2016, ഏപ്രിൽ 29, വെള്ളിയാഴ്‌ച

വിഷുപ്പക്ഷിയുടെ പാട്ട് .

                           വിഷുപ്പക്ഷിയുടെ  പാട്ട് .
                          ---------------------------------------
                                                                                  --  ശിവനന്ദ .

                കൈയ്യിലിരുന്ന്   തിളങ്ങുന്ന   സ്വർണ്ണ നാണയത്തിലേയ്ക്ക്  നോക്കി   അവർ   വെറുതെ   ഇരുന്നു .   വിഷുക്കൈനീട്ടം....  മകൻ   തന്ന  വിഷുക്കൈനീട്ടം .....  മറ്റേ   കൈയ്യിൽ   ഒരു  ഇരുപത്തഞ്ച്   പൈസയുടെ   തുട്ട്  ഉണ്ടോ ?   അവർ   നോക്കി.   ഇല്ല.   ഉണ്ടായിരുന്നെങ്കിൽ  ഏത്   കൈയ്യാവും   ഭാരം  കൊണ്ട്   താഴുക ?   അവർ  വെറുതെയൊന്നു   ചിരിച്ചു.   ഇതെങ്ങനെയാണ്  ഇതുപോലെ   ചിരിയ്ക്കാൻ  പഠിച്ചത് ?  തിളച്ചുമറിയുന്ന   ലാവയെ   ഉള്ളിലൊതുക്കിയ   അഗ്നിപർവ്വതത്തിന്റെ   ശാന്തത   പോലെ ?  മഴമേഘങ്ങളെ   പിന്നിലൊതുക്കി   ഒളിഞ്ഞു  നോക്കുന്നൊരു   നിലാച്ചിന്ത്   പോലെ ?

               കണിക്കൊന്ന   നിറയെ   പൂത്തിരിയ്ക്കുന്നു...!!  നിറയെ   സ്വർണ്ണമണികൾ....!!!   കൈയ്യിലിരിയ്ക്കുന്ന   സ്വർണ്ണ നാണയത്തിനോ   ആ സ്വർണ്ണമണികൾക്കൊ   കൂടുതൽ   ഭംഗി ?   അവർ   വീണ്ടും   ചിന്തിച്ച്   നോക്കി .   ചിന്തകൾ   ആരോടാണ്   പങ്ക്   വയ്ക്കുക ?   വട്ടു പിടിച്ച   ചിന്തകള്   എന്നാണ്   മക്കൾ  വിശേഷിപ്പിയ്ക്കുക.    ആയിക്കോട്ടെ.   ഈ  വട്ടു   പിടിച്ച   ചിന്തകൾ   തനിയ്ക്ക്   അത്യാവശ്യമാണെന്ന്   അവരോർത്തു .    അതൊരു   ചെപ്പിനുള്ളിലിട്ടു   അടയ്ക്കാം.   അതിൽ   കാപ്പിപ്പൂവും   ശീമക്കൊന്നപ്പൂവും  ഗന്ധരാജൻ  പൂവും  എല്ലാം.....

തൊടിയിൽ   ഓടി നടന്നു പിടിച്ച   തുമ്പിയും   കിടക്കട്ടെ   ചെപ്പിനുള്ളിൽ.... കല്ലെടുപ്പിയ്ക്കാത്ത   തുമ്പി....  വാലിൽ   ചരട്   കെട്ടി   പറപ്പിയ്ക്കാത്ത   തുമ്പി.....

വിഷു സദ്യ   കഴിഞ്ഞ്  എലാവരും  വിശ്രമിയ്ക്കാൻ   പോയപ്പോൾ ,  വിഷുക്കൈനീട്ടം   എടുത്ത്   വീണ്ടും   തിരിച്ചും മറിച്ചും   നോക്കി.   ഇതിനു മാത്രം   ഇതെന്താണ്   ഇത്ര   നോക്കാനുള്ളത്   എന്നവർ ആലോചിച്ചു....

ശ്ശെ ...

ആ  ശബ്ദത്തിന്  നിരാശയുടെ   ചുവയുണ്ടായിരുന്നോ ?

" അമ്മേ "...

ഞെട്ടി.

