ശിവനന്ദ
2013, മേയ് 31, വെള്ളിയാഴ്‌ച
പരിസ്ഥിതി മാനിഫെസ്റ്റോയെക്കുറിച്ച് അഭിപ്രായം പറയാനുള്ള അറിവ്
എനിയ്ക്കുണ്ടോ എന്നറിയില്ല. എങ്കിലും എനിക്ക് തോന്നുന്ന ചില കാര്യങ്ങള്‍
ഒന്ന് കുറിക്കണമെന്ന് തോന്നി.
പ്രകൃതി മനുഷ്യന് വേണ്ടിയോ മനുഷ്യന്‍ പ്രകൃതിയ്ക്ക് വേണ്ടിയോ
എന്നതിനപ്പുറം പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാണ് എന്ന് പറയാന്‍
ഞാനിഷ്ടപ്പെടുന്നു. ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ അല്ല ഞാന്‍. ....... നാം
കാണാത്ത ഒന്നിനേക്കുറിച്ച് എങ്ങനെ ആധികാരികമായി പറയാന്‍ കഴിയും ? പക്ഷേ
ഇതിനെല്ലാം മുകളില്‍ ഏതോ ഒരു ശക്തിയുടെ ഇടപെടലുകള്‍ ഞാന്‍ അനുഭവിക്കുന്നു.
നന്‍മ നിറഞ്ഞ മനസ്സോടുകൂടി പ്രകൃതിയിലേക്ക് നോക്കിയാല്‍ ഈശ്വരന്റെ സാമിപ്യം അനുഭവിയ്ക്കാമെന്നിരിയ്ക്കെ, പ്രകൃതിയെ ഈശ്വരനായി
കാണാനാണെനിക്കിഷ്ടം.
പ്രകൃതിനാശത്തെ ശാസ്ത്രീയമായി കാണുന്നതിലുപരി വൈകാരികമായാണ് ഞാന്‍
കാണുന്നത്. മുറ്റത്ത് ഒരു തുളസിച്ചെടിപോലും നട്ടുപിടിപ്പിക്കാതെ സിമന്റ് തേച്ചുപിടിപ്പിച്ചിട്ട്, ഇത്തിരി തുളസിവെള്ളം തിളപ്പിക്കാന്‍,
മുറ്റത്തൊരു പൂക്കളമിടാന്‍, ക്ഷേത്രത്തിലേക്ക് ഇത്തിരി പൂക്കള്‍
കൊടുക്കാന്‍ അയല്‍പക്കങ്ങളിലൂടെ നെട്ടോട്ടമോടുന്ന ചില കാഴ്ചകള്‍ എന്നില്‍
അസ്വസ്ഥതയുണ്ടാക്കുന്നു.
പാദത്തില്‍ ഇക്കിളികൂട്ടുന്ന മണല്‍ത്തരികളിലൂടെ പുഴയോരത്ത് നടന്ന
മധുരസ്മൃതികള്‍ മായുന്നതിനു മുന്‍പേ, ഒരിയ്ക്കല്‍ തലോടിയ പുഴ ഇന്നെല്ലാം
തല്ലിത്തകര്‍ത്ത് മരണക്കയങ്ങളൊരുക്കുന്നത്, ഒരു തരി മണല്‍ തേടി
പുഴയിറമ്പിലൂടെ അലയേണ്ടിവരുന്നതിന്റെ നേര്‍ക്കാഴ്ച യല്ലേ ?
കുഞ്ഞിന് ആയിരക്കണക്കിന് രൂപയുടെ മുന്തിയ കളിപ്പാട്ടങ്ങള്‍
വാങ്ങിക്കൊടുത്ത് ലോകം കീഴടക്കിയ സംതൃപ്തിയോടെ ഇരിക്കുന്ന മാതാപിതാക്കളെ
ഒറ്റ ചോദ്യത്തിലൂടെ കുഞ്ഞ് തോല്‍പിച്ചുകളയും , " ഇത്തിരി മണ്ണും ചിരട്ടയും തരുമോ മണ്ണപ്പം ചുട്ടുകളിക്കാന്‍ ? " എന്തുപറയും നമ്മള്‍ ? സിമന്റിട്ട് മിനുക്കിയ മുറ്റത്തെവിടെയാണ് മണ്ണ് ?
എവിടുന്നാണൊരു ചിരട്ട കൊടുക്കുക ? കേരളത്തിലെവിടെയാണ് കേരങ്ങള്‍ ?
