ഞാനുറങ്ങാൻ പോകും മുൻപായ് ......
-----------------------------------------------
- ശിവനന്ദ .
മോനെ , നീയുറങ്ങാൻ വേണ്ടിയാണ് ഞാൻ ഉറങ്ങാതിരുന്നത് ....നീ ചിരിയ്ക്കാൻ വേണ്ടിയാണ് ഞാൻ കരഞ്ഞത്...നിനക്ക് വിശക്കാതിരിയ്ക്കാൻ ഞാൻ വിശപ്പറിഞ്ഞത് ....നിന്നെ തീരത്തണയ്ക്കാൻ വേണ്ടിയാണ് ഞാൻ നടുക്കടലിൽ പിടഞ്ഞത്....എന്നിട്ടും....
"അന്നാ .."
ശാന്തമായ സ്വരം ...
"അന്നാ ...നോക്കു...ഇത് ഞാൻ...ജോസഫിന്റെയും മേരിയുടെയും മകൻ ...തെറ്റ് ചെയ്യാതെ ക്രൂശിയ്ക്കപ്പെട്ടവൻ..."
"കർത്താവേ ..."
" നീയെന്താണ് ചെയ്യുന്നത് അന്നാ ? "
" ഈശോയെ ...ഞാൻ കൂടുതലൊന്നും...ഭക്ഷണമോ വസ്ത്രമോ ചോദിച്ചില്ല....ഔഷധമോ പാർപ്പിടമോ ചോദിച്ചില്ല....പോരുമ്പോ ഒരു തുള്ളി കണ്ണുനീർ ...അത്രയേ ഞാൻ ചോദിച്ചുള്ളു..."
"അന്യന്റെ മുതൽ ആഗ്രഹിയ്ക്കരുതെന്നല്ലേ അന്നാ ഞാൻ പറഞ്ഞിട്ടുള്ളത്?"
"പിതാവേ ..ഞാൻ...ഇന്ന് നാല്പ്പതാണ് . ഇന്നെങ്കിലും എനിയ്ക്കങ്ങോട്ട് പോന്നേ തീരൂ...ഒരു തുള്ളി കണ്ണുനീരെങ്കിലും ഞാൻ അർഹിയ്ക്കുന്നില്ലെ പിതാവേ ? ഇതെന്റെ അവസാന യാത്രയല്ലേ ? ഇനിയെനിയ്ക്കൊരു യാത്രയുണ്ടോ ?"
"അന്നാ , നീ വീണ്ടും അതുതന്നെ പറയുന്നു....അത് സ്നേഹത്തിന്റെ കൂലി ചോദിയ്ക്കലാണ് ...അരുത് മകളേ...."
"പിതാവേ....."
"നോക്കൂ, നിനക്ക് വേണ്ടി കരയേണ്ടവൻ ഞാനാണ് . നീയോർക്കുന്നില്ലേ ? ഒരിയ്ക്കൽ കണ്ണുനീരു കൊണ്ട് എന്റെ പാദം കഴുകപ്പെട്ടത് ? ആ കണ്ണുനീരത്രയും ഞാൻ സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു. എത്ര വേണമോ എടുത്തോളൂ...അന്നാ ..നിനക്ക് വേണ്ടി ഞാനാണ് കരയേണ്ടത് ...അതിനാണ് ഞാൻ ജന്മമെടുത്തത്...വേദനിയ്ക്കുന്നവർക്ക് വേണ്ടി കരയാൻ..."
"പൊറുക്കണേ പിതാവേ.."
ഭൂമിയിൽ ചടങ്ങുകൾ തീർന്നു .....അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി....
***************
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