2017 മാർച്ച് 27, തിങ്കളാഴ്‌ച

4 അഭിപ്രായ(ങ്ങള്‍)
മിനിക്കഥ 

അനശ്വരം

                                                                                             ശിവനന്ദ

അവരുടെ പ്രണയം യാതൊരു നിബന്ധനകളു മില്ല്ലാത്തതായിരുന്നു.അയാള്‍  വിദേശത്തുനിന്നു അവധിയ്ക്കു  വരാറായപ്പോള്‍ അവളോട്‌ വിളിച്ചു ചോദിച്ചു,

" ഞാന്‍ വരുമ്പോള്‍ നിനക്കെന്താണ് കൊണ്ടുവരേണ്ടത് ? എന്തും  ചോദിച്ചോളു . സൂര്യനു  താഴെയുള്ള എന്തും ."

സംശയമെന്യേ അവള്‍ മറുപടി പറഞ്ഞു .
 " മറ്റൊന്നും വേണ്ട . നീ ഉപയോഗിച്ച നിന്റെയൊരു  തൂവാല മാത്രം."

അവന്‍ അത്ഭുതപ്പെട്ടു . അവള്‍ വിശദമാക്കി .

" നിന്റെ  സ്നേഹം , സാമിപ്യം , സ്പര്‍ശനം  എല്ലാം ഏറ്റവും കൂടുതല്‍ നിന്റെ തൂവാലയിലാണ്  ഉള്ളത് . എനിക്കതേ  വേണ്ടു ."

ശേഷം  അവള്‍ ചോദിച്ചു .

നീ വരുമ്പോള്‍ നിനക്ക് ഞാന്‍ എന്താണ്  കരുതി വയ്ക്കേണ്ടത് ? ബിരിയാണി ? മധുരപലഹാരങ്ങള്‍ ?"

അവന്‍  പറഞ്ഞു .

"ഇത്തിരി കഞ്ഞിയും തേങ്ങചുട്ടരച്ച ചമ്മന്തിയും  നീ അടുത്തിരുന്നു വിളമ്പിത്തരണം."

ഇക്കുറി  അവള്‍ അതിശയിച്ചു . അയാള്‍ പറഞ്ഞു , "എനിക്കതിനാണ് കൊതി .

ചമ്മന്തി അരയ്കുമ്പോള്‍ നീ അതില്‍ ഇത്തിരി സ്നേഹം കൂടി ചാലിക്കുമെന്നെനിയ്ക്കറിയാം '"

അവള്‍ സ്നേഹത്തോടെ ചിരിച്ചു . അവരുടെ പ്രണയം  അനശ്വരമായിരുന്നു.....





4 അഭിപ്രായ(ങ്ങള്‍)
രചനയ്ക്ക് മുൻപ്.
---------------------------------

ഓരോ രചനകളുടെയും സൃഷ്ടിയ്ക്ക് മുൻപ് , അതിനുള്ളൊരു മനസ്സൊരുക്കവും , മനസ്സുരുക്കവും ഉണ്ട് .( ശ്രദ്ധിയ്ക്കുക, രണ്ടും രണ്ടാണ്.)
അങ്ങനെ മനസ്സിന്റെ ഉലയിൽക്കിടന്നു ഉരുകിത്തെളിഞ്ഞാണ് ഓരോ അക്ഷരങ്ങളും പുറത്തു വരുന്നത്. എഴുതുന്ന സമയത്ത് ഞാൻ വായനക്കാരെക്കുറിച്ച് ഓർക്കാറില്ല. അതൊരു ധ്യാനമാണ്. ആ സമയത്തു എനിയ്ക്കു ചുറ്റും മറ്റൊരു ലോകമില്ല. ഞാനും എന്റെ കഥാപാത്രങ്ങളുംമാത്രം.അവരിൽ ഓരോരുത്തരും ഞാൻ ആകും. ഓരോരുത്തരുടെയും മനസ്സിൽ ഞാൻ യാത്ര ചെയ്യും. ആ സഞ്ചാരപഥം പ്രവചനാതീതമാണ്.
ചിലപ്പോൾ അതൊരു ഉത്സവമേളത്തിലൂടെയാകും. ചിലപ്പോ ഒരു ശ്മാശാനഭൂവിലൂടെയാകും. ചിലപ്പോ നിതാന്ത ശൂന്യതയിലൂടെയുമാകും. ഒരു വല്ലാത്ത മാനസീകാവസ്ഥയിലാകും അപ്പോൾ ഞാൻ. അതിൽ നിന്നും ഞാൻ തിരികെ വരുമ്പോഴേയ്ക്കും ആ രചന പൂർത്തിയായിക്കഴിഞ്ഞിരിയ്ക്കും. അല്ല, അപ്പോഴും ഞാൻ പൂർണ്ണമായും എന്റെ കഥാപാത്രങ്ങളിൽ നിന്നും മോചിതയായി എന്ന് പറയാനാവില്ല. കുറെ ദിവസങ്ങൾ വേണം എനിയ്ക്കു വരുടെ മനസ്സിൽ നിന്നും സ്വതന്ത്രമാകാൻ.
അങ്ങനെ ഞാനൊരു രചന പൂർത്തിയാക്കിക്കഴിഞ്, അത് വായനക്കാരുടെ മുന്നിൽ സമർപ്പിച്ചു കഴിഞ്ഞാൽ , എനിയ്ക്കു വല്ലാത്ത സംഘർഷമാണ് . അത് സ്വീകരിയ്ക്കപ്പെടുമോ എന്നറിയുന്നത് വരെ. അതിന്റെ തെറ്റും ശരിയും വളരെ വ്യക്തമായി പറഞ്ഞു തരുന്നവരെയാണ് ഞാൻ വായനക്കാരിൽ പ്രതീക്ഷിയ്ക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കൾ എല്ലാവരും തന്നെ നല്ലതെങ്കിൽ നല്ലതെന്നു പറയും, തെറ്റുണ്ടെങ്കിൽ ഉണ്ടെന്നും പറയും.
എന്തായാലും ഞാൻ എന്റെ വായനക്കാരെ അങ്ങേയറ്റം ബഹുമാനിയ്ക്കുന്നു. അവരില്ലെങ്കിൽ ഞാൻ എന്നേ മറവിയിൽ പൊടി മൂടപ്പെട്ടു പോയേനെ. അവർ അക്ഷരങ്ങളിലൂടെ എനിയ്ക്കു തരുന്നത് അവർക്കു മാത്രം സ്വന്തമായ കുറെ നിമിഷങ്ങളാണ്. അതിനു ഞാൻ എന്ത് കൊടുത്താൽ മതിയാകും? ഒരു നന്ദി വാക്കിൽ തീരുമോ ?
ഞാൻ എപ്പോഴും ശ്രമിയ്ക്കാറുള്ളത് , എന്റെ അക്ഷരങ്ങളോടൊപ്പം എന്റെ വായനക്കാരെയും കൈ പിടിച്ചു നടക്കാനാണ്. ഒരു പക്ഷെ അവിടെയാവും വ്യക്തിബന്ധങ്ങൾ എനിയ്ക്കുണ്ടാവുന്നതും. ഇതുവരെ എന്റെ കൈ തട്ടിനീക്കി പോകാൻ എന്റെ വായനക്കാർ ശ്രമിച്ചിട്ടില്ല. അത് ഒരു പരസ്പര ബഹുമാനമാണ്. ഒരു മനസ്സിലാക്കലാണ്.
അവിടെയാണ് ഒരു എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദം നടക്കുന്നത്. ആ കൈകോർത്തു നടക്കലിലൂടെയും പരസപരം മനസ്സിലാക്കലിലൂടെയും...
2 അഭിപ്രായ(ങ്ങള്‍)
                                    വിഷു   മറന്നുവോ   വിഷുപ്പക്ഷി............ ?
                                      ----------------------------------
   
                                                                                                ശിവനന്ദ .