തേങ്ങാപ്പാല്‍ പൊടിയായി കൂടുകളില്‍ കിട്ടുമ്പോള്‍പ്പിന്നെ നമുക്കെന്തിനാണ്
തേങ്ങ അല്ലേ ?....കഷ്ടം !.... എന്റെ കുഞ്ഞ് കണ്ണുതുളഞ്ഞ ഒരു ചിരട്ടയില്‍ മണല്‍ വാരിക്കൊണ്ടോടുന്ന
കാഴ്ച വളരെ ഹൃദ്യമായിരുന്നു. നിര്‍ദ്ദിഷ്ടസ്ഥാനത്തെത്തുമ്പോഴേക്കും
മണലെല്ലാം ചോര്‍ന്നു പോയിരിക്കും. ശ്രമം വൃഥാവിലായപ്പോള്‍ അവന് സങ്കടം.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെങ്കിലും അവന്‍ ശ്രമം
തുടര്‍ന്നുകൊണ്ടേയിരുന്നു. ഫലം തഥൈവ. ദേഷ്യത്തോടെ ചിരട്ട വലിച്ചെറിഞ്ഞു.
നിമിഷങ്ങള്‍ക്കകം അവസാനശ്രമമെന്നോണം ഒരിയ്ക്കല്‍ കൂടി. ഇക്കുറി അവനാ
അത്ഭുതക്കാഴ്ച കണ്ടു ! മണല്‍ ചോരുന്ന കാഴ്ച ! കരച്ചില്‍ മാറി, നിരാശ മാറി,
പിന്നീട് ചിരട്ടയില്‍ മണല്‍ വാരിയിട്ട് ചോര്‍ത്തുന്നതായി രസം.
പരാജയത്തില്‍ തളര്‍ന്ന് പിന്‍മാറാതെ, അതിനെ കൌതുകത്തോടെ നോക്കാന്‍ -
അതില്‍ നിന്നും പുതിയൊരു കണ്ടുപിടുത്തം നടത്താന്‍ പ്രകൃതി അവനെ
പഠിപ്പിക്കുകയാണെന്നെനിക്ക് തോന്നി. പക്ഷേ പ്രകൃതിയെന്ന പാഠശാല ഇന്ന്
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യമാകുന്ന കാഴ്ച വേദനാജനകം.
അവര്‍ക്ക് വാരി വിരലുകള്‍ക്കിടയിലൂടെ ചോര്‍ത്തി ഇക്കിളിയാവാന്‍ മണല്‍
വേണം, അപ്പം ചുടാന്‍ മണ്ണ് വേണം, കപ്പയില കൊണ്ട് പിണ്ടിമാലയുണ്ടാക്കണം,
കായ കൊണ്ട് പമ്പരമുണ്ടാക്കണം, ഓടലിന്റെ കായകൊണ്ട് പടക്കം പൊട്ടിക്കണം,
തോട്ടിറമ്പില്‍ നിന്നും കൈതപ്പൂവെന്ന അത്ഭുതപുഷ്പം പറിയ്ക്കണം, ഇലഞ്ഞിപ്പൂവിന്റെ ലഹരിഗന്ധം നുകരണം, പരല്‍മീനുകളെ തോര്‍ത്തിട്ട്
പിടിയ്ക്കാന്‍ തോടുകള്‍ വേണം, അങ്ങനെയങ്ങനെ.......
ഇതെല്ലാം തല്‍ക്കാലം എന്റെ സ്വപ്നങ്ങളാണെന്നറിയുമ്പോള്‍ ത്തന്നെ
ഞാനുറപ്പിക്കുകയാണ്, ആ സ്വപ്നത്തിലേക്ക് ഞാന്‍
നടന്നടുത്തുകൊണ്ടിരിക്കുന്നു. ചവിട്ടിനടക്കാന്‍ എന്റെ മുറ്റത്തിത്തിരി
മണ്ണ് ബാക്കിയിടുമ്പോൾ , വവ്വാലിന് കായ തിന്നാനൊരു ബദാംമരം നടുമ്പോൾ ,
ചിത്രശലഭങ്ങള്‍ക്കുവേണ്ടി ശലഭത്തോട്ടം തീര്‍ക്കുമ്പോൾ ,
പൂജാപുഷ്പങ്ങള്‍ക്കായി ചെത്തിയും ചെമ്പരത്തിയും നടുമ്പോൾ , ഫലവൃക്ഷങ്ങള്‍
പിടിപ്പിച്ച് പക്ഷികളെയും അണ്ണാറക്കണ്ണന്‍മാരെയും ക്ഷണിക്കുമ്പോൾ ,
ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മപ്പൂക്കള്‍ക്കായി ഇലഞ്ഞിമരവും
കാപ്പിച്ചെടിയും നടുമ്പോൾ ഞാനറിയുന്നു, എന്റെ സ്വപ്നങ്ങള്‍
എത്രമേല്‍ തീവ്രമാണെന്ന്.
