2015 ഫെബ്രുവരി 18, ബുധനാഴ്‌ച

നിഴൽ യുദ്ധം.

0 അഭിപ്രായ(ങ്ങള്‍)
                                                                 നിഴൽ യുദ്ധം.
                                                                 ----------------------
                                                                                                     -- ശിവനന്ദ .

                                 
                                  വിളിച്ചു ...വീണ്ടും  വീണ്ടും....ഒരായിരം  വട്ടം ........

നോട്ട് അവെയിലബിൾ ...സ്വിച്ച്ഡ് ഓഫ്‌.....പരിധിയ്ക്ക് പുറത്ത്........ഈ ഭൂമിയിൽ ഇത്രയും   വൃത്തികെട്ട   വാക്കുകൾ   വേറെയില്ലെന്ന്   തോന്നി.   ഓരോ   പ്രാവശ്യവും   എന്റെ   വിളികൾ ,  മറുപടികളോ   മറുവിളികളോ   ഇല്ലാതെ   ശൂന്യതയിൽ   ലയിച്ചു ചേർന്നപ്പോൾ ,  മൊബൈൽ   എറിഞ്ഞുടയ്ക്കാനെനിയ്ക്ക്   തോന്നി.  അനാഥമായ   ഓരോ   വിളിയിലും  മനസ്സിന്റെ   ഓരോ   പാളികളാണ്   അടർന്നുപോയത്.   അപ്പോൾ   മാത്രമാണ് എന്റെ   മൊബൈൽ   വെറുമൊരു   യന്ത്രമാണെന്നെനിയ്ക്ക്   തോന്നിയത് .   അതുവരെ ,  അത്   ജീവൻ   തുടിയ്ക്കുന്നൊരു   ഹൃദയമായിരുന്നു .   അതിൽ   അവന്റെ   സ്നേഹമുണ്ടായിരുന്നു ,  കരുതലുണ്ടായിരുന്നു ,  മൃദുചുംബനങ്ങളുണ്ടായിരുന്നു ,  ശ്വാസനിശ്വാസങ്ങളുണ്ടായിരുന്നു ,  നെടുവീർപ്പുകളുണ്ടായിരുന്നു ....അതിലേയ്ക്ക്   ജലതരംഗത്തിന്റെ   ശബ്ദത്തിൽ   അവന്റെ   വിളികളും   വന്നിരുന്നു....അവന്  വേണ്ടി   മാത്രം   ഞാൻ   തെരഞ്ഞെടുത്ത   ശബ്ദം......ഇപ്പൊ...തരംഗം   പോയിട്ട് , ജലം   പോലുമില്ലാതെ  മനസ്സ്   വറ്റി വരണ്ടിരിയ്ക്കുന്നു ....

                         കരയണോ   എന്ന്   ഞാൻ   ചിന്തിച്ചു.  തൊണ്ടയെ   വേദനിപ്പിച്ചുകൊണ്ടൊരു   ഗദ്ഗദം  യുദ്ധസന്നദ്ധമായി   നില്ക്കുന്നുണ്ട് .   ദിനചര്യകൾ   ഏറെക്കുറെ   താറുമാറായിരിയ്ക്കുന്നു  ...

                        മൊബൈലിലേയ്ക്ക്   നോക്കി.   വെറുപ്പ്   തോന്നി .  വൃത്തികെട്ടൊരു   പെട്ടി...  കണ്ടാലും മതി ....കറുത്ത് പെടച്ച് ....എന്തിന്   കൊള്ളാം...? ഞാനതിന്റെ   ഓടക്കുഴൽ  റിങ്ങ് ടോണ്‍   മാറ്റി .   പകരം   പോത്ത്   കരയുന്ന   ശബ്ദമാക്കി .  അവന്റെ   വിളികളില്ലാത്ത   മൊബൈലിന്   ഇനി   ഈ  ശബ്ദം   മതി.... അങ്ങനെ   ചെയ്തപ്പോൾ   ഇത്തിരി   ആശ്വാസം...സന്തോഷം....

                        ഞാൻ   കുളിമുറിയിൽ   കയറി .   കരയാനും   ചിരിയ്ക്കാനും  ചിന്തിയ്ക്കാനും , പിന്നെ   പാട്ടുപാടാനും  എനിയ്ക്ക്   ഏറ്റവും   ഇഷ്ടമുള്ള   സ്ഥലം......കണ്ണുകൾ   പൂട്ടി....ചുണ്ടുകൾ  പൂട്ടി....മനസ്സും   പൂട്ടി....ഏറെ   നേരം................
  അടഞ്ഞ   മനസ്സിൽ   നിന്നൊരു   നറുപുഞ്ചിരി .....

നീയെന്താണ്   കരുതിയത് ?   നിർജ്ജീവമാക്കിയ   മൊബൈൽ ഫോണിന്  പിന്നിൽ   നിനക്ക്  നിന്റെ   ശരീരത്തെ   മാത്രമല്ലേ   ഒളിപ്പിയ്ക്കാനാവൂ ?   നിന്റെ  മനസ്സോ  ?   അത്   ഒളിപ്പിയ്ക്കാനാവുമൊ?  അതിന്   എവിടെയാണ്   നിന്റെ   മനസ്സ് ?   അതെന്റെ   കൈയ്യിലല്ലേ   ഉള്ളത് ?   അതെന്നോ  എനിയ്ക്ക്  തന്നുപോയില്ലെ   നീ?   ഈ ജന്മം   ഞാനത്   നിനക്ക്   തിരിച്ചു തരാനും   പോകുന്നില്ല.   ഈ ജന്മം   മാത്രമല്ല ,  ഇനിയൊരു ജന്മവും  നിനക്കത്   തിരിച്ചു കിട്ടില്ല.   പിന്നെ  നീയെന്ത്   ചെയ്യും?

                    ഞാൻ   കുളിമുറിയിൽ   നിന്നും   പുറത്തിറങ്ങി .   കരയണ്ട   എന്ന് തന്നെ  ഞാൻ  തീരുമാനിച്ചു .   ഹൃദയത്തിൽ   മെല്ലെ   കൈ   ചേർത്തു ....മെല്ലെ.........വളരെ   മെല്ലെ............കാരണം....കാരണം   അതിനുള്ളിലല്ലെ   ഞാനവന്റെ   മനസ്സ്   സൂക്ഷിച്ചിരിയ്ക്കുന്നത്....മയിൽ‌പ്പീലി   പോലെ   മൃദുവായ   അവന്റെ   മനസ്സ്...അതിനു  നോവരുതല്ലൊ.......

                ആ  നിമിഷം  ,  എന്റെ   മൊബൈലിൽ   നിന്നും    പോത്ത്   കരയുന്ന   ശബ്ദം.  ചിരി വന്നു... അങ്ങനെ   വേണം...അങ്ങനെതന്നെ   വേണം....വൃത്തികെട്ട   ഈ  ശവപ്പെട്ടിയ്ക്ക്   ഇതാണ്   ചേരുക ...ഈ  ശബ്ദം തന്നെയാണ്   ചേരുക.  നന്നായിപ്പോയി .... എന്റെ   കണ്ണല്പം   നനഞ്ഞത്   ചിരിച്ചിട്ടാവും....

                                                          -----------------------
















പൂർവ്വാശ്രമത്തിലെ പേര് .

6 അഭിപ്രായ(ങ്ങള്‍)
                                         പൂർവ്വാശ്രമത്തിലെ  പേര് .
                                         ----------------------------------
                                                                                             -- ശിവനന്ദ .

                              ഒരു  പേരിലെന്തിരിയ്ക്കുന്നു ?   ഈ  ചോദ്യം   ആരാണ് ആദ്യം  ചോദിച്ചത് ?  എന്നാണ്   അത്   ചോദിച്ചത് ?  ഒന്നും   അറിയില്ല .  ഒരു പേരിലെന്തിരിയ്ക്കുന്നു   എന്നും   അറിയില്ല.   

                     എനിയ്ക്കുമുണ്ടായിരുന്നു   ഒരു  പേര് .  എന്റെ   പൂർവ്വാശ്രമത്തിലെ   പേര് .   അച്ഛമ്മയുടെ   പേരിടണമെന്ന്   പറഞ്ഞു   അച്ഛൻ .  അങ്ങനെ   ഞാൻ കുറച്ചുനാൾ   മാധവിയായി.   ശ്രീപാർവ്വതിയെന്നു  പേരിടണമെന്ന്   മുത്തച്ഛൻ .  കുറെ നാൾ  അങ്ങനെ   പാറുക്കുട്ടിയുമായി .  സംഗീതത്തിന്റെ   രാഗമഴ   നനഞ്ഞ   അമ്മ   എന്നെ  സംഗീത   എന്ന്   എന്ന്  വിളിച്ചു .   പേരിനൊപ്പം   അച്ഛൻ   എന്റെ   കാതിൽ   ഇങ്ക്വിലാബ്   വിളിച്ചു .   അമ്മയാകട്ടെ   കാതിൽ   ചൊല്ലിയത്  നീലാംബരി .  രണ്ടും   ഞാൻ   പഠിച്ചു.