  മനസ്സിൽ കണി നിറച്ച് മേടം വിരുന്ന് വന്നപ്പോൾ ....എന്നോ കേട്ടുമറന്ന ആ വിഷുപ്പക്ഷിയുടെ ഗാനം  ഒരിയ്ക്കൽക്കൂടി  കേൾക്കാൻ    മോഹം......വിഷുപ്പുലരി   വരുന്നതിന്    എത്രയോ   മുൻപേ ,  ഒരായിരം   സ്വർണ്ണമണികൾ   തൂക്കിയിട്ടതുപോലെ   കണിക്കൊന്നകൾ   പൂത്തുനിറയുമ്പോൾ  ,  പ്രകൃതി   നമുക്കായി   ഒരുക്കിയ  കണിയിൽ   കണ്ണും   മനസ്സും   നിറയുന്നു.


  കണ്ണനും   വിളക്കും   കൊന്നപ്പൂവുമായി   കണിക്കൂട്ടു   പ്രകാശിയ്ക്കുമ്പോൾ ഇരുളകലുന്നത്   മനസ്സിലാണ് ..   വിഷുക്കൈനീട്ടമായി   കൈവെള്ളയിൽ   വച്ചുതരുന്നത്   വെറുമൊരു   നാണയമല്ല ,  ഒരു  നുള്ള്   സ്നേഹമാണ് .   പൂത്തിരിയും പടക്കവും   മത്സരിയ്ക്കുന്നു   ദേവാസുരഗാനം  പോലെ.   വിഷുസദ്യ   നാവിലിറ്റിയ്ക്കുന്ന   പായസ്സമധുരം   സ്നേഹസമത്വങ്ങളുടെ   അമൃതാണ് .


 മേടത്തിന്റെ   വർണ്ണപ്രഭയിൽ   കണിയും കണ്ണനും  നിലവിളക്കും  ഒരുപിടി   കൊന്നപ്പൂക്കളും   കൈ നിറയെ    കൈനീട്ടവുമായി   വിഷുവിനെ വരവേൽക്കുമ്പോൾ ....എന്റെ മനസ്സിൽ ഒരു നുള്ള്  നൊമ്പരം   ബാക്കിയിട്ട്   ആ  വിഷുപ്പക്ഷി   എവിടെയാണ്  പോയത് ?   ആ  സംഗീതം   ഇല്ലാതെ   എന്റെ   വിഷു   പൂർണ്ണമാകുമോ ?
                                                                                                                                               

 പണ്ട് .....നിന്റെ   പാട്ട്   കേട്ട്   ,,  " അപ്പൻ   കൊമ്പത്ത്...അമ്മ വരമ്പത്ത്.....കള്ളൻ   ചക്കേട്ടു ".....എന്ന്  എതിർപാട്ട്  പാടി നടന്ന   ആ  കുട്ടിയുടുപ്പുകാരിയെ   നീ  മറന്നുവോ   വിഷുപ്പക്ഷീ ?  കാലമെത്ര  കഴിഞ്ഞാലും   ,  നിന്നെയും കാത്തവൾ   ആ തൊടിയിലുണ്ടാകുമെന്ന്    നീ  ഒർക്കാത്തതെന്തേ ?   അവൾ   വളർന്ന്   വല്ല്യ   പെണ്ണായിട്ടും  ,   അവളുടെ   ഉള്ളിന്റെയുള്ളിൽ   ഇന്നും   വെള്ളിക്കൊലുസ്സിട്ട   ആ  കുട്ടിയുടുപ്പുകാരി ....ഇടതൂർന്ന   മുടിയിൽ   ചുവന്ന   റിബ്ബണ്‍   കെട്ടി...മുത്തുമാലയിട്ട് ....കുപ്പിവളയിട്ട് .....തുമ്പിയുടെ  പിറകെ   ഓടുന്ന   ആ   കുട്ടിക്കുറുംപുകാരി .....അവളിരുന്ന്   കൊത്താരം കല്ല്‌   കളിയ്ക്കുന്നു......എന്താണ്   നീയത്   കാണാതെ പോയത്   ?.....


 " അപ്പൻ   കൊമ്പത്ത്....അമ്മ  വരമ്പത്ത്  "......


എങ്ങാനും   കേൾക്കുന്നുണ്ടോ   ആ   ഹൃദയഗാനം  ?  ...എന്നെങ്കിലും   വരുമോ   നീ   എന്റെ   മനസ്സിന്റെ   മുറ്റത്തെ   കണിക്കൊന്നച്ചില്ലയിലെങ്കിലും  ?   വിഷു   മറന്നുവോ   നീ  വിഷുപ്പക്ഷീ ?  അക്കൂട്ടത്തിൽ  .....നീ.....നീയെന്നെയും   മറന്നുവോ ?  

2017 മാർച്ച് 26, ഞായറാഴ്‌ച

നുറുങ്ങ് കഥകൾ.

3 അഭിപ്രായ(ങ്ങള്‍)
                                          നുറുങ്ങ് കഥകൾ.  
                                          --------------------------------------

പുഷ്പമനോഹരി .
-----------------------------

" പുഷ്പമനോഹരി "   എന്ന്  നീയെന്നെ   സംബോധന   ചെയ്തത്  എന്നെ തെല്ലും സന്തോഷിപ്പിച്ചില്ലെന്നു തന്നെയല്ല,   അത്  വെറും  ശബ്ദമലിനീകരണം   എനിയ്ക്ക് തോന്നുകയും ചെയ്തു !   കാരണം ,   നീ   ഇടയ്ക്ക്   ഇങ്ങനെയും   പറയാറുണ്ട്..  "പുഷ്പം   പോലെ   നുള്ളിയെറിയും "  എന്ന് !    എന്തൊരു  നിസ്സാരത !  ഒരു പുഷ്പത്തെ  നിനക്ക് വളരെ നിസാരമായി  പറിച്ചടുക്കാം ,  തലയിൽ ചൂടാം,  ചവിട്ടിയരയ്ക്കാം, വലിച്ചെറിയാം ...  അങ്ങനെ  എന്തും  ചെയ്യാം..!   അതുകൊണ്ടുതന്നെ ,  നീയെന്നെ ഒരിയ്ക്കലും പുഷ്പത്തോട്   ഉപമിയ്ക്കണ്ട.  എനിയ്ക്കത്   ഇഷ്ടമല്ല. 

( പെണ്ണിനെ  പൂവിനോട്  ഉപമിച്ച മഹത്തുക്കളേ !   നിങ്ങൾ ഇത്  മുൻകൂട്ടി കണ്ടിരുന്നോ? )
--------------------------------------------------------------------------------

വജ്രമനോഹരി !
----------------------------

ആ പുൽക്കൊടിത്തുമ്പിൽ  ഇറ്റുനിന്ന  മഞ്ഞുതുള്ളിയെ  നോക്കി  ഞാനിരുന്നു.    നോക്കിനോക്കിയിരുന്നപ്പോൾ  എനിയ്ക്കു തോന്നി,   ആ  മഞ്ഞുതുള്ളി ,  ആ പുൽക്കൊടിയുടെ  കണ്ണുനീരാണ് എന്ന്.   എനിയ്ക്ക്  സങ്കടം  വന്നു...  എന്തിനാവും  ആ കുഞ്ഞിലക്കണ്ണുകൾ  നനഞ്ഞത് ?   ഇറ്റുവീണു പോകാതെ , അത് കണ്ണിൽത്തന്നെ സൂക്ഷിച്ചിരിയ്ക്കുന്നത്   എന്തുകൊണ്ടാവും?   അത് ഒരുപക്ഷെ  സ്നേഹത്തുള്ളികളാവും .  പുലർകാലസൂര്യന്റെ   കിരണങ്ങൾ   അതിൽ പതിച്ചു..!   അത്ഭുതം !!!!   ആ തുള്ളികൾ  വജ്രം പോലെ തിളങ്ങുന്നു !  ഇപ്പൊ  എനിയ്ക്ക്  സന്തോഷമായി.   ഈ കണ്ണുനീർത്തുള്ളി  അത്ര   നിസ്സാരക്കാരിയല്ല !   അത്   വജ്രത്തുള്ളികളാണ്..!    തിളക്കവും  വിലപിടിപ്പുമുള്ള   വജ്രമണികൾ  !!    അത് കൊള്ളാം !

( "കണ്ണുനീർത്തുള്ളിയെ  സ്ത്രീയോടുപമിച്ച  കാവ്യഭാവനേ " ,   നിനക്ക്   എന്റെയും  അഭിനന്ദനം !  ഇതും  നിങ്ങൾ  മുൻകൂട്ടി കണ്ടിരുന്നു  അല്ലെ ? )
-----------------------------------------------------------------------------------

ചൂണ്ടുവിരൽ .
-------------------------

ഞാൻ  ചൂണ്ടുവിരൽ .   തല  ചൊറിയാൻ  മാത്രമല്ല,  ചോദ്യം ചെയ്യാനും  ചൂണ്ടിയകറ്റാനും   നിയോഗിയ്ക്കപ്പട്ടവൾ .     സഹനം  കൊണ്ടും   ശൗര്യം  കൊണ്ടും  സൃഷ്ടിയ്ക്കപ്പെട്ടവൾ..  അഭിമാനമുണ്ട് എനിയ്ക്ക് .   പക്ഷേ  നിങ്ങൾക്കറിയാമോ?  ഞാനൊരു ഒറ്റയാൾപ്പട്ടാളമാണ് .    ആരൊക്കെയോ  എനിയ്ക്ക്  സ്വന്തമായി ഉണ്ടെന്നു  ഞാൻ വെറുതെ  കരുതും .   വെറുതെ  പ്രതീക്ഷിയ്ക്കും...  എന്നാൽ  ഒരു സന്നിഗ്ദ്ധഘട്ടം  വരുമ്പോൾ   എല്ലാരും ഓടിമറയും .   എന്റെ സഹോദരങ്ങളെന്ന്   അല്ലെങ്കിൽ എനിയ്ക്കേറ്റവും  വേണ്ടപ്പെട്ടവരെന്ന്  ഞാൻ  കരുതുന്നവർ  പോലും.   കണ്ടിട്ടില്ലേ?  ഒരു വിരൽ  ചൂണ്ടുമ്പോൾ,  ബാക്കി എല്ലാ വിരലുകളും   പതുങ്ങി ചുരുങ്ങി ഒളിച്ചരിയ്ക്കുന്നത് ?   ഇത്രയും  ഒത്തൊരുമയില്ലാത്തവരെ   ഞാനെന്റെ ജീവിതത്തിൽ   കണ്ടിട്ടില്ല..!   സാരമില്ല ..  പൊയ്‌ക്കോട്ടെ ... എല്ലാവരും  പൊയ്‌ക്കോട്ടെ ..   എന്നാലും ഞാൻ  ചോദ്യം  ചെയ്യും ,  മുന്നറിയിപ്പ് കൊടുക്കും,   ഇഷ്ടമില്ലാത്തത്  ചൂണ്ടിയകറ്റുകയും ചെയ്യും.    ഒറ്റയ്ക്ക്  നിന്ന്   പൊരുതി  ജയിയ്ക്കുന്നതിന്റെ   സുഖം ഒന്ന് വേറെതന്നെയാണ്..!  അതുകൊണ്ട് ,   അഭിമാനത്തോടെ   ഞാൻ  പറയുന്നു ,  ഞാൻ  ചൂണ്ടുവിരൽ !!!
-------------------------------------------------------------------------------------------------------

2017 മാർച്ച് 12, ഞായറാഴ്‌ച

അമ്മയുടെ കത്ത് .

10 അഭിപ്രായ(ങ്ങള്‍)
                                        അമ്മയുടെ  കത്ത് .
                                        --------------------------------

അമ്മയുടെ  മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു .   മരണമറിഞ്ഞ് വന്നവർ   ഓരോരുത്തരായി   മടങ്ങിത്തുടങ്ങി.  മൂന്നോ നാലോ പേര് ബാക്കിയായി .  സഞ്ചയനം   കഴിഞ്ഞ്  അവരും  പോയി .   


പിന്നെ..  പിന്നെ  വൃത്തികെട്ടൊരു   ശൂന്യത  വന്നു പൊതിഞ്ഞു..... മരണപ്പന്തൽ   അഴിച്ചുതുടങ്ങി ...  കസേരകൾ  അടുക്കിത്തുടങ്ങി.   തെക്കുവശത്തേയ്ക്ക് മിഴികൾ  പോകാതിരിയ്ക്കാൻ മനപ്പൂർവ്വം ശ്രദ്ധിച്ചു...  എവിടെയിരുന്നാലാണ്   അല്പം  ആശ്വാസം കിട്ടുക എന്ന് ആലോചിച്ചു ഭ്രാന്ത്  പിടിച്ചു .    ഇക്കഴിഞ്ഞ   ആഴ്ച  വരെ  ,   ആ നിശബ്ദസാന്നിദ്ധ്യത്തിന്  ഇത്രയും  പ്രാധാന്യം തോന്നിയിരുന്നില്ലല്ലോ എന്നോർത്തു .   വിലമതിയ്ക്കപ്പെടാതെ  പോയൊരു നിശ്ശബ്ദസേവനം  എന്ന പാഴ്‌ചിന്തയിൽ   സ്വയം   പുച്ഛം   തോന്നി.


വെറുതെ  അമ്മയുടെ   മുറിയിൽ പോയിരുന്നു..... 


അമ്മയുടെ വസ്ത്രങ്ങൾ... അമ്മയുടെ മേശ... അലമാര ...  പെൻസ്റ്റാൻഡിൽ   പേനകൾ... മേശപ്പുറത്ത്  അടുക്കിവെച്ച പുസ്തകങ്ങൾ...


 കുളിമുറിയുടെ  വാതിൽ  മെല്ലെ   തുറന്നു....  ബ്രഷ് ..പേസ്റ്റ് .. ബോഡി ഷാമ്പൂ...ഹെയർ ഷാമ്പൂ..സ്റ്റാൻഡിൽ   തൂക്കിയിട്ട തുവർത്ത് ...  എല്ലാം   ആദ്യമായി   കാണുന്നതുപോലെ   നോക്കി...


വീണ്ടും   മുറിയിൽ  വന്നിരുന്നു..   നനുനനുത്തൊരു   സുഗന്ധം  മുറിയിൽ  തങ്ങിനിന്നിരുന്നു..  ഇത്   പരിചയമുള്ള  ഗന്ധമാണ്...  അമ്മ   അടുത്തു  വരുമ്പോഴുള്ള   ഗന്ധം... അലക്കിത്തേച്ച   വസ്ത്രത്തിന്റെയാണോ ?   നെറ്റിയിലെ ഈറൻ ചന്ദനക്കുറിയുടേതാണോ ?  അതോ അമ്മയുടെ ശരീര ഗന്ധമോ?    ഇത്  ഇതിനുമുൻപ്   ശ്രദ്ധിച്ചിരുന്നില്ലല്ലോ എന്നും ഓർത്തു .


വസ്ത്രങ്ങളിരിയ്ക്കുന്ന   അലമാര   തുറന്നു.   അതിനുള്ളിലും  അതേ  ഗന്ധം !   അമ്മയുടെ   ഗന്ധം !  വസ്ത്രങ്ങളോരോന്നും വെവ്വേറെ  അടുക്കിവച്ചിരിയ്ക്കുന്നു ..


മനസ്സിൽ  വല്ലാത്തൊരു  തിക്കുമുട്ടൽ   അനുഭവപ്പെട്ടു .    അലമാരയിലെ   അടുക്കിവെച്ച   വസ്ത്രങ്ങൾക്ക്  മുകളിൽ  മുഖമമർത്തി നിന്നു ..... ഏറെ   നേരം ....  അമ്മയുടെ   ഗന്ധമറിഞ്ഞ് ....


വല്ലാത്തൊരു  മൗഢ്യം ... ഭയപ്പെടുത്തുന്ന  നിശ്ശബ്ദത .. 


അമ്മയുടെ  മേശ   തുറന്ന് നോക്കി.   കുറെ   വെള്ളക്കടലാസുകൾ ..   കുത്തിക്കുറിച്ച   ഡയറികൾ ...    വായിച്ചു തീർന്ന   താളിൽ   അടയാളം  വച്ച   പുസ്തകങ്ങൾ..   കഥയെഴുതി  പൂർത്തിയാക്കി  പിൻ  ചെയ്ത  കടലാസുകൾ..   പാതിയെഴുതി   നിർത്തിയ   കവിതകൾ...  


വെറുതെ  അതൊക്കെയൊന്ന്   തഴുകി....   വെറുതെ ....


അടയ്ക്കാൻ  തുടങ്ങിയ   മേശവലിപ്പിനുള്ളിലേയ്ക്ക്   വീണ്ടും   ആകാംക്ഷയോടെ   ശ്രദ്ധിച്ചു.   റൈറ്റിങ്  പാഡിൽ   ഒരു കത്ത് !  കഥയാണോ?  ആവില്ല.   അല്ലെങ്കിലും  അമ്മ ,   എന്നും  പറയാനുള്ളത് , ഇങ്ങനെ അക്ഷരങ്ങളിലൂടെ  ,   വീശിയെറിഞ്ഞ   കല്ലുകൾ  പോലെ  എവിടേക്കെങ്കിലും എറിഞ്ഞിടാറുണ്ട്... ആരെങ്കിലും എപ്പോഴെങ്കിലും   കണ്ടെടുത്തോട്ടെ    എന്ന  ഭാവത്തിൽ... 


സംബോധനയില്ലാത്ത   കത്ത്..  അതിൽ ഇങ്ങനെ   എഴുതിയിരുന്നു...


"  കാലം   തന്ന   അശാന്തികൾക്കിടയിൽ   പാഴായിപ്പോയത്   എൻ്റെ   കൊച്ചുകൊച്ചു  സ്വപ്‌നങ്ങൾ..    'സ്വയബഹുമാനം  നഷ്ടപ്പെട്ട  പുരുഷന്റെ   നിസ്സഹായത '    എന്ന തത്വം   ഉൾക്കൊള്ളാൻ   ശ്രമിച്ച്   ഞാനേറെ   നൊന്തു.    നോട്ടം  കൊണ്ടും ,  ഭാഷ   കൊണ്ടും ,  ചേഷ്ട   കൊണ്ടുമൊക്കെ  വ്യക്തിത്വത്തിലും   സ്ത്രീത്വത്തിലും   അഗാധ മുറിവുകളേൽക്കുമ്പോഴും ,   എന്നിലെ   സ്ത്രീ   എന്നും  സമരത്തിലായിരുന്നു.   വൈകാരികാന്ധതയുടെ   പടച്ചട്ടയണിഞ്ഞ്  എന്നും ഞാൻ  യുദ്ധത്തിലായിരുന്നു .   തളരാതിരിയ്ക്കാൻ  ആ പടച്ചട്ടയെനിയ്ക്ക്   ആവശ്യവുമായിരുന്നു.   എന്നെയൊരു   തീക്കനലാക്കി   മാറ്റിയ   സാഹചര്യങ്ങളോടെനിയ്ക്ക്   നന്ദിയുണ്ട്.   


എന്നാൽ ,   സമയത്ത്   കേടുകൾ   തീർക്കാതെ ,   എണ്ണ  കൊടുക്കാതെ  തുരുമ്പിച്ച്  പോകുന്നൊരു   യന്ത്രമായി   മാറുന്നുണ്ട്   ഞാൻ .    തുരുമ്പിച്ച്   ദ്രവിച്ച്   ഏതു നിമിഷവും   പൊടിഞ്ഞ്   താഴെ വീഴാവുന്നൊരു   യന്ത്രം.    പക്ഷേ   ഞാനത്   കാര്യമാക്കുന്നേയില്ല .   സ്വയം    തിരിച്ചറിയുക   എന്നതാണ്   ഒരു  വ്യക്തിയുടെ   ജീവിതത്തിൽ   ഏറ്റവും  മഹത്വമാർന്ന   കാര്യമെന്ന്   ഞാൻ മനസ്സിലാക്കുന്നു .    


മരണം   എന്ന   അനിവാര്യത   ഒന്നിന്റെയും   അവസാനമായി   ഞാൻ   കാണുന്നില്ല.    ഒന്നിൽ നിന്നും    മറ്റൊന്നിലേയ്ക്കുള്ള   ചുവടുമാറ്റം .    അടുത്ത  ചുവടിൽ   എന്താണെന്നറിയാനുള്ള   ആകാംക്ഷയിൽ ,   മരണം  പോലും  എനിയ്ക്ക്   അതിമനോഹരം..!    


അവൻ അതിഥിയാണ് .    നാളും  തിഥിയും  നോക്കേണ്ടാത്തവൻ.  മുൻകൂട്ടി  അറിയിയ്ക്കാതെ   വരുന്നവൻ ..  അനുവാദമില്ലാതെ   കയറിവന്ന് ,   അനുവാദമില്ലാതെ   ഇറങ്ങിപ്പോകാൻ   അധികാരമുള്ളവൻ.   എന്ന് , ഏത്  സമയത്തും  വന്നുചേർന്നേക്കാവുന്ന   ആ  അതിഥിയെക്കുറിച്ച്   ഞാൻ  ആകാംക്ഷാഭരിതയാവുമ്പോൾ ,   തിരുത്തിക്കുറിയ്ക്കുന്നത് ,   'മരണം  രംഗബോധമില്ലാത്ത  കോമാളി '    എന്ന പഴയ പല്ലവി..!


മക്കളേ ,   ജഡമായിക്കിടക്കുമ്പോൾ ,    എൻ്റെ    വരണ്ട   ചുണ്ടുകളിൽ   ഭക്ഷണം   വച്ച്   നിങ്ങളെന്നെ   നോവിയ്ക്കരുത് ..   കണ്ണീരിന്റെ    അകമ്പടിയില്ലാതെ   എത്രയും  വേഗം  എന്നെ   മണ്ണോട്   ചേരാൻ   അനുവദിയ്ക്കണം.