ആ തീവ്രതയല്ലേ അത് യാഥാര്‍ത്ഥ്യമാകുന്ന കാഴ്ച തെളിയിക്കുന്നത് ? എന്റെ ജീവസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ, ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ച
സ്വപ്നങ്ങളെയും സത്യങ്ങളെയും കാട്ടിത്തന്ന പ്രകൃതിയെ മാറോടണയ്ക്കുമ്പോൾ,
ഞാന്‍ കൊതിച്ചുപോകുന്നു ഇതെല്ലാം. എനിക്ക് മഴയുടെ സംഗീതം കേള്‍ക്കണം,
മുളങ്കാടുകളുടെ ഈണമറിയണം, വിഷമില്ലാത്ത പുഴവെള്ളം ഒരു കുമ്പിള്‍
കോരിയെടുത്ത് മുഖത്ത് തെറിപ്പിയ്ക്കണം, മുറ്റത്ത്
മഞ്ഞിന്‍കണികകളണിഞ്ഞുനില്‍ക്കുന്ന നന്ത്യാര്‍വട്ടപ്പൂവ് കണ്ണുകളില്‍
കുടഞ്ഞ് അനുഭൂതിയില്‍ ലയിക്കണം, നഷ്ടപ്പെട്ട മഴയും മഴവില്ലും തിരികെ വരണം,
പാറമടകളേയും മണല്‍ക്കുഴികളേയും ഭയക്കാതെ നടക്കണം.
അങ്ങനെയങ്ങനെ....................
പക്ഷേ....നമ്മുടെ മനസ്സില്‍ അവശേഷിച്ച ഒരു തുണ്ട് നിലാവ് തിരികെ വാങ്ങി
ചന്ദ്രന്‍ എന്നെന്നേയ്ക്കുമായി നമ്മോട് യാത്ര പറയുമെന്നും, സൂര്യന്‍ നമ്മെ
വാരിപ്പുണരുമെന്നും ശാസ്ത്രം മുന്നറിയിപ്പ് തരുമ്പോള്‍ എങ്ങോട്ടാണ് ഓടി
രക്ഷപ്പെടേണ്ടതെന്നെനിക്കറിയില്ല.
തോട്ടങ്ങളാണ് അനശ്വരതയുടെയും സ്വര്‍ഗ്ഗത്തിന്റെയുമൊക്കെ പര്യായങ്ങളായി
പരിശുദ്ധ ഖുറാന്‍ പരാമര്‍ശിക്കുന്നതെന്നിരിക്കെ, "എന്തിനാണ് മരം നടുന്നത് ?
ഇതിണ്റ്റെ ഫലം അനുഭവിക്കുന്നതിന് മുന്‍പേ മരിച്ചുപോയാലോ ? " എന്നെന്നോട്
ചോദിച്ചവരോട് പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനം തന്നെയാണ് ഞാന്‍
മറുപടിയായി പറഞ്ഞത്............... "നാളെ അന്ത്യദിനമാണെന്നറിഞ്ഞാലും ഒരു മരമുണ്ടെങ്കില്‍ നീയത്
നട്ടുനനയ്ക്കുക.
..............................."
ശിവനന്ദ
ശിവനന്ദ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായ(ങ്ങള്‍):
ചവിട്ടിനടക്കാന്‍ എന്റെ മുറ്റത്തിത്തിരി മണ്ണ് ബാക്കിയിടുമ്പോൾ , വവ്വാലിന് കായ തിന്നാനൊരു ബദാംമരം നടുമ്പോൾ , ചിത്രശലഭങ്ങള്‍ക്കുവേണ്ടി ശലഭത്തോട്ടം തീര്‍ക്കുമ്പോൾ , പൂജാപുഷ്പങ്ങള്‍ക്കായി ചെത്തിയും ചെമ്പരത്തിയും നടുമ്പോൾ , ഫലവൃക്ഷങ്ങള്‍ പിടിപ്പിച്ച് പക്ഷികളെയും അണ്ണാറക്കണ്ണന്‍മാരെയും ക്ഷണിക്കുമ്പോൾ , ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മപ്പൂക്കള്‍ക്കായി ഇലഞ്ഞിമരവും കാപ്പിച്ചെടിയും നടുമ്പോൾ ഞാനറിയുന്നു, എന്റെ സ്വപ്നങ്ങള്‍ എത്രമേല്‍ തീവ്രമാണെന്ന്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