---------------------
-- ശിവനന്ദ .
ഓർത്തില്ല.... തമ്പുരാനേ ... ഞാനതോർത്തില്ല...
അങ്ങയുടെ പേരിൽപ്പോലും മഹത്തായൊരു ബലിധർമ്മം ഉണ്ടെന്നുള്ളത്
ഞാനോർത്തില്ല... ഇന്ന് മുറ്റം അടിച്ചുവാരി മെഴുകി അത്തപ്പൂക്കളമിട്ടപ്പോൾ ,
സന്തോഷത്തിനു പകരം എന്തിനെന്നറിയില്ല തിരുമേനി, മനസ്സ് വല്ലാതെ
ഈറനായിപ്പോയി.
എന്റെ ശൈശവബാല്യങ്ങൾക്ക് നിറമാല ചാർത്തിയ
മലയോരഗ്രാമവും , എന്റെ മുത്തശ്ശിയും മുത്തച്ഛനും, മുത്തച്ഛന്റെ കൈയ്യിൽത്തൂങ്ങി
വെള്ളിക്കൊലുസിട്ട കുഞ്ഞു പാദം പെറുക്കിപ്പെറുക്കി വച്ചുനടന്ന
കുട്ടിയുടുപ്പുകാരിയുമാണോ എന്റെ മനസ്സ് ഈറനാക്കിയത് ? അത് ഞാനായിരുന്നു
എന്ന ഓർമ്മയാണോ ? അതോ ചുവന്ന നാട്ടുവഴികളത്രയും
കറുത്തുപോയതുകൊണ്ടാണോ ? അതോ കാട്ടുചെടികളത്രയും യാത്ര പോലും
പറയാതെ മറഞ്ഞുപോയതു കൊണ്ടാണോ ? അല്ല.... അതൊന്നുമല്ല...
തിരുമേനി.., ഒരുപാട് സ്വപ്‌നങ്ങൾ ബലി കൊടുത്തിട്ട് , അങ്ങ് മറഞ്ഞു പോയത് ,
ഒത്തിരി സ്വപ്‌നങ്ങൾ ഞങ്ങൾക്ക് നൽകാൻ വേണ്ടിയായിരുന്നു എനിയ്ക്കറിയാം.
'ആ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിയ്ക്കുന്നുണ്ടോ എന്നറിയാൻ ഞാൻ വന്നു നോക്കും
എല്ലാ വർഷവും ' എന്ന് അങ്ങ് പറയാതെ പറഞ്ഞു , പോയതും എനിയ്ക്കറിയാം.
അങ്ങ് പറഞ്ഞു പോയതുപോലെ എല്ലാം ഞാൻ തിരികെ കൊണ്ടുവന്നു തിരുമേനീ...
തുമ്പയും തുളസിയും , കദളിയും കാട്ടുകോളാമ്പിയും , ചെത്തിയും ചെമ്പരത്തിയും
മുക്കുറ്റിയും പൂവാങ്കുരുന്നിലയും എല്ലാം..എല്ലാം ദാ , എന്റെയീ മലയാളക്കുടിലിന്റെ
ഇത്തിരിമുറ്റത്ത് പുനർജ്ജനിച്ചിരിയ്ക്കുന്നു ! പക്ഷെ....പക്ഷെ....
നേരം സന്ധ്യയാകുന്നു.... എന്റെ മണ്കുടിലിന്റെ ഉമ്മറത്തിണ്ണയിൽ കത്തിച്ചു വച്ച
മൺചിരാതിന്റെ ഇത്തിരി വെളിച്ചത്തിൽ എന്റെ കണ്ണുകൾ നനയുന്നത് അങ്ങ്
കാണാതിരിയ്ക്കാൻ ഞാനവ കൈകൊണ്ട് പാതി മറച്ചുവച്ചിട്ടുണ്ട്. എത്ര മറച്ചിട്ടും
എത്ര തടഞ്ഞിട്ടും നിൽക്കാതെ താഴോട്ടൊഴുകുന്ന ഈ കണ്ണുനീർത്തുള്ളികൾ
അങ്ങയോടു ഒരു കഥ പറയും മഹാത്മാവേ !
കോൺക്രീറ്റു കൊട്ടാരങ്ങൾക്കായി ബലി കൊടുത്ത നാട്ടുമ്പുറത്തെ
നന്മത്തുരുത്തുകളെ ഞാനെന്റെ മുറ്റത്തേയ്ക്ക് തിരികെ കൊണ്ടുവന്നെങ്കിലും ,
തിരുമേനീ... എന്റെ... എന്റെ മനസ്സിന്റെ മുറ്റം... അതിപ്പോഴും ശൂന്യമാണല്ലോ ...
എന്റെ മയിൽപ്പീലിസ്വപ്നങ്ങൾ.... മുത്തുപോലെ ഞാൻ സൂക്ഷിച്ച എന്റെ പ്രണയം....
വിരൽത്തുമ്പിൽപ്പോലും ഒന്ന് തൊട്ടുനോക്കാതെ... മുടിയിഴകളൊന്നു
മാടിയൊതുക്കാതെ.... ഒരു തുള്ളി വിയർപ്പിന്റെ ഗന്ധമറിയാതെ ... ഒരു
മൃദുചുംബനസാന്ത്വനമില്ലാതെ.... ബലി കൊടുക്കപ്പെട്ട എന്റെ പ്രണയം...
അത് മാത്രം എനിയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയില്ലല്ലോ തിരുമേനീ ...
പുള്ളുവൻ പാട്ടിനൊപ്പം .. തോട്ടിറമ്പിലെ കൈതയ്ക്കൊപ്പം...പാടവരമ്പിലെ ചെളി
കുഴഞ്ഞ എന്റെ കാൽപ്പാടുകളോടൊപ്പം ബലി കൊടുക്കപ്പെട്ട എന്റെ
പ്രണയസ്വപ്നങ്ങൾ... അതും....അതുമൊരു മഹത്തായ ബലി ആയി അവശേഷിയ്ക്കേ
, തിരുമേനീ , അങ്ങ് വരുന്ന ഓരോ സമയവും , അങ്ങയുടെ പേര് കേൾക്കുന്ന ഓരോ
നിമിഷവും ഞാൻ എന്നിലേയ്ക്ക് നോക്കി കരയുകയാണ്... ആരും കാണാതെ...
എന്റെയുള്ളിലെ ആ 'മഹാ' 'ബലി ' യെ ഓർത്ത് ....
സാരമില്ല.. അത് നല്ലതാണ്. ഇഷ്ടമാണ് എനിയ്ക്ക് ... മനസ്സിലെ ചോര ചിന്തുന്ന
മുറിവിൽ വീണ്ടും വീണ്ടും ചോര കിനിയുന്നത് കാണാൻ....കാരണം , അതുമൊരു
' മഹാ ബലി ' ..
******************************
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