2016 ഒക്‌ടോബർ 15, ശനിയാഴ്‌ച

എനിയ്ക്ക് വലുതാവണ്ടായിരുന്നു ..

3 അഭിപ്രായ(ങ്ങള്‍)
എനിയ്ക്ക് വലുതാവണ്ടായിരുന്നു ..
--------------------------------------------------
-- ശിവനന്ദ.
ബ്ലോഗ് വായിച്ചു തീർത്തു. മനസ്സ് വല്ലാതെ ഈറനണിഞ്ഞു .. ഒരു കമന്റെഴുതാൻ ശ്രമിച്ചിട്ട് ,
ഭാഷ മറന്നു.... രണ്ടോ മൂന്നോ വരികളിൽ ഒരു കമന്റെഴുതി , ലാപ് ടോപ് അടച്ചുവച്ചു.
കസേരയിലേക്ക് ചാരി കണ്ണുകളടച്ചു. ഒരുപാട് ഓർമ്മകളെ നെഞ്ചിലേറ്റി ഒരു
ദീർഘനിശ്വാസം...
. അതിൽ കാലം സൗമനസ്യത്തോടെ തന്ന ശാന്തികളും അശാന്തികളും ഉണ്ടായിരുന്നു.
പച്ചിലക്കുടുക്കകൾ ചിറകിട്ടടിച്ചു... മയിൽപ്പീലിത്തുണ്ടുകൾ പറന്നു കളിച്ചു...
ചടുലവും സമരതീക്ഷ്ണവും രസകരവുമായ കലാലയ ജീവിതമായിരുന്നു അത്..... 
കലാലയരാഷ്ട്രീയം വ്യക്തിത്വത്തിന്റെ തന്നെ ഒരുഭാഗമായി മാറിയ കാലം.... അന്ന്.... 
തെരഞ്ഞെടുപ്പ് വരുന്നു... വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കുന്നു ഞാൻ. 
എസ്എഫ് ഐ യും p>ഏഐ എസ്എഫ് ഉം ഒന്നിച്ചു നിൽക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം 
അവസാനഘട്ടത്തിൽ .

അന്ന് അവധിയായിരുന്നു. വൈകീട്ട് ഒരു മൂന്ന് മണിയായിക്കാനും, എന്റെ വീട് അന്വേഷിച്ചു
പിടിച്ചു വന്നിരിയ്ക്കുന്നു , ഞങ്ങളുടെ കോളേജിലെ , ഞങ്ങളുടെ മുന്നണിയുടെ ടോപ് മോസ്റ്റ് ,
സോമൻ ചേട്ടൻ ! അന്നുഞാൻ ഡിഗ്രി രണ്ടാം വര്ഷം. ഈ ചേട്ടൻ പിജി യ്ക്ക് പഠിയ്ക്കുന്നു.
വന്നതും , ഒരു മുഖവുരയുമില്ലാതെ പറഞ്ഞു,

" ശിവ , വേഗം റെഡിയാവ് .. ലേഡീസ് ഹോസ്റ്റലിൽ വോട്ട് ചോദിച്ചിട്ടില്ല. അത് മറന്നൂല്ലേ ?
അത് വിട്ടുകളഞ്ഞാൽ ശരിയാവില്ല. പെട്ടെന്ന് പോയി വരാം."

ശേഷം അമ്മയോട് പറഞ്ഞു ,

"ശിവയെ പെട്ടെന്ന് തിരിച്ചെത്തിയ്ക്കാം അമ്മേ.." എന്ന്.

അച്ഛനോട് വിളിച്ചു ചോദിച്ചു അനുവാദം വാങ്ങി .
ഒരു വര്ഷം ഞാൻ ഹോസ്റ്റലിൽ ആയിരുന്നു എന്നതുകൊണ്ട് , അവിടുള്ളവരെല്ലാം എനിയ്ക്ക്
വളരെ അടുപ്പമുള്ളവർ. അതാണ് അവിടെ പറയുന്നത് പിന്നീടാവാം എന്ന് കരുതി
മാറ്റിവച്ചതും പിന്നെ മറന്നുപോയതും. .. ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ നിന്നും 15
കിലോമീറ്ററോളം വരും കോളേജിലേക്ക് . ബസിലാണ് പോയത്. ഹോസ്റ്റലിൽ ചെന്ന്
എല്ലാവരെയും കണ്ടു പറഞ്ഞു പോന്നു . തിരിച്ചുപോരാൻ നേരം വേറൊരു ചേട്ടൻ വന്നു.
ഞങ്ങളുടെ കോളേജിലെ തന്നെ ടോമിച്ചേട്ടൻ . സോമൻ ചേട്ടൻ എന്നോട് പറഞ്ഞു,

" മോളെ , ടോമിച്ചേട്ടൻ വീട്ടിലാക്കും. പേടിയ്‌ക്കേണ്ട ട്ടോ..സ്വന്തം ചേട്ടനായി കരുതാം "
എന്ന്.

വീട്ടിലേയ്ക്ക് തിരിച്ചു. ബസിൽത്തന്നെ. 6 മണിയായപ്പോഴേയ്ക്കും ഞങ്ങൾ ബസ്സിറങ്ങി.
വീട്ടിലേയ്ക്ക് നടക്കുന്ന വഴിയിൽ , ഗ്രാമങ്ങളുടെ സ്വന്തം ചോദ്യം..!!!

"ആരാ? മനസ്സിലായില്ലല്ലോ .. ഇവിടെങ്ങുംകണ്ടിട്ടില്ലല്ലോ.."

എന്നെ അവർക്കറിയാം. കൂടെയുള്ളത് ആരാണെന്നു അറിയണമല്ലോ..

