--------------------------------
അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു . മരണമറിഞ്ഞ് വന്നവർ ഓരോരുത്തരായി മടങ്ങിത്തുടങ്ങി. മൂന്നോ നാലോ പേര് ബാക്കിയായി . സഞ്ചയനം കഴിഞ്ഞ് അവരും പോയി .
പിന്നെ.. പിന്നെ വൃത്തികെട്ടൊരു ശൂന്യത വന്നു പൊതിഞ്ഞു..... മരണപ്പന്തൽ അഴിച്ചുതുടങ്ങി ... കസേരകൾ അടുക്കിത്തുടങ്ങി. തെക്കുവശത്തേയ്ക്ക് മിഴികൾ പോകാതിരിയ്ക്കാൻ മനപ്പൂർവ്വം ശ്രദ്ധിച്ചു... എവിടെയിരുന്നാലാണ് അല്പം ആശ്വാസം കിട്ടുക എന്ന് ആലോചിച്ചു ഭ്രാന്ത് പിടിച്ചു . ഇക്കഴിഞ്ഞ ആഴ്ച വരെ , ആ നിശബ്ദസാന്നിദ്ധ്യത്തിന് ഇത്രയും പ്രാധാന്യം തോന്നിയിരുന്നില്ലല്ലോ എന്നോർത്തു . വിലമതിയ്ക്കപ്പെടാതെ പോയൊരു നിശ്ശബ്ദസേവനം എന്ന പാഴ്‌ചിന്തയിൽ സ്വയം പുച്ഛം തോന്നി.
വെറുതെ അമ്മയുടെ മുറിയിൽ പോയിരുന്നു.....
അമ്മയുടെ വസ്ത്രങ്ങൾ... അമ്മയുടെ മേശ... അലമാര ... പെൻസ്റ്റാൻഡിൽ പേനകൾ... മേശപ്പുറത്ത് അടുക്കിവെച്ച പുസ്തകങ്ങൾ...
കുളിമുറിയുടെ വാതിൽ മെല്ലെ തുറന്നു.... ബ്രഷ് ..പേസ്റ്റ് .. ബോഡി ഷാമ്പൂ...ഹെയർ ഷാമ്പൂ..സ്റ്റാൻഡിൽ തൂക്കിയിട്ട തുവർത്ത് ... എല്ലാം ആദ്യമായി കാണുന്നതുപോലെ നോക്കി...
വീണ്ടും മുറിയിൽ വന്നിരുന്നു.. നനുനനുത്തൊരു സുഗന്ധം മുറിയിൽ തങ്ങിനിന്നിരുന്നു.. ഇത് പരിചയമുള്ള ഗന്ധമാണ്... അമ്മ അടുത്തു വരുമ്പോഴുള്ള ഗന്ധം... അലക്കിത്തേച്ച വസ്ത്രത്തിന്റെയാണോ ? നെറ്റിയിലെ ഈറൻ ചന്ദനക്കുറിയുടേതാണോ ? അതോ അമ്മയുടെ ശരീര ഗന്ധമോ? ഇത് ഇതിനുമുൻപ് ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നും ഓർത്തു .
വസ്ത്രങ്ങളിരിയ്ക്കുന്ന അലമാര തുറന്നു. അതിനുള്ളിലും അതേ ഗന്ധം ! അമ്മയുടെ ഗന്ധം ! വസ്ത്രങ്ങളോരോന്നും വെവ്വേറെ അടുക്കിവച്ചിരിയ്ക്കുന്നു ..
മനസ്സിൽ വല്ലാത്തൊരു തിക്കുമുട്ടൽ അനുഭവപ്പെട്ടു . അലമാരയിലെ അടുക്കിവെച്ച വസ്ത്രങ്ങൾക്ക് മുകളിൽ മുഖമമർത്തി നിന്നു ..... ഏറെ നേരം .... അമ്മയുടെ ഗന്ധമറിഞ്ഞ് ....
വല്ലാത്തൊരു മൗഢ്യം ... ഭയപ്പെടുത്തുന്ന നിശ്ശബ്ദത ..
