2018, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ദൈവം മറുപടി പറയുന്നു എന്നിലൂടെ..

ദൈവം മറുപടി പറയുന്നു എന്നിലൂടെ..

ഞാന്‍ പ്ലസ്സില്‍ വന്നിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ. പരിചയക്കാരും സുഹൃത്തുക്കളും കുറവ്.  'ചോപ'   എന്ന ഡിസ്ക്ക് രസകരമായി തോന്നി. ജോയിന്‍ ചെയ്തു.  ചോദ്യങ്ങള്‍ ചോദിച്ച് കൂട്ട് കൂടി.  പിന്നീട് ഹോട്ട്സീറ്റിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ടപ്പോള്‍ ശരിയ്ക്കും അങ്കലാപ്പ് തോന്നി. അംഗങ്ങള്‍ എല്ലാവരും പരിചയം കൊണ്ട് എന്നേക്കാള്‍ സീനിയേഴ്സ്.  ഇരുന്നൂറ് കമന്റെങ്കിലും തികയ്ക്കാന്‍ പറ്റണെ എന്നായിരുന്നു പ്രാര്‍ത്ഥന.  വയ്യാതെ കിടക്കുന്ന അമ്മയ്ക്ക് കാവല്‍ ഇരുന്നുകൊണ്ട് കിട്ടിയ സമയങ്ങളില്‍   ഞാന്‍ ചോദ്യങ്ങള്‍ക്ക് മറുപടികളെഴുതി.  എന്റെ ആശങ്കകളെ മറികടന്ന് ഓരോ സുഹൃത്തും എന്നെ സ്നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി.  തുടരെത്തുടരെ ചോദ്യങ്ങള്‍ വന്നപ്പോള്‍ എനിയ്ക്കും ആവേശമായി.  ഒരാഴ്ച സമയമുണ്ടെന്നിരിയ്ക്കെ,  മൂന്ന്‍ ദിവസത്തിനുള്ളില്‍ ചോദ്യോത്തരങ്ങള്‍ കൊണ്ട്  ചോപ  നിറഞ്ഞുകവിഞ്ഞു.  അഞ്ഞൂറ് കമന്റ്സ് മാത്രമേ പാടുളൂ എന്നതിനാല്‍  അഞ്ഞൂറാമത്തെ കമന്റില്‍ , കമന്റ് ബോക്സ് ഡിസേബിള്‍ ആയി.  അപ്പോഴും ചോദ്യങ്ങള്‍ ബാക്കിയായിരുന്നു. മനസ്സില്‍ ഉത്തരങ്ങളും...  എല്ലാം ബാക്കിയാക്കി , സ്നേഹവാക്കുകള്‍ പറഞ്ഞ് ഞാന്‍ ലാപ് ടോപ്‌ അടച്ചു.  സന്തോഷമായിരുന്നു.   ഒരുപാടൊരുപാട്..

ചോപയില്‍ സജീവ്‌ എന്നോടൊരു ചോദ്യം ചോദിച്ചിരുന്നു. 

 " ബിസിനസ് കാരനായ ഭര്‍ത്താവ് പ്രളയക്കെടുതി ബാധിച്ചവര്‍ക്ക് വേണ്ടി എന്ത് ചെയ്തു ?" 

ഔദ്യോഗികസഹായങ്ങള്‍  ഇവിടുന്നു  പോയിട്ടുണ്ട് എന്നെനിയ്ക്ക് അറിയാം.  എന്നാല്‍ അത് ഞാന്‍ പറഞ്ഞില്ല.  ഞാന്‍ എന്ന വ്യക്തി എന്ത് ചെയ്തു എന്നാണ് ഞാനാലോചിച്ചത് .  ഞാന്‍ മറുപടിയെഴുതി.

" മറ്റൊരാള്‍ എന്ത് ചെയ്തു എന്നതിനേക്കാള്‍ , ഞാന്‍ എന്ത് ചെയ്തു എന്ന് ചിന്തിയ്ക്കുന്നതാണ് എനിയ്ക്കിഷ്ടം."  

ആ ഉത്തരം അപൂര്‍ണ്ണമായിരുന്നു  എന്നെനിയ്ക്കറിയാം. അതുകൊണ്ടുതന്നെ അതൊരു പൂരിപ്പിയ്ക്കാത്ത  പാതിയുത്തരമായി എന്റെ മനസ്സിനെ ഇടയ്ക്കിടെ നോവിച്ചു.  എനിയ്ക്കറിയാം അന്നുവരെ പ്രളയക്കെടുതി ബാധിച്ചവര്‍ക്കായി  ഞാനൊന്നും ചെയ്തില്ല എന്ന്.  എന്നിട്ടും എന്തിനാണ് ആ ചോദ്യത്തെ ഞാന്‍ എന്നിലേയ്ക്ക് തിരിച്ചുവിട്ടത് എന്ന് അന്നെനിയ്ക്ക് മനസ്സിലായില്ല.   എന്നാല്‍ ആ ചോദ്യത്തിനും ഉത്തരത്തിനും ഒരു നിയോഗമുണ്ടായിരുന്നു എന്ന് പിന്നീട് എനിയ്ക്ക് മനസ്സിലായി....

ദുരന്തമുഖത്തുനിന്നും  ഒരു അനുഭവക്കുറിപ്പ്...

പതിനാലാം തീയതി ചൊവ്വ - തോരാത്ത മഴയുണ്ടായിരുന്നു.  ടിവി യില്‍ പ്രളയക്കെടുതികള്‍ ആശങ്കയോടെ കണ്ടിരുന്നു. അന്ന്‍ രാത്രിയിലും തുള്ളിതോരാത്ത മഴ.. ചുറ്റുമുള്ള പ്രദേശത്ത് ആകെ വെള്ളപ്പൊക്കഭീഷണിയുണ്ട്. ഞങ്ങളുടെ വീടിരിയ്ക്കുന്ന സ്ഥലം അല്പം ഉയര്‍ന്നതായതിനാല്‍ അങ്ങോട്ട്‌ വെള്ളം കയറില്ല എന്നതാണ്സ്ഥിതി.

പതിഞ്ചാം തീയതി ബുധന്‍ ( അന്ന് സ്വാതന്ത്ര്യദിനം)- മഴ ശക്തി പ്രാപിച്ചു. .  കെ എസ്ഇ ബി യുടെ മുറ്റത്ത് വെള്ളമെത്തി. സബ് സ്റ്റേഷനില്‍ പവര്‍ ഓഫ്. രാവിലെ ഏഴ് മണിയ്ക്ക് കറന്റ് പോയി.  നോക്കി നില്‍ക്കെ വെള്ളം അടുത്തടുത്ത് വന്നുകൊണ്ടിരുന്നു.  ഞങ്ങളുടെ വീട് ഉള്‍പ്പെടെ ഒരു പത്ത് വീടോളം സെയ്ഫ് ആയിരുന്നു. ബാക്കി വീടുകളും സ്ഥാപനങ്ങളും ഒക്കെ ഭീഷണിയിലാണ്. 

വൈകിട്ട് ഞാന്‍ ചിന്നുവിനെ വിളിച്ചു.  ഫോണെടുത്തതും അവള്‍ കിടന്നു തുള്ളിച്ചാട്ടം.  

"ശിവേച്ചി ഇതെവിടാ? ദാ ഇവിടെ കമന്റ് ബോക്സ് വീണ്ടും തുറന്നു. ഇന്നും കൂടി ചോദ്യങ്ങള്‍ ചോദിയ്ക്കാം എന്ന് പറയുന്നു.. ഓടിവാ.. "  എന്നൊക്കെ പറഞ്ഞ് അവള്‍ കിടന്ന് ബഹളം.  

ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.  സ്ഥിതി മോശമായില്ലെങ്കില്‍ , കറന്റ് വന്നാല്‍ ഞാന്‍ വന്നു മറുപടി എഴുതാം എന്ന് അവിടെ പറയാന്‍ അവളോട് പറഞ്ഞു.  ഫോണ്‍ വച്ച് അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ അറിയുന്നു , കറന്റ് വരാന്‍ രണ്ടു ദിവസം താമസമുണ്ടാകും എന്ന്.  അപ്പോഴും പ്രതീക്ഷയ്ക്കപ്പുറമുള്ള  ദുരന്തം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സന്ധ്യ ആയപ്പോഴേയ്ക്കും ലാന്‍ഡ് ഫോണ്‍ കട്ടായി. ഈ പ്രദേശം മുഴുവന്‍ ഫോണ്‍ നിര്‍ജ്ജീവമായി. കറന്റില്ല, ഫോണില്ല, ഇന്‍വേര്ട്ടര്‍ ഓഫ്‌ ,   കടയില്‍ മെഴുകുതിരിയില്ല.. 