"കുറെ ദൂരെന്നാ ചേട്ടാ... ഇപ്പൊ ഇവിടൊക്കെ ഏത്തക്കായയ്ക്ക് എന്നാ ഒണ്ട് ചേട്ടാ വെല ?"
ടോമിച്ചേട്ടന്റെ ചോദ്യം..! ഏത്തക്കുലയും തോളിൽ വച്ച് നടന്ന പക്കാ കൃഷിക്കാരനായ
ഗ്രാമവാസി ആ ചോദ്യത്തിൽ തലയുംകുത്തിവീണു. പിന്നെ കൃഷിപുരാണം. എന്നെയും
മറന്നു , ടോമിച്ചേട്ടൻ ആരാണെന്നുള്ളതും മറന്നു കൃഷിക്കാരൻ. അയാൾ 
വഴിപിരിഞ്ഞപ്പോൾ
ടോമിച്ചേട്ടൻ ചിരിച്ചു എന്നെ നോക്കി. പിന്നെ പറഞ്ഞു,

" ചേട്ടൻചോദിയ്ക്കാൻ വന്നതെല്ലാം മറന്നുപോയി.. "

ഞാനൊന്നുംമിണ്ടിയില്ല. ചുമ്മാ ചിരിച്ചു. എനിയ്ക്കറിയാമായിരുന്നു, ടോമിച്ചേട്ടന്റെ ചോദ്യം
വെറുതെ ആയിരുന്നു, അത് മറ്റേ ആളെ മിസ്ലീഡ് ചെയ്യാനായിരുന്നു എന്ന്. എന്നെ
സുരക്ഷിതയായി വീട്ടിലെത്തിച്ചു ടോമിച്ചേട്ടൻ മടങ്ങി. ...
ഇത് ഒരു വലിയ സംഭവമൊന്നുമല്ല. 
പക്ഷെ ഇന്നത്തെ ജീവിത സാഹചര്യങ്ങളുമായിതാരതമ്യംചെയ്യുമ്പോൾ , ഞാൻ അന്ന് 
ശ്രദ്ധിച്ച ഒരുപാട് കാര്യങ്ങളുണ്ട്... 
ഇവർക്ക് രണ്ടുപേർക്കുംസ്വന്തമായി കാറുള്ളവർ . തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിനായി 
വേറെയും വണ്ടികൾഏർപ്പാടാക്കിയിട്ടുണ്ട്. എന്നിട്ടും അതൊന്നും ഉപയോഗിയ്ക്കാതെ 
എന്നെയും കൂട്ടി ബസ്സിൽയാത്ര ചെയ്യാമെന്ന് തീരുമാനിച്ചതിനു പിന്നിലെ മനസ്സ്... ബസ്സിൽ 
യാത്ര ചെയ്യുമ്പോൾ എന്നോട് അവർ കാണിച്ച കരുതലും ശ്രദ്ധയും...! കൂടെ നടക്കുമ്പോൾ 
എനിയ്ക്കവർ തന്ന സംരക്ഷണം... ഒക്കെ ഓരോ നിമിഷവും ഞാൻ സസൂക്ഷ്മം 
നിരീക്ഷിയ്ക്കുകയായിരുന്നു.
വൈകിട്ട് മൂന്നു മണി സമയത്ത് എന്നെ അവരുടെ കൂടെ വിടുവാൻ ഭയക്കാതിരുന്ന എന്റെ
മാതാപിതാക്കളുടെ വിശ്വാസവും ധൈര്യവും , അന്നത്തെ കമ്മ്യൂണിസ്റ് സംസ്കാരത്തിന്റെ
ഭാഗമായിരുന്നു. ആ ധൈര്യം ജീവിതവഴിയിൽ ഉടനീളം വ്യക്തിജീവിതത്തിൽ എന്നെയും
പിൻതുടർന്നു.
പക്ഷെ ഇന്ന്..
ഞാനോർക്കുകയാണ്... മക്കളുടെ കാര്യത്തിൽ അത്രയും ധൈര്യം കാണിയ്ക്കാൻ പറ്റുമോ
ഞാനുൾപ്പെടെയുള്ള മാതാപിതാക്കൾക്ക് ? കാലം മുന്നോട്ടു പോന്നപ്പോൾ , സാഹചര്യങ്ങൾ
എത്രയോ മാറിപ്പോയിരിയ്ക്കുന്നു..! എന്റെ മകൾക്ക് ഒരു രണ്ടു രണ്ടര വയസ്സ് 
പ്രായമുള്ളപ്പോൾ, അവളെ , അയല്പക്കങ്ങളിലെ വീടുകളിലെയ്ക്ക് 
എടുത്തുകൊണ്ടുപോകാൻ അവിടുത്തെ കുട്ടികൾ മത്സരമായിരുന്നു. പക്ഷെ 
എനിയ്കുഭയമായിരുന്നു കൊടുത്ത് വിടാൻ.
കൊണ്ടുപോയാലും , ഞാൻ അപ്പോൾത്തന്നെ ചെന്ന് തിരികെ കൊണ്ടുവരും. ഭയത്തിന്റെ
മാറാലകൾ കൊണ്ട് മൂടിപ്പോയ മനസ്സുകൾ... ഞാൻ പലപ്പോഴും ഓർക്കാറുണ്ട് , അന്ന് ,
സോമൻചേട്ടൻ പറഞ്ഞതുപോലെ , 'മോളെ പേടിയ്ക്കണ്ടാട്ടൊ ' എന്ന് അത്രയും സ്നേഹവും
കരുതലുമായി , പിന്നീടൊരിയ്ക്കലും ആരും എന്നോട് ഒന്നുംപറഞ്ഞിട്ടില്ലെന്ന്‌...!
ഓർക്കുമ്പോൾ എനിയ്‌ക്ക്‌ വല്ലാതെ നോവും.....
അപ്പോളെനിയ്ക്ക് തോന്നും , ഒരിയ്ക്കലും വലുതാവണ്ടായിരുന്നു എന്ന്.......
വേണ്ടായിരുന്നു..
എനിയ്‌ക്ക്‌ വലുതാവണ്ടായിരുന്നു...

*****************************************************

2016 സെപ്റ്റംബർ 8, വ്യാഴാഴ്‌ച

' മഹാ ' 'ബലി '

0 അഭിപ്രായ(ങ്ങള്‍)
                                                          ' മഹാ '   'ബലി ' ...
                                                            ---------------------
                                                                                           -- ശിവനന്ദ .


ഓർത്തില്ല.... തമ്പുരാനേ ... ഞാനതോർത്തില്ല...

അങ്ങയുടെ പേരിൽപ്പോലും  മഹത്തായൊരു  ബലിധർമ്മം  ഉണ്ടെന്നുള്ളത്

ഞാനോർത്തില്ല...  ഇന്ന്  മുറ്റം  അടിച്ചുവാരി  മെഴുകി  അത്തപ്പൂക്കളമിട്ടപ്പോൾ  ,

സന്തോഷത്തിനു പകരം എന്തിനെന്നറിയില്ല  തിരുമേനി,  മനസ്സ്  വല്ലാതെ

ഈറനായിപ്പോയി.


