മാറാലമൂടിയ മനസ്സിൻ ദാഹങ്ങളും ................
ഞാനങ്ങനെ ഒഴുകും . വല്ലാത്തൊരു അനുഭൂതിയിലൂടെ ...........
നീലിയുടെ ശബ്ദം മനസ്സിനെ ധ്യാനത്തിൽ നിന്നുണർത്തി . അവൾ ചോദിച്ചത് നവമിയോടാകും . നവമി മൂത്ത മകളാണ് . നീലിമ ഇളയവളും .
എന്താണ് അവളുടെ ശബ്ദത്തിൽ തീരെ ഉൽസാഹമില്ലാത്തത് ? ഇങ്ങനെയല്ലല്ലോ അവർ ഓണത്തെ വരവേൽക്കാറുള്ളത് ! അമ്മയ്ക്ക് ആഘോഷങ്ങളിൽ താത്പര്യമില്ലെന്നാണ് അവരുടെ പരാതി . ശരിയാണ് . ഓണം ആഘോഷിക്കുകയല്ല , അഭിനയിക്കുകയാണെന്നുതോന്നും ചിലപ്പോൾ . പൂച്ചെടികളില്ലാത്ത മുറ്റവും മുറ്റമില്ലാത്ത വീടുകളും വരണ്ട മനസ്സിന്റെ പ്രതീകങ്ങളായിരിക്കുന്നു . പണ്ട് ഓണത്തിന് പൂത്തൊട്ടി കൊണ്ടുത്തരാരുള്ള മാക്കോതയും പുള്ളുവൻപാട്ട് പാടാറുള്ള അമ്മിണിപ്പുള്ളുവത്തിയും തിരുവാതിരയ്ക്ക് കൂവനൂറ് കൊണ്ടുത്തരാറുള്ള തങ്കയും ബാല്യത്തിന്റെ ഓർമ്മച്ചിത്രങ്ങൾ മാത്രമായില്ലേ ?
"മീര പണ്ടും വളരെ സൈലന്റായിരുന്നു . ഇന്നും ഒരു മാറ്റവുമില്ല ".
വളരെ കാലത്തിനുശേഷം കണ്ട സുഹൃത്തുക്കളിൽ ഒരാളുടെ പരാമർശം .
"നിശ്ശബ്ദമായിട്ടൊഴുകുന്ന നദിക്ക് ആഴം കൂടുതലായിരിക്കും ".
നേർത്തൊരു ചിരിയോടെ മറുപടി പറഞ്ഞു . പക്ഷെ മനസ്സ് പിറുപിറുത്തു . നദിയുടെ നിശ്ശബ്ദത ഒരു ആവരണം മാത്രമാണ് . ആരും കാണാത്ത ചുഴികൾ , അടിയൊഴുക്കുകൾ ...........
"അത് ഒബ്സർവേഷനാണ് . മീര വെറുതെ നിൽക്കുകയല്ല ."
മറ്റൊരാളുടെ അഭിപ്രായം . ശരിയാണ് . നിശ്ശബ്ദമായി ഞാൻ കാണുകയാണ് , കേൾക്കുകയാണ് , പഠിക്കുകയാണ് . മറ്റുള്ളവർക്ക് നിസ്സാരമെന്നു തോന്നുന്ന പലതും അറിഞ്ഞ് അനുഭവിച്ച് എന്റെ മനസ്സിൽ സാന്നിദ്ധ്യമുറപ്പിക്കും . മീരയെന്നും ഇങ്ങനെയാണ് .
ചിതറിക്കിടക്കുന്ന ഓർമ്മച്ചീളുകളെടുത്ത് അടുക്കിക്കൊണ്ടിരിക്കുന്നത് ഇപ്പോഴൊരു ശീലമായിരിക്കുന്നു . അല്ലാതിപ്പോൾ എന്ത് ചെയ്യാൻ ?.........
മുൻവശത്ത് ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം . ആരോ വന്നെന്നു തോന്നുന്നു . ആരാണെങ്കിലും മീരയെ കാണണമെങ്കിൽ മീരയുടെ അടുത്ത് വരട്ടെ .
"ചേച്ചി ............. ഓഫീസിൽ നിന്ന് അമ്മയുടെ ഫ്രണ്ട്സ് വന്നിരിക്കുന്നു ".
