2013, ജൂലൈ 18, വ്യാഴാഴ്‌ച
പറയാൻ മറന്നതും അറിയാൻ മറന്നതും .
- ശിവനന്ദ
ഒരുവട്ടമെങ്കിലുമെന്തേ വിളിച്ചീല
ഒരുവാക്കുപോലുമെന്തേ പറഞ്ഞീല ?
മാനത്തെയമ്പിളിയല്ല ഞാൻ നക്ഷത്രക്കുഞ്ഞുമല്ല ,
പാടവരമ്പത്താരും തഴുകാതെ
പുഞ്ചക്കാറ്റേറ്റുനിന്ന പാവം കാക്കച്ചെടി ......
പറിച്ചെടുത്തുനിൻ മനസ്സിൻ മലർവാടിയിൽ
വേരുപിടിപ്പിക്കാൻ നോക്കാഞ്ഞതെന്തേ ?
എള്ളോളം സ്നേഹനീരും കടുകോളം കരുതലും
തന്നുനീയെങ്കിൽ തഴച്ചുവളർന്നുഞ്ഞാൻ
തരുമായിരുന്നോരായിരം സ്നേഹപ്പൂക്കൾ !
പാടവരമ്പത്തൂടങ്ങോളമിങ്ങോളം
ആയിരംവട്ടം നീ നടന്നതല്ലേ
എന്തേ നീയെന്നെ കാണാതെപോയി ?
മിന്നും നിറങ്ങളും പൊന്നിൻ ചില്ലകളും
ഇല്ലാതിരുന്നതോ കുറവായ്ക്കണ്ടുനീ ?
എന്നോ മാഞ്ഞുപോയ മാരിവില്ലിനെച്ചൊല്ലി
മാനത്തോടുകലഹിക്കും കുഞ്ഞായിരുന്നെന്നുംഞ്ഞാൻ ..........
ഒടുവിലണഞ്ഞുനീയാ ലതാനികുഞ്ജത്തിൽ
ഏതോ ഓർമ്മയിൽപ്പൂത്ത കാക്കപ്പൂവിനെത്തേടി
സ്നേഹത്തിൻ നീലവർണ്ണം ദേഹത്തണിഞ്ഞുഞാ -
നേതോ അത്തക്കളത്തിൽ പൂവായ് വീണുപോയി
വെയിലിൽക്കരിഞ്ഞുപോയ പാവം കാക്കച്ചെടിയും
ഇനിയാ വരമ്പത്ത് കണ്ണുനട്ടിട്ടെന്തിനാ -
ണൊരുപാട് വൈകിയില്ലേ , സ്വപ്നം വിദൂരമായ് ...........
എങ്കിലുമോർമ്മിക്കാം ഓർമ്മയെ താലോലിക്കാം
ഒരു കുടന്ന സ്നേഹവുമുള്ളിൽ കരുതിവയ്ക്കാം
വീണ്ടുമൊരു ജന്മം ചെടിയായ് ജനിച്ചാലോ ........
വീണ്ടുമാവരമ്പത്ത് പൂവായ് വിരിഞ്ഞാലോ ?
ഇഷ്ടമെങ്കിൽ വളരാം ഞാനന്നുനിൻ
നന്ദനോദ്യാനത്തിലരുമയായ്
ഉദ്യാനപാലകനായ് വന്നുനീയെന്നെ
സ്നേഹിച്ചോമനിച്ച് പുണരുമെങ്കിൽ ..................
_________________________
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായ(ങ്ങള്‍):
നന്നായിട്ടുണ്ട് കവിത..
ഭാവുകങ്ങള്‍
ഇഷ്ടമെങ്കിൽ വളരാം ഞാൻ നിന്‍
നന്ദനോദ്യാനത്തിലരുമയായ് ....................
ഉദ്യാനപാലകനായ് വന്നുനീയെന്നെ
സ്നേഹിച്ചോമനിച്ച് പുണരുമെങ്കിൽ .................. കാത്തിരിക്കട്ടെ..............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