എനിയ്ക് ചില തോന്നലുണ്ടായിരുന്നു..
ആരുടേയും മുന്നില്‍ കൈ നീട്ടരുത് .. ആരുടേയും മുന്നില്‍ അഭയാര്‍ഥിയായി നില്‍ക്കരുത്.. മരണം വരെ ജോലി ചെയ്ത് ജീവിയ്ക്കണം.. മറ്റുള്ളവര്‍ ചവിട്ടിക്കൂട്ടി ഒരു മൂലയ്ക്ക് ഇരുത്തുന്ന അവസ്ഥയിലേയ്ക്ക് എന്റെ വ്യക്തിത്വം പോകരുത്.. എഴുതാന്‍ ഒരു കഷണം കടലാസും ഒരു പേനയും പിന്നെ വായിയ്ക്കാനൊരു പുസ്തകവും ഉണ്ടെങ്കില്‍ അവിടെ ഞാനൊരു സ്വര്‍ഗ്ഗമുണ്ടാക്കും.. മരിയ്ക്കുന്നതുവരെ ആ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ സന്തോഷവതിയായിരിയ്ക്കും എന്നൊക്കെയുള്ള ചില തോന്നലുകള്‍..
എന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നു. ഒരു മുഴുവന്‍സമയ കമ്മ്യൂണിസ്റ്റ് കാരന്‍റെ ഭാര്യ എന്ന നിലയില്‍ അമ്മ അന്നനുഭവിച്ചത് സുഖമൊന്നുമായിരുന്നില്ല. കുടുംബം നോക്കാതെ രാജ്യം നോക്കാന്‍ നടക്കുന്നവന്റെ ഭാര്യ എന്ന പരിഹാസം..അവഗണന.. ഒറ്റപ്പെടല്‍.. പക്ഷെ അമ്മ വളരെ ശക്തയായൊരു സ്ത്രീയായിരുന്നു. നന്നായി പാടും . നന്നായി വായിയ്ക്കും. നന്നായി സംസാരിയ്ക്കും. നന്നായി അദ്ധ്വാനിയ്ക്കും.. അദ്ധ്യാപകജോലി ചെയ്തും ബാക്കി സമയം പറമ്പില്‍ കൃഷി ചെയ്തും പശുവിനെ വളര്‍ത്തിയും പശുവിന് പുല്ല് പറിച്ചും .. അമ്മ കുടുംബം പോറ്റി.
ഇന്നത്തെപ്പോലെയായിരുന്നില്ല അന്ന് രാഷ്ട്രീയം. കൈയ്യിലുള്ള അവസാനത്തെ ചില്ലിക്കാശ് വരെ പാര്‍ട്ടിയിലേയ്ക്ക് പോകും. ഒരു വരുമാനവുമില്ല അന്ന് അച്ഛന്. ജീവനും ജീവിതവും പോക്കറ്റില്‍ ഉള്ള ഓരോ തുട്ടും പാര്‍ട്ടിയ്ക്ക് സമര്‍പ്പിച്ചു അച്ഛന്‍. കുടുംബത്തിനായി ഒന്നും കരുതിയില്ല. അമ്മ അന്നനുഭവിച്ച കഷ്ടപ്പാടിന് അതിരില്ല. ഞങ്ങള്‍ മക്കളേയും ചേര്‍ത്ത് പിടിച്ച് , നോവിന്റെ ഒരു തീക്കടലാണ് സധൈര്യം അമ്മ നീന്തിക്കടന്നത്. ആ തീക്കടലില്‍, അമ്മയുടെ മൂത്ത മകളെന്ന നിലയ്ക്ക് ഞാനും ഒന്ന് കൈകാലിട്ടടിച്ചു.. അതെന്‍റെ കുട്ടിക്കാലം.. അന്നത്തെ പൊള്ളല്‍ ഒരു തീപ്പൊരിയായി ഇന്നുമെന്റെ മനസ്സിലുണ്ട്. രക്തത്തിലും.
