അവന്‍ എഴുന്നേറ്റ് പോയിട്ടും ഞാന്‍ അതേ ഇരുപ്പിരുന്നു. മഷിത്തണ്ടില്‍ നിന്നും , കല്ലുപെന്‍സിലില്‍ നിന്നുമൊക്കെ അപ്പുറം ചാടി പകര്‍ത്തും രചനയും (കോപ്പിയും കോമ്പോസിഷനുമല്ല ) മുന്നില്‍ നിറഞ്ഞു.... മഴവില്ലുകള്‍ താഴോട്ടിറങ്ങി വന്നു .. ഊഞ്ഞാല് കെട്ടാന്‍...
"ഇതാണ് വിധി എന്നറിഞ്ഞിട്ടും പൊരുതിനോക്കുവാനുള്ള മനസ്സിന് മുന്നില്‍......"
ഹ ! ഇതവനല്ലേ? ബെഞ്ചില്‍ നിന്നും എന്നെ തിക്കിത്തിക്കി താഴെയിട്ട ആ കുറുമ്പന്‍ ചെക്കന്‍ ? അവനല്ലേ എന്റെ നേരെ നീട്ടുന്നത് ? എന്നിട്ട് പറയുന്നത് ? " ന്നാ ന്‍റെ രചന ബുക്ക് , നീ നോക്കി എഴുതിക്കോ "
"എവിടെയോ എപ്പോഴോ ഉത്ഭവിച്ച് വേറിട്ടോഴുകി ആഴിയില്‍ ചേരുന്നതിനു മുന്‍പ് ഒരുമിച്ചോഴുകാനൊരു കൈത്തോട് കണ്ടെത്തിയ...."
ഒഹ് ! നീ വളര്‍ന്നുപോയി !! പ്രിയ സുഹൃത്തേ , നീയങ്ങ് ആകാശം മുട്ടെ വളര്‍ന്നുപോയി... എന്നിട്ടും നീ എനിയ്ക്ക് നേരെ നീട്ടിയ സമ്മാനപ്പൊതിയില്‍ അന്നത്തെ രചന ബുക്കിന്റെ നൈര്‍മ്മല്യം ഉണ്ടായിരുന്നു.. ആര്‍ദ്രതയും സ്നേഹവുമുണ്ടായിരുന്നു.. നിറയെ കഥകള്‍ ഉറങ്ങുന്ന സ്നേഹത്തിന്റെ ഇലക്കൂടായിരുന്നു അത് !
അത് നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് കണ്ട പകല്‍ക്കിനാവില്‍ മൂന്ന്‍ കുഞ്ഞിക്കുരുവികള്‍ ഒരു ബുദ്ധപ്രതിമ താങ്ങിപ്പിടിച്ച് വരുന്ന കാഴ്ചയുണ്ടായിരുന്നു ! കൈ കഴുകി വരുമ്പോ തുടയ്ക്കാന്‍ നേര്യതിന്റെ തുമ്പ് നീട്ടിക്കൊടുത്ത് കാത്തുനിന്ന എന്റെ നിഴല്ചിത്രമുണ്ടായിരുന്നു..!!
വേദനകളുടെ കടലാഴങ്ങളില്‍ നിന്നും ഉയര്‍ന്നുപൊങ്ങിയ ഒരു തിരയ്ക്കൊപ്പം ആകാശത്തേയ്ക്ക് കുതിച്ചു പറക്കാന്‍ ശ്രമിയ്ക്കുന്ന സ്ത്രീരൂപം ആരാണ് എന്ന തര്‍ക്കത്തിനൊടുവില്‍ 'ഓപ്പോളേ' എന്നൊരു വിളിയില്‍ തര്‍ക്കം അവസാനിച്ച ഓര്‍മ്മയ്ക്ക് ബുദ്ധന്‍റെ മുഖമായിരുന്നു....
അറിയില്ല എന്ത് പറയണം, എന്തെഴുതണം എന്ന്..... ഒരിയ്ക്കലും എഴുതിത്തീരാത്തൊരു കവിത പോലെ എന്റെ പ്രിയ സൗഹൃദങ്ങള്‍...
4 അഭിപ്രായ(ങ്ങള്‍):
നല്ല സൗഹൃദങ്ങൾ ഒരിക്കലും ഓർമ്മയിൽ നിന്ന് പോകില്ല ഒരു മെസ്സേജ് പോലും അയച്ചില്ലങ്കിലും എന്നും അത് മനസ്സിന്റെ ഒരു കോണിൽ രത്നങ്ങൾ പോലെ തിളങ്ങി കിടക്കും
അതേ ശരിയാണ്. കഴിഞ്ഞ രണ്ടു പോസ്റ്റിലും ഞാന് ചോദിച്ചത് ഇവിടെയും ചോദിക്കുന്നു. മെയില് അയച്ചാ കിട്ടുവോ? നാട്ടിലുണ്ടോ ചങ്ങാതി? അവസ്ഥ എന്താണ് ഇപ്പോ? സേഫ് ആണോ? ഇവിടം അത്ര സേഫ് അല്ലാതായി വരുന്നുണ്ട്. കുട്ടികളൊക്കെ ഓൺലൈൻ padittham അല്ലേ?
കുടുംബം നാട്ടിൽ ആണ് എല്ലാവരും സുഖം .
ശരി.. സന്തോഷം :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