                       ഒടുവിൽ   മനസ്സിന്റെ   രുദ്രവീണ   മീട്ടി   ഞാനും   പാടാൻ   തുടങ്ങിയപ്പോൾ ,  എനിയ്ക്ക്   ഏത്   രാഗത്തിന്റെ   പേരിടണമെന്നായി   അമ്മയ്ക്ക് .   ഇട്ട   പേരൊന്നും   പോരെന്നായി   അച്ഛൻ .   ശ്രുതിലയരാഗതാളങ്ങൾ  മാറിമാറി   പേരിൽ  വന്നു .   ഒടുക്കം   എന്തായി ?   എല്ലാ   പേരുകളും   ഞാൻ   മറന്നു.   എനിയ്ക്കു ഞാൻ തന്നെ ഒരു പേര്  കണ്ടുപിടിയ്ക്കേണ്ട  അവസ്ഥ !  അല്ലെങ്കിൽത്തന്നെ   ഒരു   പേരിലെന്തിരിയ്ക്കുന്നു ?............

                     ആകെയൊരു   കുലുക്കം..!  ഞാൻ   ഞെട്ടിയുണർന്നു ..!  ഉറക്കത്തിൽ നിന്നല്ല.   ദിവാസ്വപ്നങ്ങളിൽ നിന്ന് .   റോഡിന്റെ   മനോഹാരിത   കണ്ടിട്ടാവും   ബസ്സ്‌  തിരുവാതിര   കളിച്ചുകൊണ്ടാണ്   പോകുന്നത് .   ഏതാണ്   ഈ  സ്ഥലം ?   പുറത്തേയ്ക്ക്   നോക്കി .   ങാ...പുളിഞ്ചുവട് കവല .  ഇനിയുമുണ്ട്   ദൂരം. ഓർഡിനറി ബസ്സിന്റെ   സൈഡ് സീറ്റിലിരുന്നുള്ള   യാത്ര   എന്ത് രസമാണ്..!   കോളേജ് ബസ്സിലും   അങ്ങനെതന്നെയായിരുന്നു ...സൈഡ് സീറ്റിലിരുന്ന്   കണ്ട   സ്വപ്നങ്ങൾക്ക്  അറുതിയുണ്ടായിരുന്നില്ല .   ഓരോ   സ്ടോപ്പിലും   ബസ്സ്‌   നിർത്തുമ്പോൾ   കാണുന്ന   കാഴ്ച്ചകൾക്ക്   എന്നും   ഒരേ   നിറവും   ഭാവവും.   പക്ഷെ   അതിനെല്ലാം   വിവിധ   ഭാവ വർണ്ണങ്ങൾ   കൊടുത്തപ്പോൾ   ഒട്ടും   മടുപ്പ്   തോന്നിയില്ല . .  കാവുംപടി   സ്റ്റോപ്പിലെ   വീട്ടിൽ   തലേന്ന്   കണ്ട   സൂര്യകാന്തിപ്പൂവിന്റെ   ഒരിതൾ  ഇന്ന്  കൊഴിഞ്ഞിരിയ്ക്കുന്നത്   കണ്ടപ്പോൾ   അസ്വസ്ഥതയായി.  ജീ.ശങ്കരക്കുറുപ്പിന്റെ   ' സൂര്യകാന്തി '  ക്കവിതയെ   നെഞ്ചിലേറ്റിയിരുന്നതിനാൽ ,  സൂര്യനെ   പ്രണയിച്ച്   മരിച്ച   സൂര്യകാന്തിയോടെന്നും   അലിവായിരുന്നു .    

                  എന്നും   ബസ് സ്റ്റോപ്പിൽ   കാണുന്ന   അയാൾ   മുടി   വെട്ടാൻ   വൈകിയപ്പോൾ   എനിയ്ക്ക്   ദേഷ്യം   വന്നു .   അയാൾ  ആരാണെന്നൊന്നും   എനിയ്ക്കറിയില്ല .   എങ്കിലും   അയാള്   വൃത്തിയായി   നടക്കണമെന്ന്   ഞാൻ ആഗ്രഹിച്ചു .  അതെന്നും   അങ്ങനെതന്നെയായിരുന്നല്ലോ .   എന്നിലേയ്ക്കാരും   വന്നില്ലെങ്കിലും   എല്ലാവരിലേയ്ക്കും  ഞാൻ   ഇറങ്ങിച്ചെന്നിരുന്നു .   വഴിയരികിലെ   വീട്ടിൽ ,  ജമന്തിയിൽ   മൊട്ടിട്ടത് മുതൽ   അത്   വിരിയുന്നത് വരെയുള്ള   ദിവസങ്ങളോരോന്നും   എന്നിലെത്ര   നിർവൃതിയാണുണ്ടാക്കിയത് ....! 

                   ശിവക്ഷേത്രത്തിന്  മുന്നിലെ   സ്റ്റോപ്പിൽ  ബസ്സ്‌   നിർത്തുമ്പോൾ  അത്   കൃത്യമാണ് .  ആ അപ്പൂപ്പൻ .  ഭാണ്ടവും ഊന്നുവടിയുമായി   ആ അപ്പൂപ്പൻ  എങ്ങോട്ടാണാവോ  നടന്നുപോകുന്നത്....?   മുട്ടത്ത് സ്റ്റോപ്പിൽ   എന്നും   കാണാറുള്ള  വെളുത്തു മെലിഞ്ഞ   പയ്യനോട്   ഒരിത്തിരി   ഇഷ്ടമൊക്കെയുണ്ടായിരുന്നു .  അവന്റെ  വിടർന്ന   കണ്ണുകൾ   ബസ്സിലാകമാനം   തിരയുന്നത്   എന്നെയാണെന്ന്   മനസ്സിലായപ്പോൾ  ഒരു   കള്ളച്ചിരിയോടെ  ഞാൻ  അല്പം   മറഞ്ഞിരുന്നു.  അവന്റെ   അനിയത്തിയോട്   മനപ്പൂർവ്വം  ഇഷ്ടം   കൂടിയത്   വെറുതെയൊന്നുമായിരുന്നില്ലല്ലൊ .   പക്ഷെ ..ഒരു   ദിവസം  അവനെ  കണ്ടില്ല. പിന്നീടൊരിയ്ക്കലും   കണ്ടില്ല .  എവിടെപ്പോയോ  ആവോ....അനിയത്തിയോട്   ചോദിയ്ക്കാനും   മടിയായി .   പോട്ടെ .  അല്ലാതിപ്പോ   അതോർത്ത്   വിഷമിയ്ക്കാനെവിടെ   നേരം ?   തെരഞ്ഞെടുപ്പാണ്   വരുന്നത് .   

                       വൈസ് ചെയർമാൻ   സ്ഥാനത്തേയ്ക്ക്   മത്സരിച്ച്   ജയിച്ചപ്പോൾ   മനസ്സിലായി,  ഭരണം   അത്ര  എളുപ്പമല്ലെന്ന് .   തീരുമാനിച്ചു,  ഇനിയൊരു   മത്സരത്തിനില്ല .   ഒരു സിംഹാസനത്തിന്റെ താങ്ങില്ലാതെ  പ്രവൃത്തിയ്ക്കാനായിരുന്നു  ഇഷ്ടം .   കിരീടവും   ചെങ്കോലുമില്ലാതെ   സാധാരണക്കാരിയായി നിന്ന്  അഭിപ്രായങ്ങൾ   വെട്ടിത്തുറന്നു പറഞ്ഞു .  അന്യായം   എവിടെക്കണ്ടാലും   പൊട്ടിത്തെറിച്ചു .  അത്   കഴിഞ്ഞ  വർഷം .  ഈ  വർഷം   വീണ്ടും തെരഞ്ഞെടുപ്പ് .   ക്ളാസ്സിലെയ്ക്ക്   കയറിച്ചെന്നപ്പോൾ   ഒരു   ആരവം....!

"സ്ഥാനാർത്ധി  ആയിയേ...."

മനസ്സിലായില്ല ഒന്നും .  മുന്നിലേയ്ക്ക്   നീണ്ട  നോട്ടീസിൽ   നോക്കി   സ്തംഭിച്ച്   നിന്നു ...!   വീണ്ടും   മത്സരിയ്ക്കുന്നു   ഞാൻ...! ഞാനറിയാതെ...!

" ഇതാര്   ചെയ്തു ?"

"പാർട്ടി ..."

" ആരോട്   ചോദിച്ചിട്ട് ?"