                             എന്റെ  ശൈശവബാല്യങ്ങൾക്ക്   നിറമാല  ചാർത്തിയ

മലയോരഗ്രാമവും , എന്റെ മുത്തശ്ശിയും  മുത്തച്ഛനും,  മുത്തച്ഛന്റെ കൈയ്യിൽത്തൂങ്ങി

വെള്ളിക്കൊലുസിട്ട  കുഞ്ഞു പാദം  പെറുക്കിപ്പെറുക്കി  വച്ചുനടന്ന

കുട്ടിയുടുപ്പുകാരിയുമാണോ  എന്റെ മനസ്സ്  ഈറനാക്കിയത് ?  അത്  ഞാനായിരുന്നു

എന്ന ഓർമ്മയാണോ ?   അതോ  ചുവന്ന   നാട്ടുവഴികളത്രയും

കറുത്തുപോയതുകൊണ്ടാണോ ?   അതോ  കാട്ടുചെടികളത്രയും  യാത്ര പോലും

പറയാതെ  മറഞ്ഞുപോയതു കൊണ്ടാണോ ?  അല്ല.... അതൊന്നുമല്ല...

തിരുമേനി..,  ഒരുപാട് സ്വപ്‌നങ്ങൾ  ബലി കൊടുത്തിട്ട് , അങ്ങ്  മറഞ്ഞു പോയത് ,

ഒത്തിരി സ്വപ്‌നങ്ങൾ  ഞങ്ങൾക്ക്  നൽകാൻ  വേണ്ടിയായിരുന്നു  എനിയ്ക്കറിയാം.

'ആ സ്വപ്‌നങ്ങൾ  കാത്തുസൂക്ഷിയ്ക്കുന്നുണ്ടോ  എന്നറിയാൻ  ഞാൻ  വന്നു നോക്കും

എല്ലാ വർഷവും '   എന്ന്  അങ്ങ്  പറയാതെ പറഞ്ഞു  ,  പോയതും  എനിയ്ക്കറിയാം.

അങ്ങ് പറഞ്ഞു പോയതുപോലെ എല്ലാം  ഞാൻ തിരികെ കൊണ്ടുവന്നു  തിരുമേനീ...

തുമ്പയും  തുളസിയും ,  കദളിയും  കാട്ടുകോളാമ്പിയും ,  ചെത്തിയും  ചെമ്പരത്തിയും

മുക്കുറ്റിയും  പൂവാങ്കുരുന്നിലയും  എല്ലാം..എല്ലാം  ദാ ,  എന്റെയീ  മലയാളക്കുടിലിന്റെ

ഇത്തിരിമുറ്റത്ത്  പുനർജ്ജനിച്ചിരിയ്ക്കുന്നു !   പക്ഷെ....പക്ഷെ....

              നേരം  സന്ധ്യയാകുന്നു.... എന്റെ മണ്കുടിലിന്റെ   ഉമ്മറത്തിണ്ണയിൽ  കത്തിച്ചു വച്ച

മൺചിരാതിന്റെ  ഇത്തിരി വെളിച്ചത്തിൽ  എന്റെ കണ്ണുകൾ  നനയുന്നത്  അങ്ങ്

കാണാതിരിയ്ക്കാൻ  ഞാനവ  കൈകൊണ്ട് പാതി മറച്ചുവച്ചിട്ടുണ്ട്.  എത്ര മറച്ചിട്ടും

എത്ര തടഞ്ഞിട്ടും  നിൽക്കാതെ  താഴോട്ടൊഴുകുന്ന  ഈ  കണ്ണുനീർത്തുള്ളികൾ

അങ്ങയോടു  ഒരു  കഥ പറയും മഹാത്മാവേ !

കോൺക്രീറ്റു  കൊട്ടാരങ്ങൾക്കായി  ബലി കൊടുത്ത  നാട്ടുമ്പുറത്തെ

നന്മത്തുരുത്തുകളെ  ഞാനെന്റെ  മുറ്റത്തേയ്ക്ക്   തിരികെ  കൊണ്ടുവന്നെങ്കിലും ,

തിരുമേനീ...  എന്റെ... എന്റെ  മനസ്സിന്റെ മുറ്റം... അതിപ്പോഴും   ശൂന്യമാണല്ലോ ...

എന്റെ  മയിൽപ്പീലിസ്വപ്നങ്ങൾ.... മുത്തുപോലെ ഞാൻ  സൂക്ഷിച്ച എന്റെ പ്രണയം....

വിരൽത്തുമ്പിൽപ്പോലും  ഒന്ന് തൊട്ടുനോക്കാതെ... മുടിയിഴകളൊന്നു

മാടിയൊതുക്കാതെ.... ഒരു തുള്ളി വിയർപ്പിന്റെ ഗന്ധമറിയാതെ ... ഒരു

മൃദുചുംബനസാന്ത്വനമില്ലാതെ.... ബലി കൊടുക്കപ്പെട്ട  എന്റെ  പ്രണയം...

അത്  മാത്രം എനിയ്ക്ക്   തിരികെ  കൊണ്ടുവരാൻ  കഴിയില്ലല്ലോ  തിരുമേനീ ...

പുള്ളുവൻ പാട്ടിനൊപ്പം .. തോട്ടിറമ്പിലെ കൈതയ്ക്കൊപ്പം...പാടവരമ്പിലെ ചെളി

കുഴഞ്ഞ  എന്റെ  കാൽപ്പാടുകളോടൊപ്പം  ബലി കൊടുക്കപ്പെട്ട എന്റെ

പ്രണയസ്വപ്നങ്ങൾ... അതും....അതുമൊരു  മഹത്തായ  ബലി  ആയി  അവശേഷിയ്ക്കേ

,   തിരുമേനീ ,  അങ്ങ്  വരുന്ന  ഓരോ സമയവും , അങ്ങയുടെ പേര് കേൾക്കുന്ന ഓരോ

നിമിഷവും ഞാൻ എന്നിലേയ്ക്ക്  നോക്കി  കരയുകയാണ്... ആരും  കാണാതെ...

എന്റെയുള്ളിലെ  ആ  'മഹാ'   'ബലി '  യെ  ഓർത്ത് ....

സാരമില്ല.. അത് നല്ലതാണ്.   ഇഷ്ടമാണ്  എനിയ്ക്ക് ... മനസ്സിലെ ചോര  ചിന്തുന്ന

മുറിവിൽ  വീണ്ടും വീണ്ടും ചോര കിനിയുന്നത്  കാണാൻ....കാരണം ,  അതുമൊരു

' മഹാ ബലി ' ..