" അമ്മ കുറെ   നേരായല്ലൊ   ഈ  കോയിൻ   നോക്കിക്കൊണ്ടിരിയ്ക്കുന്നു  !   എന്തേ   ഇഷ്ടായില്ലേ ?   എത്ര   വില  കൊടുത്തെന്നറിയോ ! "

മകന്റെ   മുഖത്തേയ്ക്ക്   സൂക്ഷിച്ചു  നോക്കി.

" സന്തോഷമായോ   അമ്മയ്ക്ക് ?"

അവനെ   നോക്കി   വെറുതെ  ചിരിച്ചു .   അവർക്ക്   മാത്രം   സ്വന്തമായുള്ള   ആ  പ്രത്യേക തരം   ചിരി....അതിന്റെ   അർത്ഥത്തിനു പോലും   പിടി കൊടുക്കാത്ത   ചിരി.....

മകൻ   സംതൃപ്തിയോടെ   തിരിഞ്ഞ്   നടന്നു.

"മോനേ .."

ആ  പിൻവിളിയ്ക്ക്   എന്ത്  അർത്ഥമാണുള്ളത്   എന്ന്  ആ  നിമിഷം   അവർ   ചിന്തിച്ചില്ല.   ആ  ചിന്തയുടെ  അഭാവത്തിൽ   അവർ  തോറ്റുപോയി ....

മകന്റെ   കണ്ണിലെ   ചോദ്യചിഹ്നത്തിൽ   നോക്കി   അവർ   പറഞ്ഞു.

" മോനെ ...  അമ്മയ്ക്കിത്   വേണ്ട.  ഇത്   നീയെടുത്തോ ..."

"ങേ ..!"

അമ്മയ്ക്ക്  സ്വർണ്ണനാണയം   വിഷുക്കൈനീട്ടമായി   കൊടുത്ത   ധനികനായ  മകൻ   ഞെട്ടുക   എന്നത്   അവിടെ   അത്യാവശ്യമായിരുന്നു...

" വേണ്ടെന്നോ ?  എന്തെ ?  ഇഷ്ടമായില്ലേ ?"

" ഇഷ്ടമായി.  ഇത്രയും   വിലപിടിപ്പുള്ള   വിഷുക്കൈനീട്ടം   ഏത്   മക്കളാണ്   അമ്മയ്ക്ക്   കൊടുത്തിട്ടുണ്ടാവുക ? "

അവൻ   ആ  അംഗീകാരം   അഭിമാനത്തോടെ   രുചിച്ചു.

" പിന്നെന്താ "?

" അമ്മയ്ക്ക്.... അമ്മയ്ക്ക്...വേറൊരു   സാധനം   മതി."

" എന്ത്   സാധനം"?

അഭിമാനക്കണ്ണുകളിൽ   അതിശയം ...

വിക്കി വിക്കി  പറഞ്ഞു ...

" ഒരു...ഒരു പാട്ട് ..."

" പാട്ടോ ?  എന്ത്   പാട്ട് ?"

ഇക്കുറി   വിക്കിയില്ല .   ആവേശത്തോടെ   പറഞ്ഞു.

"ഉം ...  വിഷുപ്പക്ഷിയുടെ   പാട്ട്."

" ങേ ?...!  "

ആ ശബ്ദം   ഞെട്ടലിന്റെയാണോ   അതിശയത്തിന്റെയാണോ   എന്ന്  തരം  തിരിയ്ക്കാൻ   ശ്രമിച്ചില്ല.   വലിയൊരു   തമാശ   കേട്ടത് പോലെ  ചിരിച്ച്   മറിയുന്നതിനിടയിൽ   അവൻ   പറയുന്നുണ്ടായിരുന്നു..

"വിഷുപ്പക്ഷിയുടെ   പാട്ടേയ് ...!  ഇങ്ങനെയുമുണ്ടോ   മനുഷ്യർക്ക്   വട്ട് ..!"

എങ്ങു നിന്നെന്നറിയാതെ    ഒരു   ഈറൻ മേഘം  മനസ്സിൽ  വന്നു നിറഞ്ഞു....

" നീ പോ ...എനിയ്ക്കല്പം   കിടക്കണം..."

കിടക്കയിലേയ്ക്ക്   ചാഞ്ഞു... കണ്ണുകളടച്ചു ....

