2017 ജനുവരി 29, ഞായറാഴ്‌ച

പാഴ്‍യുദ്ധങ്ങൾ .

9 അഭിപ്രായ(ങ്ങള്‍)
അണ്ഡത്തെ തേടിയുള്ള -                

ബീജത്തിന്റെ യാത്രയിൽ -

ത്തുടങ്ങുന്നു യുദ്ധങ്ങൾ !

യുദ്ധം  ജയിച്ചതിജീവനത്തിൻ്റെ

രാഗം പാടുന്നൂ  ഭ്രൂണങ്ങൾ !

പിന്നെയും  മതിയാവാതെ

മനസ്സ്  മനസ്സിനോട്

പ്രഖ്യാപിയ്ക്കുന്നു , സമരങ്ങൾ !

കൈയ്യിൽക്കരുതിയ

സ്നേഹത്തുടിപ്പുകളത്രയും

അക്ഷരങ്ങളിലേക്ക്  കമഴ്ന്നു !

അവയുടെയാഴങ്ങളിലേയ്ക -

മർന്നിറങ്ങുമ്പോഴുമുണ്ടൊരു 

പിടച്ചിൽ... ഒരു തിക്കുമുട്ടൽ ..!

ഒടുക്കം ലാഭനഷ്ടക്കണക്കുകൾ

നോക്കാനൊരുങ്ങുമ്പോ -

ഴില്ല,ക്കങ്ങ,ളക്ഷരങ്ങളും ..

ആത്‌മാവ്‌  നഷ്ടമായ

അക്ഷരരൂപങ്ങൾ നോക്കി

പകച്ചു നിൽക്കുന്നു പാവം

വിഡ്ഢികൾ ..മനുഷ്യർ...




വിനോബാ ജിയുടെ കത്ത്.

4 അഭിപ്രായ(ങ്ങള്‍)
 അറിയാമോ?   മഹാനായ  ആചാര്യ വിനോബാഭാവെയ്ക്ക്  ഒരു    'ആത്‌മീയപുത്രി '   ഉണ്ടായിരുന്നു.   മലയാളിയായ എ .കെ .രാജമ്മ .    പൊതുകാര്യപ്രസക്തനും  സംസ്കൃത പണ്ഡിതനും ഗീതാ വിവർത്തകനുമായ  അയ്യപ്പൻ വൈദ്യന്റെ  അഞ്ചാമത്തെ   മകൾ.   2016  ഡിസംബറിൽ  അവർ  നവതി പിന്നിട്ടു.    പൊന്മുടിയ്ക്ക്   സമീപം   ചൂളിയാൻ   മലയിലെ  വിനോബാ നികേതൻ  ആശ്രമത്തിൽ  അവരുണ്ട്.  ഗാന്ധിയൻ   മൂല്യങ്ങൾക്കായി   സമർപ്പിയ്ക്കപ്പെട്ട  ജീവിതം.   നിശ്ശബ്ദ  സേവനത്തിന്റെയും  ത്യാഗത്തിന്റെയും  പ്രതീകമായ  അവരുടെ ജീവിതം  തന്നെയാണ്  അവരുടെ  സന്ദേശവും.   


സേവാഗ്രാമിലെ   സേവികയായും , ഭൂദാന വിപ്ലവത്തിൽ  വിനോബയോടൊപ്പം ആസേതുഹിമാചലം  കാൽനടയായി  സഞ്ചരിച്ചും ,  അദ്ദേഹത്തിൻറെ   പ്രസംഗങ്ങൾ   പരിഭാഷപ്പെടുത്തിയും ,    സ്ത്രീ ശാക്തീകരണത്തിനായി  ബാബ  , പൗനാറിൽ   ബ്രഹ്മ വിദ്യാ മന്ദിർ  സ്ഥാപിച്ചപ്പോൾ , അതിൻ്റെ  ചുമതലക്കാരിയായും ,  ഇടയ്ക്ക്  കാവി ചുറ്റി ഹിമാലയ സാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും  ജീവിച്ച മനസ്വിനി.   ബാബാ  പലപ്പോഴായി  രാജമ്മയ്ക്കയച്ച  നൂറോളം  കത്തുകൾ  മാത്രം  മതി,   ഇരുവരുടെയും  ബന്ധത്തിന്റെ  തീവ്രതയും   സാന്ദ്രതയും  അളക്കാൻ.


അതിനെക്കുറിച്ചു  ഞാൻ വായിച്ചപ്പോ ,   എനിയ്ക്ക്  വളരെ  അതിശയം തോന്നി.  മറ്റൊന്നുമല്ല,   സ്നേഹം പ്രകടിപ്പിയ്ക്കാനും  പറയാനും ആർക്കും ഇപ്പോൾ സമയവും താൽപ്പര്യവുമില്ല.   സ്നേഹത്തോടെയുള്ളൊരു വാക്ക്....  പരിഗണനയോടെയുള്ളൊരു നോക്ക് ... ഇതെല്ലാം  നമ്മുടെ ജീവിതത്തെ എത്രമാത്രം  താങ്ങി നിർത്തുന്നു!  അല്ലെ?   അതെപ്പോഴും  അങ്ങനെ തന്നെയായിരുന്നു...വലിപ്പച്ചെറുപ്പമില്ലാതെ ,  കാലദേശ ഭേദമില്ലാതെ     എല്ലാ  മനുഷ്യരുടെ  മനസ്സിലും  ഉണ്ട്,   സ്നേഹത്തിനും കരുതലിനും ഒരു ചേർത്ത്  പിടിച്ചുള്ള സാന്ത്വനത്തിനും  ഉള്ള അദമ്യമായ ആഗ്രഹം.    സ്നേഹത്തോടെയുള്ള  ഒരു  വാക്ക്   നമ്മുടെ മനസ്സിൽ എത്ര   സ്വാധീനമാണ് ഉണ്ടാക്കുന്നതല്ലേ ?  


വിനോബാ ജി,  രാജമ്മയ്ക്ക്  അയച്ച    ഒരു കത്ത് നോക്കൂ ..


"പ്രിയപ്പെട്ട   മകളേ ,

ഞാൻ  നിന്റെ  കത്തിന്  വേണ്ടി  എത്ര  പ്രതീക്ഷിച്ചു ..  അവസാനം  എഴുത്തല്ല വന്നത്. മൂന്ന് മാസത്തെ റിപ്പോർട്ട് .!  വെറും  ശുഷ്കം .  എനിയ്ക്ക്  നിന്റെ   കത്ത്   ഈശ്വരാംശമായിരിയ്ക്കുന്നു ... എന്റെ  ഹൃദയത്തിനു  അതിൽ നിന്നും  വളരെ  കുളിർമ   കിട്ടുന്നു .   നിന്റെ  കുറച്ചു   വാക്കുകൾ  കൊണ്ട്  എനിയ്ക്ക്    ആനന്ദം കിട്ടുമെങ്കിൽ ,  നീയെന്തിന്   വാക്കുകളെഴുതാൻ   പിശുക്ക്   കാണിയ്ക്കുന്നു? ............"


