-ശിവനന്ദ
ശിവനമ്മ എന്ന തമിഴത്തിപ്പെണ്ണിനെ ആദ്യമായി ഞാന്‍ കാണുന്നത് ഒരു നനഞ്ഞ പ്രഭാതത്തിലാണ് ".
അക്കാ" എന്ന നീട്ടിയുള്ള വിളി കേട്ടാണ് ഞാന്‍ അടുക്കളജോലിയില്‍ നിന്നൂര്‍ന്ന് മുന്‍വശത്തു ചെന്ന് നോക്കിയത് . കുളി കഴിഞ്ഞ് ഈറന്‍മുടിയില്‍ ചുവന്ന റിബ്ബണ്‍ കെട്ടി, നെറ്റിയില്‍ ചാറ്റല്‍മഴത്തുള്ളികള്‍ തെറിച്ച് നനഞ്ഞ ചന്ദനക്കുറിയുമായി വിടര്‍ന്ന ചിരിയോടെ നില്‍ക്കുന്ന, തേനിന്റെ നിറമുള്ള ഒരു സുന്ദരിപ്പെണ്ണ് .
നനഞ്ഞ തുളസിയേപ്പോലെ. അവളുടെ നെഞ്ചില്‍ പറ്റിച്ചേര്‍ന്ന് ഒരു പൊടിക്കുഞ്ഞുമുണ്ടായിരുന്നു . എന്റെ ഭർത്താവ് നടത്തുന്ന ഇഷ്ടികക്കളത്തില്‍ പണിക്ക് വന്നതായിരുന്നു അവൾ . ഡിണ്ടിഗല്‍ സ്വദേശിനി. തൊഴിലാളികള്‍ക്കായി പണിതുകൊടുത്ത കുടിലുകളിലൊന്നിലായിരുന്നു അവളുടെ താമസം. ഈറന്‍ മാറാനൊരു സാരി തരുമോ എന്ന് ചോദിയ്ക്കാനായിരുന്നു അവള്‍ വന്നത് . ഒന്നിനു പകരം മൂന്ന് സാരി കൊടുത്തപ്പോള്‍ അവള്‍ക്ക് വലിയ സന്തോഷം. പിന്നീട് ഇടയ്ക്കിടെ അവളെന്നെ കാണാന്‍ വന്നു. സങ്കടവും സന്തോഷവും തമാശകളും പങ്കുവച്ചു. സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ളീഷ് വാക്കുകള്‍ തിരുകി സംസാരിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമായിരുന്നു . മലയാളം പഠിക്കാന്‍ അവള്‍ ഉത്സാഹം കാണിച്ചു. ശിവനമ്മയുടെ ഭര്‍ത്താവ് മരിച്ചുപോയപ്പോള്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തൊഴിലന്വേഷിച്ച് കേരളത്തിലേക്ക് വണ്ടി കയറിയതാണത്രെ. കുഞ്ഞിനെ കിടത്തിയ തുണിത്തൊട്ടില്‍ അടുത്തുള്ള മരച്ചില്ലയില്‍ തൂക്കിയിട്ടാണ് ശിവനമ്മ കളത്തില്‍ പണിയെടുക്കുന്നത്. ..ആഴ്ച്ചകൾ മാസങ്ങള്‍ക്കും മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കും വഴിമാറുന്നതിനിടക്ക് ഞങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ളൊരു ആത്മബന്ധം ഉടലെടുത്തിരുന്നു. കളത്തില്‍ പണിയില്ലാത്ത സമയം ഇവിടെ വന്ന് എനിക്ക് എന്തെങ്കിലും സഹായങ്ങള്‍ ചെയ്തുതരുമായിരുന്നു. ഒരു ദിവസം അവള്‍ ആവലാതി പറഞ്ഞു.
