2014 ജനുവരി 20, തിങ്കളാഴ്‌ച

3 അഭിപ്രായ(ങ്ങള്‍)

വരുന്നോ അമ്മവീട്ടിലേയ്ക്ക് .....?


                                                             ശിവനന്ദ .


                                                          ഞാനെന്റെ അമ്മവീട്ടിലെയ്ക്കൊന്നു പോവുകയാണ്. അവിടെ കുറെ മുത്തും മണികളും തൂവിക്കിടക്കുന്നു. അതൊന്ന്  പെറുക്കിയെടുക്കണം . അതിനാണ് . ഇടയ്ക്കിടെ ഞാനിങ്ങനെ പോകാറുള്ളതാണ് .  നിങ്ങൾ വരുന്നോ എന്റെ കൂടെ ?  രസകരമായ ചില കാഴ്ച്ചകളുണ്ട് അവിടെ.  കാണിച്ചുതരാം.  എന്നോടൊപ്പമുള്ള യാത്ര മടുപ്പിയ്ക്കുമൊ?  എങ്കിൽ ഞ്ഞാൻ മുൻകൂറായി  ക്ഷമ ചോദിയ്ക്കുന്നു.  അങ്ങനെയെങ്കിൽ പാതിവഴിയിൽ എന്നെ ഉപേക്ഷിച്ച് തിരികെ പോകാനുള്ള  സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടല്ലോ.  എന്തായാലും നമുക്കൊന്ന് പോയിനോക്കാം അല്ലെ ?

                                        എന്റെ അമ്മയ്ക്കുണ്ടല്ലോ  , മൂന്ന് കുഞ്ഞുങ്ങൾ  ഗർഭത്തിൽ വച്ചും, ഒരു കുഞ്ഞ് പ്രസവത്തിലും  മരിച്ചതിന്  ശേഷം  ജനിച്ചത്  കുഞ്ഞു ശിവനന്ദ .  അപ്പോൾപ്പിന്നെ  ഞാനെല്ലാവരുടെയും  ഓമനയായതിൽ  പറയാനുണ്ടോ?  അമ്മയ്ക്ക് ജോലിയ്ക്ക് പോകണം.   അദ്ധ്യാപികയായിരുന്നു  അമ്മ.  അതിനാൽ കുഞ്ഞുശിവനന്ദയ്ക്ക്  തൊട്ടിൽ  കെട്ടിയത്  മുത്തശ്ശിവീട്ടിൽ  ( അമ്മയുടെ അമ്മ  ) .  അതായിരുന്നു സത്യത്തിൽ എന്റെ   വലിയൊരു പഠനക്കളരി .

                                      എനിയ്ക്കൊരുപാട്  പ്രിയപ്പെട്ട ശൈശവബാല്യങ്ങൾക്ക്‌  കാപ്പിപ്പൂവിന്റെ വാസനയാണ് .  നിറയെ പൂത്ത കാപ്പിയും അതിന് നടുക്കൊരു കൊച്ചുവീടും .  അവിടെ എന്റെ മുത്തച്ഛനും മുത്തശ്ശിയും.  മുറ്റത്ത്  ഉണങ്ങാനിട്ട  കച്ചൂലത്തിന്റെയും,  മഞ്ഞളിന്റെയും,  കുരുമുളകിന്റെയും  ഗന്ധം.  കാപ്പിക്കുരു വറുത്തുപൊടിയ്ക്കുന്നതിന്റെ  ഉന്മെഷദായകമായ വാസന.  ആ മലയോരഗ്രാമം  ഗന്ധങ്ങളിലൂടെ തന്നെ  എന്നെ തടവിലാക്കിയിരുന്നു.  തൊടിയിൽ  നിറഞ്ഞുനില്ക്കുന്ന  മാവും,  പ്ലാവും,  പേരയും, കശുമാവും  ഞങ്ങൾക്ക്  മാത്രമല്ല,  പക്ഷികൾക്കും , അണ്ണാരക്കണ്ണൻമാർക്കും  കൂടിയുള്ളതാു എന്നും, മുറ്റത്ത് അടുക്കും ചിട്ടയുമില്ലാതെ  നട്ടുവളർത്തിയ  ചെത്തിയും  ചെമ്പരത്തിയും,  രാജമല്ലിയും,  മന്ദാരവുമെല്ലാം  പൂമ്പാറ്റകൾക്ക്  വേണ്ടിയുള്ളതാു എന്നും  മുത്തച്ഛൻ  പറഞ്ഞിരുന്നു.

                                                       കരിമ്പച്ച നിറത്തിൽ  തിളങ്ങുന്ന ഇലകൾ  ചൂടിയ  ' ഗന്ധരാജനെന്ന  ' വലിയൊരു മരം മുത്തച്ഛന്റെ വീട്ടുമുറ്റത്ത്.  അതിൽ ഇടയ്ക്കിടെ വെളുത്ത പൂക്കൾ  വെള്ളിനക്ഷത്രം  പോലെ.  രാത്രി പൊട്ടിയടർന്നുമാറുന്ന  നക്ഷത്രച്ചില്ലുകൽ  പോലെ അതിന്റെ ഇതളുകൾ  പൊട്ടിവിരിയുന്നത്   മുത്തച്ഛനും  ഞാനും കൂടി  രാത്രി നൊക്കിയിരുന്ന് കണ്ടിട്ടുണ്ട് .

                                                        ഇന്ന് ഞാനെന്റെ വീട്ടുമുറ്റത്ത്   മറ്റ്  ചെടികളുടെ കൂട്ടത്തിൽ  ഗന്ധരാജനും ,  കാപ്പിച്ചെടിയും  വളർത്തിയിരിയ്ക്കുന്നു ,  കുറെ കുളിരോർമ്മപ്പൂക്കൾക്കായി .  കൂട്ടത്തിൽ ഒരു ഇലഞ്ഞിയും. ഇലഞ്ഞിപ്പൂക്കളുടെ  ഗന്ധം നുകരുമ്പോൾ വല്ലാത്തൊരു അനുഭൂതിയിൽ എന്റെ കണ്ണുകൾ  അടഞ്ഞടഞ്ഞുപോകും . കുഞ്ഞുശിവനന്ദയ്ക്ക് അവളെക്കാൾ നീണ്ട മുടിയുണ്ടായിരുന്നു. മുത്തച്ഛൻ  ചീകിമിനുക്കി മെടഞ്ഞിട്ടു തരുന്ന മുടിയിൽ ചൂടാൻ ,  കൂവളത്തിൽ  ചുറ്റിപ്പിണഞ്ഞു കിടക്കുന്ന  കിടക്കുന്ന മുല്ലയിൽ നിന്നും പൂക്കൾ ഇറുത്ത് മാല കെട്ടിത്തരും മുത്തശ്ശി. പക്ഷെ ഇലഞ്ഞിപ്പൂമാല ചൂടാനായിരുന്നു.അവള്ക്കിഷ്ടം.

                                                      കൃഷിയിടങ്ങളിലേയ്ക്ക്  തോട് കീറി മുത്തച്ഛൻ വെള്ളം തിരിച്ച്ചുവിടുമ്പോൾ  ശിവനന്ദയെന്ന  മൂന്നുവയസ്സുകാരിയുടെ കണ്ണിലും മനസ്സിലും പതിഞ്ഞത് , ഉണങ്ങിയ മണ്ണിൽ  നനവ് പടർത്തി  വെള്ളം കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന കാഴ്ച്ച !  ആ കാഴ്ച്ച ഞാനെന്നും മനസ്സിൽ  സൂക്ഷിച്ചു.  പിന്നീടെന്നോ ആ കാഴ്ച്ചയ്ക്ക്  ഞാനൊരു പേരിട്ടു.   ' സ്നേഹം ' .  അതെ. അങ്ങനെതന്നെയാണ്  സ്നേഹം.  മനസ്സിൽ  കുളിര് പടർത്തി  കിനിഞ്ഞുകിനിഞ്ഞിറങ്ങുന്ന  സ്നേഹം....!

                                                       മുത്തച്ഛന്റെ  കൈപിടിച്ച്ചുനടന്നാണ്  ഞാൻ പ്രകൃതിയെ സ്നേഹിയ്ക്കാൻ പഠിച്ചത്.  തോട്ടിയുമായി തൊടിയിൽ  കശുവണ്ടി  പറിയ്ക്കാൻ പോകുന്ന മുത്തച്ഛന്റെ  പിന്നാലെ പോയി , തുടുതുടുത്ത കശുമാമ്പഴം കടിച്ചുപറിച്ച്  അതിന്റെ ചവർപ്പും  മധുരവും  കൈയ്യിലൂടെ  ഒലിച്ചിറങ്ങി ....അത് പെറ്റിക്കോട്ടിൽ  തുടച്ച് ...! ഹോ!....അങ്ങനെ പെറ്റിക്കോട്ടിൽ  കറ  പറ്റിയ്ക്കാൻ  ഇന്ന്  Eതെങ്കിലുമൊരു  കുഞ്ഞിന്  ഭാഗ്യമുണ്ടാകുമോ?  വളരെ സമൃദ്ധമായ  ശൈശവബാല്യങ്ങൾ .  അങ്ങനെയാണതിനെ ഞാൻ  വിശേഷിപ്പിയ്ക്കുക .

                                                    മനസ്സിൽ  സംഗീതം  തേൻമഴ  പെയ്യിച്ചുതുടങ്ങിയത്  ,  മുത്തച്ഛന്റെ  കൈയ്യിലെ  ട്രാൻസിസ്റ്റർ  പൊഴിയ്ക്കുന്ന പാട്ടുകൾ  കേട്ടുകേട്ടാണ് .  അദ്ദേഹം  പള്ളിക്കൂടത്തിലെ  മാഷായിരുന്നു.  നന്നായി പാടുകയും ചെയ്യുമായിരുന്നു. അത് തലമുറകളായി ഇന്നും തുടർന്നുപോരുന്നു .

                                               അമ്മയെന്നെ പഠിപ്പിച്ച   ' എങ്ങനെ  നീ  മറക്കും  കുയിലേ  '  ആണോ  ,  അതോ  അച്ഛൻ  പഠിപ്പിച്ച  ദേശീയഗാനമാണോ  മുന്നിൽ  എന്ന്  ചോദിച്ചാൽ  എനിയ്ക്ക്  മറുപടിയില്ല.  മലയാളം  വാക്കുകൾ  സ്ഫുടമായി പറയാതിരുന്നതിന്,  പുളിയുടെ  വടിയൊടിച്ച്  അമ്മയെന്നെ അടിച്ചതാണോ  അതോ  തർക്കുത്തരം   പറഞ്ഞതിന്,   ഒരു  കുഞ്ഞു  വാഴവള്ളിയെടുത്ത്  അച്ഛൻ  അടിച്ചതാണോ  കൂടുതൽ  വേദനിച്ചതെന്നു ചോദിച്ചാലെനിയ്ക്ക്   മറുപടിയുണ്ട്.  അമ്മ  അടിച്ചത്  കാലിൽ  ചുവന്ന് തിണർത്ത്  കിടന്നു.  അച്ഛൻ അടിച്ചത്  ദേഹത്ത്  കൊണ്ടതെയില്ല .  വെറും  വാഴവള്ളിയല്ലേ .  കുട്ടിയുടുപ്പിൽത്തട്ടി   അത്  തെറിച്ചുപോയി.  പക്ഷെ.......കുഞ്ഞുശിവനന്ദയ്ക്ക്  ഒരുപാട്   നൊന്തത്   അച്ഛൻ അടിച്ചതാണ്.  സങ്കടം  വന്നിട്ട്  അവളന്നൊരു   കണ്ണീർപ്രളയം  തന്നെ  സൃഷ്ടിച്ചു. ..........         .അച്ഛന്റെ  ആദ്യത്തേയും   അവസാനത്തേയും   അടിയായിരുന്നു  അത്.

                                                           ഞാൻ ആദ്യത്തെ സ്നേഹക്കുറിപ്പെഴുതിയത്  കേൾക്കണോ  ?  ( തെറ്റിദ്ധരിയ്ക്കല്ലേ , ഞാൻ കുഞ്ഞല്ലേ? )  അത് മൂന്നാംക്ലാസ്സിൽ  വച്ചായിരുന്നു. എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന  തങ്കപ്പൻ  എന്ന  കൂട്ടുകാരന്.  കാണാൻ ഭംഗിയുള്ള  ഒരു കരുമാടിക്കുട്ടനായിരുന്നു  അവൻ.  സ്നേഹമോ, പ്രേമമോ, പ്രേമലേഖനമോ   തിരിച്ചറിയാൻ  പ്രായമാകാത്ത  ശിവനന്ദ   എന്ന  മൂന്നാംക്ലാസ്സുകാരിയ്ക്ക്  തോന്നി ,  തങ്കപ്പൻ നല്ല  ചെക്കനാണെന്ന് .  അന്നും  ഞാനൊരു  ചെറിയ  വായനക്കാരിയാണ്.  ബാലരമയിൽനിന്നും  ,  പൂമ്പാറ്റയിൽ നിന്നും ,  അമർച്ചിത്രകഥകളിൽനിന്നും  ,വളരെ  നേരത്തെ തന്നെ  കോട്ടയം പുഷ്പനാഥിന്റെ  കുറ്റാന്വേഷണകഥകളിലേയ്ക്കും   അവിടുന്ന്  ' പൊരുതിവീണവരുടെ  കത്തുകളി  '  ലേയ്ക്കും  മലയാറ്റൂർ രാമകൃഷ്ണന്റെ  ' യന്ത്ര  ' ത്തിലേയ്ക്കും  പിന്നെ ,  മാക്സിം ഗോർക്കിയുടെ   ' അമ്മ '  യിലേയ്ക്കും  എന്റെ  വായനാതലം  നീങ്ങിയിരുന്നു.  എന്തായാലും പ്രേമമെന്നൊരു   സാധനം  ഉണ്ടെന്നും  അത്  തുണ്ടുകടലാസിൽ  എഴുതിക്കൊടുക്കണമെന്നും   ഞാനെവിടുന്നോ   പഠിച്ചുവച്ചു.  അച്ഛന്റെ  വിപുലമായ  പുസ്തകശേഖരങ്ങളിൽ  നിന്നാവണം  ,  വിപ്ലവവും , കാരുണ്യവും , ത്യാഗവും ,  സ്നേഹവും ,  പ്രണയവുമൊക്കെ  ഞാൻ  മനസ്സിലെഴുതിച്ചെർത്തു .  ..................