 ഇങ്ങനെ പോകുന്നു  ആ കത്ത്..!!!!   


കണ്ടോ !   ഒരു മഹാത്മാവ് ആണ് ഇത് എഴുതിയത് ..!   ഇന്നും  ആ ചോദ്യം  വളരെ  പ്രസക്തമല്ലേ ?   ഈ കത്ത് ആണ് ,  ഇതിവിടെ പങ്കു വയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത്.   വെറുതെ ഒരു ഓർമ്മപ്പെടുത്തൽ...


അതെ ... ഒരു നല്ല വാക്ക് ... ഒരിത്തിരി കരുതൽ... ഒരിത്തിരി പരിഗണന...  എന്തിന്  നമ്മൾ  മടിയ്ക്കണം?????


2017 ജനുവരി 23, തിങ്കളാഴ്‌ച

അക്കേഷ്യാ , നീ തിരിച്ചു പോവുക .. (ലേഖനം )

12 അഭിപ്രായ(ങ്ങള്‍)
           

സഹാറാ മരുഭൂമിയിലെ  കൊടും ചൂടിൽ  കത്തുന്ന തീമരം പോലെ ... ഒറ്റയ്ക്ക്  നിന്നെരിയുന്ന   തീനാളം  പോലെ  നീ  നിന്നു !   നാനൂറ്  കിലോമീറ്റർ   ചുറ്റളവിൽ   ഒരു  പുൽക്കൊടിയുടെ പോലും  കൂട്ടില്ലാതെ ഏകാകിനിയായി...  ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്ന്‌  വരെ !!

മദ്യപിച്ച്   ലക്ക്  കെട്ട   ആ  ലിബിയൻ   ട്രക്ക്  ഡ്രൈവർ ,  നിന്നെ   ഇടിച്ചു   തെറിപ്പിച്ചില്ലായിരുന്നെങ്കിൽ ,  നീയിന്നും   സഹാറയുടെ  തിലകക്കുറി പോലെ  നിൽക്കുമായിരുന്നു  അല്ലെ ?

"ദി ലോൺലി ട്രീ ഓഫ് റ്റെനറെ ".      ഇത് നിനക്ക്  കിട്ടിയ   മരണാനന്തര ബഹുമതി..!    പിന്നെയോ ?   ലോഹ നിർമ്മിതമായൊരു   വൃക്ഷപ്രതിമയും !    അക്കേഷ്യാ !   അത്  നീയായിരുന്നു !!  നീയൊരു  മഹാസംഭവം തന്നെ !!!

പക്ഷേ ,  നിന്നെ   പഠിയ്ക്കാനിറങ്ങിയ   ശാസ്ത്രജ്ഞർ ,  ആ അത്ഭുതം  കണ്ടുപിടിച്ചു !   നിന്റെ  വേരുകൾ  മുപ്പത്തിയാറ്  മീറ്ററിലധികം  ഭൂമിയുടെ   ആഴത്തിലേയ്ക്ക്   തുളച്ചു  കയറിയിരുന്നത്രേ !    നിന്റെ   കഴിവ്   അപാരം തന്നെ !!

പക്ഷേ ..  അക്കേഷ്യാ ...   സൗന്ദര്യം  ചിലർക്ക്  ചിലപ്പോൾ   ശാപമാകുന്നതുപോലെതന്നെ   നിന്റെ   കഴിവുകൾ   നിനക്ക്  ശാപമാകുന്നു...

നാല്പത്തിനാല്   നദികൾ ഉണ്ടായിട്ടും ,  അറബിക്കടലിന്റെയും സഹ്യപർവ്വതങ്ങളുടേയും   താങ്ങും   തണലുമുണ്ടായിട്ടും   മഴക്കാലം   കഴിഞ്ഞാൽ  കേരളം   ഒരു  മരുഭൂമിയായി   മാറിത്തുടങ്ങിയിട്ടുണ്ട് .  മലകളുടെയും  ജലാശയങ്ങളുടെയും  വനങ്ങളുടെയും  നാശത്തോടൊപ്പം   ,  കേരളം  നേരിടുന്ന  വരൾച്ചയുടെ  ഒരു  പ്രധാന പങ്ക് ,  നീ വഹിയ്ക്കുന്നു അക്കേഷ്യാ... പറയാതെ വയ്യല്ലോ എനിയ്ക്ക് ...  അന്വേഷണം   നിന്റെ  പിറകെ  വരും.. തീർച്ച .

ഓസ്‌ട്രേലിയയിൽ   ചതുപ്പ്   നികത്താൻ   നിന്നെ ഉപയോഗിച്ചിരുന്നു   അല്ലെ ?   അവിടെ  നീ അത്രയും  നിസ്സാരയാണ് ???!!!!  

ഞങ്ങളുടെ  വനം വകുപ്പ്   ആഘോഷപൂർവ്വം  നിന്നെ  ഇങ്ങോട്ടു   ആനയിച്ചു കൊണ്ടുവന്നതാണ്.   ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ  തുടക്കത്തിലാണെന്നു തോന്നുന്നു അത്... അതിന്റെ   കാരണങ്ങൾ എന്തോ  ആവട്ടെ ...

"സാമൂഹ്യ വനവത്ക്കരണം'    എന്ന പേരിൽ  കേരളത്തിന്റെ  വഴിയോരങ്ങളിലും  റവന്യൂ ഭൂമിയിലും വനഭൂമിയിലും ഒക്കെ നിന്നെ വളർത്തിയെടുത്തു... പറയാതെ  നിവൃത്തിയില്ല... ഒട്ടും  ആലോചനയില്ലാതെ ചെയ്ത കാര്യം...

"സോഷ്യൽ ഫോറസ്ട്രി "   രൂപീകരിയ്ക്കപ്പെട്ടപ്പോൾ ,  നട്ടുപിടിപ്പിയ്ക്കാൻ ,  പ്രകൃതിയ്ക്കിണങ്ങുന്നതും ഭക്ഷണം ,  ഇന്ധനം ,  വളം ,  ഫൈബർ തുടങ്ങിയ  പ്രയോജനങ്ങൾ   ഉള്ളതുമായ  വൃക്ഷങ്ങളായിരുന്നു  തിരഞ്ഞെടുക്കേണ്ടിയിരുന്നത് .   പൾപ്പിന്  വേണ്ടിയാണത്രെ   നിന്നെ  തിരഞ്ഞെടുത്തത്... അപ്പോപ്പിന്നെ മേൽപ്പറഞ്ഞ  നിബന്ധനകളൊക്കെ  അവർ മറന്നതാകാം... ആവോ...