                                                 ******************************

2016 ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

മകളേ നീ വളർന്നതച്ഛനറിഞ്ഞില്ല...

0 അഭിപ്രായ(ങ്ങള്‍)
                         മകളേ  നീ വളർന്നതച്ഛനറിഞ്ഞില്ല...
                            -------------------------------------------------------
                                                                                                           --  ശിവനന്ദ .


മകളേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല...!
മണല്‍ക്കാട്ടിലും മണല്‍ക്കാറ്റിലും
ഉരുകിയുറഞ്ഞച്ഛനൊരു 
ശിലയായ് തീര്‍ന്നപ്പോള്‍ 
കുഞ്ഞേ നീ വളര്‍ന്നതച്ഛനറിഞ്ഞില്ല ...!
നിന്‍റെ ശൈശവബാല്യങ്ങളും 
കൊഞ്ചിച്ചിണ്‌ങ്ങലും മധുരക്കുറുമ്പും 
അച്ഛന്‍റെ കണ്ണുകള്‍ക്കപ്പുറമായപ്പോള്‍ 
ഓമല്‍ക്കുരുന്നേ നീയവിടെ
വളരുകയായിരുന്നു...
തോളത്തും മടിയിലും കുത്തി മറിഞ്ഞതും
കൊട്ടാപ്പുറത്തുണ്ണി കളിച്ചു  തിമിര്‍ത്തതും
ഈണം മറന്നൊരു   താരാട്ട് പാടിയെന്‍  
നെഞ്ചില്‍ക്കിടത്തിയുറക്കിയതും 
അച്ഛന്‍റെയോര്‍മ്മകള്‍ ...നനുത്ത ഓര്‍മ്മകള്‍...
ഓര്‍മ്മ തന്‍ മാറാപ്പ് കെട്ടി മുറുക്കി 
ദൂരെ ദൂരെയീ മണല്‍ക്കാട്ടിലേയ്ക്കച്ഛന്‍ 
യാത്രയായപ്പോള്‍ , തിങ്കള്‍ക്കിടാവേ..
മുന്നിലിരുളിന്റെ ജഡനിര്‍വ്വികാരത ...
ഊന്നുവടിയില്ല,  റാന്തലില്ല...
ഈറന്‍ നിലാവില്ല , നക്ഷത്രമില്ല ...
പിന്നെയെന്‍ ജീവനില്‍ മിന്നിത്തെളിഞ്ഞത് 
മിന്നാമ്മിനുങ്ങ് പോല്‍ മിന്നും കിനാവായി 
മകളേ നിന്നുടെ പുഞ്ചിരിക്കൊഞ്ചല്‍ ...
ആത്മാവിലൊരുപിടി നോവുകള്‍ പാകി 
ആണ്ടുകളെത്രയോ തീര്‍ന്നുപോയി..
ഒരു പൂവ് പോലും വിരിയാതെ വേര്‍പെട്ട 
വസന്തങ്ങളെത്ര കടന്നു പോയി ...
കൈക്കുമ്പിളിലൊരു പിടി 
നാണയസ്വപ്‌നങ്ങള്‍....
അച്ഛന്‍ കരയുകയാണ് - നീ 
കരയാതിരിയ്ക്കാന്‍...
ശിലയായുറയുകയാണ് - നീ 
ഉയര്‍ന്ന്‍ പറക്കാന്‍ ...
മകളേ !  നീ വളര്‍ന്നെന്നമ്മ പറയുന്നു...!
അച്ഛനറിഞ്ഞില്ല... കണ്ടതുമില്ല...
ഒരു മോഹം.. അച്ഛനൊരേയൊരു മോഹം..
ഒരിയ്ക്കല്‍ക്കൂടി നീയെന്‍റെ -
യീണമില്ലാത്ത താരാട്ട് കേട്ട് 
നക്ഷത്രച്ചില്ല് പോലൊന്ന് ചിരിയ്ക്കുമോ ?
ഒരിയ്ക്കല്‍ക്കൂടിയെന്‍ 
നെഞ്ചില്‍ക്കിടന്നെന്റെ 
വാവാവോ കേട്ടൊന്നുറങ്ങുമോ ?
ഒരിയ്ക്കല്‍ക്കൂടിയെന്‍ 
തോളത്തും മടിയിലും 
കുത്തിമറിഞ്ഞു കളിയ്ക്കുമോ ?
വെറുതെ...
വെറുതേയൊരു സ്വപ്നം...
വെറുതേയൊരു മോഹം...
അറിയാം... മകളേ നീ വളര്‍ന്നു..
നിനക്ക് വളരാതെ വയ്യല്ലോ..
പക്ഷേ...
പക്ഷേ അച്ഛന്‍ വളര്‍ന്നില്ല..
കണ്മണീ നിന്‍റെ താരാട്ടു പ്രായത്തില്‍ 
നിന്നുമച്ഛനിനിയും  വളര്‍ന്നില്ല... 
 കത്തുന്ന  കനല്‍ക്കാറ്റച്ഛന്‍റെ മേനിയില്‍ 
 മിനുക്ക്‌ പണി നടത്തുന്നുണ്ട്...
വിരഹമൊരു നെരിപ്പോടായി 
മനസ്സിന്റെ ഭിത്തിയില്‍
കുത്തിവരയ്ക്കുന്നുണ്ട് ...
എന്നിട്ടും...
എന്നിട്ടും  അച്ഛനിനിയും വളര്‍ന്നില്ല..


                                                   ******************

2016 ജൂൺ 18, ശനിയാഴ്‌ച

എന്റെ പ്രിയപ്പെട്ട അച്ഛന് ..

1 അഭിപ്രായ(ങ്ങള്‍)
ഇന്ന്  പിതൃദിനം . ....