നീലിയുടെ ശബ്ദം . ഫ്രണ്ട്സോ ? മനസ്സൊന്നു കുതിച്ചു . അടുത്തുവരുന്ന കാൽപ്പെരുമാറ്റങ്ങൾ . തിരിഞ്ഞ് നോക്കാത്തതുകൊണ്ട് അവരെന്തുകരുതുമെന്ന് ആശങ്കയില്ല . എന്തെങ്കിലും കരുതട്ടെ . എനിക്കിതേ പറ്റു . എല്ലാവരും അടുത്തുവന്ന് നിൽക്കുന്നുണ്ടെന്ന് മനസ്സിലായി . പക്ഷെ ആരുമൊന്നും മിണ്ടാത്തതെന്താണ് ? ഞാൻ ശ്രദ്ധിക്കാത്തതുകൊണ്ടാണോ ? അവർക്കറിയില്ലേ ഞാൻ ശ്രദ്ധിക്കാതെ ശ്രദ്ധിക്കുമെന്ന് ? കാണാതെ കാണുമെന്ന് ?
"അച്ഛനെവിടെ ?"
അത് മെഹറിന്റെ ശബ്ദമാണ് .
"ഓഫീസിൽ പോയി ".
"നിങ്ങൾക്കിന്ന് ക്ലാസ്സില്ലേ ? "
"ഇല്ല . ഇന്ന് ശനിയാഴ്ച്ചയല്ലേ ? "
"എല്ലാവരും പോകുമ്പോൾ അമ്മയുടെ അടുത്താരാണ് ? "
" ഹോംനേഴ്സുണ്ട് ."
നിമിഷങ്ങൾ നിശ്ശബ്ദമായി .
" ഡോക്ടർ എന്ത് പറഞ്ഞു ? "
ആരും മറുപടി പറയുന്നില്ല . എന്താണ് നീലിയും നവമിയും മിണ്ടാത്തത് ? ഈ കിടപ്പിൽ നിന്ന് ഇനിയൊരു ഉയർച്ചയുണ്ടാവില്ലെന്ന് അവർക്കറിയാമല്ലോ . പറഞ്ഞാലെന്താണ് ?
" നമ്മൾ പറയുന്നത് കേൾക്കാമോ ? "
രാധികയാണെന്ന് മനസ്സിലായി . കേൾക്കാം . കേൾക്കാം രാധി . നീയെന്നോട് സംസാരിക്ക് .......... മനസ്സ് കൈകാലിട്ടടിച്ചു .
"കേൾക്കാം . പക്ഷെ പ്രതികരിക്കില്ല ".
സ്റ്റൂൾ വലിച്ചിട്ട് ആരോ കട്ടിലിനരികിലിരുന്നു .
"മീരാ ......... "
ജയകൃഷ്ണന്റെ ശബ്ദമാണ് .
"മീരാ , നിനക്ക് വേണ്ടി പഞ്ചരത്നകൃതികൾ റിക്കോഡ് ചെയ്ത് കൊണ്ടുവന്നിട്ടുണ്ട് ഞാൻ . എന്നും നിന്നെ കേൾപ്പിക്കാൻ കുട്ടികളോട് പറയാം ".
"മീരയുടെ ദേഹവും ദേഹിയും സംഗീതമാണെന്ന് അവൾ പറയാറുണ്ട് ."
കട്ടിലിന്റെ ഒരത്തിരുന്നുകൊണ്ട് രാധി പറഞ്ഞു .
"എന്നും പാട്ടുകേൾക്കണം . സംഗീതം നിന്നെ ഉയർത്തെഴുന്നേൽപ്പിക്കും മീരാ ."
ജയന്റെ ശബ്ദത്തിൽ ആത്മവിശ്വാസം .
സൗഹൃദം പൂത്തുലഞ്ഞ ചില്ലതൻ ചാഞ്ചാട്ടമായ്
അരികത്തണഞ്ഞുനിന്നരുമയാം പദനിസ്വനം ..........
മനസ്സ് മെല്ലെ മൂളി ............. നന്ദി കൂട്ടുകാരാ ........... എന്റെ മനസ്സറിഞ്ഞ് ......... ചിന്തകളറിഞ്ഞ് .......... നന്ദി .........നന്ദി .