പതിയെപ്പതിയെ ഒരു ദുരന്തമുഖത്താണ് നില്‍ക്കുന്നതെന്ന തോന്നലുണ്ടായിത്തുടങ്ങി.  മോന്‍റെ നിലയ്ക്കാറായ മൊബൈലില്‍ നിന്നും ഒരിയ്ക്കല്‍ക്കൂടി ചിന്നുവിനെ വിളിച്ചു. " സ്ഥിതി വഷളാണ്,  മൊബൈല്‍ എല്ലാം ചാര്‍ജ് തീര്‍ന്നു,  വെള്ളം കയറിത്തുടങ്ങി , ഞങ്ങളുടെ വീടും ഒരു ദുരിതാശ്വാസ ക്യാമ്പ് ആയേക്കും ..."

ഇത്രയും പറയാനേ പറ്റിയുള്ളൂ.  അവസാനത്തെ തുടിപ്പും തീര്‍ന്ന മൊബൈല്‍ ആര്‍ക്കും വേണ്ടാതെ ഒരു മൂലയ്ക്ക് കിടന്നു.  പിന്നെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ...

നിമിഷനേരം കൊണ്ട് ക്യാമ്പുകള്‍ തുറന്നു.  സ്കൂളും കോളേജും പണിതീരാത്ത ഒരു  ഫ്ലാറ്റും ക്യാമ്പ് ആയി. വീടിനപ്പുറവും ഇപ്പുറവും അര കിലോമീറ്റര്‍ ദൂരത്ത് വെള്ളമെത്തി.  ഞങ്ങളുടെ വീട് ഉള്‍പ്പെടെ സെയ്ഫ് ആയ അഞ്ചാറു വീടുകളും ദുരിതാശ്വാസക്യാമ്പ് ആയി. രക്ഷാപ്രവര്‍ത്തനത്തിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഞങ്ങളെല്ലാവരും പെരുമഴയത്തെയ്ക്ക് ഇറങ്ങി.   

 ഏറെപ്പേര്‍ ഉണ്ടായിരുന്നു എന്റെ വീട്ടില്‍.. വീടിന്റെ പറമ്പും മുറ്റവും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു.  കട്ടിലും കിടക്കയും പായും പുതപ്പുകളും മുറികളില്‍ നിറഞ്ഞു. ഓരോരുത്തരുടെയും സൌകര്യങ്ങള്‍ തിരക്കി ഞാന്‍ കൂടെത്തന്നെ നിന്നു. അടുപ്പുകള്‍ നിര്‍ത്താതെ എരിഞ്ഞു.  കറണ്ടുംഇല്ല, ഇന്‍ വെര്ട്ടരും ഓഫ്‌, കടകള്‍ വെള്ളത്തില്‍ മുങ്ങി, മുങ്ങാത്ത കടകളില്‍ ഒരു മെഴുകുതിരി പോലും കിട്ടാനില്ല,  എമര്‍ജന്‍സി ഓഫായി...  ഒരു നിലവിളക്ക് കത്തിച്ചു വച്ച് എല്ലാവരെയും സമാധാനിപ്പിച്ച് ഞാനിരുന്നു.  എന്താണിനി സംഭവിയ്ക്കാന്‍ പോകുന്നതെന്ന   ഒളിച്ചുവച്ച ഭയത്തോടെ.  വീടിന്റെ  ഒരു ഭാഗത്ത് എല്ലാ വീടുകളും മറ്റ് കെട്ടിടങ്ങളും പകുതി മുങ്ങി. മറ്റേ വശത്ത് പൂര്‍ണ്ണമായും എല്ലാം വെള്ളത്തിനടിയിലായി.   അവസാനനിമിഷം വരെ നമ്മള്‍ പ്രതീക്ഷിയ്ക്കുമല്ലോ അരുതാത്തതൊന്നും വരില്ല എന്ന്.. അങ്ങനെ പ്രതീക്ഷിയ്ക്കാനുള്ള നമ്മുടെ കഴിവല്ലേ നമ്മളെ ജീവിപ്പിയ്ക്കുന്നത് .. വയ്യാത്ത അമ്മൂമ്മമാരും ഡെലിവറി കഴിഞ്ഞു കിടക്കുന്ന പെണ്‍കുട്ടിയും ഒക്കെയുണ്ടായിരുന്നു . എല്ലാവര്‍ക്കും ധൈര്യം കൊടുത്ത് , അതിഭീകരമായ മഴയെ ആരും കാണാതെ ഭയന്ന്‍ രാത്രി കഴിച്ചുകൂട്ടി. 

