2013 ജൂൺ 16, ഞായറാഴ്‌ച

തുളസീവനത്തിലെ താരാട്ട്‌

1 അഭിപ്രായ(ങ്ങള്‍)
തുളസീവനത്തിലെ താരാട്ട്‌ 

-ശിവനന്ദ   

കൈത്തോടിന്റെ   കരയില്‍  കാല്‍മുട്ടുകളില്‍  മുഖം  താങ്ങിയിരുന്ന്‌  ഓര്‍മ്മകളെ  ചിക്കിനിരത്തി  കല്ലും  നെല്ലും പെറുക്കുമ്പോള്‍  അത്ഭുതം  തോന്നി . മനസ്സിന്റെ   താളുകളില്‍  എന്തൊക്കെയാണ്‌  ഞാനെഴുതിച്ചേര്‍ത്ത്‌ ? ഇനിയെന്തൊക്കെയാണ്‌  എനിയ്ക്കെഴുതാനുള്ളത്‌ ?

                                ജീവിതത്തിന്റെ  ഏതോ  ഇടനാഴിയില്‍  വച്ച്‌  എന്റെ  തൂലികയുടെ  മുനയൊടിച്ചത്‌ വിധിയാണോ? അതോ  കാലമോ? ഒന്നിനേയും പഴിയ്ക്കാതെ  പൊരുതി  മുന്നേറാന്‍  എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്‌  നിബന്ധനകളില്ലത്ത  കുറെ  സൗഹൃദങ്ങൾ .
                                                                                                                                                                                                   ഓര്‍മ്മകളുടെ  പ്രദക്ഷിണ  വഴിയില്‍  കൊഴിഞ്ഞുവീണ  പൂക്കള്‍  പെറുക്കിക്കൂട്ടി . മഹാദേവന്‍  ഒരിക്കല്‍            പറഞ്ഞു .

" ആമീ...നിന്റെ ചിന്തകള്‍ക്ക്‌ കാല്‍പനികത കൂടുതലാണ്‌. ".

 "പക്ഷേ  അത്‌  വര്‍ണ്ണശബളവും  മധുരതരവുമാണ്   ദേവന്‍............................"

 എന്റെ   മറുപടി  കേട്ടവന്‍  നിശ്ശബ്ദനാകും . കുറച്ചു  സംസാരിക്കുകയും  കൂടുതല്‍  ചിന്തിക്കുകയും  ചെയ്യുന്ന  ദേവന്‍. കത്തുന്ന  മിഴികളുടെ  പ്രഹരേറ്റ്‌  തപിച്ചുനില്‍ക്കുമ്പോള്‍  സുന്ദരമായൊരു   ചിരികൊണ്ടവന്‍  മേഘമല്‍ഹാര്‍ ആലപിക്കും . ഒരേ  സമയം  മുള്ളുകൊണ്ട്‌  കുത്തുകയും  പൂവുകൊണ്ട്‌  തലോടുകയും  ചെയ്യുന്ന  തന്ത്രം  അവനുമാത്രം സ്വന്തം . കഴിഞ്ഞ  കാലത്തിന്റെ   കൊഴിഞ്ഞ  പീലികൾ .................... അതില്‍   അവന്റെ  മുഖം...................

 ഓണക്കൂറിന്റെ   'ഉള്‍ക്കടലും'  ചുള്ളിക്കാടിന്റെ   'മറവിയും'  വായിച്ചു  നടന്ന  പ്രണയകാലം . എന്റെ   ജീവിതത്തിന്‌ ശ്രുതിയും  താളവും  ലയവും  നല്‍കി  പാടിയുണര്‍ത്തി  മനസ്സിലിട്ടോമനിച്ച്‌  അവന്‍..................................................................................................................  ..................മഹാദേവന്‍.................... .................എന്റെ   പുസ്തകത്താളുകളില്‍  ദേവന്‍  കുറിച്ചിട്ട  കവിതാശകലങ്ങള്‍  ഹൃദയത്തിലെഴുതിച്ചേര്‍ത്ത്‌ ഞാന്‍...................................... ......................................................................., .................... അവസാനം....................ഒരുപാട്‌  സ്വപ്നങ്ങൾ  ബാക്കി   നിര്‍ത്തി  എന്നെ  തനിച്ചാക്കി  മടങ്ങിപ്പോയ  അവന്റെ   മുഖം........................കാത്തിരിക്കണമെന്ന്‌ പറയാതെ  സ്വന്തം  പ്രാരാബ്ധങ്ങളിലേക്ക്‌  നടന്നകന്ന  അവന്‌  മൗനമായി  യാത്രാനുമതി  നല്‍കിയപ്പോള്‍ എന്റെ   മുഖത്ത്‌  വിരിഞ്ഞ  ചിരി  ആത്മനിന്ദയുടേതായിരുന്നില്ലേ ?  പാവം.......................നല്ലവനായിരുന്നു . പക്ഷേ അവന്റെ  നിസ്സഹായത  ഞാനല്ലാതെ  മറ്റാരാണ്‌  മനസ്സിലാക്കാനുണ്ടായിരുന്നത്‌ ? മനസ്സില്‍ത്തൊട്ടെഴുതിയ പ്രണയക്കുറിപ്പുകള്‍  വായിച്ച്‌  ആവേശത്തോടെ  മഹാദേവന്‍  പ്രവചിച്ചു . 

"പ്രണയലേഖനങ്ങളെഴുതിയെഴുതി  നീ  വലിയൊരു  എഴുത്തുകാരിയാവും  ആമി".

 ഓര്‍ത്തപ്പോള്‍  വീണ്ടും  അന്നത്തേപ്പോലെ  ആത്മനിന്ദയുടെ  ചിരി  വിരിഞ്ഞു . ഇല്ല  ദേവന്‍  എന്റെ  തൂലികയുടെ ചലനം  എപ്പോഴോ  നിലച്ചിരുന്നു . ക്ളാവ്‌  പിടിച്ച  ഓട്ടുപാത്രംപോലെ  എന്റെ  മനസ്സ്‌........................................,................  മാറാല  പിടിച്ച എന്റെ  സ്വപ്നങ്ങൾ ................ കുടത്തിനുള്ളില്‍  വച്ച  വിളക്ക്‌  പോലെ  എന്റെ   ഭാവന............പ്രകാശം  ആരും കാണാതെ  എണ്ണ  വറ്റി, കരിന്തിരികത്തി...................ഒടുവിൽ ................

" അനാമിക !"

ഞെട്ടി. വര്‍ത്തമാനകാലത്തിലേക്ക്‌  കൂപ്പുകുത്തി . മുന്നില്‍  പഴയ  ഗുരുനാഥന്‍ ! അയല്‍വാസി. വെളിവാക്കാനാവാത്ത  പ്രണയം  ഒരു  വിങ്ങലായി  മനസ്സില്‍  സൂക്ഷിച്ച്‌  ഗുരുശിഷ്യബന്ധത്തിന്റെ  വിശുദ്ധികൊണ്ട്‌ മൂടി  മൂകനായി  നിന്ന  അദ്ദേഹത്തിന്റെ   മനസ്സ്‌................. ...................,................ ആ   നൊമ്പരപ്പാടുകള്‍  അറിഞ്ഞില്ലെന്ന്‌ നടിയ്ക്കേണ്ടിവന്നത്‌  അന്ന്‌  ഏറെ  അസ്വസ്ഥത  നല്‍കിയിരുന്നു . 

"ഹെയ്‌  അനാമിക ! എന്താണിങ്ങനെ  സ്തംഭിച്ച്‌ ?"

 വിഹ്വലമായൊരു  ചിരി  ചുണ്ടോളമെത്തി . എന്ത്‌  പറയണമെന്ന്‌  അറിയില്ലായിരുന്നു . 

"ഇല്ല..ഒന്നുമില്ല..........പ്രതീക്ഷിക്കാതെ  പെട്ടെന്ന്‌ കണ്ടപ്പോൾ ...................സാർ , സുഖമാണോ ?"

മറുപടി  പറയാതെ  സാര്‍  ചിരിച്ചു.

" അനാമിക  വരൂ . എന്റെ   ഭാര്യയെ  പരിചയപ്പെട്ടിട്ടില്ലല്ലോ ."

ഈ  അടുത്ത  നാളിലാണ്‌  സാറിന്റെ   വിവാഹം  കഴിഞ്ഞത്‌. .. ക്ഷണക്കത്ത്‌ കിട്ടിയെങ്കിലും  വരാന്‍  കഴിഞ്ഞില്ല . 

"സാർ , ഞാന്‍  വിവാഹത്തിന്‌  വരാതിരുന്നത്‌ ......................."

 വെറുതെ  വിശദീകരിക്കാന്‍  ശ്രമിച്ചു . 

"വേണ്ട."

 സാര്‍  കൈയ്യുയര്‍ത്തി  തടഞ്ഞു . 

"ഒന്നും  പറയണ്ട, എനിക്കറിയാം".

 അലിവാര്‍ന്ന  ചിരിയോടെ  സാര്‍  വീണ്ടും  നോക്കി . അല്ലെങ്കിലും  കണ്ണുകളില്‍  നോക്കി  മനസ്സു  വായിക്കാന്‍  സാര്‍ പണ്ടേ  സമര്‍ത്ഥനായിരുന്നുവെന്നോര്‍ത്തു . നിശ്ശബ്ദയായി  അദ്ദേഹത്തെ  അനുഗമിച്ചു . കുളിക്കുകയായിരുന്ന ഭാര്യയെ  കാത്തിരുന്നപ്പോള്‍  സാര്‍  അകത്തുപോയി  ഒരു  ചെറിയ  പെട്ടിയുമായി  തിരിച്ചുവന്നു . 

"ഇത്‌ പരിചയമുണ്ടോ എന്ന്‌ നോക്കൂ".

 അദ്ദേഹം  കൈയ്യിലിരുന്ന  പെട്ടി  തുറന്നു . വളരെ  പഴയൊരു  വാച്ചായിരുന്നു  അതിനുള്ളിൽ . കൗതുകത്തോടെ നോക്കി . 

"അനാമികയെ  പഠിപ്പിച്ചതിന്‌  തന്റെ   അച്ഛന്‍  ആദ്യമായി  തന്ന  പാരിതോഷികം ". 

ഇത്രകാലത്തിന്‌  ശേഷവും  ഇത്‌  സൂക്ഷിച്ചിരിക്കുന്നല്ലോ  എന്ന  അമ്പരപ്പ്‌  മനസ്സിൽ . അതിന്‌ മറുപടിയെന്നപോലെ  സാര്‍  പറഞ്ഞു .

" ഇതെനിക്ക്‌  ഉപേക്ഷിക്കാനാവില്ല  കുട്ടീ . വെറുമൊരു  പാരിതോഷികം  മാത്രമല്ലെനിയ്ക്കിത്‌  ഒരുപാട്‌ അത്മനൊമ്പരങ്ങളെ  അടക്കം  ചെയ്തിട്ടുണ്ടിതിൽ ". 