നീ  പെട്ടെന്ന് വളരും ,   കന്നുകാലികൾ  ആഹരിയ്ക്കില്ല ,  വേലി കെട്ടി സംരക്ഷിയ്ക്കണ്ട ,  എത്ര പ്രതികൂല സാഹചര്യങ്ങളിലും നിലനിന്നോളും . .. ഞങ്ങളുടെ ഭരണകൂടം  നിന്നിൽക്കണ്ട  ഗുണങ്ങൾ  ഇതൊക്കെയാവാം...

പക്ഷേ  തെറ്റ് പറ്റി ... നീ ചതിച്ചു   എന്ന്  ഞാൻ പറയില്ല .. പാവം  നീയെന്ത്   ചെയ്തിട്ടാണ്... എന്നാൽ   ഞങ്ങൾക്ക്  തെറ്റ്  പറ്റി ... നിന്റെ   അതിവ്യാപനം  കൊണ്ട്  ഞങ്ങളുടെ  ഊർവ്വരമായ  മണ്ണിന്റെ  ഘടന തന്നെ  മാറിപ്പോയി ചങ്ങാതി... നീ ഞങ്ങളുടെ കേരളത്തിന്റെ വരൾച്ചയുടെ  ഒരു  ഉൾപ്രേരകവുമായി  മാറി..

അതിഭയാനകമായ   വരൾച്ചയിലേയ്ക്ക്  കേരളം  കടക്കുകയാണ്.. പടിപടിയായി.. സർക്കാരിന്റെ ശ്രമങ്ങൾ പലതും ഫലവത്താവുന്നില്ല .  ഞാൻ   ഉൾപ്പെട്ട  ജനങ്ങളും വേണ്ടതുപോലെ ചെയ്യുന്നില്ലെന്നു വേണം പറയാൻ.

അക്കേഷ്യാ ,   ചോദിയ്ക്കുന്നതുകൊണ്ട്  ഒന്നും തോന്നരുത് ...പിണങ്ങുകയുമരുത്...  കാടുകളിൽ  നിന്നും, പാതയോരങ്ങളിൽ നിന്നും ഞങ്ങളുടെ  കാവുകളിലേയ്ക്കും  നീയിപ്പോൾ രംഗപ്രവേശം  ചെയ്തുവല്ലേ ?

നിന്നെക്കുറിച്ചുള്ള   ആരോപണങ്ങൾ  എത്രയെന്നറിയുമോ  നിനക്ക് ?  കേട്ടോളൂ ...

ജൈവവൈവിദ്ധ്യങ്ങൾക്കും  പ്രകൃതിയ്ക്കും  നീ  ഒരു പ്രയോജനവും  ചെയ്യുന്നില്ല.

മറ്റ്  വൃക്ഷങ്ങളേക്കാൾ വേഗത്തിലും  കൂടിയ   അളവിലും  നീ വെള്ളവും വളവും വലിച്ച്ചെടുക്കുന്നു.

മറ്റു മരങ്ങളെപ്പോലെ  നീ ഈർപ്പം  സംഭാവന ചെയ്യുന്നില്ല.

മെഴുക്  പുരണ്ട  ഇലകളാണ്  നിനക്ക് .  അതിനാൽ,  മണ്ണിൽ  മറ്റു ഇലകളെപ്പോലെ  വേഗം ചീഞ്ഞ് ചേരുന്നില്ല.   സൂക്ഷ്മ ജീവികൾ  നിന്റെ ഇലകളെ വെറുക്കുന്നുണ്ടാവും അല്ലെ ?

നീ മറ്റ്  നാട്ടുമരങ്ങളെ വളരാൻ അനുവദിയ്ക്കുന്നില്ല.. (അല്ല, അത് ശരിയാണോ നീ അങ്ങനെ ചെയ്യുന്നത്?)

കാറ്റിലൂടെയും  വെള്ളത്തിലൂടെയും നിന്റെ വിത്തുകൾ അതിവേഗം  വിതരണം നടത്തപ്പെടുന്നു .

പക്ഷിമൃഗാദികൾക്ക് കഴിയ്ക്കാനുള്ള ഫലങ്ങളൊന്നും നീ ഉൽപ്പാദിപ്പിയ്ക്കുന്നില്ല .

നിന്റെ പൂക്കളിൽ തേനില്ല എന്ന്  എല്ലാവരും പറയുന്നു..!    അതെനിയ്ക്കറിയില്ലായിരുന്നു !       ഈ അറിവ്  എന്നെ ഒത്തിരി വേദനിപ്പിച്ചു ട്ടോ... പാവം നീ.. നിന്നോടെന്താ  ഈശ്വരൻ അങ്ങനെ ചെയ്തത് ?  തേനില്ലാത്തതിനാൽ  വണ്ടുകളും  ശലഭങ്ങളും  നിന്നെ തിരിഞ്ഞ് നോക്കാറില്ലത്രേ..!   കഷ്ടം..!  

തന്നെയല്ല,  നിന്റെ  പൂമ്പൊടി ,  പല വിധത്തിലുള്ള അലർജികൾക്കും , ആസ്മ പോലുള്ള അസുഖങ്ങൾക്കും  കാരണമാകുന്നത്രേ..   ഇത് ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടിട്ടില്ല  എന്നിരുന്നാലും  അനുഭവസാക്ഷ്യങ്ങൾ  നിനക്കെതിരാണ്  അക്കേഷ്യാ...

കാര്യങ്ങൾ  ഇങ്ങനെയൊക്കെയാണെന്നിരിയ്ക്കേ ,  സത്യം  പറയാമല്ലോ,  നിന്നെ ഞാനും ഇഷ്ടപ്പെടാതിരിയ്ക്കാൻ  തുടങ്ങിയിരിയ്ക്കുന്നു...  നിന്നെ വേരോടെ  പിഴുതെറിഞ്ഞ് ,  പകരം  കേരളത്തിന്റെ  നിർമ്മലമായ മണ്ണിൽ  നാട്ടുമരങ്ങൾ വച്ചുപിടിപ്പിയ്ക്കേണ്ടതിന്റെ   ആവശ്യകത.. അത്യാവശ്യകത കണ്ടില്ലെന്നു നടിയ്ക്കാൻ ഇനിയും എനിയ്ക്കുമാവില്ല.