നിങ്ങളെന്റെ   ഛായാചിത്രം   ഒരിയ്ക്കലും   ഭിത്തിയിൽ   തൂക്കരുത്.   ആദ്യം   അസ്വസ്ഥതയായി ,    പിന്നെ   പൊടി പിടിച്ച്    ചുമരിന്   അഭംഗിയായി ,    പിന്നെ   മച്ചിന്റെ   മുകളിൽ   അനാഥമായി.....   അത്   വേണ്ട.    ഒരു   ഛായാചിത്രമായിരുന്ന് ,    'ഞാനിവിടെയുണ്ടായിരുന്നു'   എന്ന്   നിരന്തരം   നിങ്ങളെ   ഓർമ്മിപ്പിച്ചുകൊണ്ടിരിയ്ക്കാൻ    ഞാനിഷ്ടപ്പെടുന്നില്ല .  അത്   നിങ്ങളിൽ   അടിച്ചേൽപ്പിയ്ക്കപ്പെടുന്ന   ഒരു  ബാധ്യതയാകും .   അത്   വേണ്ട.


എന്നെങ്കിലും എന്നെ   നിങ്ങളോർത്താൽ ,   എന്നെയൊന്ന്   കണ്ടെങ്കിലെന്ന്   തോന്നിയാൽ ,   തോന്നിയാൽ   മാത്രം  നിങ്ങളെന്റെ   അക്ഷരങ്ങൾ   തേടുക.    ആത്മരക്തം   കൊണ്ട്   ചായം   പുരട്ടിയ   അക്ഷരങ്ങൾ... അതിൽ   ഞാനുണ്ട്...  എന്റെ  ജീവനുണ്ട്..  അത്   നിങ്ങളോട്   മിണ്ടും....ചിരിയ്ക്കും.... കരയും.... കിന്നാരം പറയും... ഓമനിയ്ക്കും ... ഒരിയ്ക്കലും   അക്ഷരങ്ങൾ   ബാദ്ധ്യതയാവില്ല  കുഞ്ഞുങ്ങളേ ...


മക്കളേ ,    നിങ്ങളെന്റെ   അസ്ഥിത്തറയിൽ   ഒരിയ്ക്കലും   വിളക്ക്   വയ്ക്കരുത്.    അത്   കാണാൻ   അവിടെ   ആരിരിയ്ക്കുന്നു ?   ഒരു   മിന്നാമിനുങ്ങ് വെട്ടത്തിനു   കൊതിച്ച് ,   വേദനയോടെ   ഇരുളിലേക്ക്  മറഞ്ഞുപോയ   മേഘമൗനമോ ?    ഇല്ല....   അത്   ഏതോ   അജ്ഞാതതീരങ്ങളിൽ    പെയ്തൊഴിഞ്ഞിരിയ്ക്കുന്നു ... 


നിങ്ങൾക്ക്   ചുറ്റുമുണ്ടായിരുന്ന   അമ്മയെന്ന   നിശബ്ദത   ഇനിയില്ല..   എന്നെങ്കിലും   ഒരു   തിരി   എനിയ്ക്കായി   തെളിയിക്കണമെന്ന്   നിങ്ങൾക്ക്   തോന്നിയാൽ ,   തോന്നിയാൽ   മാത്രം  തെളിയിയ്ക്കുക .   അസ്ഥിത്തറയിലല്ല ..  ആൽത്തറയിൽ.   അക്ഷരങ്ങളുടെ   ആൽത്തറയിൽ... 


ഒരിയ്ക്കലും   ഉടയാത്തൊരു   ശിലാമൗനവുമായി   ഇനിയും   നിലയ്ക്കാത്ത  യാത്ര  ... 


സ്നേഹത്തോടെ  ,  സ്വന്തം അമ്മ .  "


കത്ത്  കൈയ്യിലിരുന്ന്  ചെറുതായി വിറച്ചു...  


 "അരുത് "    എന്നൊരേയൊരു  വാക്കിൽ  സർവ്വ   ആചാരങ്ങളേയും   എന്നെന്നേയ്ക്കുമായി   അമ്മ  ഉപേക്ഷിച്ചുകളഞ്ഞു .!     


ചിന്തകൾ   കൊണ്ട്   നരകത്തിൽ  സ്വർഗ്ഗം തീർത്ത് ,    നഷ്ടങ്ങളെ   എന്നെന്നേയ്ക്കുമായി   അമ്മ    നിഷേധിച്ചുകളഞ്ഞു ..!


















2017 ഫെബ്രുവരി 19, ഞായറാഴ്‌ച

ഋതുഭേദകൽപനകൾ .

3 അഭിപ്രായ(ങ്ങള്‍)



                                                ഋതുഭേദകൽപനകൾ .
                                                --------------------------------------



നാട്ടുവഴിയിലെ  ഓരം ചേർന്ന് കിടന്ന  പാറക്കല്ലിൽ  ഋതുഭേദങ്ങൾ   ഇങ്ങനെ  കൊത്തിയിട്ടിരുന്നു ...


"എനിയ്ക്ക് കിട്ടിയത്  ഞാൻ നിങ്ങൾക്ക് തന്നു..."


ഋതുഭേദങ്ങൾ   തഴുകിയത് കൊണ്ടാവും  അതിന്റെയുള്ളിൽ നിന്നും  ഒരു  ചെറിയ  ഉറവ  കിനിഞ്ഞിരുന്നു ..!   ഇതുവരെ   ആരും  കാണാത്തതുകൊണ്ടാവും  അതിനിത്ര   പരിശുദ്ധി..!


നാട്ടുവഴിയിലെ  പൊടി മൂടിയ  ഓരോ കാൽപ്പാടുകളും   ഓരോ കഥ പറഞ്ഞു.   ഋതുഭേദങ്ങളുടെ കഥ...


  നീണ്ടു  വെളുത്ത് മെലിഞ്ഞ ഓമനത്തമുള്ള വിരലുകളും , നീട്ടി വളർത്തി  ചായം  പുരട്ടി  മനോഹരമാക്കിയ  നഖങ്ങളും കണ്ട്  കൂർത്ത കണ്ണുകൾ പറഞ്ഞു..


" വെട്ടിക്കള .. "


 തന്നിൽ കൊതിയോടെ നോക്കിയ കണ്ണുകളെയെല്ലാം സ്മരിച്ച്  പാവം വിരലുകൾ... വിരഹവേദന താങ്ങാനാവാതെ  നഖങ്ങൾ മരണം പൂകി..


നീണ്ടു മെലിഞ്ഞ കൈകളിൽ  തുള്ളിക്കളിച്ച കുപ്പിവളകളുടെ കിലുക്കം കേട്ട് അസഹ്യതയോടെ   കാതുകൾ  ആജ്ഞാപിച്ചു..


"പൊട്ടിച്ച്‌  കള "..


കുപ്പിവളച്ചില്ലുകളുടെ കിലുക്കം സ്വപ്നം തകർന്ന ശബ്ദം  പോലിരുന്നു..


കാറ്റിൽ പറക്കുന്ന   നീണ്ട  അളകങ്ങളെ  തൂത്തെറിഞ്ഞ്  ഒരു അശ്ശരീരി .....


"നാശം..ഇതിനിത്ര ഭംഗി  വേണ്ട"


സ്നേഹത്തോടെ മുഖം വെട്ടിച്ച്  ചിരിയ്ക്കുമ്പോൾ  , ഊഞ്ഞാലാടുന്ന   ജിമുക്കികളെയും  ശപിച്ചു....


"ഊരിക്കള "..