വാച്ചിന്റെ   പെട്ടി  അടച്ചുകൊണ്ട്‌  അദ്ദേഹം  പിറുപിറുത്തു . 

"എന്റെ   കന്നിസ്വപ്നങ്ങളുടെ  ശവപ്പെട്ടി ".

 അപ്രതീക്ഷിതമായ  ആ  വെളിപ്പെടുത്തല്‍  ആകെ  ഉലച്ചുകളഞ്ഞു . എന്റെ  പകച്ച  കണ്ണുകളില്‍  നോക്കി  സാര്‍ ചിരിച്ചു . 

"എന്നോ  പറഞ്ഞു  മറന്ന  വെറുമൊരു  തമാശ. അങ്ങനെ  കരുതിയാല്‍  മതി. താന്‍  അന്നുമിന്നും എന്റെ  അരുമശിഷ്യയാണെടോ...................... "

പെട്ടെന്നുണ്ടായ  തോന്നലില്‍  യാത്ര  പറയാതെ  ഇറങ്ങി  നടന്നു . സാറിന്റെ  പിന്‍വിളി  ശ്രദ്ധിച്ചില്ല . പിന്നിട്ട കാലത്തിലേക്ക്‌  ഇങ്ങനെയൊരു  മടക്കയാത്ര  വേണ്ടിയിരുന്നില്ലെന്ന്‌  തോന്നി . നഷ്ടപ്പെട്ടതും  നേടിയതും തമ്മിലൊരു  താരതമ്യപ്പെടുത്തല്‍  നടത്തി . വെറുതെ................വെറുതെ............. 

                                                            ***********

"വീണ്ടും  എഴുതാന്‍  തുടങ്ങിയോ ?"

 വൃദ്ധമന്ദിരത്തിലെ  സഹവാസികളിലൊരാൾ  ചിരിച്ചു . അറുപതിന്റെ   നിറവില്‍  ഐശ്വര്യമുള്ള  ചിരി . 

"കഥയാണോ ?"

"അല്ല, ജീവിതം."

 വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നും  ഒരു   ഇളംകാറ്റ്‌  വന്ന്‌  തലോടി. 

"താനെഴുതണം. തനിക്ക്‌  കഴിയും. തന്നില്‍  നിന്നും ഈ   യൗവ്വനം ചോര്‍ന്നുപോയിക്കഴിയുമ്പോൾ , ഒറ്റപ്പെടല്‍ അനിവാര്യതയാകുമ്പോള്‍  തനിക്ക്‌  കൂട്ട്‌  തന്റെ   പേനയാകും...................."

 മഹാദേവന്റെ   വാക്കുകളെ  മനസ്സാ  പ്രണമിച്ച്‌  പേനയടച്ചു . കിടക്കയിലേക്ക്‌  ചാഞ്ഞു . എത്ര  ശരി ! യൗ വ്വനത്തേയും  സ്വപ്നങ്ങളേയും  വ്യക്തിത്വത്തേയും  തടവിലാക്കിയ  ദാമ്പത്യത്തോട്‌  ബാദ്ധ്യതയില്ല,  കാക്കപ്പൊന്ന്‌ തേടിപ്പോയ  ഭര്‍ത്താവിനോട്‌  ബാദ്ധ്യതയില്ല , നല്ല  നിലയിലെത്തി  തിരക്കിലായിപ്പോയ  മക്കളോട്‌ ബാദ്ധ്യതയില്ല....ഓര്‍മ്മകള്‍  കൊണ്ട്‌  ക്ഷേത്രം  പണിത്‌  സ്വപ്നങ്ങള്‍  കൊണ്ട്‌  ശ്രീകോവില്‍  തീര്‍ത്ത്‌,  മനസ്സ്‌ പ്രതിഷ്ഠയാക്കി..........സാഷ്ടാംഗം  നമസ്കരിച്ച്‌  അങ്ങനെയങ്ങനെ...................... 

                                                  സ്നേഹത്തിന്റെ   തുലാഭാരത്തട്ടില്‍ക്കിടന്ന്‌  ശാന്തയായി  ഉറങ്ങുന്ന  അവരുടെ മുഖത്തേക്ക്‌  നോക്കിയിരുന്നപ്പോള്‍  'തുളസീവന'മെന്ന  ആ  വൃദ്ധമന്ദിരത്തിലെ  ജോലിക്കാരി  രോഹിണിക്ക്‌ ഒരിക്കല്‍ക്കൂടി  തോന്നി , താന്‍  ഈ  അമ്മയുടെ  മാനസപുത്രിയാണെന്ന്‌. ....................,. അനാമിക  അന്തര്‍ജ്ജനമെന്ന  ഈ  അമ്മ  തുളസീവനത്തിലെത്തിയ  രംഗം  മറക്കാറായിട്ടില്ല . ഒരിക്കല്‍  പടിപ്പുരവാതില്‍ തുറന്നപ്പോൾ , ഒരു  ബാഗ്‌  മാറത്തടുക്കിപ്പിടിച്ച്‌  പടിക്കെട്ടില്‍  ചാരിയിരുന്ന്‌  ഉറങ്ങുന്ന  ഈ  അമ്മയെക്കണ്ടതും, എല്ലാവരുമുണ്ടായിട്ടും  എല്ലാമുണ്ടായിട്ടും  ജീവിതത്തിന്റെ   തിരക്കില്‍  ഉപേക്ഷിക്കപ്പെട്ട  അവർ , അനാഥയായ തനിക്ക്‌  അമ്മയായതും, ഒരു  നീലാംബരിരാഗമായി  തന്നെ  തഴുകിയുറക്കിയതും....................... ഓര്‍മ്മകള്‍ രോഹിണിക്ക്‌  ചുറ്റും  ഒരു  വേനല്‍ക്കാറ്റുപോലെ...................... വലിയ  വീടും  ഒരുപാട്‌  സ്വത്തുക്കളും ബന്ധുമിത്രാദികളുമൊക്കെയുണ്ടായിരുന്ന  ആ  അമ്മയുടെ  കഴിഞ്ഞകാലകഥകള്‍  പറയുന്നൊരു ആല്‍ബമുണ്ടായിരുന്നു  അവരുടെ  കൈയ്യിൽ . ഓരോ  താളും  മറിച്ച്‌  താന്‍  അന്തംവിട്ടിരിക്കുമ്പോള്‍  അമ്മ ചിരിയ്ക്കും . എന്നിട്ട്‌  പറയും; 

"ഒന്നും  നമ്മുടെ  സ്വന്തമല്ല  കുഞ്ഞേ. ഏതോ  ഒരു  ശക്തി  എന്തൊക്കെ യോ നമ്മുടെ  കൈയ്യില്‍ കുറച്ചുനാളത്തേക്ക്‌  സൂക്ഷിക്കാന്‍  തരുന്നു . കാലാവധി  തീരുമ്പോള്‍  അത്‌  കൈമാറണം. വിധിനിയോഗം അങ്ങനെയാണ്‌..."" "''.

മക്കളെ  ചേര്‍ത്തുപിടിച്ച്‌  ഒരു  രാജ്ഞിയെപ്പോലെ  പ്രൌഢഗംഭീരമായി  ഇരിയ്ക്കുന്ന  അമ്മയുടെ  ചിത്രത്തില്‍ മെല്ലെ  തഴുകിയപ്പോള്‍  നേര്‍ത്ത  സ്വരത്തിലവര്‍  പറഞ്ഞു . 

"ബ്രഹ്മാവ്‌  സൃഷ്ടി  നടത്തി . ആദി  മനുഷ്യന്‍  സൃഷ്ടി  നടത്തി . അതിന്നും  മനുഷ്യര്‍  തുടര്‍ന്നു  പോരുന്നു . അതുമൊരു  നിയോഗം . ഭൂമി  നിലനില്‍ക്കണ്ടേ ?"

 അതിശയത്തോടെ  ചോദിച്ചു. 

"മക്കള്‍  അകന്നുപോയതില്‍  അമ്മയ്ക്ക്‌  ദേഷ്യമില്ലേ ?"

"ഹെയ്‌ ! എന്തിനാ  മോളേ ? ഗര്‍ഭപാത്രത്തില്‍  നിന്നൂര്‍ന്നിറങ്ങി  ഭൂമിയില്‍  സ്പര്‍ശിക്കുന്ന  നിമിഷം, പൊക്കിള്‍ക്കൊടി  മുറിച്ചുമാറ്റുന്ന  നിമിഷം  കുഞ്ഞ്‌  വേറൊരു  വ്യക്തിയല്ലേ ? സ്നേഹവും  ബഹുമാനവും അര്‍ഹിക്കുന്ന  മറ്റൊരു  വ്യക്തി. അവര്‍ക്ക്‌  സ്വന്തമായ  അവകാശങ്ങളും  സ്വാതന്ത്യ്രവുമുണ്ട്‌.  ചിന്തയും സങ്കല്‍പവുമുണ്ട്‌ . അവര്‍  സ്വതന്ത്രമായി  പറക്കട്ടെ".

 ഒന്ന്‌  നിര്‍ത്തി, നനഞ്ഞ  സ്വരത്തിലവര്‍  കൂട്ടിച്ചേര്‍ത്തു . 

"ഏതെങ്കിലുമൊരു  നിമിഷം  ചിറകൊന്ന്‌  കുഴഞ്ഞുപോയാല്‍ ...................താങ്ങാന്‍  കൈകള്‍  വിരിച്ച്‌  ഞാന്‍ താഴെയുണ്ടാവണം......................അത്‌  വേണം...................."

 ഒന്നും  പറയാനാവാതെ  ആ  മുഖത്തേക്ക്‌  വെറുതെയങ്ങനെ  നോക്കിയിരുന്നപ്പോള്‍  മനസ്സ്‌  കലങ്ങി  മറിഞ്ഞു . ഇവര്‍  വെറുമൊരു  സ്ത്രീയല്ലെന്ന്‌  തോന്നി . തനിക്ക്‌  മനസ്സിലാകാത്തൊരു  അസാധാരണത്വം! എങ്കിലും......................ഒരിയ്ക്കല്‍  മഹാറാണിയേപ്പോലെ........................ഇന്ന്‌  മരിച്ചാല്‍  മറവുചെയ്യാനൊരു  പിടി മണ്ണുപോലുമില്ലാതെ.......................തന്റെ   ചിന്തകള്‍  മനസ്സിലാക്കിയതുപോലെ  അമ്മ മന്ത്രിച്ചു. 

