- ശിവനന്ദ
മനസ്സിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത് പഴയൊരു തിരുവോണം. മനോഹരമായൊരു തിരുവോണം...
പാറയിടുക്കുകളും മൊട്ടക്കുന്നുകളും പാടവും തോട്ടിറമ്പുകളും നമ്മെ ഭയപ്പെടുത്താതിരുന്ന ഒരു ഓണക്കാലമുണ്ടായിരുന്നു നമുക്ക് . കാട്ടുചെത്തിയും കാട്ടുകോളാമ്പിയും കൊങ്ങിണിയും അരിപ്പൂവും കദളിപ്പൂവും പറിയ്ക്കാൻ കുന്നുകളിലും പാടവരമ്പുകളിലും മത്സരിച്ചോടിയ ഓണക്കാലം . മുറ്റത്ത് ചാണകം മെഴുകി ചെത്തിയും ചെമ്പരത്തിയും തുമ്പയും തുളസിയുമൊക്കെ പെറുക്കി വെയ്ക്കുമ്പോൾ ചാണകത്തിന്റേയും പൂക്കളുടെയുമൊക്കെ സമ്മിശ്രഗന്ധം ............
പിന്നീട് അതേ ഗന്ധമന്വേഷിച്ച് എന്റെ മനസ്സ് എത്ര ചുറ്റിത്തിരിഞ്ഞു ! കിട്ടിയില്ല. കിട്ടുകയുമില്ല .കാടും കുന്നും പാടവരമ്പും നമ്മളുപേക്ഷിച്ചതാണോ അതോ നമ്മളെ ഉപേക്ഷിച്ചതാണോ ? അറിയില്ല . എന്തായാലും , ആരോ എന്തോ എവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടു .
നഷ്ടങ്ങൾ എന്നും വേദനയാണ് . പൂത്തൊട്ടി കൊണ്ടുത്തരാറുള്ള മാണിയും മാക്കോതയും ഓർമ്മച്ചിത്രങ്ങളായി . പുള്ളുവൻപാട്ട് പാടാറുള്ള അമ്മ്ണിപ്പുള്ളുവത്തിയും കാലത്തിനപ്പുറം മറഞ്ഞു .
മനസ്സിന്റെ ജാലകപ്പഴുതിലൂടെ ഞാനെന്റെ സ്വന്തം ഓണത്തെ കാണുകയാണ് ........
അവിടെ , ഓണനിലാവിൽ ഞാനെന്ന കൊച്ചുകുട്ടി മുത്തച്ഛന്റെ കൈ പിടിച്ചോടുന്നുണ്ട് . മുത്തശ്ശി സ്നേഹത്തോടെ ശകാരിയ്ക്കുന്നുണ്ട് .അമ്മാവൻ "അനന്തിരവളേ " എന്ന് നീട്ടി വിളിയ്ക്കുന്നുണ്ട് . ഞാനും അനിയത്തിയും അരിപ്പൂവ് പറിയ്ക്കാൻ മത്സരിച്ചോടുന്നുണ്ട് .ഓണത്തലേന്നു രാത്രിയിൽ അമ്മ പൂവടയും ശർക്കരവരട്ടിയും ഉണ്ടാക്കുന്നുണ്ട് . കുഞ്ഞനിയൻ അടുക്കളയിൽ വന്നിരുന്ന് ഉറക്കം തൂങ്ങുന്നുണ്ട് . വിശേഷദിവസങ്ങളിൽ പാചകത്തിൽ സഹായിയായി അച്ഛനും കൂടി അടുക്കളയിൽ കയറുമ്പോൾ പാചകം ഒരു ആഘോഷമാകുന്നുണ്ട് . ഓണദിനത്തിൽ ഇഞ്ചിക്കറിയുടെയും കാളന്റേയും കൊതിപ്പിയ്ക്കുന്ന വാസന വരുന്നുണ്ട് . അവിയൽ വേവുന്ന ഗന്ധം കേട്ട് അതിന്റെ ഗുണം നിർണ്ണയിയ്ക്കാൻ അമ്മയെന്നെ പഠിപ്പിയ്ക്കുന്നുണ്ട് . ഓണക്കോടികൾ മനസ്സിൽ കാവടിയാട്ടം നടത്തുന്നുണ്ട്....
പക്ഷേ ......ഇന്ന് ...എല്ലാം മനസ്സിന്റെ ജലകക്കാഴ്ച്ചകൾ മാത്രമാണെന്നോർക്കുമ്പോൾ ..........കഷ്ടം ! എന്റെ നഷ്ടങ്ങൾ എത്രയോ .....! ആരോ എന്തോ എവിടെയോ ഉപേക്ഷിയ്ക്കപ്പെട്ടു .
ഇന്ന് ......സിമന്റിട്ട് മിനുക്കിയ മുറ്റത്ത് നോക്കി നമുക്ക് നെടുവീർപ്പിടാം . മുറ്റത്ത് ഒരുപിടി മണ്ണില്ലാതെ ചെടികൾ മുളയ്ക്കുകയോ പൂക്കുകയോ കായ്ക്കുകയോ ചെയ്യില്ലെന്ന് വെറുതെ ഓർമ്മിയ്ക്കാം . കാടില്ല , കാട്ടുചെത്തിയുമില്ല . വേലിയില്ല, വീണ്ടപ്പൂവുമില്ല. കുന്നില്ല, കദളിപ്പൂവുമില്ല .......കഷ്ടം! എല്ലാം എന്റെ നഷ്ടങ്ങൾ ......
സാരമില്ല. കാലത്തിനൊപ്പം നമുക്ക് നടക്കാം .
പണം കൊടുത്ത് ചന്തയിൽ നിന്നും പൂക്കൾ വാങ്ങാം , ഓണസദ്യ വാങ്ങാം, ഉപ്പേരി വാങ്ങാം , പായസവും വാങ്ങാം. അങ്ങനെ ഓണം ആഘോഷിയ്ക്കുകയൊ അഭിനയിയ്ക്കുകയോ ചെയ്യാം . കൂട്ടത്തിൽ , എന്നോ എവിടെയോ മറഞ്ഞുപോയ ആ പഴയ ഓണക്കാലം എന്നെങ്കിലും തിരികെ വരുന്നത് സ്വപ്നം കാണുകയും ചെയ്യാം . സ്വപ്നത്തിന്റെ തീവ്രത , അത് നമുക്ക് പ്രാപ്തമാക്കും . ഉറപ്പ് .
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..
***************
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