന  കൊടുക്കണം . ഇങ്ങനെ  നടതള്ളി  വിടാതെ ".

കുറിപ്പ്  വാങ്ങി  എഴുന്നേറ്റു . അതിനിടയിൽ  ഞാനെന്തിനാണിവിടെ  വന്നതെന്ന  കാര്യം  മറന്നു . ക്യാബിനു  പുറത്തിറങ്ങി . കുറിപ്പിനു  വേണ്ടി  ശ്രീക്കുട്ടി  കൈനീട്ടിയത്  കണ്ടില്ലെന്നു  നടിച്ച്  പോയി  മരുന്ന്  വാങ്ങി  വന്നു . ഒരു  നിമിഷം  അവളുടെ  കണ്ണുകളിലേക്കു  നോക്കി . എന്ത്  പറയണമെന്നറിയാതെ  നിന്നു . ഒന്നും  സംഭവിക്കാത്തതുപോലെ , ഈറൻനിലാവുപോലെ  പുഞ്ചിരിച്ച്  ശ്രീക്കുട്ടി  പറഞ്ഞു .

"ഡോക്ടർ  പറഞ്ഞതൊന്നും  കാര്യമാക്കണ്ട . കണ്ടില്ലേ  മോനു ! ഞാൻ  പൂർണ്ണാരോഗ്യവതിയാണ് ."

ഞാൻ  തടഞ്ഞു .

"വേണ്ട  ശ്രീക്കുട്ടി . വിശദീകരിച്ച്  വാക്കുകൾ  വെറുതെ  പാഴാക്കണ്ട . നിന്റെ  മൗനത്തിനുപോലും  ആയിരം  അർത്ഥങ്ങളുണ്ടെന്ന്  ഞാനെന്നേ  മനസ്സിലാക്കിയതാണ് "!

ശ്രീക്കുട്ടി  ആദ്യമായി  കാണുന്നതു  പോലെ  കൗതുകത്തോടെ  എന്നെ  നോക്കി . എന്നിട്ട്  ഒരു  തളിർച്ചില്ല  ഉലയുന്നത്ര                നേരിയ  സ്വരത്തിൽ  ചോദിച്ചു . 

"എന്നിട്ടും  ആർക്ക്  വേണ്ടിയാണ്  മോനു  നീ  നിന്റെ  തുമ്പപ്പൂസ്വപ്നങ്ങളെ  വഴിയോരത്തുപേക്ഷിച്ചത് ?"


വലിയൊരു  ചോദ്യം  മുന്നിലേക്കിട്ടിട്ട്  അവൾ  നിന്ന്  ചിരിച്ചു . ആകെ  തരിച്ചുപോയി  ഞാൻ . ഒരു  സമസ്യ  പൂരിപ്പിക്കുകയാണോ  ശ്രീക്കുട്ടി ?

"മുന്നിൽവന്നുനിന്നപ്പോൾ  ഇഷ്ടമെന്നൊരു  വാക്ക് ......... കടന്നു  പോയപ്പോഴൊരു  പിൻവിളി ......... ഒന്നുമുണ്ടായില്ലല്ലോ  മോനു ?  നീ  നഷ്ട്ടപ്പെടുത്തിയതെനിക്കും  കൂടിയല്ലേ ?"

നനഞ്ഞു  നേർത്ത  സ്വരത്തിലണവളതു  ചോദിച്ചത് . ഓ ! അതുപോലെ  നഷ്ടബോധമനുഭവിച്ച  ഒരു  നിമിഷം  ജീവിതത്തിലൊരിക്കലും  ഉണ്ടായിട്ടില്ല . 

"സാരമില്ല ........ സാരമില്ല "........


ഒരു  സ്വാന്തനം  പോലെ  അവൾ  പറഞ്ഞുകൊണ്ടിരുന്നു . അത്  അനിർവചനീയമായ  ഏതൊക്കെയോ  വികാരങ്ങളുടെ  തിരത്തള്ളൽ . മനസ്സുകൊണ്ടവളെ  ചേർത്തുപിടിച്ചു .

"ഞാൻ  നിന്നെ  വീട്ടിൽ  കൊണ്ടാക്കട്ടെ ?"

പെട്ടന്നവളുടെ  കണ്ണുകളിൽ  ഭയം  തിങ്ങി .

"വേണ്ട . വേണ്ട  മോനു . ഞാൻ  പൊയ്ക്കൊള്ളാം ".

തിദുക്കത്തിലാണവളതു  പറഞ്ഞത് . മൊബൈൽ  നമ്പർ  നീട്ടിക്കൊണ്ട്  ഞാൻ  പറഞ്ഞു .

"എന്താവശ്യമുണ്ടെങ്കിലും  വിളിച്ചോളു ".

നമ്പറെഴുതിയ  തുണ്ടുകടലസ്സ്  വാങ്ങുമ്പോൾ  അവളുടെ  കൈ  വിരക്കുന്നുന്ദായിരുന്നൊ ? ഒരു  നിമിഷം  ആ  കടലാസ്സിലേക്ക്  നോക്കി  നിന്ന് , പിന്നെയത്  കൈകളിൽ  ചുരുട്ടിപ്പിടിച്ച്  ഒരു  യാത്രപോലും  പറയാതെ  നടന്നുനീങ്ങി . ഒരു  മഴക്കാറ്റ്   എന്നെ  താഴുകിക്കടന്നുപോയതുപോലെയാണെനിക്കു  തോന്നിയത് . പാവം  കുട്ടി . ജീവിതം  അവളെ  വല്ലാതെ  ഭയപ്പെടുത്തുന്നുണ്ടെന്നു  തോന്നി . എന്തായിരിക്കും  കാരണം ? എപ്പോഴെങ്കിലും  എന്നെയവൾ  വിളിക്കുമെന്നും  സങ്കടങ്ങൾ  പറയുമെന്നും  ഞാൻ  പ്രതീക്ഷിച്ചു . അത്  തെറ്റിയില്ല . ഇന്നലെ  ഞായറാഴ്ച്ചയായിരുന്നതുകൊണ്ട്  ഊണു  കഴിഞ്ഞു  ടീവിയും  കണ്ട്  അലസമായിരുന്നപ്പോഴാണ്  അവൾ  വിളിച്ചത് . ഫോണെടുത്ത്  പുറത്തേക്കിറങ്ങി . എന്തൊക്കെയോ  ഒരുപാട്  കേൾക്കാൻ  തയ്യാറായി  മുൻവിധിയോടെയാണ്  സംസാരിച്ചുതുടങ്ങിയത് . പക്ഷെ  ശ്രീക്കുട്ടി  ഇത്രമാത്രമേ  പറഞ്ഞുള്ളൂ . ഭർത്താവിന്റെ  വീട്ടിലെ  അടുക്കളയിൽ  പലവ്യഞ്ജനങ്ങൾക്കിടയിലെ  മറ്റൊരു  വ്യഞ്ജനമാണു  താനെന്ന് . പണ്ടും , പരയാതെപറയുന്നൊരു  രീതിയുണ്ടവൾക്ക് . അവളുടെ  ആത്മാവിന്റെ  അനാഥത്വം  ആ  ചുരുങ്ങിയ  വാക്കുകളിൽ  നിന്നും  ഞാൻ  തൊട്ടറിഞ്ഞു . ഒരുപാട്  ബന്ധുക്കളും  എണ്ണിയാലൊടുങ്ങാത്ത  സുഹൃത്തുക്കളും  ചേർന്ന്  സനാധമാക്കിയിരുന്ന  അവളുടെ  ജീവിതം ......... പക്ഷെ  ഈ  വേഷപ്പകർച്ച  എനിക്ക്  വിശ്വസിക്കാനായില്ല . 

"നീയെങ്ങനെ  ഉൾക്കൊള്ളുന്നു  ശ്രീക്കുട്ടി ?"

അറിയാതെ  ചോദിച്ചുപോയി . ചെറുതായി  ചിരിച്ചുകൊണ്ടവൾ  പറഞ്ഞു .

"മനുഷ്യർക്ക്‌  പരസ്പരം  വെറുക്കാൻ  ഒരുപാട്  കാരണങ്ങളുണ്ടാവും  മോനു . സ്നേഹിക്കാനാണ്  പലപ്പോഴും  കാരണങ്ങളില്ലാത്തത് . അപ്പോൾപ്പിന്നെ  നമ്മളത്  കണ്ടുപിടിക്കണം . വേണ്ടേ ? ഞാനെന്റെ  ഭർത്താവിനെ  സ്നേഹിക്കാൻ  എന്തെങ്കിലും  കാരണം  കിട്ടുമോ  എന്ന്  എപ്പോഴും  തിരഞ്ഞുകൊണ്ടിരിക്കും . കാരണം ..............."

ഒന്നുനിർത്തി  തീരെ  നേർത്ത  സ്വരത്തിലവൾ  പറഞ്ഞു .

"കാരണം , അദ്ദേഹത്തിന്റെ   മനസ്സിലും  ഞാനൊരു  പലവ്യഞ്ജനമാണ് ".

അവൾ  പറഞ്ഞവസാനിപ്പിച്ചെന്നുതോന്നി . എന്തുപറയണമെന്നറിയില്ലായിരുന്നെനിക്ക് . ഇത്രയും  മാത്രം  പറഞ്ഞു .

"ചുരുങ്ങിയ  വാക്കുകൾ  കൊണ്ടൊരു  ജീവിതമാണ്  ശ്രീക്കുട്ടി  നീ  വരച്ചത് !"

ഒരുനിമിഷത്തെ  നിശ്ശബ്ദതക്കുശേഷം  ശ്രീക്കുട്ടിയുടെ  സ്വരം ..........

"ചെറിയ  വാക്കുകൾ  ചിലപ്പോൾ  വലിയ  ചിന്തകളെ  പ്രതിഭലിപ്പിക്കും  മോനു . നിനക്കത്  മനസ്സിലാവും . എനിക്കറിയാം ".

മനസ്സെവിടെയൊക്കെയോ  അലഞ്ഞുതിരിഞ്ഞതിനിടെ  അവൾ  ഫോണ്‍  വച്ചു . അതറിഞ്ഞില്ല .

"ഹലോ ?"

ഫോണ്‍  ഒന്നുകൂടി  ചെവിയോടു  ചേർത്തുപിടിച്ചു .

"ഹലോ ?"

ഒന്നുമില്ല ........... ആരുമില്ല ..........


                                 _____________________________

2014 ജൂൺ 8, ഞായറാഴ്‌ച

ആത്മാവിന്റെ കാഴ്ച്ചപ്പാടുകൾ

0 അഭിപ്രായ(ങ്ങള്‍)
ആത്മാവിന്റെ  കാഴ്ച്ചപ്പാടുകൾ 

- ശിവനന്ദ 


                                                      ബലികർമ്മങ്ങൾ  ചെയ്തുകൊണ്ടിരുന്ന  മകനെ  നോക്കിയിരുന്നപ്പോൾ  മനസ്സ്  വല്ലാതെ  നൊന്തു . വെയിലത്താണവൻ  ഇരിക്കുന്നത് . പാവം  വിയർത്തുകുളിക്കുന്നു . ഒരു  ഓലപ്പന്തലെങ്കിലും  ഇടേണ്ടതായിരുന്നു . പിറകിൽ  നോക്കിനിൽക്കുന്ന  മകളും  വിയർത്തുകുളിക്കുന്നുണ്ട് . കഷ്ടം ! ഇതാർക്കുവേണ്ടിയാണ്  എന്തിനുവേണ്ടിയാണ്  എന്റെ  കുഞ്ഞുങ്ങളെ  ഇങ്ങനെ  വെയിലത്ത്  നിർത്തിപ്പൊരിക്കുന്നത് ?

                                                        മരണം  കഴിഞ്ഞിട്ട്  പതിനാറാമത്തെ  ദിവസമാണിന്ന് . ഇന്നത്തോടുകൂടി  എല്ലാം  തീരും . നന്നായി . ഇനിയീ  പ്രഹസനം  കാണണ്ടല്ലോ . വ്യർഥമായ  കുറെ  കാട്ടിക്കൂട്ടലുകൾ . മകന്റെ  മുഖത്ത്  നിർവികാരതയാണ്‌ . മകളുടെ  മുഖത്ത്  ഞാൻ  സൂക്ഷിച്ചുനോക്കി . അൽപ്പം  കണ്ണീർത്തിളക്കം ? ഒന്നുമില്ല . മറ്റുള്ളവരുടെ  മുന്നിൽ  ഈറനോടെ  നിൽക്കെണ്ടിവന്നതിന്റെ  ചമ്മൽ  മാത്രമേയുള്ളു . ഒന്ന്  ചിരിക്കണമെന്നണെനിക്കു  തോന്നിയത് . പക്ഷെ  എനിക്കെങ്ങനെയാണത്   കഴിയുക ? അവസ്ഥ  ഇതായിപ്പോയില്ലെ ?

                                                        മനസ്സ്  അലഞ്ഞുതിരിഞ്ഞു . എന്നും  ഇതിങ്ങനെ  അലഞ്ഞുകൊണ്ടേയിരിക്കും  എന്നോർത്തപ്പോൾ  വീണ്ടും  വേദനിച്ചു ........... 

