2020, ജൂൺ 16, ചൊവ്വാഴ്ച

ഒരു ഗൃഹാതുരത്വം ..

ഈറനനിഞ്ഞു നിൽക്കുന്ന ഓരോ  കണ്ണിലും ഉണ്ട് , ഒന്ന് മെല്ലെ പിടിയ്ക്കാന് ഒരു ചെറുവിരൽത്തുമ്പിനായുള്ള നിലവിളി.. അത് കണ്ടില്ലെന്ന് നടിച്ച് അല്ലെങ്കില് കാണാൻ സമയമില്ലാതെ എന്തിനൊക്കെയോ വേണ്ടി നമ്മൾ  നെട്ടോട്ടം ഓടുമ്പോൾ അനാഥമായിപ്പോകുന്ന മനസ്സുകൾ .. .. പിടിയ്ക്കാന്ഒരു വിരൽത്തുമ്പ് ഇല്ലാതെ , മനസ്സ് ഒന്ന്  ചാരി വയ്ക്കാൻ  ഒരു ചുമൽ  ഇല്ലാതെ ഒടുവില് വിഷാദത്തിന്റെ പരമകോടിയിൽ എത്തുമ്പോ , ഇനിയെന്ത് എന്ന ചോദ്യം കൂടി അവിടെ അനാഥമായി അലഞ്ഞ്  മൃതിയാവുന്നു.. .. 
 
സ്നേഹവും സൌഹൃദവും പ്രണയവും ഒക്കെ വാക്കുകൾക്കിടയിൽ ഒളിപ്പിച്ച് ജീവൻ  കൊടുത്ത ആർദ്രതയുടെ ഇലക്കുമ്പിൾ പോലെ കത്തുകൾ ! ഒരു കാലത്ത് നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ആശ്വസിപ്പിക്കുകയും  ചെയ്തിരുന്നു അവ !! ഇന്ന് അതെല്ലാം വെറും ഗെയിമുകളിൽ ഒതുങ്ങുമ്പോ , അതെങ്കിലും ബാക്കി നില്ക്കുന്നല്ലോ എന്ന ആശ്വാസത്തിൽ  ഞാനീ കത്ത് ഇവിടെ പങ്ക് വയ്ക്കുന്നു.. ഒരു ഇവന്റ് ഇൽ  പങ്കെടുത്ത്  ഞാന് എഴുതിയ , എനിക്ക് ഏറെ പ്രിയതരമായ ചില കത്തുകളിൽ ഒന്ന് ..