അതുകൊണ്ട് ,  അക്കേഷ്യാ ,  നീ തിരിച്ചു പോവുക ...   പ്രകൃതിയുടെ ഒരു ഭാഗമാണ്   നീ  .. അതുകൊണ്ടുതന്നെ നിന്നെ എനിയ്ക്കു വെറുക്കണമെന്നു നിർബന്ധമൊന്നുമില്ല .  വെറുപ്പിയ്ക്കാതിരിയ്ക്കുക .   അപേക്ഷയാണ് ..  എന്നെന്നേയ്ക്കുമായി  നീ  ഞങ്ങളെ വിട്ടു  പോവുക..


                                        *****************************

(കടപ്പാട് - മാതൃഭൂമി )










2017 ജനുവരി 15, ഞായറാഴ്‌ച

ഇനിയെത്ര നാൾ ..

4 അഭിപ്രായ(ങ്ങള്‍)
                         ഇനിയെത്ര നാൾ ...
                        ---------------------------------


മനസ്സിന്റെയിരുണ്ട  ഇടനാഴിയിലെങ്ങോ 

സ്നേഹിച്ചുപോയല്ലോ ഞാനാ 

ചെറു മെഴുതിരിവെട്ടത്തെ ..

പ്രണയിച്ചുപോയല്ലോ ഞാനാ 

ഓലചീന്തുകൾക്കിടയി -

ലൂടൂളിയിട്ടിറങ്ങുന്നൊരാ 

ചെറുനിലാച്ചന്തത്തെ ....

സ്നേഹം മൗനമായതറിയുന്നു ..

മൗനം  ശിലയായതുമറിയുന്നു...

ഇനിയെത്രനാളൊളിപ്പിയ്ക്കും ഞാനീ 

ചെറുമുളം തണ്ടിലെന്റെ 

സ്വപ്നമൗനരാഗങ്ങളെ ..?

എത്രനാൾ  പെയ്യാതൊളിപ്പിയ്ക്കും 

ഞാനെന്റെ  കൺതടങ്ങളിലലിഞ്ഞ 

മേഘമൽഹാറുകളെ ...?

സ്നേഹഗീതങ്ങളും  കോപതാപങ്ങളും 

രാഗദ്വേഷങ്ങളും 

ഉലയിലുരുക്കിത്തെളിച്ചെന്റെ 

തൂലിക നിറച്ചിട്ടും 

ഇനിയെത്ര നാൾ....

എത്രനാളൊളിപ്പിയ്ക്കും 

ഞാനെന്റെ  സ്നേഹാക്ഷരങ്ങളെ ...?

2016 ഡിസംബർ 30, വെള്ളിയാഴ്‌ച

നമ്മൾ അറിയാതെ പോയവർ .. (ലേഖനം)

4 അഭിപ്രായ(ങ്ങള്‍)


ഒരു  ചെറു നാടകരംഗത്തിലേയ്ക്ക്   ഞാൻ  നിങ്ങളുടെ   ശ്രദ്ധ  ക്ഷണിയ്ക്കുന്നു....

'സാകഡ്‌'   എന്ന  ആദിവാസി ഗ്രാമം.  (മദ്ധ്യപ്രദേശിലാണ്  എന്നാണെന്റെ  തോന്നൽ.. ).   പത്തും  പന്ത്രണ്ടും   വയസ്സ്  പ്രായമുള്ള  കുട്ടികളുടെ   ഒരു  സംഘം .   അവർ  നാടകം   കളിയ്ക്കുകയാണ് .   അതിൽ ഒരാളെ ,  ( അവൻ അല്പം ബലിഷ്ഠനാണ് )  ഏതാനും പേര്  അരയിൽ  കയറിട്ട്   കെട്ടി  വരിഞ്ഞ് കൊണ്ടുവരുന്നുണ്ട് .   ആ ശൂരവീരൻ   അവരിൽ നിന്നും കുതറി മാറാൻ   ശ്രമിയ്ക്കുന്നുണ്ട് .   

'പട്ടാളക്കാർ '    'തടവുകാരനെ '    കെട്ടിവലിച്ചുകൊണ്ട്   പോകുന്നതാണ്   രംഗം.   

'നാട്ടുകാർ'   ചുറ്റും കൂടി നിന്ന്   മുദ്രാവാക്യം  വിളിയ്ക്കുന്നു..

"  താംത്യാ മാമാ കീ ജെയ് ...  താംത്യാ മാമാ  കീ ജെയ്.."

താംത്യാ മാമയെ  പട്ടാളക്കാർ   തൂക്കിലേറ്റുന്നു...

മറ്റുള്ളവർ   അദ്ദേഹത്തിൻറെ     'മൃതദേഹം '    വീരോചിതമായിത്തന്നെ   ചുമലിലേറ്റിക്കൊണ്ടു പോകുന്നു ..

കാണികളില്ല.. എല്ലാവരും അഭിനേതാക്കൾ.

കഥാനായകനായ  താംത്യാ മാമ   ആരെന്നറിയുമോ?  അദ്ദേഹമാണ്  'താംത്യാ ഭീൽ' .

ജന്മനാടിന്റെ  വിമോചനത്തിനായി  ബ്രിട്ടീഷ് കാരോട്   പൊരുതി  ജീവത്യാഗം  ചെയ്ത   ദേശസ്നേഹി...

ചരിത്രരേഖകളിലൊന്നും   ഈ  പേര്   കണ്ടെത്താനാവില്ല.  കാരണം, താംത്യാ ഭീൽ   ഒരു  ആദിവാസിയായിരുന്നു .   ഇദ്ദേഹം  മാത്രമല്ല,   പിൻഗാമികളായ   പലരും.   സെന്ധ്വ മലനിരകളിലിരുന്ന്  ബ്രിട്ടീഷ് കാരോട്   ഒളിപ്പോർ യുദ്ധം  നടത്തിയ  ഒട്ടേറെ   ആദിവാസി  നേതാക്കളുണ്ട്.   

ഖാജ്യാ  നായ്ക് ,   ഭാവു സിങ് ,  റാവൽ ,  രുമാല്യാ നായ്ക്  തുടങ്ങി  അനവധി പേർ .    ചരിത്ര ഗ്രന്ഥങ്ങളിൽ   പേരില്ലാത്തവർ...

വളരെ ഗംഭീരമായി   രേഖപ്പെടുത്തപ്പെട്ട  ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ,   അടിമത്തത്തിനും  ചൂഷണത്തിനും  എതിരായി  നടന്ന   സ്വാതന്ത്ര്യ - വിമോചന  പോരാട്ടങ്ങളിൽ  ബലികഴിയ്ക്കപ്പെട്ട  കീഴാള ജനതയുടെ  ചരിത്രം  ലഭ്യമല്ല  എന്ന്   വരുമ്പോൾ ,   ഔദ്യോഗിക ചരിത്ര  നിർമ്മിതി ,  സമൂഹത്തിലെ   വരേണ്യ വിഭാഗത്തിന്റെ  താൽപ്പര്യ സംരക്ഷണം   മാത്രമായിരുന്നുവോ  ? 

ആവോ.... അറിയില്ല.... 

ഇന്ത്യൻ  നാഷണൽ കോൺഗ്രസോ   ഇന്ത്യൻ  സ്വാതന്ത്ര്യ സമര പ്രസ്ഥാനമോ  ഉണ്ടാകുന്നതിന്   എത്രയോ   മുൻപ് തന്നെ   ബ്രിട്ടീഷ് കാർക്കെതിരായി   ആദിവാസികൾ   സായുധകലാപത്തിന്  തുടക്കമിട്ടിരുന്നു.


ബ്രിട്ടീഷ്  സർക്കാരിന്റെ  സഹായത്തോടെ,    ഈസ്റ്റ് ഇന്ത്യാ കമ്പനി  നമ്മുടെ  വനവിഭവങ്ങൾ  ചൂഷണം  ചെയ്യാൻ തുടങ്ങിയത്   നമുക്കറിയാം.   അതിനെതിരായാണ്   ഇന്ത്യയുടെ   വിവിധ  ആദിവാസി മേഖലകളിൽ   കലാപം  പൊട്ടിപ്പുറപ്പെട്ടത് .    


ആദിവാസി മേഖലകൾ   സ്വയം ഭരണ പ്രദേശങ്ങളാണെന്നും   ബ്രിട്ടീഷ് കാരുടെ  നിയമങ്ങൾ  തങ്ങൾ  പാലിയ്ക്കുന്നതല്ലെന്നും  അവർ   അഭിമാനപൂർവ്വം   പ്രഖ്യാപിച്ചു .


1774 - 79  കാലഘട്ടത്തിൽ   ബ്രിട്ടീഷ് സൈന്യത്തിനെതിരായി ഛത്തീസ്‌ ഗഡിൽ  'ഹൽബാ കലാപം '  ഉണ്ടായി.    അതുപോലെ ,  1778 -ഇൽ  ഛോട്ടാ നാഗ്‌പൂരിൽ , പഹാഡിയ  സർദാറുകളുടെ  നേതൃത്വത്തിലും  1784 - 88 കാലഘട്ടത്തിൽ   മഹാരാഷ്ട്രയിൽ  കോളി  വിഭാഗങ്ങളുടെ നേതൃത്വത്തിലും    ആദിവാസികൾ  ബ്രിട്ടീഷ് കാർക്കെതിരെ   പട പൊരുതി.    അങ്ങനെ പലതും....


വനാന്തരങ്ങളിലെ   ഒളിപ്പോർ യുദ്ധങ്ങളിൽ   പലപ്പോഴും   ബ്രിട്ടീഷ് സൈന്യത്തിന്   തോറ്റുമടങ്ങേണ്ടി വന്നു  എന്നത്  അഭിമാനകരമായ   സത്യം !


തലയറുത്ത്   മരത്തിൽ  കെട്ടിത്തൂക്കപ്പെട്ട  പോരാളി  ഖാജാ നായ്ക് ,  അതുപോലെ  ബിർസാ മുണ്ട ,    ഹൊന്യാ കോംഗ്‌ലെ ,   താംത്യാ ഭീൽ ,  ദുർഗ്ഗാവതി മദാവി ,  വീര ചന്ദ്രയ്യ സിദോകാനു   തുടങ്ങിയ  വീര പോരാളികളുടെ  നേതൃത്വത്തിൽ,   തങ്ങളുടെ  പരമ്പരാഗത ആയുധങ്ങളുമായി  ബ്രിട്ടീഷ്‌കാരെ   നേരിട്ട   ആദിവാസി സേനയോട്   നയതന്ത്ര സമീപനങ്ങളോ  നിയമ  യുദ്ധമോ  ബലപ്രയോഗമോ   ഫലവത്താവില്ല   എന്ന്  മനസ്സിലായത് കൊണ്ടാവണം ,  ഇന്ത്യയിലെ   ആദിവാസി മേഖലകളെ,   നിയമ രഹിത മേഖലകളായും  പല ആദിവാസി ഗോത്രങ്ങളെയും  'ക്രിമിനൽ ട്രൈബ്‌സ്‌ '   ആയും   ബ്രിട്ടീഷ്  സർക്കാർ   പ്രഖ്യാപിച്ചത്.


എന്തായാലും  ബ്രിട്ടീഷ്‌കാർക്കെതിരായ   പ്രക്ഷോഭങ്ങളിൽ   പങ്കെടുത്ത്   വീരമൃത്യു  പ്രാപിച്ച   നിരവധി   ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ  ചരിത്രം ,  നമ്മുടെ   ഔദ്യോഗിക ചരിത്ര പുസ്തകങ്ങളിൽ   രേഖപ്പെടുത്തപ്പെട്ടിട്ടില്ല   എന്നുള്ള  അതിലജ്‌ജാവഹമായ   കാരണം കൊണ്ട് ,   ആദിവാസി ഗ്രാമങ്ങളിലെ   തല മുതിർന്ന   അംഗങ്ങളുടെ   വാമൊഴിയിലൂടെയും  നാട്ടുപാട്ടുകളിലൂടെയും  ഓർമ്മകളിലൂടെയും ആണ് ,   ഈ  പോരാളികൾ  നമുക്ക് മുന്നിൽ  നിറയുന്നത്...!


എന്നാൽ   ഏതാനും   വർഷങ്ങൾക്കുള്ളിൽ  ഈ  തലമുറയും   മറയുന്നതോടെ  ,   ആദിവാസി മണ്ണിൽ   നടന്ന  പോരാട്ട  ചരിത്രവും  ഇരുളിൽ   മറയും  എന്നോർക്കുമ്പോൾ   വളരെ  വിഷമമുണ്ട് .   അതിനു മുൻപ്   അവർ   സ്വന്തം  ചരിത്രം , സ്വയമൊന്ന്  കുറിച്ചിട്ടെങ്കിൽ   എന്ന്  ഞാൻ  ആശിയ്ക്കുന്നു.... വെറുതെ....


വായിച്ചറിഞ്ഞതിൽ   നിന്നും   ഒരൽപം   ഞാനിവിടെ  പങ്ക്  വയ്ക്കുമ്പോൾ ,       ആകാശത്തേയ്ക്ക്   വീശിയെറിഞ്ഞ    മനസ്സിന്റെ   കൈകളിൽ  ഒരായിരം  രക്തപുഷ്പങ്ങളുമായി ,  അഭിമാനത്തോടെ ....


മൺമറഞ്ഞ   പ്രിയ വീരപോരാളികളേ ,  നിങ്ങൾക്കെന്റെ   ആത്മപ്രണാമം..!