അമ്മയുടെ മേശ തുറന്ന് നോക്കി. കുറെ വെള്ളക്കടലാസുകൾ .. കുത്തിക്കുറിച്ച ഡയറികൾ ... വായിച്ചു തീർന്ന താളിൽ അടയാളം വച്ച പുസ്തകങ്ങൾ.. കഥയെഴുതി പൂർത്തിയാക്കി പിൻ ചെയ്ത കടലാസുകൾ.. പാതിയെഴുതി നിർത്തിയ കവിതകൾ...
വെറുതെ അതൊക്കെയൊന്ന് തഴുകി.... വെറുതെ ....
അടയ്ക്കാൻ തുടങ്ങിയ മേശവലിപ്പിനുള്ളിലേയ്ക്ക് വീണ്ടും ആകാംക്ഷയോടെ ശ്രദ്ധിച്ചു. റൈറ്റിങ് പാഡിൽ ഒരു കത്ത് ! കഥയാണോ? ആവില്ല. അല്ലെങ്കിലും അമ്മ , എന്നും പറയാനുള്ളത് , ഇങ്ങനെ അക്ഷരങ്ങളിലൂടെ , വീശിയെറിഞ്ഞ കല്ലുകൾ പോലെ എവിടേക്കെങ്കിലും എറിഞ്ഞിടാറുണ്ട്... ആരെങ്കിലും എപ്പോഴെങ്കിലും കണ്ടെടുത്തോട്ടെ എന്ന ഭാവത്തിൽ...
സംബോധനയില്ലാത്ത കത്ത്.. അതിൽ ഇങ്ങനെ എഴുതിയിരുന്നു...
" കാലം തന്ന അശാന്തികൾക്കിടയിൽ പാഴായിപ്പോയത് എൻ്റെ കൊച്ചുകൊച്ചു സ്വപ്‌നങ്ങൾ.. 'സ്വയബഹുമാനം നഷ്ടപ്പെട്ട പുരുഷന്റെ നിസ്സഹായത ' എന്ന തത്വം ഉൾക്കൊള്ളാൻ ശ്രമിച്ച് ഞാനേറെ നൊന്തു. നോട്ടം കൊണ്ടും , ഭാഷ കൊണ്ടും , ചേഷ്ട കൊണ്ടുമൊക്കെ വ്യക്തിത്വത്തിലും സ്ത്രീത്വത്തിലും അഗാധ മുറിവുകളേൽക്കുമ്പോഴും , എന്നിലെ സ്ത്രീ എന്നും സമരത്തിലായിരുന്നു. വൈകാരികാന്ധതയുടെ പടച്ചട്ടയണിഞ്ഞ് എന്നും ഞാൻ യുദ്ധത്തിലായിരുന്നു . തളരാതിരിയ്ക്കാൻ ആ പടച്ചട്ടയെനിയ്ക്ക് ആവശ്യവുമായിരുന്നു. എന്നെയൊരു തീക്കനലാക്കി മാറ്റിയ സാഹചര്യങ്ങളോടെനിയ്ക്ക് നന്ദിയുണ്ട്.
എന്നാൽ , സമയത്ത് കേടുകൾ തീർക്കാതെ , എണ്ണ കൊടുക്കാതെ തുരുമ്പിച്ച് പോകുന്നൊരു യന്ത്രമായി മാറുന്നുണ്ട് ഞാൻ . തുരുമ്പിച്ച് ദ്രവിച്ച് ഏതു നിമിഷവും പൊടിഞ്ഞ് താഴെ വീഴാവുന്നൊരു യന്ത്രം. പക്ഷേ ഞാനത് കാര്യമാക്കുന്നേയില്ല . സ്വയം തിരിച്ചറിയുക എന്നതാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും മഹത്വമാർന്ന കാര്യമെന്ന് ഞാൻ മനസ്സിലാക്കുന്നു .
