-ശിവനന്ദ
ഇത് ഒരു ഓർമ്മക്കുറിപ്പാണ് .കണ്ണീരിൽ ഈറനായ ഒരു സ്നേഹക്കുറിപ്പ് .ഒരു മിന്നാമ്മിനുങ്ങിനേപ്പോലെ ഞങ്ങളുടെ ജീവിതത്തിലേക്ക് പറന്നിറങ്ങി ഇത്തിരി വെട്ടം നിറച്ച് പാറിനടന്ന് ഒടുവിൽ പ്രതീക്ഷിയ്ക്കാതെ ഒരു നാൾ പറന്നകന്ന് മാനത്ത് ഒരു മുക്കുറ്റിപ്പൂവ് പോലെ വിരിഞ്ഞ സ്വർണ്ണനക്ഷത്രം . ക്രിസ്റ്റഫർ ..............ഞങ്ങളുടെ കിട്ടൻ .................എന്റെ മകന്റെ ചങ്ങാതിയായി. അവനിവിടെ കയറിവന്നപ്പോൾ ..............സ്വന്തം വീടുപോലെ പെരുമാറിയപ്പോൾ ...........സ്വന്തം പോലെ എല്ലാവരേയും സ്നേഹിച്ചപ്പോൾ .....അക്ഷരാർത്ഥത്തിൽ അവൻ ഇവിടുത്തെ കുട്ടിയായി. ക്രിസ്റ്റഫർ എന്നവൻ സ്വയം പരിചയപ്പെടുത്തി .കിട്ടൻ എന്ന ഓമനപ്പേര് ചങ്ങാതിമാർ പറഞ്ഞപ്പോൾ അവന്റെ മുഖത്ത് പൂത്ത ഇത്തിരി നാണം ............കിട്ടൻ ! പാൽമധുരമുള്ള ആ പേര് ഞാനെന്റെ മനസ്സിലെഴുതിച്ചേർത്തു . പിന്നീട് അവനെ കണ്ടപ്പോഴെല്ലാം ഞാൻ മനസ്സിലോർത്തു , ' ഒരു മഞ്ഞുതുള്ളി പോലെ '...............
പക്ഷെ ...........അന്നൊരു ദിവസം രാവിലെ തീരാനടുക്കം സമ്മാനിച്ച് ആ ഫോണ്‍കോൾ .............. കിട്ടന് അപകടം പറ്റിയെന്ന വാർത്ത ഒരു ഇടിമുഴക്കം പോലെ കാതിൽ വന്നലചച്ചപ്പോൾ വിശ്വസിയ്ക്കാനാവാതെ സ്തംഭിച്ചുനിന്നു .ഒരായിരം ദൈവങ്ങളെ വിളിച്ചു ..........ഒരായിരം വഴിപാടുകളും നേർന്നു . പക്ഷേ .............ഞങ്ങളുടെ കിട്ടൻ ഞങ്ങളെ വിട്ടുപോയെന്ന വാർത്തയുമായി അടുത്ത ഫോണ്‍കോളെത്തിയപ്പോൾ ...........ദൈവമേ !...............ഒരു നിമിഷം ഞാൻ ശ്വസിയ്ക്കാൻ മറന്നു ...........പിന്നെ .............എങ്ങനെയാണ് ഞാനാ നിമിഷങ്ങളെ തരണം ചെയ്തത് ? തളർന്നുപോയി . നെഞ്ചിൽ കൈവച്ച് ഈശ്വരനോട് ഇത്രമാത്രം ചോദിച്ചു ., '"എത്ര യാചിച്ചതാണ് ഞാൻ? എന്നിട്ടും .........."
ആകെ ഒരു മരവിപ്പ് .........പക്ഷേ കണ്ണുകൾ ധാരമുറിയാതെ പെയ്തുകൊണ്ടിരുന്നു . ഞാൻ പോലുമറിയാതെ അതങ്ങനെ ഒഴുകിക്കൊണ്ടേയിരുന്നു . അവനെ കാണാൻ ഞാൻ പോയില്ല . അതുൾക്കൊള്ളാൻ എനിയ്ക്ക് കഴിയില്ലായിരുന്നു . ഇന്നും കഴിഞ്ഞിട്ടില്ല . അവനെവിടെയോ ഉണ്ട് . എന്നെങ്കിലും വരും . ക്രിസ്റ്റഫർ .............ഞങ്ങളുടെ കിട്ടൻ ...........അവനുവേണ്ടി കണ്ണുനീരോടെ ഏതാനും വരികൾ ..............
അവർ കുറെ കുഞ്ഞു മിന്നാമ്മിന്നികൾ
ഇന്നലെക്കണ്ടും മിണ്ടീം പോന്നതല്ലേയുള്ളു?
കുഞ്ഞു വെളിച്ചമവർ തന്നതല്ലേയുള്ളു ?
ഇന്നതിലൊന്നിനെ തല്ലിക്കെടുത്തുവാൻ
നിന്നോടവർ ചെയ്ത തെറ്റെന്ത് കാലമേ?
തളരുമ്പോൾ ചായുവാൻ തോളുകൾ കാട്ടിയും
വീഴുമ്പോൾ താങ്ങുവാൻ കൈയ്യുകൾ നീട്ടിയും
ചങ്ങലക്കണ്ണിപോൽ ചങ്ങാതിക്കൂട്ടങ്ങൾ
മുന്നും പിന്നും അവനോടൊപ്പമുണ്ടായിട്ടും
മരണം വാതിലിൽ മുട്ടിവിളിച്ചപ്പോൾ
ഒരു വാക്കുചോദിയ്ക്കാതൊന്നും പറയാതെ
വാതിൽ തുറന്നവനിറങ്ങിപ്പോയി .........
ആരോരുമറിയാതാ പാവം മിന്നാമ്മിന്നിയെ
ഊതിയണച്ചതാര് വിധിയോ കാലമോ?
കാക്കുന്നൊരായിരം കണ്‍കളുമായവർ
പതുങ്ങിയെത്തുമാ പദനിസ്വനത്തിനായ്
കലഹിയ്ക്കും കാലമേ നിന്നോടവർക്കായ് ഞാൻ
തിരികെക്കൊടുക്കു നീ ഇത്തിരി വെട്ടത്തിനെ
അറിയില്ല നിനക്കവൻ തെളിയിച്ചുവെച്ചൊരു
സ്നേഹത്തിൻ നെയ്ത്തിരിയുള്ളിൽപ്പേറുമൊരു ...........
നോവിൻ കടലായ് മാറിയ മാതാവാണ് ഞാനും ................
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