"   ഈ  നീണ്ടു വിടർന്ന  കണ്ണുകൾ  കൊണ്ട്  ആരെയും നോക്കല്ലേ ..  ക്ഷണിയ്ക്കുന്ന കണ്ണുകളാണ് ...ഇതെനിയ്ക്ക് മാത്രം മതി... എനിയ്ക്ക് ചുംബിച്ചുറക്കാൻ  ...ചുംബിച്ചുണർത്താനും " .. ( അത് പണ്ട്  കേട്ട് മറന്ന സ്നേഹത്തിന്റെ കുറുകലായിരുന്നു...!)  മറന്നതോ?   അതോ  മറന്നെന്ന്  നടിച്ചതോ?   


കണ്ണുകൾ  കുത്തിപ്പൊട്ടിയ്ക്കാൻ    പറയുമോ എന്നോർത്ത്  ഭയന്ന് ...  കാൽപ്പാടുകൾ  അമ്മയുടെ ഗർഭപാത്രം അന്വേഷിച്ചു...


പാറക്കല്ലിൽ ലിഖിതങ്ങൾ  ഒരിയ്ക്കലും മാഞ്ഞില്ല..!  അതൊരുപാട് കഥകൾ പറഞ്ഞു ...സ്നേഹത്തിന്റെ ..  സ്നേഹശൂന്യതയുടെ .. ചതിയുടെ .. പ്രണയത്തിന്റെ... പ്രണയനഷ്ടങ്ങളുടെ ...ഊടും പാവും ചേർത്ത കഥകൾ....


അതിൽ   പുതിയൊരു  ലിഖിതം കൂടി   തെളിഞ്ഞു...


"എനിയ്ക്ക്  കിട്ടാത്തതും കൂടി  ഞാൻ  നിങ്ങൾക്ക് തരുന്നു.. കാരണം ,  ഞാൻ  നിങ്ങളെ സ്നേഹിയ്ക്കുന്നു .." 

                          -------------------------------------------------------------------



2017 ഫെബ്രുവരി 8, ബുധനാഴ്‌ച

സുഖം ... സുഖകരം... ശാന്തം...

11 അഭിപ്രായ(ങ്ങള്‍)

                                 സുഖം ... സുഖകരം.... ശാന്തം...
                              --------------------------------------------------------



തണുത്ത  വെളുപ്പാൻകാലത്ത്   എന്നോടൊപ്പം   ഓടിയെത്തുന്ന   ധ്രൂവനക്ഷത്രത്തെ   നോക്കി   ഞാനിരുന്നു.....    പിന്നോട്ടോടിമറയുന്ന   വീടുകളും   ശ്രദ്ധിച്ചു .. ചില  വീടുകൾ   ഇരുട്ട്   മൂടിക്കിടന്നു...   ചില  വീടുകളിലെ  ഏതെങ്കിലുമൊരു   കോണിലെ   മുറിയിൽ   വെളിച്ചം  കണ്ടു ...   അവിടത്തെ   വീട്ടമ്മ   ഉണർന്ന്   അടുക്കളയിൽ   കയറിയിരിയ്ക്കണം.    ചില  വീടുകളിൽ  മുകളിലത്തെ   നിലയിൽ   ഏതെങ്കിലുമൊരു   മുറിയിൽ  വെളിച്ചമുണ്ടായിരുന്നു ....  അവിടുത്തെ  കുട്ടികൾ   ഉണർന്ന്  പഠിയ്ക്കുകയാവണം ...


നടക്കാൻ   പോകുന്ന  ആളുകളും , മിൽമയിലേക്കുള്ള   പാലും ,  പത്രക്കെട്ടുകളും   ഓടിയോടി മറഞ്ഞു .   


വാഹനത്തിന്റെ  ചില്ലുകൾ  താഴ്ത്തി ,  തണുത്ത  കാറ്റേറ്റ്   പറക്കുന്ന   മുടിയിഴകളെ  തെരുതെരെ    മാടിയൊതുക്കി  കുളിരാൻ   തോന്നി എനിയ്ക്ക് ....


റേഡിയോയിൽ നിന്നും   നേർത്ത   സ്വരത്തിലുയർന്ന    ഭക്തിഗാനങ്ങൾ    എന്നെ   മെല്ലെ   താരാട്ടിത്തുടങ്ങി ...  ഒരു   പാതിമയക്കം ...


പിന്നെ  സൂര്യൻ !      ചിലപ്പോൾ   മരച്ചില്ലകൾക്കിടയിലൂടെ ...ചിലപ്പോൾ   കെട്ടിടങ്ങൾക്കിടയിലൂടെ    ചുവന്ന സൂര്യൻ !!        സുപ്രഭാതം   പറഞ്ഞ്   ചുവന്ന  മേഘങ്ങൾ..!    മയക്കം  എവിടെയോ  മറഞ്ഞു .   നിറം   മാറി വരുന്ന   സൂര്യനെ  നോക്കി    കണ്ണുകൾ   ചിമ്മിപ്പിടഞ്ഞു .അവിടവിടെ   ചെറിയ   മഴമേഘത്തുണ്ടുകളുണ്ടായിരുന്നു .        സൂര്യന്റെ   നടുവിലൂടെ   ഒരു  നീളൻ   മേഘത്തുണ്ട്  കറുത്ത  ചായം  പുരട്ടി.    അത് കണ്ടപ്പോൾ   നല്ല  രസം..!    


സൂര്യൻ   വെളുപ്പിന്  കുളിച്ച്   ക്ഷേത്രത്തിൽപ്പോയി   ഗണപതി ഹോമം   തൊഴുത്   പ്രസാദം   തൊട്ടതുപോലെ  തോന്നി..!


ഇളം മഞ്ഞിനെ   ചുംബിച്ച്  ഇളവെയിൽ ..


വഴിയരികിൽ   നിറയെ   പൂത്ത  ശീമക്കൊന്നകൾ  !  ഞാനെന്നും  സ്നേഹിച്ച ,  എന്നെയെന്നും   സ്നേഹിച്ച ,    എന്റെ  ബാല്യകൗതുകങ്ങളെ   സമ്പുഷ്ടമാക്കിയ    ശീമക്കൊന്നകൾ !    വെള്ളിപ്പാദസരമിട്ട ,  നീളൻ മുടി   രണ്ടായി  പിന്നിക്കെട്ടിയ   മൂന്നാം ക്ലാസ്സുകാരി   ശിവനന്ദ   മുന്നിൽ വന്നു നിറഞ്ഞു .. 


ഓർമ്മയില്ലേ ?    ആ  ശിവനന്ദയെ  ?    മൂന്നാം ക്ലാസ്സിലെ  കരുമാടിക്കുട്ടൻ   കേശവൻ  ,  ശീമക്കൊന്നപ്പൂക്കളെ   സ്നേഹപ്പൂക്കളായി   കുഞ്ഞു  ശിവനന്ദയ്ക്ക്   കൊടുത്തതോർമ്മയില്ലേ ? 


ഒപ്പം   മറ്റൊരു  സുഹൃത്തിനെയും  ഓർത്തു.    രണ്ടുപേരെയും   ഒരേസമയം   ഓർക്കാൻ   കാരണമുണ്ട് .    രണ്ടുപേരും   രണ്ട്‌    എക്സ്ട്രീം  ആണ് .    


ഒരാൾ   വൈരൂപ്യത്തിൻ്റെ   എക്സ്ട്രീം .    മറ്റെയാൾ   സൗന്ദര്യത്തിന്റെ   എക്സ്ട്രീം .


ഒരാൾ   കറുത്ത  കരുമാടിക്കുട്ടൻ .   മറ്റേയാൾ   നല്ല പവൻ മാറ്റ് .


ഒരാൾ   പൂക്കളിൽ   സ്നേഹം  നിറച്ചു തന്നു.   മറ്റേയാൾ    വാക്കുകളിൽ   മുള്ളുകൾ   നിറച്ചു തന്നു.