                                                        ചതിക്കുകയാണ്   ചെയ്തത്  . എന്നെ  എല്ലാവരും  ചതിക്കുകയാണ്  ചെയ്തത് .എന്റെ  വ്യക്തിത്വത്തെ  അവഗണിച്ച് , കഴിവുകളെ  അടിച്ചമർത്തി , സ്ത്രീത്വത്തെ  ചവിട്ടിയരച്ച് , ആത്മാഭിമാനത്തെ  കീറിമുറിച്ച്  ഉന്മാദനൃത്തം  ചവിട്ടിയ  ഭർത്താവ്  ഏറ്റവും  വലിയ  ചതിയൻ . എന്റെ  മനസ്സിന്  ചുറ്റും  ട്രഞ്ച്  കുഴിച്ചിട്ട  മഹാൻ . അതിനപ്പുറത്തേക്ക്  പറക്കാൻ  തുനിഞ്ഞ  എന്റെ  പാവം  മനസ്സിനെ  എത്രയോ  വട്ടം  വെട്ടിപ്പരിക്കേൽപ്പിച്ചു ! എഴുത്തും  വായനയും  ട്രഞ്ചിന്  പുറത്തേക്കുള്ള  എന്റെ  മേൽപ്പാലങ്ങളായിരുന്നു . എത്ര  പ്രാവശ്യം  പാലം  തകർത്ത്  എന്നെ  അഗാധഗർത്തത്തിലേക്ക്  വീഴ്ത്തി ! ശരീരത്തിൽ  നിന്നല്ല , മനസ്സിൽനിന്നാണ്   രക്തം  വാർന്നത്‌ .

 "ജീവിക്കാനുള്ള  തത്രപ്പാട് . അല്ലെ ?"

കാരുണ്യത്തോടെ  ചോദിച്ച  സുഹൃത്തിനോട്  ഉർജ്ജസ്വലതയോടെ  മറുപടി  പറഞ്ഞു .

"ജീവിതം ? അല്ലേയല്ല . അതിജീവനം . അങ്ങനെയാണ്  പറയേണ്ടത് ".

അത്   പറയുമ്പോൾ  സങ്കടമായിരുന്നില്ല . മുറിവേറ്റ   പോരാളിയുടെ  ശൌര്യമായിരുന്നു . പൊരുതിമുന്നേറാനുള്ള  ഉൾക്കരുത്ത്  എനിക്ക്  തരാൻ  അവർ  ഏറെ  പണിപ്പെട്ടു .

"ഒരു  ചെടിയുടെ  ചുവട്ടിൽ  വീഴുന്ന  വളം  എന്താണെന്നു  നോക്കിയല്ല  അത്  വലിച്ചെടുക്കുന്നത് . ചാണകമായലും  അമേദ്ധ്യമായാലും  ചെടിയുടെ  ലക്ഷ്യം  വളരുക  എന്നതുമാത്രമാണ് . ഇതും  അങ്ങനെ  കണ്ടാൽ  മതി . ജീവിക്കുക  എന്നതാണ്   മുഖ്യം . ഈ  വേദനകൾ  അതിനുള്ള  വളമാവട്ടെ ".

പ്രിയസുഹൃത്തിന്റെ  വാക്കുകളെ മനസ്സിലിട്ട്  അടുക്കിപ്പെറുക്കി  ശപഥം  ചെയ്തു .

"ജീവിതം  എനിക്ക്  തന്ന  വേദനകളെ  ഞാനെന്നും  നന്ദിയോടെ  സ്മരിക്കും ".

ശപഥം  ഞാൻ  പാലിക്കുക  തന്നെ  ചെയ്തു . ആ  വേദനകളാണെന്നെ  ഞാനാക്കിയത് . കനലിലിട്ട്  തല്ലിപ്പഴുപ്പിച്ച  ഇരുമ്പുപോലെ  ഞാൻ  പാകപ്പെട്ടുവന്നു . എന്റെ  മാത്രമല്ല , മറ്റുള്ളവരുടെകൂടി  വേദനകളെ   നെഞ്ചോടുചേർക്കാനുള്ള  കഴിവും  മനസ്സും  വന്നു .

"സ്വന്തം  വിഷമങ്ങളെ  ഇത്ര  ആഹ്ലാദത്തോടുകൂടി  അവതരിപ്പിക്കുന്ന  ഒരാളെ  ഞാൻ  ആദ്യമായാണ്  കാണുന്നത് . സമ്മതിച്ചിരിക്കുന്നു ".

അതിശയത്തോടെ  പറഞ്ഞു  മറ്റൊരു  സുഹൃത്ത് . ഞാനത്   വളരെ  നിസ്സാരവത്ക്കരിച്ചു .

"ഒന്നിനെക്കുറിച്ചും  എനിക്കിപ്പോൾ  വേവലാതിയില്ല . പല  രംഗങ്ങൾ  കണ്ടുകഴിഞ്ഞ  ഒരു  നാടകത്തിന്റെ  അവസാനരംഗം  കാണാനുള്ള  ആകാംക്ഷ  പോലെ .......... അത്രയേയുള്ളൂ ".

                                                             ബലിച്ചോർ  ഉരുളകളാക്കുന്ന  മകളെ  നോക്കിയിരുന്നപ്പോൾ  സഹതാപമാണ്  തോന്നിയത് . ഒരിക്കൽ  ഞാനവരോട്  പറഞ്ഞു .

"മരണശേഷം  ഒന്നുകിൽ  എന്റെ  മൃതശരീരം  മെഡിക്കൽ  കോളേജിലെ  വിദ്യാർത്ഥികൾക്ക്  പഠിക്കാൻ  വിട്ടുകൊടുക്കണം . അല്ലെങ്കിൽ  കഴിയുന്നത്ര  അവയവങ്ങൾ  ദാനം  ചെയ്യണം ".

അവരുടെ  പകച്ച  കണ്ണുകളിലേക്ക്  നോക്കി  ഞാൻ  കൂട്ടിച്ചേർത്തു .

"മരണശേഷം  നിങ്ങളെനിക്കുവേണ്ടി  ചെയ്യേണ്ടതായ  ഒരേയൊരു  കർമ്മം  അതാണ്‌ . അല്ലാതെ  മറ്റൊരു  ബലികർമ്മങ്ങളും  എന്റെ  ആത്മാവിന്  ശാന്തി  തരില്ല ".

അവസാനം  ഒന്നുകൂടി  പറഞ്ഞു .

"ജീവിതം  കൊണ്ട്  ചെയ്യാൻ  പറ്റാതിരുന്നത്  മരണം  കൊണ്ടെങ്കിലും  എനിക്ക്  ചെയ്യണം ".

മക്കളേക്കൊണ്ട്  ഞാൻ  സമ്മതിപ്പിച്ചതാണ് . എല്ലാവരോടും  പറഞ്ഞു . ഉറപ്പിനുവേണ്ടി , എഴുതി  ഒപ്പുവയ്ക്കുകയും  ചെയ്തു . എന്നിട്ട് ........... എന്നിട്ട്  അവരും  എന്നെ  ചതിച്ചു . ഞാൻ  പറഞ്ഞേൽപ്പിച്ചപോലൊന്നും  ചെയ്തില്ല . വാഹനാപകടത്തിൽ  എന്റെ  തലയ്ക്കുമാത്രമാണ്  ഗുരുതരമായ  പരിക്കേറ്റത് . മറ്റ്  അവയവങ്ങൾക്കൊന്നും  ഒരു  കേടും  പറ്റിയില്ല . രണ്ടാംദിവസം  ഞാനെന്റെ  ദേഹം  വെടിഞ്ഞു . പറഞ്ഞേൽപ്പിച്ചപ്രകാരം  ആരെങ്കിലുമൊക്കെ  ചെയ്യുമെന്ന്  കരുതി  കാത്തിരുന്നു . പക്ഷെ ............. ആരുമൊന്നും  ചെയ്തില്ല . ചതിച്ചു  എല്ലാവരും . ദൈവത്തിന്റെ  ആ  അത്ഭുതസൃഷ്ടി  അവർ  കത്തിച്ച്  ചാമ്പലാക്കി . അവരെന്തിനാണ്  എന്നോടങ്ങനെ  ചെയ്തത് ? എന്റെ  മരണത്തോടുപോലും  ആരും  നീതി  കാണിച്ചില്ലെന്ന്  എനിക്ക്  തോന്നി .

                                                              ഇവരെന്തിനാണ്  എനിക്ക്  ബലിച്ചോർ  തരുന്നത് ? ഞാൻ  ആത്മാവല്ലേ ? ആത്മാവിന്  വിശപ്പും  ദാഹവുമുണ്ടോ ? 

                                                                കൈകൊട്ടുന്ന  ശബ്ദം . ബലിച്ചൊർ  ഉരുട്ടിവച്ച്  കാക്കയെ  വിളിക്കുകയാണ്‌ . എന്നെ  ഉദ്ദേശിച്ചാണെങ്കിൽ , എനിക്കിതൊന്നും  വേണ്ടെന്ന്  അവരോട്  പറയണമെന്നെനിക്ക്  തോന്നി . പക്ഷെ .............. ആത്മാവിന്  ശബ്ദമുണ്ടോ ?

                                                                എത്ര  ശ്രമിച്ചിട്ടും  ഒരു  ബലിക്കാക്ക  പോലും  വരാതെ  അനാഥമായ  ബലിച്ചോറിനെ  വീണ്ടും  അനാഥമാക്കി  എല്ലാവരും  തിരിഞ്ഞു  നടന്നു . എവിടുന്നോ  അടക്കിപ്പിടിച്ചൊരു  തേങ്ങൽകേൾക്കാം . ആരാണത് ? ചുറ്റും  പരതിനോക്കി . ഓ ! ഭാനുമതിയാണ് . വീട്ടിലെ  ജോലിക്കാരി . പാവം ................ എന്നെ  ഒരുപാട്  സ്നേഹിച്ചിരുന്നു . കൈകൊട്ടുന്ന  ശബ്ദം  കേട്ട്  എല്ലാവരും  ഒന്നിച്ച്  തിരിഞ്ഞുനോക്കി . ഞാനും . ഭാനുമതി ! അവൾ  നിറകണ്ണുകളോടെ  വളരെ  സാവധാനം  കൈ  കൊട്ടുകയാണ് .  ശൂന്യതയിലേക്കാണവളുടെ  നോട്ടം . എല്ലാവരും  പരസ്പരം  നോക്കി . പരിഹാസത്തോടെ - പുച്ഛത്തോടെ  നെറ്റി  ചുളിച്ചു .

"ഇവളാര് ? എന്ത്  അസംബന്ധമാണിവളീ  കാണിക്കുന്നത് ?"

"ഇവൾക്കെന്താണധികാരം ? ഇതിനൊക്കെയിവിടെ  വേണ്ടപ്പെട്ടവരില്ലേ ?"

"മക്കളും  വേണ്ടപ്പെട്ടവരുമൊക്കെയാണ്  ഇത്  ചെയ്യേണ്ടത് . എങ്കിലേ  ആത്മാവിന്  തൃപ്തിയാകൂ ".

"നമ്മൾ  കൈകൊട്ടിവിളിച്ചിട്ട്  കാക്ക  വന്നില്ല . പിന്നെയാണ്  ഇവൾ ".

"കുളിക്കാതെയും  ശുദ്ധിയില്ലാതെയും , ഒരു  ബന്ധവുമില്ലാത്തവർ  ചെയ്യേണ്ട  കാര്യമാണോ  ഇത് ? കഷ്ടം !"

"അവളോട്‌  മാറിപ്പോകാൻ  പറയ്‌ ".

ഓരോരുത്തരും  അവരവർക്ക്  തോന്നിയത്  പോലെ  മത്സരിച്ച്  അഭിപ്രായങ്ങൾ  പറഞ്ഞു .

                                                            പക്ഷെ  ഭാനുമതി  ഇതൊന്നും  കേൾക്കുന്നില്ലെന്ന്  തോന്നി . അവൾ  കൈകൊട്ടുന്നത്  തുടർന്നുകൊണ്ടേയിരുന്നു . അവളുടെ  കണ്ണിൽനിന്ന്  രണ്ടുതുള്ളി  കണ്ണുനീരടർന്ന്  ഭൂമിയിൽ  പതിച്ച  നിമിഷം , എങ്ങുനിന്നെന്നറിയാതെ  കാക്കകൾ  പറന്നിറങ്ങി  ബലിച്ചോർ  കൊത്തി ! എല്ലാവരും    പകച്ച   കണ്ണുകളോടെ  നോക്കിനിന്നപ്പോൾ  എനിക്കൊന്ന്  കരയാനാണ്  തോന്നിയത് . പക്ഷെ .............. പക്ഷെ  ആത്മാവിന്  കണ്ണുനീരുണ്ടോ ?...............




                                                       _______________________

വിരൽത്തുമ്പുകൾ പറഞ്ഞ കഥകൾ .

0 അഭിപ്രായ(ങ്ങള്‍)
വിരൽത്തുമ്പുകൾ പറഞ്ഞ കഥകൾ .

                                                                            - ശിവനന്ദ .       
 

                                                          കുറെ നേരമായി മനസ്സ് കലുഷിതമാണ്‌. അരുന്ധതിയെ ഒന്ന് കാണണമെന്ന് അതിയായി ആഗ്രഹിയ്ക്കുന്നുണ്ട്. അവളും അങ്ങനെ തന്നെ. പക്ഷേ കാണണ്ട എന്ന് ഞങ്ങൾ രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണ് . അതെന്തുകൊണ്ടാണെന്നു ഞങ്ങൾക്കുമറിയില്ല . അവൾക്ക് ഞാൻ കുറേ അക്ഷരങ്ങളാണ്‌ . അവളെനിയ്ക്കും

അങ്ങനെതന്നെ.      

