എന്റെ കൂട്ടുകാരന്മാർ സൈക്കിളിന്റെ ചക്രം കോലുകൊണ്ട് തട്ടിത്തട്ടി നിയന്ത്രിച്ചുകൊണ്ടുപോകും .... അവർ ജീവിതം നിയന്ത്രിക്കാൻ പഠിച്ചതങ്ങനെയാണ് .....
ഞാനും കൂട്ടുകാരികളും കഞ്ഞിയും കറിയും വച്ചു കളിക്കും . നല്ല വീട്ടമ്മയാകാൻ പഠിച്ചതങ്ങനെയാണ് ....
ചെളി കുഴഞ്ഞുകിടക്കുന്ന പാടവരമ്പിലൂടെ തെന്നിത്തെറിച്ച് ചാഞ്ഞും ചെരിഞ്ഞും വീഴാതെ കരുതലോടെ പാടം നടന്നു കയറും . നൃത്തച്ചുവടുകൾ ആദ്യം പഠിച്ചതങ്ങനെയാണ് . അത് പിന്നീട് ജീവിതത്തിന്റെ നടനതാളമായി ....
ചോദ്യം ചോദിച്ചും ഉത്തരം പറയിച്ചും സാറും കുട്ടിയും കളിക്കും . ഉത്തരം പറയാത്തവരെയും ക്ലാസ്സിൽ വർത്തമാനം പറയുന്നവരെയും വടിയെടുത്തടിച്ച് അനുസരിപ്പിക്കും . എന്റെ ആശയങ്ങൾ മടുള്ളവരിലേക്കെത്തിക്കാനുള്ള ആദ്യ പാഠമായിരുന്നു അത് ....
സാറ്റു കളിക്കുമ്പോൾ ശ്വാസം പോലും നിയന്ത്രിച്ച് മിണ്ടാതെ പതുങ്ങി ഒളിച്ചിരിക്കും . നിശ്ശബ്ദതയുടെ ഈണം കേട്ടതും അത് മനോഹരമായൊരു സംഗീതമാണെന്ന് തിരിച്ചറിഞ്ഞതും അങ്ങനെയാണ് ....
കളം വരച്ച് വരയിൽച്ചവിട്ടാതെ ശ്രദ്ധിച്ച് ഓരോ കളത്തിലും തൊങ്ങിച്ചാടിക്കളിച്ചത് , ജീവിതത്തിലെ കളങ്ങൾ മാറ്റിമാറ്റിച്ചവിട്ടി മുന്നേറാനുള്ള ആദ്യപാഠം ആയിരുന്നു ....
കല്ലുകൾ പെറുക്കിക്കൂട്ടി അഞ്ചുകല്ലുമ്പാറ കളിച്ചതും , തിരിയും കാളവെട്ടും കളിച്ചതും ജീവിതം വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പായിരുന്നു .....
ആകാശത്തെ നക്ഷത്രക്കൂട്ടങ്ങളും തോട്ടിലെ പരൽമീനുകളും പാറയിടുക്കിലെ കാട്ടുപൂക്കളും പഴങ്ങളും എന്റെ ബാല്യകൗതുകങ്ങളെ സംപുഷ്ടമാക്കി . കൗമാരവും യൗവ്വനവും എന്നെയൊരിക്കലും ഭയപ്പെടുത്തിയിരുന്നില്ല . പ്രണയവഴികൾ പ്രദക്ഷിണവഴികൾ പോലെ പരിശുദ്ധമായിരുന്നു . ' ഉമ മഹേശ്വരനെ സ്നേഹിച്ചതുപോലെ , നളൻ ദമയന്തിയെ സ്നേഹിച്ചതുപോലെ നിന്നെ ഞാൻ സ്നേഹിക്കുന്നു ' എന്ന് പറയാൻ അന്ന് മനസ്സുണ്ടായിരുന്നു ..... ' നീ ചവിട്ടുന്ന മണ്‍ത്തരികളേപ്പോലും സ്നേഹിച്ച് , നിന്നെ തഴുകിയെത്തുന്ന കാറ്റിനേപ്പോലും വാരിയണച്ച് ഞാൻ കാത്തുനിന്നു ' എന്ന് സ്നേഹക്കുറിപ്പുകളെഴുതാൻ അന്ന് കഴിഞ്ഞിരുന്നു .....