" പാർട്ടി  തീരുമാനിച്ചു.  പ്രസ്ഥാനത്തിൽ   വ്യക്തികളില്ല ."

ദേഷ്യം   കൊണ്ട്   ജ്വലിച്ചു .  ..ആരോടും   പറഞ്ഞില്ല .  അനുവാദവും   ചോദിച്ചില്ല. നോമിനേഷൻ   ക്യാൻസൽ   ചെയ്തു .   ചോദ്യങ്ങൾക്ക്  നിശിതമായി   മറുപടി  പറഞ്ഞു .

" എന്റെ  വ്യക്തിത്വത്തിൽ   കടന്നാക്രമണം  നടത്താൻ   ഒരു  പ്രസ്ഥാനത്തേയും   ഞാൻ   അനുവദിയ്ക്കുന്നതല്ല ."

കുട്ടിനേതാക്കന്മാർ  അച്ഛനോട്   പരാതി  പറഞ്ഞപ്പോൾ   ഒന്ന്   ഭയന്നില്ലെന്ന്   പറയാതെ വയ്യ.   കാരണം   അച്ഛൻ   പറഞ്ഞാൽ    അനുസരിച്ചല്ലെ   തീരൂ....പക്ഷെ...അച്ഛൻ...ആ മഹാമനുഷ്യൻ   പറഞ്ഞു..

"അവൾക്കിഷ്ടമില്ലെങ്കിൽ   വേണ്ട .  എന്ത്   പ്രവർത്തി ചെയ്താലും   അത്   ഇഷ്ടത്തോടെയായിരിയ്ക്കണം .  എങ്കിലേ  അതിന്   നല്ല റിസൽറ്റ്  ഉണ്ടാവൂ..."

അച്ഛനെന്ന   വാക്കിന്  അർത്ഥം  എനിയ്ക്കെന്നും  വിഭിന്നമായിരുന്നു.  ഈ   വൈവിദ്ധ്യം  നിലനിന്നത്   എന്നിലോ   അദ്ദേഹത്തിലോ എന്നോർത്ത് മനസ്സ്   അലഞ്ഞുതിരിഞ്ഞു .  ഒരിയ്ക്കലും   അച്ഛനെന്ന   വാക്കിന്റെ പരമ്പരാഗത നിർവ്വചനങ്ങളിൽ  ഞാൻ വിശ്വസിച്ചിരുന്നില്ല.  സ്വാതന്ത്ര്യസമരത്തെക്കുറിച്ച്  പറഞ്ഞുതരുന്നതിനുപകരം ,  ഒരു  നാടോടിയ്ക്ക് പോലും അസൂയ  തോന്നുമാറ്   സ്വാതന്ത്ര്യം   തന്നിരുന്നത്  ഒരു വിഭിന്നതയായിത്തന്നെ  ഞാൻ കണ്ടു.  മക്കൾക്ക്   കൊടുക്കുന്ന സ്വാതന്ത്ര്യത്തിൽ   അച്ഛൻ  ആശങ്കപ്പെട്ടിരുന്നില്ല.   കോളേജ് രാഷ്ട്രീയത്തിന്റെ  ഊരാക്കുരുക്കുകളിലും  നിയമക്കുരുക്കുകളിലും  പെട്ട്   നട്ടം തിരിഞ്ഞ  മകന്റെ  ദു:ഖത്തെ  പുഞ്ചിര്യോടെ  തള്ളിക്കളഞ്ഞു  അച്ഛന്റെ അപാരമായ പക്വത.

                ' ഗുവാര' യെ    'ചെ '   ആക്കിയ  ലാറ്റിൻ അമേരിക്കൻ  യാത്രകളായിരുന്നൊ   ആ  മനസ്സിൽ ?  അതോ   അച്ചനേതോ   ആന്തരിക യാത്രയിലായിരുന്നോ?  ജാതിയ്ക്കും  മതത്തിനും   അതീതമായി   ചിന്തിയ്ക്കാൻ പഠിപ്പിച്ച  അച്ഛൻ  സമ്മാനിച്ചത്  തകർക്കാനാവാത്ത  സ്വതന്ത്ര ചിന്തകൾ .  എനിയ്ക്കെന്നെത്തന്നെ   കണ്ടെത്താൻ ,   ചോദിയ്ക്കാതെ കിട്ടിയ   ആത്യന്തിക സ്വാതന്ത്ര്യം  അദ്ദേഹം തന്ന നിധി.........

എന്റെ   പൂർവ്വാശ്രമത്തിലെ  ഭ്രമണങ്ങളിൽ  കറങ്ങിത്തിരിഞ്ഞ്  തുടങ്ങിയിടത്തുതന്നെ   ഞാൻ അവസാനിപ്പിയ്ക്കുമ്പോൾ   അച്ഛന്റെ  കണ്ണുകളിൽ   എന്നത്തേയും പോലെ   കാരണങ്ങൾക്കതീതമായ ആത്മവിശ്വാസം തന്നെയായിരുന്നു.  അപ്പോൾ   ആ ധ്യാന നേത്രങ്ങളിൽ  നോക്കി  ഞാൻ  ചിന്തയിൽ  മുഴുകി.   എനിയ്ക്കെന്തിനാണൊരു  പേര് ? അല്ലെങ്കിൽത്തന്നെ  ഒരു   പേരിലെന്തിരിയ്ക്കുന്നു ?.......

ബസ്   വീണ്ടും   കുലുങ്ങി   നിന്നു .  മനസ്സ്   താഴിട്ടു പൂട്ടി  മറ്റൊരു  യാത്രയിലേയ്ക്ക്  ......

                                          ----------------------------------------





                   




സ്നേഹപൂർവ്വം മയിൽ‌പ്പീലി .

0 അഭിപ്രായ(ങ്ങള്‍)
                     സ്നേഹപൂർവ്വം മയിൽ‌പ്പീലി .
                                                                       
                                                                          --  ശിവനന്ദ .

                പ്രിയപ്പെട്ട കുഞ്ഞേ ,
                                                 
                                                   ഇത് ഞാനാണ്.   നിന്റെ സഞ്ചിയിലെ  പുസ്തകത്താളുകൾക്കിടയിൽ   ജനിയ്ക്കുകയും   വളരുകയും  സ്വപ്‌നങ്ങൾ   നെയ്യുകയും   ചെയ്തവൾ.....ഓർക്കുന്നോ   നീയെന്നെ ?   ആളും   മാനവും   കാണാതെ   നീയെന്നെ   ഒളിച്ചു വച്ചപ്പോൾ ,  നിന്റെ   ഹൃദയത്തിലായിരുന്നില്ലേ   എന്റെ ഇരിപ്പിടം ?   ആരുമറിയാതെ   പമ്മിവന്ന്   എന്നെ   ഒളിഞ്ഞു നോക്കുമ്പോൾ ,  ഒരു   കോരിത്തരിപ്പിന്റെ   നിർവൃതിയായിരുന്നു   ഞാനറിഞ്ഞത് .

പിണങ്ങിയ   ചങ്ങാതിയെ   ഇണക്കാൻ എന്നെ  സമ്മാനമായി   നീ  കൊടുക്കുമ്പോൾ ,  എനിയ്ക്ക്   സ്നെഹത്തോളം   സ്ഥാനമുണ്ടായിരുന്നു .   എന്നാൽ  ചങ്ങാതിയോട്‌ നീ പിണങ്ങുമ്പോൾ ,  കൊടുത്ത സമ്മാനം   നീ   തിരികെ   ചോദിയ്ക്കുമ്പോൾ ....വിലയിടാനാവാത്തതാണ്   എന്റെ   സ്ഥാനമെന്ന്   ഞാൻ വീണ്ടും  അറിയുകയായിരുന്നു .

"കുറച്ചീസം   നിന്റെ   പുസ്തകത്തിൽ.. കുറച്ചീസം   എന്റെ പുസ്തകത്തിൽ ..."

എന്ന്  പറഞ്ഞ് , എന്റെ  ഉടമസ്ഥാവകാശം   നിങ്ങൾ   പങ്കിട്ടപ്പോൾ  ,  പങ്കുവയ്ക്കലാണ്  സ്നേഹമെന്ന്   ഞാൻ  മനസ്സിലാക്കി .   ഒടുവിൽ   എങ്ങോ   പിരിഞ്ഞുപോയ   ചങ്ങാതിയ്ക്ക്   സ്നേഹത്തോടെ   നീയെന്നെ   സമ്മാനിച്ചപ്പോൾ ,  ത്യാഗമാണ്  -- വിട്ടുകൊടുക്കലാണ്  സ്നേഹമെന്നും   ഞാനറിഞ്ഞു.

നിന്റെ   പുസ്തകസഞ്ചിയിൽ   കിടന്ന്   ഊഞ്ഞാലാടിയപ്പോൾ ,  സ്നേഹത്തിന്റെ   എത്രയെത്ര   ഭാവങ്ങളാണ്   കുഞ്ഞേ   നീയെന്നെ  പഠിപ്പിച്ചത് ..!