                                                  ഒരു മന:ശ്ശാസ്ത്രപംക്തിയിലൂടെയാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഞാൻ മന:ശ്ശാസ്ത്രജ്ഞനെഴുതിയ ഒരു കത്തിന് താഴെ കൊടുത്തിരുന്ന എന്റെ മേൽവിലാസത്തിൽ മറുപടിയെഴുതിയത് വെറുമൊരു വായനക്കാരി മാത്രമായ അരുന്ധതി!   ജഗന്നാഥൻ എന്ന എന്നെ ജഗൻ  എന്നാണവൾ സംബോധന ചെയ്തത്. രണ്ട് വാചകങ്ങൾ മാത്രമുണ്ടായിരുന്ന ആ കത്ത് ഇങ്ങനെയായിരുന്നു.

പ്രിയ ജഗൻ ,
                    എത്ര നല്ല ഭാഷയും ശൈലിയും! ചുരുങ്ങിയ വാക്കുകളിൽ  ആ ആത്മാവിന്റെ അനാഥത്വം ഞാനറിയുന്നു.വിഷമിയ്ക്കണ്ടാട്ടോ.
                                                                                      സ്നേഹപൂർവ്വം,
                                                                                                                      അരുന്ധതി.   


ആ കത്തെന്നെ കുറച്ചൊന്നുമല്ല അതിശയിപ്പിച്ചത് . രാത്രിയാണാ കത്ത് ഞാൻ വായിച്ചത്. ഒരു നിലാവല എന്റെ മുറിയിലേക്ക് കയറിവന്നതുപോലെ  എനിയ്ക്ക് തോന്നി.

മേൽവിലാസം നോക്കി. ഒരു വിനോദിനിയുടെ  മേൽവിലാസമാണ്  കൊടുത്തിരിയ്ക്കുന്നത്. എന്തും വരട്ടെയെന്ന്  കരുതി ഞാനാ മേൽവിലാസത്തിൽ കത്തെഴുതി.

പ്രിയ അരുന്ധതി, കത്ത് കിട്ടി. സന്തോഷം. ആരാണ്  നിങ്ങൾ? സ്വയം പരിചയപ്പെടുത്തുമോ?
                                                                                                     സ്നേഹപൂർവ്വം, ജഗന്നാഥൻ

മറുപടി കാത്തിരുന്നപ്പോൾ ഞാൻ അക്ഷമനായോ ആവോ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മറുപടി വന്നു.

പ്രിയ ജഗാൻ, ഭൂമിയുടെ ഏതൊക്കെയോ കോണുകളിലിരുന്ന് അക്ഷരങ്ങളിലൂടെ മാത്രം അറിയുന്നത് ഒരു സന്തോഷമല്ലേ? ആദ്യമേ തന്നെ പറയട്ടെ, ഇതിൽ കൊടുത്തിരിയ്ക്കുന്ന മേൽവിലാസം എന്റേതല്ല കേട്ടോ. ഇതിലന്വേഷിചച്ചാൽ  എന്നെ കിട്ടുകയുമില്ല. അതുകൊണ്ടു ജഗനെനിയ്ക്ക് ഉറപ്പു തരണം., എന്നെ അന്വേഷിച്ചു വരില്ലെന്ന് . അങ്ങനെയെങ്കിൽ ഞാൻ വീണ്ടുമെഴുതാം. അതല്ലെങ്കിൽ, ഇതവസാനത്തെ കത്താണ്.
                                                                                                           സ്നേഹപൂർവ്വം  അരുന്ധതി.  
            

ഞാൻ വെപ്രാളത്തോടെ മറുപടിയെഴുതി.
പ്രിയ അരുന്ധതി,
                              ഇല്ല ഞാനൊരിയ്ക്കലും അന്വേഷിച്ചു വരില്ല.നമുക്ക് കുറെ അക്ഷരങ്ങൾ മാത്രമാവാം. എന്തായാലും, എന്റെ ജീവന്മരണപ്പോരാട്ടത്തിൽ നിന്റെ  വാക്കുകൾ അമൃതാവുമെന്നു തന്നെയാണെന്റെ വിശ്വാസം.
                                                               സ്നേഹപൂർവ്വം,ജഗന്നാഥൻ .
അവിടുന്ന് പിന്നെയങ്ങോട്ട് ഞങ്ങളുടെ അക്ഷരങ്ങൾ ജൈത്രയാത്ര ആരംഭിച്ചു. ഞാൻ അക്ഷരം കൊണ്ട് വരച്ചിട്ട അവളുടെ ചിത്രം കണ്ട് അതിശയത്തോടെ അവളെഴുതി.

" എത്ര കൃത്യമായി നീയെന്നെ മനസ്സിലാക്കി ജഗൻ ! സ്പഷ്ടമായി നീയത് വരച്ചു."

അരുന്ധതി വരച്ചിട്ട അക്ഷരരൂപത്തിൽ നോക്കി ഞാനെഴുതി.

"എന്നിലെ എന്നെയാണ്  നീ വരച്ചത്. "

അങ്ങനെ ആളറിയാതെ മുഖമറിയാതെ ഞങ്ങൾ പരസ്പരം സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്തു. ആ സ്നേഹത്തിന്  ഞങ്ങളൊരിയ്ക്കലും ഒരു പേരിട്ടില്ല. അതിന്റെ ആവശ്യവുമുന്റായിരുന്നില്ല . ഒറ്റയ്ക്ക് നിന്നെരിയുന്ന തീനാളം പോലെ ഞാൻ..............വാക്കുകളുടെ വേനൽമഴയുമായി അരുന്ധതി. അവൾ തളർന്നപ്പോൾ വാക്കുകൾ  കൊണ്ടൊരു ഊന്നുവടിയുന്റാക്കി  ഞാൻ............

                               പരസ്പരം സ്വന്തമാക്കാതെയും കേട്ടിയിടാതെയും തീവ്രമായി സ്നേഹിയ്ക്കാൻ കഴിയുമെന്ന് ഞങ്ങൾ ഞങ്ങളേത്തന്നെ  പഠിപ്പിയ്ക്കുകയായിരുന്നു.ഒരിയ്ക്കൽ ഞാനവൾക്കെഴുതി.
"ഒരുപാട് പ്രശ്നങ്ങളിൽപ്പെട്ടു  നട്ടം തിരിയുന്ന ആളാണ്‌ ഞാൻ."

അവൾ തിരിച്ചെഴുതി.
"പ്രശ്നങ്ങളല്ല, നമ്മുടെ കാഴ്ച്ചപ്പാടാണ് നമ്മളെ നട്ടം തിരിയ്ക്കുന്നത്. എന്ത് പ്രശ്നമായാലും എനിയ്ക്കത് പരിഹരിയ്ക്കാൻ കഴിയുമെന്ന്  ഉറച്ച് വിശ്വസിയ്ക്കണം. ആ വിശ്വാസം നിന്നിലേക്ക് ഫലപ്രാപ്തിയെ കൊണ്ടുവരും. കഴിയും ജഗൻ . തീർച്ചയായും നിനക്കത് കഴിയും."

അവളുടെ ഉറച്ച വാക്കുകൾ  എന്നിൽ ആത്മവിശ്വാസമുണർത്തി. അടുത്ത കത്തിലവളെഴുതി.

"എനിയ്ക്ക് വയ്യ ജഗൻ .........മടുത്തു. ജീവിതത്തോടു യുദ്ധം ചെയ്ത് ഞാൻ മടുത്തു."
ഞാൻ മറുപടിയെഴുതി.

"നോക്കൂ അരുന്ധതി, ഇരുട്ട് കണ്ടാൽ , നമ്മൾ ചിലപ്പോൾ  ഇരുട്ടുണ്ടാക്കിയവനെ പഴിയ്ക്കും. അല്ലെങ്കിൽ അവിടുന്ന് ഓടിമാറും . അല്ലേ? എന്നാൽ , ഇത് രണ്ടും ചെയ്യാതെ, ഒരു നെയ്ത്തിരി അവിടെ കത്തിച്ചുവച്ചാലോ? വെളിച്ചമായില്ലേ? അതല്ലേ നല്ലത്? ഇതായിരിയ്ക്കണം കാഴ്ച്ചപ്പാട്. നിനക്കതിന്  കഴിയും അരുന്ധതി"

അങ്ങനെ അക്ഷരത്തേരിൽ കയറി യാത്ര ചെയ്ത് ചെയ്ത് , അവസാനം ഞാൻ അരുന്ധതിയുടെയും  അരുന്ധതി എന്റേയും ഒരു പൂർണ്ണകായ പ്രതിമ തന്നെ നിർമ്മിച്ചു .

                                               പിന്നെയെന്നാണ്  ഞങ്ങളുടെ ഹൃദയത്തിൽ പ്രണയത്തിന്റെ മിന്നലുകൾ പാഞ്ഞത്? അറിയില്ല. അതങ്ങനെ ഒരു നിയോഗം പോലെ സംഭവിച്ചുകൊണ്ടേയിരുന്നു. പക്ഷേ അത് തിരിച്ചറിഞ്ഞപ്പോൾ അസ്വസ്ഥതയായിരുന്നു. പ്രത്യേകിച്ചും അരുന്ധതിയ്ക്ക്. അതങ്ങനെ വേണ്ടിയിരുന്നില്ലെന്ന് അവൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിയ്ക്ക് മനസ്സിലായില്ല.

ഞാനവൾക്കെഴുതി.
"പ്രിയ അരുന്ധതി,
                                  നീയെന്താ ജീവിതത്തിൽ നിന്നകന്ന് പോകുന്നത്? പ്രണയം ഒരു അനുഭൂതിയല്ലേ? "
അവൾ തിരിച്ചെഴുതി.
"പ്രണയം വെറുമൊരു അനുഭൂതിയല്ല, ഒരു ദിവ്യാനുഭൂതിയാണ് . അതുകൊണ്ടുതന്നെയാണെനിയ്ക്കു വിഷമം. നമ്മൾ പരസ്പരം പ്രണയിയ്ക്കുമ്പോൾ എന്റെ മനസ്സിനേക്കാൾ കൂടുതൽ നിന്റെ മനസ്സിനാണ്‌  ജഗൻ ഞാൻ പ്രാധാന്യം കൊടുക്കുന്നത്. അതാണ്‌ എന്റെ വിഷമവും. നിന്റെ ദുഃഖത്തെക്കുറിച്ച് ഓർത്താണ് എനിയ്ക്ക് ആവലാതി..............."

എനിയ്ക്കൊന്നും മനസ്സിലായില്ല. ഞാനെഴുതി.

" നീയെന്തൊക്കെയാണു പറയുന്നതെന്നെനിയ്ക്ക് മനസ്സിലാകുന്നില്ല. എനിയ്ക്കിപ്പോൾ നിന്നെയൊന്ന് കാണണമെന്ന് തോന്നുന്നു. അതല്ലെങ്കിൽ നിന്റെയൊരു ഫോട്ടോയെങ്കിലും അയച്ചുതരൂ. "

അതിനവൾ മറുപടിയെഴുതിയതിങ്ങനെയാണ് .

" ജഗൻ , നമ്മൾ അപകടമേഖലയിലേക്കാണ്  യാത്ര ചെയ്യുന്നത്. സ്വയം ഒന്ന് പിടിച്ച്ചുനിർത്തിയെ  തീരൂ."

എനിയ്ക്ക് വല്ലാതെ ദേഷ്യം വന്നു. ഒരു ഫോട്ടോ ചോദിച്ചതിനാണോ? ഞാൻ വീണ്ടുമെഴുതി.

"അരുന്ധതി, ഒരു ഫോട്ടോ ചോദിച്ചതിനാണോ ഇത്രയും ബഹളം? ഒന്ന് കാണാനാഗ്രഹിച്ചതാണോ തെറ്റ്? എന്നെ വിശ്വാസമില്ലെന്നാണോ? ഭയമാണോ എന്നെ? "

അതിനവൾ മറുപടിയെഴുതിയില്ല .രണ്ടുമൂന്ന് കത്തുകൾ കൂടി ഞാനെഴുതി. ഒരു മാസത്തോളം കാത്തു. മറുപടി വന്നില്ല. ഞാനാകെയൊന്നു  പകച്ചു. eഎവിടെയാണ് പിഴവ് സംഭവിച്ചത്?സ്നേഹിച്ചതോ? കത്തെഴുതിയതോ? സ്നേഹം പ്രണയത്തിലേക്ക് വഴിമാറിയതോ? കാണാനാഗ്രഹിച്ചത് തെറ്റാണോ? ഇനി ഫോട്ടോ ചോദിച്ചതായിരിയ്ക്കുമോ തെറ്റ്?  അതിനവൾക്ക്  എന്തെങ്കിലുമൊരു മറുപടിയെഴുതിക്കൂടെ? ഇത് അവഗണനയല്ലേ? ഇങ്ങനെ പാടുണ്ടോ? ........എന്നിലെ പുരുഷൻ  വല്ലാതെ അപമാനിതനായി. ഞാനവൾക്ക്  അവസാനത്തെ കത്തെഴുതി.