2016 ഡിസംബർ 23, വെള്ളിയാഴ്‌ച

ഒരുപിടി ചോറും ഇത്തിരി ചമ്മന്തിയും.

12 അഭിപ്രായ(ങ്ങള്‍)
                     ഒരുപിടി ചോറും  ഇത്തിരി ചമ്മന്തിയും.
                     ----------------------------------------------------------------------

സാരിയൊതുക്കി  കയറിയിരുന്നു .  


"പോകാം..."


ദേവൂട്ടി നീങ്ങി ....  ഇനി വേറൊരു  ലോകം...  ചിന്തകളുടെ ലോകം ...


"എങ്ങനുണ്ട്   ചേച്ചി ?  കുറവുണ്ടോ ? "


ദേവൂട്ടിയുടെ   സാരഥിയുടെ  ചോദ്യം..



" കുറവായി  വരുന്നു.."


ഇനി കൂടുതൽ ചോദ്യങ്ങളും സംസാരങ്ങളും  വരല്ലേ  എന്ന് പ്രാർത്ഥിച്ചു .    മറ്റൊന്നും കൊണ്ടല്ല.    യാത്രകളിൽ   പുറം കാഴ്ചകളിലേക്ക് നോക്കി  ചിന്തകളിൽ  മുഴുകിയിരിയ്ക്കാനാണ്   എനിയ്ക്കിഷ്ടം.   ഓർഡിനറി ബസ്സിന്റെ സൈഡ് സീറ്റും ,  ഓട്ടോ റിക്ഷയുമാണ്   ചിന്തകൾ  ഏറെ   ആസ്വാദ്യമാക്കുന്നത് .


എറണാകുളത്ത് ,   ഡോക്ടർ കിഷോറിനെ   കാണാൻ ചെന്നപ്പോൾ , ആദ്യം കണ്ടതേ  അദ്ദേഹം എനിയ്ക്കൊരു പേരിട്ടു.   'ചിന്ത'. 


ദേവൂട്ടി ഓടിക്കൊണ്ടിരുന്നു... വണ്ടി പുക്കാട്ടുപടിയിലേയ്ക്ക്  പ്രവേശിച്ചു ...  നമ്മടെ ചങ്ങാതി  സുബൂന്റെ   നാട്...ചിന്തകൾ  സുബുവിലെത്തി...

ഇവിടെ എവിടെയോ   സുബുവിന്റെ   വീടുണ്ടാകും...  ഓരോ  വീടും  കാണുമ്പോൾ   രസകരമായി   സങ്കൽപ്പിയ്ക്കും ..  ചിലപ്പോൾ   ഇതായിരിയ്ക്കും   സുബൂന്റെ   വീട് ..  ഇവിടെ സുബുവിന്റെ   ഭാര്യയും   കുട്ടികളും ഉണ്ടാകും.    ഹെയ് .. കുട്ടികൾ    സ്‌കൂളിൽ   പോയിരിയ്ക്കുകയാവും.   ഇവിടെ  സുബൂന്റെ ഉമ്മയും ഉപ്പയും കൂടി ഉണ്ടാകുമായിരിയ്ക്കും.    കുട്ടികൾ  എവിടെയാകും   പഠിയ്ക്കുന്നത് ?  ചിലപ്പോൾ   തേവയ്ക്കൽ   വിദ്യോദയ സ്‌കൂളിൽ  ആയിരിയ്ക്കും.   അതല്ലേ  ഇവിടെ അടുത്തുള്ള  സ്‌കൂൾ?    അത് നല്ല സ്‌കൂളാണ്.. അവിടെത്തന്നെയാകും...  അതോ  ഭവൻസിൽ   ആയിരിയ്ക്കുമോ ?


അപ്പോഴേയ്ക്കും   ഇലമണം  പുതച്ച കാറ്റ്   വരും.   ഈന്തലിന്റെ   ഗന്ധം..  കൂടെ  കാപ്പി  പൂത്ത  ഗന്ധവും .   വഴിയരികിലെ   ഏതോ   വീട്ടിൽ  ഈന്തലും  കാപ്പിയും  പൂത്തിരിയ്ക്കുന്നു...  ചിന്തകൾ  കൂത്താട്ടുകുളത്തെ   ഒരു  മലയോര ഗ്രാമത്തിലേക്ക്   പറക്കും...


ഈന്തൽ,  കാപ്പി,  കച്ചോലം , കുരുമുളക് , മഞ്ഞൾ  തുടങ്ങിയവയുടെ   ഹൃദയഹാരിയായ   ഗന്ധങ്ങളിലൂടെ   എന്നെ തടവിലാക്കിയ  മനോഹര ഗ്രാമം... എന്റെ  അമ്മവീട്   ഉള്ള  ഗ്രാമം...


വീണ്ടും   ഏതൊക്കെയോ  ചിന്തകളിൽ , 'ചുഴലിക്കാറ്റിൽ  മൗനം  വെടിയുന്ന   മണ്ണ് '  പോലെ  മനസ്സ്....


ദേവൂട്ടി   നിന്നു ...


പേഴ്‌സ്   തുറന്ന്   നോട്ടുകൾ   പെറുക്കുന്നത്  നോക്കി   സാരഥി   കാരുണ്യവാനായി ..


" പൈസ  ഇപ്പൊ  ഇല്ലെങ്കി  പിന്നെ തന്നാലും മതി  ചേച്ചി .."


ചുമ്മാ ചിരിച്ചു ...

"പൈസയിപ്പോ   നമ്മുടെ  ആരുടേയും   കൈയ്യിലില്ലല്ലോ   സന്തോഷേ.. എല്ലാവരും  ഒരുപോലായില്ലേ?  അത്   ദൈവത്തിന്റെ കളി .."


റിക്ഷാ കൂലി  കൊടുത്ത് ,  നേരെ   ലിഫ്റ്റിലേയ്ക്ക് ... കാത്ത് ലാബിന്റെ   റിസപ്‌ഷനിലേയ്ക്ക്   തുറന്ന  ലിഫ്റ്റിൽ നിന്നും  ഇറങ്ങി .    വെറുതെ   ചുറ്റുമൊന്ന്   കണ്ണോടിച്ചു .    നിരത്തിയിട്ടിരിയ്ക്കുന്ന  പത്തറുപത്   കസേരകളിൽ നിറയെ   രൂപങ്ങൾ  !    അത്  മനുഷ്യരാണോ   എന്ന് സംശയിച്ചു  രസിച്ചു ..   ഒന്നിന്  പോലും  തലയില്ല !    മനുഷ്യരല്ല... പുതിയ തരം  റോബോട്ടുകൾ..!    മുന്നോട്ട്   നീങ്ങുന്നതിനിടയിൽ   ഒരു രസത്തിന്   വീണ്ടും  തിരിഞ്ഞു നോക്കി.   ഓ !    തലയുണ്ട് !   കഴുത്തൊടിഞ്ഞ   താറാവിന്റെ പോലെ   ഒടിഞ്ഞു തൂങ്ങിയ   തലകൾ..!   ജീവനുമുണ്ട് ..!    കണ്ണുകളും   വിരൽത്തുമ്പുകളും   ചലിയ്ക്കുന്നു ... മൊബൈലിലൂടെ ..  . അതുമതി.    കണ്ണുകളും  വിരൽത്തുമ്പുകളും   ജീവനോടിരുന്നാൽ  മതി.   ബാക്കിയെല്ലാം   മൊബൈൽ   ചെയ്തോളും...