മേഘങ്ങൾക്കിടയിലൂടെ   മനസ്സ്   ഊളിയിട്ടു.....  ആ  മനസ്സിനൊരു   നിഴൽ രൂപമുണ്ടായി .   നീണ്ടിടതൂർന്ന   മുടിയും , അതിൽ   ഇലഞ്ഞിപ്പൂ മണവുമുള്ളൊരു   രൂപം...  അത്  തൊടിയിൽ   ഓടിനടന്ന്   കുയിൽപ്പാട്ട്   പാടി....  എത്താക്കൊമ്പത്ത്  നിന്നും  ശീമക്കൊന്നപ്പൂക്കളും   കാപ്പിപ്പൂക്കളും   എത്തി വലിഞ്ഞ്  പറിച്ചു ....  വിഷുപ്പക്ഷിയുടെ   ഈണത്തിന്   ശബ്ദം   കൊടുത്തു ...

" അച്ഛൻ  കൊമ്പത്ത്... അമ്മ വരമ്പത്ത്.... കള്ളൻ  ചക്കേട്ടു ....കണ്ടാ മിണ്ടണ്ട ..."

അതൊരു   ഹൃദയഗാനമായി...

കണ്ണ് നനഞ്ഞു..... എവിടെയാണ് .... എവിടെയാണ്  ആ ഹൃദയഗാനം ?  ഒരു   പാവം  മനസ്സിനെ   ഉപേക്ഷിച്ച്   ആ വിഷുപ്പക്ഷി   എവിടെയാണ്   പോയത് ?   മനസ്സിന്റെ   മുറ്റത്തെ   കണിക്കൊന്നച്ചില്ലയിൽ  ഒരിയ്ക്കലും   വരാതെ പോയ   ആ വിഷുപ്പക്ഷിയുടെ   സംഗീതത്തിൽ  ഒരു   കുഞ്ഞു  ബാല്യവും ,   കുളിരുള്ളൊരു   കൗമാരവുമുണ്ടായിരുന്നു ...  പിന്നെ...... പിന്നെ.....

 " ശാലു ..."

ഞെട്ടി..

" ദാ  വിഷുപ്പക്ഷിയുടെ   പാട്ട്.."

"ങേ "?.....

" നമ്മളൊന്നിച്ച്   കണ്ട  കൗമാരസ്വപ്നങ്ങൾക്ക്   ഈണം   പകർന്ന   പാട്ട്..."

" ഇത്..... ഇതെങ്ങനെ.....എവിടുന്ന് ....."

" ഇങ്ങിനി   വരാത്ത വണ്ണം   പോയില്ലേ  എല്ലാം.... അപശ്രുതികൾ..... അവതാളങ്ങൾ...."

" അപ്പൊ  ഇത്....  ഇതെങ്ങനെ...."

" നെറ്റിൽ  നിന്നും   കിട്ടാത്തതെന്തെങ്കിലും  ഉണ്ടോ  ഇപ്പോൾ?  ഡൌൻ ലോഡ്   ചെയ്തതാ.  നിനക്ക്  വേണ്ടി.."

കരച്ചിൽ   വന്നു .

" കരയരുത് .   നമുക്കും   നടക്കാം   കാലത്തിനൊപ്പം ..."

................

" അമ്മയെന്താ   ഇങ്ങനെ   സ്തംഭിച്ചിരിയ്ക്കുന്നെ  ?  ആ   സിഡി  ഒന്ന്  പ്ലേ   ചെയ്ത്  നോക്കിയേ ..  ഞാൻ  ദേ  ഇപ്പൊ   നെറ്റിൽ  നിന്നും   ഡൌൻ ലോഡ്  ചെയ്തെടുത്തതാ ..  അമ്മേടെ   വിഷുപ്പക്ഷിയുടെ  പാട്ട്..  സന്തോഷമായില്ലേ  അമ്മയ്ക്ക് ?"

അവർ  ചിരിച്ചു .....കൗമാരസ്വപ്നങ്ങളുടെ   ആ  ശവപ്പെട്ടിയിൽ  നോക്കി  അവർ  വീണ്ടും   ചിരിച്ചു.....

                                                         ****************









0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .