2013, ജൂൺ 16, ഞായറാഴ്‌ച
തുളസീവനത്തിലെ താരാട്ട്
-ശിവനന്ദ
കൈത്തോടിന്റെ കരയില്‍ കാല്‍മുട്ടുകളില്‍ മുഖം താങ്ങിയിരുന്ന് ഓര്‍മ്മകളെ ചിക്കിനിരത്തി കല്ലും നെല്ലും പെറുക്കുമ്പോള്‍ അത്ഭുതം തോന്നി . മനസ്സിന്റെ താളുകളില്‍ എന്തൊക്കെയാണ് ഞാനെഴുതിച്ചേര്‍ത്ത് ? ഇനിയെന്തൊക്കെയാണ് എനിയ്ക്കെഴുതാനുള്ളത് ?
ജീവിതത്തിന്റെ ഏതോ ഇടനാഴിയില്‍ വച്ച് എന്റെ തൂലികയുടെ മുനയൊടിച്ചത് വിധിയാണോ? അതോ കാലമോ? ഒന്നിനേയും പഴിയ്ക്കാതെ പൊരുതി മുന്നേറാന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നത് നിബന്ധനകളില്ലത്ത കുറെ സൗഹൃദങ്ങൾ .
ഓര്‍മ്മകളുടെ പ്രദക്ഷിണ വഴിയില്‍ കൊഴിഞ്ഞുവീണ പൂക്കള്‍ പെറുക്കിക്കൂട്ടി . മഹാദേവന്‍ ഒരിക്കല്‍ പറഞ്ഞു .
" ആമീ...നിന്റെ ചിന്തകള്‍ക്ക് കാല്‍പനികത കൂടുതലാണ്. ".
"പക്ഷേ അത് വര്‍ണ്ണശബളവും മധുരതരവുമാണ് ദേവന്‍............................"
എന്റെ മറുപടി കേട്ടവന്‍ നിശ്ശബ്ദനാകും . കുറച്ചു സംസാരിക്കുകയും കൂടുതല്‍ ചിന്തിക്കുകയും ചെയ്യുന്ന ദേവന്‍. കത്തുന്ന മിഴികളുടെ പ്രഹരേറ്റ് തപിച്ചുനില്‍ക്കുമ്പോള്‍ സുന്ദരമായൊരു ചിരികൊണ്ടവന്‍ മേഘമല്‍ഹാര്‍ ആലപിക്കും . ഒരേ സമയം മുള്ളുകൊണ്ട് കുത്തുകയും പൂവുകൊണ്ട് തലോടുകയും ചെയ്യുന്ന തന്ത്രം അവനുമാത്രം സ്വന്തം . കഴിഞ്ഞ കാലത്തിന്റെ കൊഴിഞ്ഞ പീലികൾ .................... അതില്‍ അവന്റെ മുഖം...................
ഓണക്കൂറിന്റെ 'ഉള്‍ക്കടലും' ചുള്ളിക്കാടിന്റെ 'മറവിയും' വായിച്ചു നടന്ന പ്രണയകാലം . എന്റെ ജീവിതത്തിന് ശ്രുതിയും താളവും ലയവും നല്‍കി പാടിയുണര്‍ത്തി മനസ്സിലിട്ടോമനിച്ച് അവന്‍.................................................................................................................. ..................മഹാദേവന്‍.................... .................എന്റെ പുസ്തകത്താളുകളില്‍ ദേവന്‍ കുറിച്ചിട്ട കവിതാശകലങ്ങള്‍ ഹൃദയത്തിലെഴുതിച്ചേര്‍ത്ത് ഞാന്‍...................................... ......................................................................., .................... അവസാനം....................ഒരുപാട് സ്വപ്നങ്ങൾ ബാക്കി നിര്‍ത്തി എന്നെ തനിച്ചാക്കി മടങ്ങിപ്പോയ അവന്റെ മുഖം........................കാത്തിരിക്കണമെന്ന് പറയാതെ സ്വന്തം പ്രാരാബ്ധങ്ങളിലേക്ക് നടന്നകന്ന അവന് മൗനമായി യാത്രാനുമതി നല്‍കിയപ്പോള്‍ എന്റെ മുഖത്ത് വിരിഞ്ഞ ചിരി ആത്മനിന്ദയുടേതായിരുന്നില്ലേ ? പാവം.......................നല്ലവനായിരുന്നു . പക്ഷേ അവന്റെ നിസ്സഹായത ഞാനല്ലാതെ മറ്റാരാണ് മനസ്സിലാക്കാനുണ്ടായിരുന്നത് ? മനസ്സില്‍ത്തൊട്ടെഴുതിയ പ്രണയക്കുറിപ്പുകള്‍ വായിച്ച് ആവേശത്തോടെ മഹാദേവന്‍ പ്രവചിച്ചു .