അവരുടെ സംസാരം അവ്യക്തമാകുന്നത് പോലെ ......... ഒരു മയക്കം ബാധിക്കുന്നുണ്ടോ ?..........
" എന്തരോ മഹാനു ഭാവുലൂ "..........
ബോധത്തിലേക്ക് മെല്ലെ ഒഴുകിയെത്തുന്ന ശ്രീരാഗത്തിന്റെ അലയൊലികൾ . ഉറങ്ങിപ്പോയോ ഞാൻ ? ഉണരുകയാണോ ഇപ്പോൾ ? ആവൊ . അടുത്താരുമില്ല . എല്ലാവരും എപ്പോഴാണോ പോയത് ! എത്രനേരം മയങ്ങിയോ എന്തോ .......... കുയിൽ പാടുന്ന ഗ്രാമവൃക്ഷം പോലെ മനസ്സ് ......... ഓ ! എന്തൊരു ശാന്തി ! സംഗീതം ഈശ്വരന്റെ ഭാഷയാണ് . ഈശ്വരചിന്തയാണ് . ഈശ്വരസാന്നിദ്ധ്യ മാണ് . മനസ്സ് കണ്ണടച്ചു . കൈകൂപ്പി .
" മീരാ ............."
ആരാണിത് ? രജനിയോ ? എന്റെ പ്രിയ സുഹൃത്ത് ..........
" മോളെ "...........
ഇതാര് ? ചെറിയച്ഛനോ ? അപ്പുറത്തുനിന്നും എന്നെ നോക്കിച്ചിരിക്കുന്നത് വല്ല്യമ്മാവനല്ലേ ?
" വരൂ ".
ചെറിയച്ഛൻ എന്റെ നേരെ കൈ നീട്ടി . ഒന്ന് ശങ്കിച്ചു . പെട്ടെന്ന് മനസ്സിലൊരു കാളൽ . ഇവരെല്ലാം മരിച്ചുപോയതല്ലെ ? എന്താണിവരെല്ലാം എന്റെ മുന്നിൽ വന്നു നിൽക്കുന്നത് ? അതോ തോന്നലാണോ ?
" മോള് വരൂ . നമുക്ക് പോകാം ".
ചെറിയച്ഛൻ കൈനീട്ടി . ആത്മാവിന് ചിറക് മുളക്കുന്നുണ്ടോ ? ജീവന്റെ കിളി ഉള്ളിൽ വേദനയോടെ ചിറകടിക്കുന്നുണ്ടോ ? ചെറിയച്ഛൻ ഒരു കൈക്കുഞ്ഞിനെയെന്നപോലെ എന്നെ കോരിയെടുത്ത് തോളിലിട്ടു . പുറത്ത് മെല്ലെ തട്ടിക്കൊണ്ട് മൂളി .............
" എന്തരോ മഹാനു ഭാവുലു ................"
* * *
" ഇതാരാണ് "?
അഡ്മിഷൻ രജിസ്റ്റർ പരിശോധിക്കുകയായിരുന്ന നവമി മുഖമുയർത്തി . ഇന്നലെ വന്ന വൃദ്ധനാണ് . അയാൾ വിരൽ ചൂണ്ടിയിരിക്കുന്നത് അമ്മയുടെ ചിത്രത്തിലേക്കാണ് .
" അത് മീരാദേവി . എന്റെ അമ്മയാണ് ".
" നിങ്ങളറിയുമോ ഇവരെ ".
അയാളുടെ ചോദ്യം കേട്ട് അമ്പരന്നു .
" ഇതെന്ത് ചോദ്യമാണമ്മാവാ ? എന്റെ അമ്മയെ ഞാനറിയാതെ വരുമോ ? "
അയാൾ ചിരിച്ചു . അമ്മയുടെ ചിത്രത്തിന് മുന്നിലേക്ക് നീങ്ങിനിന്ന് ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി . ഇന്നലെ അയാൾ വന്നുകയറിയത് മുതൽ ശ്രദ്ധിക്കുകയാണ് . വാർദ്ധ്യക്യം ബാധിച്ച ശരീരമെങ്കിലും കണ്ണുകൾ ഊർജ്ജസ്വലങ്ങലാണ് . ശബ്ദം ഗാംഭീര്യമാർന്നതാണ് . ഒറ്റക്ക് കയറിവന്ന് ഇവിടെ പ്രവേശനം ചോദിച്ചത് അതിശയമുണർത്തിയിരുന്നു . അനാഥനെന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ മറ്റൊന്നുകൂടി പറഞ്ഞു .