പ്രിയപ്പെട്ട സുഹൃത്തേ ,
നിനക്ക് കത്തെഴുതുന്നില്ല എന്ന് കരുതിയിരുന്നതാണ്. മധുരമായൊരു കത്തും അതിനുഅതിലേറെ മധുരമുള്ള ഒരു മറുപടിയും നേരത്തെതന്നെ കൈവശം ഉള്ളതിന് മേല് ഇനിയൊന്നും വേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍‍ നിന്റെ മറുപടി കണ്ടപ്പോള്‍ എനിയ്ക്ക് തോന്നുന്നു നിനക്കൊരു മറുപടി വേറെ എഴുതണം എന്ന് .. മറ്റൊരു കത്തായിട്ട്.. ഇനിയുമൊരു മറുപടിയ്ക്ക് വേണ്ടിയല്ല. നിന്റെ കത്തിനൊരു മറുകുറി ആയിട്ട്..
നിന്റെ കത്ത് വായിച്ച് എന്റെ കണ്ണ്‍ നനയുകയല്ല ചെയ്തത്. മറിച്ച് അഭിമാനം കൊണ്ട് ഞാനൊന്ന് കുടഞ്ഞുണര്‍ന്നു !
"എന്റെ ഈശ്വരാ ! എനിയ്ക്കിനി മരിച്ചാലും വേണ്ടില്ല" എന്ന പതിവ് പല്ലവി അല്ല ... "ഇനിയാണ് എനിയ്ക്ക്ക് ജീവിയ്ക്കേണ്ടത് " എന്ന പുതിയ പല്ലവി ആണ് ചങ്ങാതി , ഞാന്‍ പറയുന്നത് .. ഇതിലും വലിയൊരു വിശദീകരണം തരാന്‍ എനിയ്ക്കില്ല. അത്രയും നിറഞ്ഞിരിയ്ക്കുന്നു മനസ്സ്..
ഞാനിപ്പോ എന്നെത്തന്നെ പരിഹസിയ്ക്കുകയാണ്.. ഇല്ലാത്ത സ്നേഹം തേടി ഞാന്‍ എന്തിനാണ് അലഞ്ഞത് ? (ഇല്ലാത്ത സ്നേഹം എന്ന് നിന്നെയല്ല ഉദ്ദേശിച്ചത് ) മുത്തുച്ചിപ്പിയുടെ പുറം തോട് പൊളിച്ചുകളഞ്ഞാല്‍അതിലൊരു മുത്തില്ലേ ? അത് തേച്ചുരച്ച് എടുത്തുകൂടെ എനിയ്ക്ക് ? സ്നേഹത്തിന്റെ കടലാഴങ്ങളില്‍ നിന്നും പെറുക്കിയെടുത്ത അനേകം മുത്തുച്ചിപ്പികള്‍ എനിയ്ക്ക് കിട്ടി പ്രിയ സുഹൃത്തേ.. ആ കത്തൊരു അഭിമാനമായി എനിയ്ക്ക്.. എന്നിലെയ്ക്കൊരു ചൂണ്ടുപലകയും.
ജീവിതത്തിന്റെ ഒക്ടോബറിലും ഒരു കത്ത് വരുമായിരിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാന്‍ മടി കാണിയ്ക്കുന്ന നമ്മളോട് ഫാ. ബോബി ജോസ് കട്ടികാട് പറയുന്നൊരു അനുഭവമാണ് , ഹോസ്റ്റലിലേയ്ക്കുള്ള കത്തുകള്‍ പോസ്റ്റ്‌ ഓഫീസില്‍ നിന്നും ശേഖരിച്ചു വരുന്ന വഴിയിലൊരു ഭിക്ഷക്കാരന്‍ ചോദിച്ചു, " എനിയ്ക്കൊരു കത്ത് തരാമോ?" എന്ന്. പ്രതീക്ഷിയ്ക്കാന്‍ മടിയ്ക്കുന്ന നമ്മുടെ നേരെയുള്ളൊരു വിരല്ചൂണ്ടലാണ് ഈ അനുഭവം. കത്തെഴുതാന്‍ ആരുമില്ലാത്ത , കത്ത് വരാനൊരു മേല്‍വിലാസം ഇല്ലാത്ത ആ മനുഷ്യന്റെ മുന്നില്‍ നമ്മള്‍ നമിയ്ക്കേണ്ടതുണ്ട് .. നമ്മുടെ അഹങ്കാരം വെടിഞ്ഞൊരു തലകുനിയ്ക്കല്‍..
"തകര്‍ത്തുകളഞ്ഞ ജീവിതാനുഭവങ്ങള്‍ " ആണ് സ്നേഹത്തില്‍ നിന്നും ഓടിയൊളിപ്പിയ്ക്കുന്നത് എന്ന് നീ പറഞ്ഞില്ലേ ? ഇങ്ങനെ തകര്‍ത്തു കളയുന്ന ജീവിതാനുഭവങ്ങള്‍ തന്നെയാണ് എന്നും വിപ്ലവകാരികളെ സൃഷ്ടിച്ചിട്ടുള്ളത്... തീക്ഷ്ണതയുടെ ഒരു തീക്കനല്‍ എന്റെ രക്തത്തിലും ഒഴുകിനടക്കുന്നത് അതുകൊണ്ടുതന്നെയാണ്. അതില്‍നിന്നുതന്നെയാണ് എന്നിലെ ആര്‍ദ്രതയും രൂപമെടുത്തത്..
പിന്നെ പ്രണയം.. അത് അതിഥിയാണ്. അനുവാദമില്ലാത്ത വരും , അനുവാദമില്ലാതെ പോകും. നാളും തിഥിയും നോക്കണ്ടാത്ത ഒരവസ്ഥയാണ് പ്രണയം.. അത് അതിന്റെ വഴിയ്ക്ക് പോവുകയോ വരികയോ ചെയ്യട്ടെ..
//ഞാനിവിടെയുണ്ട്, മിണ്ടിയില്ലെങ്കിലും കമന്റുകൊണ്ടോ ലൈക്ക് കൊണ്ടോ അടയാളപ്പെടുത്തിയില്ലെങ്കിലും നിനക്ക്  മനസ്സിലാവുന്ന ഒരു മനസ്സായി.// ജീവിതം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള ഈ അടയാളപ്പെടുത്തലിന് പകരം നില്‍ക്കുന്ന ഒന്നുമില്ല. എന്നാലും നിനക്ക് ഞാന്‍ സ്നേഹപൂര്‍വ്വം സമര്‍പ്പിയ്ക്കുന്നു , ഏണസ്റ്റോ ചെ ഗെവാര യുടെ ഈ കത്ത്....
ചെ യുടെ വംശോല്‍പ്പത്തിയെപ്പറ്റി ചോദിച്ച് എഴുതിയ മരിയ രസാരിയോ എന്ന സ്ത്രീയ്ക്ക് ചെ അയച്ച കത്ത്..
" സഖാവേ ! എന്റെ പൂര്‍വ്വികര്‍ സ്പെയിനിന്റെ ഏത് ഭാഗത്ത് നിന്നാണ് കുടിയേറിപ്പാര്‍ത്തത് എന്ന് ചോദിച്ചാല്‍ , അതെനിയ്ക്കറിയില്ല എന്നതാണ് സത്യം. അവര്‍ 'പിറന്ന പടി ' 'തറവാട്' ഉപേക്ഷിച്ചു പോന്നത് അത്രയ്ക്ക് പണ്ടാണ്. അവരുടെ അതേ വേഷത്തില്‍ ഞാന്‍ പുറത്തിറങ്ങി നടക്കാറില്ല. കാരണം , അതത്ര സുഖമുള്ള ഏര്‍പ്പാടല്ലതന്നെ . ഏതായാലും നാം അടുത്ത ബന്ധുക്കളാണ് എന്നെനിയ്ക്ക് തോന്നുന്നില്ല. എന്നാല്‍ ലോകത്തില്‍ എവിടെയെങ്കിലും എന്തെങ്കിലും അനീതി നടക്കുമ്പോള്‍ അതില്‍ രോഷം കൊള്ളുന്ന കൂട്ടത്തിലാണ് നിങ്ങളെങ്കില്‍ , നാം എന്നുമെന്നും സഖാക്കളായിരിയ്ക്കും.. അതാണല്ലോ കൂടുതല്‍ പ്രധാനവും.."
'സഖാവേ ' എന്ന സംബോധനയോടുകൂടിയാണ് ഞാനുമൊരിയ്ക്കല്‍ നിന്റെ മുന്നിലേയ്ക്ക് വന്നത് അല്ലെ ? 🙂
ഇത്രയും യുക്തിസഹമായി തമാശ പറയുന്ന ഈ വിപ്ലവകാരിയുടെ കത്തിന് പകരം നില്‍ക്കുന്ന വേറൊന്നും ഞാന്‍ കാണുന്നില്ല എന്റെയീ പ്രിയസുഹൃത്തിന് സമര്‍പ്പിയ്ക്കാന്‍..