"അക്കാ, ഓപ്പണായിട്ട് പറയുവാ, കളത്തില്‍ ചിലരേക്കൊണ്ട് വല്യ കഷ്ടമാ. "
കാരണം ചോദിച്ച എന്നോടവള്‍ പറഞ്ഞത്, ഇഷ്ടിക കയറ്റാന്‍ വരുന്ന വണ്ടികളുടെ ഡ്രൈവര്‍മാരും മറ്റു ചിലരുമൊക്കെ അവളോട് മോശമായി പെരുമാറുന്നു എന്നാണ് .തന്റെടത്തോടെ പൊരുതി നില്‍ക്കാന്‍ ഞാനവളോട് പറഞ്ഞു. കുഞ്ഞിനെ സ്കൂളില്‍ ചേര്‍ത്തു. ദിവസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു. ശിവനമ്മ അവളുടെ ആവലാതികള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു. രാത്രി ആരോ അവളുടെ കതകില്‍ മുട്ടിയത്രെ. ഇഷ്ടിക ചുമക്കുന്നതിനിടയില്‍ ഏതോ ഡ്രൈവര്‍ അവളെ തോണ്ടിയെന്നും ഒരുത്തന്‍ കൈയ്യില്‍ കയറിപ്പിടച്ചപ്പോള്‍ കുതറിയോടിയെന്നുമവള്‍ പറഞ്ഞു. കണ്‍മുനകളും വിരല്‍ത്തുമ്പുകളും രാകി മൂര്‍ച്ച കൂട്ടാന്‍ ഞാനവളെ ഓര്‍മ്മിപ്പിച്ചു.
" കെയറു ചെയ്യാന്‍ ആരുമില്ലാഞ്ഞിട്ടാണക്കാ എല്ലാരുമെന്നെ ഞോണ്ടുന്നെ. "
അവള്‍ സങ്കടപ്പെട്ടു. ശിവനമ്മ നല്ലവളാണ്. എനിക്ക് നന്നായറിയാം. ഒരടവും അവളുടെയടുത്ത് നടക്കില്ല. പയറ്റിത്തോറ്റവര്‍ അവള്‍ക്കെതിരെ ആരോപണങ്ങള്‍ പറഞ്ഞു നടന്നു. അതവളുടെ മുതലാളിയുടെ- എന്റെ ഭര്‍ത്താവിന്റെ ചെവിയിലുമെത്തി. വിസ്താരത്തിന് വിളിക്കപ്പെട്ടു. നിറകണ്ണുകളോടെ തൊഴുതുനിന്ന അവളെ നോക്കി മുതലാളി ആക്രോശിച്ചു.
" നിനക്ക് വേശ്യാലയം നടത്താനല്ല ഞാന്‍ നിന്നെ പണിക്ക് നിര്‍ത്തി താമസിക്കാനിടം തന്നത്.""""""""'"
ഞാന്‍ ഞെട്ടി. അതിനിരട്ടി അവളും. എന്നെയാരോ അപമാനിച്ചതുപോലെയാണ് എനിയ്ക്ക് തോന്നിയത്. ഞാനൊന്നും മിണ്ടിയില്ല .മൗനത്തിന്റെ മൂര്‍ച്ചകൊണ്ട് എന്റെ വാക്കുകളെല്ലാം എന്നേ തേഞ്ഞുതീര്‍ന്നിരുന്നു. പക്ഷേ ശിവനമ്മ പ്രതിഷേധിച്ചു
". ഞാന്‍ പാവമാ മൊതലാളീ... ഞാനൊന്നും ചെയ്തില്ല "
. ഒരു പച്ചത്തെറിയായിരുന്നു അതിനുള്ള മറുപടി. തെറിയുടെ അകമ്പടിയോടുകൂടിത്തന്നെ തീരുമാനവും പറഞ്ഞു.
"
ഒരാഴ്ചക്കകം ഇവിടുന്ന് പൊയ്ക്കോണം. നിനക്കിനിയിവിടെ പണിയില്ല. "
നിര്‍വ്വികാരതയായിരുന്നു ശിവനമ്മയുടെ മുഖത്ത്. എന്നെയൊന്ന് നോക്കി ഒന്നും മിണ്ടാതെ അവള്‍ തിരിഞ്ഞുനടന്നു. വൈകീട്ട് ഭര്‍ത്താവില്ലാത്ത നേരം നോക്കി ശിവനമ്മ വീണ്ടും വന്നു.