അവഗണിച്ചവരുടെയും പരിഹസിച്ചവരുടെയും ഒറ്റപ്പെടുത്തിയവരുടെയുമൊക്കെ മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് അമ്മ ജീവിച്ചു. ഇന്നിപ്പോ കാലവും ജീവിതവും സാഹചര്യങ്ങളും മാറി. ജീവിതത്തിനു മുന്നില്‍ തോറ്റുകൊടുക്കില്ലെന്നൊരു തീര്‍ച്ചയും മൂര്‍ച്ചയും അമ്മയുടെ ഓരോ ചുവടുവയ്പ്പിലും ഞാന്‍ കണ്ടിരുന്നു. ഈ കഴിഞ്ഞ മാസം വരെ അത് ഞാന്‍ കണ്ടു....
ഉരുക്കുവനിത എന്ന് ഞാന്‍ വിശേഷിപ്പിച്ചിരുന്ന അമ്മ കഴിഞ്ഞ മാസം ആശുപത്രിവാസത്തിന് ശേഷം വളരെ ക്ഷീണിതയായിട്ടാണ് പുറത്തിറങ്ങിയത്. നിരന്തരപരിചരണം വേണ്ട ഒരവസ്ഥയിലെയ്ക്ക് മാറിയ അമ്മയെ പരിചരിയ്ക്കുമ്പോള്‍ ഞാന്‍ പലതും ഓര്‍ത്തു.. അമ്മ ഇതൊന്നും പ്രതീക്ഷിച്ചുണ്ടാവില്ലല്ലോ.. ഇല്ല. അതാണ് അമ്മ ഇടയ്ക്കിടെ നിസ്സഹായതയോടെ ഇങ്ങനെ പരിതപിയ്ക്കുന്നത്... "ഇനി ഞാന്‍ പഴയപോലെ നടക്കുമെന്ന് തോന്നുന്നില്ല , ഇത് ഞാനൊരിയ്ക്കലും പ്രതീക്ഷിച്ചതല്ല"..
അതാണ് ഞാനും തുടക്കത്തില്‍ പറഞ്ഞത് , എനിയ്ക്ക് ചില തോന്നലുകള്‍ ഉണ്ടായിരുന്നു എന്ന്.. പക്ഷെ ആ തോന്നലുകള്‍ ഞാന്‍ ഉപേക്ഷിയ്ക്കുകയാണ്. സങ്കടത്തോടെയല്ല, സന്തോഷത്തോടെതന്നെ . അമ്മയെന്നെ പഠിപ്പിച്ച ഒരുപാട് പാഠങ്ങള്‍ക്ക് ഒടുവില്‍ ഇങ്ങനെയൊരു പാഠവും. നാളെ എന്നൊന്നില്ല. നാളെ ഉണ്ടോ എന്ന് നാളെ അറിയാം. നിലവിലുള്ളത് ഇന്ന്... ഈ നിമിഷം.. ഇത് മാത്രമാണ് സത്യം. ഈ ഒരു നിമിഷത്തിനായാണ് ഞാന്‍ എനിയ്ക്ക് ചുറ്റും സ്വര്‍ഗ്ഗമുണ്ടാക്കുന്നത്. തൊട്ടടുത്ത നിമിഷം എന്റെ നിയന്ത്രണത്തിലല്ല.
മരിയ്ക്കുന്നതുവരെ എഴുതണമെന്നും വായിയ്ക്കണമെന്നുമൊക്കെ ചിന്തിച്ച എന്റെ വിഡ്ഢിത്തത്തെ ഞാന്‍ സ്വയം പരിഹസിച്ചു. നാളെ എന്റെ കൈ വിറച്ചുപോയാല്‍? നാളെ എന്റെ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞാല്‍? കീബോര്‍ഡില്‍ താളം പിടിയ്ക്കുന്ന വിരലുകള്‍ നാളെ വിറച്ചുപോയാല്‍ ? അക്ഷരങ്ങള്‍ ഒരിയ്ക്കലും ശരിയാകാതെ ക്രമം തെറ്റിയാല്‍? ഓര്‍ത്തെടുക്കാനാവാത്ത വിധത്തില്‍ നാളെ ഞാനെന്റെ പാസ്സ്‌വേര്‍ഡ് മറന്നുപോയാല്‍ ? ഓരോ പുതിയ പാസ്സ്‌വേര്‍ഡും തൊട്ടടുത്ത നിമിഷം മറന്നാല്‍? ഒരിയ്ക്കലും ഓര്‍ത്തെടുക്കാനാവാത്ത വിധത്തില്‍ എന്റെ പേര് മറന്നാല്‍? ഇല്ല.. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല.