" ഇതൊരു നിയോഗമാണ് . ഒരു ആഗ്രഹപൂർത്തീകരണവും ".
എന്താണയാൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല . കൂടുതൽ പറയാൻ അയാൾ തയ്യാറായതുമില്ല .
" മനസ്സാം മണ്‍വീണയിൽ മൗനം വീണുടഞ്ഞ് ........ എന്ന കവിത കുറിച്ച മീരാദേവിയെ നിങ്ങൾക്കറിയാമൊ ? "
അയാളുടെ ചോദ്യം വീണ്ടും . മനസ്സിൽ ചെറിയൊരു സന്ദേഹം . ആരാണയാൾ ? അമ്മയ്ക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു . അവരിലാരെങ്കിലും ?
' മുറിയുന്ന ഭാവനയും എരിയുന്ന വിങ്ങലും
നെഞ്ചിലെ പൂവട്ടിയിൽ കൊഞ്ചുന്ന] ചിന്തകളും '..........
അയാൾ കണ്ണടച്ചുനിന്ന് മനസ്സിലേക്ക് നോക്കി വായിക്കുന്നതുപോലെ ചൊല്ലുകയാണ് , ഏതോ കവിതയുടെ ഈരടികൾ . ഇത് അമ്മയെഴുതിയ കവിതയായിരിക്കുമോ ? മനസ്സൊന്ന് പിറകോട്ടു തിരിഞ്ഞു . അമ്മയെന്തൊക്കെയൊ കുത്തിക്കുറിക്കുന്നത് കണ്ടിട്ടുണ്ട് . അതെന്താണെന്ന് ഒരിക്കൽപ്പോലും ശ്രദ്ധിച്ചിട്ടില്ലല്ലോ എന്നോർത്തപ്പോൾ കുറ്റബോധം തോന്നി .
" 'എല്ലാമറിഞ്ഞു നീ എന്നിലെയെന്നെയും ' എന്ന് അമ്മയെഴുതിയത് വെറുമൊരു മോഹം മാത്രമായിരുന്നില്ലേ ? ആരാണ് അമ്മയെ തിരിച്ചറിഞ്ഞിട്ടുള്ളത് ? നിങ്ങളറിഞ്ഞോ ? ഞങ്ങളറിഞ്ഞൊ ? "
എന്റെ നേരെ തീക്ഷ്ണമായി നോക്കിക്കൊണ്ടാണയാളുടെ ചോദ്യം .കാലത്തിന്റെ വിരൽചൂണ്ടൽ പോലെ തോന്നി എനിക്കത് .
"ഇല്ല ......... ഇല്ല ............... ആരുമറിഞ്ഞില്ല .............. പോയി .............. എന്തൊക്കെയോ പറയാൻ കരുതിവച്ച് ആരോടും ഒന്നും പറയാതെ പോയി ".............
അയാൾ പിറുപിറുത്തുകൊണ്ട് മുറിയിലേക്ക് പോയി . മനസ്സ് വല്ലാതെ അസ്വസ്ഥമായി . സത്യത്തിൽ ജീവിച്ചിരുന്നപ്പോൾ അമ്മയുടെ വില അറിഞ്ഞതേയില്ല . അച്ഛനും അമ്മയും കൂടി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതും കാർ അപകടത്തിൽപ്പെട്ടതും ഓർത്തു . വണ്ടിയോടിച്ചിരുന്ന അച്ഛൻ നിസ്സാരപരിക്കുക്കളോടെ രക്ഷപ്പെട്ടെങ്കിലും അമ്മയുടെ പരിക്ക് ഗുരുദരമായിരുന്നു . ഒരു മാസത്തോളം മരണത്തോട് മല്ലടിച്ച് ആശുപത്രിക്കിടക്കയിൽ . അവസാനം ജീവൻ തിരിച്ചുകിട്ടിയെങ്കിലും , ശരീരം തളർന്ന് ശയ്യാവലംബിയായിപ്പോയ അമ്മ കഷ്ടിച്ച് രണ്ടാഴ്ച്ചയെ കിടന്നുള്ളു . ആ മരണം സൃഷ്ടിച്ച ശൂന്യത വളരെ വലുതായിരുന്നു . കൗമാരക്കാരികളായ പെണ്‍മക്കൾക്ക് അമ്മയുടെ അസ്സാന്നിദ്ധ്യം സൃഷ്ടിക്കുന്ന അരക്ഷിതത്ത്വം എത്ര ഭീകരമാണെന്ന് പതിയെ മനസ്സിലാക്കുകയായിരുന്നു . ഒറ്റപ്പെട്ട് .......... ഉൾവലിഞ്ഞ് ........... ഞാനും നീലിയും .............