പ്രിയ അരുന്ധതി,
                             ഇഷ്ടം കൊണ്ടാണങ്ങനെ ചോദിച്ചതും പറഞ്ഞതുമെല്ലാം. നിന്നെ ഉപദ്രവിയ്ക്കണമെന്ന് ഒരിയ്ക്കലും കരുതിയിട്ടില്ല. ഞാനങ്ങനെയൊരാളല്ല. ഇനിയെന്നിൽ നിന്നും നിനക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അവസാനിപ്പിയ്ക്കുകയാണ്  എല്ലാം.
                                                                                     സ്നേഹത്തോടെ, ജഗന്നാഥൻ .

ആ കത്ത് തപാൽപ്പെട്ടിയിലിട്ടപ്പോൾ  മനസ്സിന്റെ ഒരു പാളി അടർന്ന് പോയതുപോലെ തോന്നി. ഒട്ടും പ്രതീക്ഷിയ്ക്കാതെ ആ കത്തിന് മറുപടി വന്നു. "

"ജഗൻ , എന്താണിത്? ഞാനെന്തെങ്കിലും പറയുകയോ പ്രവൃത്തിയ്ക്കുകയോ  ചെയ്‌താൽ, അതിനെന്തെങ്കിലും കാരണമുണ്ടാകും എന്നെങ്കിലും മനസ്സിലാക്കണ്ടേ?  അത്രയെങ്കിലും വിശ്വാസം വേണ്ടേ? ഞാൻ കുറച്ച് തിരക്കിലായിപ്പോയി. വീണ്ടും ഞാനപേക്ഷിയ്ക്കുകയാണു , ഫോട്ടോ, കൂടിക്കാഴ്ച്ച ഇവയൊക്കെ നമുക്കൊഴിവാക്കാം. നിന്നെയെനിയ്ക്ക് അത്രയ്ക്കിഷ്ടമായത് കൊണ്ടാണ് ജഗൻ ഞാനിത് പറയുന്നത്.............."

വീണ്ടും അവളൊരു പ്രഹേളിക പോലെ.........എന്ത് രഹസ്യമാണ് അവളെ ചൂഴ്ന്നു നില്ക്കുന്നത്? മനസ്സിലാകുന്നില്ല. വലിയ സംഭവവികാസങ്ങളൊന്നുമില്ലാതെ ദിവസങ്ങള് മുന്നോട്ട് പോയി. പക്ഷേ , അവളെ ഒന്ന് കാണാനുള്ള ആഗ്രഹം മനസ്സിൽ  ചുര  മാന്തിയപ്പോൾ ഞാനവൾക്കെഴുതി.

" ഒരു ദിവസം ഞാൻ വരും. മുൻകൂട്ടി പറയാതെ......"

അതിന് മറുപടിയും വന്നു.

"തർക്കത്തിന് ഞാനില്ല. എന്നെങ്കിലും നീയെന്നെ മനസ്സിലാക്കും. അന്ന് വേദനിയ്ക്കരുത്."

ആ വരികൾക്കിടയിലൂടെ  ഞാൻ കണ്ണോടിച്ചു. എന്നോട് പറയാത്തതെന്തെങ്കിലും ? ഒന്നും കാണാനായില്ല. അതില്പ്പിന്നെ ഇപ്പോൾ ഒരു മാസത്തിലേറെയായി. അവളെഴുതാറില്ല . കത്തുകൾക്ക്  മറുപടിയുമില്ല. ദേഷ്യമാണോ പരിഭവമാണോ തോന്നിയതെന്നറിയില്ല. കാണണമെന്ന ആഗ്രഹം കലശലായി. ഒരു പരീക്ഷണമെന്ന നിലയിൽ  ഒരു കത്തും കൂടിയെഴുതി.

" അരുന്ധതി, നീയീ  ചെയ്യുന്നത് ക്രൂരതയാണ്. എത്ര കത്ത് ഞാനെഴുതി! ഒരു മറുപടി അയച്ച്ചുകൂടെ നിനക്ക്? "

മറുപടി വന്നില്ല. അഹങ്കാരി...........ഞാൻ മനസ്സിൽ പറഞ്ഞു . അരുന്ധതിയെ കാണണം. ഞാനുറപ്പിച്ചു. ഇവൾക്കിത്രമാത്രം വാല് കിളിർക്കാനെന്താ  ഉള്ളതെന്നറിയണം . അവൾ പറഞ്ഞിട്ടുള്ള വിവരങ്ങൾ വച്ച് , ,,'കുന്നയ്ക്കാൽ ' എന്ന  ഗ്രാമത്തിലെത്തി. വീട് തപ്പി കണ്ടുപിടിച്ചു.ഗേറ്റിന്  പുറത്ത് കാറൊതുക്കി. ക്രോട്ടണ്‍സ്  ചെടികൾ  വരിയായി നട്ട മുറ്റത്ത് കാൽ കുത്തിയപ്പോൾ ആകാംക്ഷ കൊണ്ട് വീർപ്പുമുട്ടി. പൂമുഖത്ത് കയറി. കോളിങ്ങ് ബെല്ലടിച്ചു. നിമിഷങ്ങൾക്കകം  വാതിൽ  തുറന്നു. ഒരു സ്ത്രീയാണ്. പ്രായം നാൽപ്പതോ അതോ നാൽപ്പത്തഞ്ചോ? ആവോ. നിർണ്ണയിയ്ക്കാനാവുന്നില്ല. അവർ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ആവശ്യമില്ലാത്തൊരു വെപ്രാളം മനസ്സിൽ  അലയടിയ്ക്കുന്നുണ്ട് . രണ്ടും കല്പിച്ച് ചോദിച്ചു.

" അരുന്ധതി? ........അരുന്ധതിയുടെ വീടല്ലേ ഇത്? "

അവരുടെ കണ്ണുകളിൽ അത്ഭുതം തിങ്ങി.

" ജഗൻ  ? ജഗനല്ലേ? "

ഒറ്റ നിമിഷം കൊണ്ട് എന്റെ മനസ്സൊരു കൊടുമുടി കയറി. അരുന്ധതി ! ഇതാണ്  അരുന്ധതി !അവൾക്കെന്നെ  നിമിഷനേരം കൊണ്ട് മനസ്സിലായി !

" ഞാൻ പ്രതീക്ഷിച്ചിരുന്നു. അകത്തേയ്ക്ക് വരൂ ജഗൻ ..."

അകത്തേയ്ക്ക്  കയറി.

" ഇരിയ്ക്കൂ "

അവൾ കസേരയിലേക്ക് ക്ഷണിച്ചു. ഞാനിരുന്നു. എതിരേയുള്ള  കസേരയിൽ അവളും. ഞാൻ അരുന്ധതിയെ ആപാദചൂഡം നോക്കുകയായിരുന്നു. അവൾ സ്വയം വർണ്ണന  നടത്തിയതുപോലെ  , പറഞ്ഞത്ര നിറമില്ല. കണ്ണുകൾക്കും  കൈവിരലുകൾക്കും പറഞ്ഞത്ര നീളവുമില്ല. ഉയരവും അത്രയില്ല. ഞാൻ മനസ്സിൽ  ചിരിച്ചു. കള്ളീ! എത്ര നുണയാ പറഞ്ഞത് ! ഞാനിങ്ങനെ നേരിട്ടെത്തുമെന്ന് കരുതിയില്ലല്ലേ? എന്റെ നോട്ടത്തിൽ അസ്വസ്ഥത തോന്നിയിട്ടോ എന്തോ അവളെഴുന്നേറ്റു.

" ഞാൻ കുടിയ്ക്കാനെന്തെങ്കിലും എടുക്കാം "

"വേണ്ട  "
ഞാൻ തടഞ്ഞു.

" ഒന്നും വേണ്ട. അരുന്ധതി ഇരിയ്ക്കൂ. നമുക്ക് സംസാരിയ്ക്കാം. "

"വരുന്നു ജഗൻ  "

അവളകത്തേയ്ക്ക് നടന്നു.ഞാനേതോ വിചിത്രലോകത്തിൽപ്പെട്ടെതുപോലെയായി. കത്തുകളിലൂടെ അരുന്ധതി എത്ര വാചാലയായിരുന്നു ! നേരിട്ട് കണ്ടപ്പോൾ.......... അവളൊരുപാട്‌  നിശബ്ദയായിരിയ്ക്കുന്നു ! എന്ത് പറ്റിയിരിയ്ക്കും ? ...........
ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളവുമായി അവൾ തിരികെ വന്നു. അത് വാങ്ങിക്കൊണ്ടു ഞാൻ ചോദിച്ചു.

" നിനക്കെന്തുപറ്റി അരുന്ധതി? കത്തുകളിൽ കണ്ടതിൽനിന്നും നീയോരുപാട് മാറിയിരിയ്ക്കുന്നു !"

അരുന്ധതിയെന്റെ മുന്നിലിരുന്നു. മുഖം കുനിച്ചിരിയ്ക്കുന്ന അവളെ നോക്കി ഞാനും. അവളാകെ അസ്വസ്ഥയായിരുന്നു. ആ അസ്വസ്ഥത എന്നിലേയ്ക്കും പടർന്നു . നാരങ്ങാവെള്ളം ഒരു കവിൾ  ഇറക്കിക്കൊണ്ടു ഞാൻ പറഞ്ഞു .

" ഇത് ഭയങ്കര ബോറാണ് കേട്ടോ. ഇനി, ഞാൻ വന്നത് ഇഷ്ടമായില്ലെങ്കിൽ ,.... ക്ഷമിയ്ക്കുക. ഞാൻ പോകാം. ഇനി വരികയുമില്ല. "

എനിക്ക് ക്ഷമ കെട്ട്  തുടങ്ങിയിരുന്നു.

" ജഗൻ  ".........

അരുന്ധതി വാക്കുകൾക്ക്  വേണ്ടി പരതുന്നതുപോലെ തോന്നി. ഞാനൊരു കവിൾ  വെള്ളം കൂടി വലിച്ചെടുക്കുന്നതിനിടയിലവൾ പറഞ്ഞു . വിറയ്ക്കുന്നുണ്ടോ സ്വരം?

" ജഗൻ  ക്ഷമിയ്ക്കണം. ഞാൻ.............ഞാൻ അരുന്ധതിയല്ല......അവളുടെ സഹോദരി അനുരാധയാണ് .........."

ഒരു നിമിഷം ഞാൻ ജാഗരൂകനായി.

" അപ്പോൾ അരുന്ധതി ? അരുന്ധതിയെവിടെയാണ് ? "

" ജഗൻ  വെള്ളം കുടിയ്ക്കൂ. "

"നിങ്ങളെന്താ കളിയാക്കുകയാണോ? അരുന്ധതിയെവിടെയാണ് ? എനിയ്ക്കവളെ കാണണം. "

" പറയാം ജഗൻ . നിങ്ങൾ വെള്ളം കുടിയ്ക്കൂ.."

അവരുടെ സ്വരം നേർത്തിരുന്നു. ഒരിറക്ക് വെള്ളം ഞാൻ വായിലേക്ക് വലിച്ചു.

" അരുന്ധതി......... അവൾ........"

അവർ ഭിത്തിയിലേക്ക്  നോക്കി.ഒരു ചിത്രത്തിലേക്ക് വിരൽ  ചൂണ്ടി............

ഞാനൊരു നിമിഷം സ്തംഭിച്ചു...............ദേഹമാസകലമൊരു വിറയൽ പാഞ്ഞു.............കണ്ണൊഴിച്ച് എല്ലാ ഇന്ദ്രിയങ്ങളും നിശ്ചലമായതുപോലെ ............വായിലേക്കു വലിച്ച വെള്ളം താഴോട്ടുള്ള വഴി കാണാതെ തൊണ്ടയിൽ കുടുങ്ങി. ശ്വാസം വിലങ്ങി . ..........

" ജഗൻ  ? ...ജഗൻ .....?"

ഗ്ലാസ്സിലേക്ക് നോക്കി. അരുന്ധതി എന്ന നാലക്ഷരങ്ങൾ ആ വെള്ളത്തിൽക്കിടന്നു  കൈകാലിട്ടടിച്ച്  പിടഞ്ഞു പിടഞ്ഞ്..........

"ജഗൻ , നിങ്ങൾ വിഷമിയ്ക്കരുത് .........അതുകണ്ടാൽ എവിടെയോ ഇരുന്ന് അവളും............."

ഒരു ഏങ്ങലിൽ അവരുടെ ശബ്ദം മുറിഞ്ഞത് കേട്ട് പകച്ചുനോക്കി.........

മെല്ലെ ഗ്ലാസ്‌ താഴെ വച്ച് എഴുന്നേറ്റു. വേച്ചുവേച്ച് ഒരു വാഷ്ബേസിൻ തപ്പിനടന്നു........

ഇവിടെ മുഴുവൻ ഇരുട്ടായോ? ഈ ഇരുട്ടിൽ  ഞാനെങ്ങനെയാണത് കണ്ടുപിടിയ്ക്കുക? ഊണുമേശയ്ക്കപ്പുറം വെളുത്ത എന്തോ ഒന്ന്.........അതാണോ വാഷ്‌ ബേസിൻ ? വേച്ചുവേച്ച്................

" ജഗൻ ...........ജഗൻ  , നിങ്ങൾക്കൊന്നുമില്ല. ഇങ്ങനെ വിഷമിയ്ക്കാതെ. ദാ , ഈ  വാഷ്ബേസിനിൽ മുഖം കഴുകൂ."