"പ്രണയലേഖനങ്ങളെഴുതിയെഴുതി നീ വലിയൊരു എഴുത്തുകാരിയാവും ആമി".
ഓര്‍ത്തപ്പോള്‍ വീണ്ടും അന്നത്തേപ്പോലെ ആത്മനിന്ദയുടെ ചിരി വിരിഞ്ഞു . ഇല്ല ദേവന്‍ എന്റെ തൂലികയുടെ ചലനം എപ്പോഴോ നിലച്ചിരുന്നു . ക്ളാവ് പിടിച്ച ഓട്ടുപാത്രംപോലെ എന്റെ മനസ്സ്........................................,................ മാറാല പിടിച്ച എന്റെ സ്വപ്നങ്ങൾ ................ കുടത്തിനുള്ളില്‍ വച്ച വിളക്ക് പോലെ എന്റെ ഭാവന............പ്രകാശം ആരും കാണാതെ എണ്ണ വറ്റി, കരിന്തിരികത്തി...................ഒടുവിൽ ................
" അനാമിക !"
ഞെട്ടി. വര്‍ത്തമാനകാലത്തിലേക്ക് കൂപ്പുകുത്തി . മുന്നില്‍ പഴയ ഗുരുനാഥന്‍ ! അയല്‍വാസി. വെളിവാക്കാനാവാത്ത പ്രണയം ഒരു വിങ്ങലായി മനസ്സില്‍ സൂക്ഷിച്ച് ഗുരുശിഷ്യബന്ധത്തിന്റെ വിശുദ്ധികൊണ്ട് മൂടി മൂകനായി നിന്ന അദ്ദേഹത്തിന്റെ മനസ്സ്................. ...................,................ ആ നൊമ്പരപ്പാടുകള്‍ അറിഞ്ഞില്ലെന്ന് നടിയ്ക്കേണ്ടിവന്നത് അന്ന് ഏറെ അസ്വസ്ഥത നല്‍കിയിരുന്നു .
"ഹെയ് അനാമിക ! എന്താണിങ്ങനെ സ്തംഭിച്ച് ?"
വിഹ്വലമായൊരു ചിരി ചുണ്ടോളമെത്തി . എന്ത് പറയണമെന്ന് അറിയില്ലായിരുന്നു .
"ഇല്ല..ഒന്നുമില്ല..........പ്രതീക്ഷിക്കാതെ പെട്ടെന്ന് കണ്ടപ്പോൾ ...................സാർ , സുഖമാണോ ?"
മറുപടി പറയാതെ സാര്‍ ചിരിച്ചു.
" അനാമിക വരൂ . എന്റെ ഭാര്യയെ പരിചയപ്പെട്ടിട്ടില്ലല്ലോ ."
ഈ അടുത്ത നാളിലാണ് സാറിന്റെ വിവാഹം കഴിഞ്ഞത്. .. ക്ഷണക്കത്ത് കിട്ടിയെങ്കിലും വരാന്‍ കഴിഞ്ഞില്ല .
"സാർ , ഞാന്‍ വിവാഹത്തിന് വരാതിരുന്നത് ......................."
വെറുതെ വിശദീകരിക്കാന്‍ ശ്രമിച്ചു .
"വേണ്ട."
സാര്‍ കൈയ്യുയര്‍ത്തി തടഞ്ഞു .
"ഒന്നും പറയണ്ട, എനിക്കറിയാം".
അലിവാര്‍ന്ന ചിരിയോടെ സാര്‍ വീണ്ടും നോക്കി . അല്ലെങ്കിലും കണ്ണുകളില്‍ നോക്കി മനസ്സു വായിക്കാന്‍ സാര്‍ പണ്ടേ സമര്‍ത്ഥനായിരുന്നുവെന്നോര്‍ത്തു . നിശ്ശബ്ദയായി അദ്ദേഹത്തെ അനുഗമിച്ചു . കുളിക്കുകയായിരുന്ന ഭാര്യയെ കാത്തിരുന്നപ്പോള്‍ സാര്‍ അകത്തുപോയി ഒരു ചെറിയ പെട്ടിയുമായി തിരിച്ചുവന്നു .
"ഇത് പരിചയമുണ്ടോ എന്ന് നോക്കൂ".
അദ്ദേഹം കൈയ്യിലിരുന്ന പെട്ടി തുറന്നു . വളരെ പഴയൊരു വാച്ചായിരുന്നു അതിനുള്ളിൽ . കൗതുകത്തോടെ നോക്കി .