ഒരു നിമിഷം   നോക്കി നിന്നാൽ   നല്ല   തമാശയാണ് .   ഓരോരുത്തരുടെയും  മുഖത്ത്  എത്രയെത്ര   ഭാവങ്ങളാണ്   വിരിയുന്നത് !    സ്നേഹം,  വാത്സല്യം ,  പ്രണയം ,  സന്തോഷം ,  കുസൃതി ,  സങ്കടം ,  ദേഷ്യം.. അങ്ങനെ  സർവ്വ  വികാരങ്ങളും   ഒന്നിച്ച്   അണിനിരക്കുന്ന   കാഴ്ച്ച !


മനുഷ്യർ   പരസ്പ്പരം   മുഖത്ത്   നോക്കി ,  ഈ വികാരങ്ങൾ   വായിച്ചെടുത്ത   കാലം  മറന്നില്ലേ  ?


ഒന്നുകൂടി   നോക്കി... അതിലൊരു  തല   നല്ല  പരിചയം..!   അടുത്ത്   ചെന്ന്   അല്പം  കുനിഞ്ഞു  നോക്കി..   ഓ !   അമ്മാവന്റെ   മകനാണ് ..!   തൊട്ടടുത്ത്   ചെന്ന്   നിന്നിട്ടും   അവൻ  അറിഞ്ഞിട്ടില്ല..!    ചുമലിൽ  നല്ലൊരു   അടി കൊടുത്തു .


"ഡാ ..."


അവൻ  ഞെട്ടിത്തെറിച്ചു ..  ഏതോ   ഉത്തുംഗ ശ്രുംഗത്തിൽ   നിന്നും  നേരെ  താഴോട്ടു   പതിച്ചു..

" ചേച്ചീ ..."

****************


സന്ദർശകർക്ക്   നിരോധനമുണ്ടായിട്ടും  മുറിയിൽ കണ്ട   മുഖങ്ങളെ  നോക്കി ,  അച്ഛന്റെ   ചെവിയിൽ  സ്വകാര്യമായി   ചോദിച്ചു ..


"സഖാവ്   ഇപ്പോഴും   പ്രസ്ഥാനത്തിന്റെ   സ്വന്തമാണല്ലേ ?   ഇനിയുമെന്നാണ്   ഞങ്ങളുടെ അച്ഛൻ   മാത്രമാവുക ? "


പതിവുള്ള   ചിരിയുണ്ടായില്ല.... അച്ഛൻ ക്ഷീണിതനായിരുന്നു...


പൊടിയരിക്കഞ്ഞി  അൽപ്പാൽപ്പം   കോരിക്കൊടുക്കുമ്പോൾ   മനസ്സ്   ആർദ്രമായി....  ഇങ്ങനെ  എത്രയോ  തവണ  എനിയ്ക്ക്  അച്ഛൻ  ചോറുരുട്ടി   വായിൽ തന്നിട്ടുണ്ടാവണം...!    ഇങ്ങനെ  തിരിച്ചു  കൊടുക്കാൻ എനിയ്ക്ക്   അവസരം തന്ന   ദൈവമേ !   നന്ദി !


ആശുപത്രി   കാന്റീനിൽ   പോയി  ഭക്ഷണം  കഴിച്ചിട്ട് ,   ഇരുന്നൂറ്   രൂപ എണ്ണിക്കൊടുക്കുമ്പോൾ ,   അനിയത്തി   ചോദിച്ചു...


"നമുക്ക്   വീട്ടിൽ  നിന്ന് ,   ഒരുപിടി   ചോറും  ഒരിത്തിരി   ചമ്മന്തിയും  കൊണ്ടുവന്നാൽ  സുഖമായിട്ട്   ഉണ്ണാൻ   പാടില്ലേ   ചേച്ചി ?   ആ  ഇരുന്നൂറ്   രൂപ  നമ്മുടെ  കൈയ്യിലിരിയ്ക്കൂലോ ..."


കൊള്ളാം !   ഞാൻ  ആലോചിച്ചത്   അവൾ   പറഞ്ഞു !   അതിശയം  തോന്നി..  ആദ്യമായാണ്  ഇങ്ങനൊക്കെ  ചിന്തിയ്ക്കുന്നത് !  കാന്റീനിലോ   ഹോട്ടലിലോ   കയറിയാൽ ,   ഇഷ്ടമുള്ളതെല്ലാം   ആഘോഷമായി   വാങ്ങി കഴിച്ച് ,  പൈസ കൊടുത്ത്  പോരും.   ഷോപ്പിങ്ങിന്   പോയാലും  അങ്ങനെതന്നെ .    ഇതുപോലൊരു   കരുതൽ   ഇതുവരെ   ഉണ്ടായിട്ടില്ല...!!!


നന്നായി..   നന്ദി കാലമേ !  കണ്ണ്   തുറപ്പിച്ചതിന് ...


പിറ്റേന്നും   ദേവൂട്ടി   വന്നു .   ഞാൻ  വീണ്ടും   യാത്രയായി...  ഒരുപിടി   ചോറും ഇത്തിരി  ചമ്മന്തിയുമായി....

**************




2016 നവംബർ 10, വ്യാഴാഴ്‌ച

കുഞ്ഞേ.. പണ്ട് പണ്ട് ..

8 അഭിപ്രായ(ങ്ങള്‍)
                                        കുഞ്ഞേ.. പണ്ട് പണ്ട് ..
                                      ---------------------------------------
  
ഇങ്ങോട്ടു നോക്കൂ...  ഞാനിവിടെത്തന്നെയുണ്ട് .    നിന്റെ   നെട്ടോട്ടം   ഞാൻ  കാണുന്നുമുണ്ട് .    എന്തേ ?   ഇപ്പൊ   കടിച്ചതുമില്ല   പിടിച്ചതുമില്ല എന്നായോ ?    കഷ്ടം...  സഹതാപം   തോന്നുന്നുണ്ടെനിയ്ക്ക് ...