നീയും   വളർന്നു ...ഞാനും  വളർന്നു ....നമ്മൾ   യാത്ര   ചെയ്ത   ഇടനാഴികൾ  ഇരുണ്ടും   വെളുത്തും....

എന്തിനാണ് കുഞ്ഞേ   നീ   വളർന്നത് ?  നിന്റെ   വളർച്ചയ്ക്കിടയിലെ   ഏതോ ഗുഹാന്തരങ്ങളിലല്ലെ  എന്നെ   നിനക്ക്  നഷ്ടമായത് ?  അല്ലെങ്കിൽ   നീയെന്നെ   നഷ്ടപ്പെടുത്തിയത് ?  എന്തൊരു   കാലനീതിയാണിത് ...?

എവിടെയാണ്   നീ  ?  സുഖമോ   നിനക്ക് ?  നീണ്ടിടതൂർന്ന   മുടിയുണ്ടോ   നിനക്കിപ്പോഴും ?  നീണ്ടിടംപെട്ട   നിന്റെ   കണ്ണുകളിൽ   സ്വപ്നം   മയങ്ങുന്നുണ്ടോ ?  അതോ   പണ്ടത്തെപ്പോലെ   കുസൃതിയാണോ ?  അന്നത്തെ   കുട്ടിമനസ്സ്  നഷ്ടമായോ   നിനക്ക് ?

കാലത്തിന്റെ   കണക്ക് പുസ്തകത്തിൽ   ഒരുപാട് വെട്ടലും തിരുത്തലും......ഞാൻ   പോവുകയാണ്....എങ്ങോട്ടെന്നറിയില്ല.....വിമാനത്തിലാണെന്റെ   യാത്ര.....ആരുടെയോ  മൗലിയിൽ ചാർത്തപ്പെടാൻ ....അത്   കണ്ണന്റെയല്ലെന്ന്   എനിയ്ക്കറിയാം....ആർക്കൊക്കെയോ ആഭരണമാവാൻ...അത്  നിനക്കല്ലെന്ന്  എനിയ്ക്കറിയാം.....എവിടൊക്കെയോ   അലങ്കാരമാകാൻ ...അത്  നിന്റെ പുസ്തകത്താളിനല്ലെന്ന്   എനിയ്ക്കറിയാം ....

മുറിഞ്ഞിരിയ്ക്കുന്നു  എന്റെ  ഹൃദയം......ചോര   വാർന്നിരിയ്ക്കുന്നു.....കുഞ്ഞേ....പോവുകയാണ്...നീയില്ലാത്തൊരു   ലോകത്തേയ്ക്ക്...പക്ഷെ ...ഞാൻ ജീവിയ്ക്കും.  എന്റെ ഹൃദയത്തിൽ   ഒരു തുടിപ്പ്  മാത്രം   മാറ്റിവച്ച്  ഞാൻ   ജീവിയ്ക്കും,  ഒറ്റ  പ്രതീക്ഷയിൽ.  ജീവിത സായാഹ്നത്തിൽ ,  നീ   നിന്റെ   ബാല്യത്തിലേയ്ക്ക്   തിരിച്ച്  വരുമെന്നെനിയ്ക്കറിയാം.  അപ്പോൾ...അപ്പോൾ  നീയെന്നെ   നിന്റെ  പുസ്തകത്താളുകൾക്കിടയിൽ   തിരയും... കണാതാകുമ്പോൾ   നീ വേദനിയ്ക്കും.  എന്നെ  വിളിച്ച്  കരയും...  നീ വിളിച്ചാലെനിയ്ക്ക്   വരാതിരിയ്ക്കാനാവില്ല . ഞാൻ വരും...എവിടെയാണെങ്കിലും  ഞാൻ  വരും...

പ്രതീക്ഷ.....ഒരു  പിൻവിളിയ്ക്കുള്ള  പ്രതീക്ഷ...അതെന്നെ ജീവിപ്പിയ്ക്കും...ഇപ്പോൾ   ഞാൻ  പോകട്ടെ. മുറിഞ്ഞു മുറിഞ്ഞ്  ചോര വാർന്ന് പിടയാൻ   ഒരു  സമരമുന്നണിയിലേയ്ക്ക്.......


                                                                            -- സ്നേഹപൂർവ്വം -----
                                             
                                                         ---------------------------------




മഴവീട്ടിലെ രാപ്പകലുകൾ .( കഥ )

3 അഭിപ്രായ(ങ്ങള്‍)
                                        

നാല്പത്തഞ്ചാം വയസ്സിന്റെ പൂമുഖത്തിണ്ണയിലിരുന്ന്   പ്രിയാ അഗസ്റ്റിൻ   ഉത്സാഹത്തോടെ  ആലോചിച്ചു,  കുറച്ച്  ദിവസം  മുൻപ് വരെ   തനിയ്ക്ക്   സ്വന്തമായൊരു   പേരുണ്ടായിരുന്നില്ലല്ലോ എന്ന്.  മേൽവിലാസവുമുണ്ടായിരുന്നില്ല .  ആത്മബലം   നഷ്ടപ്പെട്ടൊരു   ചങ്ങലയിലെ   തുരുമ്പ്   പിടിച്ചൊരു   കണ്ണിയായിരുന്നു താൻ.  ആത്മനൊമ്പരങ്ങൾ   അന്തം വിട്ടുറങ്ങിയിരുന്നു   തന്റെ   കൂടാരത്തിൽ.  അവിടെ   മേലാളന്മാരും,    കീഴാളന്മാരും,   കാവല്ക്കാരുമുണ്ടായിരുന്നു .

 അടിച്ചമർത്താനുള്ള   ഭർത്താവിന്റെ   ആവേശം പ്രിയയുടെ   ശരീരത്തിൽ   അവിടവിടെ   രക്തം   കട്ട പിടിച്ച്   കരിനീലിച്ച  പാടുകളായി   പ്രത്യക്ഷപ്പെട്ടപോൾ   അവൾക്ക്  തോന്നി ,  അതെല്ലാം  കറുത്ത വാവിന്റെ   കൈയ്യൊപ്പുകളാണെന്ന് .   ശരീരത്തിലും   മനസ്സിലും   നിറയെ   കറുത്ത വാവിന്റെ   വിരൽപ്പാടുകൾ .......

 ഏക മകൾ  അച്ഛനെയും   അമ്മയേയും   പകച്ചു നോക്കിയപ്പോഴാണവൾ   തീരുമാനിച്ചത്,  ഒരു   ചന്ദനത്തിരിയാവാമെന്ന് .  പക്ഷെ ,  സുഹൃത്ത്   ജോണിന്റെ   ശബ്ദത്തിൽ  മുന്നറിയിപ്പായിരുന്നു.

" പ്രിയാ... നീ സ്വയം   എരിഞ്ഞു തീരുകയാണ്...."

പ്രിയ  വെറുതെ   ചിരിച്ചതേയുള്ളു .  എങ്കിലും  എപ്പോഴൊക്കെയോ   അവളുടെ   മനസ്സിൽ   ആരോ  മുഷ്ടി   ചുരുട്ടുന്നുണ്ടായിരുന്നു .  അത് ,  മനസ്സിനെ   കൈപ്പിടിയിലൊതുക്കാനാണോ  അതോ  പ്രതിഷേധത്തിന്റെ   നിശ്ശബ്ദ യുദ്ധമായിരുന്നോ   എന്നവൾക്ക്   തിരിച്ചറിയാനായില്ലെങ്കിലും   അടിച്ച്ചമർത്തപ്പെടുന്നവറെ    മനസ്സിലെന്നും   പതുങ്ങിക്കിടക്കുന്ന   ഒരു   ശൌര്യമുണ്ടാവുമല്ലോ   എന്ന   ചിന്തയ്ക്ക്  പ്രിയ   അടിവരയിട്ടു....

" ഹോ..! കഷ്ടം ..!  ഞാൻ  ലജ്ജിയ്ക്കുന്നു   പ്രിയാ..."

പൊട്ടിത്തെറിച്ച   ഏറുപടക്കം   പോലെ   കൂട്ടുകാരി   ആലീസ്..

"നീ   നിന്റെ  മനസ്സിനെയാണ്‌   അപമാനിച്ചത്...നിന്റെ ശരീരത്തെയാണ്   അപമാനിച്ചത്..."

അവളുടെ   അണപ്പല്ലുകൾ   ഞെരിഞ്ഞമർന്നു ..നിർത്തിയില്ലവൾ.

" അയാളുപയോഗിച്ച   രണ്ടാമത്തെ   മൃഗമാണ്‌   നീ.  ഇത്രയും   അധ:പതിച്ചുപോയല്ലൊ   പ്രിയാ   നീ ..."

