------------------------------------------
-- ശിവനന്ദ.
എല്ലാവർക്കും എന്റെ കേരളപ്പിറവി ദിനാശസകൾ. ..
ഇത് ചില ഓര്‍മ്മക്കുറിപ്പുകളാണ് . ഇതെഴുതാന്‍ ഇന്നത്തെ സാമൂഹിക പശ്ച്ചാത്തലം വളരെ അനുയോജ്യമാണെന്ന് തോന്നി. അതെ....ഇപ്പോള്‍ത്തന്നെയാണ് ഇതെഴുതേണ്ടത്. മതമത്സരങ്ങൾ മനുഷ്യമനസ്സിന് മതില്‍ കെട്ടുന്ന ഈ സമയത്ത് തന്നെ.
നാട്ടിന്‍പുറങ്ങളില്‍ നിന്നും പെറുക്കിയെടുത്ത ചില നന്മത്തുണ്ടുകളില്‍ നിന്നും ഞാന്‍ തുടങ്ങുകയാണ് ...
മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കൂടെ ചിലവഴിച്ച എന്‍റെ ശൈശവബാല്യങ്ങള്‍ക്ക് ചുക്കിന്റെയും കുരുമുളകിന്റെയും കാപ്പിയുടെയും കച്ചൂലത്തിന്റെയും സുഗന്ധം..! എല്ലാവര്‍ക്കും അന്ന് വലിയ പറമ്പും ഒരുപാട് കൃഷിയും . തികച്ചുമൊരു കാര്‍ഷീകഗ്രാമം. പട്ടണം ഒരുപാട് ദൂരെ. പോകണമെങ്കില്‍ ഒന്നുകില്‍ നടന്ന്, അല്ലെങ്കില്‍ സൈക്കിളില്‍.
ചന്തദിവസങ്ങളിലാണ് മിയ്ക്കവാറും യാത്ര . ഒരാള്‍ പോകുമ്പോള്‍ അയല്‍പക്കങ്ങളിലെ കൊച്ചുകൊച്ചു കാര്‍ഷീക വിഭവങ്ങളെല്ലാം അയ്യാളുടെ കൈയ്യില്‍ കൊടുത്തുവിടും. അങ്ങനെ പോകുന്നവരുടെയെല്ലാം കൈകളില്‍ ഒരു കുന്നോളം സാധനങ്ങളുണ്ടാവും . സൈക്കിളില്‍ നിറയെ വച്ചു കെട്ടി ആഞ്ഞു ചവിട്ടാന്‍ ആര്‍ക്കും ഒരു മടിയുമില്ലായിരുന്നു. അതെല്ലാം വിറ്റ് തിരികെ വരുമ്പോള്‍ വാങ്ങിക്കൊണ്ട് വരേണ്ട ചെറിയ ചെറിയ സാധനങ്ങളുടെ ലിസ്റ്റും കൊടുത്തുവിടും എല്ലാവരും.
" എന്നേക്കൊണ്ട് മേല. നിങ്ങക്ക് വേണേ നിങ്ങള് പോ..." എന്നൊരു സ്വാര്‍ത്ഥ ചിന്ത അന്നാര്‍ക്കും ഉണ്ടായിരുന്നില്ല.
ഇത് നോക്കു.....
" കുട്ടിച്ചേട്ടോ...കച്ചൂലത്തിന് ഇന്നെന്നാ ഒണ്ട് വെല ?"
"ഓ ഇന്നിച്ചിരെ കൊറവാന്നാ കേട്ടെ . വിക്കാന്‍ ചെന്നാ വെലേല്യ. വാങ്ങാന്‍ ചെന്നാ മുടിഞ്ഞ വെല. താങ്ങുകേല പിള്ളേച്ചോ..."
"
ആ മാട്ടേല് ഇച്ചിരെ പഴുക്കാ വച്ചിട്ടൊണ്ട്. പോവുമ്പോ അതോടെ എടുത്തോണം ട്ടോ. ഞാനിന്ന്‍ ചന്തേലേയ്ക്കില്ല. എമ്പിടി പണീണ്ട്."
(പഴുക്ക = അടയ്ക്ക )
"എന്നാ പിള്ളേച്ചാ വിശേഷം ?"
" പശു പെറ്റിട്ട് മറൂള്ള പോന്നിട്ടില്ല. ആ ചൊള്ളയ്ക്കമാലീലെ നമ്മടെ ചാക്കപ്പനില്ലേ ? ഡോക്ടര് ? പുള്ളിയെ ഒന്ന്‍ വിളിച്ചോണ്ട് വരണം . ഇനീം നോക്കീരുന്നാ പറ്റുകേലെന്നെ ."
" ഇച്ചിരെ തേരോത്തിന്‍റെ എല കൊടുക്കാരുന്നില്ലേ ?"
" ഒക്കെ കൊടുത്തതാ . ഒരു രക്ഷേല്യ."
" ന്നാ ഞാനങ്ങ് നീങ്ങുവാ . വെയില്‍ ഒറയ്ക്കുന്നേനു മുന്നേ പോയി വരണം. ഇന്ന് ചെറുക്കന്റെ പെണ്ണിന്റങ്ങുന്ന്‍ ആള് വരും. കൂട്ടിക്കൊണ്ടോവാന്‍ . അപ്പഴേയ്ക്കും അങ്ങെത്തണം. "
" അവക്കിതെത്ര്യ മാസം ? ഏഴോ ഒമ്പതോ ?"
" ഏഴ് നടപ്പാ. പെണ്ണിന് ക്ഷീണാ. ഒരു വക കഴിയ്ക്കേലെന്നെ.."
അത് കേട്ടിറങ്ങി വന്ന പിള്ളേച്ചന്റെ ഭാര്യയ്ക്ക് ബാറ്റന്‍ കൈമാറി പിള്ളേച്ഛന്‍ പോയി. ചോള്ളയ്ക്കമാലീലെ ചാക്കപ്പന്‍ ഡോക്ടറെ വിളിയ്ക്കാന്‍.
" അവക്ക് മനമ്മറിച്ചിലൊണ്ടോ കുട്ടിച്ചേട്ടാ ?"
" ഒണ്ടോന്ന്‍..അതേയൊള്ളൂ ..ങാ ..അമ്മിണിച്ചേടത്ത്യെ വീട്ടിലെ പെണ്ണുമ്പിള്ള അന്വേഷിച്ചാരുന്നു."
"ങാ അതോ ? അവക്ക് ഞാനിച്ചിരി ചക്കപ്പപ്പടം കൊടുക്കാന്ന്‍ പറഞ്ഞാരുന്നെ .. തിരിച്ച് വരുമ്പം ഇതിലെയൊന്നു കേറുവാണെ , ഞാനതങ്ങ് തന്നൂടാം "
" ആയിക്കോട്ടെ. ന്നാ ഞാനങ്ങു നീങ്ങുവാ . വരുമ്പം എന്തേലും മേടിയ്ക്കണോ ? "
"ഇച്ചിരെ ഒണക്കമീന്‍ കൊണ്ടോരെ . വേറൊന്നും വേണ്ട."
കുട്ടിച്ചേട്ടന്‍ ചന്തയിലേയ്ക്ക്........
കണ്ടോ ? കുറെ പച്ചമനുഷ്യര്‍...യാതൊരു ജാടയും തീണ്ടാത്ത നിഷ്ക്കളങ്കരായ കുറെ മനുഷ്യരുടെ സംഭാഷണശകലങ്ങളാണ് മുകളിലെഴുതിയത്. വെറുതെ സങ്കല്പിച്ചെഴുതിയതല്ല . ഉണ്ടായതാണ്. അതിലെ പിള്ളേച്ഛനും ഭാര്യയും എന്‍റെ അമ്മയുടെ ബന്ധുക്കളുമാണ്.