" മൊതലാളി ഒരാഴ്ചത്തെ അവതി കൊടുത്തു. എനക്ക് വേണ്ടക്കാ. ഞാന്‍ കന്നത്തരം കാണിച്ചന്നു മൊതലാളി പറഞ്ഞില്ലേ? എന്നെ വേണ്ടാത്ത പേര് വിളിച്ചില്ലേ ? ഇനി ഞാനിവിടെ നിക്കൂല. പോവ്വാ ഇപ്പത്തന്നെ."
ഒന്ന് നടന്ന് വീണ്ടും തിരിഞ്ഞു നിന്ന് അവളൊന്നുകൂടി ചോദിച്ചു.
" ഈ മുതലാളീടെ കൂടെ അക്കയെങ്ങനാ ഇത്ര നാള് പൊറുത്തെ? അക്കാക്കെങ്ങനെയാ രണ്ട് മക്കളുണ്ടായെ?"
ഒന്നും പറയാനാവാതെ ഞാനവളെ നോക്കിനിന്നു. ഒരാഴ്ചത്തെ അവധികൊടുത്ത മുതലാളിയുടെ സൗജന്യത്തെ പുല്ലുപോലെ വലിച്ചെറിഞ്ഞ്, മുറിവേറ്റ ആത്മാഭിമാനം വാരിപ്പിടിച്ച് ശിവനമ്മ പോവുകയാണ്. മിടുക്കി. പെണ്ണുങ്ങളായാല്‍ അങ്ങനെ വേണം .എനിയ്ക്കവളോട് ഒരുപാട് സ്നേഹം തോന്നി. ആത്മാഭിമാനം പണയം വയ്ക്കാതെ ജീവിയ്ക്കാന്‍ ഒരു കെട്ടുപാടുകളും അവള്‍ക്ക് തടസ്സം നില്‍ക്കാനില്ലല്ലോ എന്നുമോര്‍ത്തു. ശിവനമ്മ പോയി. വേറെയെവിടെയോ അവള്‍ക്ക് ചെറിയൊരു പണി കിട്ടി. വാടകയ്ക്ക് താമസിയ്ക്കാനൊരിടവും. ഇവിടെ ഭര്‍ത്താവില്ലാത്ത നേരം നോക്കി ഇടയ്ക്കിടെ അവളെന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ചെറിയ ചെറിയ സഹായങ്ങള്‍ ചെയ്തുപോന്നു. ആയിടയ്ക്ക് എന്റെ സഹോദരന്‍ തുടങ്ങിയ ഓട്ടുകമ്പനിയില്‍ അവള്‍ക്കൊരു ജോലിയും ഭക്ഷണവും താമസസൌകര്യവും ശരിയാക്കിക്കൊടുക്കാമെന്ന് ഞാന്‍ അവളോട് പറഞ്ഞു. അവളുടെ മറുപടി എന്നെ അതിശയിപ്പിച്ചുകളഞ്ഞു.