അമ്മയുടെ മരണം എനിയ്ക്കും നീലിയ്ക്കുമുണ്ടാക്കിയ നടുക്കവും ശൂന്യതയും അച്ഛന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല എന്നൊരു തോന്നൽ എപ്പോഴൊക്കെയോ എന്നിൽ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട് . ഒരു വർഷം കഴിഞ്ഞപ്പോൾ അച്ഛൻ പുനർവിവാഹിതനായി . വർഷങ്ങൾ കഴിഞ്ഞപ്പോഴും തനിക്കും നീലിയ്ക്കും ഒരു ജീവിതമായപ്പോഴും വല്ലാത്തൊരു മൗഢ്യം വലയം ചെയ്തിരുന്നു . അമ്മയുടെ നിശ്ശബ്ദസേവനത്തിന്റെ ആഴം ............ അതിന്റെ പരപ്പ് .............. എല്ലാം ........ മരിച്ച കുട്ടിയുടെ ജാതകം എഴുതുന്നതുപോലെ ഞാൻ മനസ്സിലെഴുതുകയായിരുന്നു . പൊട്ടിത്തെറിക്കാതെ പതുങ്ങിക്കിടന്ന ഒരു രോഷാകുലവ്യക്തിത്വമായിരുന്നു അമ്മയ്ക്കെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . ഒളിച്ചുവച്ച ആ രോഷം ആരോടായിരുന്നു , എന്തിനായിരുന്നു എന്നിപ്പോഴും അറിയില്ല .
"എന്നെ നിങ്ങൾക്ക് ചൂണ്ടിക്കാണിച്ചുതരാൻ മൂന്നാമതൊരാൾ വേണ്ടിവരും മക്കളെ ".
അമ്മയൊരിയ്ക്കൽ തമാശരൂപത്തിൽ പറഞ്ഞതോർത്തു . അന്നത് ചിരിച്ചുതള്ളി . പക്ഷെ അതിന്റെ അർത്ഥവ്യാപ്തി അത്ര ചെറുതായിരുന്നില്ല എന്ന് ആ വൃദ്ധന്റെ സംസാരം കേൾക്കുമ്പോൾ തോന്നുന്നു . അയാൾ വാക്കുകളെടുത്ത് ആഞ്ഞെറിയുകയാണ് .
"മാഡം , നാളെ ഡോക്ടർ വരും ".