എന്റെ  പ്രിയപ്പെട്ട  അച്ഛന് ..
-----------------------------------------------

എന്റെയുമ്മറത്ത് 
തെളിഞ്ഞു കത്തുന്നുണ്ട് ,
സ്വര്‍ണ്ണം  പോലൊരു നിലവിളക്ക്..!
ജന്മം  തന്നിട്ടെനിയ്ക്ക് പുണ്യം  തന്നവന്‍ ..
വെയിലില്‍ക്കരിഞ്ഞിട്ടെനിയ്ക്ക് 
തണല്‍ തന്നവന്‍....
തടവില്‍ക്കിടന്നിട്ടെനിയ്ക്ക് 
സ്വാതന്ത്ര്യം തന്നവന്‍ ...
രാജ്യസ്നേഹത്തിന്റെ  മായാത്ത മുദ്രകളെന്‍റെ
മണവും തനുവും നിറയെയണിയിച്ചവന്‍ ..
പിതാവ്  മാത്രമല്ലെനിയ്ക്ക് 
സഖാവുമവന്‍...
എന്റെയുമ്മറത്തിപ്പോഴും തെളിഞ്ഞു കത്തുന്നു,
സ്വര്‍ണ്ണം പോലെയാ  നിലവിളക്ക്..!
അഗ്നിച്ചിറകില്‍ നിന്നൊരു പൊട്ടു കന -
ലെന്റെ കുഞ്ഞു ചിറകിലും പകര്‍ന്ന്‍
അഗ്നിയായാളിക്കത്തണമെന്നു ചൊല്ലി -
ച്ചിരിയ്ക്കുന്നെന്റെ സഖാവ്....!!! 
വിപ്ലവത്തിന്റെ ചോരച്ചുവപ്പില്‍ 
പൊതിഞ്ഞു വച്ച മരുന്നുകള്‍ക്ക് 
ജാതിയുണ്ടായിരുന്നോ സഖാവേ?
മനവും തനുവും മുറിവേറ്റ നീറ്റലില്‍ 
തലോടിയ തൂവലിന് 
ജാതിയുണ്ടായിരുന്നോ സഖാവേ ?
വിശന്നു വലഞ്ഞപ്പോള -
മൃത് പോല്‍ കിട്ടിയൊരിലപ്പൊതിയ്ക്ക്
ജാതിയുണ്ടായിരുന്നോ സഖാവേ ?
സഖാവ് ചിരിയ്ക്കുന്നു....
അഭിമാനത്തോടെ....
ഞാനും....
എന്റെയുമ്മറത്തിപ്പോഴും തെളിഞ്ഞു കത്തുന്നു ,
സ്വര്‍ണ്ണം പോലൊരു നിലവിളക്ക് ...
ലാല്‍സലാം സഖാവേ ...!!!!!

                                                   *******************

2016 ജൂൺ 13, തിങ്കളാഴ്‌ച

ഞാൻ ഏതാണ് ജാതി ?

0 അഭിപ്രായ(ങ്ങള്‍)
                             
                                                                                       
അപ്പനപ്പൂപ്പന്മാര്‍ തൊട്ടേ  'ഹിന്ദു' വത്രേ !
അപ്പൊ, ഞാനും ഹിന്ദു,വെന്നമ്മ..!

പള്ളിപ്പെരുന്നാള് കൂടി ഞാന്‍..
മെഴുതിരി കത്തിച്ചു കൈകള്‍ കൂപ്പി..
'പെട്ടിക്കാര' നോട്‌ വളയും വാങ്ങി..
മഞ്ഞുമണിമുത്തുമാല വാങ്ങി ..
പെസഹാപ്പം രുചിയോടെ തിന്നു..
' ക്രിസ്മസ് ട്രീ' യലങ്കരിച്ചു... 

'റംസാന്‍ നിലാവ് ' ആര്‍ത്തിയാല്‍ വായിച്ചു..
അല്ലാഹുവേപ്പറ്റിയതിശയിച്ചു...!
നബിവചനങ്ങളും മനസ്സില്‍ച്ചേര്‍ത്തു...
'നോമ്പുതുറ ' യ്ക്ക് വിരുന്നു പോയി...

അക്ഷരദേവി  'മൂകാംബിക'...
ഗുരുവായൂരപ്പന്‍റെ കള്ളനോട്ടം...
ഏറ്റുമാനൂരെന്റെ മഹാദേവന്‍...
കൈകൂപ്പി വന്ദിച്ച് മാത്ര നേരം...

ഇപ്പോളെനിയ്ക്കാകെയങ്കലാപ്പ് ...
ഏതാണ് ജാതി ഞാന്‍ ? 
ആരോട് ചോദിയ്ക്കും ?
പള്ളീല്‍ പോയതിനാല്‍ 
ഹിന്ദുവുപേക്ഷിച്ചോ ?
ക്ഷേത്രത്തില്‍പ്പോയോണ്ട്
ക്രിസ്ത്യാനിയും വിട്ടോ ?
ഇക്കാരണത്താല്‍ മുസ്ലിമുപേക്ഷിച്ചോ?

ഇനിയെനിയ്ക്കൊരു പിടി 
മണ്ണ്‍ നിഷേധിക്ക്വോ ?
ദേഹിയുപേക്ഷിയ്ക്കും നേരത്ത് ,
ദേഹമെരിയ്ക്കാനൊരു പിടി മണ്ണ്‍ ????

                                                    ***************














2016 മേയ് 19, വ്യാഴാഴ്‌ച

അവസാനത്തെ സെൽഫി .

4 അഭിപ്രായ(ങ്ങള്‍)
                          അവസാനത്തെ  സെൽഫി .
                          ----------------------------------------                
                                                                                 ശിവനന്ദ .

           രണ്ടാമത്തെ  ഷോ  കഴിഞ്ഞ്   അവനിറങ്ങി .   തീയേറ്ററിന്റെ   പാർക്കിങ്ങിലേയ്ക്ക്   തിക്കിത്തിരക്കി.   രണ്ട്   പെഗ്ഗടിച്ചതിന്റെയും   കഞ്ചാവിന്റെ  രണ്ട്   പുകയെടുത്തതിന്റെയും   അഹങ്കാരത്തിൽ ,   ഹെൽമറ്റ്   എടുത്തത്   തിരികെ   വച്ച് ,   അവൻ  വണ്ടിയെടുത്തു....

പതിവായി   കഴിയ്ക്കാറുള്ള   തട്ടുകടയുടെ   മുന്നില്   വണ്ടി  നിന്നു ...

നാശം,,,  അത്   അടച്ചിരിയ്ക്കുന്നു... വൈകിച്ചെന്നാൽ   ഭക്ഷണം   തരില്ലെന്ന്  പറഞ്ഞ   അമ്മയെയും   പ്രാകി.   സെക്യൂരിറ്റി  ജോലിക്കാരൻ   അച്ഛൻ  രാത്രി   പുറപ്പെടും മുൻപ്   വീട്ടിലെത്തണമെന്നാണ്  ഓർഡർ.   പിന്നേ ..എത്തി..
വണ്ടിയെടുക്കാനൊരുങ്ങിയപ്പോൾ   വിളക്ക് കാലിനു ചുവട്ടിലൊരു   ഞരക്കം...