"ഇവിടന്ന് പിണങ്ങി ഞാന്‍ അക്കയുടെ വീട്ടില്‍പ്പോയി നിന്നെന്നാ മുതലാളിക്ക് കോപം വരും. വേണ്ടക്കാ. അക്കായുടെ കണ്ണുനീര് ഞാന്‍ വേണ്ടത് കണ്ടതാ. ഇനി ഞാനൂടെ കരയിപ്പിച്ചാ കടവുള്‍ പൊറുക്കൂല. "
അമ്പരപ്പോടെ ഞാനവളെ നോക്കി. എത്ര വലിയ കാര്യമാണവള്‍ വളരെ നിസ്സാരമായി പറഞ്ഞുതീര്‍ത്തത്!! !!!!അവള്‍ക്ക് കിട്ടുമായിരുന്ന സൗകര്യങ്ങളും സൗജന്യങ്ങളും എന്നെയോര്‍ത്തവള്‍ വേണ്ടെന്ന് വച്ചു. നിര്‍ദ്ധനയും നിരക്ഷരയുമായ സ്ത്രീയാണ് ശിവനമ്മ എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. വീണ്ടും നാളുകള്‍ പോകെ, ശിവനമ്മ ഏതോ ഒരാളുമായി സ്നേഹത്തിലാണെന്ന് കേട്ടു. അത് വലിയൊരു അപരാധമായി നാട്ടുകാര്‍ ക ണ്ടു. അവള്‍ക്ക് സ്നേഹിക്കാനുള്ള പ്രായം കഴിഞ്ഞെന്നും വളര്‍ന്നുവരുന്നൊരു മകനുണ്ടെന്നുള്ളതുമായിരുന്നു അവര്‍ പറഞ്ഞ കാരണങ്ങൾ .
" വയസ്സായപ്പോള്‍ അവളുടെ ഓരോ സൂക്കേട്. ""
മുക്കിലും മൂലയിലും അഭിപ്രായങ്ങളുയര്‍ന്നു.
"ആ കൊച്ചിനേം വളര്‍ത്തി മര്യാദയ്ക്ക് ജീവിയ്ക്കണ്ടതിന്. """""""""..................................
ശിവനമ്മ കാണിച്ച മര്യാദകേടെന്തെന്ന് എനിക്ക് മനസ്സിലായില്ല. സാക്ഷാത്കരിക്കപ്പെടാതെ അമര്‍ത്തി വച്ച മോഹങ്ങളുടെ ബഹിര്‍സ്ഫുരണങ്ങളായിട്ടാണ് ഈ അഭിപ്രായങ്ങളെ ഞാന്‍ കണ്ടത്. ശിവനമ്മ മിടുക്കി. സ്നേഹിക്കട്ടെ. അയാളവളെ വിവാഹം കഴിയ്ക്കണമെന്നു കൂടി ഞാന്‍ ആഗ്രഹിച്ചു. നാട്ടുകാരുടെ പ്രചരണങ്ങള്‍ കേട്ടിട്ടാവാം കൗമാരപ്രായത്തിലെത്തിയ മകന്‍ അമ്മയെയും അമ്മയുടെ സ്നേഹബന്ധത്തേയും എതിര്‍ത്തു. എല്ലാവരുടെയും മുന്നില്‍ ശിവനമ്മ മൗനം പാലിച്ചു. ഒപ്പം ആരുമറിയാതെ അവളുടെ ഇഷ്ടത്തെ ഹൃദയത്തോട് ചേര്‍ത്ത് താലോലിക്കുകയും ചെയ്തുകൊണ്ടിരുന്നു . തനിയെ പണിയെടുത്ത് ജീവിയ്ക്കാറായപ്പോള്‍ അമ്മയെ പിഴച്ച തള്ള എന്ന് മുദ്രകുത്തി ഉപേക്ഷിച്ചുപോയി മകന്‍ . കൂലിപ്പണി ചെയ്ത് ജീവിച്ച അവന്‍ അമ്മയ്ക്ക് ഭക്ഷണമോ വസ്ത്രമോ കൊടുത്തില്ല. ശിവനമ്മയും അവളുടെ ഇഷ്ടവും തനിച്ചായി. ഏതോ ഒരു ലക്ഷ്യം മനസ്സില്‍ക്കണ്ട് അവളൊറ്റയ്ക്ക് കാത്തിരുന്നു. മകന്‍ കൂടെ ജോലി ചെയ്തിരുന്ന ഒരു പെണ്ണിനെ സ്വന്തം ഇഷ്ടപ്രകാരം താലികെട്ടി. അമ്മയുടെ സാന്നിദ്ധ്യവും അനുഗ്രഹവും അവന് വേണ്ടായിരുന്നു. പിന്നെ ദിവസങ്ങള്‍ക്കകം കേട്ടത്, ശിവനമ്മയും അവള്‍ സ്നേഹിച്ച ആളും ഏതോ അമ്പലത്തില്‍ വച്ച് വിവാഹിതരായി എന്നാണ്. എനിയ്ക്ക് വളരെ സന്തോഷം തോന്നി. നാട്ടുകാര്‍ക്കാണെങ്കില്‍ തീരെ ഇരിയ്ക്കപ്പൊറുതിയില്ലാതായി. ഇനിയവര്‍ക്കൊന്നും പറയാനില്ലല്ലോ എന്നോര്‍ത്തിട്ടാവും. ശിവനമ്മയും ഭര്‍ത്താവും ഒന്നിച്ച് താമസം തുടങ്ങിയതിന് ശേഷം ഒരു ദിവസം അവളെന്നെ കാണാന്‍ വന്നു .