                                                           ഒരുദിവസം  ക്ലാസ്സിൽ  ചെന്നപ്പോൾ  ഒട്ടും  മടിയ്ക്കാതെ  ഒരു തുണ്ട് കടലാസ്സിൽ എനിയ്ക്കറിയാവുന്നത് പോലെ ഞാനെഴുതി  ഒറ്റ വരി .

" തങ്കപ്പനോട്‌  എനിയ്ക്ക്  സങ്കടം  . "

എന്റെ  ആദ്യത്തെ  പ്രണയലേഖനം  ! !!

സങ്കടത്തിനും  ,  സന്തോഷത്തിനും ,  പ്രേമത്തിനും ,  സ്നേഹത്തിനും  ഞാൻ ഒരേ  അർത്ഥം  കണ്ടു .  ' ഐ  ലവ്  യു  ' ; മിസ്‌  യു  ഡാ  '  ഇതൊന്നും  അന്നില്ലായിരുന്നല്ലൊ.  അത്  തങ്കപ്പന്  നേരെ  നീട്ടിയപ്പോൾ  അടുത്തുനിന്ന  തല്ലുകൊള്ളി  കൂട്ടുകാരൻ  ദുഷ്ടൻ  അതെന്റെ  കൈയ്യിൽ നിന്നും  തട്ടിപ്പറിച്ച്  സാറിന്റെ  കൈയ്യിൽ  കൊടുത്തു .  ( അവനിപ്പോൾ  ആർമിയിൽ  ക്യാപ്ടനാണ് .. ങും.....പിന്നെ ...എത്ര വലിയവനായാലെന്താ  ,  എന്റെ  മുത്ത്‌പോലത്തെ  പ്രണയം  പൊളിച്ചില്ലേ  നീ ? .ഇന്നും   ക്യാപ്റ്റൻ സാബിനെ  ഇടയ്ക്ക്  അവധിയ്ക്ക്  വരുമ്പോൾ  കാണുമ്പോൾ ഇത് പറഞ്ഞ്  ചിരിയ്ക്കും  ഞങ്ങൾ. )  സാറത്  വായിച്ച്  ചിരിയോട്  ചിരി.  അങ്ങനെ  എന്റെ  ആദ്യ പ്രണയം  പൊളിഞ്ഞു . .

                                                                          ഞാനിപ്പോഴും  ആലോചിയ്ക്കും,  സ്നേഹം  ,  പ്രണയം  ഇവയെക്കുിച്ചൊന്നും   വിശകലനം  ചെയ്യാനുള്ള  വിവരമൊന്നും  അന്നില്ലായിരുന്നു .  അതിനാൽ   തങ്കപ്പനോട്‌  സങ്കടമെന്നെഴുതി . എന്നാൽ  എന്തുകൊണ്ടാണ്‌   സങ്കടമെന്നതിന്   പകരം  സന്തോഷമെന്ന്  എഴുതാതിരുന്നതെന്ന്  !  ശിവനന്ദ   എന്ന   കൊച്ചുകുട്ടിയ്ക്ക്  സന്തോഷം  വരുമ്പോൾ   ചിരിയ്ക്കാനും  സങ്കടം  വരുമ്പോൾ  കരയാനുമാല്ലാതെ  മറ്റെന്തറിയാം  ?  സന്തോഷത്തേക്കാൾ  ഹൃദയസ്പർശിയായി  സങ്കടം  തോന്നിക്കാണുമോ  അവൾക്ക്  ?  ആർക്കറിയാം   !

                                                 ഇനി ,  എനിയ്ക്ക്   ആദ്യമായി കിട്ടിയ  സ്നേഹോപഹാരം  അതിലും  രസം.  അതും  മൂന്നാംക്ലാസ്സിൽ  വച്ച്.  ഞങ്ങളുടെ  പ്രൈമറി സ്കൂളിന്റെ  മതിലരികത്ത്  നിറയെ  അങ്ങോളമിങ്ങോളം  ശീമക്കൊന്നകൾ  ആർത്തുവളർന്നു നിന്നിരുന്നു.  അതിന്റെ  പൂക്കാലം  അതിമനോഹരം.  എനിയ്ക്ക്  വലിയ  ഇഷ്ടമാണ്  ശീമക്കൊന്നയുടെ  പൂക്കൾ .  ഇളം വയലറ്റ് നിറത്തിലുള്ള  വലിയ  പൂക്കുലകൾ  ,  നീളൻ   ശിഖരത്തിന്റെ  അറ്റത്ത് ,  ഞങ്ങളെ  ചെരിഞ്ഞ്  നോക്കി  സൗന്ദര്യം  കാണിച്ച്  കൊതിപ്പിച്ചുകൊണ്ടിരുന്നു.  എന്നും  ഞാനത്  കൊതിയോടെ  നോക്കിനിൽക്കും . ഒരുദിവസം  ഞങ്ങളെ  പഠിപ്പിയ്ക്കുന്ന  പൌലോസ്‌  സാറിനോട്  ഞാൻ  ചോദിച്ചു ,   ഒരു  പൂങ്കുല  പറിച്ചുതരുമോ  എന്ന് .  സാർ  അവിടെ നിന്ന്  വലിയൊരു  പ്രഖ്യാപനം !

" ശിവനന്ദയോട്  ഒരുപാട്  ഇഷ്ടമുള്ളവർ  അവൾക്ക്   ഒരു കുല  കൊന്നപ്പൂവ്  പറിച്ചുകൊടുക്കണം   ".

ഞാൻ  നോക്കിയപ്പോൾ  ,  കണ്ണടച്ചു തുറക്കുന്നതിന്  മുന്നേ  ഒരാൾ   പറക്കുന്നു  !  ആരാണെന്നോ ? കേശവൻ  !  മറ്റൊരു  കരുമാടിക്കുട്ടൻ  !  മൂന്നാംക്ലാസ്സിൽ  തോറ്റുതോറ്റ്   ' വലിയവ'നായവൻ   !

കൊന്നയിൽ  വലിഞ്ഞുകയറി  ശിഖരം  ചായ്ച്ച്  ഒരു കുല പൂവ്  പറിച്ച്  ,   മത്സരം  ജയിച്ചവനെപ്പോലെ   വിജയിയുടെ  ചിരി  ചിരിച്ച്  അവൻ  വന്നു.  ഭീമസേനൻ  ദ്രൗപദിയ്ക്ക്  കല്യാണസൗഗന്ധികം   കൊണ്ടുവന്നതുപോലെ  !  അവന്റെ നേരെ  നീണ്ട  അനേകം  കുഞ്ഞുക്കൈകളെ   അവഗണിച്ച്  എനിയ്ക്ക് മാത്രം  തന്നു  !  പിന്നീടെന്നും  രാവിലെ  സ്കൂളിൽ  വന്നാൽ   കേശവന്റെ  ആദ്യജോലി  എനിയ്ക്ക്  കൊന്നപ്പൂവ്  പറിച്ചുതരിക  എന്നുള്ളതായിരുന്നു.   ഞാൻ ചോദിയ്ക്കാതെ തന്നെ  .  മറ്റാർക്കും  കൊടുത്തിരുന്നുമില്ല.  എല്ലാ  പൂക്കാലത്തും  ഇതാവർത്തിച്ചു ..  അങ്ങനെ  കേശവൻ   അവന്റെ  ഇഷ്ടം ,   ഒരു  കുടന്ന  കൊന്നപ്പൂക്കളിലൂടെ   പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.  പ്രൈമറി സ്കൂൾ ജീവിതം  അവസാനിയ്ക്കുന്നതുവരെ .  പിന്നീടവനെ  കണ്ടിട്ടില്ല.

സത്യം  പറയാമല്ലോ,  അത്രയും  നിഷ്ക്കളങ്കവും  നിസ്വാർത്ഥവുമായൊരു   സ്നേഹം  പിന്നീട്  ജീവിതത്തിലൊരിയ്ക്കലും  ഞാൻ  അനുഭവിച്ചിട്ടില്ല.  അന്ന്  അതിനേക്കുറിച്ച്   വലിയ  അറിവുണ്ടായിരുന്നില്ല .  പക്ഷെ  ഇന്ന്  ഞാനറിയുന്നു ,  അതൊരു  വിലമതിയ്ക്കാനാവാത്ത  നിക്ഷേപമായിരുന്നു. !  അത്  വളർന്നുവളർന്ന്  മനസ്സൊരു  സ്നേഹത്തിന്റെ  കലവറയാകുമ്പോൾ  ഞാൻ കരുതുന്നു ,  എന്നെങ്കിലുമൊരിയ്ക്കൽ  കേശവനെ  കണ്ടാൽ  ,  അന്ന്  പറയാൻ  കഴിയാതെപോയ  നന്ദി  ഇനിയെനിയ്ക്ക്  അവനോട്   പറയണം ..' ഇതാണ്  സ്നേഹം ,  ഇങ്ങനെയാണ്  സ്നേഹിയ്‌ക്കേണ്ടത്   '   എന്നെന്നെ  പഠിപ്പിച്ചതിന് ....

                                                     ഞാനിന്ന്  ഭാര്യയും   അമ്മയുമായി.  ഇടയ്ക്ക്  സ്വന്തം  നാട്ടിലേയ്ക്ക്  പോകുന്ന  സമയത്ത്  ,  ഞങ്ങളുടെ  പ്രൈമറി  സ്കൂളിന്റെ   മുന്നിലൂടെ  കടന്നുപോകുമ്പോൾ  രസകരമായ  ആ   ഓമ്മകൾ  വന്നെന്നെ  പൊതിയും.  പക്ഷെ  എന്നെ  സങ്കടപ്പെടുത്തുന്നത് ,  ആ  ശീമക്കൊന്നകളത്രയും   എന്നോ  വെട്ടിമാറ്റി  എന്നുള്ളതാണ് .   സ്നേഹം  പൂത്തിരുന്ന  ശീമക്കൊന്നകൾ ! ! !

 ഞാനാലൊചിയ്ക്കും,  ആ ശീമക്കൊന്നകൾ  എത്ര  വലിയൊരു  ദൗത്യമാണ്   നിർവ്വഹിച്ചിരുന്നതെന്ന് !  ആർക്കും   വേണ്ടാതെ ,  ആരാലും  ശ്രദ്ധിയ്ക്കപ്പെടാതെ  ,  വേലിപ്പത്തലായി   നട്ടുവളർത്തി  ,  നിഷ്ക്കരുണം  മുറിച്ച്  തെങ്ങിന്  വളമാക്കുന്ന  ആ ശീമക്കൊന്നകളിൽ   പൂത്തിരുന്നത് ,  നിഷ്ക്കളങ്കമായ ,  നിസ്വാർത്ഥമായ  കുറെ  ഇഷ്ടങ്ങളായിരുന്നു  !

                                    ഇന്ന്  ഞങ്ങളുടെ  വീടിരിയ്ക്കുന്ന  പറമ്പിന്റെ  ഒരു  മൂലയിൽ ,    മറ്റൊന്നിനും  ശല്യമില്ലാതെ  ഒരു  ശീമക്കൊന്ന  ഞാൻ   നട്ടുവളർത്തിയിട്ടുണ്ട് .  അത്  പൂക്കുമ്പോൾ  ഞാനൊരു  മൂന്നാംക്ലാസ്സുകാരിയാകും.   പൂക്കൾ   ഞാനൊരിയ്ക്കലും  പറിയ്ക്കാറില്ല .  തഴുകിത്തലോടി  അങ്ങനെ  നില്ക്കും .  ഓരോ  ശിഖരത്തിലും   ഒരു  കുടന്ന  സ്നേഹം  ഒളിപ്പിച്ചുവച്ച  എന്റെ  ശീമക്കൊന്നയ്ക്ക്   ' കേശവൻ  '  എന്ന്   പേരിട്ടാലോ ?  നന്നായിരിയ്ക്കില്ലേ ?