ഹ.. അതെന്ത്  വള്ളിക്കെട്ട്..?   ചെന്ന്   നോക്കി.    ചുവന്ന   പഴന്തുണിക്കെട്ട്   പോലെ  ...

കള്ളും   കഞ്ചാവും   ഒരുമിച്ച്   പ്രവൃത്തിച്ചിട്ടും   അതൊരു  മനുഷ്യരൂപമാണെന്നവൻ   തിരിച്ചറിഞ്ഞു...!   നാശം   പിടിയ്ക്കാൻ... ഇടിച്ചിട്ടിട്ട്   പൊടീം  തട്ടി  പോയി...

കൊഴുത്ത   ചോരയുടെ   മണം ... അവൻ  മൊബൈലെടുത്തു .

"രക്ഷിയ്ക്കണേ  മോനേ ..."

തനിയ്ക്ക്   നേരെ  നീണ്ട  ചോരക്കൈയ്യുടെ   വിറയൽ   കണ്ടപ്പോൾ   അവനിലെ  ലഹരിയ്ക്ക്   ഭ്രാന്ത്  പിടിച്ചു...

അയാളുടെ   അടുത്ത്   മുട്ടുകുത്തിയിരുന്ന്   അവനെടുത്തു ,  ഒരു  ഉഗ്രൻ  സെൽഫി  !   പിന്നെയുമെടുത്തു ...  പിന്നെയും   പല  കോണുകളിൽ  നിന്ന്...
, ..ആഹാ..!  തകർത്തു ...!  അടിപൊളി   സെൽഫി ...!   രാത്രി   ഇത്രയും   വൈകിയത്കൊണ്ട്   ഇതാരും   കണ്ടുകാണില്ല .   ആർക്കും    കിട്ടിക്കാണില്ല   ഈ  ഭാഗ്യം..!  ചൂടാറും  മുന്നേ   ഫേസ് ബുക്കിലിടണം .   നേരം   വെളുത്താൽ,  ഏതെങ്കിലും  അവന്മാര്   ഓവർ ടേക്ക്   ചെയ്യും....

അവൻ  വണ്ടി   പറപ്പിച്ചു....

വീടിലെത്തിയ   പാടെ  ഫേസ് ബുക്ക്   തുറന്ന് ,  പടം   അതിലിട്ടു .   അതിലേയ്ക്ക്   നോക്കി   അവൻ   ചിരിച്ചു...  ലഹരി   പതഞ്ഞ   ചിരി...

കമ്പ്യൂട്ടറിന്റെ   സ്ക്രീൻ   ഓഫ്   ചെയ്ത് ,  അതിന്റെ   മുന്നിൽത്തന്നെ   കിടന്നു.  സൈൻ ഔട്ട്‌ ചെയ്തില്ല.   ഷട്ട് ഡൌൻ  ചെയ്തില്ല ...   ഉറങ്ങി....

രാവിലെ  ചാടിപ്പിടച്ച്  എഴുന്നേൽക്കുമ്പോഴും   ലഹരി   തീർത്തും   വിട്ടൊഴിഞ്ഞിരുന്നില്ല .    അമ്മയുടെ   ദേഷ്യം   കൊണ്ട്   വീർത്ത    മുഖം   കണ്ടില്ലെന്ന്   നടിച്ച് ,  ഫേസ് ബുക്കിലെയ്ക്കോടി .   എത്ര   ലൈക്ക്   വീണു കാണുമിപ്പോൾ...!   അതെ... !   അൽപ നേരം   കൊണ്ട്   ഒത്തിരി  ലൈക്കുകൾ ..!   സന്തോഷം   കൊണ്ട്   വീർപ്പുമുട്ടി .   തന്നെ   സൂപ്പർ സറ്റാറാക്കിയ   ചിത്രം..!  അവനത്  ഒത്തിരി   ഇഷ്ടത്തോടെ  നോക്കി....

നോക്കിയിരിയ്ക്കെ   അവന്റെ   കണ്ണുകൾ   മിഴിഞ്ഞു..... വിശ്വാസം   വരാതെ    വീണ്ടും ....
വന്യമായൊരു   ഭയത്തോടെ   സ്ക്രീൻ   ഓഫ്‌   ചെയ്തു... വെറുതെ   തോന്നിയതാണോ ?   ഒരിയ്ക്കൽക്കൂടി   ഓൺ ചെയ്ത് നോക്കാൻ  നീട്ടിയ  കൈകൾ  പേടിയോടെ  പിൻവലിച്ചു ....  ഒരു തിക്കുമുട്ടൽ   പാഞ്ഞു വന്ന്  തൊണ്ടയിൽ  തടഞ്ഞു....   ദേഹത്താകമാനം   ഒരു   കുളിർ   പാഞ്ഞു....

ഫോണിന്റെ   ശബ്ദം   നടുക്കി... ഫോണെടുത്ത  അമ്മയുടെ   നിലവിളി   കേട്ടവൻ    ചെവി  പൊത്തി...ഒടുക്കം  അവനൊന്നു നിലവിളിച്ചു..അതൊരു  അലർച്ചയായി ..

" മോനേ  നമ്മുടച്ഛൻ ..."

ഒന്നും   കേൾക്കാനവൻ   നിന്നില്ല.   ബൈക്കെടുത്ത്   പാഞ്ഞു.   എങ്ങോട്ടെന്നില്ലാതെ.....

                                                          ..................

കലുങ്കിൽ  തട്ടി   തലകുത്തി   മറിഞ്ഞ   ബൈക്കിന്റെ   അടിയിൽ   അവൻ അമർന്ന്  കിടന്നു.  കലുങ്കിനു  താഴത്തെ   ഇരുട്ടിൽ .....

'രക്ഷിയ്ക്കണേ '    എന്നവൻ  നിലവിളിച്ചൊ ?  ആരെങ്കിലുമൊന്ന്   രക്ഷിച്ചെങ്കിൽ   എന്നവനാശിച്ചോ ?   ഒന്നുമറിയില്ല....

പക്ഷെ   അവനറിഞ്ഞു... ചോരച്ചൂട് ...  വന്യമായൊരു   ആനന്ദം..   ബോധത്തിന്റെയും   അബോധത്തിന്റെയും   ഇടയിൽ   ഏതോ   ഒരു   നിമിഷം...
വിറയ്ക്കുന്ന   കൈ   കൊണ്ടവൻ   മൊബൈലെടുത്തു ...   അച്ഛന്റെ   മരണത്തോടൊപ്പം   സെൽഫിയെടുത്ത   മകന് ,   അവസാനമായി   ഒരു  സെൽഫി   കൂടി  എടുക്കാൻ   മോഹമായി....സ്വന്തം ....മരണത്തോടൊപ്പം...