" ഞാന്‍ കല്യാണം ചെയ്തത് കന്നത്തരമായോ അക്കാ ? "
നേരിയ അങ്കലാപ്പുണ്ടായിരുന്നു അവളുടെ സ്വരത്തിൽ
".നിന്റെ ജീവിതം നിന്റെ കൈയിലാണ്. അതെങ്ങനെ വേണമെന്ന് നിനക്ക് തീരുമാനിക്കാം. അതിലൊരു തെറ്റുമില്ല. "
അത് കേട്ടപ്പോള്‍ അവള്‍ ആശ്വാസത്തോടെ പറഞ്ഞു.
" ഓപ്പണായിട്ട് പറയുവാ. അക്കാ., ഇപ്പോ എനക്ക് ഒറ്റയ്ക്ക് നടക്കാന്‍ പേടീല്ല. എന്നെ ആരും ഒന്നും ചെയ്യൂല്ല. ഞാന്‍ അണ്ണന്റെ പെണ്ണാണെന്ന് എല്ലാവര്‍ക്കും അറിയാം. "
" നന്നായി "
ഞാനവളെ അഭിനന്ദിച്ചു. സാമൂഹികസുരക്ഷിതത്വമെന്ന വലിയൊരു കാര്യമാണ് നിസ്സാര വാക്കുകളിലൂടെ അവള്‍ അവതരിപ്പിച്ചത് . പക്ഷേ... താലി, അവള്‍ക്ക് സമൂഹത്തിന്റെ കഴുകന്‍ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ആയുധം മാത്രമായി മാറാതിരിക്കട്ടെ. ഹൃദയത്തോട് ചേര്‍ത്ത് മറ്റൊരു ഹൃദയംപോലെ സൂക്ഷിച്ച് ...അവള്‍ക്ക് നല്ലതുമാത്രം വരട്ടെ. പിന്നെ കുറച്ചുനാളത്തേക്ക് ശിവനമ്മ ഇങ്ങോട്ട് വന്നതേയില്ല. അതിനിടയ്ക്ക് എന്റെ ഭര്‍ത്താവിന് തീരെ ചെറുതല്ലാത്തൊരു പരിക്ക് പറ്റി. മുറ്റത്ത് തെന്നിവീണ് കൈയ്യിന്റെ എല്ല് പൊട്ടി. അമ്പലത്തില്‍പ്പോയി തിരികെ വന്നപ്പോഴാണറിഞ്ഞത്. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. കൈയില്‍ പ്ളാസ്റ്ററിട്ട്, ചികിത്സയും വിശ്രമവും കഴിഞ്ഞ് പുറത്തേക്ക് പോയിത്തുടങ്ങിയത് ഒരു മാസത്തോളം കഴിഞ്ഞാണ്. .ഒരു ദിവസം ശിവനമ്മ വന്നു. അവളുടെ മുഖം വാടിയിരുന്നു. ഞാന്‍ കാരണം ചോദിച്ചു.