                                                മഴത്തുള്ളിയിലും ,  മഞ്ഞുതുള്ളിയിലും  ,  നിലാവിലും ,  നക്ഷത്രങ്ങളിലും ,  പൂക്കളിലും ,  ശലഭങ്ങളിലും ,  മാനത്തും ,  മഴവില്ലിലും   ശിവനന്ദ   എന്ന  കുട്ടി  മനസ്സ്  നിക്ഷേപിച്ചിരുന്നു .  ഇന്നും ,  ഒരു  വിമാനം  താഴ്ന്ന്  പറക്കുന്നത്  കണ്ടാൽ  സ്വയമറിയാതെ  എന്റെ  കണ്ണുകൾ   ആകാശത്തേയ്ക്ക്  നീളും .  അപൂർവ്വമായി   വിരിയുന്നൊരു  മഴവില്ല്  കണ്ടാൽ  എന്റെ  മനസ്സിലും  ഏഴ്   വർണ്ണങ്ങൾ  വിരിയും .  രാത്രി  മുറ്റത്തിറങ്ങിയാൽ  എന്റെ  കണ്ണുകൾ   അറിയാതെ  നക്ഷത്രങ്ങളിലേയ്ക്ക്   നീളും .

                                                       ഇന്നിന്റെ  പൂമുഖത്തിണ്ണയിൽ  ഇരുന്ന് ,     " ഒറ്റയ്ക്കിരിക്കുന്നു  ഞാനുമെൻ  മോഹങ്ങളും ....മാറാല  മൂടിയ  മനസ്സിൻ   ദാഹങ്ങളും  "    എന്ന്   കവിത  കുറിയ്ക്കുമ്പോൾ   ഞാനോർക്കുകയാണ്  ,  ഈ ശീമക്കൊന്നയും ,  കാപ്പിച്ചെടിയും  ,  ഗന്ധരാജനും ,,  ഇലഞ്ഞിയുമൊക്കെ  ഓരോരോ  സമയത്ത്  എത്ര  മനോഹരമായാണ്  എന്റെ  ജീവിതത്തിലിടപെട്ടത്  !

                                            ജീവിതപ്രതിസന്ധികളിൽ   സ്വയം  പഴിയ്ക്കുകയും  വിധിയെ  പഴിയ്ക്കുകയുമൊക്കെ  ചെയ്യുന്ന  സമയത്ത് ,  സ്വന്തം  മനസ്സിലേയ്ക്ക്  ഒന്ന്  തിരിഞ്ഞുനോക്കൂ.  അവിടെ ,  നമ്മളറിയാതെ  നമ്മെ  തഴുകിക്കടന്നുപോയ   മധുരമുള്ള  ചിലതുകൾ .....ജീവിതത്തിന്റെ  വരണ്ട  തലങ്ങളിൽ  ഒരു  ഇളംകാറ്റ് പോലെ  ഒഴുകിവന്ന്  കുളിരും  ലാഘവവും  തരുന്ന  ചില  ഓർമ്മത്തുന്ടുകൾ .....മാനം  കാണാതെ  സൂക്ഷിച്ച  മയിൽപ്പീലിത്തുണ്ടുകൾ   പോലെ......അവ   വീണ്ടും  നമ്മെ  തഴുകുന്നില്ലെ?  അവിടെ  നമ്മുടെ  എല്ലാ  വേദനകളും  അലിഞ്ഞുതീരുന്നില്ലെ?

                                                       എനിയ്ക്കറിയാം  ഇത്  നിങ്ങളെ  മടുപ്പിച്ചിട്ടുണ്ടാവും  എന്ന് ..കാരണം , ഞാൻ ,  എനിയ്ക്ക്  പ്രിയപ്പെട്ടവൾ ആകുന്നതുപോലെ  മറ്റാർക്കുമാകുന്നില്ലല്ലോ  ..  എങ്കിലും  ആരുടെയെങ്കിലും  മനസ്സിൽ  ഏതെങ്കിലും  ഒരോർമ്മ   കടന്നുവന്ന്  പാൽമധുരമിറ്റിച്ചിട്ടുണ്ടെങ്കിൽ  ,  അതിന്  ഇത്  കാരണമായെങ്കിൽ ,  ഞാൻ  ധന്യയായി.....

                                                         ഇനി ,  ഇതിന്റെ  മറ്റൊരു  വശം .   ഒരു  മുഴുവൻസമയ കമ്മ്യൂണിസ്റ്റ്കാരന്റെ  ഭാര്യ  എന്ന   നിലയിൽ  ,  എന്റെ  അമ്മ  അനുഭവിച്ച  ഏകാന്തതയും  വേദനയും  ആ  ഗർഭപാത്രത്തിൽക്കിടന്ന്  ഞാനറിഞ്ഞിരിയ്ക്കാം  .  ആ  നിറവയറിൽ  സ്നേഹത്തോടെ  അമ്മ  സ്വയം  തലോടുമ്പോൾ ,  ഗർഭപാത്രത്തിൽക്കിടന്നു  ആ പരിലാളനത്തിൽ  ലയിയ്ക്കുമ്പൊഴും  ഞാൻ അമ്മയോട്   ചോദിച്ചിരിയ്ക്കാം ,  "  അച്ഛനെന്താണ്   എന്നെ  തഴുകാത്തത്   ?"  എന്ന് .  അപ്പോൾ  അമ്മയിങ്ങനെ  മന്ത്രിച്ചിരിയ്ക്കാം , " അത്  രാജ്യത്തിന്‌  വേണ്ടിയുള്ള  സ്വപ്നങ്ങളുടെ  ബലിതർപ്പണം ആണ്  കുഞ്ഞേ "  എന്ന്  .  ആരെ  കുറ്റപ്പെടുത്താനാവുമെനിയ്ക്ക്  ?  അച്ഛനെന്റെ   അഭിമാനവും ,   അമ്മയെന്റെ  അനുഭൂതിയുമാണ്  .

                                                            ഞാൻ  സ്വയം  പാർവതീകരിയ്ക്കുവാൻ  വേണ്ടി  ഈ  പേജ്  ഉപയോഗിച്ചു  എന്ന്  ദയവായി  തോന്നരുത്  .  ഇതെന്റെ  അഭിമാനനിമിഷങ്ങളും,  അനുഭൂതിയും ,  വേദനകളുമാണ് .  അത്  ഞാൻ  നിങ്ങളോടല്ലാതെ   മറ്റാരോടാണ്   പങ്കുവയ്ക്കുക?

                                                       ബാല്യത്തിലേയ്ക്കുള്ള   ഈ  മടക്കയാത്രയിൽ  ആരൊക്കെ  എന്റെയൊപ്പം  വന്നെന്നറിയില്ല .  വന്നവരിൽ ,  ആരൊക്കെ  എന്നെ  പാതിവഴിയിൽ  ഉപേക്ഷിച്ച്  തിരികെപ്പോയെന്നറിയില്ല  .  എങ്കിലും.....നന്ദി.....ഒരുപാട്  നന്ദി.....എല്ലാവർക്കും .....

                                                              **************

                                       



                                               

                                           
                                    
                                                              
                                                             
                                   

2013 ഡിസംബർ 19, വ്യാഴാഴ്‌ച

എഴുതിത്തീരാത്ത കത്ത് .

1 അഭിപ്രായ(ങ്ങള്‍)
                                                      എഴുതിത്തീരാത്ത  കത്ത് .

                                                                                                        - ശിവനന്ദ


                                                          വീണ്ടും  ഞാൻ  നിന്നെക്കുറിച്ച്  ഒരു  കഥയെഴുതാൻ  ശ്രമിയ്ക്കുകയാണ്  സുഹൃത്തേ .  മുൻപ്  എത്രയോ  തവണ  ഞാനതിന്  ശ്രമിച്ചതാണ് !  പക്ഷേ  ഒരിയ്ക്കലുമതൊരു  കഥയായില്ല.  ചിലപ്പോൾ  അതൊരു  ഡയറിക്കുറിപ്പുപോലെ  തോന്നി .  മറ്റു ചിലപ്പോൾ ഒരു  ആത്മഗതം  മാത്രമായി .  വേറെ  ചിലപ്പോൾ  അതൊരു  ആത്മരോദനവുമായി .  ഇന്ന് ഞാൻ  വീണ്ടും     എഴുതിത്തുടങ്ങുകയാണ് .

                                                        അല്ലെങ്കിൽ .................. എന്തെഴുതാനാണ്  !  വിധിയുടെ  സർവ്വ ക്രൂരതകളുടെയും  നേർക്ക്  നനുനനുത്തൊരു    പുഞ്ചിരിയോടെ നോക്കുന്ന  നിന്നെ  വെറുമൊരു  കഥയിൽ  കഥാപാത്രം  മാത്രമായി  ഒതുക്കാൻ  കഴിയുമോ ?  നിന്നെക്കുറിച്ചെഴുതാൻ  ഒരു  മഹാകാവ്യം  തന്നെ  വേണ്ടിവരില്ലേ ?  നിനക്കെന്ത് പേരാണിടുക ?  സത്യത്തിൽ  എന്റെ  മനസ്സിൽ  നിനക്ക്  പേരില്ല , രൂപമില്ല ,  ഭാവവുമില്ല .  മറിച്ച്  ,  നീയൊരു  ശക്തിയാണ്‌ .  സൗഹൃദത്തിന്റെ  സർവ്വ നൈർമ്മല്ല്യങ്ങളും  ആവാഹിച്ചെടുത്തൊരു  ശക്തിപ്രഭാവം..............

                                                       .വീട്ടിൽ  അതിഥികൾ  വരുമ്പോൾ  പൂമുഖവാതിലടച്ച്  പുറത്തിറങ്ങി നിന്ന്  അതിഥികളോട്  സംസാരിയ്ക്കുന്ന  ചിലരെ  കണ്ടിട്ടുണ്ടോ  നീ ?  എന്തിനാ  അത് ?  വീടിനുള്ളിലേയ്ക്ക്  ആരും  കയറുന്നത്  ഇഷ്ടപ്പെടാഞ്ഞിട്ടാണ്  .  അതുപോലെ ,  നീ  നിന്റെ  മനസ്സിന്റെ  വാതിൽ  ചേർത്തടച്ച്  പുറത്തിറങ്ങി നില്ക്കുകയാണ്  .  വരുന്നവരെ  മനസ്സിന്റെ  മുറ്റത്ത് നിർത്തി  സംസാരിയ്ക്കാൻ .  എന്നോടും  നീ  അങ്ങനെതന്നെ  ചെയ്തു.  പക്ഷേ  നീ  ചേർത്തടച്ച   വാതിൽപ്പാളികൾ   മെല്ലെയൊന്നു  തുറന്ന്   ഞാനകത്തേക്ക്  പാളിനോക്കി .   നീയതറിഞ്ഞോ  എന്തോ .........  ഒരു  യുദ്ധക്കളത്തിന്  നടുവിൽ   ഒറ്റയ്ക്ക്  നിന്ന്  പൊരുതുന്ന  നിന്നിലെ  നിന്നെ  ഞാനന്ന്  കണ്ടു .  നിന്റെ  കൈയ്യിൽ  ആയുധമുണ്ടായിരുന്നില്ല .  എന്നാൽ  നിന്റെ  കണ്ണുകളിൽ  കനിവുണ്ടായിരുന്നു .  പുഞ്ചിരിയിൽ  ആത്മാർത്ഥതയുടെ  നിലാവുണ്ടായിരുന്നു .  മനക്കരുത്തും  ആത്മവിശ്വാസവും  ഉപയോഗിച്ചാണ്  നീ  പൊരുതിയത് .


                               ഇന്ന്  ഒരു  മുജ്ജന്മബന്ധത്തിന്റെ  സ്നേഹനൊമ്പരങ്ങളും  പേറി  ഞാനും  പൊരുതുകയാണ്  സുഹൃത്തേ  !   പണ്ടൊരു  ചക്രവർത്തി  രോഗിയായ  സ്വന്തം  മകന് വേണ്ടി ഈശ്വരനോട്   പ്രാർത്ഥിച്ചില്ലേ  ?  മകന്റെ  അസുഖം  തനിയ്ക്ക്  നല്കി  മകനെ  രക്ഷിയ്ക്കുവാൻ ?   ഈശ്വരനത്‌  കേട്ടു .  അതുപോലെ  ഞാനുമൊരിയ്ക്കൽ  പ്രാർത്ഥിച്ചതാണ് .  ഗുരുതരമായ  നിന്റെ  രോഗം  എനിയ്ക്ക്  നല്കി  നിന്നെ  ഒരു  ചിരഞ്ജീവിയാക്കണേ  എന്ന് .  ഒരുപാട്  വഴിപാടുകളും  കഴിച്ചു .  കാരണം  നിന്നെയെനിയ്ക്ക്  അത്രയ്ക്കു  ഇഷ്ടമായിരുന്നു .  നീ  അന്നെന്നോട്  പറഞ്ഞു  ,  ഈ   വഴിപാടുകൾക്ക്  കളയുന്ന  പണം  പാവങ്ങൾക്ക്  നല്കാൻ .  ഈശ്വരൻ  ദേവാലയങ്ങളിലല്ല  ,  നമ്മുടെ  ഹൃദയത്തിലാണെന്ന് .  എന്നിട്ടും  വീണ്ടും വീണ്ടും  ഞാൻ  എണ്ണമറ്റ  വഴിപാടുകളും  പ്രാർത്ഥനകളും  നടത്തി .  അവസാനം ........ ഒരു  മഹാത്ഭുതം  പോലെ  നിന്റെ  രോഗം  നിന്നെ  വിട്ടകന്നു .  തികച്ചും  അപ്രതീക്ഷിതമായി .  അന്ന്  നീയത്  എന്നോട്  പറയുമ്പോൾ  ,  നിന്റെ  മുഖത്തുദിച്ച   നറുനിലാവും  ,  കണ്ണുകളിൽ  കിനിഞ്ഞ  സ്നേഹത്തിന്റെ  നീരുറവയും   ഇന്നുമെന്റെ  മനസ്സിലുണ്ട് .