അതാണ് ഞാന്‍ പറഞ്ഞത്, ഇന്നാണ് സത്യം. ഈ നിമിഷമാണ് സത്യം. അതെത്രമാത്രം സന്തോഷപ്രദമാക്കാം എന്നുമാത്രമാണ് ഞാനിപ്പോള്‍ ചിന്തിയ്ക്കുന്നത്. ഈ നിമിഷം എത്രമാത്രം നന്മ ചെയ്യാം..ഈ നിമിഷം എത്രമാത്രം സ്നേഹിയ്ക്കാം.. ഈ നിമിഷം മറ്റുള്ളവര്‍ക്ക് എത്രമാത്രം സന്തോഷം കൊടുക്കാം..
പുറത്ത് ഒരു ആകാശം ഉള്ളതുപോലെ എന്റെയുള്ളിലും ഒരു ആകാശം ഉണ്ടെന്നതാണ് എന്റെ സന്തോഷത്തിന്റെ രഹസ്യം. ഒരിയ്ക്കലും തീരാത്ത മനസ്സിന്റെ യൗവ്വനത്തിന്റെയും പ്രണയത്തിന്റെയും രഹസ്യം. ..
അതെ.. സന്തോഷമാണ് എനിയ്ക്ക് . എന്നും എപ്പോഴും.
10 അഭിപ്രായ(ങ്ങള്‍):
വളരെ ഇഷ്ടപ്പെട്ടു. ചിന്താനിർഭരമായ വാക്കുകൾ.... യാഥാർത്‌ഥ്യം കൺമുമ്പിലെത്തുമ്പോൾ സമചിത്തതയോടെ സ്വീകരിക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്..
സന്തോഷം നന്ദു.. അനുഭവങ്ങള്‍ നമ്മളെ ഒരുപാട് പഠിപ്പിയ്ക്കുന്നുണ്ട്.. :)
അമ്മ
നല്ല എഴുത്തു്
സന്തോഷം സജി .. :)
വലിയൊരു സത്യത്തെ നന്നായി അവതരിപ്പിച്ചു.
ഇതിനോക്കെയാവും മാത്രാജ്ഞാനം എന്ന് പറയുന്നത്. പക്ഷെ ഇത്ര ലളിതമായ ഈ അറിവ് നേടാന്‍ ഒരു നീണ്ട ജീവിതത്തിന്റെ അനുഭവങ്ങളും അറിവും വേണ്ടി വരുന്നൂ എന്നതാണ് ജീവിതത്തിന്റെ സങ്കീര്‍ണതയും സന്തോഷവും എന്ന് തോന്നിയിട്ടുണ്ട്.
പുഴയോടോപ്പാം ഒഴുകുന്ന കല്ല് അതിന്റെ അപ്പോഴത്തെ രൂപം ആര്ജിച്ചതിന്, വഴിയില്‍ അതുമായി സമ്പര്‍ക്കത്തില്‍ വന്ന മണ്ണും കല്ലും തടിയുമായ എല്ലാത്തിനോടും കടപ്പെട്ടിരിക്കുന്നില്ലേ?
ചെറുപ്പത്തില്‍ 'നിന്റെ വീട്ടില്‍ ഒത്തിരി പുസ്തകങ്ങള്‍ കാണെണ്ടാതാണല്ലോ' എന്ന ഒരു സുഹൃത്തിന്റെ കമന്റ് ആണ് എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചതും ധാരാളം വായിക്കാന്‍ ഇടയാക്കിയതും. അതെന്തുകൊണ്ടാണെന്ന് എനിക്കിന്നും അറിയില്ല. പക്ഷെ അതെന്നെ വായനയുടെ ലോകത്തെത്തിച്ചു എന്ന് മാത്രം അറിയാം .