അനുരാധ എന്നെ പിടിച്ചിട്ടുണ്ടെന്ന് തോന്നി. അവർ ടാപ്പ് തുറന്ന് , എന്റെ കൈ പിടിച്ച് ടാപ്പിന് താഴെ കാണിച്ചു. വായ്ക്കുള്ളിൽ ഒരുകവിൾ നാരങ്ങാവെള്ളം അപ്പോഴും വഴിയറിയാതെ നില്ക്കുന്നുണ്ടായിരുന്നു,. അതിനെ വാഷ്ബേസിനിലേക്ക് സ്വതന്ത്രമാക്കി..  കൈക്കുമ്പിളിൽ  നിറഞ്ഞ വെള്ളം മുഖത്തേക്കു തെറിപ്പിച്ചു. ഒന്നല്ല, പലവട്ടം. പിന്നെ, വാഷ്ബേസിനിൽ കൈകളൂന്നി , സ്ഥലകാലബോധത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു.  മഴനനഞ്ഞ അപ്പൂപ്പൻതാടി  പോലെയായി മനസ്സ്. നിമിഷങ്ങളോളം അങ്ങനെ നിന്നു ...............

" ജഗൻ  "..........

പിന്നിൽനിന്നും  വിളികേട്ട് മെല്ലെ തിരിഞ്ഞ് അനുരാധയുടെ മുഖത്തേയ്ക്ക് നോക്കി. അവരുടെ കണ്ണുകൾ  നിറഞ്ഞുതൂവി.  ഞാൻ അരുന്ധതിയുടെ ചിത്രത്തിനരികിലേക്ക് ചെന്നുനിന്നു. അക്ഷരങ്ങളായി എന്റെ മനസ്സിൽ കയറിയവൾ.................ഇപ്പോൾ ചിത്രമായി ചുമരിൽ കയറിയിരിയ്ക്കുന്നു. ഞാൻ സൂക്ഷിച്ചുനോക്കി.  ശരിയാണ്. അവൾ പറഞ്ഞതുപോലെ നീളമുള്ള കണ്ണുകൾ , കണ്ണുകളിൽ വിഷാദം , നീണ്ട കഴുത്ത്, .....അവൾ വെളുത്തിട്ടാണെന്ന് പറഞ്ഞിരുന്നു. അതെങ്ങിനെയാ ഇനിയറിയുക?  ചോദിയ്ക്കാം.

" അനുരാധാ,  അവൾ വെളുത്തിട്ടായിരുന്നോ?  കൈവിരലുകൾ നീണ്ടിട്ടായിരുന്നോ? "

" ജഗൻ  "!

അനുരാധ വല്ലാതെ പകച്ചിരുന്നു.  അവരുടെ മുഖത്തേയ്ക്ക് ചകിതനായി നോക്കി. പതറിപ്പതറി അങ്ങിങ്ങ് നടന്നു. നനഞ്ഞുവന്ന കണ്ണുകൾ  വെപ്രാളത്തോടെ ഷർട്ടിന്റെ കോളർത്തുമ്പുകൊണ്ട് തുടച്ചു.  പിന്നെ...............

                     പിന്നെ ........ഭിത്തിയിലേക്ക് ചാരി കണ്ണുകളടച്ചു നിന്നു ................നിമിഷങ്ങളോളം.....................പിന്നെ............വരണ്ടുണങ്ങിയ തൊണ്ടയിൽ നിന്നും വാക്കുകൾ  പുറത്തേക്ക് തെറിച്ചു.

" ഇത്.............ഇതെന്നായിരുന്നു ?"

" ഒരു മാസമായി....."

" ഞാൻ...........ഞാനറിഞ്ഞില്ല.............എങ്ങനെയാണ് .........?"

" രക്താർബ്ബുദമായിരുന്നു . അതുകൊണ്ടാണ് ജഗൻ  നിങ്ങളുടെ പ്രണയത്തിൽ നിന്നവൾ ഒഴിഞ്ഞൊഴിഞ്ഞു നിന്നത്. "

തളർന്നു ....ശരീരത്തിന് ഭാരമില്ലാത്ത അവസ്ഥയായിത്തുടങ്ങി.

" ഒന്നുമറിഞ്ഞില്ല........ഒരു സൂചന പോലും................"

 ശബ്ദം വല്ലാതെ ചിലമ്പിച്ചു .

" ഒന്നും നിങ്ങളറിയരുത് എന്നവളാഗ്രഹിച്ചിരുന്നു. നിങ്ങളെ വേദനിപ്പിയ്ക്കാനവൾക്ക് ആവില്ലായിരുന്നു. കത്തുകൾക്ക്  മറുപടി കിട്ടാതാവുമ്പോൾ നിങ്ങളവളെ മറക്കുകയും വെറുക്കുകയും ചെയ്യുമെന്നവൾ കരുതി. അതാണവൾ ആഗ്രഹിച്ചതും..........."

നിറഞ്ഞുതൂവിയ  കണ്ണുകൾ പുറംകൈകൊണ്ട് തുടച്ചു്  അവർ വീണ്ടും പറഞ്ഞു .

"നിങ്ങളെ അവളൊരുപാട്‌ സ്നേഹിച്ചിരുന്നു ജഗൻ ......മരിയ്ക്കുന്നതുവരെ നിങ്ങളെ  ഓർത്തായിരുന്നു അവൾക്ക്  സങ്കടം. "

" മതി. "

കൈയ്യുയർത്തി  തടഞ്ഞു.വേച്ചുവേച്ച് പുറത്തേക്കിറങ്ങി. കാറിൽ കയറിയിരുന്ന്  സീറ്റിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു .  ......അരുന്ധതി അക്ഷരങ്ങളായി, വാക്കുകളായി, വാചകങ്ങളായി...............നെഞ്ചിനുള്ളിൽക്കിടന്നു പിടച്ചു..........നിന്നെക്കുറിച്ച് കാണാൻ ഇനിയെനിയ്ക്കൊരു സ്വപ്നം പോലുമില്ലല്ലോ അരുന്ധതി..........അടഞ്ഞ കണ്ണുകൾക്കുള്ളിൽ കണ്ണുനീർ  പുറത്തുപോകാനാകാതെ  വീർപ്പുമുട്ടി ..സത്യമാണോ ഇത് ? അതോ എന്നെ പറ്റിയ്ക്കുകയാണോ?  അരുന്ധതി , നിന്നെയെനിയ്ക്ക് കാണണ്ട, മിണ്ടുകയും വേണ്ട. ഈ ഭൂമിയിലെവിടെയെങ്കിലും നീയുണ്ടായാൽ മതി...........

                        കണ്ണുകൾ വല്ലാതെ വേദനിച്ചു.തൊണ്ടയും. കാറിന്റെ സുരക്ഷിതത്വത്തിനുള്ളിലാണെന്നോർത്തതും , കണ്ണുകൾ  തുറന്നു. വീർപ്പുമുട്ടി പിടഞ്ഞ കണ്ണീർത്തുള്ളികൾ  ഒന്നിനുപിറകെ  ഒന്നായി താഴോട്ടൊഴുകി. തളർന്ന് സ്റ്റിയറിങ്ങിലേക്ക് തല വച്ചതോടെ തൊണ്ടയെ നോവിച്ചുകൊണ്ടിരുന്ന  ഗദ്ഗദങ്ങൾ  വിങ്ങിപ്പൊട്ടലായി പുറത്തേക്ക്..................


                                                   /    .............................................../
                   .

ഗ്രാമച്ചന്തയിലെ സൂര്യന്‍

0 അഭിപ്രായ(ങ്ങള്‍)
                                                    ഗ്രാമച്ചന്തയിലെ  സൂര്യൻ .

                                                                                                             -ശിവനന്ദ 

                           ആശുപത്രിവരാന്തയിലെ  ചാരുബഞ്ചില്‍  തലയ്ക്ക്‌   കൈകൊടുത്ത്‌ കുനിഞ്ഞിരിക്കുന്ന  ആ  മനുഷ്യനെ   വെറുതെ  ശ്രദ്ധിച്ചു.  വീണ്ടും ...  കണ്ണു  തിരിഞ്ഞിട്ടും  മനസ്സു  തിരിയാതെ  വീണ്ടും... !   ഹേയ് ചുമ്മാ...

ഇത്‌  നല്ല  തമാശ.     അയാള്‍  ആരോ  ആവട്ടെ.   എനിയ്ക്കെന്ത്‌ ?

 കാലിന്‌  വല്ലാത്ത  വേദന.     പ്രായം  പത്തറുപത്തഞ്ചായില്ലേ.. ആരോഗ്യം വളരെ മോശമായിരിയ്ക്കുന്നു..   ഡോക്ടറെ  കാണാന്‍  ഒരുപാട്‌ നേരമായി  കാത്തിരിക്കുന്നു.   ഇന്ന്‌  നല്ല  തിരക്കുണ്ട്‌. .

പെട്ടെന്ന്‌  അയാള്‍  മുഖത്തുനിന്നും  കൈയെടുത്ത്‌  നിവര്‍ന്നിരുന്നു.   ങേ.......?.. ദൈവമേ !   അതു   തന്നെയല്ലേ ?   വളര്‍ന്നിറങ്ങിയ  താടിയും  മുടിയും  കുറച്ച്‌  അപരിചിതത്വം  സൃഷ്ടിക്കുന്നുണ്ടെങ്കിലും  ഈ  മുഖം..   അതു  തന്നെയല്ലേ ?

"അനന്തപത്മനാഭന്‍'"

 നേഴ്സ്  വാതിൽക്കൽ   വന്ന്‌  പേരു  വിളിച്ചു.   ങേ... ?   ഞാന്‍  നഴ്സിനെ  പകച്ചുനോക്കി.   മേലാസകലം വല്ലാത്തൊരു   പ്രകമ്പനം.

" നിങ്ങളെയല്ല,  ഇങ്ങേരെയാണ്‌  വിളിച്ചത്‌  "

എന്റെ  പകച്ച  കണ്ണുകള്‍  അദ്ദേഹത്തിലേക്ക്‌  നീങ്ങി.   എഴുന്നേല്‍ക്കാന്‍  ശ്രമപ്പെടുന്നത്‌  കണ്ടു.   പെട്ടെന്നെഴുന്നേറ്റ്‌  അദ്ദേഹത്തിനു  നേരെ  കൈ  നീട്ടി.

" വരൂ.. "

ആ  കണ്ണുകള്‍  സംശയത്തോടെ  എനിക്കു  നേരെ  നീണ്ടു.

"പെട്ടെന്നാവട്ടെ  അമ്മാവാ... "

നഴ്സിന്‌  അസഹിഷ്ണുത.   ഒന്ന്‌  സംശയിച്ചിട്ട്‌  അദ്ദേഹം  എന്റെ  നീട്ടിയ  കൈകളില്‍  പിടിച്ചെഴുന്നേറ്റു. നന്ദിപൂര്‍വ്വം  എന്നെ  നോക്കിയിട്ട്‌  പതറിയ  കാല്‍വയ്പുകളോടെ  ഡോക്ടറുടെ  ക്യാബിനിലേക്ക്‌  നടന്നു.  അത്‌ നോക്കി നില്‍ക്കെ  മനസ്സൊരു   അപ്പൂപ്പന്‍താടി  കണക്കെ  പറന്നു. .....

  രാത്രി  സ്വപ്നങ്ങളിലേക്ക്‌  ഒരു    ഗന്ധര്‍വനേപ്പോലെ  കടന്നുവന്ന്‌,  പകല്‍സ്വപ്നങ്ങളില്‍  സൂര്യനെപ്പോലെ   ജ്വലിച്ചുനിന്ന്‌  ഒരു  കാലഘട്ടം  മുഴുവന്‍ എന്റെ   മനസ്സിനെ  തഴുകിയവന്‍. ........   ഒരിക്കലും  പരസ്പരം  കാണാതെ,  ഒന്നിച്ചു നടക്കാതെ,  ഒന്നിച്ചിരിക്കാതെ,  തൊട്ടശുദ്ധമാക്കാതെ   സ്നേഹിച്ചവർ ........... അങ്ങനെയൊരു  സ്നേഹം എന്നെങ്കിലും  എവിടെയെങ്കിലും  ഉണ്ടായിട്ടുണ്ടാകുമോ ?

" ഉഷാഗൗരി  "

നഴ്സിന്റെ   വിളി.  മനസ്സിനെ  തിരിച്ചുവിളിച്ചുകൊണ്ടെഴുന്നേറ്റു.   പുറത്തേക്കിറങ്ങിവന്ന  അദ്ദേഹത്തെ  നോക്കിയപ്പോള്‍  മനസ്സൊന്നു കുതിച്ചു.   ആ  ചുണ്ടുകളില്‍  ഒരു  പുഞ്ചിരിയുണ്ടായിരുന്നു.   ധ്യാനലീനനായിരിക്കുന്ന  ശ്രീബുദ്ധന്റെ   ചുണ്ടിലെ  ചെറുപുഞ്ചിരിപോലെ.   ശാന്തതയുടെ  ചിരി.   ഡോക്ടറുടെ മുന്നിലിരുന്നപ്പോള്‍  സ്വന്തം  വേദനകള്‍  പറയാന്‍  മറന്നു.   എങ്ങനെയും  പുറത്തിറങ്ങാനുള്ള  വെമ്പലായിരുന്നു. ഡോക്ടര്‍  എന്തൊക്കെയോ  ചോദിച്ചു.   എന്തൊക്കെയോ  പറഞ്ഞുതീര്‍ത്തു.   തിടുക്കത്തില്‍  പുറത്തുകടന്നു.   എവിടെ ?    പോയോ ?   കണ്ണുകള്‍  വേവലാതിയോടെ  തിരഞ്ഞു.   ഓ !   അവിടെയുണ്ട്‌.  വെയിറ്റിംഗ്‌  റൂമിന്റെ   ഒരു മൂലയില്‍  കസേരയില്‍  ചാരി  കണ്ണുകളടച്ച് ....