നിമിഷങ്ങള്‍ കൊണ്ട് അവര്‍ എത്രമാത്രം സഹായങ്ങളും സഹായ വാഗ്ദാനങ്ങളും ആണ് കൈമാറിയത് ..! മനസ്സ് മടുക്കുമ്പോള്‍ ഞാനതൊക്കെ ഓര്‍ത്തങ്ങനെ ഇരിയ്ക്കും.
നാല് വയസ്സായപ്പോള്‍ മുത്തശ്ശിവീട്ടില്‍ നിന്നും ഞാന്‍ അമ്മയുടെ അടുത്തേയ്ക്ക് പോന്നു.
അച്ഛന്റെ തറവാട്ടില്‍ പിന്നീടുള്ള കുറെ കാലം. അച്ഛമ്മ മരിച്ചു. അച്ഛച്ഛന്‍ വളരെ നേരത്തെയും. അച്ഛനൊരു രാഷ്ട്രീയപ്രവർത്തകൻ . അമ്മയ്ക്ക് ജോലി. തറവാട്ടില്‍ ബാക്കിയുണ്ടായിരുന്നത് വേറെ രണ്ടു പേരും അവരുടെ മക്കളും. അടുത്ത ബന്ധുക്കളായതിനാല്‍ ആരെന്ന്‍ വ്യക്തമാക്കുന്നില്ല. അവരുടെ അടുത്ത് എന്നെ ആക്കിയിട്ട് അമ്മ ജോലിയ്ക്ക് പോകും. അന്ന് ഇന്നത്തെപ്പോലെ മൂന്നു വയസ്സിൽ സ്‌കൂളിൽ ചേർക്കുന്ന രീതിയില്ലല്ലോ.. മുത്തച്ഛന്റെ വീട്ടിൽ വച്ച് ആശാൻ കളരിയിൽ പോയി നിലത്തെഴുത്ത് പഠിച്ചിരുന്നു . അതൊരു വല്ലാത്ത കാലമായിരുന്നു.
അവിടുത്തെ സ്ത്രീ ഒരിയ്ക്കലും എനിയ്ക്ക് വിശപ്പ് മാറാനുള്ള ഭക്ഷണം തന്നില്ല. ഒരു ദാരിദ്ര്യവുമില്ല ആ വീട്ടില്‍. ഒരുപാട് പാടവും നെല്‍കൃഷിയും ഒക്കെയുണ്ട്.
എന്നിട്ടും നാല് വയസ്സ് മാത്രമുള്ള കുഞ്ഞു ശിവനന്ദയ്ക്ക് ഒത്തിരി വിശന്നു. അവരുടെ മക്കള്‍ വയറു നിറയെ ഭക്ഷണം കഴിയ്ക്കുമ്പോള്‍ , നാമമാത്ര ഭക്ഷണം കഴിച്ച് ഞാന്‍ വിശന്നിരുന്നു. അവര്‍ കഴിയ്ക്കുന്നത് നോക്കി കൊതിച്ച് കൊതിച്ച്......
"എനിയ്ക്കിനീം വേണം " എന്ന് ഞാന്‍.
" അത്രേം തിന്നാ മതി. എണീറ്റ് പോ പെണ്ണേ " എന്ന് അവരും.
ഞാനെഴുന്നേറ്റു പോകും. ഒളിച്ചിരുന്ന്‍ കരയും . ആ ചിത്രങ്ങള്‍ പലതിനും ഇന്നും നല്ല തെളിമയാണ്.
കൈ കഴുകി പെറ്റിക്കോട്ടില്‍ തുടച്ച് ആ കുഞ്ഞ് പോകും. ചായ്പ്പില്‍ പോയിരുന്ന് അടക്കിപ്പിടിച്ച് കരയും. ഉറക്കെ കരഞ്ഞാല്‍ അവര്‍ ചീത്ത പറയും. അവള്‍ക്ക് മുത്തച്ഛന്‍ വാങ്ങിക്കൊടുത്ത കളിപ്പാവകളും , അമ്മാവന്‍ കൊടുത്ത തിളങ്ങുന്ന വര്‍ണ്ണശബളമായ കലണ്ടറുകളും ആ സ്ത്രീ വാങ്ങിയെടുത്ത് അവരുടെ കുട്ടികള്‍ക്ക് കൊടുക്കും. എന്നിട്ട് അവള്‍ക്ക് കളിയ്ക്കാന്‍ ഉറുമ്പ് നിറഞ്ഞു പൊതിഞ്ഞ ചിരട്ട കൊടുക്കും. പാവം...അത് കുഞ്ഞല്ലേ? എതിര്‍ക്കാന്‍ പേടിയാ....
അവളുടെ കുപ്പിവളക്കൈകളിലും, വെള്ളിപ്പാദസരമിട്ട കുഞ്ഞു കാല്‍പ്പാദങ്ങളിലും നിറയെ ഉറുമ്പ് കടിയ്ക്കും . വിതുമ്പിക്കരഞ്ഞുകൊണ്ട് ഉറുമ്പിനെയെല്ലാം തൂത്തു കളഞ്ഞ് ആ ചിരട്ട കൊണ്ടവള്‍ മണ്ണപ്പം ഉണ്ടാക്കും, കഞ്ഞിയും കറിയും വയ്ക്കും...
.( ആ നാളുകളില്‍ ആ കുഞ്ഞ് ഒരുപാട് പാഠങ്ങള്‍ പഠിച്ചുകാണണം. പിന്നീടുള്ള അവളുടെ ജീവിതവഴികളില്‍ പലപ്പോഴും മനസ്സില്‍ കടിച്ചു തൂങ്ങിയ വേദനയുടെ പുളിയുറുംപുകളെ ലാഘവത്തോടെ തൂത്തുകളയാന്‍ അവള്‍ പഠിച്ചത് അങ്ങനെയാവണം. മണ്ണപ്പമുണ്ടാക്കി , അവളുടെ കളിപ്പാട്ടം കവര്‍ന്നെടുത്തവര്‍ക്ക് വിളമ്പിയപ്പോഴാകണം , നിബന്ധനകളില്ലാതെ സ്നേഹിയ്ക്കാനവള്‍ പഠിച്ചത്.)
പക്ഷേ ഞാനിതൊന്നും അമ്മ വരുമ്പോള്‍ പറയാറില്ല. അതെന്തുകൊണ്ടാണെന്ന് എനിയ്ക്കിപ്പോഴും അറിയില്ല. അതവര്‍ എന്നോട് ചെയ്യുന്ന ഒരു തെറ്റാണെന്നോ , അതമ്മയോട് പറഞ്ഞ് അവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം എന്നോ ഉള്ള തോന്നലുകള്‍ ഒന്നും അന്നുണ്ടായിരുന്നില്ല. വൈകിട്ടാവുപോഴെയ്ക്കും ഞാനതെല്ലാം മറന്നുപോകും. അമ്മ വരുമ്പോള്‍ പഴവും റെസ്ക്കുമൊക്കെ കൊണ്ടുവരും. പിന്നെ അത് തിന്നുന്ന തിരക്കല്ലേ... എന്തോര്‍ക്കാന്‍...
പക്ഷെ , ഓര്‍ക്കുന്ന മറ്റൊന്നുണ്ട്. അമ്മ കൊണ്ടുവരുന്ന ഈ വക ഭക്ഷണ സാധനങ്ങളെല്ലാം അവരുടെ മക്കള്‍ക്കും എനിയ്ക്കും ഒന്നിച്ച് ഒരേ അളവിലാണ് അമ്മ തരിക..! അതമ്മയുടെ കമ്മ്യൂണിസം..!!
തീര്‍ന്നില്ല......
വിശന്ന്‍ വിശന്ന്‍ ഞാന്‍ ക്ഷീണിച്ച് വന്നു. ഞാന്‍ പറഞ്ഞില്ലെങ്കിലും ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചിരുന്ന മറ്റൊരാളുണ്ടായിരുന്നു. ' ആറ്റമ്മ '. തലമുറകളായി തറവാട്ടിലെ കൃഷിപ്പണികള്‍ നോക്കി നടത്തിയിരുന്ന പണിക്കാരായിരുന്നു അവര്‍. ആ കുടുംബത്തിലെ ഏറ്റവും മൂത്ത അമ്മ. അതൊരു പുലയ കുടുംബമായിരുന്നു. തറവാടിനോട് തൊട്ടു ചേര്‍ന്ന്‍ തന്നെയായിരുന്നു അവരുടെ വീടും.
എന്‍റെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിലും , ജാതിമത ഭേദമില്ലായിരുന്നെങ്കിലും , അമ്മയൊഴികെ അവിടെ ബാക്കിയെല്ലാവരും ജാതിഭേദങ്ങള്‍ മനസ്സില്‍ നിറച്ച്ചവരായിരുന്നു. ഒളിച്ചിരുന്ന്‍ കരഞ്ഞ എന്നെ ആരും കാണാതെ ആറ്റമ്മ അവരുടെ വീട്ടിലേയ്ക്ക് എടുത്തു കൊണ്ടുപോയി വയറു നിറയെ ഭക്ഷണം തന്നു ! ഒരു ദിവസമല്ല, പല ദിവസങ്ങള്‍..! അവരുടെ ദാരിദ്ര്യത്തിന്റെ ഒരു പങ്ക്. എന്നാലെന്താ ? ദാരിദ്ര്യത്തിന്‍റെ രുചിയ്ക്ക് സ്നേഹത്തിന്‍റെ ചൂടുണ്ടായിരുന്നു..!
ഭക്ഷണത്തിന് ജാതിയും മതവുമില്ലെന്ന്‍ കുഞ്ഞു ശിവനന്ദ അന്ന് ആദ്യമായി അറിഞ്ഞു. വിശപ്പിന്‍റെയും നന്മയുടെയും കമ്മ്യൂണിസം ആ നാല് വയസ്സുകാരിയുടെ മനസ്സില്‍ ആദ്യമായി എഴുതിയിട്ടത് , ആ പുലയകുടുംബിനി ആറ്റമ്മ ..!!!!
( അച്ഛന്‍ പതിനാലാം വയസ്സില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി എന്ന് പറയുമ്പോള്‍ , ഞാന്‍ അച്ഛനോട് പറയും, ഞാന്‍ നാലാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് ആയി എന്ന് .).
ഒരു ദിവസം സഹികെട്ട് ആറ്റമ്മ എന്‍റെ അമ്മയോട് പറഞ്ഞു,
"സാറേ, ഇനീം ഈ കൊച്ചിനെ ഇവിടെ നിര്‍ത്തിക്കൊണ്ടിരുന്നാ ഇത് പട്ടിണി കെടന്ന്‍ ചത്ത് പോവൂട്ടോ."