വര്‍ത്തമാനം ഭൂതകാലത്തിന്റെ ആകെത്തുകയാണ്. എന്നാല്‍ വര്‍ത്തമാനത്തെ ഇശ്ചശക്തിയാല്‍ നിയന്ത്രിക്കാന്‍ കഴിയും..
അനുഭവമോ ചിന്തയോ ഭാവനയോ എന്തുമാകട്ടെ ഇങ്ങനെയാണ്എഴുതേണ്ടത്.ഇങ്ങനെയുള്ളതൊക്കെയാണ് വായിക്കേണ്ടതും.ഇഷ്ടത്തോടെ വായിച്ചു എന്നതിലോ എഴുതിയെന്നതിലോ കാര്യം ഇല്ല.മനസ്സില്‍ നിലനില്ക്കണം.എഴുതുന്ന ആളെയും വായിക്കുന്ന ആളെയും അത് ഹോണ്ട് ചെയ്യണം.നമ്മള്‍ അറിയാത്ത നമ്മുടെ ഭാവികാലത്തിന്റെ സ്വാധീനം ആകണം.
അഭിനന്ദനങ്ങള്‍ .....
എഴുതുന്ന ആള്‍ക്ക് വായിയ്ക്കുന്നവരുടെ കൈ പിടിച്ച് നടക്കാന്‍ കഴിയുന്നുന്വേങ്കില്‍ അതുതന്നെയാണ് എഴുത്തിന്റെ ധന്യത.. ആ ധന്യത എന്നും ഒപ്പമുണ്ടാകണേ എന്നാ പ്രാര്‍ത്ഥനയോടെ .... ഇഷ്ടമായി ഫ്രാന്‍സിസ് ഈ വിശകലനം..
ഇന്നാണ് സത്യം. ഈ നിമിഷമാണ് സത്യം. അതെത്രമാത്രം സന്തോഷപ്രദമാക്കാം എന്നുമാത്രമാണ് ഞാനിപ്പോള്‍ ചിന്തിയ്ക്കുന്നത്. ഈ നിമിഷം എത്രമാത്രം നന്മ ചെയ്യാം..ഈ നിമിഷം എത്രമാത്രം സ്നേഹിയ്ക്കാം.. ഈ നിമിഷം മറ്റുള്ളവര്‍ക്ക് എത്രമാത്രം സന്തോഷം കൊടുക്കാം.. പോസിറ്റിവിറ്റി ശരിക്കും ഇഷ്ടായി ശിവനന്ദ . കുറെ കാലത്തിനു ശേഷം ഞാൻ വായിച്ച ആദ്യത്തെ ബ്ലോഗ് പോസ്റ്റ് തന്നെ ഹൃദ്യമായി. നന്ദി.
സന്തോഷം പ്രജിത്ത്.. ഒരുപാട് നാളായി പ്രജിത്തിനെ കണ്ടിട്ട്.. സുഖല്ലേ? :)
അമ്മയെന്ന മഹത്തായ സത്യം.. അതേപോലെ കാലമെന്ന മറ്റൊരു സത്യം. കുറച്ചു വാക്കുകളിൽ കൂടുതൽ കാര്യങ്ങൾ. ഈയൊരു നിമിഷത്തെ സന്തോഷത്തെ അജ്ഞാതമായ നാളേക്കുവേണ്ടി മാറ്റിവെക്കരുത് എന്നോർമ്മിപ്പിച്ചു...
ഇടക്കുവല്ലതും കുത്തിക്കുറിക്കാറുണ്ടെങ്കിലും കുറച്ചുനാളായി ബ്ലോഗ് വായന വളരെ കുറവായിരുന്നതുകൊണ്ടാണ് വരാൻ വൈകിയത്. ഇനി ഓരോന്നായി വായിച്ചുതീർക്കാം ശിവേച്ചിയുടെ പോസ്റ്റുകൾ :-)
വളരെ സന്തോഷം മഹി.. സമയം പോലെ വരൂ ട്ടോ..:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