മാനേജരുടെ ശബ്ദം കേട്ടപ്പോൾ മനസ്സ് ചിന്തകളിൽ നിന്നും പിൻവാങ്ങി . ആഴ്ച്ചയിലൊരിക്കൽ ഡോക്ടർ വന്ന് എല്ലാവരേയും പരിശോധിക്കാറുണ്ട് . പിറ്റേന്നത്തേക്കുള്ള കാര്യങ്ങളെല്ലാം അയാളെ പറഞ്ഞേൽപ്പിച്ച് പോകാനിറങ്ങി . വീട്ടിലേക്ക് കാറോടിക്കുമ്പോൾ സ്കൂളിൽ നിന്നും വന്നു കാത്തിരിക്കുന്ന കുട്ടികളെക്കുറിച്ചൊ ജോലികഴിഞ്ഞെത്തുന്ന ഭർത്താവിനെക്കുറിച്ചൊ അല്ല ഓർത്തത് . എണ്‍പതുകാരനായ അച്ഛനെയും ചെറിയമ്മയേയും ഓർത്തില്ല . നെഞ്ചിൽ കനൽപ്പൂക്കളും പേറി ഒറ്റക്കുനിൽക്കുന്ന പ്ലാശുമരമായിരുന്നു മനസ്സിൽ . പിറ്റേന്ന് ഭർത്താവും കുട്ടികളും പോയിക്കഴിഞ്ഞ് ജോലികളെല്ലാം ഒതുക്കി മീരാവന്ദനത്തിലേക്ക് പുറപ്പെടുമ്പോൾ , എന്താണെന്നറിയില്ല , ആ വൃദ്ധനായിരുന്നു മനസ്സ് നിറയെ . അവിടെത്തിയ ഉടനെ അയാളുടെ മുറിയിലേക്കാണ് പോയത് . വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു . ഉള്ളിൽ മറ്റാരുമുണ്ടായിരുന്നില്ല . മേശമേൽ തലചായ്ച്ച് അയാൾ ഉറങ്ങുന്നുണ്ട് . തുറന്നുവച്ച ഒരു ഡയറിയും പേനയുമുണ്ടായിരുന്നു അടുത്ത് . എഴുതുന്നതിനിടയിൽ ഉറങ്ങിപ്പോയതാവാം . വെറുതെ ഒരു കൗതുകത്തിന് ഡയറിയിലേക്ക് നോക്കി . വടിവൊത്ത അക്ഷരങ്ങളിലൂടെ കണ്ണുകൾ നീങ്ങി .
"മീരാ ! ഞാനിവിടെയെത്തി കേട്ടോ . എവിടെയാണെന്നോ ? നമ്മുടെ സ്വപ്നസാമ്രാജ്യത്തിൽ . നിന്റെ വലിയ സ്വപ്നം - അല്ല നമ്മുടെയെല്ലാവരുടെയും സ്വപ്നം . നിന്റെ മക്കൾ സാക്ഷാത്കരിച്ചു . ഒരു അനാഥാശ്രമം തുടങ്ങണമെന്നും ജീവിതസന്ധ്യയിൽ നമുക്കെല്ലാവർക്കും അവിടെ ഒത്തുകൂടണമെന്നും നമ്മൾ കുറെ സുഹൃത്തുകൾ കൂടിയിരുന്ന് സ്വപ്‌നങ്ങൾ നെയ്തത് നീ മറന്നോ ? എല്ലാം മറന്നുവച്ച് നീ നേരത്തെ അങ്ങുപോയി . പിറകെപ്പിറകെ എല്ലാവരും ആ ആഗ്രഹപൂർത്തീകരണത്തിന് വേണ്ടിയാണോ എന്നെ മാത്രം ബാക്കിവച്ചത് ? ങാ ! നടക്കട്ടെ . ഞാനിങ്ങോട്ട് പോന്നത് എന്റെ മക്കൾക്ക് ഒട്ടും ഇഷ്ടമായില്ല . പക്ഷെ അവരുടെ അമ്മയുടെ മരണം എനിക്ക് തന്ന ഏകാന്തത അസ്സഹനീയം . ഇവിടെ വന്നപ്പോൾ വല്ലാത്തൊരു ശാന്തി .
പിന്നെ , നീയറിഞ്ഞോ ? ഈ അനാഥാശ്രമത്തിന് ' മീരാവന്ദനം ' എന്നാണ് പേരിട്ടിരിക്കുന്നത് . അതേതായാലും നന്നായി . ഒരു മരണാനന്തര ബഹുമതി . അല്ലെ മീരാ ? നിന്റെ ഓർമ്മക്കാണത്രെ . വേറൊരു വിശേഷം . നാളെ നിന്റെ ചരമവാർഷികമാണത്രെ . രണ്ടുമൂന്ന് അനാഥാലയങ്ങളിൽ നിന്റെ പേരിൽ അന്നദാനമുണ്ട് പോലും . കേട്ടപ്പോൾ പുച്ഛം തോന്നി . പ്രഹസനം എന്ന് അലറിവിളിക്കാൻ തോന്നി . വെച്ചും വിളമ്പിയും ജോലികൾ ചെയ്തും ഇവരുടെയൊക്കെയിടയിൽ ഒരിക്കൽ നീയുണ്ടായിരുന്നു . പക്ഷെ ആരും നിന്നെ കണ്ടതുമില്ല , അറിഞ്ഞതുമില്ല , നിന്റെ സാന്നിദ്ധ്യം വിലമതിക്കപ്പെട്ടതുമില്ല . എന്നിട്ടിപ്പോൾ ..............