വെറുതേ   ഓർത്തുകൊണ്ടിരുന്നു.....


രണ്ട്  സുഹൃത്തുക്കളേയും   ഒരുപാട്   സ്നേഹിച്ചു .   രണ്ടുപേരും   സ്നേഹത്തിന്റെ   രണ്ട്   മുഖങ്ങളായിത്തോന്നി .   പിന്നിട്ട   വഴികളിൽ , സ്വയം  ഏറ്റെടുത്ത ,   അല്ലെങ്കിൽ   അടിച്ചേൽപ്പിയ്ക്കപ്പെട്ട   വേദനകളാവാം ,  മുന്നോട്ടുള്ള  വഴികളിൽ   മുള്ളുകളായി   വാരിയെറിഞ്ഞത്  എന്ന്  ചിന്തിച്ചപ്പോൾ ,  രണ്ടാമത്തെ സുഹൃത്തിനോട്   അല്പം  വാത്സല്യവും  കൂടി തോന്നി .


അല്ലെങ്കിലും  മനുഷ്യർക്ക്   പരസ്പ്പരം   വെറുക്കാൻ   ഒരുപാട്   കാരണങ്ങളുണ്ട് .    സ്നേഹിയ്ക്കാനാണ്   കാരണങ്ങൾ   കുറവ്.   അതുകൊണ്ട്   ഞാനെന്നും   സ്നേഹിയ്ക്കാനുള്ള   കാരണങ്ങൾ   കണ്ടുപിടിച്ചു .    


പിന്നെയും  പിന്നെയും  മനസ്സൊഴുകി ......


ശരവണ ഭവനിൽ  നിന്നും   പാതി  വെന്ത  ഇഡ്ഡലി  പ്രഭാത ഭക്ഷണമാക്കിയതോടെ   ചിന്തകളുപേക്ഷിച്ച്   ഞാനുറങ്ങി...


ഉറങ്ങിയും   ഉണർന്നും   ചിന്തിച്ചും  യാത്ര....


ആ  യാത്രയിൽ  ഞാനവളെ  കണ്ടു... തങ്കമണിയെ ..  അറിവിനെ   അറിവില്ലായ്മ കൊണ്ട് തോൽപ്പിച്ചവൾ  !    


ഭർത്താവ്   ഉപേക്ഷിച്ചു ..  അമ്മയ്ക്ക്   സ്നേഹവും   സംരക്ഷണവും   കൊടുക്കാത്ത  ഒരു  തോന്ന്യവാസി   മകൻ   ഉള്ളതും   ഇല്ലാത്തതും   ഒരുപോലെ...  ഇതിനു  മുൻപ്   കണ്ടപ്പോൾ ,   മകന്റെ   അവഗണനയെച്ചൊല്ലി   അവളെന്നോട്  ആവലാതിപ്പെട്ടു..  അന്ന്   ഞാൻ  പറഞ്ഞു ,


"ജനിയ്ക്കുമ്പോൾ   നമ്മളെല്ലാവരും   ഒറ്റയ്ക്കല്ലേ   തങ്കമണി ?    പിന്നീടുള്ള   യാത്രയിൽ   കൂടെക്കൂടുന്നവരാണ്   ബാക്കിയുള്ളവരെല്ലാം  .    പലർക്കും   പലവഴി   പിരിഞ്ഞ്   പോകേണ്ടതാണ് .    അങ്ങനെയൊന്ന്   കരുതി നോക്കിയേ ....    കാശ്   വല്ലതും   കൈയ്യിലുണ്ടേൽ     സൂക്ഷിച്ചു  വച്ചോ .    അവനവന്റെ   കൈ   എപ്പോഴും   അവനവന്റെ   തലയിണച്ചോട്ടിൽ  ഇരിയ്ക്കണം.."


ഞാൻ  പറഞ്ഞതിൽ   എന്തൊക്കെ   അവൾക്ക്   മനസ്സിലായെന്നറിയില്ല .   എന്നാലും   അവളുടെ   കണ്ണുകൾ   വിടർന്നു.   എന്നോടവൾ   പറഞ്ഞു,


" മാളൂന്റമ്മ   നല്ലതാ... എനിയ്ക്കങ്ങിഷ്ടപ്പെട്ട് "


തങ്കമണി   ഇപ്പോൾ   തിരുവനന്തപുരം ആർ സി സി  യിൽ    ചികിത്സയിൽ .    അർബുദം  അവളുടെ   ഗർഭപാത്രവും   ഓവറിയും   കൈയ്യേറി   മുന്നോട്ടു   പോകുന്നു .   മൂന്നാം ഘട്ടത്തിലാണ് ..


വീട്ടുജോലിക്കാരിയാണവൾ.    ജോലി  ചെയ്യുന്ന വീട്ടിലുള്ളവർ   വളരെ  നല്ല  ആളുകൾ .    അവർ   മുൻകൈയെടുത്താണ്   അവളെ   ചികിൽസിയ്‌ക്കുന്നത് .   നിരന്തരമുള്ള   ആശുപത്രി യാത്ര   അവളെ   മടുപ്പിച്ചു .    ആശുപത്രിയിൽ   പോകാൻ   മടിച്ച   അവളോട്   അവർ   പറഞ്ഞു ,


"ചികിൽസിച്ചു   മാറിയാലല്ലേ   നിനക്കിനി  വീണ്ടും   ജോലി   ചെയ്യാനാവൂ?   ജോലി  ചെയ്ത  ജീവിയ്ക്കണ്ടേ  ? "


ഓ ..  അങ്ങനെയൊരു   കാര്യമുണ്ടല്ലേ ...അവളപ്പോഴാണ്   അതോർത്തത് .    ജോലി  ചെയ്യണം .  അതിനായി   ചികിൽസിയ്‌ക്കണം .  ശരി. അങ്ങനെയാവാം...  ജോലി   ചെയ്യാൻ  വേണ്ടി   അവൾ   ചികിത്സ   തുടരാമെന്ന്   തീരുമാനിച്ചു.


ഡോക്ടറെ  കാണാൻ   ചെന്നപ്പോൾ ,   കട്ടിലിൽ   കിടക്കാൻ   പറഞ്ഞിട്ട്   അവൾ   കൂട്ടാക്കിയില്ല.   


"ഓ  എനിയ്ക്കൊരു  കൊഴപ്പോല്യ ..  ഞാ വിടിരുന്നോളാ .."


കട്ടിലിൽ   കിടന്നാൽ   രോഗിയായിപ്പോകുമോ   എന്ന്  ഭയന്നിട്ടോ  അതോ   എന്നെയങ്ങനെ   രോഗിയാക്കാമെന്നാരും   കരുതണ്ട   എന്ന ശൗര്യം   കൊണ്ടോ  എന്തോ....   അവൾ  ഊർജ്ജസ്വലയായി   കസേരയിൽ   ഇരുന്നു.


വാർഡിൽ   ഓരോരുത്തരോടും   അവൾ   കുശലം   ചോദിച്ചു ..


"എന്തര്   സോക്കേട് ?"


"കാൻസർ  "


ഓരോരുത്തരും   പറഞ്ഞപ്പോൾ ,   അവൾക്ക്   വല്ലാത്ത   സഹതാപമായി   ആ  രോഗികളോട് .


"അയ്യയ്യോ..  എല്ലാർക്കും  കാൻസറ്   !   പാവം ല്ലേ ..."


എല്ലാവർക്കും   കാൻസർ .    അവൾക്ക്  മാത്രം   അതൊന്നുമല്ല.   നിസ്സാരമായ   എന്തോ   വേദന !   അവളപ്പോഴും   ഊർജ്ജസ്വലയായിത്തന്നെ..    അറിവില്ലായ്മ    ജയിയ്ക്കുന്നു !