സ്നേഹപൂര്‍വ്വം , നിന്റെ കൂട്ടുകാരി  .

6 അഭിപ്രായ(ങ്ങള്‍):

അജ്ഞാതൻ പറഞ്ഞു...

വരികളിൽ നഷ്ടപെട്ട കാത്തിരിക്കുന്ന ആ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ തീഷ്ണത അറിയുന്നു.

Sivananda പറഞ്ഞു...

സന്തോഷം ചങ്ങാതി.. വളരെ നാലുകള്ക്ക് ശേഷം ബ്ലോഗില് കണ്ടപ്പോ അതിലും സന്തോഷം. ഞാന്ഇപ്പോ ബ്ലോഗ് ലിങ്ക് ആർക്കും അയച്ചു കൊടുക്കാറില്ല . അതുകൊണ്ട് വായനക്കാരുമില്ല. പിന്നെ അന്വേഷിച്ച് വന്നു വായിക്കാന് അത്ര വലിയ ആളും അല്ലല്ലോ ഞാന് :))) എന്നാലും അന്വേഷിച്ച് വന്നതില് സന്തോഷം .. മെയിലില് കിട്ടുവോ എന്നു അറിയാത്തതുകൊണ്ടാണ് മെയില് ayaykkaathirunnathu

അജ്ഞാതൻ പറഞ്ഞു...

മറക്കാൻ കഴിയാത്ത ഒരു സുഹൃത് അല്ലേ അപ്പോൾ സമയം കിട്ടുമ്പോൾ തേടി പിടിച്ചു വായിക്കും

Sivananda പറഞ്ഞു...

സന്തോഷം :) കുറെ വിശേഷങ്ങള് ഉണ്ട് കേട്ടോ.. അടുത്തോര് പ്രോജക്ട് അച്ഛന്റെ ജീവചരിത്രം. വിവരങ്ങള് എങ്ങനെ അറിയിക്കും? മെയില് അയേക്കട്ടെ? അയച്ചാല് കിട്ടുവോ ആവോ .. മറുപടി തരൂ

unni venkalathil പറഞ്ഞു...

തെളിഞ്ഞ മനസിൽ നിന്നുമുള്ള കന്മഷമില്ലാത്ത ചിന്തകൾ... നല്ല ഭാഷ... ഇനിയുമിനിയുമെഴുതുക കൂട്ടുകാരി.. പുതിയ രചനകൾക്ക് കത്തിരിയ്ക്കുന്നു

Sivananda പറഞ്ഞു...

പ്രിയ ഉണ്ണി , സന്തോഷം ഒത്തിരി.. കാലത്തിന് അപ്പുറം നമ്മള് മറന്നുവച്ച ചില ഇലയടയാളങ്ങൾ .. ഇങ്ങനെയെങ്കിലും ഒന്ന് ഓർത്തെടുക്കണ്ടേ ! :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .