---------------------------------------
-- ശിവനന്ദ .
മാനത്ത് നോക്കിയൊരു
മഴവില്ല് കാണുമ്പൊ -
ളമ്മേ മഴവില്ലെ -
ന്നാർത്തു വിളിച്ചുകൊ -
ണ്ടുള്ളിലേയ്ക്കോടുവാനിഷ്ടം ..
മൂവാണ്ടൻ മാവീന്ന്
മാമ്പഴം വീഴുമ്പൊ -
ക്കൊതിയോടെ നോക്കുന്നൊ -
രണ്ണാറക്കണ്ണനെക്കൊഞ്ഞനം കാണിച്ചു
മാങ്ങ പെറുക്കുവാനിഷ്ടം ..
വാനത്തു താഴ്ന്ന്
പറക്കും വിമാനത്തേം
വെള്ളിമേഘങ്ങളേം
വർണ്ണക്കുരുവിയേം
കണ്ടോണ്ടിരിയ്ക്കുവാനിഷ്ടം ..
നീലനിലാവത്ത്
നക്ഷത്രക്കുഞ്ഞുങ്ങ -
ളോടിക്കളിപ്പതും
കാൽതെറ്റി വീണതും
കണ്ടോണ്ടിരിയ്ക്കുവാനിഷ്ടം ...
താഴോട്ടു വീഴുന്ന
നക്ഷത്രക്കുഞ്ഞിനെ
കോരിയെടുക്കാനും
വാരിപ്പിടിയ്ക്കാനും
കൈകൾ വിരിയ്ക്കുവാനിഷ്ടം ...
പാറിപ്പറക്കുന്ന
ചിത്രശലഭത്തെ
മെല്ലെത്തലോടുവാൻ
നെഞ്ചോട് ചേർക്കുവാൻ
പൂവാടി തീർക്കാനുമിഷ്ടം ...
മഴയും മേഘങ്ങളും
പെയ്തങ്ങൊഴിയുമ്പോ -
ളൊളികണ്ണാൽ നോക്കുന്നോ -
രമ്പിളിമാമനേം
ഈറൻ നിലാവിനേമിഷ്ടം ...
മഴയുള്ള രാത്രിയിൽ
ജാലകപ്പാളിയിൽ
മുഖമൊന്നമർത്താനും
മഴതന്റെയാരവം
കേട്ടോണ്ടിരിയ്ക്കാനുമിഷ്ടം ...
മകരപ്പുലരിയിൽ
മഞ്ഞിന്റെ കുളിരിലും
പഞ്ചാക്ഷരീമന്ത്ര -
മുള്ളിൽത്തുളുമ്പുന്ന
ശിവഭക്തയാകാനുമിഷ്ടം ..
പഴുതാരക്കുഞ്ഞിനെ -
യോടിച്ചു തല്ലുന്ന ,
വെള്ളം തട്ടിത്തൂവി
ദേഷ്യം പിടിയ്ക്കുന്ന
കുറുമ്പിക്കുഞ്ഞാവാനുമിഷ്ടം... ...
ദേഷ്യത്തില്‍ മൂക്ക്
വിറപ്പിയ്ക്കുമച്ഛന്റെ
മൂക്കില്‍പ്പിടിച്ചൊന്നു
കൊഞ്ചിച്ചിരിയ്ക്കാനും
വാശി പിടിയ്ക്കാനുമിഷ്ടം...
കനവ് കരിഞ്ഞാലും
കണ്ണ്‍ നനഞ്ഞാലും
കരളിന്‍റെയുള്ളിലെന്‍
കണ്ണീരൊളിപ്പിച്ച്
വെറുതേ ചിരിയ്ക്കുവാനിഷ്ടം ...
കാലപ്പഴക്കത്തില്‍
തൂലിക തേഞ്ഞാലും
കൈവിരല്‍ നൊന്താലും
നെയ്ത്തിരി കത്തിച്ച്
കുത്തിക്കുറിയ്ക്കുവാനിഷ്ടം ...
കടുകോളമാണെന്റെ
യിഷ്ടങ്ങളെന്നാലും
ഇഷ്ടങ്ങളൊക്കെയും
നഷ്ടങ്ങളായപ്പോള്‍
നഷ്ടങ്ങളാണെന്‍റെയിഷ്ടം ....
****************
1 അഭിപ്രായ(ങ്ങള്‍):
കടുകോളമാണെന്റെ
യിഷ്ടങ്ങളെന്നാലും
ഇഷ്ടങ്ങളൊക്കെയും
നഷ്ടങ്ങളായപ്പോള്‍
നഷ്ടങ്ങളാണെന്‍റെയിഷ്ടം ....
നഷ്ടപ്പെട്ടു എന്ന് കരുതിയതൊകെ തിരിച്ചു കിട്ടുമ്പോള്‍ ഇഷ്ടങ്ങളാണ് എന്റെ സന്തോഷം എന്ന് കരുതാമല്ലോ ............
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