"മണ്ണിന്‌  വേണ്ടി  എന്തിനാണ്‌  മനുഷ്യരിങ്ങനെ  പടവെട്ടുന്നത്‌ ? പടവെട്ടി  നേടിയവരാരെങ്കിലും  മരിച്ചപ്പോളത്‌ കൊണ്ടുപോയോ ? ആറടി  മണ്ണ്‌.  അതെവിടെയെങ്കിലുമുണ്ടാകും. പൂങ്കാവനത്തിലായാലും, ചെളിക്കുണ്ടിലായാലും മണ്ണ്‌  മണ്ണുതന്നെയല്ലേ ? പിന്നെയൊരല്‍പം  ഉദകക്രിയ. അതിലെന്ത്‌  കാര്യമിരിക്കുന്നു  കുഞ്ഞേ? കര്‍മ്മങ്ങളെല്ലാം ജീവിച്ചിരിക്കുമ്പോഴാണ്‌  ചെയ്തുതീര്‍ക്കേണ്ടത്‌." ".''.

എന്റെ   കണ്ണ്‌  നിറഞ്ഞു . വാത്സല്യത്തോടെ  അമ്മയെന്റെ   മുടിയില്‍  തഴുകി . 

"നിന്റെ  കണ്ണുകളില്‍  പൊടിഞ്ഞ  ഈ  കണ്ണുനീര്‍. ....................,. ഇതിലും  വലിയൊരു  കര്‍മ്മമില്ല  മോളേ". 

താഴോട്ട്‌  ഒഴുകിയ  കണ്ണുനീര്‍  കൈകൊണ്ട്‌  തുടച്ചെടുത്തുകൊണ്ടമ്മ  പറഞ്ഞു . 

"ഈ  ഒരു  തുളളി...ഇത്‌  കണ്ണുനീരല്ല. സ്നേഹമാണ്‌..... ..,. ഇതെന്നോ  ഒരിയ്ക്കല്‍  എവിടെയോ  ഞാന്‍ നിക്ഷേപിച്ചതാണ്‌..,. തിരിച്ചുകിട്ടാതെ  തരമുണ്ടോ ?"

അവരുടെ  നെഞ്ചിലേക്ക്‌  മുഖം  ചേര്‍ത്തുപിടിച്ച്‌  എന്തിനോ  ഞാന്‍  ഏങ്ങലടിച്ചു.......... വേനൽക്കറ്റിന്  സ്നേഹത്തിന്റെ  ചൂടായിരുന്നു ................



                                        _______________________________


2013 മേയ് 31, വെള്ളിയാഴ്‌ച

പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങള്‍

1 അഭിപ്രായ(ങ്ങള്‍)
പരിസ്ഥിതി മാനിഫെസ്റ്റോയെക്കുറിച്ച്‌ അഭിപ്രായം പറയാനുള്ള അറിവ്‌ എനിയ്ക്കുണ്ടോ എന്നറിയില്ല. എങ്കിലും എനിക്ക്‌ തോന്നുന്ന ചില കാര്യങ്ങള്‍ ഒന്ന്‌ കുറിക്കണമെന്ന്‌ തോന്നി. പ്രകൃതി മനുഷ്യന്‌ വേണ്ടിയോ മനുഷ്യന്‍ പ്രകൃതിയ്ക്ക്‌ വേണ്ടിയോ എന്നതിനപ്പുറം പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാണ്‌ എന്ന്‌ പറയാന്‍ ഞാനിഷ്ടപ്പെടുന്നു. ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ അല്ല ഞാന്‍. ....... നാം കാണാത്ത ഒന്നിനേക്കുറിച്ച്‌ എങ്ങനെ ആധികാരികമായി പറയാന്‍ കഴിയും ?  പക്ഷേ ഇതിനെല്ലാം മുകളില്‍ ഏതോ ഒരു ശക്തിയുടെ ഇടപെടലുകള്‍ ഞാന്‍ അനുഭവിക്കുന്നു. നന്‍മ നിറഞ്ഞ മനസ്സോടുകൂടി പ്രകൃതിയിലേക്ക്‌ നോക്കിയാല്‍ ഈശ്വരന്റെ സാമിപ്യം  അനുഭവിയ്ക്കാമെന്നിരിയ്ക്കെ, പ്രകൃതിയെ ഈശ്വരനായി കാണാനാണെനിക്കിഷ്ടം. പ്രകൃതിനാശത്തെ ശാസ്ത്രീയമായി കാണുന്നതിലുപരി വൈകാരികമായാണ്‌ ഞാന്‍ കാണുന്നത്‌. മുറ്റത്ത്‌ ഒരു തുളസിച്ചെടിപോലും നട്ടുപിടിപ്പിക്കാതെ സിമന്റ്  തേച്ചുപിടിപ്പിച്ചിട്ട്‌, ഇത്തിരി തുളസിവെള്ളം തിളപ്പിക്കാന്‍, മുറ്റത്തൊരു പൂക്കളമിടാന്‍, ക്ഷേത്രത്തിലേക്ക്‌ ഇത്തിരി പൂക്കള്‍ കൊടുക്കാന്‍ അയല്‍പക്കങ്ങളിലൂടെ നെട്ടോട്ടമോടുന്ന ചില കാഴ്ചകള്‍ എന്നില്‍ അസ്വസ്ഥതയുണ്ടാക്കുന്നു. പാദത്തില്‍ ഇക്കിളികൂട്ടുന്ന മണല്‍ത്തരികളിലൂടെ പുഴയോരത്ത്‌ നടന്ന മധുരസ്മൃതികള്‍ മായുന്നതിനു മുന്‍പേ, ഒരിയ്ക്കല്‍ തലോടിയ പുഴ ഇന്നെല്ലാം തല്ലിത്തകര്‍ത്ത്‌ മരണക്കയങ്ങളൊരുക്കുന്നത്‌, ഒരു തരി മണല്‍ തേടി പുഴയിറമ്പിലൂടെ അലയേണ്ടിവരുന്നതിന്റെ      നേര്‍ക്കാഴ്ച യല്ലേ ? കുഞ്ഞിന്‌ ആയിരക്കണക്കിന്‌ രൂപയുടെ മുന്തിയ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത്‌ ലോകം കീഴടക്കിയ സംതൃപ്തിയോടെ ഇരിക്കുന്ന മാതാപിതാക്കളെ ഒറ്റ ചോദ്യത്തിലൂടെ കുഞ്ഞ്‌ തോല്‍പിച്ചുകളയും , " ഇത്തിരി മണ്ണും ചിരട്ടയും തരുമോ  മണ്ണപ്പം ചുട്ടുകളിക്കാന്‍ ? " എന്തുപറയും നമ്മള്‍ ? സിമന്റിട്ട്‌  മിനുക്കിയ മുറ്റത്തെവിടെയാണ്‌ മണ്ണ്‌ ? എവിടുന്നാണൊരു ചിരട്ട കൊടുക്കുക ? കേരളത്തിലെവിടെയാണ്‌ കേരങ്ങള്‍ ? തേങ്ങാപ്പാല്‍ പൊടിയായി കൂടുകളില്‍ കിട്ടുമ്പോള്‍പ്പിന്നെ നമുക്കെന്തിനാണ്‌ തേങ്ങ അല്ലേ ?....കഷ്ടം !.... എന്റെ  കുഞ്ഞ്‌ കണ്ണുതുളഞ്ഞ ഒരു ചിരട്ടയില്‍ മണല്‍ വാരിക്കൊണ്ടോടുന്ന കാഴ്ച വളരെ ഹൃദ്യമായിരുന്നു. നിര്‍ദ്ദിഷ്ടസ്ഥാനത്തെത്തുമ്പോഴേക്കും മണലെല്ലാം ചോര്‍ന്നു പോയിരിക്കും. ശ്രമം വൃഥാവിലായപ്പോള്‍ അവന്‌ സങ്കടം. എന്താണ്‌ സംഭവിച്ചതെന്ന്‌ മനസ്സിലായില്ലെങ്കിലും അവന്‍ ശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. ഫലം തഥൈവ. ദേഷ്യത്തോടെ ചിരട്ട വലിച്ചെറിഞ്ഞു. നിമിഷങ്ങള്‍ക്കകം അവസാനശ്രമമെന്നോണം ഒരിയ്ക്കല്‍ കൂടി. ഇക്കുറി അവനാ അത്ഭുതക്കാഴ്ച കണ്ടു ! മണല്‍ ചോരുന്ന കാഴ്ച ! കരച്ചില്‍ മാറി, നിരാശ മാറി, പിന്നീട്‌ ചിരട്ടയില്‍ മണല്‍ വാരിയിട്ട്‌ ചോര്‍ത്തുന്നതായി രസം. പരാജയത്തില്‍ തളര്‍ന്ന്‌ പിന്‍മാറാതെ, അതിനെ കൌതുകത്തോടെ നോക്കാന്‍ - അതില്‍ നിന്നും പുതിയൊരു കണ്ടുപിടുത്തം നടത്താന്‍ പ്രകൃതി അവനെ പഠിപ്പിക്കുകയാണെന്നെനിക്ക്‌ തോന്നി. പക്ഷേ പ്രകൃതിയെന്ന പാഠശാല ഇന്ന്‌ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ അന്യമാകുന്ന കാഴ്ച വേദനാജനകം. അവര്‍ക്ക്‌ വാരി വിരലുകള്‍ക്കിടയിലൂടെ ചോര്‍ത്തി ഇക്കിളിയാവാന്‍ മണല്‍ വേണം, അപ്പം ചുടാന്‍ മണ്ണ്‌ വേണം, കപ്പയില കൊണ്ട്‌ പിണ്ടിമാലയുണ്ടാക്കണം, കായ കൊണ്ട്‌ പമ്പരമുണ്ടാക്കണം, ഓടലിന്റെ  കായകൊണ്ട്‌ പടക്കം പൊട്ടിക്കണം, തോട്ടിറമ്പില്‍ നിന്നും കൈതപ്പൂവെന്ന അത്ഭുതപുഷ്പം പറിയ്ക്കണം, ഇലഞ്ഞിപ്പൂവിന്റെ  ലഹരിഗന്ധം നുകരണം, പരല്‍മീനുകളെ തോര്‍ത്തിട്ട്‌ പിടിയ്ക്കാന്‍ തോടുകള്‍ വേണം, അങ്ങനെയങ്ങനെ....... ഇതെല്ലാം തല്‍ക്കാലം എന്റെ  സ്വപ്നങ്ങളാണെന്നറിയുമ്പോള്‍ ത്തന്നെ ഞാനുറപ്പിക്കുകയാണ്‌, ആ സ്വപ്നത്തിലേക്ക്‌ ഞാന്‍ നടന്നടുത്തുകൊണ്ടിരിക്കുന്നു. ചവിട്ടിനടക്കാന്‍ എന്റെ  മുറ്റത്തിത്തിരി മണ്ണ്‌ ബാക്കിയിടുമ്പോൾ , വവ്വാലിന്‌ കായ തിന്നാനൊരു ബദാംമരം നടുമ്പോൾ , ചിത്രശലഭങ്ങള്‍ക്കുവേണ്ടി ശലഭത്തോട്ടം തീര്‍ക്കുമ്പോൾ , പൂജാപുഷ്പങ്ങള്‍ക്കായി ചെത്തിയും ചെമ്പരത്തിയും നടുമ്പോൾ , ഫലവൃക്ഷങ്ങള്‍ പിടിപ്പിച്ച്‌ പക്ഷികളെയും അണ്ണാറക്കണ്ണന്‍മാരെയും ക്ഷണിക്കുമ്പോൾ , ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മപ്പൂക്കള്‍ക്കായി ഇലഞ്ഞിമരവും കാപ്പിച്ചെടിയും നടുമ്പോൾ ഞാനറിയുന്നു, എന്റെ സ്വപ്നങ്ങള്‍ എത്രമേല്‍ തീവ്രമാണെന്ന്‌. ആ തീവ്രതയല്ലേ അത്‌ യാഥാര്‍ത്ഥ്യമാകുന്ന കാഴ്ച തെളിയിക്കുന്നത്‌ ? എന്റെ ജീവസ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ, ഒരുപാട്‌ പാഠങ്ങള്‍ പഠിപ്പിച്ച സ്വപ്നങ്ങളെയും സത്യങ്ങളെയും കാട്ടിത്തന്ന പ്രകൃതിയെ മാറോടണയ്ക്കുമ്പോ, ഞാന്‍ കൊതിച്ചുപോകുന്നു ഇതെല്ലാം. എനിക്ക്‌ മഴയുടെ സംഗീതം കേള്‍ക്കണം, മുളങ്കാടുകളുടെ ഈണമറിയണം, വിഷമില്ലാത്ത പുഴവെള്ളം ഒരു കുമ്പിള്‍ കോരിയെടുത്ത്‌ മുഖത്ത്‌ തെറിപ്പിയ്ക്കണം, മുറ്റത്ത്‌ മഞ്ഞിന്‍കണികകളണിഞ്ഞുനില്‍ക്കുന്ന നന്ത്യാര്‍വട്ടപ്പൂവ്‌ കണ്ണുകളില്‍ കുടഞ്ഞ്‌ അനുഭൂതിയില്‍ ലയിക്കണം, നഷ്ടപ്പെട്ട മഴയും മഴവില്ലും തിരികെ വരണം, പാറമടകളേയും മണല്‍ക്കുഴികളേയും ഭയക്കാതെ നടക്കണം. അങ്ങനെയങ്ങനെ.................... പക്ഷേ....നമ്മുടെ മനസ്സില്‍ അവശേഷിച്ച ഒരു തുണ്ട്‌ നിലാവ്‌ തിരികെ വാങ്ങി ചന്ദ്രന്‍ എന്നെന്നേയ്ക്കുമായി നമ്മോട്‌ യാത്ര പറയുമെന്നും, സൂര്യന്‍ നമ്മെ വാരിപ്പുണരുമെന്നും ശാസ്ത്രം മുന്നറിയിപ്പ്‌ തരുമ്പോള്‍ എങ്ങോട്ടാണ്‌ ഓടി രക്ഷപ്പെടേണ്ടതെന്നെനിക്കറിയില്ല. തോട്ടങ്ങളാണ്‌ അനശ്വരതയുടെയും സ്വര്‍ഗ്ഗത്തിന്റെയുമൊക്കെ പര്യായങ്ങളായി പരിശുദ്ധ ഖുറാന്‍ പരാമര്‍ശിക്കുന്നതെന്നിരിക്കെ, "എന്തിനാണ്‌ മരം നടുന്നത്‌ ? ഇതിണ്റ്റെ ഫലം അനുഭവിക്കുന്നതിന്‌ മുന്‍പേ മരിച്ചുപോയാലോ ? " എന്നെന്നോട്‌ ചോദിച്ചവരോട്‌ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ വചനം തന്നെയാണ്‌ ഞാന്‍ മറുപടിയായി പറഞ്ഞത്‌............... "നാളെ അന്ത്യദിനമാണെന്നറിഞ്ഞാലും ഒരു മരമുണ്ടെങ്കില്‍ നീയത്‌ നട്ടുനനയ്ക്കുക. ..............................."