"അനാമികയെ പഠിപ്പിച്ചതിന് തന്റെ അച്ഛന്‍ ആദ്യമായി തന്ന പാരിതോഷികം ".
ഇത്രകാലത്തിന് ശേഷവും ഇത് സൂക്ഷിച്ചിരിക്കുന്നല്ലോ എന്ന അമ്പരപ്പ് മനസ്സിൽ . അതിന് മറുപടിയെന്നപോലെ സാര്‍ പറഞ്ഞു .
" ഇതെനിക്ക് ഉപേക്ഷിക്കാനാവില്ല കുട്ടീ . വെറുമൊരു പാരിതോഷികം മാത്രമല്ലെനിയ്ക്കിത് ഒരുപാട് അത്മനൊമ്പരങ്ങളെ അടക്കം ചെയ്തിട്ടുണ്ടിതിൽ ".
വാച്ചിന്റെ പെട്ടി അടച്ചുകൊണ്ട് അദ്ദേഹം പിറുപിറുത്തു .
"എന്റെ കന്നിസ്വപ്നങ്ങളുടെ ശവപ്പെട്ടി ".
അപ്രതീക്ഷിതമായ ആ വെളിപ്പെടുത്തല്‍ ആകെ ഉലച്ചുകളഞ്ഞു . എന്റെ പകച്ച കണ്ണുകളില്‍ നോക്കി സാര്‍ ചിരിച്ചു .
"എന്നോ പറഞ്ഞു മറന്ന വെറുമൊരു തമാശ. അങ്ങനെ കരുതിയാല്‍ മതി. താന്‍ അന്നുമിന്നും എന്റെ അരുമശിഷ്യയാണെടോ...................... "
പെട്ടെന്നുണ്ടായ തോന്നലില്‍ യാത്ര പറയാതെ ഇറങ്ങി നടന്നു . സാറിന്റെ പിന്‍വിളി ശ്രദ്ധിച്ചില്ല . പിന്നിട്ട കാലത്തിലേക്ക് ഇങ്ങനെയൊരു മടക്കയാത്ര വേണ്ടിയിരുന്നില്ലെന്ന് തോന്നി . നഷ്ടപ്പെട്ടതും നേടിയതും തമ്മിലൊരു താരതമ്യപ്പെടുത്തല്‍ നടത്തി . വെറുതെ................വെറുതെ.............
***********
"വീണ്ടും എഴുതാന്‍ തുടങ്ങിയോ ?"
വൃദ്ധമന്ദിരത്തിലെ സഹവാസികളിലൊരാൾ ചിരിച്ചു . അറുപതിന്റെ നിറവില്‍ ഐശ്വര്യമുള്ള ചിരി .
"കഥയാണോ ?"
"അല്ല, ജീവിതം."
വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും ഒരു ഇളംകാറ്റ് വന്ന് തലോടി.
"താനെഴുതണം. തനിക്ക് കഴിയും. തന്നില്‍ നിന്നും ഈ യൗവ്വനം ചോര്‍ന്നുപോയിക്കഴിയുമ്പോൾ , ഒറ്റപ്പെടല്‍ അനിവാര്യതയാകുമ്പോള്‍ തനിക്ക് കൂട്ട് തന്റെ പേനയാകും...................."
മഹാദേവന്റെ വാക്കുകളെ മനസ്സാ പ്രണമിച്ച് പേനയടച്ചു . കിടക്കയിലേക്ക് ചാഞ്ഞു . എത്ര ശരി ! യൗ വ്വനത്തേയും സ്വപ്നങ്ങളേയും വ്യക്തിത്വത്തേയും തടവിലാക്കിയ ദാമ്പത്യത്തോട് ബാദ്ധ്യതയില്ല, കാക്കപ്പൊന്ന് തേടിപ്പോയ ഭര്‍ത്താവിനോട് ബാദ്ധ്യതയില്ല , നല്ല നിലയിലെത്തി തിരക്കിലായിപ്പോയ മക്കളോട് ബാദ്ധ്യതയില്ല....ഓര്‍മ്മകള്‍ കൊണ്ട് ക്ഷേത്രം പണിത് സ്വപ്നങ്ങള്‍ കൊണ്ട് ശ്രീകോവില്‍ തീര്‍ത്ത്, മനസ്സ് പ്രതിഷ്ഠയാക്കി..........സാഷ്ടാംഗം നമസ്കരിച്ച് അങ്ങനെയങ്ങനെ......................