അമ്മ ഞെട്ടി എന്നത് നേര്‍സാക്ഷ്യം .... അവിടെ തീര്‍ന്നു ദുരിതങ്ങള്‍. ഞങ്ങള്‍ വാടക വീട്ടിലേയ്ക്ക് മാറി. പക്ഷെ , ഒരുപാട് ഭൂസ്വത്തുക്കളുള്ള വീട്ടിൽ നിന്നും വാടക വീട്ടിലേയ്ക്ക് മാറിയപ്പോൾ വളരെ സാമ്പത്തിക ഞെരുക്കം ആയി. അച്ഛൻ അപ്പോഴും രാജ്യസേവനം. വരുമാനമില്ല അച്ഛന്. അമ്മയുടെ ശമ്പളം മാത്രമാണ് ജീവിത മാർഗ്ഗം. വിശപ്പിന്റെ രുചി അറിഞ്ഞത് , അച്ഛന്റെ തറവാട്ടിൽ വച്ച്. എന്നാൽ ഭക്ഷണത്തിന്റെ രുചി അറിഞ്ഞത് ആ വാടകവീട്ടിൽ വച്ചും. വീട്ടി വാങ്ങിയിരുന്ന അരി തിളയ്ക്കുമ്പോൾത്തന്നെ വല്ലാത്ത ദുർഗന്ധമായിരുന്നു. വിലകുറഞ്ഞ അരിയുടെ ഗുണനിലവാരം അത്രയ്ക്കല്ലേ ഉള്ളൂ...
ഞങ്ങളുടെ വീടിനടുത്ത് അകന്ന ബന്ധത്തിലുള്ള ഒരു വല്യച്ഛനും കുടുംബവും. അവിടെ ഒരുപാട് കൃഷി. 'അമ്മ തുണികൾ സ്റ്റാർച്ച് ചെയ്യാൻ വേണ്ടി ആ വീട്ടിൽ നിന്നും നല്ല കുത്തരിയുടെ കഞ്ഞിവെള്ളം വാങ്ങിക്കൊണ്ടുവരും. അതിന്റെ സ്വാദ് പിടിച്ചു ഒരു ദിവസം ഞാനും അനിയത്തിയും കൂടി ആ വെള്ളം മുഴുവൻ 'അമ്മ കാണാതെ കുടിച്ചു തീർത്ത കാര്യം ഓർക്കുമ്പോ അമ്മയുടെ കണ്ണ് ഇന്നും നനയും. നല്ല അരിയുടെ കഞ്ഞിവെള്ളം കുടിയ്ക്കാൻ കൊതിച്ച കാലം....
'അമ്മ അന്നൊരു പശുവിനെ വളർത്തുന്നുണ്ട്.. ആ പശുവിന്റെ പാലാണ് ഞങ്ങളുടെ ആരോഗ്യ രഹസ്യം. ഓർക്കുന്നു ഇപ്പോഴും, അമ്മയുടെ ഒരു കൗതുകകരമായ പാനീയം...! കഞ്ഞിവെള്ളത്തിൽ പാലൊഴിച്ചു പഞ്ചസാരയുമിട്ട് തരും 'അമ്മ. ..!
(ഇന്ന് എന്റെ മക്കൾ ഭക്ഷണം പാഴാക്കുമ്പോ , ഞാൻ , അവർക്കു സ്വാഭാവികമായും അസഹ്യമായ ഈ പഴങ്കഥ പറഞ്ഞു അവരെ അസഹ്യപ്പെടുത്തും. ഭാവിയിൽ പുഴുവിനെയും പാറ്റയേയുമൊക്കെ തിന്നാൻ പരിശീലിച്ചോളൂ എന്ന് ഭീഷണിയും മുഴക്കും.)
രണ്ടു വര്‍ഷങ്ങള്‍ക്കകം പുതിയ വീട് വച്ച് മാറി . പിന്നീട് അച്ഛൻ ഒരു ബിസിനസ്സ് തുടങ്ങുകയും കാലക്രമേണ ഞങ്ങളുടെ എല്ലാ കഷ്ട്ടാപ്പാടുകളും തീരുകയും ചെയ്തു.
സ്വാതന്ത്ര്യസമരത്തിന്റെയും ഒളിവുജീവിതങ്ങളുടെയും ജയില്‍വാസങ്ങളുടെയും കഥകളുറങ്ങികിടക്കുന്ന കുടുംബ ചരിത്ര പുസ്തകത്തിന്‍റെ താളുകള്‍ മറിയ്ക്കുമ്പോള്‍ കാണുന്നത്, ജാതിമത സ്പര്‍ശമേല്‍ക്കാത്ത സ്നേഹബന്ധങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങള്‍..!