"ഇതൊക്കെ   നീര്   വന്ന്   നാശമായി .  ഇത്   നമുക്കങ്ങ്   കളയാം   തങ്കമണി ..  എന്നാലേ   ഇനി   ആരോഗ്യമുണ്ടാകൂ.."


ഡോക്ടർ   പറഞ്ഞു .


പിന്നേ ..ആരോഗ്യം   വേണം.. അതിനുവേണ്ടി   എന്ത്  കളഞ്ഞാലും  വേണ്ടൂല്ല ....   അവൾക്ക്   നൂറു വട്ടം   സമ്മതം..!


ഗർഭപാത്രവും   ഓവറിയും   നീക്കം ചെയ്തു.



" കുറച്ച്  വേദന  നമുക്ക്   സഹിയ്ക്കാം   തങ്കമണി .. അസുഖം മാറി  ജോലി  ചെയ്ത്    ജീവിയ്ക്കണ്ടേ..?"


അത്  വേണം..അത് വേണം.. ജോലി  ചെയ്ത്  ജീവിയ്ക്കണം ....വേദനയെനിയ്ക്ക്  പുല്ല് ...


അതായിരുന്നു   അവളുടെ   ഭാവം.    കീമോ തെറാപ്പിയ്ക്ക്   മുൻപ്   ഡോക്ടർ  പറഞ്ഞു ,


"  മുടിയൊക്കെ   കൊഴിഞ്ഞ് പോകും  കേട്ടോ  തങ്കമണി.. പക്ഷെ അതിനു ശേഷം   തല  നിറയെ   മുടി  വരും "


"ഓ ... പിന്നെന്തര് ... ഇപ്പൊ   കുറച്ചു  മുടിയേ  ഒള്ളു ..അതങ്ങു  പോട്ട് ..  ഇനി  വരുമ്പം   നെറയെ  വരൂലോ "


അതായിരുന്നു   അവളുടെ  മറുപടി..


എനിയ്ക്കറിയില്ല,   ഈ  അറിവില്ലായ്മയെ   എങ്ങനെ   ആദരിച്ചാൽ   മതിയാകുമെന്ന് ...   കാൻസറിനെക്കുറിച്ചൊരു   വ്യക്തതയുണ്ടായിരുന്നെങ്കിൽ  അവൾ   പണ്ടേ   മരിച്ചു പോയേനെ.   ഒന്നുമറിയാത്തതുകൊണ്ടുള്ള    അവളുടെ   മനഃസ്ഥൈര്യം ..!    


ആ  വീട്ടിലെ   പയ്യൻ   പറഞ്ഞു ,


"ഒരുപാട്   അറിവുണ്ടാകുമ്പോൾ   നമ്മുടെ  മനസ്സമാധാനം   പോകുന്നു .   ഒന്നും  അറിയില്ലാത്തതാണ്   നല്ലത്...  ഒരു  ടെൻഷനുമില്ല....തങ്കമണിചേച്ചിയെപ്പോലെ .."


എന്നാലും   ആ  ഒപ്റ്റിമിസ്റ്റിക്ക്    ചിന്താഗതിയെ   എത്ര  ആദരിച്ചിട്ടും എനിയ്ക്കു മതിയായില്ല...!    ഇപ്പോഴത്തെ  വേദനയെക്കുറിച്ചോ   നഷ്ടങ്ങളെക്കുറിച്ചോ  അല്ല   അവളുടെ   ചിന്ത .    അതിനപ്പുറം   കടന്നാലുള്ള   നേട്ടത്തെക്കുറിച്ചു   മാത്രമാണ്.    അറിവില്ലായ്മ  നൽകിയ    നിഷ്ക്കളങ്കതയുടെ  ഒപ്പം,   മറ്റെന്തോ കൂടി   അവളെ  വ്യത്യസ്തയാക്കുന്നു   എന്ന് എനിയ്ക്ക്  തോന്നി.    ഞാനവളെ   വല്ലാതെ   സ്നേഹിച്ചുപോയി...


യാത്രയ്ക്കിടയിൽ   'ശീമക്കൊന്ന'   ഒരു  സംസാര വിഷയമാക്കി   ഞാൻ.    അപ്പോഴാണ്   പുതിയ   വിവരങ്ങൾ   കിട്ടിയത് .    ശീമക്കൊന്ന   ഒരുപാട്  ഓക്സിജൻ   പ്രദാനം  ചെയ്യുന്നുണ്ടത്രേ..!    ശീമക്കൊന്നയ്ക്ക്    എന്തൊക്കെയോ   ഔഷധഗുണങ്ങളുണ്ടത്രേ !    അത്   ചുറ്റുമുള്ള    വായുവിനെ    ശുദ്ധീകരിയ്ക്കുന്നുണ്ടത്രേ ..    ഞാൻ  വളരെ   കൗതുകത്തിലാണ്... വല്ലാത്ത  അതിശയമായി   എനിയ്ക്ക് !    ഞാൻ    തീരുമാനിച്ചു .    ശീമക്കൊന്നയെക്കുറിച്ച്    കൂടുതൽ   അന്വേഷിയ്ക്കണം.    പഠിയ്ക്കണം .     എന്നിട്ട് വേണം   ഒരു    'ശീമക്കൊന്ന വിപ്ലവം '     തുടങ്ങാൻ.   


എന്തൊരു   കഷ്ടമാണെന്ന്   നോക്കണേ ..!     വഴിയരികിലും   , വേലിയ്ക്കലും ,    മതിലരികിലുമൊക്കെ   നിറയെ    പൂത്തുലഞ്ഞ്  നിന്ന   ശീമക്കൊന്നകളത്രയും   വെട്ടിമാറ്റി ,   പകരം    അക്കേഷ്യ   നട്ടുപിടിപ്പിച്ചപ്പോൾ   എല്ലാം   പൂർത്തിയായി.   അല്ല പിന്നെ ....


വെള്ളവും   വായുവുമില്ലാതെ    പിടയ്ക്കുകയാണ്   നമ്മൾ.    ഇനിയും   നമ്മുടെ   കണ്ണ്   തുറന്നിട്ടില്ല .    എന്തായാലും   എനിക്ക്   ശീമക്കൊന്നയോടുള്ള   സ്നേഹം   കൂടി.


സ്നേഹിയ്ക്കാൻ   ഓരോ   കാരണങ്ങൾ...!   എന്താല്ലേ....


ഓരോ   യാത്രയും  - രാവിലെ  ക്ഷേത്രത്തിലേക്കുള്ള   യാത്ര  പോലും -   ഓരോ  അറിവുകളാണ്...  അനുഭവങ്ങളാണ് ....  വഴിയിൽ കാണുന്ന   മണൽത്തരിയും   പുൽക്കൊടിയും   പോലും   എനിയ്ക്കായി   എന്തെങ്കിലും  കരുതി വച്ചിട്ടുണ്ടാകും.    അതിൽ നിന്നെല്ലാം   നുള്ളിയെടുത്ത് ,   ഞാൻ   എല്ലാവർക്കും   പങ്ക് വയ്ക്കും.


മനുഷ്യനെ...  മൃഗങ്ങളെ... മരങ്ങളെ...   എന്തിന്.. ഒരു പുൽക്കൊടിയെപ്പോലും    സ്നേഹിയ്ക്കാൻ   ഓരോ  കാരണങ്ങൾ..!   പിന്നെയിപ്പോഴെന്താ...  ജീവിതം   സുഖം...സുഖകരം...  ശാന്തം.   അല്ലേ ?









 
Copyright © .