                                                          കാലം  പോകെ  ,  ഇന്നിതാ  മറ്റൊരു  അത്ഭുതം  കൂടി  സംഭവിച്ചിരിയ്ക്കുന്നു  കേട്ടോ  സുഹൃത്തേ  !  ഞാനൊരു  രോഗിയായിരിയ്ക്കുന്നു .  നിന്നെ  ബാധിച്ചിരുന്ന  അതേ  രോഗം !  ഇന്നത്  സ്ഥിരീകരിച്ച  ദിവസമാണ് .  ഇതെന്റെ  പ്രാർത്ഥനയുടെ  ഫലമല്ലാതെ  മറ്റെന്താണ്  ?  ഇപ്പോഴെനിയ്ക്കുറപ്പായി .  കഴിഞ്ഞ  ഏതോ  ഒരു  ജന്മത്തിൽ  നീയും  ഞാനും  ഒരുമിച്ച്  എന്റെ  അമ്മയുടെ  ഗർഭപാത്രത്തിൽ  ജീവിച്ചിരുന്നു .  നിന്നെ  സ്നേഹിച്ചുതീരാതെ  നിനക്ക്  മുൻപേ  ഞാൻ  ഭൂമി  വിട്ട് പോയതാണ് .  ഇപ്പോൾ  വൈകിയാണ്  നിന്നെ  കണ്ടൂമുട്ടിയതെങ്കിലും  ഒരു  ജന്മത്തിലെ  സ്നേഹം  മുഴുവൻ  നിനക്ക്  തന്ന്  വീണ്ടും  ഞാൻ  നിനക്ക്  മുൻപേ  പോകാൻ  തയ്യാറെടുക്കുകയാണ്  സുഹൃത്തേ ...........അർബുദം  തലച്ചോറിനെ  ഏറെ  കാർന്നു തിന്നു കഴിഞ്ഞു .........കണ്ടുപിടിയ്ക്കാൻ  വൈകിപ്പോയെന്നേ .  സാരമില്ല .  അടുത്ത  ജന്മം  ഞാൻ  വീണ്ടും  വരുമല്ലോ  നിന്നെ  സ്നേഹിയ്ക്കാൻ  . പിന്നെന്താ  ?

                                                              നീ  ക്ഷമിയ്ക്കണം ......... ഞാൻ  നിന്നെക്കുറിച്ചൊരു   കഥയെഴുതാൻ തുടങ്ങിയതാണല്ലോ  .  ഇതിപ്പോൾ  ഒരു  കത്തിന്റെ  രൂപത്തിലായി. ആദ്യവും  അവസാനവുമില്ലാത്തൊരു  കത്ത് .  ഇത്  ഞാനെങ്ങനെയാണ്  എഴുതിത്തീർക്കുക ?  എന്റെ  കൈകൾക്ക്  തളർച്ച  അനുഭവപ്പെടുന്നുണ്ട് .  നിന്നോടെനിയ്ക്കുള്ള   സ്നേഹം  പോലെ തന്നെ,   നിന്നെക്കുറിച്ച്  എഴുതുന്ന  കഥയും  നിനക്കെഴുതുന്ന  കത്തും  അനന്തമായി  തുടരുകയാണ് ..............................

( this story is dedicated to my dear friend (doctor) . he is a brain tumour patient.)


2013 സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ഒരു മിന്നാമ്മിനുങ്ങിന്റെ ഓർമ്മയ്ക്ക്

0 അഭിപ്രായ(ങ്ങള്‍)
                                                  ഒരു  മിന്നാമ്മിനുങ്ങിന്റെ  ഓർമ്മയ്ക്ക്
                                                                                                                         
                                                                                                                             -ശിവനന്ദ


                                                 ഇത്  ഒരു ഓർമ്മക്കുറിപ്പാണ് .കണ്ണീരിൽ  ഈറനായ  ഒരു  സ്നേഹക്കുറിപ്പ്‌ .ഒരു  മിന്നാമ്മിനുങ്ങിനേപ്പോലെ  ഞങ്ങളുടെ  ജീവിതത്തിലേക്ക്  പറന്നിറങ്ങി  ഇത്തിരി വെട്ടം  നിറച്ച്  പാറിനടന്ന്‌  ഒടുവിൽ  പ്രതീക്ഷിയ്ക്കാതെ  ഒരു  നാൾ  പറന്നകന്ന് മാനത്ത്  ഒരു  മുക്കുറ്റിപ്പൂവ്  പോലെ വിരിഞ്ഞ  സ്വർണ്ണനക്ഷത്രം . ക്രിസ്റ്റഫർ ..............ഞങ്ങളുടെ  കിട്ടൻ   .................എന്റെ  മകന്റെ  ചങ്ങാതിയായി.  അവനിവിടെ  കയറിവന്നപ്പോൾ ..............സ്വന്തം  വീടുപോലെ  പെരുമാറിയപ്പോൾ ...........സ്വന്തം പോലെ  എല്ലാവരേയും സ്നേഹിച്ചപ്പോൾ .....അക്ഷരാർത്ഥത്തിൽ  അവൻ ഇവിടുത്തെ  കുട്ടിയായി. ക്രിസ്റ്റഫർ  എന്നവൻ  സ്വയം  പരിചയപ്പെടുത്തി .കിട്ടൻ   എന്ന  ഓമനപ്പേര്  ചങ്ങാതിമാർ  പറഞ്ഞപ്പോൾ  അവന്റെ  മുഖത്ത്  പൂത്ത  ഇത്തിരി നാണം ............കിട്ടൻ !  പാൽമധുരമുള്ള  ആ  പേര്  ഞാനെന്റെ  മനസ്സിലെഴുതിച്ചേർത്തു . പിന്നീട്  അവനെ  കണ്ടപ്പോഴെല്ലാം  ഞാൻ  മനസ്സിലോർത്തു , ' ഒരു  മഞ്ഞുതുള്ളി പോലെ '...............

                                                 പക്ഷെ ...........അന്നൊരു  ദിവസം  രാവിലെ തീരാനടുക്കം  സമ്മാനിച്ച്  ആ  ഫോണ്‍കോൾ .............. കിട്ടന്  അപകടം  പറ്റിയെന്ന  വാർത്ത  ഒരു  ഇടിമുഴക്കം  പോലെ  കാതിൽ വന്നലചച്ചപ്പോൾ  വിശ്വസിയ്ക്കാനാവാതെ  സ്തംഭിച്ചുനിന്നു .ഒരായിരം ദൈവങ്ങളെ  വിളിച്ചു ..........ഒരായിരം  വഴിപാടുകളും  നേർന്നു . പക്ഷേ  .............ഞങ്ങളുടെ  കിട്ടൻ   ഞങ്ങളെ  വിട്ടുപോയെന്ന  വാർത്തയുമായി  അടുത്ത  ഫോണ്‍കോളെത്തിയപ്പോൾ ...........ദൈവമേ  !...............ഒരു  നിമിഷം  ഞാൻ  ശ്വസിയ്ക്കാൻ  മറന്നു ...........പിന്നെ .............എങ്ങനെയാണ്  ഞാനാ നിമിഷങ്ങളെ  തരണം  ചെയ്തത്  ? തളർന്നുപോയി . നെഞ്ചിൽ  കൈവച്ച്  ഈശ്വരനോട്  ഇത്രമാത്രം  ചോദിച്ചു ., '"എത്ര  യാചിച്ചതാണ്  ഞാൻ? എന്നിട്ടും .........."

                              ആകെ  ഒരു  മരവിപ്പ് .........പക്ഷേ  കണ്ണുകൾ  ധാരമുറിയാതെ  പെയ്തുകൊണ്ടിരുന്നു . ഞാൻ  പോലുമറിയാതെ  അതങ്ങനെ  ഒഴുകിക്കൊണ്ടേയിരുന്നു . അവനെ  കാണാൻ  ഞാൻ  പോയില്ല . അതുൾക്കൊള്ളാൻ  എനിയ്ക്ക്  കഴിയില്ലായിരുന്നു  . ഇന്നും  കഴിഞ്ഞിട്ടില്ല . അവനെവിടെയോ  ഉണ്ട് . എന്നെങ്കിലും  വരും . ക്രിസ്റ്റഫർ .............ഞങ്ങളുടെ  കിട്ടൻ ...........അവനുവേണ്ടി  കണ്ണുനീരോടെ  ഏതാനും  വരികൾ ..............


അവർ  കുറെ  കുഞ്ഞു മിന്നാമ്മിന്നികൾ
ഇന്നലെക്കണ്ടും മിണ്ടീം  പോന്നതല്ലേയുള്ളു?
കുഞ്ഞു വെളിച്ചമവർ  തന്നതല്ലേയുള്ളു ?
ഇന്നതിലൊന്നിനെ  തല്ലിക്കെടുത്തുവാൻ

          നിന്നോടവർ ചെയ്ത  തെറ്റെന്ത്  കാലമേ?
          തളരുമ്പോൾ  ചായുവാൻ  തോളുകൾ  കാട്ടിയും
           വീഴുമ്പോൾ താങ്ങുവാൻ കൈയ്യുകൾ നീട്ടിയും
          ചങ്ങലക്കണ്ണിപോൽ  ചങ്ങാതിക്കൂട്ടങ്ങൾ

മുന്നും  പിന്നും  അവനോടൊപ്പമുണ്ടായിട്ടും
മരണം  വാതിലിൽ  മുട്ടിവിളിച്ചപ്പോൾ
ഒരു  വാക്കുചോദിയ്ക്കാതൊന്നും പറയാതെ
വാതിൽ  തുറന്നവനിറങ്ങിപ്പോയി .........
ആരോരുമറിയാതാ പാവം  മിന്നാമ്മിന്നിയെ
ഊതിയണച്ചതാര്  വിധിയോ  കാലമോ?
കാക്കുന്നൊരായിരം  കണ്‍കളുമായവർ
പതുങ്ങിയെത്തുമാ  പദനിസ്വനത്തിനായ്
     
              കലഹിയ്ക്കും  കാലമേ  നിന്നോടവർക്കായ്  ഞാൻ
               തിരികെക്കൊടുക്കു നീ  ഇത്തിരി വെട്ടത്തിനെ
               അറിയില്ല നിനക്കവൻ തെളിയിച്ചുവെച്ചൊരു
               സ്നേഹത്തിൻ  നെയ്ത്തിരിയുള്ളിൽപ്പേറുമൊരു ...........
                നോവിൻ  കടലായ് മാറിയ  മാതാവാണ് ഞാനും ................

2013 സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ശിവനമ്മയുടെ പ്രദക്ഷിണ വഴികള്‍

0 അഭിപ്രായ(ങ്ങള്‍)
                                              ശിവനമ്മയുടെ  പ്രദക്ഷിണവഴികൾ 