ഓ ! ഒന്ന് ചോദിക്കാൻ മറന്നു . നിന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അവരെ ജീവിതത്തിലേക്ക് കൂട്ടാൻ വേണ്ടി നിന്നെ ഏതുരീതിയിലും ഒഴിവാക്കാൻ ശ്രമിക്കുമെന്നും ഒരിക്കൽ നീ പറഞ്ഞിരുന്നു . അന്നെല്ലാവരും അത് തമാശയായി തള്ളി . പക്ഷെ ............. പക്ഷെ എനിക്കിപ്പോൾ വല്ലാത്തൊരു സംശയം . നിന്റെ ജീവനെടുത്ത ആ അപകടം ............... അത് ........... അത് ............. മീരാ ! നിന്റെ ഭർത്താവിന്റെ കയ്യിൽ രക്തക്കറയുണ്ടാകുമോ ? അയാളത് മനപ്പൂർവ്വം ............................................................
പെട്ടെന്ന് അപ്രതീക്ഷിതമായതെന്തോ കേട്ടതുപോലെ മനസ്സ് ജാഗരൂകമായി.അഹിതമായ ഏതോ ഒരു ചിന്ത വല്ലാത്തൊരു നടുക്കം സമ്മാനിച്ചു.ഡയറിയിലേക്ക് തുറിച്ചുനോക്കവേ അക്ഷരങ്ങൾ വളരെ വികൃതമായിത്തോന്നി.അതെന്റെനേരെ ആർത്തട്ടഹസിക്കുന്നതായും അതിന്റെ പ്രകമ്പനത്തിൽ ഏതൊക്കെയോ വിഗ്രഹങ്ങൾ തകർന്നുവീഴുന്നതായും തോന്നി.പെട്ടെന്ന് ഏതോ ഉൾപ്രേരണയിൽ അദ്ദേഹത്തെ തൊട്ടുവിളിച്ചു.ഞെട്ടിയുണർന്ന അദ്ദേഹം എന്റെ മുഖത്തേക്കും ഡയറിയിലേയ്ക്കും മാറിമാറി നോക്കി.എന്റെ കണ്ണുകളിലെ പകപ്പ് കണ്ടിട്ടാവണം അദ്ദേഹത്തിന്റെ നോട്ടത്തിൽ കാരുണ്യം നിറഞ്ഞു.
"വായിച്ചു . അല്ലേ?"
വാത്സല്യമായിരുന്നു സ്വരത്തിൽ. തളർച്ചയോടെ ഞാൻ ചോദിച്ചു.
"താങ്കൾ ആരാണ്?"
"ഞാനോ? ഞാനെന്നൊരു വ്യക്തിയില്ല കുട്ടി. ഞങ്ങൾ. ഞങ്ങൾ മാത്രമേയുള്ളു,. ഒരേ കളരിയിൽ പഠിച്ച് , ഒരേ ഓലയിൽ നാരായം കൊണ്ടെഴുതി , ഒരേ കുടുക്കയിൽ മണൽ വാരി നിറച്ച് ..............ഞങ്ങളുടെ സൗഹൃദത്തിന്
എന്ത് വിശദീകരണം തന്നാലും അത് അധികമാവില്ല . ഒരേ ഗൃഹത്തിൽ നിന്നും പൊട്ടിത്തെറിച്ച്മാറി
ജ്വലിച്ചുനിന്ന നക്ഷത്രച്ചില്ലുകളായിരുന്നു മോളെ ഞങ്ങളെല്ലാം .എല്ലാവരും പരസ്പ്പരം ആരായിരുന്നു
എന്നതിനേക്കാൾ ആരാണ് അല്ലാതിരുന്നത് എന്ന് പറയുകയാവും എളുപ്പം ."
അദ്ദേഹം എഴുന്നേറ്റുവന്ന് തോളിൽ കൈവച്ചു.