 ശിവനന്ദ

2013 മേയ് 17, വെള്ളിയാഴ്‌ച

അനശ്വരം

2 അഭിപ്രായ(ങ്ങള്‍)
അവരുടെ പ്രണയം യാതൊരു നിബന്ധനകളുമില്ലാത്തതായിരുന്നു.

അയാള്‍ വിദേശത്തുനിന്നും അവധിക്ക്‌ വരാറായപ്പോള്‍ അവളോട്‌ വിളിച്ചു ചോദിച്ചു. 
"ഞാന്‍ വരുമ്പോള്‍ നിനക്കെന്താണ്‌ കൊണ്ടുവരേണ്ടത്‌ ? എന്തും ചോദിച്ചോളൂ. സൂര്യന്‌ താഴെയുള്ള എന്തും."

സംശയമെന്യേ അവള്‍ മറുപടി പറഞ്ഞു. 
"മറ്റൊന്നും വേണ്ട. നീയുപയോഗിച്ച നിൻറെയൊരു തൂവാല മാത്രം."
അവന്‍ അത്ഭുതപ്പെട്ടു. അവള്‍ വിശദമാക്കി. 
"നിൻറെ സ്നേഹം, സാമീപ്യം, സ്പര്‍ശനം..എല്ലാം ഏറ്റവും കൂടുതല്‍ നിൻറെ തൂവാലയിലാണുള്ളത്‌. എനിക്കതേ വേണ്ടൂ."
ശേഷം അവള്‍ ചോദിച്ചു. 
"നീ വരുമ്പോള്‍ നിനക്ക്‌ ഞാനെന്താണ്‌ കരുതിവയ്ക്കേണ്ടത്‌ ? ബിരിയാണി ? മധുരപലഹാരങ്ങള്‍ ?"
അവന്‍ പറഞ്ഞു. 
"ഇത്തിരി കഞ്ഞിയും തേങ്ങ ചുട്ടരച്ച ചമ്മന്തിയും. നീ അടുത്തിരുന്ന്‌ വിളമ്പിത്തരണം. "
ഇക്കുറി അവള്‍ അതിശയിച്ചു. 
അയാള്‍ പറഞ്ഞു. 
"എനിയ്ക്കതിനാണ്‌ കൊതി. ചമ്മന്തിയരയ്ക്കുമ്പോള്‍ കൂട്ടത്തില്‍ ഇത്തിരി സ്നേഹം കൂടി ചാലിക്കണം. "
അയാള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. 

അവരുടെ പ്രണയം അനശ്വരമായിരുന്നു

. ..................


 ശിവനന്ദ 

 

2013 മേയ് 9, വ്യാഴാഴ്‌ച

ഇന്നലെ

2 അഭിപ്രായ(ങ്ങള്‍)
നിബന്ധനകളിലാത്ത ഒരേയൊരു ബന്ധം  സൌഹൃദം മാത്രമാണെന്നിരിക്കെ , അതൊരു മഴപോലെയാണെനിക്ക്‌ തോന്നുന്നത്. കുന്നുകളിലും താഴ്‌വരകളിലും ഉദ്യാനങ്ങളിലും ചെളിക്കു ണ്ടുകളിലും ഒരേപോലെ പെയ്തിറങ്ങുന്ന മഴ പോലെ. വലിപ്പച്ചെറുപ്പങ്ങളില്ല, ഉയര്‍ച്ച താഴ്ചകളില്ല, സ്വാര്‍ത്ഥതയില്ല, മനസ്സിനെ തണുപ്പിച്ച്, എല്ലാ കറകളും കഴുകിക്കളഞ്ഞ്‌ അതങ്ങനെ പെയ്തിറങ്ങിക്കൊണ്ടേയിരിക്കും.

ഞങ്ങള്‍ സുഹൃത്തുക്കള്‍.............വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഒരേ തൂവല്‍പ്പക്ഷി കളേപ്പോലെ പറന്നവർ ഒരു ചങ്ങലയിലെ പൊട്ടിയടര്‍ത്താനാവാത്ത കണ്ണികള്‍പോലെ കരുത്തോടു കൂടി പരസ്പരം കൈകോര്‍ത്തവർ. വിദ്യാഭ്യാസകാലം ജീവിതത്തിലെ സുവര്‍ണ്ണകാലമായിരുന്നു.  കോളേജി ലെത്തിയപ്പോഴാണ്‌ ബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ ആഴമുണ്ടായത്‌. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നിച്ചു വളര്‍ന്ന കുഞ്ഞുങ്ങള്‍ പോലെ.......എത്ര സ്നേഹിച്ചിട്ടും മതിയാവാതെ..... തളരുമ്പോള്‍ ഒരു ഊന്നുവടിയായി... ഇരുട്ടില്‍ ഒരു റാന്തല്‍ വിളക്കായി..........ഞങ്ങളോരോരുത്തരും പരസ്പരം....... ആ കാലം മനസ്സിനെ നിറവസന്തമാക്കിയിരുന്നു. മുറ്റത്ത്‌ ചിതറിയ മണ്‍തരികളേപ്പോലും സ്നേഹിച്ചിരുന്നു ഞങ്ങള്‍........ആകാശം മുട്ടെ പറന്ന സ്വപ്നങ്ങളെ തഴുകിയെത്തുന്ന കാറ്റിനെപ്പോലും വാരിയണച്ചിരുന്നു ഞങ്ങള്‍........... നീളന്‍ വരാന്തയിലൂടെ സൊറ പറഞ്ഞുനടന്ന്‌, ചതുരത്തൂണു കള്‍ക്ക്‌ മറവില്‍ നില്‍ക്കുന്ന പ്രണയക്കിളികളെ കണ്ണിറുക്കിക്കാണിച്ച്‌, വിശ്രമമുറിയുടെ ബഞ്ചിലിരുന്ന്‌ പൊതിച്ചോറ്‌ പങ്കുവച്ച്‌, ലൈബ്രറിയുടെ നിശ്ശബ്ദതയില്‍ പ്രണയത്തിന്റെ  മിന്നലുകള്‍ പായിച്ച്‌, കടക്കണ്ണറിയുന്ന ഇണപ്രാവുകളെ നോക്കി കുസൃതിയോടെ ചിരിച്ച, വിദ്യയ്ക്കപ്പുറം  കലാസാഹിത്യത്തിന്റെയും  രാഗാനുരാഗങ്ങളുടേയും സൌഹൃദസാഹോദര്യങ്ങളുടേയും സംഗമവേദിയായിരുന്ന ഓഡിറ്റോറിയത്തില്‍ കൂകിയാര്‍ക്കുന്ന കുറുമ്പന്‍മാരെ കണ്ണുരുട്ടിക്കാണിച്ച്‌ അങ്ങനെയങ്ങനെ....