മരണം എന്ന അനിവാര്യത ഒന്നിന്റെയും അവസാനമായി ഞാൻ കാണുന്നില്ല. ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്കുള്ള ചുവടുമാറ്റം . അടുത്ത ചുവടിൽ എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ , മരണം പോലും എനിയ്ക്ക് അതിമനോഹരം..!
അവൻ അതിഥിയാണ് . നാളും തിഥിയും നോക്കേണ്ടാത്തവൻ. മുൻകൂട്ടി അറിയിയ്ക്കാതെ വരുന്നവൻ .. അനുവാദമില്ലാതെ കയറിവന്ന് , അനുവാദമില്ലാതെ ഇറങ്ങിപ്പോകാൻ അധികാരമുള്ളവൻ. എന്ന് , ഏത് സമയത്തും വന്നുചേർന്നേക്കാവുന്ന ആ അതിഥിയെക്കുറിച്ച് ഞാൻ ആകാംക്ഷാഭരിതയാവുമ്പോൾ , തിരുത്തിക്കുറിയ്ക്കുന്നത് , 'മരണം രംഗബോധമില്ലാത്ത കോമാളി ' എന്ന പഴയ പല്ലവി..!
മക്കളേ , ജഡമായിക്കിടക്കുമ്പോൾ , എൻ്റെ വരണ്ട ചുണ്ടുകളിൽ ഭക്ഷണം വച്ച് നിങ്ങളെന്നെ നോവിയ്ക്കരുത് .. കണ്ണീരിന്റെ അകമ്പടിയില്ലാതെ എത്രയും വേഗം എന്നെ മണ്ണോട് ചേരാൻ അനുവദിയ്ക്കണം.
നിങ്ങളെന്റെ ഛായാചിത്രം ഒരിയ്ക്കലും ഭിത്തിയിൽ തൂക്കരുത്. ആദ്യം അസ്വസ്ഥതയായി , പിന്നെ പൊടി പിടിച്ച് ചുമരിന് അഭംഗിയായി , പിന്നെ മച്ചിന്റെ മുകളിൽ അനാഥമായി..... അത് വേണ്ട. ഒരു ഛായാചിത്രമായിരുന്ന് , 'ഞാനിവിടെയുണ്ടായിരുന്നു' എന്ന് നിരന്തരം നിങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരിയ്ക്കാൻ ഞാനിഷ്ടപ്പെടുന്നില്ല . അത് നിങ്ങളിൽ അടിച്ചേൽപ്പിയ്ക്കപ്പെടുന്ന ഒരു ബാധ്യതയാകും . അത് വേണ്ട.
എന്നെങ്കിലും എന്നെ നിങ്ങളോർത്താൽ , എന്നെയൊന്ന് കണ്ടെങ്കിലെന്ന് തോന്നിയാൽ , തോന്നിയാൽ മാത്രം നിങ്ങളെന്റെ അക്ഷരങ്ങൾ തേടുക. ആത്മരക്തം കൊണ്ട് ചായം പുരട്ടിയ അക്ഷരങ്ങൾ... അതിൽ ഞാനുണ്ട്... എന്റെ ജീവനുണ്ട്.. അത് നിങ്ങളോട് മിണ്ടും....ചിരിയ്ക്കും.... കരയും.... കിന്നാരം പറയും... ഓമനിയ്ക്കും ... ഒരിയ്ക്കലും അക്ഷരങ്ങൾ ബാദ്ധ്യതയാവില്ല കുഞ്ഞുങ്ങളേ ...
മക്കളേ , നിങ്ങളെന്റെ അസ്ഥിത്തറയിൽ ഒരിയ്ക്കലും വിളക്ക് വയ്ക്കരുത്. അത് കാണാൻ അവിടെ ആരിരിയ്ക്കുന്നു ? ഒരു മിന്നാമിനുങ്ങ് വെട്ടത്തിനു കൊതിച്ച് , വേദനയോടെ ഇരുളിലേക്ക് മറഞ്ഞുപോയ മേഘമൗനമോ ? ഇല്ല.... അത് ഏതോ അജ്ഞാതതീരങ്ങളിൽ പെയ്തൊഴിഞ്ഞിരിയ്ക്കുന്നു ...