                                                                                                                -ശിവനന്ദ 

                                          ശിവനമ്മ  എന്ന  തമിഴത്തിപ്പെണ്ണിനെ  ആദ്യമായി  ഞാന്‍  കാണുന്നത്‌  ഒരു  നനഞ്ഞ  പ്രഭാതത്തിലാണ്‌ ".
അക്കാ" എന്ന  നീട്ടിയുള്ള  വിളി കേട്ടാണ്‌ ഞാന്‍  അടുക്കളജോലിയില്‍  നിന്നൂര്‍ന്ന്‌  മുന്‍വശത്തു  ചെന്ന്‌  നോക്കിയത്‌ . കുളി  കഴിഞ്ഞ്‌  ഈറന്‍മുടിയില്‍  ചുവന്ന  റിബ്ബണ്‍  കെട്ടി,  നെറ്റിയില്‍  ചാറ്റല്‍മഴത്തുള്ളികള്‍  തെറിച്ച്‌ നനഞ്ഞ  ചന്ദനക്കുറിയുമായി  വിടര്‍ന്ന  ചിരിയോടെ  നില്‍ക്കുന്ന,  തേനിന്റെ   നിറമുള്ള  ഒരു  സുന്ദരിപ്പെണ്ണ്‌ .
നനഞ്ഞ  തുളസിയേപ്പോലെ.  അവളുടെ  നെഞ്ചില്‍  പറ്റിച്ചേര്‍ന്ന്‌  ഒരു  പൊടിക്കുഞ്ഞുമുണ്ടായിരുന്നു . എന്റെ  ഭർത്താവ്   നടത്തുന്ന  ഇഷ്ടികക്കളത്തില്‍  പണിക്ക്‌  വന്നതായിരുന്നു  അവൾ  . ഡിണ്ടിഗല്‍ സ്വദേശിനി. തൊഴിലാളികള്‍ക്കായി  പണിതുകൊടുത്ത  കുടിലുകളിലൊന്നിലായിരുന്നു  അവളുടെ  താമസം.  ഈറന്‍  മാറാനൊരു സാരി  തരുമോ  എന്ന്‌  ചോദിയ്ക്കാനായിരുന്നു  അവള്‍  വന്നത്‌ . ഒന്നിനു  പകരം  മൂന്ന്‌  സാരി  കൊടുത്തപ്പോള്‍ അവള്‍ക്ക്‌  വലിയ  സന്തോഷം.  പിന്നീട്‌   ഇടയ്ക്കിടെ   അവളെന്നെ   കാണാന്‍  വന്നു. സങ്കടവും  സന്തോഷവും തമാശകളും  പങ്കുവച്ചു.  സ്ഥാനത്തും  അസ്ഥാനത്തും  ഇംഗ്ളീഷ്‌  വാക്കുകള്‍  തിരുകി  സംസാരിക്കുന്നത്‌  കേള്‍ക്കാന്‍  നല്ല  രസമായിരുന്നു . മലയാളം  പഠിക്കാന്‍  അവള്‍  ഉത്സാഹം  കാണിച്ചു.  ശിവനമ്മയുടെ  ഭര്‍ത്താവ്‌ മരിച്ചുപോയപ്പോള്‍  ജീവിക്കാന്‍  മാര്‍ഗ്ഗമില്ലാതെ  തൊഴിലന്വേഷിച്ച്‌  കേരളത്തിലേക്ക്‌  വണ്ടി  കയറിയതാണത്രെ. കുഞ്ഞിനെ  കിടത്തിയ  തുണിത്തൊട്ടില്‍  അടുത്തുള്ള  മരച്ചില്ലയില്‍  തൂക്കിയിട്ടാണ്‌  ശിവനമ്മ  കളത്തില്‍ പണിയെടുക്കുന്നത്‌.  ..ആഴ്ച്ചകൾ  മാസങ്ങള്‍ക്കും  മാസങ്ങള്‍  വര്‍ഷങ്ങള്‍ക്കും  വഴിമാറുന്നതിനിടക്ക്‌ ഞങ്ങള്‍ക്കിടയില്‍  ആഴത്തിലുള്ളൊരു  ആത്മബന്ധം  ഉടലെടുത്തിരുന്നു.  കളത്തില്‍  പണിയില്ലാത്ത  സമയം ഇവിടെ  വന്ന്‌  എനിക്ക്‌  എന്തെങ്കിലും  സഹായങ്ങള്‍  ചെയ്തുതരുമായിരുന്നു.  ഒരു ദിവസം അവള്‍ ആവലാതി  പറഞ്ഞു.

"അക്കാ,  ഓപ്പണായിട്ട്‌  പറയുവാ,  കളത്തില്‍  ചിലരേക്കൊണ്ട്‌  വല്യ  കഷ്ടമാ. "

 കാരണം  ചോദിച്ച  എന്നോടവള്‍  പറഞ്ഞത്‌,  ഇഷ്ടിക  കയറ്റാന്‍  വരുന്ന  വണ്ടികളുടെ  ഡ്രൈവര്‍മാരും  മറ്റു ചിലരുമൊക്കെ  അവളോട്‌  മോശമായി  പെരുമാറുന്നു  എന്നാണ്‌  .തന്റെടത്തോടെ  പൊരുതി  നില്‍ക്കാന്‍ ഞാനവളോട്‌  പറഞ്ഞു.  കുഞ്ഞിനെ  സ്കൂളില്‍  ചേര്‍ത്തു.  ദിവസങ്ങള്‍  പൊയ്ക്കൊണ്ടിരുന്നു.  ശിവനമ്മ അവളുടെ  ആവലാതികള്‍  തുടര്‍ന്നുകൊണ്ടുമിരുന്നു.  രാത്രി  ആരോ  അവളുടെ  കതകില്‍  മുട്ടിയത്രെ.  ഇഷ്ടിക ചുമക്കുന്നതിനിടയില്‍  ഏതോ  ഡ്രൈവര്‍   അവളെ  തോണ്ടിയെന്നും  ഒരുത്തന്‍  കൈയ്യില്‍  കയറിപ്പിടച്ചപ്പോള്‍ കുതറിയോടിയെന്നുമവള്‍   പറഞ്ഞു.  കണ്‍മുനകളും  വിരല്‍ത്തുമ്പുകളും  രാകി മൂര്‍ച്ച  കൂട്ടാന്‍  ഞാനവളെ ഓര്‍മ്മിപ്പിച്ചു.

"  കെയറു ചെയ്യാന്‍  ആരുമില്ലാഞ്ഞിട്ടാണക്കാ  എല്ലാരുമെന്നെ  ഞോണ്ടുന്നെ.  "

അവള്‍ സങ്കടപ്പെട്ടു.  ശിവനമ്മ  നല്ലവളാണ്‌.   എനിക്ക്‌ നന്നായറിയാം.  ഒരടവും   അവളുടെയടുത്ത്‌   നടക്കില്ല. പയറ്റിത്തോറ്റവര്‍  അവള്‍ക്കെതിരെ  ആരോപണങ്ങള്‍  പറഞ്ഞു  നടന്നു.   അതവളുടെ  മുതലാളിയുടെ-  എന്റെ  ഭര്‍ത്താവിന്റെ   ചെവിയിലുമെത്തി.  വിസ്താരത്തിന്‌  വിളിക്കപ്പെട്ടു.  നിറകണ്ണുകളോടെ  തൊഴുതുനിന്ന  അവളെ നോക്കി  മുതലാളി  ആക്രോശിച്ചു.

"  നിനക്ക്‌  വേശ്യാലയം  നടത്താനല്ല  ഞാന്‍  നിന്നെ  പണിക്ക്‌  നിര്‍ത്തി  താമസിക്കാനിടം  തന്നത്‌.""""""""'"

ഞാന്‍ ഞെട്ടി.  അതിനിരട്ടി  അവളും.  എന്നെയാരോ  അപമാനിച്ചതുപോലെയാണ്‌  എനിയ്ക്ക്‌  തോന്നിയത്‌.  ഞാനൊന്നും  മിണ്ടിയില്ല  .മൗനത്തിന്റെ   മൂര്‍ച്ചകൊണ്ട്‌  എന്റെ   വാക്കുകളെല്ലാം  എന്നേ    തേഞ്ഞുതീര്‍ന്നിരുന്നു. പക്ഷേ  ശിവനമ്മ  പ്രതിഷേധിച്ചു

". ഞാന്‍  പാവമാ  മൊതലാളീ... ഞാനൊന്നും  ചെയ്തില്ല "

. ഒരു  പച്ചത്തെറിയായിരുന്നു  അതിനുള്ള  മറുപടി.  തെറിയുടെ  അകമ്പടിയോടുകൂടിത്തന്നെ  തീരുമാനവും  പറഞ്ഞു.
"
ഒരാഴ്ചക്കകം  ഇവിടുന്ന്‌  പൊയ്ക്കോണം.  നിനക്കിനിയിവിടെ  പണിയില്ല.  "

നിര്‍വ്വികാരതയായിരുന്നു  ശിവനമ്മയുടെ  മുഖത്ത്‌.  എന്നെയൊന്ന്‌  നോക്കി  ഒന്നും  മിണ്ടാതെ  അവള്‍ തിരിഞ്ഞുനടന്നു.  വൈകീട്ട്‌  ഭര്‍ത്താവില്ലാത്ത  നേരം  നോക്കി  ശിവനമ്മ  വീണ്ടും  വന്നു.

" മൊതലാളി  ഒരാഴ്ചത്തെ  അവതി  കൊടുത്തു.  എനക്ക്‌ വേണ്ടക്കാ.  ഞാന്‍ കന്നത്തരം  കാണിച്ചന്നു  മൊതലാളി  പറഞ്ഞില്ലേ?  എന്നെ  വേണ്ടാത്ത  പേര്‌  വിളിച്ചില്ലേ ?  ഇനി  ഞാനിവിടെ  നിക്കൂല.  പോവ്വാ  ഇപ്പത്തന്നെ."

  ഒന്ന്‌  നടന്ന്‌  വീണ്ടും  തിരിഞ്ഞു  നിന്ന്‌  അവളൊന്നുകൂടി   ചോദിച്ചു.

" ഈ  മുതലാളീടെ  കൂടെ  അക്കയെങ്ങനാ  ഇത്ര  നാള്‌  പൊറുത്തെ?  അക്കാക്കെങ്ങനെയാ  രണ്ട്‌  മക്കളുണ്ടായെ?"

ഒന്നും  പറയാനാവാതെ  ഞാനവളെ  നോക്കിനിന്നു.  ഒരാഴ്ചത്തെ  അവധികൊടുത്ത  മുതലാളിയുടെ  സൗജന്യത്തെ   പുല്ലുപോലെ  വലിച്ചെറിഞ്ഞ്‌,  മുറിവേറ്റ  ആത്മാഭിമാനം  വാരിപ്പിടിച്ച്‌  ശിവനമ്മ  പോവുകയാണ്‌.  മിടുക്കി.   പെണ്ണുങ്ങളായാല്‍  അങ്ങനെ   വേണം  .എനിയ്ക്കവളോട്‌  ഒരുപാട്‌  സ്നേഹം  തോന്നി.  ആത്മാഭിമാനം പണയം  വയ്ക്കാതെ  ജീവിയ്ക്കാന്‍  ഒരു  കെട്ടുപാടുകളും  അവള്‍ക്ക്‌ തടസ്സം  നില്‍ക്കാനില്ലല്ലോ  എന്നുമോര്‍ത്തു.  ശിവനമ്മ  പോയി.  വേറെയെവിടെയോ   അവള്‍ക്ക്‌   ചെറിയൊരു  പണി  കിട്ടി.  വാടകയ്ക്ക്‌ താമസിയ്ക്കാനൊരിടവും.   ഇവിടെ  ഭര്‍ത്താവില്ലാത്ത  നേരം  നോക്കി  ഇടയ്ക്കിടെ  അവളെന്നെ കാണാന്‍ വരുമ്പോള്‍  ഞാന്‍  ചെറിയ  ചെറിയ  സഹായങ്ങള്‍  ചെയ്തുപോന്നു.  ആയിടയ്ക്ക്‌ എന്റെ   സഹോദരന്‍  തുടങ്ങിയ  ഓട്ടുകമ്പനിയില്‍  അവള്‍ക്കൊരു  ജോലിയും  ഭക്ഷണവും  താമസസൌകര്യവും  ശരിയാക്കിക്കൊടുക്കാമെന്ന്‌  ഞാന്‍  അവളോട്‌  പറഞ്ഞു.   അവളുടെ  മറുപടി  എന്നെ അതിശയിപ്പിച്ചുകളഞ്ഞു.

"ഇവിടന്ന്‌  പിണങ്ങി  ഞാന്‍  അക്കയുടെ  വീട്ടില്‍പ്പോയി  നിന്നെന്നാ  മുതലാളിക്ക്‌  കോപം  വരും.  വേണ്ടക്കാ. അക്കായുടെ  കണ്ണുനീര്‌  ഞാന്‍  വേണ്ടത്‌  കണ്ടതാ.  ഇനി  ഞാനൂടെ  കരയിപ്പിച്ചാ  കടവുള്‍   പൊറുക്കൂല. "

അമ്പരപ്പോടെ  ഞാനവളെ  നോക്കി.  എത്ര  വലിയ  കാര്യമാണവള്‍  വളരെ  നിസ്സാരമായി  പറഞ്ഞുതീര്‍ത്തത്‌!! !!!!അവള്‍ക്ക്‌  കിട്ടുമായിരുന്ന സൗകര്യങ്ങളും  സൗജന്യങ്ങളും   എന്നെയോര്‍ത്തവള്‍  വേണ്ടെന്ന്‌  വച്ചു.  നിര്‍ദ്ധനയും  നിരക്ഷരയുമായ  സ്ത്രീയാണ്‌  ശിവനമ്മ  എന്ന്‌  വിശ്വസിക്കാന്‍  പ്രയാസം  തോന്നി.  വീണ്ടും  നാളുകള്‍  പോകെ, ശിവനമ്മ  ഏതോ  ഒരാളുമായി  സ്നേഹത്തിലാണെന്ന്‌  കേട്ടു.  അത്‌  വലിയൊരു  അപരാധമായി  നാട്ടുകാര്‍ ക ണ്ടു.  അവള്‍ക്ക്‌  സ്നേഹിക്കാനുള്ള  പ്രായം  കഴിഞ്ഞെന്നും  വളര്‍ന്നുവരുന്നൊരു  മകനുണ്ടെന്നുള്ളതുമായിരുന്നു  അവര്‍  പറഞ്ഞ  കാരണങ്ങൾ   .

" വയസ്സായപ്പോള്‍  അവളുടെ  ഓരോ  സൂക്കേട്‌. ""

 മുക്കിലും  മൂലയിലും  അഭിപ്രായങ്ങളുയര്‍ന്നു.

"ആ  കൊച്ചിനേം  വളര്‍ത്തി  മര്യാദയ്ക്ക്‌  ജീവിയ്ക്കണ്ടതിന്‌. """""""""..................................