" അനന്തപത്മനാഭൻ '"

ഫാർമസിയിൽ   നിന്നും  വിളി  വന്നു.   എഴുന്നേല്‍ക്കാന്‍  കഷ്ടപ്പെടുന്ന  അദ്ദേഹത്തോട്‌  പറഞ്ഞു.

" ഇരുന്നോളൂ.   ഞാന്‍  വാങ്ങിവരാം. "

വീണ്ടും  ആ  കണ്ണുകളില്‍  സംശയത്തിന്റെ   അലകൾ  ........ അത്‌  കണ്ടില്ലെന്ന്‌  നടിച്ച്‌  പോയി അദ്ദേഹത്തിന്റെ യും   എന്റേയും   മരുന്ന്‌  വാങ്ങി  വന്നു.   തിരിച്ച്‌  അവിടെച്ചെന്നിരുന്നു.  മരുന്ന്‌  ഏല്‍പിച്ചുകൊണ്ട്‌  ചോദിച്ചു.

"ഒറ്റയ്ക്കേയുള്ളോ ?"

"അതെ."

" അതെന്താ ?"

"കൂടെവരാന്‍  ആരുമില്ലാത്തതുകൊണ്ട്‌ "

". കുടുംബം ?"

"ഭാര്യ  മരിച്ചു.   മക്കള്‍  വിദേശത്ത്‌  "

"എവിടെയാണ്‌  താമസം ?  "

"കുന്നംകുളം."

" ഒറ്റയ്ക്കോ ?"

"ആരുമില്ലാത്തവരെ  സാധാരണ   ഒറ്റ   എന്നാണ്‌  ഞാന്‍  പറയാറ്‌ .  എന്താ  അത്‌  പോരാന്നുണ്ടോ ? "

നിറഞ്ഞ  ശുണ്ഠി  വാക്കുകളില്‍ .  ചിരി വന്നു...ഒട്ടും മാറിയിട്ടില്ല !

"നിങ്ങളാരാണ്‌ ?   എവിടെയോ  കണ്ടുമറന്നതുപോലെ ? "

"ഞാന്‍  ഗൗരി . "

അളന്നു  തൂക്കി  പറഞ്ഞു.

"എന്നെ  വളരെ  പരിചയമുള്ളതുപോലെ  നിങ്ങള്‍  സംസാരിക്കുന്നു. "

" സാര്‍  വലിയൊരു  കലാകാരനല്ലെ ?   എനിയ്ക്കറിയാം.   സാറഭിനയിച്ച  ഒരുപാട്‌,  നാടകങ്ങള്‍  ഞാന്‍ കണ്ടിട്ടുണ്ട്‌  .  ആ  കഥാപാത്രങ്ങള്‍ക്കൊപ്പം  ചിരിക്കുകയും  കരയുകയും  ചെയ്തിട്ടുണ്ട്‌.  ""

" കല  ഒരുപാട്‌  നേട്ടങ്ങളെ  തന്നു.   അതോടൊപ്പം  നഷ്ടങ്ങളേയും...   എവിടെയാണ്‌  നിങ്ങള്‍  താമസം ? കുടുംബം ? "

"കുടുംബം...ഇല്ല..  ഞാന്‍  വിവാഹം  കഴിച്ചിട്ടില്ല. "

" അപ്പോള്‍  നിങ്ങളും  ഒറ്റയ്ക്കാണ്‌. "

" അല്ല   ഒരുപാട്‌  പേരുണ്ട്‌  കൂടെ.   സാര്‍  വരുന്നോ ?"

സ്നേഹത്തോടെ നിര്‍ബന്ധിച്ചു.

" വരൂ  സാര്‍  ഒന്നു  വന്നിട്ടു  പൊയ്ക്കോളൂ. "

 അദ്ദേഹം  എഴുന്നേറ്റു.   എന്റെ   നീട്ടിയ  കൈകള്‍  നിരസിച്ചുകൊണ്ട്‌  പറഞ്ഞു.

" വേണ്ട   ഒറ്റയ്ക്ക്‌  തുഴയാന്‍  ഞാന്‍  ശീലിച്ചു. "

ഒന്നും  മിണ്ടിയില്ല.   ഓട്ടോറിക്ഷയില്‍  കയറിയിരുന്നപ്പോഴും  സംസാരിച്ചില്ല.  വീട്ടുമുറ്റത്ത്‌  ചെന്നിറങ്ങിയപ്പോള്‍  അവിടവിടെ  കണ്ട   നരച്ച  തലകള്‍  അദ്ദേഹത്തില്‍  വീണ്ടും  സംശയമുണര്‍ത്തി.

" ഇത്‌  വൃദ്ധമന്ദിരമാണോ ? "

"അല്ല  സാർ ,  എന്റെ   വീടാണ്‌.  ഇവരെല്ലാം  എന്റെ   സുഹൃത്തുക്കളാണ്‌.   പകല്‍  എല്ലാവരും  ഇവിടെ  ഒത്തുകൂടും. ചിരിയും  കളിയും  തമാശകളുമായി  ജീവിതസായാഹ്നം  ആഘോഷിക്കുകയാണ്‌.  ആരെയും  ബുദ്ധിമുട്ടിക്കാതെ.   ആ മുഖത്ത്‌  അതിശയം

"ഇവരെല്ലാം  ഇവിടെത്തന്നെയാണോ  താമസം ?"

"ചിലര്‍  വൈകീട്ട്‌  തിരിച്ചുപോകും.   പോകാനിഷ്ടമില്ലാത്തവര്‍  ഇവിടെ  എന്നോടൊപ്പം  കൂടും.   സാര്‍  വരൂ. ഞങ്ങള്‍  അകത്തേക്ക്‌  കയറി.

"   നമുക്കിന്നൊരു  വിശിഷ്ടാതിഥിയുണ്ട്‌  കേട്ടോ.  "

 എല്ലാവരും  അടുത്തുവന്ന്‌  സൗഹൃദത്തോടെ  പുഞ്ചിരിച്ചു.

"അനന്തപത്മനാഭന്‍.   കറ  തീര്‍ന്നൊരു  കലാകാരന്‍..   ഒരു  കാലത്ത്‌  നാടകകലയുടെ  നെടും തൂണായിരുന്നു. കഥാപാത്രങ്ങളായി  വന്ന്‌  ഒരുപാടുപേരെ  കരയിപ്പിക്കുകകയും  ചിരിപ്പിക്കുകയും  ചിന്തിപ്പിക്കുകയും  ചെയ്ത സര്‍ഗ്ഗപ്രതിഭ.   എല്ലാവരുടെയും  കണ്ണുകളില്‍  അതിശയം....!   ആരാധന....!

   അദ്ദേഹത്തിന്റെ   മുഖത്തൊരു  ചിരി  വിരിഞ്ഞു.   ബുദ്ധന്റെ   ചിരി.   വിശേഷം  പറച്ചിലും  ചിരിയും  തമാശകളുമായി  സമയം  പോയതറിഞ്ഞില്ല.   ഇടയ്ക്കിടെ  അദ്ദേഹം  എന്റെ  മുഖത്തേക്ക്‌  സൂക്ഷിച്ചുനോക്കുന്നതും  എന്തോ  ആലോചിയ്ക്കുന്നതുമൊക്കെ കണ്ടപ്പോള്‍  നേരിയൊരു  അങ്കലാപ്പ്‌  തോന്നി.   എന്തായിരിക്കും  ആ  മനസ്സിൽ ?    രാവിലെ  കണ്ട  ക്ഷീണിതനായ  മനുഷ്യനായിരുന്നില്ല  അപ്പോൾ .   വളരെ  ഊര്‍ജ്ജസ്വലന്‍  . മുഖത്ത്‌  വല്ലാത്തൊരു  തേജസ്സ്‌ ....

സന്ധ്യയായി...  പലരും  തിരിച്ച്‌  സ്വന്തം  വീടുകളിലേക്ക്‌  പോയി.   അദ്ദേഹം  പൂമുഖത്ത്‌  കസേരയില്‍ ഗാഢമായ  ചിന്തയിലാണ്‌.   മെല്ലെ  അടുത്തേക്ക്‌  ചെന്നു.


" സാർ ,  പോകണ്ടേ ? "

അദ്ദേഹം  വീണ്ടും  മുഖത്തേക്ക്‌  സൂക്ഷിച്ചുനോക്കി.   എന്തോ  തിരയുന്നതുപോലെ.   മനസ്സൊന്നു  പിടച്ചു.

" ഞാനും  ഇവിടെ  എല്ലാവരുടെയും  ഒപ്പം  കൂടട്ടെ ?   സായാഹ്നവും  അസ്തമയവും  ഇവിടെത്തന്നെയായാലോ ?   നിങ്ങള്‍ക്ക്‌  ബുദ്ധിമുട്ടാകുമോ ? "

എന്റെ   ദൈവമേ !    മേലാസകലം  ഒരു  കോരിത്തരിപ്പ്‌  . അവസാനം... എന്റെ    സ്വപ്നം.. ...ഞാന്‍  നടന്നടുത്തതോ   അതോ  പരസ്പരം.....ഈശ്വരാ...! ഈ നിമിഷം.......ഇതായിരുന്നില്ലേ എന്നുമെന്റെ   സ്വപ്നം ?   !

"ബുദ്ധിമുട്ടാണെങ്കില്‍  വേണ്ടകേട്ടോ.   നിങ്ങളുടെ  ഈ  കൂട്ടായ്മയും  സന്തോഷവും  കണ്ടപ്പോളൊരു  മോഹം.  അത്രയേ  ഉള്ളൂ. "

" ബുദ്ധിമുട്ടോ ?   സന്തോഷമേയുള്ളൂ   സാര്‍ .....സാറിന്റെ   സാന്നിദ്ധ്യം  ഞങ്ങളുടെ  വീടിനെ  ഒരു ദേവാലയമാക്കുകയേ  ഉള്ളൂ.    സാര്‍  ചവിട്ടുന്ന  മണ്‍തരികള്‍പോലും  അനുഗ്രഹിക്കപ്പെടുകയേ  ഉള്ളൂ."

 ആവേശത്തോടെയാണ്‌  പറഞ്ഞതെങ്കിലും  ശബ്ദം  സാന്ദ്രമായിരുന്നു.  അദ്ദേഹം   കൗതുകത്തോടെ   എന്നെ സൂക്ഷിച്ചുനോക്കി.   മെല്ലെ  ആ  മുഖത്തൊരു  പുഞ്ചിരി വിരിഞ്ഞു.   ഒരുപാടുപേരെ  മോഹിപ്പിച്ച   ബൗദ്ധിക തേജസ്സാര്‍ന്ന  ചിരി.

"സത്യത്തില്‍   നിങ്ങളാരാണ്‌ ?   നിങ്ങളുടെ  ശബ്ദം.... സംസാരം... .വാക്കുകളുടെ  കൂട്ടിയിണക്കല്‍  എല്ലാം.... എല്ലാമെന്നെ  മറ്റൊരു  ലോകത്തേക്ക്‌  കൊണ്ടുപോകുന്നു.   എനിക്കേറെ  പ്രിയപ്പെട്ട  മറ്റൊരു  ലോകത്തേക്ക്‌.""

 അദ്ദേഹം  കസേരയിലേക്ക്‌  ചാരി  കണ്ണുകളടച്ചു.   എന്റെ  മനസ്സു  പിടച്ചു.   എന്തോ  കേള്‍ക്കാന്‍  കാതുകള്‍  വെമ്പുന്നുണ്ട്‌.   രാത്രി...   അദ്ദേഹത്തിന്‌  വേണ്ടി  ഒരുക്കിയ മുറിയില്‍  ലൈറ്റണഞ്ഞിരുന്നില്ല.   ചാരിയിരുന്ന  വാതില്‍  മെല്ലെ  തുറന്ന്‌  അകത്തേക്ക്‌  നോക്കി.  ഉറക്കമാണ്‌ . നിമിഷങ്ങളോളം  ശങ്കിച്ചു  നിന്നു.   പിന്നെ  സ്വയമറിയാതെ  കാലുകള്‍  അകത്തേക്ക്‌  ചലിച്ചു.   അടുത്തു  ചെന്ന്‌ ആ   മുഖത്തേക്ക്‌  നോക്കി.   ഒരു  ശിശുവിന്റേതുപോലെ   ശാന്തവും  നിഷ്കളങ്കവുമായ  മുഖം.  മെല്ലെ  കസേര  വലിച്ചിട്ട്‌  അടുത്തിരുന്നു.   എത്ര  കണ്ടിട്ടും  മതിയാവാതെ  വീണ്ടും  വീണ്ടും  നോക്കി.   മനസ്സ്‌  വല്ലാതെ  ഈറനായി.   ആ  നനവ്‌  കണ്ണുകളിലേക്ക്‌  അരിച്ചിറങ്ങി.
തിരിച്ചറിഞ്ഞില്ല  അല്ലേ?   എന്ന്‌   ,ഏത്‌  ആള്‍ക്കൂട്ടത്തില്‍  വച്ചു  കണ്ടാലും  തിരിച്ചറിയുമെന്ന്‌  പറഞ്ഞിട്ട്‌?   ആ   മുടി  മെല്ലെ  ഒതുക്കിവച്ചു.   മുഖം  അറിയാതെ  കുനിഞ്ഞു.   നെറ്റിയില്‍  പൂവുകൊണ്ട്‌   തലോടുന്നതുപോലെ  മൃദുവായി  ഉമ്മവച്ചു.   ജന്‍മങ്ങളായി  കാത്തുവച്ച  ആദ്യത്തെ  സ്നേഹമുദ്ര.   മനസ്സിന്റെ  അങ്ങേയറ്റത്ത്‌  വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും  ഒരു  ഇരുപതുകാരി  പ്രണയത്തോടെ  വിളിച്ചു.