കണ്ണും   മനസ്സും   പൂട്ടിവച്ച്   പ്രിയ   അനങ്ങാതിരുന്നു.   ആലീസെറിഞ്ഞ   ഏറുപടക്കം   മനസ്സിൽ   വീണു പൊട്ടിയാൽ   ഒരു  അഗ്നിപർവ്വത വിസ്ഫോടനം  തന്നെയുണ്ടാവുമെന്ന്   പ്രിയയ്ക്കറിയാം.   മനസ്സിന്റെ   അടഞ്ഞ   വാതിൽപ്പാളികളിൽ   മകളുടെ   മുഖം   മാത്രം   പതിച്ചുവച്ചു .

അല്ലെങ്കിൽത്തന്നെ ,   പശുവുമായി   താൻ   ശാരീരികബന്ധം   പുലർത്തിയിട്ടുണ്ടെന്നു ,  സ്വന്തം   ഭാര്യയോട്   യാതൊരു   ഉളുപ്പുമില്ലാതെ  പറയുകയും   വർണ്ണിയ്ക്കുകയും   ചെയ്ത   അയാളെ,  അതേ നിമിഷം തന്നെ   ഭർത്താവെന്ന   സ്ഥാനത്തിന്  നേരെ   ഒരു  ഗുണനച്ചിഹ്ന്നമിട്ട്   മാറ്റിയല്ലോ  എന്ന്   പ്രിയ   ഇപ്പോൾ   വളരെ   ലാഘവത്തോടെയാണ്   ഓർത്തത് .   പിന്നീട്  അയാൾക്ക്   വഴങ്ങിക്കൊടുത്ത   ഓരോ നിമിഷവും ,  ഒരു   ലൈംഗികത്തൊഴിലാളി ,  തന്നെക്കാൾ  എത്രയോ   മേലെയാണെന്നും   അവൾ   സ്വയം   നിന്ദിച്ചിരുന്നു .

മകൾക്ക്  സ്വന്തമായൊരു   ജീവിതമുണ്ടാകുന്നതുവരെ  പ്രിയ   തന്റെ   മൌനത്തിന്  അവധി   കൊടുത്തു .   അവധിയുടെ   കാലാവധി   തീർന്നപ്പോൾ  പ്രിയയുടെ  ശബ്ദത്തിന്   വന്നത്   തീർച്ചയുടെ  മൂർച്ച .

" ഞാൻ  പോകുന്നു "

" എങ്ങോട്ട് ?"

" അമാവാസിയുടെ   വിരൽപ്പാടുകൾ   മായ്ക്കാൻ ."

മനസ്സിലാകാതെ  നിന്ന   ഭർത്താവിന്   വിശദീകരണം   കൊടുത്തില്ല .  മകളോട്  മാത്രം   പറഞ്ഞു.

"അമ്മയ്ക്ക്   ഭയക്കാതെ   ശ്വസിയ്ക്കണം .. സമാധാനത്തോടെ   ഉറങ്ങണം.  അത്രയേ   വേണ്ടൂ.  തടയരുത്   മോളേ "

പൂമുഖവും  അടുക്കളയും  ഒരു കിടപ്പുമുറിയും   ശൌചാലയവും   മാത്രമടങ്ങുന്നൊരു   കുഞ്ഞ്   വീടിന്റെ   താക്കോൽ  നിസ്സാരവിലയ്ക്ക്   ഏറ്റുവാങ്ങുമ്പോൾ  പ്രിയയുടെ   മൗനത്തിന്റെ   വാത്മീകമുടഞ്ഞു .   കുളിമുറിയിൽ   നിന്നവൾ   ഉറക്കെ   പാട്ട്  പാടി.

 വീടിനെന്ത്   പേരിടണമെന്ന്   ഏറെ   ആലോചിച്ചു   അവൾ .  ഒന്നും   മനസ്സിൽ   വന്നില്ല.  ഓടുമേച്ചിലിനിടയിലുള്ള   ചെറുദ്വാരത്തിലൂടെ   കിടപ്പുമുറിയുടെ   നിലത്തു  വീഴുന്നൊരു   ചെറിയ   വെയിൽപ്പൊട്ട് .  അത്  പ്രിയയ്ക്കിഷ്ടമായി .   രാത്രിയിൽ   നല്ല   നിലാവുണ്ടായിരുന്നു.   വെയിൽപ്പൊട്ടിന്റെ  സ്ഥാനത്തൊരു   നിലാപ്പൊട്ട് .   അതവൾക്ക്  ഏറെ   ഇഷ്ടമായി.   മുറിയിലെ   പ്രകാശം   അണച്ച്   അവളാ   നിലാപ്പൊട്ടിലേയ്ക്ക്   നോക്കിയിരുന്നു.   അതിന്  കണ്ണും   കാതും   മൂക്കും   വായും   വച്ച്  ഒരു   മനുഷ്യ മുഖമായതുപോലെ   പ്രിയയ്ക്ക്   തോന്നി. അതവളോട്‌   പറഞ്ഞു,

" നിന്നെ   ഞാനെത്ര   സ്നേഹിച്ചിരുന്നു   പ്രിയാ..."

"എനിയ്ക്ക്   തോന്നി.."

"തോന്നി ?  സത്യം ?  എന്നിട്ടും   നീ..."

" സ്നേഹം   വെറും   തോന്നലായാൽപ്പോരല്ലൊ.."

" ശരിയാണ്....ഞാനത്   പറഞ്ഞ്  ഒപ്പ്   വച്ചില്ല  അല്ലെ ?"

ഒന്ന്   നിർത്തി ,  പെട്ടെന്ന്   ഓർമ്മ   വന്നതുപോലെ   ചോദ്യം ...

" നിനക്ക്   സുഖാണോ   പ്രിയാ ?"

അത്   കേട്ടപ്പോ   പ്രിയയ്ക്ക്   എന്തെന്നില്ലാത്ത   ഉത്സാഹം   തോന്നി .   അവൾ   സന്തോഷത്തോടെ   ചോദിച്ചു.

" കണ്ടോ...!  കണ്ടോ...!  നീയെന്റെ   ഭർത്തവായിരുന്നെങ്കിൽ  ഇത്രയും   ആത്മാർത്ഥതയോടെ   ഈ ചോദ്യമെന്നോട്   ചോദിയ്ക്കുമായിരുന്നോ ?  ഇല്ല.....ഇല്ല....."

അവൾ   ശാട്യത്തോടെ   പറഞ്ഞു .

"അപ്പോൾപ്പിന്നെ  ഇതാണ്  നന്നായത് ."

എഴുന്നേറ്റ്   ലൈറ്റിട്ടു.  നിലാമുഖമെങ്ങൊ   പോയി .   പക്ഷെ   ഇരുട്ടിൽ  നിന്ന്   അശ്ശരീരി   പോലെ   ഇത്രയും കൂടി  കേട്ടു.

"നിനക്ക്   പറ്റിയ   ഏറ്റവും   വലിയ   തെറ്റെന്താണെന്നറിയോ  ?   നീ   മോറൽ വാല്യൂസിന്   ആവശ്യത്തിൽക്കൂടുതൽ   പ്രാധാന്യം   കൊടുത്തു ."

"അതായിരുന്നില്ലേ   എന്റെ   ശീലം ? "

"എന്ത്   ശീലം ?  എന്നിട്ട്   ആ  ശീലം   നിന്നെ   രക്ഷിച്ചോ   പ്രിയാ ?  ഇല്ലല്ലോ ?   നമുക്ക്   ഉതകാത്ത   ശീലങ്ങൾ   വലിച്ചെറിയണം .   അയാൾക്ക്   നന്നായറിയാം ,  ഒരു  പുല്ക്കൊടിയെങ്കിലും   കിട്ടിയാൽ   ,  നീ  അതിൽ പിടിച്ചു കയറുമെന്ന്.   അതുകൊണ്ടാണ്   കിളിർത്ത് വരുന്ന   ഓരോ   പുൽനാമ്പും   അയാൾ   നുള്ളിക്കളയുന്നത് ..."

ഇരുട്ടിൽ നിന്നും   ഇടിമിന്നലാണോ ? അതോ ഇടിമുഴക്കമോ ?

" നിനക്കിനി   രണ്ടു വഴിയേ   ഉള്ളു.  ഒന്നുകിൽ   നീ അയാൾക്ക്  വേണ്ടി   ജീവിച്ച് നശിയ്ക്ക്.  അല്ലെങ്കിൽ   നീ  നിനക്ക്   വേണ്ടി   ജീവിച്ച് രക്ഷപ്പെട്..."

ജനാല   ചേർത്തടച്ചു .  ഇപ്പൊ   മുഖവുമില്ല, ശബ്ദവുമില്ല...