ഒളിവുജീവിതങ്ങള്‍ക്കിടയില്‍ ആദിവാസിക്കുടിയില്‍ നിന്നുപോലും അമൃത് പോലെ കിട്ടിയ മരുന്നിന്റെയും ഭക്ഷണത്തിന്റെയും മേല്‍ ദളിതരെന്നോ പണിയരെന്നോ ഒന്നുമെഴുതിയിരുന്നില്ല. പോലീസിനെ കബളിപ്പിച്ച് കുടിലിലെയ്ക്ക് ഓടിക്കയറിയ സഖാവിനെ പനമ്പില്‍ വച്ച് തെറുത്ത് കെട്ടി കുടിലിന്റെ മൂലയില്‍ ചാരിവച്ച്, പോലീസിന്‍റെ നേരെ ശൌര്യത്തോടെ നിന്ന വന്ദ്യ വയോധികയുടെ പേര് 'കുറുമ്പ' എന്നായത് കൊണ്ട് അതൊരു ധീരതയല്ലാതായി മാറിയോ ? ഇല്ല...
മുക്കുവക്കുടിലില്‍ അറിയാതെ സംഭവിച്ചൊരു കൈയ്യബദ്ധത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ , പ്രതിയായ മുക്കുവപ്പയ്യനെ രക്ഷിയ്ക്കാന്‍ , കുറ്റം സ്വയം ഏറ്റെടുത്ത് അറസ്റ്റ് വരിച്ച സഖാവ് , എന്തായാലും ഉദ്ദേശിച്ചത് ആ അര്‍ദ്ധപ്പട്ടിണിക്കാരുടെ പണവും പ്രതാപവും ആയിരിയ്ക്കില്ലല്ലോ. മുക്കുവക്കുടിലിലെ പ്രായം ചെന്ന അച്ഛനുമമ്മയും ആരും തുണയില്ലാതെ ആത്മഹത്യ ചെയ്യരുത്. അത്രേയുള്ളൂ. ജാതിമതങ്ങള്‍ ആ നന്മയ്ക്ക് തടസ്സമായില്ല.
ചിത്രങ്ങള്‍ക്കോരോന്നിനും മഴവില്‍ത്തിളക്കം...
എനിയ്ക്ക് രണ്ടു വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ ഉണ്ടായ ഒരു വാഹന അപകടത്തില്‍ മരണാസന്നയായി രക്തമൊലിപ്പിച്ച് കിടന്ന എന്നെ വാരിയെടുത്ത് നെഞ്ചില്‍ ചേര്‍ത്ത് ആശുപത്രിയിലേയ്ക്ക് ഓടിയത് ഒരു മുസ്ലിം സഹോദരനാണെന്ന് കേട്ടിരിയ്ക്കുന്നു. അന്ന് ആ കരുണയും സ്നേഹവും ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്ന് ഞാനിവിടെയിരുന്ന്‍ ഇതെഴുതുമായിരുന്നില്ലല്ലോ.
ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു. അപകടത്തില്‍പ്പെട്ട് കിടക്കുന്ന ഒരാളെ ആശുപത്രിയിലെത്തിയ്ക്കാന്‍ ജാതി സര്ട്ടിഫിയ്ക്കട്റ്റ് കാണുകയോ കാണിയ്ക്കുകയോ ചെയ്യേണ്ടി വരുമോ ഇനി നമുക്ക് ?
ഒരു സംഗീതമാലപിയ്ക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കാണിയ്ക്കേണ്ടി വരുമോ ഇനി നമുക്ക് ?