വര്‍ഷങ്ങള്‍ വളരെ വേഗത്തില്‍ തീര്‍ന്നുപോയി. വീണ്ടും കാണാമെന്ന ഉറപ്പ്‌ ആര്‍ക്കും കൊടുക്കാതെ അവസാനം ഞങ്ങള്‍ പിരിഞ്ഞു. ഓരോരുത്തരും ജീവിതത്തിത്തിന്റെ  തിരക്കുകളിലേക്ക്‌ ഉള്‍വലിഞ്ഞു. എങ്കിലും അന്നുമിന്നും എന്റെ  മനസ്സിന്റെ തൂലികയില്‍ മഷി നിറച്ചത്‌ എന്റെ സൌഹൃദങ്ങള്‍. ആരോരുമറിയാതെ ഒളിപ്പിച്ചുവച്ചിരുന്ന എന്റെ  തൂലിക കണ്ടെടുത്ത്‌ എന്നെ അതിശയിപ്പിച്ചത്‌ എന്റെ  സുഹൃത്തുക്കള്‍. ക്ളാവ്‌ പിടിച്ചു കിടന്നിരുന്ന എന്റെ  മനസ്സും ഭാവനയും തേച്ചുമിനുക്കി ചെറിയൊരു നെയ്ത്തിരി കത്തിച്ചതും അവര്‍ തന്നെ. ആദ്യമായി എന്റെയൊരു സൃഷ്ടി അച്ചടിമഷി പുരണ്ടതിനു പിന്നിലും സുഹൃത്തുക്കളുടെ പ്രോത്സാഹനവും പ്രയത്നവും മാത്രം. അതൊരു ചെറുകഥയായിരുന്നു. സന്ധിയ്ക്കാത്ത സ്വപ്നങ്ങള്‍ എന്ന ആ കഥ വായിച്ച്‌, അത്‌ പ്രസിദ്ധീകരണയോഗ്യമാണെന്ന്‌ ആദ്യമായി വിലയിരുത്തിയത്‌ ഞങ്ങളുടെയൊരു പ്രിയ സതീര്‍ത്ഥ്യന്‍. അദ്ദേഹം ഒരു കവിയായിരുന്നു. സ്ത്രീയെ നീയൊരു പൂവായ്‌ വിരിഞ്ഞല്ലോ എന്ന അദ്ദേഹത്തിന്റെ  കവിത, എന്റെ  പ്രിയ സമ്പാദ്യങ്ങളുടെ കൂട്ടത്തില്‍ ഇന്നും ഭദ്രം. (ആ സുഹൃത്ത്‌ ഇപ്പോള്‍ എവിടെയാണോ എന്തോ. വലിയൊരു എഴുത്തുകാരമായിട്ടുണ്ടാവുമോ? അതോ ജീവിതത്തിന്റെ  ഏതെങ്കിലും ഇടനാഴിയില്‍ ആ അക്ഷരപ്പൂക്കള്‍ വീണു കരിഞ്ഞിട്ടുണ്ടാവുമോ? അറിയില്ല. ഒരു സൌമ്യസാന്നിദ്ധ്യമായി, സൌഹൃദപ്പന്തലിലൊരു പൂന്തൊങ്ങലായി മാറിയ ഞങ്ങളുടെ പ്രിയ എഴുത്തുകാരന്‍ ലോകത്തിന്റെ  ഏതെങ്കിലുമൊരു കോണിലിരുന്ന്‌ തിരക്കുകള്‍ക്കിടയിലും സ്വന്തം തൂലികത്തുമ്പ്‌ മൂര്‍ച്ച കൂട്ടുന്നുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആശിക്കുന്നു. ഒരു പക്ഷേ ഞങ്ങളുടെ തൂലികകള്‍, ഒരു കണ്ടുമുട്ടലിന്‌ വേദിയൊരുക്കിയേക്കാം, അങ്ങനെ സംഭവിക്കട്ടെ).

പിന്നീടങ്ങോട്ട്‌ എന്നും എന്റെ അക്ഷരങ്ങള്‍ക്ക്‌ അടിവരയിട്ടുകൊണ്ട്‌ കൂട്ടുകാര്‍ എന്റെ കൂടെ ത്തന്നെയുണ്ട്‌. .........................

വര്‍ഷങ്ങള്‍ക്കുശേഷം ആ മാവിന്‍ ചുവട്ടിലേക്ക്‌ ...................കളരിമുറ്റത്തെ ആ ഓര്‍മ്മമരത്തിന്റെ ചുവട്ടിലേക്ക്‌ ഒരിയ്ക്കല്‍ക്കൂടി ഞങ്ങള്‍ പറന്നെത്തി. ഒരു പുനസ്സമാഗമം അതൊരു ഉത്സവമായിരുന്നു. പരസ്പരം കാണാനുള്ള ആര്‍ത്തിയോടെ... ഒരു പാട്‌ ഉത്തരവാദിത്വങ്ങളില്‍ നിന്നും തലയൂരി ഓടിയെത്തി ഞങ്ങളുടെ അക്ഷരത്തറവാട്ടുമുറ്റത്ത്‌ കാല്‍പാദമൂന്നിയപ്പോള്‍ ....... അടിമുടിയൊരു കോരിത്തരിപ്പ്‌ ! മണല്‍ത്തരികള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന ഞങ്ങളുടെ ഓര്‍മ്മകള്‍ കാറ്റിനൊപ്പം പറന്നുനടന്ന ഞങ്ങളുടെ സ്വപ്നങ്ങള്‍ ......... മാവിന്‍ചുവട്ടിലെ സൊറപറച്ചി.

കോളേജിലേക്കുള്ള ചെമ്മണ്‍പാതയിലൂടെ സ്നേഹവും സൌഹൃദവും പ്രണയവും പങ്കുവച്ച്‌ നടന്ന നിമിഷങ്ങള്‍. എല്ലാമെല്ലാം മനസ്സിലോടിയെത്തി. മാറിയ രൂപഭാവങ്ങളും ജീവിതസാഹചര്യങ്ങളും കണ്ട്‌ അത്ഭുതം കൂറി നിന്നു ഞങ്ങള്‍. അതൊരു മറക്കാനാവാത്ത കണ്ടുമുട്ടലായിരുന്നു. ഒറ്റയ്ക്കല്ല, ഒരുവിളിപാടകലെ ഞങ്ങളുണ്ട്‌ എന്ന്‌ ഓരോരുത്തരും പരസ്പരം ഓര്‍മ്മിപ്പിയ്ക്കുകയായിരുന്നു. ആ ഉത്സവദിനത്തിന്‌ ശേഷം തിരിച്ചു പോരുമ്പോള്‍ വല്ലാത്തൊരു പുത്തന്‍ ഊര്‍ജ്ജം എല്ലാവരിലും നിറഞ്ഞിരുന്നു.

ഇന്നലെകളുടെ ആ ഹൃദയത്തുടിപ്പുകള്‍ അക്ഷരപ്പൊട്ടുകളാകുന്നു.
ശിവനന്ദ എന്ന എന്റെ ഇന്നലെകളുടെ ഹൃദയതാളമാകുന്നു.

ഇന്നലെകളുടെ ഹൃദയതാളം

മനസ്സാം മണ്‍വീണയില്‍ മൌനം വീണുടഞ്ഞു
ഉണരും മണിവീണയിലെന്നോര്‍മ്മകള്‍ പിടഞ്ഞുണര്‍ന്നു
ഒരുങ്ങി ഞാനന്ന്‌ കാത്തുകാത്തിരുന്നെത്തും
സൌഹൃദക്കൂട്ടായ്മയെ ഹാര്‍ദ്ദമായെതിരേല്‍ക്കുവാന്‍
കണ്ണിലെ പൂപ്പാലികയില്‍ നിറഞ്ഞ സ്വപ്നപ്പൂക്കളും
നെഞ്ചിലെ പൂവട്ടിയില്‍ കൊഞ്ചിയ സ്നേഹപ്പൂക്കളും
മനസ്സില്‍ മുറ്റത്തു തൂക്കിയ സൌഹൃദപ്പൂന്തൊങ്ങലും
വാരിയണച്ചുഞ്ഞാനോടി വന്നണഞ്ഞെന്റെ 
യക്ഷരമുറ്റത്താദ്യപദമൂന്നവേ
നെഞ്ചകം നമിച്ചെന്റെ മണ്ണിനെ, മാതാവിനെ,
അറിവായലിവായ്‌ വന്ന ഗുരുവരത്തേജസ്സിനെ
നിന്നുഞ്ഞാന്‍ മാത്രനേരം മിഴിപൂട്ടിധ്യാനലീനയായ്‌...
കുളിരാര്‍ന്ന ഹൃത്തിലൂറു മീണത്തിലാഴ്ന്നുമുങ്ങി
 എങ്ങുന്നോ വന്നെന്നെ തഴുകിയൊരിളംകാറ്റില്‍
കേട്ടു ഞാനെന്റെയിന്നലെകളുടെ ഹൃദയതാളം.
നെറ്റിയില്‍ ചന്ദനം വിയര്‍പ്പാല്‍ നനഞ്ഞും
മുടിയിലരിമുല്ലവെയിലാല്‍ക്കരിഞ്ഞും
തൂണിന്‍ മറവില്‍, നീളന്‍ വരാന്തയില്‍
വിശ്രമമുറിയുടെ ജാലകപ്പഴുതില്‍
 എങ്ങാനുമുണ്ടോ ആണ്ടുകള്‍ക്കപ്പുറം
കൗമാരസ്വപ്നങ്ങള്‍ കൈവള ചാര്‍ത്തിയ
കാലില്‍ ക്കൊലുസിട്ട പാവാടക്കാരി ?
സ്നേഹത്തിന്‍ ചിതറിയ ഭാവങ്ങളും പിന്നെ
വിസ്മരിയ്ക്കാനാവാതില്ലാത്ത മുഖങ്ങളും
നിറപുത്തിരിപോല്‍ മുന്നില്‍ വിരിഞ്ഞു തെളിയവേ
മനസ്സൊരു മയില്‍പ്പീലിത്തുണ്ടായ്പ്പറന്നുപോയ്‌...
കൂടെപ്പറന്നെന്റെ കാതില്‍ വിലോലമായ്‌.......
പഴിയാരം ചൊല്ലിയാ സ്നേഹപ്പൂങ്കാറ്റ്‌....
 "വന്നുവോ വീണ്ടും? സ്നേഹമേ, ഞാനറിഞ്ഞില്ല!
 നീയെനിയ്ക്കന്ന്‌ തന്നുപോയ സ്വപ്നക്കൂടും പേറി ഞാന്‍
കാലമെത്രയോ കാത്തും കാതോര്‍ത്തും നി-
ന്നോമല്‍പ്പൂമുഖമൊന്ന്‌ കാണാന്‍ കൊതിച്ചുമെന്‍
മോഹത്തംബുരു പാഴ്ശ്രൂതി മീട്ടവേ വന്നുവോ
വീണ്ടും നീയെന്‍സ്നേഹമേ ഞാനറിഞ്ഞില്ല !
നമ്മുടെ സൌവര്‍ണ്ണ സംഗമോത്സവങ്ങള്‍ക്ക്‌
കൂടയായ്‌ നിന്നൊരീ കളരിയങ്കണവും ഓര്‍മ്മകള്‍
പങ്കിടാന്‍ പീഠമൊരുക്കി മാടിവിളിച്ചൊരീ മാവിന്‍തണലും
മറക്കുന്നതെങ്ങനെയിനിയെന്നെയും നിന്നെയും?
വര്‍ണ്ണശൂന്യമെന്നോതി നാം കൈവിട്ട ചിത്രങ്ങളും
കണ്ടിട്ടും കാണാതെപോയ കാക്കപ്പൂച്ചെടികളും
 കുന്നിന്‍മുകളിലെ സൌഹൃദപ്പന്തലില്‍
ചിരിതന്‍ കളാലാപമായ്‌ നമ്മില്‍ പെയ്തിറങ്ങവേ
ഈ ഹരിതമലകളും ചെമ്മണ്‍പാതയും മണ്ണും
മറക്കുന്നതെങ്ങനെയിനിയെന്നെയും നിന്നെയും?" 
 പായ്യാരം ചൊല്ലലും തീരാക്കഥകളും
 കളിയും ചിരിയുമായ്‌ നേരം പ്രദോഷമായി
പിരിയാന്‍ മടിച്ചെന്തോ പറയാന്‍ മറന്നപോല്‍
നടന്നും തിരിഞ്ഞുനോക്കിയും ഞാനുമെന്‍ സൌഹൃദക്കൂട്ടവും
 എന്നിനിക്കാണുമെന്നും, കാണാം, കാണണമെന്നും
 ചോദിച്ചും പറഞ്ഞും ഞങ്ങള്‍ മടക്കയാത്രയാകവേ
ഏങ്ങലോടിളംതെന്നലെന്റെ മുടിച്ചുരുളൊതുക്കിച്ചൊല്ലി,
" പോകയാണല്ലേ നീയെന്‍സ്നേഹമേ? ഞാനറിഞ്ഞില്ല....
 വീണ്ടും ഞാനുമെന്റെയീ സ്വപ്നക്കൂടും ബാക്കിയായ്‌................ "
പാവമെന്‍ സ്നേഹക്കാറ്റിനെ നെഞ്ചിലേക്കാവാഹിച്ചു ഞാന്‍
 സാന്ത്വനം പൊന്‍ വീണയാക്കി മീട്ടിയാ ലോലതന്ത്രികള്‍
"തേങ്ങുന്നതെന്തിനായ്‌ നീ കുളിരിളം പൂന്തെന്നലേ.
 ഒറ്റയ്ക്കല്ല നീ, ഞാനില്ലേയൊരു ഹൃദയതാളത്തിനിപ്പുറം?
ഒരിയ്ക്കലൊരിക്കല്‍ മാത്രം സ്വപ്നമാറാപ്പും, റാന്തലും,
ഊന്നുവടിയുമായ്‌ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക്‌ യാത്രപോകും.
 ഏറെ ദൂരെയാകുമപ്പോളെന്നില്‍ നിന്നു നീയെങ്കിലും
യാത്ര പറയില്ലന്നെന്‍ സ്നേഹസ്വരൂപമേ
കാണനാവില്ലെനിയ്ക്കു നിന്‍ വേദന തിങ്ങിയ കണ്ണുക ........."
മുറ്റവും പാതയും കടന്നാപ്പച്ചക്കുന്നുകളിറങ്ങുമ്പോളെ-
ന്നക്ഷരത്തറവാടിന്റെ പിന്‍വിളികേട്ടുവോ വീണ്ടും ?
അമ്മേ, ഞാനിറങ്ങട്ടെ, വരണമെനിയ്ക്കിനിയുമെന്നെ
മാറോടണച്ചൊരെന്‍ നിര്‍മ്മലസ്നേഹമേ!
സ്വപ്നങ്ങളെത്തന്ന്‌ സത്യങ്ങളെത്തന്ന്‌
പിച്ചനടത്തിച്ചൊരക്ഷരമുറ്റമേ!
നിനക്ക്‌ കാണിയ്ക്കയായുള്ളില്‍ ഞാനൊരുക്കിയ
ഭദ്രപീഠവും പിന്നെയുയരുന്ന ചോദനയും
 നന്ത്യാര്‍വട്ടത്തിന്റെനറുമണമണിയുറന്നാരീ
കൂട്ടും സ്നേഹഗീതവും തവ പാദത്തില്‍ സമര്‍പ്പണം!