"നീ വിഷമിയ്ക്കണ്ട . മീരയുടെ മകൾ ഞങ്ങൾക്ക് ഞങ്ങളുടെ മകൾ തന്നെയാണ് .ഒന്നും വേദനിപ്പിയ്ക്കാൻ
പറഞ്ഞതല്ല. പക്ഷേ അവൾക്കുവേണ്ടി ഈ ലോകത്തിന് നേരെ ഒന്ന് വിരൽ ചൂണ്ടുക എന്നത് എന്റെയൊരു
നിയോഗമായിരുന്നിരിയ്ക്കാം. അത്രയെങ്കിലും ഞാൻ ചെയ്യണം കുട്ടി. "
എന്റെ കണ്ണുകൾ നിറഞ്ഞു. രണ്ടു തുള്ളി കണ്ണുനീർ താഴോട്ടടർന്നു . അദ്ദേഹം എന്റെ തലയിൽ മെല്ലെ തലോടി .
"നന്നായി മോളെ. ഇപ്പോഴാണ് നീ അമ്മയെ അറിഞ്ഞത് . ഈ രണ്ടുതുള്ളി കണ്ണുനീർ . ഇതാണ് നീ അമ്മയ്ക്ക്
ആദ്യമായി കൊടുത്ത ഉപഹാരം."
ആ കണ്ണുകളും നിറഞ്ഞു. എന്റെ കണ്ണുനീർ തുടച്ച് കവിളിൽ മെല്ലെയൊന്ന് തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു .
"പൊയ്ക്കൊള്ളു. ഈ ഡയറിയുടെ കാര്യം മറന്നുകളയണം . ഇതെന്നോടൊപ്പം മണ്ണടിയാനുള്ള ഒരു
രഹസ്യമാവട്ടെ."
ആ പേജുകൾ അദ്ദേഹം വലിച്ചുകീറിയെടുത്ത് കഷണങ്ങളാക്കി ജനലിലൂടെ പുറത്തെക്കെറിഞ്ഞു .
മനസ്സ് വല്ലാതെ വിങ്ങി . ഒന്നുറക്കെ കരയാനാണ് തോന്നിയത് . ഒറ്റയ്ക്ക് നിന്ന്
കത്തിയെരിയുന്ന തീനാളം പോലെ എന്റെ ................... എന്റെ പാവം അമ്മ ..................
പതറിയ കാൽവെയ്പ്പുകളോടെ തിരിഞ്ഞുനടന്നു. തളർച്ചയോടെ കസേരയിലേക്ക് വീണു . ഇനിയെന്നും രക്തക്കറ പുരണ്ട രണ്ട് കൈകൾ ഉറക്കത്തിൽ വന്നെന്നെ ഭയപ്പെടുത്തുമെന്ന ഓർമ്മയിൽ ഉൾക്കിടിലത്തോടെ കണ്ണുകൾ ഉറക്കത്തിൽ വന്നെന്നെ ഭയപ്പെടുത്തുമെന്നെ ഒർമ്മയിൽ കണ്ണുകൾ ഇറുക്കിയടച്ചു . വൈകീട്ട് അവിടുത്തെ അന്തേവാസികൾ കണ്ടത് ആ വൃദ്ധന്റെ അടഞ്ഞ കണ്ണുകളിലേക്ക് വരിയിടുന്ന ഉറുമ്പുകളെയായിരുന്നു . അവയ്ക്ക്മരണത്തിന്റെ നൃത്തച്ചുവടുകളായിരുന്നു ......................... .
1 അഭിപ്രായ(ങ്ങള്‍):
നിന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും അവരെ ജീവിതത്തിലേക്ക് കൂട്ടാൻ വേണ്ടി നിന്നെ ഏതുരീതിയിലും ഒഴിവാക്കാൻ ശ്രമിക്കുമെന്നും ഒരിക്കൽ നീ പറഞ്ഞിരുന്നു . അന്നെല്ലാവരും അത് തമാശയായി തള്ളി . പക്ഷെ ............. പക്ഷെ എനിക്കിപ്പോൾ വല്ലാത്തൊരു സംശയം . നിന്റെ ജീവനെടുത്ത ആ അപകടം ............... അത് ........... അത് ............. മീരാ ! നിന്റെ ഭർത്താവിന്റെ കയ്യിൽ രക്തക്കറയുണ്ടാകുമോ ? ......................................................................................................................................................................................................................................................പൂരിപ്പിക്കാന്‍ പറ്റുന്നില്ല.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