ഹിന്ദു കൃസ്ത്യന്‍ മുസ്ലിം ഭക്തിഗാനങ്ങളില്‍ വാക്കുകളല്ലേ മാറുന്നുള്ളൂ ? സംഗീതം മാറുന്നുണ്ടോ ?
വിശക്കുന്നവന് ഇത്തിരി ഭക്ഷണം കൊടുക്കാന്‍ ജാതി സര്‍ട്ടിഫിക്കട്റ്റ് കാണണമെന്ന് പറയുമോ ഇനി നമ്മള്‍ ?
ഞാന്‍ പലതവണ പറഞ്ഞൊരു കാര്യം അവസാനമായി ഒരിയ്ക്കല്‍ക്കൂടി ഇതോടൊപ്പം ചേര്‍ത്ത് വയ്ക്കുകയാണ്.
ജപ്പാനിലെ ഒരു ബുദ്ധാഹാളിൽ അന്‍പതോളം ബുദ്ധപ്രതിമകൾ ഉണ്ടായിരുന്നത്രെ . ഓരോ ബുദ്ധപ്രതിമയ്ക്കും ബാക്കിയുള്ള നാല്‍പ്പത്തിയൊന്പത് പ്രതിമകളില്‍ നിന്നും എന്തൊക്കെയോ വ്യത്യാസങ്ങള്‍. ഓരോ പ്രതിമയ്ക്കും ഓരോ സെക്റ്റ് ആരാധകരായി. ഓരോ ആരാധകവൃന്ദവും തങ്ങളുടെ ദൈവത്തിന് ധൂപാര്‍ച്ചന നടത്തി. തങ്ങളുടെ ദൈവത്തിനു കൊടുക്കുന്ന ധൂപാര്‍ച്ചനയുടെ സുഗന്ധം പോലും മറ്റ് ദൈവങ്ങള്‍ക്ക് കിട്ടാതിരിയ്ക്കാന്‍ ഓരോ ഗ്രൂപ്പും അവരവരുടെ ദൈവങ്ങള്‍ക്ക് മറ കെട്ടി. അതുകൊണ്ടെന്തുണ്ടായി ? സുഗന്ധധൂമപ്പുകയേറ്റ് അന്‍പത് ബുദ്ധന്മാരും ഒരുപോലെ കറുപ്പ് നിറമായി. എന്ത് മനസ്സിലാക്കണം നമ്മള്‍ ?
നമുക്ക് നമ്മളോട് തന്നെ ചോദിയ്ക്കാനുള്ള ചോദ്യം......ദൈവത്തിന്‍റെ മുഖം വികൃതമാക്കുന്നതാര് ?
എന്‍റെ ദൈവത്തെ മാത്രമേ ഞാന്‍ വന്ദിയ്ക്കുകയുള്ളൂ എന്ന സ്വാര്‍ത്ഥ ചിന്ത...അതെവിടെയൊക്കെയുണ്ടോ അവിടൊക്കെ ദൈവത്തിന്‍റെ മുഖം വികൃതമാവുക തന്നെ ചെയ്യും.
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരുപോലെ ഉപയോഗിയ്ക്കുന്ന , മതേതരത്വത്തിന്‍റെ ഭാഷയായ മലയാളം പോലും മറന്ന നമ്മള്‍ മാപ്പര്‍ഹിയ്ക്കുന്നുണ്ടോ എന്നറിയില്ല.
എങ്കിലും പ്രകൃതിയുടേയും കാലത്തിന്‍റെയും കാല്‍ തൊട്ടു നമസ്കരിച്ച് മാപ്പ് ചോദിച്ചുകൊണ്ട് , കേരളത്തിന്റെ ഈ പിറന്നാളാഘോഷ വേളയിൽ , എന്റെയീ അക്ഷരപ്പൂക്കൾ , നന്മയുടെ കമ്മ്യൂണിസം എന്നെ പഠിപ്പിച്ച എല്ലാവര്‍ക്കും വേണ്ടി സ്നേഹത്തോടെ......
*********************
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