"ഏട്ടാ "

".. വിളിച്ചോ ?"

പെട്ടെന്ന്‌  അദ്ദേഹം  കണ്ണുതുറന്ന്‌  ചാടിയെഴുന്നേറ്റിരുന്നു.   ഞെട്ടിപ്പോയി.

"ആരാണ്‌   എന്നെ  വിളിച്ചത്‌ ?  നിങ്ങളാണോ ? "

ആകെ  പകച്ചു.

" ഇല്ല   സാര്‍  ...ഞാന്‍  വിളിച്ചില്ല..  സാര്‍  ഉറങ്ങിയോ  എന്നറിയാന്‍  വന്നതാണ്‌ . "

 അദ്ദേഹം  നെറ്റി  തടവി.   വല്ലാത്ത  അസ്വസ്ഥതയുണ്ടായിരുന്നു  ആ   മുഖത്ത്‌

"എന്തുപറ്റി  സാര്‍ ?  "

ഛെ!   എനിക്ക്‌  തോന്നിയതാണോ ?   ആരോ  വന്നെന്റെ    മനസ്സില്‍  തൊട്ടതുപോലെ.   തോന്നിയതാകും.     അങ്ങനെയെന്നെ  വിളിക്കാന്‍  ഈ  ലോകത്ത്‌  എനിയ്ക്കവള്‍  മാത്രമല്ലേയുള്ളൂ."

  " ആരാണ്‌  സാര്‍   ?  "

മനസ്സ്‌  കുതിച്ചു ചാടി.

"എന്റെ    നീലി.  "

"നീലിയോ ?"

"നീലി.......ഞാനവളെ   അങ്ങനെയാണ്‌  വിളിയ്ക്കാറ്‌.    ശരിക്കുള്ള  പേര്‌. .. ...അതെന്തായിരുന്നു ?  അദ്ദേഹം  ഓര്‍മ്മകളില്‍  പരതി.   ആവോ...  മറന്നു.   "

"ആരാണവര്‍ ?". ......

"..അവളെനിയ്ക്കെല്ലാമാണ്‌.   അമ്മയാണ്‌,   സഹോദരിയാണ്‌,   സുഹൃത്താണ്‌,  കാമുകിയാണ ്‌  ...

" ഇപ്പോളെവിടെയുണ്ട്‌ ?      "

"അറിയില്ല.   ഞങ്ങളൊരിക്കലും   നേരില്‍ക്കണ്ട്‌   സംസാരിച്ചിട്ടില്ല.   ഫോണ്‍കോളിലൂടെ  മാത്രം  അറിഞ്ഞവരാണ്‌.  ഒരു  ശബ്ദമായി  ഒഴുകിവന്ന്‌  എന്റെ  നെഞ്ചില്‍  കൂടുവച്ചവള്‍  . ഒരുപാട്‌  സങ്കടങ്ങൾ ,  സന്തോഷങ്ങൾ  സംഘര്‍ഷങ്ങള്‍  ......എല്ലാം  ഞാനവളോട്‌  പറയും.   ഒന്ന്‌  കാണണമെന്ന്‌  വളരെ  ആഗ്രഹിച്ചിരുന്നു.   പക്ഷേ  മനപൂര്‍വ്വം  ഞങ്ങളതിന്‌  തുനിഞ്ഞില്ല.   കാരണം  ഞാനന്ന്‌  വിവാഹിതനായിരുന്നു.   ചേര്‍ത്തണയ്ക്കപ്പെടേണ്ടത്‌  നമ്മള്‍  പരസ്പരമല്ല,   നമ്മളെ  നിലനിര്‍ത്തുന്നത്‌   നമുക്ക്‌  ചുറ്റുമുള്ളവരാണ്‌. , അവരെ  വേദനിപ്പിക്കാതിരിക്കാം  എന്നവള്‍   എന്നോട്‌  പറഞ്ഞപ്പോള്‍   ഒരുപാടൊരുപാട്‌  സ്നേഹം  തോന്നി.

പരസ്പരം പിടിച്ചടക്കാതെ ...രൂപവും നിഴലും പോലെ...

"   അതുപോലൊരു സ്നേഹം,  പരസ്പര ധാരണ........ഒന്നും  മറ്റൊരിക്കലും  ഞാനനുഭവിച്ചിട്ടേയില്ല."..........

അദ്ദേഹം  തീര്‍ത്തും  ഓര്‍മ്മകളുടെ  ലോകത്താണെന്ന്‌  തോന്നി.

 " അവസാനം  സ്വന്തം പ്രാരാബ്ധങ്ങളിലേക്ക്‌  നടന്നകന്ന  ഞങ്ങള്‍ക്ക്‌  പരസ്പരം  അന്വേഷിക്കാന്‍  കഴിഞ്ഞില്ല.   പക്ഷേ  ഒററപ്പെടുന്നു  എന്നെനിക്ക്‌  എന്നെങ്കിലും  തോന്നിയാല്‍  ഒന്നു  വിളിച്ചാല്‍  മതി,   ഓടിയെത്തുമെന്നവള്‍  പറഞ്ഞിരുന്നു.   അവള്‍   വരും.   കഴിഞ്ഞ  ജന്‍മം  സ്നേഹിച്ചു  തീരാതെ  മരിച്ചു പിരിഞ്ഞവരാണ്‌  ഞങ്ങൾ .  ഈ ജന്‍മം  ഞങ്ങള്‍ക്ക്‌  കാണാതെ  വയ്യ.  കണ്ടിട്ടേ  പോകൂ.   അവള്‍  വരും.   ഞാന്‍  വിളിക്കാതെ  തന്നെ..... "

 എന്തിനെന്നറിയാതെ  മനസ്സു  വീണ്ടും  കരയാന്‍  തുടങ്ങി.  എഴുന്നേറ്റു.   സാര്‍  കിടന്നോളൂ.   തിരിഞ്ഞു നടന്നു.

" നില്‍ക്കൂ. "

അറിയാതെ  നിന്നുപോയി.   അദ്ദേഹം  മുന്നിലേക്ക്‌  വന്നു.   മുഖത്തേക്ക്‌  സൂക്ഷിച്ചുനോക്കി.   ഹൃദയത്തില്‍ച്ചെന്ന്‌ തൊടുന്ന  നോട്ടം.   അത്‌  നേരിടാനാവാതെ  മുഖം  കുനിഞ്ഞു.  പ്രതീക്ഷിക്കാത്തൊരു  നിമിഷത്തില്‍  അദ്ദേഹമെന്റെ    ഇരുതോളിലും  പിടിച്ച്‌  ചോദിച്ചു

". നീയല്ലേ ? "

ഞെട്ടിപ്പോയി.   എന്താണാ  ചോദ്യമെന്ന്‌  മനസ്സിലായില്ല.   എന്നെ  മെല്ലെ  ഉലച്ചുകൊണ്ട്‌  വീണ്ടും  ചോദിച്ചു.

" അത്‌  നീയല്ലേ?   അല്ലെങ്കില്‍പ്പിന്നെയെന്താണ്‌  നീയടുത്തുവരുമ്പോള്‍  എനിയ്ക്കവളുടെ  സാമീപ്യം  അനുഭവപ്പെടുന്നത്‌ ?   ഞങ്ങള്‍  കണ്ടിട്ടില്ലെങ്കിലും  വാക്കുകളിലൂടെ  മനസ്സില്‍  ചിത്രം  വരച്ചിട്ടവരാണ്‌.   എന്റെ മനസ്സിലേക്ക്‌  നോക്കിയാല്‍  കണ്ണാടിയിലെന്നപോലെ  എനിക്കവളെ  കാണാം.   അവള്‍ക്ക്‌  നിന്റെ   മുഖമാണ്‌.,  ഈ  ശബ്ദമാണ്‌,   ഈ  ഭാവമാണ്‌ .  .........."

 മനസ്സ്‌  ആര്‍ത്തലച്ചു.   കണ്ണുകളിറുക്കിയടച്ചു.

" സത്യം  പറയൂ  ഗൗരി ,   നീയെന്റെ    നീലിയല്ലേ ?"

  തളര്‍ന്നു.   ഇനി  പിടിച്ചുനില്‍ക്കാന്‍  വയ്യ.    നനഞ്ഞ  ഒരു  പഴന്തുണിക്കെട്ടുപോലെ  ശരീരം  താഴോട്ട്‌  ഊര്‍ന്നു.   ആ   പാദങ്ങളില്‍  മെല്ലെ  സ്പര്‍ശിച്ചു.   കണ്ണുകള്‍  അരുവിയായി.   തേങ്ങലുകള്‍  നെഞ്ചില്‍  പിടഞ്ഞമര്‍ന്നു.   ഒരു നിമിഷം  പകച്ചുനിന്നുപോയ  അദ്ദേഹം  പതിയെ  എന്നെ  പിടിച്ചെഴുന്നേല്‍പ്പിച്ചു.   മുഖം  കൈകളില്‍  പൊതിഞ്ഞു.   കൗതുകത്തോടെ   നോക്കിയ  ആ   കണ്ണുകളില്‍  യുവത്വം കടന്നെത്തി.   സ്നേഹത്തിന്റെ  കടലിളകി.

" നീലി !   അവസാനം  പറഞ്ഞതുപോലെ  തന്നെ  നീ  വന്നു  അല്ലേ ?   എവിടായിരുന്നു  ഇത്രയും  കാലം ?"

 ഹൃദയം  ഉരുകിയിറങ്ങിയ  കണ്ണുനീര്‍  അദ്ദേഹം  തുടച്ചു.    ഒരു  മയില്‍പ്പീലി  തൊടുന്നത്ര  സൗമ്യതയോടെ   എന്നെ നെഞ്ചിലേക്ക്‌  ചേര്‍ത്തു.   ലോകം  ഞങ്ങള്‍ക്കു  ചുറ്റും  ചെറുതായി.   ഒന്നും  സംസാരിച്ചില്ല.   ജന്‍മജന്‍മാന്തരങ്ങളായി  നെഞ്ചില്‍  കെട്ടിനിന്ന  സ്നേഹം.   അതിന്റെ   തണല്‍ ...സുരക്ഷിതത്വം  എല്ലാം  അനുഭവിക്കുകയായിരുന്നു.   അതിന്‌  പരിമളവും  പരിശുദ്ധിയുമുണ്ടായിരുന്നു.   എന്നെ  കട്ടിലില്‍  പിടിച്ചിരുത്തി  അദ്ദേഹം  അടുത്തിരുന്നു.

" എന്തേ  നീലിയാണെന്ന്‌  ആദ്യമേ  പറയാതിരുന്നത്‌ ? "

" അതായിരുന്നില്ലേ  നമ്മുടെ  തീരുമാനം ? "

"ശരിയാണ്‌.   നിന്നെ  മനസ്സിലായില്ലെങ്കിലും,  എന്തോ  ഒന്ന്‌  ഞാനനുഭവിച്ചറിയുന്നുണ്ടായിരുന്നു  . സ്നേഹത്തിന്റെ   അദൃശ്യമായൊരു  സ്വര്‍ണ്ണനൂലിഴ  എവിടെയോ  എന്നെ  കുരുക്കിയിട്ടിരുന്നു.   അതുകൊണ്ടല്ലേ  നീയുള്ളിടത്തുനിന്നും  പോകാനെനിക്ക്‌  കഴിയാതിരുന്നത്‌ ?  "

" ഒറ്റയ്ക്കായാൽ   വിളിക്കണമെന്ന്‌  പറഞ്ഞിട്ട്‌ ........... എന്തേ വിളിക്കാതിരുന്നത്‌ ?"