കുറച്ച്   വായിയ്ക്കണം...രാവിലെ   കുറെ   കുട്ടികൾ   വരും.  അവർക്ക്  പാഠങ്ങൾ   പറഞ്ഞുകൊടുക്കണം ...സംഗീതം   പഠിപ്പിയ്ക്കണം...

അപ്പോഴും   വീടിന്  എന്ത്   പേരിടണമെന്ന്   അവൾക്കൊരു  പിടിയും   കിട്ടിയില്ല .  കട്ടിലിലേയ്ക്ക്   ചാഞ്ഞു.........

ഉറക്കത്തിനിടയിൽ   ഞെട്ടിയുണർന്നത്   ദേഹത്ത്   വെള്ളത്തുള്ളികൾ   വീണിട്ടാണു .   പുറത്ത്  നല്ല   മഴയുണ്ടായിരുന്നു.   ഇറ്റു വീഴുന്ന   വെള്ളതുള്ളികളീലേയ്ക്ക്   നോക്കിയപ്പോ   അവൾക്ക്   ചിരി  വന്നു .   വെയിലും   നിലാവും   കഴിഞ്ഞ്   ഇപ്പൊ  മഴ വിരുന്ന്...!   വെള്ളം   വീഴുന്നിടത്ത്   ഒരു   പാത്രം   വച്ചു . കട്ടിൽ  അല്പം   വലിച്ച്   നീക്കിയിട്ട്  വീണ്ടും   കിടന്നു .  പിട്ടേന്ന്   ഉണർന്നപ്പോഴേയ്ക്കും  വീടിനവൾ  പേര്   കണ്ടുപിടിച്ചിരുന്നു....

വെയിലും  നിലാവും  മഴയും   വിരുന്ന് വരുന്ന  ആ കുഞ്ഞു വീടിന്  പ്രിയ,  ' മഴവീട് '  എന്ന്  പേരിട്ടു .  വെയിൽ പോലെ  ജ്വലിയ്ക്കുന്നതോ ,  നിലാവ്   പോലെ തിളങ്ങുന്നതോ  അല്ലല്ലോ   തന്റെ   മനസ്സ്   എന്ന് പ്രിയ   ഓർത്തു .  പക്ഷെ,  മഴ പോലെ   ഈറനായിരുന്നു .  എപ്പോൾ  വേണമെങ്കിലും   കണ്ണുകളിലേയ്ക്ക്   ഒഴുകിയിറങ്ങാൻ പാകത്തിന്  രണ്ട്  വെള്ളത്തുള്ളികൾ  എപ്പോഴും   മനസ്സിൽ  ഇറ്റു നിന്നിരുന്നു.

  ഇന്ന്,  ആ   കുഞ്ഞ്   മഴവീട്ടിൽ ,  ഐ.ടി.പ്രൊഫഷനുകളായ  രണ്ട്  യുവതികൾ ,  പേയിംഗ് ഗസ്റ്റായി   താമസിയ്ക്കാനിടം തരുമോ   എന്ന്   ചോദിച്ചു വന്നപ്പോൾ,   പ്രിയ   അതിശയം   മറച്ചുവച്ചില്ല.

"ഇത്രയും   കുറഞ്ഞ   സൗകര്യത്തിലോ ? "

 വിഷമില്ലാത്ത  ഇത്തിരി   ഭക്ഷണവും  ,  പ്രാഥമിക ആവശ്യങ്ങൾ   നിർവ്വഹിയ്ക്കാനുള്ള   സൗകര്യവും , കിടക്കാനല്പം   സ്ഥലവും   മാത്രം  മതിയെന്ന്  പറഞ്ഞ്  അവർ   വീണ്ടും   പ്രിയയെ   അതിശയിപ്പിച്ചു.

എന്തായിരിയ്ക്കും   അവരെ ഇനിയിവിടെ   ആകർഷിയ്ക്കാൻ പോകുന്നത് ? പ്രിയ  ആലോചിച്ചു....താനുണ്ടാക്കുന്ന   ചുവന്നു മൊരിഞ്ഞ ദോശയോ ? അതോ  താള് പുളിങ്കറിയോ ? ഉപ്പുമാങ്ങാ അരച്ചുകലക്കിയോ ? ആവോ...അറിയില്ല ...

മനസ്സ്   വലുതാകുമ്പോഴാണല്ലോ   ഇഷ്ടങ്ങൾ   ചെറുതാകുന്നത്   എന്നോർത്തപ്പോൾ  പ്രിയയ്ക്ക്  ആ കുട്ടികളോട്  വളരെ   ഇഷ്ടം   തോന്നി.......

                                                       **************





ഒരു ദിനമെങ്കിലും ...

0 അഭിപ്രായ(ങ്ങള്‍)
                                         ഇതാണ്  സ്ത്രീ ..
                                                                            
                                                                                    -- ശിവനന്ദ .

ജയിയ്ക്കണമെനിയ്ക്കൊരു ദിനമെങ്കിലുമീ
 ഭൂമിയിൽ  ഞാനൊരു  സ്ത്രീയെന്നഭിമാനിച്ച് ....

 ജീവിയ്ക്കണമെനിയ്ക്കൊരു  ദിനമെങ്കിലുമീ
ഭൂമിയിലെനിയ്ക്കുമവകാശമുറപ്പിച്ച് ...

വിരൽ ചൂണ്ടണമെനിയ്ക്കൊരു  ദിനമെങ്കിലുമെൻ
സ്ത്രീത്വത്തിന് നേർ  പുച്ചിച്ച കണ്‍കളിൽ നോക്കി ....

ജ്വലിയ്ക്കണമെനിയ്ക്കൊരു ദിനമെങ്കിലു , മെന്നെ
പൂട്ടിയ  ചങ്ങലക്കണ്ണികളടർത്തിയകറ്റുവാൻ ...

വളരണമെനിയ്ക്കൊരു ദിനമെങ്കിലും
മാനം മുട്ടെയൊരു  തണൽമരമായ്‌ ....

ചിരിയ്ക്കണമെനിയ്ക്കാ ദിനമെങ്കിലും
ചെറുചെടിയായ്  ജീവിച്ച നാളെന്നെ
ചവിട്ടിയരച്ച   പാദങ്ങൾ  നോക്കി ....

കൊടുക്കണമൊടുക്കമിത്തിരി  തണലെന്നെ
ചവിട്ടിയരച്ച  പാദങ്ങൾക്കും  നിശ്ചയം...

പറയണമെനിയ്ക്കാ ദിനമെങ്കിലു -
മിതാണ്  സ്ത്രീ !  ജയിയ്ക്കുമവൾ !!   നെടുന്തൂണുമായിടും !!!

                                                 *************************




മറവിയിലൊരു മറുവാക്ക് .

0 അഭിപ്രായ(ങ്ങള്‍)

                                              മറവിയിലൊരു  മറുവാക്ക് .
                                                                                      
                                                                                              --  ശിവനന്ദ . 




  തന്റെ  നേരെ നീട്ടിയ കൈകളിലേയ്ക്ക്   അയാൾ   നോക്കി.   വല്ലാത്തൊരു   എരിച്ചിൽ   കണ്ണിലാണോ   നെഞ്ചിലാണോ   എന്ന്  തിരിച്ചറിയാൻ  വളരെ   തീവ്രമായി   ശ്രമിച്ചു.   ഇത്  അവസാന രംഗമാണോ   എന്നും   അയാൾ  സംശയിച്ചു.....


  ഭാര്യയുടെ   നിറവയറിൽ  മുഖം ചേർത്ത്   കിന്നാരം   പറഞ്ഞത്   ആരോടായിരുന്നു  എന്നയാൾ   ആലോചിച്ചു.   ഉള്ളിൽ കിടന്നുള്ള   തുള്ളിക്കളി   കണ്ട്  കോരിത്തരിച്ചത്  ഈ ജന്മം  തന്നെയാണോ?   അതും  സംശയം.  വയറിന്റെ   ഓരോ  ഭാഗത്തും  അവൻ   ചവിട്ടിത്തുള്ളി   മുഴച്ചു വരുന്നത്   കാണാനുള്ള   കാത്തിരുപ്പിന്   മധുരം   പുരട്ടിയത് ,  തൊട്ടാവാടി   പോലെ   കൂമ്പിപ്പോകുന്ന  അവളുടെ  നാണമായിരുന്നെന്ന്   ഇപ്പോൾ   ഓർമ്മ  വന്നത്   അത്ഭുതം   തന്നെ...!   ആ  മുഴപ്പിന്മേൽ  മെല്ലെ  തൊട്ടപ്പോൾ ......ഹോ...!  ദേഹമാസകലം  കുളിര്  കോരിയിരുന്നു ...!   മെല്ലെ തൊട്ടപ്പോൾ  അവൻ  കുതറി മാറി  തൊട്ടപ്പുറത്ത്  മാറിനിന്ന്  പൊങ്ങി നോക്കി...!  ചെക്കൻ   മുങ്ങാംകുഴിയിട്ട്  കളിച്ച്  പറ്റിയ്ക്കുന്നു ...!


