------------------------------------
--ശിവനന്ദ .
സമീറയ്ക്ക് ഭർത്താവ് വിദേശത്തുനിന്നയച്ച കത്തുകൾ , അവളെഴുതിവച്ച മറുപടി .....എല്ലാമെല്ലാം ..ഒരു തീപ്പെട്ടിക്കൊള്ളിയ്ക്ക് പിന്നിൽ ആളിക്കത്തി.......ഒരു ജിന്നാണത് ചെയ്തതെന്ന് സമീറയ്ക്ക് തോന്നി . ജിന്നിന് മനുഷ്യമുഖമാണോ ? അവൾ സംശയിച്ചു..
കത്തിയമർന്ന അക്ഷരങ്ങളിൽ നോക്കി സമീറ പകച്ചു നിന്നു ...ഒരു നിമിഷം ..ഒരേയൊരു നിമിഷം..അവളുടെ മനസ്സിൽ ഒരു ചുഴലിക്കാറ്റ് രൂപം കൊണ്ടു . അതിന്റെ ഭ്രമണത്തിൽ അവളൊന്ന് തിരിഞ്ഞു. കണ്ണിൽനിന്നൊഴുകിയ വെള്ളത്തുള്ളികളെ അവൾ പകയോടെ തൂത്തെറിഞ്ഞു . ചിതറിത്തെറിച്ച തുള്ളിൽകളിൽ നിന്നും ആയിരം സമീറമാർ ഉയർന്നുപൊങ്ങി . അവരുടെ കൈകളിൽ പേനയോ പടവാളോ ? അത് പടവാൾ തന്നെ. അവരുടെ കണ്ണുകളിൽ കത്തിയെരിയുന്നത് കാട്ടുതീയോ ? അതെ..കാട്ടുതീ തന്നെ..എല്ലാം ചാരമാക്കാൻ പോന്ന കാട്ടുതീ..
"സമീറാ ...."
അത് അല്ലാഹുവിന്റെ ശബ്ദം......!
"സമീറാ ......കോപവും താപവും മറന്ന് നീ ശാന്തയാകൂ.... കത്തിയെരിഞ്ഞത് വെറും കടലാസ്സ് ചുരുളുകളാണ് . അത് നശ്വരമാണ് . നീ നിന്റെ മനസ്സിലെഴുതൂ...ആത്മാവിലെഴുതൂ....അതാണ് അനശ്വരം.."
"അല്ലാഹുവേ...എങ്കിൽ ഞാനൊന്ന് കരഞ്ഞോട്ടെ?"
"അരുത്.....നീയറിയണം സമീറാ , ഭൂമിയിൽ നന്മയോടൊപ്പം തിന്മയും വേണം...ഭൂമിയുടെ നിലനിൽപ്പിന് അതാവശ്യം."
എന്നിട്ടും അല്ലാഹുവിന്റെ നെഞ്ചിൽ മുഖമണച്ച് അവൾ കരഞ്ഞു....പിന്നെ...മെല്ലെ മെല്ലെ...അവൾ ശാന്തയായി...ഒരു നീലത്തടാകം പോലെ....
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