"നീ  ഭര്‍ത്താവും  മക്കളുമൊക്കെയായി  സുഖമായി  ജീവിക്കുകയാണെന്നാണ്‌  കരുതിയത്‌.   ശല്യപ്പെടുത്താന്‍  തോന്നിയില്ല.   എന്താ  നീ  വിവാഹം  കഴിക്കാതിരുന്നത്‌? "

മറുപടി  എന്തു  പറയണമെന്നറിയില്ലായിരുന്നു.  മറ്റുള്ളവര്‍ക്ക്‌  മനസ്സിലാകുന്നൊരു  മറുപടി  എന്റെ   കൈയ്യില്‍  ഒരിയ്ക്കലുമുണ്ടായിരുന്നില്ലല്ലോ  എന്നുമോര്‍ത്തു.   വരുന്ന  ഓരോ  വിവാഹാലോചനയും   ഒരു  കാരണവുമില്ലാതെ  തട്ടിനീക്കുന്നു  എന്ന  പഴി  ഒരുപാട്‌  കേട്ടു.   എന്തിനായിരുന്നു  അതെന്നാര്‍ക്കുമറിയില്ല.   തൃപ്തികരമായൊരു  ഉത്തരം  എനിക്ക്‌  എന്നോടുതന്നെ  പറയാന്‍  കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ്‌  സത്യം.   പക്ഷേ  ഓരോ  ആലോചനയും  തട്ടിനീക്കുമ്പോള്‍  മനസ്സില്‍  ശാന്തമായൊരു  ചിരി  നിഴലിക്കുന്നുണ്ടായിരുന്നു.    ബുദ്ധന്റെ   ചിരി....
ഒരിയ്ക്കലും  വിരിയുമെന്ന്‌  ഉറപ്പില്ലാത്ത  ഒരു  മഴവില്ല്‌  കാണാന്‍  മാനത്തു  നോക്കി  കാത്തിരുന്ന  കുട്ടിയുടെ  മണ്ടത്തരംപോലെ.   ഒടുവില്‍  താഴെയുള്ള  മൂന്ന്‌  സഹോദരങ്ങളുടെയും  വിവാഹം  കഴിഞ്ഞു.   പഴി  പറഞ്ഞ്‌ പറഞ്ഞ്‌  മടുത്തപ്പോള്‍  പതിയെ  എല്ലാവരും  പിന്‍മാറി.   പിന്നെപ്പിന്നെ  ആരും  ഒന്നിനും  നിര്‍ബന്ധിക്കാതായി.   അച്ഛനുമമ്മയും  മരിച്ചപ്പോള്‍  ഒറ്റയ്ക്കാവുകയും  ചെയ്തു.   എന്നിട്ടും  പിന്നെയും  ജീവിച്ചു.   എന്തോ  ചെയ്തു  തീര്‍ക്കാനുള്ളതുപോലെ.. ആരോ  വരാനുള്ളതുപോലെ........മനസ്സിന്റെ   വാതിലുകള്‍  വെറുതെ  ചാരിയിട്ട്‌. .. തൂത്തുതുടച്ച്‌ ..........സ്നേഹത്തിന്റെ   നെയ്ത്തിരി  കത്തിച്ച്‌ വച്ച്‌   വര്‍ഷങ്ങളോളം... അത്രമേല്‍ തീവ്രമായിരുന്നോ  എന്റെ   സ്വപ്നങ്ങള്‍ ?   ആയിരിക്കാം.   അതല്ലേ  അവസാനം  ഗ്രാമച്ചന്തയിലെ  കോലാഹലങ്ങള്‍ക്കിടയില്‍  ജ്വലിച്ച  സൂര്യനെപ്പോലെ  അദ്ദേഹം.............

" നീയെന്താ  മിണ്ടാത്തത്‌ ?   എന്താണാലോചിക്കുന്നത്‌ ?"

"  അത്‌ ......വിവാഹം  കഴിക്കണമെന്നെനിക്ക്‌  തോന്നിയില്ല.   പറഞ്ഞിരുന്നതുപോലെ ,  എന്നെങ്കിലുമെന്നെ  വിളിച്ചാല്‍  വിളിപ്പുറത്ത്‌  ഞാനുണ്ടാവണ്ടേ "?

?അദ്ദേഹത്തിന്റെ   കണ്ണുകളില്‍  അതിശയം.   അതു  നോക്കി  തെല്ലു  കുസൃതിയോടെ  പറഞ്ഞു.

" സ്വപ്നങ്ങള്‍ കണ്ടുകൊണ്ടേയിരിക്കുക.   അതിലേക്ക്‌  നമ്മള്‍  നടന്നടുക്കും."



   വീണ്ടും  അതേ  ചിരി,   ബുദ്ധന്റെ ചിരി....!!!!

                                                                   *************


സമസ്യയ്ക്കുള്ള ഉത്തരം .

0 അഭിപ്രായ(ങ്ങള്‍)

                                                     സമസ്യയ്ക്കുള്ള    ഉത്തരം .
                                                    --------------------------------------
                                                                                                            --  ശിവനന്ദ . 

                              അതൊരു    സർവ്വേ  ആയിരുന്നു .   ഭാര്യമാരുടെ   ഇടയിൽ   മാത്രം   നടത്തിയ   സർവ്വേ .   വിഷയം -- '  ഈ   ജന്മത്തിലെ   ഭർത്താവ്   തന്നെ   വേണമോ   അടുത്ത   ജന്മത്തിലും ? '   ഒരു   വനിതാമാസികയ്ക്ക്   വേണ്ടിയായിരുന്നു   അത് .

                          പാർക്കിലേയ്ക്കാണ്   ഞങ്ങൾ   ചെന്നത് .   കുറേപ്പേർ   പറഞ്ഞു,

" വേണം ".

" എന്തുകൊണ്ട് ?"

ഞങ്ങൾ   ചോദിച്ചു .   അവർ   ഒരോരുത്തരും   പറഞ്ഞു .

ഭർത്താവ്   എന്റെ   ജീവനാണ് .   എന്റെ  ദൈവമാണ് .   അദ്ദേഹമില്ലാത്തൊരു   ജന്മമെനിയ്ക്ക്   വേണ്ട ."

വേറെ   കുറേപ്പേർ   പറഞ്ഞു ,

ഹേയ് ...അതുവേണ്ട .   അടുത്ത   ജന്മം   വേറെയാരെങ്കിലുമായിക്കോട്ടെ ."

" എന്തുകൊണ്ട് ?"

ചോദ്യം   ഞങ്ങളുടേത് .

" ഒരു   ചേഞ്ച്   എപ്പോഴും   നല്ലതല്ലേ ?"

തമാശ മട്ടിലാണവർ   പറഞ്ഞത് .  കളിയോ   കാര്യമോ   ആവോ ..അടുത്ത സ്ഥലത്തേയ്ക്ക്   നീങ്ങി .   ചിലർ   എങ്ങും   തൊടാതെ   പറഞ്ഞു .

" എന്തായാലും   വേണ്ടില്ല .   ഇതോ  അല്ലെങ്കിൽ   വേറാരെങ്കിലുമോ ,  എതെങ്കിലുമാകട്ടെ "

തൊട്ടടുത്തിരുന്ന   രണ്ടുപേരോട്‌   ചോദിച്ചു.   അവർ   പറഞ്ഞു .

" അടുത്ത  ജന്മം   ഭർത്താവോ  ?   ജന്മം   തന്നെ   വേണമെന്നില്ല ."

" അതെന്താ?"

" ഓ ...മടുത്തെന്നെ .."

പിന്നെ   ഞങ്ങൾ   ചെന്നത് ,  ഒരു   നാൽവർ   സംഘത്തിന്റെ   അടുത്ത് .   അവർക്കിത്തിരി   ശൗര്യം   കൂടുതലാണെന്ന്   തോന്നി .  അവർ പറഞ്ഞു .

" അടുത്ത   ജന്മം   ഭർത്താവേ   വേണ്ട  .   വിവാഹം   കഴിയ്ക്കാതെ   ജീവിയ്ക്കാനാണ്   ആഗ്രഹം ."

" കാരണം ? "

 കൂട്ടത്തിലൊരാൾ   പറഞ്ഞു .

" ഒരാളെക്കൊണ്ടുതന്നെ   മതിയായി .   ഞങ്ങളെ   ചവിട്ടിക്കൂട്ടാൻ   ഇനിയുമൊരു   ഭർത്താവോ  ?"

അടുത്തയാൾ പറഞ്ഞു .

" അങ്ങേരുടെ   ഉപദ്രവം   സഹിയ്ക്കുകയാണ് .   മക്കളെ ഓർത്ത് .  സമൂഹത്തെപ്പേടിച്ച് ."

അടുത്തിരുന്ന ആൾ  പറഞ്ഞു ,

"അടുത്തൊരു   ജന്മമുണ്ടാകുമോ? ? എങ്കിൽ   ഞങ്ങൾ   കാത്തിരിയ്ക്കും.   ഒറ്റയ്ക്ക്   ജീവിയ്ക്കാൻ.   കുറഞ്ഞ   പക്ഷം   ആത്മാഭിമാനമെങ്കിലുമുണ്ടാവുമല്ലോ  "

                           ഇതുപോലുള്ള   അഭിപ്രായങ്ങൾ   തന്നെയാണ് ഒരോ   ഭാഗത്തുനിന്നും   കിട്ടിയത് .   അവസാനമായി   ഒറ്റതിരിഞ്ഞിരിയ്ക്കുന്ന   ഒരു   സ്ത്രീയുടെ   അടുത്തെത്തി .   അതേ   ചോദ്യം   ചോദിച്ചു .

"  ഈ   ജന്മത്തിലെ   ഭർത്താവ്   തന്നെ  വേണമെന്നുണ്ടോ   അടുത്ത   ജന്മത്തിലും ?"

" വേണ്ട ."

നിശിതമായിരുന്നു  ഉത്തരം .  തീക്ഷ്ണതയായിരുന്നു   സ്വരത്തിൽ .

" ഭർത്താവ്   വേണ്ടെന്നാണോ ?"

" അല്ല.  ഭർത്താവ്   വേണം .  പക്ഷേ ...."

" പക്ഷേ '?

ഞങ്ങൾ   ചോദിച്ചു .

അവർ   ഒരു നിമിഷം   മൗനം   പാലിച്ചു .   ആ കണ്ണുകൾ  എതോ   ഒരു    ബിന്ദുവിൽ  തറഞ്ഞു .   ഞങ്ങളങ്ങോട്ട്‌   ശ്രദ്ധിച്ചു .   അവിടെ  ഒരു  ഭിക്ഷക്കാരനും   ഭാര്യയും   കുഞ്ഞും   ഇരിയ്ക്കുന്നുണ്ടായിരുന്നു .   ഭാര്യയുടെ   കൈവിരലിൽ   തറഞ്ഞ   എന്തോ   ഒന്ന് --  മുള്ളോ   കുപ്പിച്ചില്ലോ --  എന്തോ ....അയാൾ  പിന്ന്   കൊണ്ട്   കുത്തിയെടുക്കുന്നു .  കൈവിരലിൽപ്പൊടിഞ്ഞ  രക്തം   അയാളുടെ   മുഷിഞ്ഞ   മുണ്ടിന്റെ   തുമ്പ്   കൊണ്ട്   ഒപ്പിയെടുത്തു .   ആ   മുറിവിൽ   മെല്ലെയൊന്ന്   ഊതി .   മുണ്ടിന്റെ   അറ്റത്തുനിന്നു തന്നെ   അല്പം   തുണി   കീറിയെടുത്ത്    ഭാര്യയുടെ     വിരലിലെ   മുറിവ്   കെട്ടിക്കൊടുത്തു .   എന്നിട്ട്   അവരുടെ   നേരെ   നോക്കി   സ്നേഹത്തോടെ   ചിരിച്ചുകൊണ്ട്   പറഞ്ഞു .

" ഒന്നൂല്ലമ്മാ ....നാളേയ്ക്ക്   പൊറുത്തോളും .."

ഭാര്യയുടെ   മുഖത്തെ   നിർവൃതി   ഞങ്ങൾ   കൗതുകത്തോടെ   നോക്കി .

" കണ്ടോ   അത് ? "

പെട്ടെന്ന്    ഞങ്ങളുടെ   കക്ഷി   ഞങ്ങളോട്   ഒരു   ചോദ്യം .

" നിങ്ങളത്   കണ്ടോ ?   അതാണുത്തരം .  അടുത്ത   ജന്മം   ഭർത്താവായി   ഇതുപോലൊരു  ഭിക്ഷക്കാരൻ   മതിയെനിയ്ക്ക് . "

ഒരു നിമിഷം   ഞങ്ങൾ   സ്തംഭിച്ചു ..!   പക്ഷേ ,  അത്   ഒരുപാട്   വലിയ   ചോദ്യങ്ങൾക്കുള്ള   ചെറിയൊരു   ഉത്തരമായിരുന്നു .   ഒരു  ഭാര്യയുടെ ,  ഈ   ജന്മത്തിലെ   മുഴുവൻ   വേദനകളും   മോഹഭംഗങ്ങളും കൊണ്ട്   ചുരുങ്ങിപ്പോയ   ഉത്തരം ..!  ഒരു  സമസ്യയ്ക്കുള്ള   ഉത്തരം   പോലെ ..
                       
                   ഞങ്ങൾ   അന്തിച്ചു നിൽക്കെ  ,  അവരുടെ   കണ്ണുകൾ   വീണ്ടും ,  ഒരേ പൊതിയിൽ  നിന്നും   കപ്പലണ്ടി   കൊറിയ്ക്കുന്ന   ഭിക്ഷക്കാരനിലേയ്ക്കും   ഭാര്യയിലേയ്ക്കും   കുട്ടിയിലേയ്ക്കും   നീങ്ങി .....കുട്ടിയുടെ   തലയിൽ   പേൻ    ചികയുന്നുണ്ടായിരുന്നു   അമ്മ.   അമ്മയുടെ  മുടി   മെടഞ്ഞിട്ടു കൊടുക്കുന്ന   അച്ഛനും ...

                           ഞങ്ങളുടെ   ക്യാമറ   ആ  മനോഹരദൃശ്യത്തിന്  മേൽ    കണ്ണു  ചിമ്മി ...

                                                          ------------------------------------

       









   
                                                       
 
Copyright © .