സ്നേഹത്തിന്റെ തുലാഭാരത്തട്ടില്‍ക്കിടന്ന് ശാന്തയായി ഉറങ്ങുന്ന അവരുടെ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ 'തുളസീവന'മെന്ന ആ വൃദ്ധമന്ദിരത്തിലെ ജോലിക്കാരി രോഹിണിക്ക് ഒരിക്കല്‍ക്കൂടി തോന്നി , താന്‍ ഈ അമ്മയുടെ മാനസപുത്രിയാണെന്ന്. ....................,. അനാമിക അന്തര്‍ജ്ജനമെന്ന ഈ അമ്മ തുളസീവനത്തിലെത്തിയ രംഗം മറക്കാറായിട്ടില്ല . ഒരിക്കല്‍ പടിപ്പുരവാതില്‍ തുറന്നപ്പോൾ , ഒരു ബാഗ് മാറത്തടുക്കിപ്പിടിച്ച് പടിക്കെട്ടില്‍ ചാരിയിരുന്ന് ഉറങ്ങുന്ന ഈ അമ്മയെക്കണ്ടതും, എല്ലാവരുമുണ്ടായിട്ടും എല്ലാമുണ്ടായിട്ടും ജീവിതത്തിന്റെ തിരക്കില്‍ ഉപേക്ഷിക്കപ്പെട്ട അവർ , അനാഥയായ തനിക്ക് അമ്മയായതും, ഒരു നീലാംബരിരാഗമായി തന്നെ തഴുകിയുറക്കിയതും....................... ഓര്‍മ്മകള്‍ രോഹിണിക്ക് ചുറ്റും ഒരു വേനല്‍ക്കാറ്റുപോലെ...................... വലിയ വീടും ഒരുപാട് സ്വത്തുക്കളും ബന്ധുമിത്രാദികളുമൊക്കെയുണ്ടായിരുന്ന ആ അമ്മയുടെ കഴിഞ്ഞകാലകഥകള്‍ പറയുന്നൊരു ആല്‍ബമുണ്ടായിരുന്നു അവരുടെ കൈയ്യിൽ . ഓരോ താളും മറിച്ച് താന്‍ അന്തംവിട്ടിരിക്കുമ്പോള്‍ അമ്മ ചിരിയ്ക്കും . എന്നിട്ട് പറയും;
"ഒന്നും നമ്മുടെ സ്വന്തമല്ല കുഞ്ഞേ. ഏതോ ഒരു ശക്തി എന്തൊക്കെ യോ നമ്മുടെ കൈയ്യില്‍ കുറച്ചുനാളത്തേക്ക് സൂക്ഷിക്കാന്‍ തരുന്നു . കാലാവധി തീരുമ്പോള്‍ അത് കൈമാറണം. വിധിനിയോഗം അങ്ങനെയാണ്..."" "''.
മക്കളെ ചേര്‍ത്തുപിടിച്ച് ഒരു രാജ്ഞിയെപ്പോലെ പ്രൌഢഗംഭീരമായി ഇരിയ്ക്കുന്ന അമ്മയുടെ ചിത്രത്തില്‍ മെല്ലെ തഴുകിയപ്പോള്‍ നേര്‍ത്ത സ്വരത്തിലവര്‍ പറഞ്ഞു .
"ബ്രഹ്മാവ് സൃഷ്ടി നടത്തി . ആദി മനുഷ്യന്‍ സൃഷ്ടി നടത്തി . അതിന്നും മനുഷ്യര്‍ തുടര്‍ന്നു പോരുന്നു . അതുമൊരു നിയോഗം . ഭൂമി നിലനില്‍ക്കണ്ടേ ?"
അതിശയത്തോടെ ചോദിച്ചു.
"മക്കള്‍ അകന്നുപോയതില്‍ അമ്മയ്ക്ക് ദേഷ്യമില്ലേ ?"
"ഹെയ് ! എന്തിനാ മോളേ ? ഗര്‍ഭപാത്രത്തില്‍ നിന്നൂര്‍ന്നിറങ്ങി ഭൂമിയില്‍ സ്പര്‍ശിക്കുന്ന നിമിഷം, പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റുന്ന നിമിഷം കുഞ്ഞ് വേറൊരു വ്യക്തിയല്ലേ ? സ്നേഹവും ബഹുമാനവും അര്‍ഹിക്കുന്ന മറ്റൊരു വ്യക്തി. അവര്‍ക്ക് സ്വന്തമായ അവകാശങ്ങളും സ്വാതന്ത്യ്രവുമുണ്ട്. ചിന്തയും സങ്കല്‍പവുമുണ്ട് . അവര്‍ സ്വതന്ത്രമായി പറക്കട്ടെ".