ശിവനന്ദ

2013 ഏപ്രിൽ 10, ബുധനാഴ്‌ച

വിഷു മറന്നുവോ വിഷുപ്പക്ഷി ......... ?

3 അഭിപ്രായ(ങ്ങള്‍)

മനസ്സിൽ കണിനിറച്ച്  മേടം വിരുന്നുവന്നപ്പോൾ എന്നോ കേട്ടുമറന്ന വിഷുപ്പക്ഷിയുടെ ഗാനം ഒരിക്കൽകൂടി കേൾക്കാൻ മോഹം . വിഷുപുലരി വരുന്നതിനു എത്രയോ മുന്പേ ഒരായിരം സ്വർണ്ണ മണികൾ തൂക്കി ഇട്ടതുപോലെ കണിക്കൊന്നകൾ  പൂത്തു നിറയുമ്പോൾ പ്രകൃതി നമുക്കായി ഒരുക്കിയ കണിയിൽ കണ്ണും മനസ്സും നിറയുന്നു.

കണ്ണനുo   വിളക്കുo  കൊന്നപ്പൂവുമായി കണികൂട്ടു പ്രകാശിക്കുമ്പോൾ  ഇരുൾ  അകലുന്നതു  മനസ്സിലാണ് .  വിഷു ക്കൈനീട്ടമായി  കൈവെള്ളയിൽ വെച്ചു തരുന്നതു വെറുമൊരു നാണയമല്ല , ഒരു നുള്ള് സ്നേഹമാണ്. പൂത്തിരിയും പടക്കവും മത്സരിക്കുന്നു ദേവാസുര ഗാനം പോലെ. വിഷു സദ്യാ നാവിലിറ്റിക്കുന്ന പായസമധുരം സ്നേഹ സമത്വങ്ങളുടെ അമൃതാണ് .

മേടത്തിന്റെ വർണ്ണ  പ്രഭയിൽ  കണിയും നിലവിളക്കും കണ്ണനുo  ഒരു പിടി കണിക്കൊന്നയും കൈ നിറയെ കൈനീട്ടവുമായി വിഷുവിനെ വരവേൽക്കുമ്പോൾ ഒരു നുള്ള് നൊമ്പരം ബാക്കിയിട്ടു ആ വിഷുപ്പക്ഷി  എവിടെയാണ് പോയത് ? ആ സംഗീതം ഇല്ലാതെ എന്റെ  വിഷു പൂർണ്ണമാവുമോ?

"അച്ഛൻ കൊമ്പത്ത് .............  അമ്മ വരമ്പത്ത്............. കള്ളൻ ചക്കേട്ടു.............. ".
എങ്ങാനും  കേൾക്കുന്നുണ്ടോ ആ ഹൃദയഗാനം ?

എന്നെക്കിലും  വരുമോ എന്റെ മനസ്സിന്റെ മുറ്റത്തേ കണികൊന്ന ചില്ലയിലെങ്കിലും  ആ സ്നേഹ ഗീതവുമായി ?


വിഷു  മറന്നുവോ  വിഷുപ്പക്ഷി ............................ ?