പിറ്റേന്ന് രാവിലെ .. ടാങ്കില്‍ വെള്ളം തീര്‍ന്നു. മുക്കാലും നിറഞ്ഞുകിടന്ന കിണര്‍ ഉണ്ടായിരുന്നത് കൊണ്ട് അതൊരു പ്രശ്നമായില്ല.  രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു.  പെരുമഴയുടെ ശബ്ദമല്ലാതെ മറ്റൊന്നുമില്ല. ആളുകളും ആരവങ്ങളും വാഹനങ്ങളും ഒഴിഞ്ഞ നിരത്ത്... ശ്മശാനമൂകത..  ഇടയ്ക്കിടെ ഹെലിക്കൊപ്ട്ടറുകളുടെ ഇരമ്പല്‍  നിശ്ശബ്ദതയെ ഭയാനകമായി കീറി മുറിച്ചു.. 

 നരകത്തിലും സ്വര്‍ഗ്ഗം ചമയ്ക്കുന്ന ശീലം എല്ലായിടത്തും ഉപകാരമായി എനിയ്ക്ക്.. സങ്കടപ്പെട്ടും ഭയപ്പെട്ടും ഇരിയ്ക്കാന്‍ സമയമില്ല എന്നെനിയ്ക്ക് മനസിലായി.   അടുപ്പുകള്‍ പുകഞ്ഞു. വലിയ കലത്തില്‍ കഞ്ഞി തിളച്ചു. പയര്‍ വെന്തു.  എല്ലാവരും ഒരു വീട്ടിലെ ആളുകളായി. എല്ലാവരും സ്വന്തം.  സ്വദേശമെന്നോ അന്യദേശമെന്നോ ഇല്ലാതെ എല്ലാവരും ഒന്നായി.  ഞാനോര്‍ത്തു.. ദുരന്തമുഖങ്ങളില്‍ മാത്രമാണ് മനുഷ്യന്‍ മനുഷ്യനെ കാണുന്നത്...  ഒരു മനുഷ്യനെ കാണാന്‍ കൊതിച്ച് .. ഒരു സ്നേഹസ്പര്‍ശം കാണാന്‍  കൊതിച്ച് പ്രകൃതി തന്നെ അതിനുള്ള അവസരം ഉണ്ടാക്കിയെന്ന് എനിക്ക് തോന്നി... 

  രക്ഷാപ്രവര്‍ത്തനങ്ങള്‍  തുടരുകയാണ്...  വീടിന് മുകളില്‍ കുടുങ്ങിയ ആളുകളെ ചെമ്പുകളും വഞ്ചിയും ഉപയോഗിച്ച് രക്ഷപ്പെടുത്തിക്കൊണ്ടിരുന്നു. പണിതീരാത്ത ഒരു ഫ്ലാറ്റില്‍ നിറയെ കന്നുകാലികളും മറ്റു വളര്‍ത്തുമൃഗങ്ങളും ഒരു ഭാഗത്ത്. മറുഭാഗത്ത് അന്യദേശ തൊഴിലാളികള്‍.   ദൈവമേ .. എന്തൊരു കാഴ്ച ... എല്ലാവര്ക്കും ഭക്ഷണമെത്തിച്ചു. അനാഥരായിപ്പോയ മൃഗങ്ങളോടും എല്ലാരും കരുണ കാണിച്ചു. ആരുടെയെന്നറിയാതെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും ഒക്കെ കിട്ടിയ ഭക്ഷണത്തിന്റെ ഒരോഹരി പങ്കുവച്ചു കൊടുത്തു എല്ലാവരും.  അതിനിടയ്ക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള സാമഗ്രികള്‍ ഒന്നൊന്നായി തീര്‍ന്നുകൊണ്ടിരുന്നു. വാങ്ങാന്‍ നിവൃത്തിയില്ല..   എന്തുചെയ്യുമെന്ന് ഒരു പിടിയുമില്ല.  ആ സമ്മര്‍ദ്ദം വീട്ടില്‍ വന്നവരെ അറിയിയ്ക്കാതെ പറമ്പിലുള്ള പപ്പായയും താളും ചേമ്പും ഒക്കെ തപ്പിപ്പെറുക്കി വേവിച്ചു  ഞാന്‍. 