വയറിന്  മേൽ  വിരൽത്തുമ്പ്   കൊണ്ടെഴുതി ...


" മോനെ "....


അവൻ   തുള്ളിക്കളിച്ച് വന്ന് ,  ഗർഭപാത്രത്തിന്റെ   ഭിത്തിയിൽ   മറുവാക്കെഴുതി...


"അച്ഛാ ..."


നെഞ്ചെന്തിനാണ്  ഇങ്ങനെ   കഴയ്ക്കുന്നതെന്ന്   അയാൾക്ക്  മനസ്സിലായില്ല.  അയാൾ  നോക്കി.  ആ  കൈ   മുന്നിലുണ്ട് .   അമ്മയുടെ   ഗർഭപാത്രത്തിന്റെ   ഭിത്തിയിൽ   അച്ഛന്   മറുവാക്കെഴുതിയ   കൈ.....


"ഡോക്ടർ ".....


ഡോക്ടർ......ജന്മാന്തരങ്ങൾക്കപ്പുറത്ത്  നിന്നാണോ   ആ  വിളി ?  മനസ്സിലാകുന്നില്ല.   ആരാണ്   ഡോക്ടർ ?  അയാൾ   സ്വയമൊന്ന്   വിലയിരുത്തി .   തന്റെ   പേര് ......അതെ...അത് തന്നെ ....ഐസക് ജോർജ് .   താനൊരു   ഫോറൻസിക് സർജനായിരുന്നു  എന്ന  കാര്യം   അയാൾ  മനപ്പൂർവ്വം മറവിയിലേയ്ക്ക്   തള്ളി.


മറവിയുടെ   ഒരു   സമാന്തര ലോകം   പണിത് ,  അതിനുള്ളിൽ   എന്തെല്ലാമാണ്  ഒളിപ്പിച്ച് വച്ചതെന്ന്  ഓർത്തപ്പോൾ   അയാൾക്ക് പിന്നെയും  അതിശയം .


വീണ്ടും   ആ  കൈ.....ഇനി   കണ്ണും കരളും   വൃക്കയുമൊക്കെ   മനുഷ്യരൂപം   പൂണ്ട്  വരുമോ  എന്നയാൾ   ഭയപ്പെട്ടു .  അതൊക്കെ   എവിടെയാണ്   തുടിയ്ക്കുന്നതെന്നൊന്നും   ആലോചിയ്ക്കാൻ   അയാൾ   മിനക്കെടാറേയില്ല .   അതിനല്ലേ   മറവിയുടെ   സമാന്തര ലോകം ?


  എന്നിട്ടും   പുറത്ത് ചാടാൻ   വെമ്പുന്ന   കാഴ്ച്ചകൾ .....അവനെ   മാത്രം   തന്ന്   നിരന്തരം  കണ്ണീരൊഴുക്കിയ  ഗർഭപാത്രത്തെ  ഉപേക്ഷിയ്ക്കണമെന്ന്   ഗൈനക്കോളജിസ്റ്റ്   വിധിയെഴുതിയപ്പോൾ   ഭാര്യ   കരഞ്ഞിരുന്നു.  എന്നാൽ  തനിയ്ക്ക്   എന്താണ്   തോന്നിയിരുന്നതെന്ന്  അയാൾ   മറന്നുപോയി.   അറുത്ത് മാറ്റപ്പെട്ട  ഗർഭഗൃഹത്തെ  ഓർത്ത്  കരയേണ്ടതില്ലെന്ന്  എപ്പോഴും   ഓർമ്മിപ്പിച്ചത്  കൊച്ചു രാജകുമാരന്റെ   കുസൃതികളല്ലേ ? അതെ...കൊള്ളാം..!  അതയാൾ  മറന്നില്ല ...!


 എന്തിനാണ്  മറവിയുടെ  സമാന്തര ലോകം  പണിതതെന്നായി  ഇപ്പോൾ അയാളുടെ   ചിന്ത .   അത്   കാണാമറയത്ത്   മതിയായിരുന്നില്ലേ ?    അതിലെ   കള്ളത്തരം   വളരെ   കഷ്ട്ടപ്പെട്ട്   അയാൾ  കണ്ടു പിടിച്ചു.   അത് തന്നെയാണ് ..അതടുത്ത് തന്നെ വേണം ...  ഇടയ്ക്കൊന്ന്   എത്തി നോക്കണം .   പിന്നെ   മുഖം   തിരിയ്ക്കണം ..മറന്നെന്ന്  നടിയ്ക്കണം .


അത്   പണി തീർത്തത്   അന്ന് തന്നെയായിരുന്നു.


ആശുപത്രി മുറ്റത്തേയ്ക്ക്   പൊടി പറത്തി  പാഞ്ഞ് വന്ന  കാറിൽ നിന്നും ,  സ്ട്രെച്ചറിലേയ്ക്ക്  ഊർന്ന  ചോരയിൽ കുതിർന്ന  പഴന്തുണിക്കെട്ട്   ഒരു  മനുഷ്യരൂപം   പ്രാപിച്ചത് ,  പാഞ്ഞ   സ്ട്രെച്ചറിൽ   നിന്നും   തനിയ്ക്ക്   നേരെ  നീണ്ട   ചുവന്ന   കൈ  കണ്ടപ്പോഴായിരുന്നെന്ന് ഓർത്തപ്പോൾ  അയാൾക്ക്   നെഞ്ച്   വീണ്ടും   കഴച്ചു.   ആ കൈയ്ക്ക്   പിന്നിൽ   ' അച്ഛാ '  എന്നൊരു   വിളിയുണ്ടായിരുന്നെന്ന്   തിരിച്ചറിഞ്ഞപ്പോഴാണ് ,  അത്  അച്ഛന്   മറുവാക്കെഴുതിയ  കൈയ്യായിരുന്നെന്ന് ....


ഒരുപാട്  മൃതശരീരങ്ങളെ   കീറിമുറിച്ച് ,  ഒളിച്ച്  വയ്ക്കപ്പെട്ട   നിഗൂഢതകൾക്ക് നേരെ    വിരൽ ചൂണ്ടിയ  ഫോറൻസിക്  സർജൻ  ഡോക്ടർ  ഐസക് ജോർജ്   വളരെ   നിസ്സാരനായി  കുഴഞ്ഞ്   വീണത്   മുന്നേ പോയ  പഴന്തുണിക്കെട്ടിൽ നിന്നും   ഊർന്ന് വീണ   സ്വന്തം   രക്തത്തുള്ളികൾക്ക്  മേലെ....


മീഡിയനിൽ  ഇടിച്ച് തകർന്ന  മകന്റെ   ബൈക്കിന്  സമീപം അച്ഛനുള്ള  പിറന്നാൾ സമ്മാനമുണ്ടായിരുന്നു  എന്നയാളോട്  പറയാനുള്ള  ധൈര്യം   ഇന്നുവരെ   ആർക്കുമുണ്ടായില്ല .


മകന്റെ   കല്ലറയിൽ   ഒരുപിടി   മണ്ണ്   വാരിയിട്ട്   തിരിഞ്ഞപ്പോൾ   അയാൾ  ഓർത്തത്  അവന്റെ കണ്ണും   കരളും   വൃക്കയും   ആരായിരിയ്ക്കും   സ്വീകരിച്ചത് എന്നല്ല....അവന്റെ  കൈ....അതാർക്കാണ് ...


ആശുപത്രിയിൽ നിന്നും   നീണ്ട   അവധിയെടുത്ത്  മൗനവാത്മീകത്തിലൊളിച്ചു ...


തന്റെ   മുന്നിലിരുന്ന്  ഒരു തുണ്ട് കടലാസ്സിൽ കുറിയ്ക്കുന്ന  കൈ....


അപകടത്തിൽ   കൈ  നഷ്ടപ്പെട്ട  ഇരുപത്തിനാലുകാരൻ പയ്യൻ ...അവനാണ്  ആ കൈ  വച്ചു പിടിപ്പിച്ചതെന്ന് അറിഞ്ഞപ്പോൾ മുതൽ ...ഒന്ന് കാണാൻ   പിടച്ച  മനസ്സിനെ  എന്തിനാണ് സ്വയം  ശകാരിച്ചതെന്ന്   അയാൾക്ക് മനസ്സിലായില്ല .   കാണാൻ   പോയതുമില്ല.   തനിയ്ക്ക് തന്നെ  പിടികിട്ടാത്ത  ഒരു പ്രഹേളികയായി   താൻ   മാറുന്നു  എന്നത്,   മന:പ്പൂർവ്വം  എടുത്തണിഞ്ഞ  ഒരു  പടച്ചട്ടയാണെന്ന്   അയാൾ  ചിന്തിയ്ക്കായ്കയല്ല...


