ഋതുഭേദകൽപനകൾ .
--------------------------------------
നാട്ടുവഴിയിലെ ഓരം ചേർന്ന് കിടന്ന പാറക്കല്ലിൽ ഋതുഭേദങ്ങൾ ഇങ്ങനെ കൊത്തിയിട്ടിരുന്നു ...
"എനിയ്ക്ക് കിട്ടിയത് ഞാൻ നിങ്ങൾക്ക് തന്നു..."
ഋതുഭേദങ്ങൾ തഴുകിയത് കൊണ്ടാവും അതിന്റെയുള്ളിൽ നിന്നും ഒരു ചെറിയ ഉറവ കിനിഞ്ഞിരുന്നു ..! ഇതുവരെ ആരും കാണാത്തതുകൊണ്ടാവും അതിനിത്ര പരിശുദ്ധി..!
നാട്ടുവഴിയിലെ പൊടി മൂടിയ ഓരോ കാൽപ്പാടുകളും ഓരോ കഥ പറഞ്ഞു. ഋതുഭേദങ്ങളുടെ കഥ...
നീണ്ടു വെളുത്ത് മെലിഞ്ഞ ഓമനത്തമുള്ള വിരലുകളും , നീട്ടി വളർത്തി ചായം പുരട്ടി മനോഹരമാക്കിയ നഖങ്ങളും കണ്ട് കൂർത്ത കണ്ണുകൾ പറഞ്ഞു..
" വെട്ടിക്കള .. "
തന്നിൽ കൊതിയോടെ നോക്കിയ കണ്ണുകളെയെല്ലാം സ്മരിച്ച് പാവം വിരലുകൾ... വിരഹവേദന താങ്ങാനാവാതെ നഖങ്ങൾ മരണം പൂകി..
നീണ്ടു മെലിഞ്ഞ കൈകളിൽ തുള്ളിക്കളിച്ച കുപ്പിവളകളുടെ കിലുക്കം കേട്ട് അസഹ്യതയോടെ കാതുകൾ ആജ്ഞാപിച്ചു..
"പൊട്ടിച്ച് കള "..
കുപ്പിവളച്ചില്ലുകളുടെ കിലുക്കം സ്വപ്നം തകർന്ന ശബ്ദം പോലിരുന്നു..
കാറ്റിൽ പറക്കുന്ന നീണ്ട അളകങ്ങളെ തൂത്തെറിഞ്ഞ് ഒരു അശ്ശരീരി .....
"നാശം..ഇതിനിത്ര ഭംഗി വേണ്ട"
സ്നേഹത്തോടെ മുഖം വെട്ടിച്ച് ചിരിയ്ക്കുമ്പോൾ , ഊഞ്ഞാലാടുന്ന ജിമുക്കികളെയും ശപിച്ചു....
"ഊരിക്കള "..
" ഈ നീണ്ടു വിടർന്ന കണ്ണുകൾ കൊണ്ട് ആരെയും നോക്കല്ലേ .. ക്ഷണിയ്ക്കുന്ന കണ്ണുകളാണ് ...ഇതെനിയ്ക്ക് മാത്രം മതി... എനിയ്ക്ക് ചുംബിച്ചുറക്കാൻ ...ചുംബിച്ചുണർത്താനും " .. ( അത് പണ്ട് കേട്ട് മറന്ന സ്നേഹത്തിന്റെ കുറുകലായിരുന്നു...!) മറന്നതോ? അതോ മറന്നെന്ന് നടിച്ചതോ?
കണ്ണുകൾ കുത്തിപ്പൊട്ടിയ്ക്കാൻ പറയുമോ എന്നോർത്ത് ഭയന്ന് ... കാൽപ്പാടുകൾ അമ്മയുടെ ഗർഭപാത്രം അന്വേഷിച്ചു...
പാറക്കല്ലിൽ ലിഖിതങ്ങൾ ഒരിയ്ക്കലും മാഞ്ഞില്ല..! അതൊരുപാട് കഥകൾ പറഞ്ഞു ...സ്നേഹത്തിന്റെ .. സ്നേഹശൂന്യതയുടെ .. ചതിയുടെ .. പ്രണയത്തിന്റെ... പ്രണയനഷ്ടങ്ങളുടെ ...ഊടും പാവും ചേർത്ത കഥകൾ....
അതിൽ പുതിയൊരു ലിഖിതം കൂടി തെളിഞ്ഞു...
"എനിയ്ക്ക് കിട്ടാത്തതും കൂടി ഞാൻ നിങ്ങൾക്ക് തരുന്നു.. കാരണം , ഞാൻ നിങ്ങളെ സ്നേഹിയ്ക്കുന്നു .."
-------------------------------------------------------------------
3 അഭിപ്രായ(ങ്ങള്‍):
"ഋതുഭേദങ്ങൾ " പോലെ തന്നെ ആണ് മനുഷ്യ ജീവിതവും സ്വഭാവവും അതും മാറി മാറി വരും . സ്ഥായി ആയി എന്താണ് ലോകത്തു ഉള്ളത് .
Nashttam ...!
.
Manoharam, Ashamsakal...!!!
thank u suresh.. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