                                                ************

2016 ഏപ്രിൽ 29, വെള്ളിയാഴ്‌ച

വിഷുപ്പക്ഷിയുടെ പാട്ട് .

0 അഭിപ്രായ(ങ്ങള്‍)
                           വിഷുപ്പക്ഷിയുടെ  പാട്ട് .
                          ---------------------------------------
                                                                                  --  ശിവനന്ദ .

                കൈയ്യിലിരുന്ന്   തിളങ്ങുന്ന   സ്വർണ്ണ നാണയത്തിലേയ്ക്ക്  നോക്കി   അവർ   വെറുതെ   ഇരുന്നു .   വിഷുക്കൈനീട്ടം....  മകൻ   തന്ന  വിഷുക്കൈനീട്ടം .....  മറ്റേ   കൈയ്യിൽ   ഒരു  ഇരുപത്തഞ്ച്   പൈസയുടെ   തുട്ട്  ഉണ്ടോ ?   അവർ   നോക്കി.   ഇല്ല.   ഉണ്ടായിരുന്നെങ്കിൽ  ഏത്   കൈയ്യാവും   ഭാരം  കൊണ്ട്   താഴുക ?   അവർ  വെറുതെയൊന്നു   ചിരിച്ചു.   ഇതെങ്ങനെയാണ്  ഇതുപോലെ   ചിരിയ്ക്കാൻ  പഠിച്ചത് ?  തിളച്ചുമറിയുന്ന   ലാവയെ   ഉള്ളിലൊതുക്കിയ   അഗ്നിപർവ്വതത്തിന്റെ   ശാന്തത   പോലെ ?  മഴമേഘങ്ങളെ   പിന്നിലൊതുക്കി   ഒളിഞ്ഞു  നോക്കുന്നൊരു   നിലാച്ചിന്ത്   പോലെ ?

               കണിക്കൊന്ന   നിറയെ   പൂത്തിരിയ്ക്കുന്നു...!!  നിറയെ   സ്വർണ്ണമണികൾ....!!!   കൈയ്യിലിരിയ്ക്കുന്ന   സ്വർണ്ണ നാണയത്തിനോ   ആ സ്വർണ്ണമണികൾക്കൊ   കൂടുതൽ   ഭംഗി ?   അവർ   വീണ്ടും   ചിന്തിച്ച്   നോക്കി .   ചിന്തകൾ   ആരോടാണ്   പങ്ക്   വയ്ക്കുക ?   വട്ടു പിടിച്ച   ചിന്തകള്   എന്നാണ്   മക്കൾ  വിശേഷിപ്പിയ്ക്കുക.    ആയിക്കോട്ടെ.   ഈ  വട്ടു   പിടിച്ച   ചിന്തകൾ   തനിയ്ക്ക്   അത്യാവശ്യമാണെന്ന്   അവരോർത്തു .    അതൊരു   ചെപ്പിനുള്ളിലിട്ടു   അടയ്ക്കാം.   അതിൽ   കാപ്പിപ്പൂവും   ശീമക്കൊന്നപ്പൂവും  ഗന്ധരാജൻ  പൂവും  എല്ലാം.....

തൊടിയിൽ   ഓടി നടന്നു പിടിച്ച   തുമ്പിയും   കിടക്കട്ടെ   ചെപ്പിനുള്ളിൽ.... കല്ലെടുപ്പിയ്ക്കാത്ത   തുമ്പി....  വാലിൽ   ചരട്   കെട്ടി   പറപ്പിയ്ക്കാത്ത   തുമ്പി.....

വിഷു സദ്യ   കഴിഞ്ഞ്  എലാവരും  വിശ്രമിയ്ക്കാൻ   പോയപ്പോൾ ,  വിഷുക്കൈനീട്ടം   എടുത്ത്   വീണ്ടും   തിരിച്ചും മറിച്ചും   നോക്കി.   ഇതിനു മാത്രം   ഇതെന്താണ്   ഇത്ര   നോക്കാനുള്ളത്   എന്നവർ ആലോചിച്ചു....

ശ്ശെ ...

ആ  ശബ്ദത്തിന്  നിരാശയുടെ   ചുവയുണ്ടായിരുന്നോ ?

" അമ്മേ "...

ഞെട്ടി.

" അമ്മ കുറെ   നേരായല്ലൊ   ഈ  കോയിൻ   നോക്കിക്കൊണ്ടിരിയ്ക്കുന്നു  !   എന്തേ   ഇഷ്ടായില്ലേ ?   എത്ര   വില  കൊടുത്തെന്നറിയോ ! "

മകന്റെ   മുഖത്തേയ്ക്ക്   സൂക്ഷിച്ചു  നോക്കി.

" സന്തോഷമായോ   അമ്മയ്ക്ക് ?"

അവനെ   നോക്കി   വെറുതെ  ചിരിച്ചു .   അവർക്ക്   മാത്രം   സ്വന്തമായുള്ള   ആ  പ്രത്യേക തരം   ചിരി....അതിന്റെ   അർത്ഥത്തിനു പോലും   പിടി കൊടുക്കാത്ത   ചിരി.....

മകൻ   സംതൃപ്തിയോടെ   തിരിഞ്ഞ്   നടന്നു.

"മോനേ .."

ആ  പിൻവിളിയ്ക്ക്   എന്ത്  അർത്ഥമാണുള്ളത്   എന്ന്  ആ  നിമിഷം   അവർ   ചിന്തിച്ചില്ല.   ആ  ചിന്തയുടെ  അഭാവത്തിൽ   അവർ  തോറ്റുപോയി ....

മകന്റെ   കണ്ണിലെ   ചോദ്യചിഹ്നത്തിൽ   നോക്കി   അവർ   പറഞ്ഞു.

" മോനെ ...  അമ്മയ്ക്കിത്   വേണ്ട.  ഇത്   നീയെടുത്തോ ..."

"ങേ ..!"

അമ്മയ്ക്ക്  സ്വർണ്ണനാണയം   വിഷുക്കൈനീട്ടമായി   കൊടുത്ത   ധനികനായ  മകൻ   ഞെട്ടുക   എന്നത്   അവിടെ   അത്യാവശ്യമായിരുന്നു...