ആര്ത്തിരമ്പുന്ന  തിരകളേപ്പോലെ  മനസ്സ്....മുന്നിലിരുന്ന്  കുറിയ്ക്കുന്നത്   അവനാണ് ....ആ  വിരലുകൾ ....ആ കൈപ്പത്തി   തന്നെ നോക്കി  ' അച്ഛാ '   എന്ന്....


കണ്ണിറുക്കിയടച്ചാൽ  മനസ്സിന്റെ   വാതിലടയില്ലെന്നു അയാൾക്കറിയാം .  പക്ഷേ ...


അവനെഴുന്നേറ്റു .  ആ  തുണ്ട് കടലാസ്സ്  അയാൾക്ക്  നേരെ നീട്ടി .  ദൈവത്തിന്  കത്തെഴുതിക്കൊടുക്കുന്നത് പോലെ.....അവന്റെ   നിറഞ്ഞ് ഒഴുകുന്ന   കണ്ണുകളിൽ നോക്കി അയാൾ പകച്ചു.   പിന്നീട്   കൈകളിലേയ്ക്കും....


ആർത്തിരമ്പുന്നൊരു   കൊടുങ്കാറ്റ്   വന്ന്  തന്നെ  ചുഴറ്റിയെറിയുന്നെന്ന്  അയാൾക്ക്  തോന്നി.  എന്തോ   പറയാനാഞ്ഞെങ്കിലും   വാക്കുകൾക്ക്   പാതിവഴിയിൽ   ശക്തിക്ഷയം.....വീണ്ടും   ആ  തുണ്ട് കടലാസ്സ് ...


അയാളുടെ  കൈ പിടിച്ച് ,  ആ  തുണ്ട് കടലാസ്സ്  ,  അവൻ  ആ  കൈകളിൽ  വച്ച് കൊടുത്തു ...!!!    ആ  സ്പർശമേറ്റ  നിമിഷം....അയാൾ  കുളിർന്ന് വിറച്ചു..  കടലാസ്സിൽ....


"അച്ഛന്  സ്നേഹപൂർവ്വം .."


വാക്കുകൾക്ക്  ശക്തിക്ഷയം  സംഭവിയ്ക്കട്ടെ ...ഇനിയെന്തിനാണ്   വാക്കുകൾ ?   ഋതുഭേദങ്ങൾ  ഒന്നിച്ച്  മുന്നിൽ  വന്നു നിരന്നു..!   ലോകം  ചുങ്ങിച്ചുരുങ്ങി  ആ  കൈയ്ക്കുള്ളിൽ ....ഗജഗംഭീരനായ  ഫോറൻസിക് സർജൻ  വെറുമൊരു പാവം  അച്ഛൻ  മാത്രമായ   നിമിഷം...


അമ്മയുടെ  ഗർഭപാത്രത്തിൽ , അച്ഛന്  മറുവാക്കെഴുതിയ  ആ  കൈ  ,  അയാളുടെ   വിറയ്ക്കുന്ന   കൈകളിൽ  ഒതുങ്ങിയിരുന്ന്  വിളിച്ചു...


"അച്ഛാ ..."


നനഞ്ഞ്  വിറച്ച ഒരു പക്ഷിക്കുഞ്ഞിനെപ്പോലെ  അവൻ  അയാളുടെ  നെഞ്ചിലമർന്ന് കുറുകി....


                                                 *******************

2015 ജനുവരി 28, ബുധനാഴ്‌ച

leelecchi

0 അഭിപ്രായ(ങ്ങള്‍)
ലീലേച്ചി എഴുതിയ വരികൾ അവരുടെ അനുവാദത്തോടുകൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ശിവനന്ദ.
ജീവിതത്തിന്റെ നടവഴികളില്‍ എപ്പോഴോ
എന്റെ ഓരം  ചേര്‍ന്ന് നടന്നു തുടങ്ങിയവള്‍...
അവളെ പരിചയപ്പെടുത്തുക എന്നത്
എന്റെ കടമയും
അവകാശവുമാണെന്ന് ഞാന്‍ അറിയുന്നു.

ജീവിതത്തിലെ വര്‍ണ്ണ ഭംഗികള്‍ മാത്രം കണ്ട്
ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്ന കാലത്ത്
പ്രണയ സ്വപ്നങ്ങളുടെ മാസ്മരികതയില്‍
അലിഞ്ഞു പോയവള്‍ ...
പ്രണയത്തിനു കണ്ണും കാതുമില്ലെന്നു കേട്ടിട്ടുണ്ട്.
പക്ഷെ ചിന്താ ശക്തിയെക്കൂടി
അത് കാര്‍ന്നു തിന്നുമെന്ന്
പിന്നീടേ അവള്‍ക്കു മനസ്സിലായുള്ളൂ.

കോളേജ്‌ പഠന കാലത്ത്
എന്തിനും ഏതിനും അവള്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയായ അച്ഛനില്‍ നിന്നും,
പറക്കമുറ്റാത്ത പിഞ്ചോമനകളെ നെഞ്ചോട്‌ ചേര്‍ത്ത്
ജീവിത നദി  സധൈര്യം നീന്തിക്കടന്ന അമ്മയില്‍ നിന്നും
ആര്‍ജ്ജിച്ചെടുത്ത വിപ്ളവവീര്യം.....!!

കോളേജ്  കാമ്പസ്സുകളെ ഹരം കൊള്ളിച്ച 
ഒരു തീപ്പൊരിയായിരുന്നവള്‍ ....
അനീതിക്കും അന്യായത്തിനുമെതിരെ
അവള്‍ മുഷ്ടി ചുരുട്ടി ഗര്‍ജ്ജിച്ചിരുന്നു. ..
അഹങ്കാരികളെ നിലയ്ക്ക് നിര്‍ത്താന്‍ ....
സങ്കടപ്പെടുന്നവര്‍ക്ക് സാന്ത്വനമാകാന്‍..
കോളേജ്‌ മാഗസിനിലെ അക്ഷരങ്ങളിലൂടെ 
അവള്‍ അവളുടെ തൂലികയെ പടവാളാക്കി..
പിന്നീട് കുടുംബജീവിതം 
എല്ലാം തികഞ്ഞ ഭര്‍ത്താവ് ..
സ്നേഹധനരായ കുട്ടികള്‍ ...
ആവശ്യത്തിലേറെ പണവും പ്രതാപവും
ഇതെല്ലാം അവള്‍ കൂടെ കൂടിയതിനു ശേഷം
കുടുംബത്തിന് കിട്ടിയ നേട്ടങ്ങള്‍
എന്നിട്ടും, പതിയെ പതിയെ അവള്‍
എഴുത്തിന്‍റെ ലോകത്ത് നിന്നും അകന്നു നിന്നു.
അവളിലെ മാറ്റം പഴയസുഹൃത്തുക്കള്‍ക്ക്
വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.
അവരുടെ നിരന്തരമായ പ്രോത്സാഹനമാണ്
അവളെ വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചത് .
ഇന്റര്‍ നെറ്റിന്റെ അനന്ത സാധ്യതകളിലേയ്ക്ക്‌
അവര്‍ അവളെ കൈപിടിച്ചാനയിച്ചു..
ബ്ളോഗുകളില്‍...ഓണ്‍ ലൈന്‍ മാസികകളില്‍
അവളുടെ രചനകള്‍  കോളിളക്കം സൃഷ്ടിച്ചു 
ഇപ്പോഴിതാ അവള്‍ക്കു പറയന്നുള്ളത് 
ഒരു പുസ്തകമാകുന്നു...

ശിവ നന്ദ ...
ആരാണവള്‍...?
അവളെ ഞാന്‍ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം.
അവള്‍ എനിക്ക് പ്രിയങ്കരിയാണ്..
അവളുടെ അക്ഷരങ്ങളില്‍ തിളയ്ക്കുന്നത്  
എന്റെ വിചാര വികാരങ്ങളാണ് .
ഇനി ഞാന്‍  തന്നെയാണോ അവള്‍ ...?!!
അതും എനിക്ക് നിശ്ചയമില്ല.
ഒരു പക്ഷെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേക്കും ..
ഒരു നേര്‍ത്ത തിരശ്ശീലയ്ക്കപ്പുറം
സുരക്ഷിതയാക്കി നിര്‍ത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ  നിങ്ങള്‍ക്കു പരിചയപ്പെടുത്തുവാന്‍
ഞാന്‍ വരുന്നു .

അതെ ..ശിവനന്ദയുടെ കഥകള്‍...

"മഞ്ഞ്‌ പൂത്ത വെയില്‍  മരം"
കാത്തിരിക്കൂ ...
 
Copyright © .