 ശിവനമ്മ  കാണിച്ച  മര്യാദകേടെന്തെന്ന്  എനിക്ക്‌  മനസ്സിലായില്ല.   സാക്ഷാത്കരിക്കപ്പെടാതെ  അമര്‍ത്തി വച്ച മോഹങ്ങളുടെ  ബഹിര്‍സ്ഫുരണങ്ങളായിട്ടാണ്‌  ഈ  അഭിപ്രായങ്ങളെ  ഞാന്‍  കണ്ടത്‌.  ശിവനമ്മ  മിടുക്കി.  സ്നേഹിക്കട്ടെ.   അയാളവളെ  വിവാഹം  കഴിയ്ക്കണമെന്നു  കൂടി  ഞാന്‍  ആഗ്രഹിച്ചു.  നാട്ടുകാരുടെ  പ്രചരണങ്ങള്‍  കേട്ടിട്ടാവാം  കൗമാരപ്രായത്തിലെത്തിയ  മകന്‍  അമ്മയെയും  അമ്മയുടെ  സ്നേഹബന്ധത്തേയും  എതിര്‍ത്തു.  എല്ലാവരുടെയും  മുന്നില്‍   ശിവനമ്മ  മൗനം  പാലിച്ചു.  ഒപ്പം  ആരുമറിയാതെ   അവളുടെ  ഇഷ്ടത്തെ  ഹൃദയത്തോട്‌  ചേര്‍ത്ത്‌  താലോലിക്കുകയും  ചെയ്തുകൊണ്ടിരുന്നു .  തനിയെ  പണിയെടുത്ത്‌   ജീവിയ്ക്കാറായപ്പോള്‍   അമ്മയെ   പിഴച്ച  തള്ള   എന്ന്‌  മുദ്രകുത്തി  ഉപേക്ഷിച്ചുപോയി  മകന്‍ . കൂലിപ്പണി  ചെയ്ത്‌  ജീവിച്ച  അവന്‍  അമ്മയ്ക്ക്‌  ഭക്ഷണമോ  വസ്ത്രമോ  കൊടുത്തില്ല.  ശിവനമ്മയും അവളുടെ  ഇഷ്ടവും  തനിച്ചായി.  ഏതോ  ഒരു  ലക്ഷ്യം  മനസ്സില്‍ക്കണ്ട്‌   അവളൊറ്റയ്ക്ക്‌  കാത്തിരുന്നു.  മകന്‍ കൂടെ  ജോലി  ചെയ്തിരുന്ന  ഒരു  പെണ്ണിനെ  സ്വന്തം  ഇഷ്ടപ്രകാരം  താലികെട്ടി.  അമ്മയുടെ  സാന്നിദ്ധ്യവും അനുഗ്രഹവും  അവന്‌  വേണ്ടായിരുന്നു.  പിന്നെ  ദിവസങ്ങള്‍ക്കകം  കേട്ടത്‌,  ശിവനമ്മയും  അവള്‍  സ്നേഹിച്ച ആളും  ഏതോ  അമ്പലത്തില്‍  വച്ച്‌  വിവാഹിതരായി  എന്നാണ്‌.  എനിയ്ക്ക്‌  വളരെ  സന്തോഷം  തോന്നി.                നാട്ടുകാര്‍ക്കാണെങ്കില്‍  തീരെ  ഇരിയ്ക്കപ്പൊറുതിയില്ലാതായി.   ഇനിയവര്‍ക്കൊന്നും  പറയാനില്ലല്ലോ എന്നോര്‍ത്തിട്ടാവും.  ശിവനമ്മയും  ഭര്‍ത്താവും  ഒന്നിച്ച്‌  താമസം  തുടങ്ങിയതിന്‌  ശേഷം  ഒരു  ദിവസം അവളെന്നെ  കാണാന്‍  വന്നു .

" ഞാന്‍  കല്യാണം  ചെയ്തത്‌  കന്നത്തരമായോ  അക്കാ ? "

 നേരിയ  അങ്കലാപ്പുണ്ടായിരുന്നു  അവളുടെ  സ്വരത്തിൽ

".നിന്റെ    ജീവിതം  നിന്റെ  കൈയിലാണ്‌.  അതെങ്ങനെ  വേണമെന്ന്‌  നിനക്ക്‌  തീരുമാനിക്കാം.  അതിലൊരു  തെറ്റുമില്ല.  "

അത്‌  കേട്ടപ്പോള്‍  അവള്‍  ആശ്വാസത്തോടെ  പറഞ്ഞു.

" ഓപ്പണായിട്ട്‌  പറയുവാ. അക്കാ.,  ഇപ്പോ  എനക്ക്‌  ഒറ്റയ്ക്ക്‌  നടക്കാന്‍  പേടീല്ല.  എന്നെ  ആരും  ഒന്നും  ചെയ്യൂല്ല. ഞാന്‍  അണ്ണന്റെ   പെണ്ണാണെന്ന്‌  എല്ലാവര്‍ക്കും  അറിയാം. "

" നന്നായി  "

ഞാനവളെ   അഭിനന്ദിച്ചു.  സാമൂഹികസുരക്ഷിതത്വമെന്ന  വലിയൊരു  കാര്യമാണ്‌  നിസ്സാര  വാക്കുകളിലൂടെ  അവള്‍  അവതരിപ്പിച്ചത്‌ .   പക്ഷേ...    താലി,  അവള്‍ക്ക്‌  സമൂഹത്തിന്റെ  കഴുകന്‍  കണ്ണുകളില്‍  നിന്നും രക്ഷപ്പെടാനുള്ള  ഒരു  ആയുധം  മാത്രമായി  മാറാതിരിക്കട്ടെ.  ഹൃദയത്തോട്‌  ചേര്‍ത്ത്‌  മറ്റൊരു  ഹൃദയംപോലെ  സൂക്ഷിച്ച്‌   ...അവള്‍ക്ക്‌  നല്ലതുമാത്രം  വരട്ടെ.   പിന്നെ   കുറച്ചുനാളത്തേക്ക്‌   ശിവനമ്മ   ഇങ്ങോട്ട്‌  വന്നതേയില്ല.  അതിനിടയ്ക്ക്‌  എന്റെ   ഭര്‍ത്താവിന്‌  തീരെ  ചെറുതല്ലാത്തൊരു  പരിക്ക്‌  പറ്റി.  മുറ്റത്ത്‌  തെന്നിവീണ്‌      കൈയ്യിന്റെ   എല്ല്‌  പൊട്ടി.   അമ്പലത്തില്‍പ്പോയി   തിരികെ  വന്നപ്പോഴാണറിഞ്ഞത്‌.   ആരൊക്കെയോ  ചേര്‍ന്ന്‌ ആശുപത്രിയില്‍   കൊണ്ടുപോയിരുന്നു.   കൈയില്‍  പ്ളാസ്റ്ററിട്ട്‌,  ചികിത്സയും  വിശ്രമവും   കഴിഞ്ഞ്‌  പുറത്തേക്ക്‌ പോയിത്തുടങ്ങിയത്‌   ഒരു  മാസത്തോളം  കഴിഞ്ഞാണ്‌.   .ഒരു ദിവസം   ശിവനമ്മ  വന്നു.  അവളുടെ   മുഖം വാടിയിരുന്നു.   ഞാന്‍  കാരണം  ചോദിച്ചു.

" ഒന്നൂല്ലക്കാ. "

 അവള്‍  ചുമല്‍  കുലുക്കി.  ഞാനവള്‍ക്ക്‌  ചായയും  പലഹാരവും  കൊടുത്തു.  അതു  വാങ്ങാനായി  കൈയ്യുകള്‍  നീട്ടുമ്പോള്‍   അവളുടെ   കണ്ണുകള്‍  നിറഞ്ഞിരുന്നു.

" നിനക്കെന്തുപറ്റി ?"

ഞാന്‍  ചോദിച്ചു.   പാത്രം  താഴെ  വച്ചിട്ട്‌  അവളെന്നെ  നോക്കി  തൊഴുതു.  കണ്ണുകള്‍  നിറഞ്ഞൊഴുകി.  എനിക്കതിശയമായി.  എന്തുപറ്റീ  ഇവള്‍ക്ക്‌ ?  ഞാനവളുടെ   തൊഴുകൈകളില്‍   പിടിച്ചു.

" കരയാതെ.  എന്താ  കാര്യമെന്ന്‌  പറയൂ. "

 അവളെന്റെ   കാല്‍ക്കലേക്കിരുന്നു.  എന്റെ  പാദങ്ങളില്‍  അമര്‍ത്തിപ്പിടിച്ച്‌   തേങ്ങിക്കൊണ്ട്‌  പറഞ്ഞു.

" അക്കാ  എന്നോട്‌  പൊറുക്കണം .  "

 ഞാന്‍  പകച്ചുപോയി.  വേഗം  അവളെ  പിടിച്ചെഴുന്നേല്‍പ്പിച്ച്‌  കാര്യം  തിരക്കി.

" ഞാന്‍ .....ഞാനാണത്‌   ചെയ്തത്‌  ..."

 വിക്കിവിക്കി  അവൾ   പറഞ്ഞു.   എനിയ്ക്കൊന്നും   മനസ്സിലായില്ല.

" ഒരു  ദിവസം  അക്കായെ  കാണാന്‍  ഞാനിവിടെ   വന്നപ്പോ   അക്കാ   കോവിലുക്ക്‌  പോയാരുന്നു.... "

നനഞ്ഞ   ശബ്ദത്തില്‍   കുതിര്‍ന്നു   വിറച്ച  വാക്കുകള്‍  അവള്‍  പെറുക്കിപ്പെറുക്കി വച്ചു    ഞാന്‍ അമ്പലത്തില്‍പ്പോയ  സമയത്താണ്‌  ശിവനമ്മ   വന്നത്‌.   ഭര്‍ത്താവുണ്ടായിരുന്നു  ഇവിടെ.  മുറി  അടിച്ചുവാരാന്‍ പറഞ്ഞ്‌  അവളെ  അകത്തേക്ക്‌  വിളിച്ചു.  അടിച്ചുവാരിക്കൊണ്ടു   നിന്ന  ശിവനമ്മയെ  പിറകില്‍  നിന്നും  വട്ടം പിടിച്ചു  അയാൾ   വളരെ   ശ്രമപ്പെട്ട്‌  കുതറിമാറിയ  അവള്‍  രക്ഷയില്ലാതെ   വന്നപ്പോള്‍  , അടുക്കളയുടെ  മൂലയില്‍  ചാരിവച്ചിരുന്ന  കമ്പിപ്പാരയെടുത്ത്‌  മുതലാളിയെ  ആഞ്ഞടിച്ചു.  വേദന   കൊണ്ട്‌  പുളഞ്ഞ  അയാളെ കടന്ന്‌  അവള്‍   പുറത്തേക്കോടി.  കേ ട്ട്ത    രിച്ചുനില്‍ക്കുകയായിരുന്നു  ഞാന്‍.  .മൗനത്തിന്റെ   മൂര്‍ച്ച  കൂടിക്കൂടി വന്നു.   ശിവനമ്മ   ഒരു  ഏങ്ങലോടെ   വീണ്ടുമെന്റെ   മുന്നില്‍  തൊഴുതു  നിന്നു.

" ഞാനെന്റെ   മാനം   കളയൂല്ല   അതുകൊണ്ടാ.  എന്നോട്‌  പൊറുക്കണം.  എന്തു  ശിക്ഷയും  തന്നെന്നാ  ഞാന്‍ മേടിച്ചോളാം. "

 ഞാന്‍  മിണ്ടിയില്ല.  മൗനം   പാടാന്‍  തുടങ്ങി.  അതിശയമൊന്നും   തോന്നിയില്ലെനിക്ക്‌.   .............. അയാളത്‌   അര്‍ഹിക്കുന്നു.    ചൂണ്ടുവിരല്‍   തല   ചൊറിയാന്‍   മാത്രമല്ല,   കാര്‍ക്കശ്യത്തോടെ   ചൂണ്ടിയകറ്റാനും   കൂടിയുള്ളതാണെന്ന്‌   ആരെങ്കിലും   അയാളോടൊന്ന്‌   പറയണമല്ലോ.   നന്നായി.   അന്യായം  കണ്ടാല്‍ എതിര്‍ക്കുക  എന്ന  എന്റെ   പഴയ  മനോഭാവത്തില്‍  നിന്നും,   എതിര്‍ക്കാന്‍   തോന്നുന്നതിനെ  അവഗണിക്കുക എന്നൊരു   മനോഭാവത്തിലേക്കെത്താനുള്ള  എന്റെ  വഴികള്‍  എത്രയോ  ദുര്‍ഘടമായിരുന്നു !   ഞാനൊരാള്‍ മാത്രം  എരിഞ്ഞു  തീരുമ്പോള്‍,  എനിയ്ക്ക്‌  ചുറ്റുമുള്ള  ഒരുപാട്‌  ജന്‍മങ്ങള്‍  രക്ഷപ്പെടുമെന്ന   തിരിച്ചറിവ്‌ എന്നെയൊരു   മെഴുകുതിരിയാക്കി.   ഭര്‍ത്താവെന്ന  യാഗാശ്വത്തെ   കുതിച്ചു  പായാന്‍  വിട്ട്‌  ഞാന്‍ ത്യാഗിനിയായപ്പോൾ ,  മക്കളോട്‌   അധര്‍മ്മം   കാണിയ്ക്കാതെ  ഞാന്‍  ധര്‍മ്മിഷ്ടയായപ്പോൾ ,   എന്നിലെ   സ്ത്രീ  പരിഹാസത്തോടെ   എന്നെത്തന്നെ   നോക്കിയോ  എന്നെനിക്കറിയില്ല.   മണ്ടി   എന്നെന്നെ   വിളിച്ചോ എന്നമറിയില്ല.  അത്‌  കേട്ടെങ്കില്‍  ഞാന്‍   പറയുമായിരുന്നു,   ഈ   മണ്ടത്തരങ്ങളാണ്‌   എന്നെ ഞാ  നാക്കുന്നതെന്ന്‌  . മൗനത്തിന്റെ   സംഗീതം   വളരെ   ആസ്വാദ്യമായിരുന്നു.