" ഒന്നൂല്ലക്കാ. "
അവള്‍ ചുമല്‍ കുലുക്കി. ഞാനവള്‍ക്ക് ചായയും പലഹാരവും കൊടുത്തു. അതു വാങ്ങാനായി കൈയ്യുകള്‍ നീട്ടുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
" നിനക്കെന്തുപറ്റി ?"
ഞാന്‍ ചോദിച്ചു. പാത്രം താഴെ വച്ചിട്ട് അവളെന്നെ നോക്കി തൊഴുതു. കണ്ണുകള്‍ നിറഞ്ഞൊഴുകി. എനിക്കതിശയമായി. എന്തുപറ്റീ ഇവള്‍ക്ക് ? ഞാനവളുടെ തൊഴുകൈകളില്‍ പിടിച്ചു.
" കരയാതെ. എന്താ കാര്യമെന്ന് പറയൂ. "
അവളെന്റെ കാല്‍ക്കലേക്കിരുന്നു. എന്റെ പാദങ്ങളില്‍ അമര്‍ത്തിപ്പിടിച്ച് തേങ്ങിക്കൊണ്ട് പറഞ്ഞു.
" അക്കാ എന്നോട് പൊറുക്കണം . "
ഞാന്‍ പകച്ചുപോയി. വേഗം അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് കാര്യം തിരക്കി.
" ഞാന്‍ .....ഞാനാണത് ചെയ്തത് ..."
വിക്കിവിക്കി അവൾ പറഞ്ഞു. എനിയ്ക്കൊന്നും മനസ്സിലായില്ല.
" ഒരു ദിവസം അക്കായെ കാണാന്‍ ഞാനിവിടെ വന്നപ്പോ അക്കാ കോവിലുക്ക് പോയാരുന്നു.... "
നനഞ്ഞ ശബ്ദത്തില്‍ കുതിര്‍ന്നു വിറച്ച വാക്കുകള്‍ അവള്‍ പെറുക്കിപ്പെറുക്കി വച്ചു ഞാന്‍ അമ്പലത്തില്‍പ്പോയ സമയത്താണ് ശിവനമ്മ വന്നത്. ഭര്‍ത്താവുണ്ടായിരുന്നു ഇവിടെ. മുറി അടിച്ചുവാരാന്‍ പറഞ്ഞ് അവളെ അകത്തേക്ക് വിളിച്ചു. അടിച്ചുവാരിക്കൊണ്ടു നിന്ന ശിവനമ്മയെ പിറകില്‍ നിന്നും വട്ടം പിടിച്ചു അയാൾ വളരെ ശ്രമപ്പെട്ട് കുതറിമാറിയ അവള്‍ രക്ഷയില്ലാതെ വന്നപ്പോള്‍ , അടുക്കളയുടെ മൂലയില്‍ ചാരിവച്ചിരുന്ന കമ്പിപ്പാരയെടുത്ത് മുതലാളിയെ ആഞ്ഞടിച്ചു. വേദന കൊണ്ട് പുളഞ്ഞ അയാളെ കടന്ന് അവള്‍ പുറത്തേക്കോടി. കേ ട്ട്ത രിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍. .മൗനത്തിന്റെ മൂര്‍ച്ച കൂടിക്കൂടി വന്നു. ശിവനമ്മ ഒരു ഏങ്ങലോടെ വീണ്ടുമെന്റെ മുന്നില്‍ തൊഴുതു നിന്നു.