2013 മാർച്ച് 26, ചൊവ്വാഴ്ച

എഴുത്തുമുറിയിലെ കൂട്ടുകാരി

4 അഭിപ്രായ(ങ്ങള്‍)
 വാച്ചുനോക്കി ഉറപ്പുവരുത്തി. അവള്‍ വരാറായി.
ഞാന്‍ നന്ദു എന്ന്‌ വിളിക്കുന്ന നന്ദിനി. എന്റെ  എഴുത്തുമുറിയിലെ കൂട്ടുകാരി. ഒരു ശബ്ദ മായി അവളൊഴുകി വരും. എന്റെയടുത്തിരിക്കും. സൂര്യനു താഴെയുള്ള സകലതിനേക്കുറിച്ചും ഞങ്ങള്‍ സംസാരിക്കും. എന്നിലെ എഴുത്തുകാരനോട്‌ അവള്‍ക്ക്‌ സ്നേഹമാണ്‌, ആരാധനയാണ്‌. അത്‌ കേള്‍ക്കുമ്പോള്‍ എനിക്ക്‌ സ്വയം ആദരവ്‌ തോന്നും. പക്ഷേ ഇതൊന്നുമല്ല രസം. ഞങ്ങള്‍ പരിചയപ്പെട്ടിട്ട്‌ നാളുകളേറെയായി. പക്ഷേ ഇതുവരെ പരസ്പരം കണ്ടി ട്ടില്ല. അവളെനിയ്ക്കൊരു ശബ്ദം മാത്രമാണ്‌.
ഇടയ്ക്ക്‌ ഞാന്‍ ചോദിക്കും.
" നമുക്കൊന്ന്‌ കാണണ്ടേ ? "
" കാണാം."
"എപ്പോള്‍ ?"
" അവസരം വരും."
"നീയെങ്ങനെയിരിക്കും നന്ദു? ഒരു സുനാമിത്തിരപോലെയാണോ? സര്‍വ്വതും വാരിപ്പിടിയ്ക്കാനുള്ള ആവേശവുമായി ?"
മെല്ലെ ചിരിച്ചുകൊണ്ടവള്‍ പറയും.
"ഒരു കുഞ്ഞോളമാണ്‌ ഞാന്‍. ശാന്തമായി ഒഴുകിവന്ന്‌ പാദങ്ങളെ സൌമ്യ മായി തലോടി മെല്ലെ തിരിഞ്ഞുപോകുന്ന ഒരു കുഞ്ഞോളം."
അനന്തകൃഷ്ണനെന്ന എന്നെ അവള്‍ സ്വന്തം ഇഷ്ടപ്രകാരം അനന്തു എന്ന്‌ സ്നേഹത്തോടെ വിളിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു
"നിനക്കെന്നെ ഇഷ്ടമാണോ നന്ദൂ ?"
"അതെ."
"പ്രണയം ?"
എന്റെ  ചോദ്യത്തിനുത്തരം ഒരു മറുചോദ്യമായിരുന്നു
"ഒരു പേരിട്ടു വിളിയ്ക്കാതെ ഇഷ്ടപ്പെട്ടുകൂടെ?"
"ആ ഇഷ്ടം തിരിച്ചുതരാനെനിക്ക്‌ കഴിഞ്ഞില്ലെങ്കിലോ?"
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക്‌ ശേഷം അവളുടെ മറുചോദ്യം വീണ്ടും
"മഴ കണ്ടിട്ടില്ലേ കുന്നുകളിലും താഴ്‌വരകളിലും ഉദ്യാനങ്ങളിലും ചെളി ക്കുണ്ടുകളിലും ഒരേപോലെ പെയ്തിറങ്ങും. എന്തെങ്കിലും തിരിച്ചു കൊടു ത്തിട്ടാണോ? യഥാര്‍ത്ഥ സ്നേഹം മഴ പോലെയാണ്‌. നമ്മുടെ മനസ്സും ശരീരവും കുളിര്‍പ്പിച്ച്‌ അതങ്ങനെ പെയ്തു കൊണ്ടേയിരിക്കും.
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ."
 അവളത്‌ പറഞ്ഞപ്പോള്‍ ഒരു ചെറിയ ചാറ്റല്‍മഴ നനഞ്ഞ പ്രതീതി. ആ മഴ അവളായിരുന്നോ? ഛെ! വേണ്ടാത്ത ഓരോ ചിന്തകള്‍.
എനി യ്ക്കൊരു കാമുകിയുണ്ടെന്നും അവള്‍ വൃക്കരോഗിയാണെന്നും പറഞ്ഞപ്പോള്‍ നന്ദു വല്ലാതെ സങ്കടപ്പെട്ടു. നിമ്മി അതാണവളുടെ പേര്‌.
"വൃക്ക മാറ്റിവച്ചാൽ.? "
 അവള്‍ ആശങ്കപ്പെട്ടു.
"ഒരു ഡോണറെ കാത്തിരിക്കുകയാണ്‌. പത്രത്തില്‍ പരസ്യം കൊടുത്തിട്ടുണ്ട്‌. A + ആണവളുടെ
ബ്ളഡ്‌. എന്റെ  ഗ്രൂപ്പ്‌ ചേരില്ല നന്ദു. അല്ലെങ്കില്‍ ഞാന്‍ കൊടുത്തേനെ."
അല്‍പ നിമിഷത്തെ നിശ്ശബ്ദത. പിന്നെ സാന്ത്വനം.
"സാരമില്ല. ദൈവം എന്തെങ്കിലും വഴിയുണ്ടാക്കും. "
അവള്‍ മന്ത്രിച്ചു.
അല്‍പ ദിവസങ്ങള്‍ക്ക്‌ ശേഷം വിളിക്കുമ്പോള്‍ എനിക്കവളോട്‌ ഒരു സന്തോഷവാര്‍ത്ത പറയാനുണ്ടായിരുന്നു.
"ഡോണറെ കിട്ടി നന്ദു."
"ഉവ്വോ ആരാണ്‌ ?"
വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നു അവളുടെ ശബ്ദത്തില്‍.
"അറിയില്ല"
ഞങ്ങളുടെ ബന്ധം വീട്ടുകാര്‍ക്കിഷ്ടമല്ലെന്നും അവളെ കാണാന്‍ പോലും ബുദ്ധിമുട്ടാണെന്ന്‌ പറഞ്ഞപ്പോഴും നന്ദു സങ്കടപ്പെട്ടു.
"എന്താ യാലും ഞാന്‍ പോയി കാണും നന്ദു."
ശാഠ്യത്തോടെ ഞാന്‍ പറഞ്ഞു. നന്ദു ഒന്നും പറഞ്ഞില്ല.
അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ ശ്രീകുമാര്‍ എന്റെ  സുഹൃത്താണ്‌. അവന്‍ സഹായിക്കും.
ഓപ്പറേഷന്റെ  സമയത്തൊന്നും നന്ദുവിനെ വിളിക്കാന്‍ കഴിഞ്ഞില്ല. ഒരക്ഷരം പോലും എഴുതാനും കഴിഞ്ഞില്ല. അവളെന്നെയും വിളിച്ചില്ല.
ഓപ്പറേഷന്‍ വിജയമായിരുന്നു. നിമ്മിയെ കാണാന്‍ സൌകര്യമുണ്ടാക്കാ മെന്ന്‌ ശ്രീ പറഞ്ഞപ്പോള്‍ ആശുപത്രിയില്‍ ചെന്നു. സംസാരിച്ചിരിക്കെ ആകാംക്ഷ കെട്ടുപൊട്ടിച്ചു.
"ശ്രീ ആരാണ്‌ ആ ഡോണര്‍ ? ഒന്നു കാണാന്‍ പറ്റുമോ?"
"അങ്ങനെ പാടില്ലെന്നാണ്‌."  എന്നാലും നീ വരൂ.
അവന്റെ പിറകെ ഒബ്സര്‍വേഷന്‍ റൂമിലേക്ക്‌ കയറി.
കഴുത്തറ്റം പച്ച ഷീറ്റ്‌ കൊണ്ടുമൂടി കണ്ണടച്ചു കിടക്കുന്നത്‌ ഒരു സ്ത്രീയാണ്‌. നഴ്സ്‌ മാത്രമേ കൂടെയുണ്ടായിരുന്നുള്ളൂ. അവരോട്‌ പുറത്തേക്ക്‌ പൊയ്ക്കോളാന്‍ പറ ഞ്ഞിട്ട്‌ ശ്രീ എന്നോട്‌ പറഞ്ഞു.
"അനിത പത്രപരസ്യം കണ്ട്‌ വന്നതാണ്‌. അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചു. സഹോദരങ്ങള്‍ കുടുംബ സമേതം വിദേശത്താണ്‌. ആരും അന്വേഷിക്കാനില്ല. അവകാശം പറയാനു മില്ല. വിവാഹം കഴിച്ചിട്ടില്ല."
ശബ്ദം കേട്ടിട്ടാവണം അവര്‍ മെല്ലെ കണ്ണു തുറന്നു.
ശ്രീയെ കണ്ടപ്പോള്‍ അവരുടെ മുഖത്ത്‌ ഒരു തളര്‍ന്ന പുഞ്ചിരി യുണ്ടായി.
"അനിതാ, എങ്ങനെയുണ്ട്‌ ?"
അവര്‍ വെറുതെ ചിരിച്ചതേയുള്ളൂ. നോട്ടം എന്റെ  മുഖത്തേക്ക്‌ പാളിവീണപ്പോള്‍ ശ്രീ ചോദിച്ചു.
"ഇതാരാണെന്നറിയുമോ. പ്രശസ്തനായൊരു എഴുത്തുകാരന്‍. കേട്ടിട്ടുണ്ടോ? അനന്തകൃഷ്ണന്‍."
അതു കേട്ടപ്പോള്‍ അവരുടെ തളര്‍ന്ന കണ്ണുകള്‍ ഒന്നുകൂടി വിടര്‍ന്നു. എന്നെ സാകൂതം നോക്കിക്കൊണ്ട്‌ വീണ്ടുമവര്‍ പുഞ്ചിരിച്ചു. ഞാന്‍ നന്ദിയോടെ തിരിച്ചു ചിരിച്ചു. മുറിയില്‍ നിന്നും ഞങ്ങള്‍ പുറത്തേക്കിറങ്ങി. വാതില്‍ കടന്നപ്പോള്‍ ഞാന്‍ വെറുതെയൊന്ന്‌ തിരിഞ്ഞു നോക്കി. അവരുടെ നോട്ടം എന്റെ  നേര്‍ക്കാണ്‌. നേരിയൊരു പുഞ്ചിരിയുമുണ്ട്‌. കാരണമറിയാത്തൊരു അസ്വസ്ഥത മനസ്സില്‍ നാമ്പിട്ടു. വാതില്‍ക്കല്‍ നിന്നു മറയുന്നതിനു മുന്‍പ്‌ ഒന്നു കൂടി നോക്കി. ശാന്തമായ മുഖം. തളര്‍ന്ന പുഞ്ചിരി....
എല്ലാവരുടെയും കണ്ണുവെട്ടിച്ച്‌ നിമ്മിയെ ഒരു നോക്കുകാണാന്‍ വളരെ കഷ്ടപ്പെട്ടു.
ദിവസങ്ങള്‍ കഴിഞ്ഞു. നിമ്മി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി.
ഈ ദിവസങ്ങള്‍ക്കിടയിലൊന്നും അനിത എന്ന ഡോണറെപ്പറ്റി ഒന്നും അന്വേഷിച്ചില്ലല്ലോ എന്ന്‌ കുറ്റബോധത്തോടെ ഓര്‍ത്തു. വീണ്ടും അസ്വസ്ഥതയായി. അപ്പോള്‍തന്നെ ശ്രീയെ വിളിച്ചു. അനിത ഡിസ്ചാര്‍ജായിപ്പോയെന്നവന്‍ പറയുകയും ചെയ്തു. അവര്‍ പണം വാങ്ങിയില്ലത്രെ. നമുക്ക്‌ പ്രിയപ്പെട്ട ഒന്ന്‌ മറ്റുള്ളവര്‍ക്ക്‌ വേണ്ടി ത്യജിക്കുമ്പോള്‍ അവിടെ സ്നേഹമുണ്ടാവുക, അതേ എനിക്ക്‌ തിരിച്ചു വേണ്ടൂ. എന്നവര്‍ പറഞ്ഞത്രെ. വീണ്ടും അസ്വസ്ഥതയായി.
പെട്ടെന്നാണ്‌ ഞാനെന്റെ  എഴുത്തുമുറിയിലെ കൂട്ടുകാരിയെ ഓര്‍ത്തത്‌. എത്ര ദിവസമായിഅവളെ വിളിച്ചിട്ട്‌ ! അവളിങ്ങോട്ടും വിളിച്ചില്ലല്ലോ! എഴുത്തിന്‌ ഇടവേള വന്നപ്പോള്‍ അവള്‍ മുറിയില്‍ നിന്നും പോയോ? എഴുത്തു തുടങ്ങണം. നന്ദുവിനെ വിളിക്കണം. അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. അന്തരീക്ഷ ത്തിലൂടെ ഒരു മിന്നലായി അവള്‍ പാളി വന്നു. തമാശയായി അവളോട്‌ പറഞ്ഞു. "നീയൊരു മിന്നലാണ്‌."
"തെറ്റി, ഒരു തെന്നലായിട്ടാണ്‌ ഞാന്‍ വരുന്നത്‌."
സംസാരം പെട്ടെന്ന്‌ വഴി തിരിഞ്ഞു
"എങ്ങനെയുണ്ട്‌ നിമ്മിക്ക്‌?"
"കുഴപ്പമില്ലെന്നാണ്‌ കേട്ടത്‌. ആശുപത്രിയില്‍ നിന്ന്‌ പോയതില്‍ പിന്നെ കണ്ടിട്ടില്ല. പക്ഷേ മനസ്സിലിപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥതയുണ്ട്‌ നന്ദൂ."
എന്തു പറ്റി?
"അറിയില്ല..ആശുപത്രിയില്‍ വച്ച്‌ നിമ്മിക്ക്‌ വൃക്ക ദാനം ചെയ്ത സ്ത്രീയെ ഞാന്‍ കണ്ടു. എന്തുകൊണ്ടെന്നറിയില്ല. അവരുടെ മുഖം ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത. അച്ഛനും അമ്മയും ഇല്ലവര്‍ക്ക്‌. സഹോദരങ്ങ ളെല്ലാം സ്വന്തം കുടുംബവുമായി വിദേശത്താണ്‌. അവര്‍ മാത്രം ഒറ്റയ്ക്കി വിടെ. വിവാഹവും കഴിച്ചിട്ടില്ല."
നന്ദു ഒന്നും മിണ്ടിയില്ല.
" വൃക്കദാനത്തിന്റെ  പേരില്‍ അവള്‍ പണമൊന്നും വാങ്ങിയില്ല. നന്ദൂ എല്ലാം കൂടി ഓര്‍ക്കുമ്പോൾ ...എന്തോ ഒരു വിഷമം ആ മുഖം മനസ്സില്‍ നിന്നും പോകുന്നേയില്ല.."
അപ്പോഴും അവളൊന്നും മിണ്ടിയില്ല.
"എനിക്കവരെ ഒന്നുകൂടി കാണാന്‍ തോന്നുന്നു."
"ചുമ്മാതിരിക്കു അനന്തൂ. അവരെ മറക്കൂ എന്നിട്ട്‌ നിമ്മിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കൂ."
അവളുടെ ശബ്ദത്തില്‍ ശാസനയുണ്ടായിരുന്നു. ഞാനാ വിഷയം വിട്ടു. എങ്കിലും നിമ്മിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം രഹസ്യമായി ഞാന്‍ അനിതയ്ക്കുവേണ്ടി കൂടി പ്രാര്‍ത്ഥിച്ചു. പിന്നീടങ്ങോട്ട്‌ എഴുത്തിണ്റ്റെ തിരക്കില്‍ എല്ലാം മറന്നു. പക്ഷേ നന്ദു നിരന്തരം ഒരു നിലാപൊട്ടുപോലെ എന്റെ  എഴുത്തുമുറിയില്‍ വന്നു കൊണ്ടിരുന്നു. എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം വീണ്ടും ഞാനവളോട്‌ ചോദിച്ചു
"നമുക്കൊന്ന്‌ കാണണ്ടേ?"
പതിവുപോലെ അവള്‍ പറഞ്ഞു
"കാണാം.   അവസരങ്ങളെ തേടി പോകണ്ട അനന്തു."അത്‌ നമ്മളെ തേടി വരും."
ഓ. എനിയ്ക്ക്‌ വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല. അവളിങ്ങനെ ഒരു പ്രഹേളികപോലെ....
ഇന്ന്‌ രാവിലെ മനം കുളിര്‍പ്പിച്ച ആ വാര്‍ത്ത. എന്റെ  നീണ്ട തപസ്യയുടെ ഫലമെന്നോണം ഈശ്വരന്‍ എനിയ്ക്കൊരു നക്ഷത്ര മുത്ത്‌ ഇട്ടു തുന്നു. അവാര്‍ഡിന്റെ  രൂപത്തിൽ . എന്റെ  സിന്ദൂരപ്പൊട്ട്‌ എന്ന നോവലിന്‌ കേന്ദ്രസാഹിത്യ അക്കാഡമിയുടെ അവാര്‍ഡ്‌. അത്‌ നന്ദുവിനോട്‌ വിളിച്ചു പറയാനായിരുന്നു ആവേശം. നിമ്മിയോട്‌ പറയാന്‍ പ്രത്യേകിച്ച്‌ തിടുക്കമൊന്നു മുണ്ടായിരുന്നില്ല. കാരണം എന്നിലെ എഴുത്തു കാരനോട്‌ അവള്‍ക്ക്‌ വലിയ മമതയൊന്നും ഉണ്ടായിരുന്നില്ലല്ലോ.
വിവരമറിഞ്ഞ പ്പോള്‍ നന്ദുവിന്‌ വലിയ സന്തോഷം. അവാര്‍ഡ്ദാനച്ചടങ്ങിന്‌ അവളെ ക്ഷണിക്കുകയും ചെയ്തു.
"ഞാന്‍ വരും അനന്തു. ഇതാണ്‌ നമുക്ക്‌ കാണാനുള്ള അവസരം." സന്തോഷത്തോടെ അവള്‍ പറഞ്ഞു.
പിന്നീട്‌ കുറച്ചു ദിവസത്തേക്ക്‌ തിരക്കായിരുന്നു. നിമ്മിയേയോ നന്ദുവിനേയോ വിളിക്കാന്‍ സമയം കിട്ടിയില്ല. അവാര്‍ഡ്‌ ദാനച്ചടങ്ങിന്റെ  അന്ന്‌ തിരക്കി നിടയിലും നന്ദുവിനെ പലപ്പോഴും ഓര്‍ത്തു. അവള്‍ വന്നു കാണുമോ കാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. തിരക്കിനിടയില്‍ക്കണ്ട ഒരു മുഖം വൃക്ക ദാനം ചെയ്ത അനിതയെ ഓര്‍മ്മിപ്പിച്ചു. അവരുടെ അവസ്ഥ എന്താണോ. ഒന്നന്വേഷിക്കാനും കഴിഞ്ഞില്ല. തിരക്കിനിടയില്‍ നില്‍ക്കു മ്പോഴാണ്‌ നേരിയൊരു പുഞ്ചിരിയോടെ അടുത്തേക്ക്‌ വരുന്ന അവരെ വീണ്ടും കണ്ടത്‌ ഇത്‌........ഇത്‌ അനിത തന്നെയല്ലേ? അതെ അന്ന്‌ ഒരിത്തിരി അസ്വസ്ഥത തന്ന്‌ ഈ മുഖം മനസ്സില്‍ തട്ടിയതല്ലേ. ഓര്‍മ്മയുണ്ട്‌. അനിത മുന്നില്‍ വന്നു നിന്ന്‌ പുഞ്ചിരിച്ചു. അതിശയത്തോടെ ചോദിച്ചു.
"അനിത ഇവിടെ?"
"ക്ഷണമുണ്ട്‌."
"ആരുടെ?"
"അനന്തകൃഷ്ണന്റെ ."
"എന്റെയോ .......ഞാന്‍........  നിങ്ങൾ ....അനിത...."
"അല്ലാ നന്ദു"
അവള്‍ പുഞ്ചിരിച്ചു.
"നന്ദു ?"
പുഞ്ചിരി കുസൃതിച്ചിരിയായി.
"നന്ദിനി. അനന്തകൃഷ്ണന്റെ എഴുത്തുമുറിയിലെ കൂട്ടുകാരി"
ഹോ ! എനിക്കത്‌ അവിശ്വസനീയമായിരുന്നു.
"അപ്പോള്‍ അന്ന്‌ ആശുപത്രിയില്‍ വൃക്കദാനം നടത്തിയത്‌?"
"ഞാന്‍ തന്നെ. അനിത എന്ന പേരു മാത്രമേ കള്ളമായിരുന്നുള്ളൂ. ബാക്കിയെല്ലാം സത്യം."
എന്താണ്‌ പറയേണ്ടതെന്നെനിയ്ക്ക്‌ മനസ്സിലായില്ല.
"നന്ദു നിനക്ക്‌ ഭര്‍ത്താവും കുട്ടികളുമുണ്ടെന്ന്‌ പറഞ്ഞത്‌?"
"മനോഹരമായൊരു സ്വപ്നം.  അച്ഛനുമമ്മയും നേരത്തെ പോയി. എന്റെ  അനിയത്തിമാരെക്കുറിച്ച്‌ ചിന്തിക്കാന്‍ ഞാനുണ്ടായിരുന്നു. എന്നെക്കുറിച്ച്‌ ചിന്തിക്കാന്‍ ആരുമുണ്ടായിരുന്നില്ലല്ലോ."
എന്റെ  പകപ്പ്‌ മാറിയിരുന്നില്ല
"എങ്കിലും നന്ദു. നിനക്കെങ്ങനെയാണ്‌ ഇങ്ങനെയൊരു ത്യാഗം ചെയ്യാന്‍ തോന്നിയത്‌? നിമ്മി ഇല്ലാതായാല്‍ എന്നെ സ്വന്തമാക്കാം എന്നൊരു സ്വാര്‍ത്ഥത നിനക്കൊരിക്കലും തോന്നിയില്ലേ?"
"സ്നേഹമെന്നാല്‍ പിടിച്ചടക്കലല്ല അനന്തു....വിട്ടുകൊടുക്കലാണ്‌."
അത്ഭുതത്തോടെ അവളെ നോക്കി നില്‍ക്കുമ്പോള്‍ ഒരു മന്ത്രണം പോലെ...........
"സ്നേഹിക്കാന്‍ ഒരു കുടക്കീഴിലാകണമെന്നില്ലല്ലോ. ഒരു സൂര്യനു കീഴി ലായാലും പോരെ?"
അതൊരു ചോദ്യമാണോ ഉത്തരമാണോ എന്ന്‌ ഞാന്‍ സംശയിച്ചു നില്‍ക്കുമ്പോള്‍ അവള്‍ സ്നേഹത്തോടെ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"പോട്ടെ. തിരക്കല്ലെ എല്ലാം നന്നായി നടക്കട്ടെ. ഞാന്‍ വിളിക്കാം."