" അക്കാ...  "

ശിവനമ്മ   വീണ്ടമെന്റെ    കാലില്‍  പിടിച്ചു.   ആ  കണ്ണുകളില്‍   ഭയം   ഓളം   വെട്ടിയിരുന്നു.

"എന്നെ   തല്ലിക്കൊന്നോ   അക്കാ.   അക്കായോടിത്‌   പറഞ്ഞില്ലെന്നാ   എന്റെ   ചങ്ക്‌  പൊട്ടിപ്പോകും.  അതാ. എന്നേലും   ഒന്നു  പറ   അക്കാ   "

ഞാന്‍   മെല്ലെ   അവളെ   പിടിച്ചെഴുന്നേല്‍പ്പിച്ചു  . തോളത്തു   തട്ടി   പതിയെ   പറഞ്ഞു.

"   സാരമില്ല,  നീയൊരു തെറ്റും   ചെയ്തിട്ടില്ല. "

  ശിവനമ്മ   വിശ്വസിയ്ക്കാനാവാതെ  എന്നെ  നോക്കി.   പാവം.  എനിയ്ക്കവളോട്‌   സ്നേഹവും   ബഹുമാനവും തോന്നി.   ഇവളുടെ   വഴികള്‍   കല്ലും   മുള്ളും   നിറഞ്ഞതാണെങ്കിലും   എത്രയോ  പരിശുദ്ധമാണെന്ന്‌ ഞാനോര്‍ത്തു.   പ്രദക്ഷിണവഴികള്‍പോലെ.   അവളുടെ  നനഞ്ഞ   കണ്ണുകളിലേക്ക്‌   നോക്കി   ഞാന്‍  മന്ത്രിച്ചു.

"നീ   നല്ലവളാണ്‌.  നിന്നെയെനിയ്ക്കറിയാം. "

 ഒന്നു നിര്‍ത്തി,  പിന്നെയൊരു  മര്‍മ്മരംപോലെ   കൂട്ടിച്ചേര്‍ത്തു.

"എന്റെ   ഭര്‍ത്താവിനേയും. "



അവളെ വിട്ട്‌ അകത്തേക്ക്‌ നടന്നു.

                                                   ______________________________

2013 സെപ്റ്റംബർ 5, വ്യാഴാഴ്‌ച

മനസ്സിന്റെ ജാലകക്കാഴ്ച്ചകളിൽ തിരുവോണം .

0 അഭിപ്രായ(ങ്ങള്‍)
                                     മനസ്സിന്റെ  ജാലകക്കാഴ്ച്ചകളിൽ  തിരുവോണം .

                                                                                                                              - ശിവനന്ദ                                                  
                        മനസ്സിന്റെ ജാലകത്തിലൂടെ  പുറത്തേക്ക്  നോക്കുമ്പോൾ  കാണുന്നത്  പഴയൊരു  തിരുവോണം.  മനോഹരമായൊരു തിരുവോണം...

 പാറയിടുക്കുകളും   മൊട്ടക്കുന്നുകളും  പാടവും  തോട്ടിറമ്പുകളും  നമ്മെ  ഭയപ്പെടുത്താതിരുന്ന  ഒരു  ഓണക്കാലമുണ്ടായിരുന്നു നമുക്ക് . കാട്ടുചെത്തിയും കാട്ടുകോളാമ്പിയും  കൊങ്ങിണിയും  അരിപ്പൂവും  കദളിപ്പൂവും പറിയ്ക്കാൻ  കുന്നുകളിലും  പാടവരമ്പുകളിലും  മത്സരിച്ചോടിയ  ഓണക്കാലം . മുറ്റത്ത്  ചാണകം  മെഴുകി  ചെത്തിയും  ചെമ്പരത്തിയും  തുമ്പയും  തുളസിയുമൊക്കെ  പെറുക്കി വെയ്ക്കുമ്പോൾ  ചാണകത്തിന്റേയും  പൂക്കളുടെയുമൊക്കെ  സമ്മിശ്രഗന്ധം ............

                            പിന്നീട് അതേ  ഗന്ധമന്വേഷിച്ച്  എന്റെ  മനസ്സ് എത്ര  ചുറ്റിത്തിരിഞ്ഞു  ! കിട്ടിയില്ല. കിട്ടുകയുമില്ല .കാടും  കുന്നും  പാടവരമ്പും  നമ്മളുപേക്ഷിച്ചതാണോ  അതോ  നമ്മളെ ഉപേക്ഷിച്ചതാണോ ? അറിയില്ല . എന്തായാലും , ആരോ  എന്തോ  എവിടെയോ  ഉപേക്ഷിയ്ക്കപ്പെട്ടു .

                        നഷ്ടങ്ങൾ  എന്നും  വേദനയാണ് . പൂത്തൊട്ടി  കൊണ്ടുത്തരാറുള്ള  മാണിയും  മാക്കോതയും  ഓർമ്മച്ചിത്രങ്ങളായി . പുള്ളുവൻപാട്ട്  പാടാറുള്ള  അമ്മ്ണിപ്പുള്ളുവത്തിയും  കാലത്തിനപ്പുറം  മറഞ്ഞു .

മനസ്സിന്റെ  ജാലകപ്പഴുതിലൂടെ  ഞാനെന്റെ  സ്വന്തം  ഓണത്തെ  കാണുകയാണ് ........

അവിടെ , ഓണനിലാവിൽ  ഞാനെന്ന  കൊച്ചുകുട്ടി മുത്തച്ഛന്റെ  കൈ പിടിച്ചോടുന്നുണ്ട് . മുത്തശ്ശി  സ്നേഹത്തോടെ  ശകാരിയ്ക്കുന്നുണ്ട് .അമ്മാവൻ  "അനന്തിരവളേ " എന്ന്  നീട്ടി  വിളിയ്ക്കുന്നുണ്ട് . ഞാനും അനിയത്തിയും അരിപ്പൂവ്  പറിയ്ക്കാൻ  മത്സരിച്ചോടുന്നുണ്ട് .ഓണത്തലേന്നു  രാത്രിയിൽ  അമ്മ  പൂവടയും  ശർക്കരവരട്ടിയും  ഉണ്ടാക്കുന്നുണ്ട് . കുഞ്ഞനിയൻ  അടുക്കളയിൽ  വന്നിരുന്ന്  ഉറക്കം തൂങ്ങുന്നുണ്ട് . വിശേഷദിവസങ്ങളിൽ പാചകത്തിൽ  സഹായിയായി  അച്ഛനും  കൂടി  അടുക്കളയിൽ  കയറുമ്പോൾ  പാചകം  ഒരു  ആഘോഷമാകുന്നുണ്ട് . ഓണദിനത്തിൽ  ഇഞ്ചിക്കറിയുടെയും  കാളന്റേയും  കൊതിപ്പിയ്ക്കുന്ന  വാസന  വരുന്നുണ്ട് . അവിയൽ  വേവുന്ന  ഗന്ധം  കേട്ട്  അതിന്റെ ഗുണം  നിർണ്ണയിയ്ക്കാൻ  അമ്മയെന്നെ  പഠിപ്പിയ്ക്കുന്നുണ്ട് . ഓണക്കോടികൾ  മനസ്സിൽ  കാവടിയാട്ടം  നടത്തുന്നുണ്ട്....

 പക്ഷേ ......ഇന്ന് ...എല്ലാം  മനസ്സിന്റെ  ജലകക്കാഴ്ച്ചകൾ  മാത്രമാണെന്നോർക്കുമ്പോൾ  ..........കഷ്ടം ! എന്റെ  നഷ്ടങ്ങൾ  എത്രയോ .....! ആരോ  എന്തോ  എവിടെയോ  ഉപേക്ഷിയ്ക്കപ്പെട്ടു .

                                                             ഇന്ന് ......സിമന്റിട്ട്‌  മിനുക്കിയ  മുറ്റത്ത്  നോക്കി  നമുക്ക്  നെടുവീർപ്പിടാം . മുറ്റത്ത്  ഒരുപിടി  മണ്ണില്ലാതെ  ചെടികൾ  മുളയ്ക്കുകയോ  പൂക്കുകയോ  കായ്ക്കുകയോ  ചെയ്യില്ലെന്ന്  വെറുതെ  ഓർമ്മിയ്ക്കാം . കാടില്ല , കാട്ടുചെത്തിയുമില്ല . വേലിയില്ല, വീണ്ടപ്പൂവുമില്ല. കുന്നില്ല, കദളിപ്പൂവുമില്ല .......കഷ്ടം!  എല്ലാം  എന്റെ  നഷ്ടങ്ങൾ ......

                             
  സാരമില്ല. കാലത്തിനൊപ്പം  നമുക്ക്  നടക്കാം .

 പണം  കൊടുത്ത്  ചന്തയിൽ  നിന്നും  പൂക്കൾ  വാങ്ങാം , ഓണസദ്യ  വാങ്ങാം, ഉപ്പേരി  വാങ്ങാം , പായസവും  വാങ്ങാം. അങ്ങനെ  ഓണം  ആഘോഷിയ്ക്കുകയൊ  അഭിനയിയ്ക്കുകയോ  ചെയ്യാം . കൂട്ടത്തിൽ , എന്നോ  എവിടെയോ  മറഞ്ഞുപോയ  ആ  പഴയ  ഓണക്കാലം എന്നെങ്കിലും  തിരികെ  വരുന്നത്  സ്വപ്നം  കാണുകയും  ചെയ്യാം . സ്വപ്നത്തിന്റെ  തീവ്രത , അത്  നമുക്ക്  പ്രാപ്തമാക്കും . ഉറപ്പ് .

എല്ലാവർക്കും  എൻ്റെ  ഹൃദയം നിറഞ്ഞ ഓണാശംസകൾ..


                                                                 ***************

2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ആനിക്കുട്ടിയുടെ അച്ഛൻ

0 അഭിപ്രായ(ങ്ങള്‍)

ആനിക്കുട്ടിയുടെ  അച്ഛൻ 

- ശിവാനന്ദ 

ആൻ മേരി അഗസ്റ്റിൻ  എന്ന  അവളെനിക്കു ആനിക്കുട്ടിയയതും സണ്ണൊ  ജോസ് ക്രിസ്ടി എന്ന ഞാൻ അവൾക്കു സണ്ണിച്ചനായതും  വളരെ അപ്രതീക്ഷിതം . ദീർഘനാളത്തെ  പ്രണയത്തിനുശേഷം ഞങ്ങൾ വിവാഹിതരായി . ഏറെനാൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഉണ്ടായില്ല . ചികിത്സകളെല്ലാം     വ്യർത്ഥമായപ്പോൾപ്പിന്നെ ആ ദു:ഖം ഞങ്ങൾ ഉൾക്കൊണ്ടു . വർഷങ്ങൾ പോകെ  ആനിക്കുട്ടിയിൽ  മറവിരോഗത്തിന്റെ  ലക്ഷണങ്ങൾ  കണ്ടു തുടങ്ങിയപ്പോൾ അവളെന്നോടു പറഞ്ഞു, അവളൊരു  ബാദ്ധ്യതയാവുന്നതിനു  മുൻപ്  അവളെ ഉപേക്ഷിച്ചു പോകാൻ. അതെനിയ്ക്കസാദ്ധ്യ മായിരുന്നു. കാരണം എന്റെ ആനിക്കുട്ടി  ഏതവസ്ഥയിലായാലും എനിയ്ക്കു  ജീവനായിരുന്നല്ലോ . ഞാനവളെ പരിപാലിച്ചു. നാളുകൾ പോകെ അസുഖം  കൂടിക്കൂടി വന്നു. അതിനിടയിൽ ഏതോ ഒരു നിമിഷം ഭയത്തോടുകൂടി  ആനിക്കുട്ടി  എന്നോടു അപേക്ഷിച്ചു . 

" എന്നെ ഉപേക്ഷിക്കരുത് " 

ആ  നിമിഷം ഞാൻ  ഞാൻ അച്ഛനായി .

എന്റെ  ആനിക്കുട്ടിയുടെ അച്ഛൻ. ലാളിച്ചു വളർത്താൻ  ഈശ്വരൻ എനിക്കൊരു  കുഞ്ഞിനെ  തന്നെന്നുതന്നെ  ഞാൻ കരുതി . വാൽസല്ല്യത്തോടെ  ഞാൻ അവളെ വാരി അണച്ചു .

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ............... ?

0 അഭിപ്രായ(ങ്ങള്‍)
എവിടെപ്പോയി  നമ്മുടെ  മഴവില്ലുകൾ ............... ?

                                                                                                                                              - ശിവനന്ദ 

                            എന്റെ  ഗ്രാമത്തിൽ  കുയിലുകൾ  പാടും , പ്രാവുകൾ  കുറുകും , പൂത്താങ്കീരി  കലഹിക്കും , അണ്ണാർക്കണ്ണന്മാർ  കുലുങ്ങിച്ചിരിക്കും , തച്ചൻകോഴി  കൂകും , തോട്ടിറമ്പിൽ  കൈത  പൂക്കും , നാട്ടുമാവിന്റെ  ചുവട്ടിൽ  ഇളവെയിൽ  ചാഞ്ഞുറങ്ങും .....

എന്റെ  കൂട്ടുകാരന്മാർ  സൈക്കിളിന്റെ  ചക്രം  കോലുകൊണ്ട്  തട്ടിത്തട്ടി  നിയന്ത്രിച്ചുകൊണ്ടുപോകും .... അവർ  ജീവിതം  നിയന്ത്രിക്കാൻ  പഠിച്ചതങ്ങനെയാണ് .....

ഞാനും  കൂട്ടുകാരികളും  കഞ്ഞിയും  കറിയും  വച്ചു  കളിക്കും . നല്ല  വീട്ടമ്മയാകാൻ  പഠിച്ചതങ്ങനെയാണ് .... 

ചെളി  കുഴഞ്ഞുകിടക്കുന്ന  പാടവരമ്പിലൂടെ  തെന്നിത്തെറിച്ച്  ചാഞ്ഞും  ചെരിഞ്ഞും  വീഴാതെ  കരുതലോടെ  പാടം  നടന്നു  കയറും . നൃത്തച്ചുവടുകൾ  ആദ്യം   പഠിച്ചതങ്ങനെയാണ് . അത്  പിന്നീട്  ജീവിതത്തിന്റെ  നടനതാളമായി ....

 ചോദ്യം  ചോദിച്ചും  ഉത്തരം  പറയിച്ചും  സാറും  കുട്ടിയും  കളിക്കും . ഉത്തരം  പറയാത്തവരെയും  ക്ലാസ്സിൽ  വർത്തമാനം  പറയുന്നവരെയും  വടിയെടുത്തടിച്ച്  അനുസരിപ്പിക്കും . എന്റെ  ആശയങ്ങൾ  മടുള്ളവരിലേക്കെത്തിക്കാനുള്ള  ആദ്യ  പാഠമായിരുന്നു  അത് ....

സാറ്റു  കളിക്കുമ്പോൾ  ശ്വാസം  പോലും  നിയന്ത്രിച്ച്  മിണ്ടാതെ  പതുങ്ങി  ഒളിച്ചിരിക്കും . നിശ്ശബ്ദതയുടെ  ഈണം  കേട്ടതും  അത്  മനോഹരമായൊരു  സംഗീതമാണെന്ന്  തിരിച്ചറിഞ്ഞതും  അങ്ങനെയാണ് ....

 കളം  വരച്ച്  വരയിൽച്ചവിട്ടാതെ  ശ്രദ്ധിച്ച്  ഓരോ  കളത്തിലും   തൊങ്ങിച്ചാടിക്കളിച്ചത് , ജീവിതത്തിലെ  കളങ്ങൾ  മാറ്റിമാറ്റിച്ചവിട്ടി  മുന്നേറാനുള്ള  ആദ്യപാഠം  ആയിരുന്നു .... 

കല്ലുകൾ   പെറുക്കിക്കൂട്ടി  അഞ്ചുകല്ലുമ്പാറ  കളിച്ചതും , തിരിയും  കാളവെട്ടും  കളിച്ചതും  ജീവിതം  വെട്ടിപ്പിടിക്കാനുള്ള  തയ്യാറെടുപ്പായിരുന്നു .....
                  
  അങ്ങനെ  എന്റെ  നാവിൽ  കുറിക്കുന്നതിന്  മുമ്പേ  മനസ്സിൽ  ആദ്യാക്ഷരം  കുറിച്ചു  പ്രകൃതി ....

                                                        വളരെ സമൃദ്ധമായ ശൈശവബാല്യങ്ങളുണ്ടായിരുന്നു  എനിക്ക് .  അത്  തന്നതും  പ്രകൃതിയാണ് .   മണലിൽ  വിരൽത്തുമ്പുകൊണ്ടെഴുതിയെഴുതി  ഭൂമിയുമായി  അഭേദ്യമായൊരു  ബന്ധം  സ്ഥാപിച്ചു  ഞാൻ .  ഭൂമിയുടെ  സ്പന്ദനം  ഞാനും  എന്റെ  സ്പന്ദനം  ഭൂമിയും  വിരൽത്തുമ്പിലൂടെ  തിരിച്ചറിഞ്ഞു .

ആകാശത്തെ  നക്ഷത്രക്കൂട്ടങ്ങളും  തോട്ടിലെ  പരൽമീനുകളും  പാറയിടുക്കിലെ  കാട്ടുപൂക്കളും  പഴങ്ങളും  എന്റെ  ബാല്യകൗതുകങ്ങളെ  സംപുഷ്ടമാക്കി .  കൗമാരവും  യൗവ്വനവും  എന്നെയൊരിക്കലും  ഭയപ്പെടുത്തിയിരുന്നില്ല .  പ്രണയവഴികൾ  പ്രദക്ഷിണവഴികൾ  പോലെ  പരിശുദ്ധമായിരുന്നു .    ' ഉമ  മഹേശ്വരനെ  സ്നേഹിച്ചതുപോലെ , നളൻ  ദമയന്തിയെ  സ്നേഹിച്ചതുപോലെ  നിന്നെ  ഞാൻ  സ്നേഹിക്കുന്നു '    എന്ന്  പറയാൻ  അന്ന്  മനസ്സുണ്ടായിരുന്നു ..... ' നീ  ചവിട്ടുന്ന  മണ്‍ത്തരികളേപ്പോലും  സ്നേഹിച്ച് , നിന്നെ  തഴുകിയെത്തുന്ന  കാറ്റിനേപ്പോലും  വാരിയണച്ച്  ഞാൻ  കാത്തുനിന്നു '    എന്ന്  സ്നേഹക്കുറിപ്പുകളെഴുതാൻ  അന്ന്  കഴിഞ്ഞിരുന്നു .....

 എന്തിനൊക്കെയോ  വേണ്ടി  കാത്തും  കാതോർത്തും  കാലമെത്രയോ  ഞാൻ  നീന്തിക്കടന്നു ! കഴിഞ്ഞ  നിമിഷവും  വരാൻപോകുന്ന  നിമിഷവും  നമ്മുടെ  കയ്യിലല്ലെന്നും , ഈ  നിമിഷം  മാത്രമാണ്  നമുക്ക്  സ്വന്തമെന്നും  എന്നോ  ഞാൻ  തിരിച്ചറിഞ്ഞു .

 ജീവിതത്തിൽ  വന്നുപെടുന്ന  വിപരീതസാഹചര്യങ്ങളോട്  ഞാൻ  നന്ദി  പറയുന്നു . കാരണം  അവയെന്റെ  കാഴ്ച്ചപ്പാടുകളെ   വിപുലമാക്കുന്നു . തൂലികത്തുമ്പിനെ  കൂടുതൽ മൂർച്ചയുള്ളതാക്കുന്നു . പ്രകൃതിക്കും  കാലത്തിനും  നന്ദി ......തന്നതിനും  തരാത്തതിനും .....

  ഇന്നിനെ  ഇന്നലെയുമായി  ഒന്ന്  താരതമ്യം  ചെയ്തപ്പോൾ  വല്ലാതെ  വേദനിക്കുന്നു . നമ്മുടെ  കുഞ്ഞുങ്ങളെ  ഓർത്ത്‌ ....

 ഭൗതികമായ  സമൃദ്ധിയുടെയും  ഭാഗ്യങ്ങളുടെയും  നടുവിലായിട്ടും   അവർ   എത്രയോ  ദരിദ്രർ !   ശൈശവമില്ലാത്ത  ബാല്യവും , ബാല്യമില്ലാത്ത  കൗമാരവും , കൗമാരമില്ലാത്ത  യൗവ്വനവും  ജീവിച്ചു  തീർക്കുന്ന  പാവം  കുട്ടികൾ .   ജീവിതം  അവരെ  വല്ലാതെ  ഭയപ്പെടുത്തുന്നു .

പ്രണയമന്ത്രധ്വനികളില്ലാതെ , പ്രണയലേഖനങ്ങളില്ലാതെ  മൊബൈൽഫോണെന്ന   കുഞ്ഞുപെട്ടിക്കുള്ളിലൊതുങ്ങിപ്പോയ  പ്രണയങ്ങൾ .    ' വിളിച്ചാൽ   പൈസ  ഒരുപാടാകും , എസ് . എം . എസ്  ആണ്  ലാഭം '   എന്ന്  പറയുന്ന  ഏഴുവയസ്സുകാരിയോട്  ഞാനെന്തുപറയാൻ !   അവളുടെ  ബൗദ്ധികവളർച്ചയെക്കുറിച്ചോർത്ത്  അഭിമാനിക്കണൊ  അതോ  ആത്മാവില്ലാത്ത  ബന്ധങ്ങളേക്കുറിച്ചോർത്ത്  സഹതപിക്കണോ  എന്നെനിക്കറിയില്ല .

മണലിൽ  അക്ഷരങ്ങളെഴുതിപ്പഠിക്കേണ്ട  സമയത്ത് , ബസ്സിൽ  പിൻസീറ്റിലിരുന്ന്  ഞോണ്ടുന്ന  ഞരമ്പുരോഗിയോട് , 'എന്താ  തന്റെ  അസുഖമെന്ന് '   രൂക്ഷമായി   ചോദിയ്ക്കാൻ  പഠിപ്പിയ്ക്കേണ്ടിവരുന്ന  നമ്മുടെ  നിസ്സഹായത .    ജനിച്ചുവീഴുന്ന  കുഞ്ഞുങ്ങളെ  മനോഹരമായി  ജീവിക്കാൻ  തയ്യാറെടുപ്പിയ്ക്കുകയല്ല ,   മറിച്ച്  അവരെ  ഒരു  യുദ്ധത്തിന്  തയ്യാറെടുപ്പിയ്ക്കുകയാണ്  നമ്മൾ . അങ്ങനെ  വേണ്ടി വന്നിരിയ്ക്കുന്നു . കഷ്ടം !.....

 പൂച്ചെടികളില്ലാത്ത  മുറ്റവും  മുറ്റമില്ലാത്ത  വീടുകളും  വരണ്ട  മനസ്സിന്റെ  പ്രതീകങ്ങളായി  മാറിയോ ?   അങ്ങനെയാവാം .

 എന്റെ  കുഞ്ഞിനെ  ഒരു   മഴവില്ല്  കാണിച്ചുകൊടുക്കാൻ  ഞാനെത്രനാൾ  മാനത്തുനോക്കി  കാത്തിരുന്നു !   എവിടെപ്പോയി  നമ്മുടെ  മഴവില്ലുകൾ ?  ആകാശത്ത്  നക്ഷത്രം  പറക്കുകയും  പൊടിഞ്ഞുവീഴുകയും  ചെയ്യുന്ന  നിഷ്കളങ്കമായ  വിസ്മയക്കാഴച്ചകളിൽനിന്നും , ' അത്  ഉൽക്കകളാണ് '   എന്ന്  വളരെ  നിസ്സാരമായി  പറഞ്ഞുതള്ളുന്ന  കാലത്തിലേക്ക്  നമ്മൾ  എത്ര  ദൂരം  നടന്നു !  

  'സ്വപ്‌നങ്ങൾ   കണ്ടുകൊണ്ടേയിരിക്കുക . അതിലേക്ക്  നമ്മൾ  നടന്നടുക്കും  '    എന്ന്  ഉപദേശിക്കുമ്പോൾ ,   ' നിർഗുണമായ  ദിവാസ്വപ്നങ്ങൾ '   എന്ന്   പുച്ചിച്ചുതള്ളുന്ന  നമ്മുടെ  കുഞ്ഞുങ്ങളുടെ  മനസ്സിന്റെ  വർണ്ണവൈവിദ്ധ്യങ്ങളല്ലെ  യഥാർഥത്തിൽ  നഷ്ടമായത് ?   പാവം  നമ്മുടെ  കുഞ്ഞുങ്ങൾ ... കഷ്ടം !.....

   " ഈ  മനോഹരതീരത്ത്  ഇനിയൊരു  ജന്മം  കൂടി  തരുമോ "   എന്ന്  ചോദിച്ച  ആ  മഹാനുഭാവൻ  ഒരിക്കൽക്കൂടി  ജനിച്ചാൽ  എന്തുപറയുമോ  ആവൊ .   പാറമടകളും  മണൽക്കുഴികളും  മരണക്കയം  തീർക്കുമ്പോൾ ,  കൂടൊരുക്കാൻ  ചില്ലകളില്ലാതെ  പക്ഷികൾ  പകയ്ക്കുമ്പോൾ ,  പ്ലാസ്റ്റിക് പൂക്കളെ  നോക്കി  ചിത്രശലഭങ്ങൾ  കണ്ണീർവാർക്കുമ്പോൾ ...... അദ്ദേഹത്തിന്  എന്ത്  തോന്നുമോ  ആവൊ .....

                                                        _______________________

 
Copyright © .