നീയോർക്കുന്നോ ?   എന്നെ   ഒരു   നോക്ക്  ഒന്ന്   കാണാൻ  കൊതിച്ചൊരു   കാലമുണ്ടായിരുന്നു   നിനക്ക് ...  ഒന്ന്   കാണാൻ.. ഒന്നടുത്തിരിയ്ക്കാൻ... ഒന്ന്   സ്പർശിയ്ക്കാൻ...  എത്ര  കൊതിച്ചു   നീ !   ഇല്ലേ ?


എത്രയോ   പ്രതിസന്ധികൾ   തരണം   ചെയ്താണ്   നീയെന്നെ   സ്വന്തമാക്കിയതെന്ന്   ഓർമ്മയുണ്ടോ ?   നീയെന്നെ   സ്നേഹിച്ചില്ലെന്നൊന്നും   ഞാൻ  പറയില്ല.   


ആദ്യമായി   നീയെന്നെ   സ്പർശിച്ച   നിമിഷം ... നിന്റെ കൈകളിൽ പടർന്ന   വിറയൽ..  അതെന്തിന്റേതായിരുന്നു  ?   സ്നേഹമോ ?   അതോ  ഉത്കണ്ഠയോ ?   ആ... എനിയ്ക്കറിയില്ല.   പക്ഷെ   ആ  വിറയൽ   എന്നിലൊരു   കുളിരായ്   പടർന്നുവെന്നു മാത്രം  എനിയ്ക്കറിയാം.   ആ  ദിവസം   എനിയ്ക്കൊരിയ്ക്കലും  മറക്കാൻ   കഴിയില്ല...


നിന്റെ   കൈകൾക്കുള്ളിൽ   ഞാൻ  വിധേയത്വത്തോടെ   ഒതുങ്ങി   നിന്നു .   ആരാണതാഗ്രഹിയ്ക്കാത്തത് ?   സ്നേഹിയ്ക്കുന്ന   ഒരാളിന്റെ  കൈയ്ക്കുള്ളിൽ   ഒന്ന് ഒതുങ്ങിക്കൂടി  നിന്ന്   നിർവൃതിയിലലിയാൻ   ആരാണാഗ്രഹിയ്ക്കാത്തത് ?


നീയെന്റെ  ആർദ്രമായ   കണ്ണുകളിലേയ്ക്ക്   അതിലേറെ   ആർദ്രതയോടെ   നോക്കി.   പിന്നെ... പിന്നെ   എന്റെ  ചുണ്ടുകളിൽ  മൃദുവായി   ചുംബിച്ചു ... കോരിത്തരിപ്പിന്റെയൊരു   കുഞ്ഞ്   ലോകം എനിയ്ക്ക് ചുറ്റും   നൃത്തം ചെയ്തു... ആ  നിമിഷം   നിന്റെ   കണ്ണുകൾ  നനഞ്ഞിരുന്നു ..  അത്  സ്നേഹം   കൊണ്ടായിരുന്നു   എനിയ്ക്കറിയാം... പിന്നെ,   നീയെന്നെ  നിന്റെ   നെഞ്ചിലേക്ക്   ചേർത്തമർത്തി.... ആ  നെഞ്ചിൽ   മുഖമണച്ചിരുന്ന്   ഞാൻ  നിന്റെ  ഹൃദയതാളങ്ങൾ   കേട്ടു .   ഒരുപാട്   നിന്നെ   സ്നേഹിച്ചു ..  ജീവനേക്കാളേറെ  നീയെന്നെയും ...


പിന്നെ   നമ്മളൊന്നിച്ചുള്ള   ജീവിതയാത്ര .... ഒരു നിമിഷം   പോലും  നമ്മൾ  പിരിഞ്ഞിരുന്നില്ല.   ഒരു  നിമിഷം  പോലും   നമ്മൾ   കാണാതിരുന്നില്ല.   സ്നേഹിയ്ക്കാതിരുന്നില്ല .... പിന്നെ  എങ്ങനെ ?   പിന്നെ   എങ്ങനെയാണ് ?


ഒരു  നിമിഷം  കൊണ്ട്   എങ്ങനെയാണ്   എല്ലാം  കീഴ്‌മേൽ   മറിഞ്ഞത് ?   എങ്ങനെയാണ്   ഇത്ര  നിഷ്ടൂരമായി  എന്നെ   ഉപേക്ഷിയ്ക്കാൻ   നിനക്ക്   കഴിഞ്ഞത് ?   എന്ത്   തെറ്റാണ്   നിന്നോട്   ഞാൻ  ചെയ്തത് ?   ഇന്നലെ വരെ  എന്നെ സ്നേഹത്തോടെ   നോക്കിയ  കണ്ണുകളിൽ   ഇന്നെങ്ങനെയാണ്   ഇതുപോലെ അവഗണന   നിറഞ്ഞത് ?   ഇന്നലെവരെ   പ്രണയത്തോടെ  എന്നെ   ആസകലം  തഴുകിയ  നിന്റെ കൈകൾ  ഇന്നെങ്ങനെയാണ്  എന്നെയിങ്ങനെ ആട്ടിയകറ്റിയത് ?


ഇന്നലെവരെ   നിന്റെ  നെഞ്ചിൽ   ചേർന്നിരുന്ന   എന്നെ  ഇത്ര   നിസാരമായി   തള്ളിക്കളയുമ്പോൾ  ഒരു വേദനയും  തോന്നുന്നില്ലേ   നിനക്ക് ?   ഉപേക്ഷിയ്ക്കപ്പെടുന്നതിന്റെ   തീരാനോവ്   എത്രയെന്നറിയുമോ  നിനക്ക് ?


ശരി....  ആയിക്കോട്ടെ... ഇനിയില്ല... നിർത്തുകയാണ്  ഈ പരിദേവനം,  എന്നെന്നേയ്ക്കുമായി.   അറിയാമെനിയ്ക്ക് ..   മനസ്സിലാവുന്നുണ്ട് .   


ഇത്രയേ ഉള്ളു ..  ജീവിതം  എന്ന്  പറയുന്നത്  ഇത്രയേ   ഉള്ളു...  ഒരു ജന്മം   മുഴുവൻ   നെഞ്ചിൽ   കൊണ്ടുനടന്നിട്ട് ,  ഒരു  നിമിഷം കൊണ്ട്   എല്ലാം തകർന്ന്   തരിപ്പണമായിപ്പോകുന്ന  ഒരു  തമാശ..!  ഇത്രയേയുള്ളൂ..!


തീരട്ടെ   എല്ലാം ...  വരുംതലമുറയ്ക്ക്   പറഞ്ഞുകൊടുക്കാൻ  ഒരു കഥ..!


" പണ്ട് പണ്ടൊരു  അഞ്ഞൂറും   ആയിരവും   ഉണ്ടായിരുന്നു...."

                                                     -------------------------------




 
Copyright © .