പുഞ്ചിരിയോടെ അവള്‍ മെല്ലെ തിരിഞ്ഞു നടന്നു.

 ശിവനന്ദ 

2013 മാർച്ച് 22, വെള്ളിയാഴ്‌ച

ശിവനന്ദ

6 അഭിപ്രായ(ങ്ങള്‍)
രാജ്യത്തിന്റെ  സ്വാന്ത്യ്രത്തിനു വേണ്ടി പോരാടി എത്രയോ പീഡനങ്ങളേറ്റുവാങ്ങിയ എന്റെ  പ്രിയപ്പെട്ട അച്ഛനും, ഒരു സ്വാതന്ത്യ്രസമര സേനാനിയുടെ ഭാര്യ എന്ന നിലയില്‍ -ഞങ്ങള്‍ മക്കളെയും ചേര്‍ത്തുപിടിച്ച്‌ നോവിന്റെ  തീക്കടല്‍ എത്രയോ നീന്തിക്കടന്ന എന്റെ  പ്രിയപ്പെട്ട അമ്മയ്ക്കും വേണ്ടി ശിവനന്ദ എന്ന ഞാന്‍ സമര്‍പ്പിക്കുന്ന അക്ഷരമുത്തുകള്‍... അവരുടെ നന്‍മകളും കഴിവുകളും വരദാനമായി സ്വീകരിച്ച്‌ അക്ഷരക്കൂട്ടുകളെടുത്ത്‌ കടലാസ്സില്‍ തിലകം ചാര്‍ത്തുന്നു, ശിവനന്ദ എന്ന ഈ മകള്‍. എന്റെ  ഗ്രാമം..ഞാന്‍ വളര്‍ന്ന ചുറ്റുപാടുകള്‍...എന്നെ സ്നേഹിച്ചവര്‍...........താങ്ങി നിര്‍ത്തിയവര്‍.............നിലനിര്‍ത്തിയവര്‍.........എല്ലാം ചേര്‍ന്നപ്പോള്‍ ശിവനന്ദ എന്ന ഞാന്‍ ജനിച്ചു.

ശിവനന്ദ
 
Copyright © .