ഒന്ന് നിര്‍ത്തി, നനഞ്ഞ സ്വരത്തിലവര്‍ കൂട്ടിച്ചേര്‍ത്തു .
"ഏതെങ്കിലുമൊരു നിമിഷം ചിറകൊന്ന് കുഴഞ്ഞുപോയാല്‍ ...................താങ്ങാന്‍ കൈകള്‍ വിരിച്ച് ഞാന്‍ താഴെയുണ്ടാവണം......................അത് വേണം...................."
ഒന്നും പറയാനാവാതെ ആ മുഖത്തേക്ക് വെറുതെയങ്ങനെ നോക്കിയിരുന്നപ്പോള്‍ മനസ്സ് കലങ്ങി മറിഞ്ഞു . ഇവര്‍ വെറുമൊരു സ്ത്രീയല്ലെന്ന് തോന്നി . തനിക്ക് മനസ്സിലാകാത്തൊരു അസാധാരണത്വം! എങ്കിലും......................ഒരിയ്ക്കല്‍ മഹാറാണിയേപ്പോലെ........................ഇന്ന് മരിച്ചാല്‍ മറവുചെയ്യാനൊരു പിടി മണ്ണുപോലുമില്ലാതെ.......................തന്റെ ചിന്തകള്‍ മനസ്സിലാക്കിയതുപോലെ അമ്മ മന്ത്രിച്ചു.
"മണ്ണിന് വേണ്ടി എന്തിനാണ് മനുഷ്യരിങ്ങനെ പടവെട്ടുന്നത് ? പടവെട്ടി നേടിയവരാരെങ്കിലും മരിച്ചപ്പോളത് കൊണ്ടുപോയോ ? ആറടി മണ്ണ്. അതെവിടെയെങ്കിലുമുണ്ടാകും. പൂങ്കാവനത്തിലായാലും, ചെളിക്കുണ്ടിലായാലും മണ്ണ് മണ്ണുതന്നെയല്ലേ ? പിന്നെയൊരല്‍പം ഉദകക്രിയ. അതിലെന്ത് കാര്യമിരിക്കുന്നു കുഞ്ഞേ? കര്‍മ്മങ്ങളെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് ചെയ്തുതീര്‍ക്കേണ്ടത്." ".''.
എന്റെ കണ്ണ് നിറഞ്ഞു . വാത്സല്യത്തോടെ അമ്മയെന്റെ മുടിയില്‍ തഴുകി .
"നിന്റെ കണ്ണുകളില്‍ പൊടിഞ്ഞ ഈ കണ്ണുനീര്‍. ....................,. ഇതിലും വലിയൊരു കര്‍മ്മമില്ല മോളേ".
താഴോട്ട് ഒഴുകിയ കണ്ണുനീര്‍ കൈകൊണ്ട് തുടച്ചെടുത്തുകൊണ്ടമ്മ പറഞ്ഞു .
"ഈ ഒരു തുളളി...ഇത് കണ്ണുനീരല്ല. സ്നേഹമാണ്..... ..,. ഇതെന്നോ ഒരിയ്ക്കല്‍ എവിടെയോ ഞാന്‍ നിക്ഷേപിച്ചതാണ്..,. തിരിച്ചുകിട്ടാതെ തരമുണ്ടോ ?"
അവരുടെ നെഞ്ചിലേക്ക് മുഖം ചേര്‍ത്തുപിടിച്ച് എന്തിനോ ഞാന്‍ ഏങ്ങലടിച്ചു.......... വേനൽക്കറ്റിന് സ്നേഹത്തിന്റെ ചൂടായിരുന്നു ................
_______________________________
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായ(ങ്ങള്‍):
"മക്കള്‍ അകന്നുപോയതില്‍ അമ്മയ്ക്ക് ദേഷ്യമില്ലേ ?"
"ഹെയ് ! എന്തിനാ മോളേ ? ,
അവര്‍ക്ക് സ്വന്തമായ അവകാശങ്ങളും സ്വാതന്ത്യ്രവുമുണ്ട്. ചിന്തയും സങ്കല്‍പവുമുണ്ട് . അവര്‍ സ്വതന്ത്രമായി പറക്കട്ടെ".
ഒന്ന് നിര്‍ത്തി, നനഞ്ഞ സ്വരത്തിലവര്‍ കൂട്ടിച്ചേര്‍ത്തു .
"ഏതെങ്കിലുമൊരു നിമിഷം ചിറകൊന്ന് കുഴഞ്ഞുപോയാല്‍ ...................താങ്ങാന്‍ കൈകള്‍ വിരിച്ച് ഞാന്‍ താഴെയുണ്ടാവണം......................അത് വേണം...................."
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