" ഞാനെന്റെ മാനം കളയൂല്ല അതുകൊണ്ടാ. എന്നോട് പൊറുക്കണം. എന്തു ശിക്ഷയും തന്നെന്നാ ഞാന്‍ മേടിച്ചോളാം. "
ഞാന്‍ മിണ്ടിയില്ല. മൗനം പാടാന്‍ തുടങ്ങി. അതിശയമൊന്നും തോന്നിയില്ലെനിക്ക്. .............. അയാളത് അര്‍ഹിക്കുന്നു. ചൂണ്ടുവിരല്‍ തല ചൊറിയാന്‍ മാത്രമല്ല, കാര്‍ക്കശ്യത്തോടെ ചൂണ്ടിയകറ്റാനും കൂടിയുള്ളതാണെന്ന് ആരെങ്കിലും അയാളോടൊന്ന് പറയണമല്ലോ. നന്നായി. അന്യായം കണ്ടാല്‍ എതിര്‍ക്കുക എന്ന എന്റെ പഴയ മനോഭാവത്തില്‍ നിന്നും, എതിര്‍ക്കാന്‍ തോന്നുന്നതിനെ അവഗണിക്കുക എന്നൊരു മനോഭാവത്തിലേക്കെത്താനുള്ള എന്റെ വഴികള്‍ എത്രയോ ദുര്‍ഘടമായിരുന്നു ! ഞാനൊരാള്‍ മാത്രം എരിഞ്ഞു തീരുമ്പോള്‍, എനിയ്ക്ക് ചുറ്റുമുള്ള ഒരുപാട് ജന്‍മങ്ങള്‍ രക്ഷപ്പെടുമെന്ന തിരിച്ചറിവ് എന്നെയൊരു മെഴുകുതിരിയാക്കി. ഭര്‍ത്താവെന്ന യാഗാശ്വത്തെ കുതിച്ചു പായാന്‍ വിട്ട് ഞാന്‍ ത്യാഗിനിയായപ്പോൾ , മക്കളോട് അധര്‍മ്മം കാണിയ്ക്കാതെ ഞാന്‍ ധര്‍മ്മിഷ്ടയായപ്പോൾ , എന്നിലെ സ്ത്രീ പരിഹാസത്തോടെ എന്നെത്തന്നെ നോക്കിയോ എന്നെനിക്കറിയില്ല. മണ്ടി എന്നെന്നെ വിളിച്ചോ എന്നമറിയില്ല. അത് കേട്ടെങ്കില്‍ ഞാന്‍ പറയുമായിരുന്നു, ഈ മണ്ടത്തരങ്ങളാണ് എന്നെ ഞാ നാക്കുന്നതെന്ന് . മൗനത്തിന്റെ സംഗീതം വളരെ ആസ്വാദ്യമായിരുന്നു.
" അക്കാ... "
ശിവനമ്മ വീണ്ടമെന്റെ കാലില്‍ പിടിച്ചു. ആ കണ്ണുകളില്‍ ഭയം ഓളം വെട്ടിയിരുന്നു.
"എന്നെ തല്ലിക്കൊന്നോ അക്കാ. അക്കായോടിത് പറഞ്ഞില്ലെന്നാ എന്റെ ചങ്ക് പൊട്ടിപ്പോകും. അതാ. എന്നേലും ഒന്നു പറ അക്കാ "
ഞാന്‍ മെല്ലെ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു . തോളത്തു തട്ടി പതിയെ പറഞ്ഞു.
" സാരമില്ല, നീയൊരു തെറ്റും ചെയ്തിട്ടില്ല. "
ശിവനമ്മ വിശ്വസിയ്ക്കാനാവാതെ എന്നെ നോക്കി. പാവം. എനിയ്ക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. ഇവളുടെ വഴികള്‍ കല്ലും മുള്ളും നിറഞ്ഞതാണെങ്കിലും എത്രയോ പരിശുദ്ധമാണെന്ന് ഞാനോര്‍ത്തു. പ്രദക്ഷിണവഴികള്‍പോലെ. അവളുടെ നനഞ്ഞ കണ്ണുകളിലേക്ക് നോക്കി ഞാന്‍ മന്ത്രിച്ചു.
"നീ നല്ലവളാണ്. നിന്നെയെനിയ്ക്കറിയാം. "
ഒന്നു നിര്‍ത്തി, പിന്നെയൊരു മര്‍മ്മരംപോലെ കൂട്ടിച്ചേര്‍ത്തു.
"എന്റെ ഭര്‍ത്താവിനേയും. "
അവളെ വിട്ട് അകത്തേക്ക് നടന്നു.
______________________________
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