ഭൗതികമായ സമൃദ്ധിയുടെയും ഭാഗ്യങ്ങളുടെയും നടുവിലായിട്ടും അവർ എത്രയോ ദരിദ്രർ ! ശൈശവമില്ലാത്ത ബാല്യവും , ബാല്യമില്ലാത്ത കൗമാരവും , കൗമാരമില്ലാത്ത യൗവ്വനവും ജീവിച്ചു തീർക്കുന്ന പാവം കുട്ടികൾ . ജീവിതം അവരെ വല്ലാതെ ഭയപ്പെടുത്തുന്നു .
പ്രണയമന്ത്രധ്വനികളില്ലാതെ , പ്രണയലേഖനങ്ങളില്ലാതെ മൊബൈൽഫോണെന്ന കുഞ്ഞുപെട്ടിക്കുള്ളിലൊതുങ്ങിപ്പോയ പ്രണയങ്ങൾ . ' വിളിച്ചാൽ പൈസ ഒരുപാടാകും , എസ് . എം . എസ് ആണ് ലാഭം ' എന്ന് പറയുന്ന ഏഴുവയസ്സുകാരിയോട് ഞാനെന്തുപറയാൻ ! അവളുടെ ബൗദ്ധികവളർച്ചയെക്കുറിച്ചോർത്ത് അഭിമാനിക്കണൊ അതോ ആത്മാവില്ലാത്ത ബന്ധങ്ങളേക്കുറിച്ചോർത്ത് സഹതപിക്കണോ എന്നെനിക്കറിയില്ല .
മണലിൽ അക്ഷരങ്ങളെഴുതിപ്പഠിക്കേണ്ട സമയത്ത് , ബസ്സിൽ പിൻസീറ്റിലിരുന്ന് ഞോണ്ടുന്ന ഞരമ്പുരോഗിയോട് , 'എന്താ തന്റെ അസുഖമെന്ന് ' രൂക്ഷമായി ചോദിയ്ക്കാൻ പഠിപ്പിയ്ക്കേണ്ടിവരുന്ന നമ്മുടെ നിസ്സഹായത . ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ മനോഹരമായി ജീവിക്കാൻ തയ്യാറെടുപ്പിയ്ക്കുകയല്ല , മറിച്ച് അവരെ ഒരു യുദ്ധത്തിന് തയ്യാറെടുപ്പിയ്ക്കുകയാണ് നമ്മൾ . അങ്ങനെ വേണ്ടി വന്നിരിയ്ക്കുന്നു . കഷ്ടം !.....
എന്റെ കുഞ്ഞിനെ ഒരു മഴവില്ല് കാണിച്ചുകൊടുക്കാൻ ഞാനെത്രനാൾ മാനത്തുനോക്കി കാത്തിരുന്നു ! എവിടെപ്പോയി നമ്മുടെ മഴവില്ലുകൾ ? ആകാശത്ത് നക്ഷത്രം പറക്കുകയും പൊടിഞ്ഞുവീഴുകയും ചെയ്യുന്ന നിഷ്കളങ്കമായ വിസ്മയക്കാഴച്ചകളിൽനിന്നും , ' അത് ഉൽക്കകളാണ് ' എന്ന് വളരെ നിസ്സാരമായി പറഞ്ഞുതള്ളുന്ന കാലത്തിലേക്ക് നമ്മൾ എത്ര ദൂരം നടന്നു !
'സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക . അതിലേക്ക് നമ്മൾ നടന്നടുക്കും ' എന്ന് ഉപദേശിക്കുമ്പോൾ , ' നിർഗുണമായ ദിവാസ്വപ്നങ്ങൾ ' എന്ന് പുച്ചിച്ചുതള്ളുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിന്റെ വർണ്ണവൈവിദ്ധ്യങ്ങളല്ലെ യഥാർഥത്തിൽ നഷ്ടമായത് ? പാവം നമ്മുടെ കുഞ്ഞുങ്ങൾ ... കഷ്ടം !.....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