നിങ്ങൾക്ക് ചുറ്റുമുണ്ടായിരുന്ന അമ്മയെന്ന നിശബ്ദത ഇനിയില്ല.. എന്നെങ്കിലും ഒരു തിരി എനിയ്ക്കായി തെളിയിക്കണമെന്ന് നിങ്ങൾക്ക് തോന്നിയാൽ , തോന്നിയാൽ മാത്രം തെളിയിയ്ക്കുക . അസ്ഥിത്തറയിലല്ല .. ആൽത്തറയിൽ. അക്ഷരങ്ങളുടെ ആൽത്തറയിൽ...
ഒരിയ്ക്കലും ഉടയാത്തൊരു ശിലാമൗനവുമായി ഇനിയും നിലയ്ക്കാത്ത യാത്ര ...
സ്നേഹത്തോടെ , സ്വന്തം അമ്മ . "
കത്ത് കൈയ്യിലിരുന്ന് ചെറുതായി വിറച്ചു...
"അരുത് " എന്നൊരേയൊരു വാക്കിൽ സർവ്വ ആചാരങ്ങളേയും എന്നെന്നേയ്ക്കുമായി അമ്മ ഉപേക്ഷിച്ചുകളഞ്ഞു .!
ചിന്തകൾ കൊണ്ട് നരകത്തിൽ സ്വർഗ്ഗം തീർത്ത് , നഷ്ടങ്ങളെ എന്നെന്നേയ്ക്കുമായി അമ്മ നിഷേധിച്ചുകളഞ്ഞു ..!
10 അഭിപ്രായ(ങ്ങള്‍):
manohram
ഓരോ അമ്മയ്ക്കും , അതിലുപരി ഓരോ സ്ത്രീയ്ക്കും. തന്റെ നേർക്ക് വരുന്ന സാംസ്ക്കാരിക അവമതിയ്ക്ക് നേരെ , അല്ലെങ്കിൽ സാംസ്ക്കാരിക ആക്രമണത്തിന് നേരെ യുദ്ധം ചെയ്യേണ്ടതുണ്ട്. അതിനായി , ഒന്നുകിൽ വൈകാരികതയുടെ , അല്ലെങ്കിൽ വൈകാരികാന്ധതയുടെ പടച്ചട്ട അവർക്ക് അണിയേണ്ടതുണ്ട്. യുദ്ധരംഗം വ്യത്യസ്തമാണ്. യോദ്ധാക്കൾ വ്യത്യസ്തരും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് അതിപ്രധാനവും. നന്ദി സുഹൃത്തേ..
Yudham ....!!!
.
Manoharam, Ashamsakal....!!!
thank u suresh..
ഇതിൽ എന്ത് അഭിപ്രായം പറയാൻ ... ഹൃദയ സ്പർശിയായ രചന . വല്ലാതെ മനസ്സിനെ നൊമ്പരപ്പെടുത്തി. ഇന്നത്തെ പല രക്ഷിതാക്കളുടെയും മനസ്സിലെ ചിന്തകൾ ഇത് തന്നെ ആവും . മക്കളാൽ താഴയേപ്പെടുന്ന ...മാനസികമായി വേദനകൾ അനുഭവിക്കുന്ന അമ്മയുടെ അവസ്ഥ .
കണ്ണു നിറച്ചു ......
നന്ദി ഉണ്ണി...സന്തോഷം..
നന്ദി ബിജു...എഴുതിയപ്പോള്‍ എന്‍റെയുംകണ്ണ്‍ നിറഞ്ഞിരുന്നു...
അതി മനോഹരം ..ഇത് ഒരു കവിത പോലെ വായിച്ചു ആസ്വദിച്ചു ..അമ്മ ആ പദത്തിനു മുമ്പിൽ നമിക്കുന്നു ..ആശംസകൾ
നന്ദി സാംസന്‍ .. സന്തോഷം.. ഓരോ അമ്മയ്ക്കും പറയാനുണ്ടാകും ഇങ്ങനെ ഓരോന്ന് ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