" വേണ്ടെന്നോ ?  എന്തെ ?  ഇഷ്ടമായില്ലേ ?"

" ഇഷ്ടമായി.  ഇത്രയും   വിലപിടിപ്പുള്ള   വിഷുക്കൈനീട്ടം   ഏത്   മക്കളാണ്   അമ്മയ്ക്ക്   കൊടുത്തിട്ടുണ്ടാവുക ? "

അവൻ   ആ  അംഗീകാരം   അഭിമാനത്തോടെ   രുചിച്ചു.

" പിന്നെന്താ "?

" അമ്മയ്ക്ക്.... അമ്മയ്ക്ക്...വേറൊരു   സാധനം   മതി."

" എന്ത്   സാധനം"?

അഭിമാനക്കണ്ണുകളിൽ   അതിശയം ...

വിക്കി വിക്കി  പറഞ്ഞു ...

" ഒരു...ഒരു പാട്ട് ..."

" പാട്ടോ ?  എന്ത്   പാട്ട് ?"

ഇക്കുറി   വിക്കിയില്ല .   ആവേശത്തോടെ   പറഞ്ഞു.

"ഉം ...  വിഷുപ്പക്ഷിയുടെ   പാട്ട്."

" ങേ ?...!  "

ആ ശബ്ദം   ഞെട്ടലിന്റെയാണോ   അതിശയത്തിന്റെയാണോ   എന്ന്  തരം  തിരിയ്ക്കാൻ   ശ്രമിച്ചില്ല.   വലിയൊരു   തമാശ   കേട്ടത് പോലെ  ചിരിച്ച്   മറിയുന്നതിനിടയിൽ   അവൻ   പറയുന്നുണ്ടായിരുന്നു..

"വിഷുപ്പക്ഷിയുടെ   പാട്ടേയ് ...!  ഇങ്ങനെയുമുണ്ടോ   മനുഷ്യർക്ക്   വട്ട് ..!"

എങ്ങു നിന്നെന്നറിയാതെ    ഒരു   ഈറൻ മേഘം  മനസ്സിൽ  വന്നു നിറഞ്ഞു....

" നീ പോ ...എനിയ്ക്കല്പം   കിടക്കണം..."

കിടക്കയിലേയ്ക്ക്   ചാഞ്ഞു... കണ്ണുകളടച്ചു ....

മേഘങ്ങൾക്കിടയിലൂടെ   മനസ്സ്   ഊളിയിട്ടു.....  ആ  മനസ്സിനൊരു   നിഴൽ രൂപമുണ്ടായി .   നീണ്ടിടതൂർന്ന   മുടിയും , അതിൽ   ഇലഞ്ഞിപ്പൂ മണവുമുള്ളൊരു   രൂപം...  അത്  തൊടിയിൽ   ഓടിനടന്ന്   കുയിൽപ്പാട്ട്   പാടി....  എത്താക്കൊമ്പത്ത്  നിന്നും  ശീമക്കൊന്നപ്പൂക്കളും   കാപ്പിപ്പൂക്കളും   എത്തി വലിഞ്ഞ്  പറിച്ചു ....  വിഷുപ്പക്ഷിയുടെ   ഈണത്തിന്   ശബ്ദം   കൊടുത്തു ...

" അച്ഛൻ  കൊമ്പത്ത്... അമ്മ വരമ്പത്ത്.... കള്ളൻ  ചക്കേട്ടു ....കണ്ടാ മിണ്ടണ്ട ..."

അതൊരു   ഹൃദയഗാനമായി...

കണ്ണ് നനഞ്ഞു..... എവിടെയാണ് .... എവിടെയാണ്  ആ ഹൃദയഗാനം ?  ഒരു   പാവം  മനസ്സിനെ   ഉപേക്ഷിച്ച്   ആ വിഷുപ്പക്ഷി   എവിടെയാണ്   പോയത് ?   മനസ്സിന്റെ   മുറ്റത്തെ   കണിക്കൊന്നച്ചില്ലയിൽ  ഒരിയ്ക്കലും   വരാതെ പോയ   ആ വിഷുപ്പക്ഷിയുടെ   സംഗീതത്തിൽ  ഒരു   കുഞ്ഞു  ബാല്യവും ,   കുളിരുള്ളൊരു   കൗമാരവുമുണ്ടായിരുന്നു ...  പിന്നെ...... പിന്നെ.....

 " ശാലു ..."

ഞെട്ടി..

" ദാ  വിഷുപ്പക്ഷിയുടെ   പാട്ട്.."

"ങേ "?.....

" നമ്മളൊന്നിച്ച്   കണ്ട  കൗമാരസ്വപ്നങ്ങൾക്ക്   ഈണം   പകർന്ന   പാട്ട്..."

" ഇത്..... ഇതെങ്ങനെ.....എവിടുന്ന് ....."

" ഇങ്ങിനി   വരാത്ത വണ്ണം   പോയില്ലേ  എല്ലാം.... അപശ്രുതികൾ..... അവതാളങ്ങൾ...."

" അപ്പൊ  ഇത്....  ഇതെങ്ങനെ...."

" നെറ്റിൽ  നിന്നും   കിട്ടാത്തതെന്തെങ്കിലും  ഉണ്ടോ  ഇപ്പോൾ?  ഡൌൻ ലോഡ്   ചെയ്തതാ.  നിനക്ക്  വേണ്ടി.."

കരച്ചിൽ   വന്നു .

" കരയരുത് .   നമുക്കും   നടക്കാം   കാലത്തിനൊപ്പം ..."

................

" അമ്മയെന്താ   ഇങ്ങനെ   സ്തംഭിച്ചിരിയ്ക്കുന്നെ  ?  ആ   സിഡി  ഒന്ന്  പ്ലേ   ചെയ്ത്  നോക്കിയേ ..  ഞാൻ  ദേ  ഇപ്പൊ   നെറ്റിൽ  നിന്നും   ഡൌൻ ലോഡ്  ചെയ്തെടുത്തതാ ..  അമ്മേടെ   വിഷുപ്പക്ഷിയുടെ  പാട്ട്..  സന്തോഷമായില്ലേ  അമ്മയ്ക്ക് ?"

അവർ  ചിരിച്ചു .....കൗമാരസ്വപ്നങ്ങളുടെ   ആ  ശവപ്പെട്ടിയിൽ  നോക്കി  അവർ  വീണ്ടും   ചിരിച്ചു.....

                                                         ****************









 
Copyright © .