നിരത്തിലൂടെ ഒരു വണ്ടി പോകുന്നത് കാണാന്‍.. ആളുകള്‍ നടക്കുന്നത് കാണാന്‍ കൊതിച്ചുപോയി . 

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും എന്ത് സംഭവിച്ചു എന്നറിയാതെ , ബന്ധപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ.. ദൈവമേ !  വിവരിയ്ക്കാനാവാത്തതായിരുന്നു അത്..   ഭയപ്പെടുത്തുന്നതായിരുന്നു പുറത്തെ കാഴ്ചകള്‍..  എല്ലാം നഷ്ടമായ ആളുകളെ എങ്ങനെ സമാധാനിപ്പിയ്ക്കണം എന്നറിയില്ല.. ജീവനാണ് ഏറ്റവും വലുത്, ഇപ്പോഴും നമ്മള്‍ ജീവിചിരിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പുണ്യം എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു ഞാന്‍.. എങ്കിലും... 

വാരിപ്പിടിച്ചതത്രയും ഒഴുകിമറഞ്ഞപ്പോള്‍ കരയാന്‍ പോലുമാകാതെ വെറുങ്ങലിച്ച് ഇരിയ്ക്കുന്നവരെ എങ്ങനെ സമാധാനിപ്പിയ്ക്കാനാണ്.. എന്നാലും... 

ഭൂമി അറിയാതൊന്നു വിറച്ചുപോയാല്‍ .. ദൈവം ഒരുമാത്രയൊന്ന് കണ്ണ്‍ ചിമ്മിയാല്‍ തീരാവുന്നതാണല്ലോ എല്ലാ സൗഭാഗ്യങ്ങളും എന്നോര്‍ത്തപ്പോ...

ഇമ ചിമ്മാതെ നോക്കിയിരുന്നു വെള്ളത്തിന്‍റെ താണ്ഡവം.  മൂന്നാം ദിവസം വെള്ളം ഇറങ്ങിത്തുടങ്ങി. ഇന്നലെ മുതല്‍ ക്യാമ്പുകള്‍ പിരിച്ചുവിട്ടുതുടങ്ങി. ഇവിടെ  വീട്ടിലുള്ളവരെല്ലാം മടങ്ങിത്തുടങ്ങി.  എന്നിട്ടും തീരുന്നില്ലല്ലോ ദുരിതം.. വെള്ളം ഇറങ്ങിയപ്പോള്‍ വൃത്തിയാക്കല്‍ തുടങ്ങി. എല്ലാവരും ഒത്തുചേര്‍ന്ന് എല്ലാവരുടെയും വീടുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ് ഇപ്പോള്‍.  ഓരോ ടീമുകളായി തിരിഞ്ഞ് ഓരോ വീടും വൃത്തിയാക്കുകയാണ്.  അന്യദേശതൊഴിലാളികളുടെ വാസസ്ഥലം പോലും വൃത്തിയാക്കുന്ന- എന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള  നാട്ടുകാരെ കണ്ടപ്പോള്‍ എനിയ്ക്ക് തോന്നി,  വെള്ളമൊഴുകിയത്  മനുഷ്യന്റെ മനസ്സിലൂടെയാണ് എന്ന്.  മനുഷ്യന്റെ മനസ്സാണ് കഴുകി നിര്‍മ്മലമാക്കപ്പെട്ടത് എന്ന്... അതെ.. സത്യമായും അതെ .. എല്ലാവരും സ്നേഹിച്ച് സ്നേഹിച്ച് ഒന്നായ കാഴ്ച ! 

 ഇനിയും  പിരിച്ചുവിടാത്ത ക്യാമ്പുകള്‍ ഉണ്ട്. അവിടേയ്ക്ക് പൊതിച്ചോര്‍ കൊണ്ടുപോകുന്നു ഇന്ന്.  അതില്‍ പങ്കാളിയായി . 

ഇപ്പോള്‍ എനിയ്ക്ക് തോന്നുന്നു സജിയുടെ ചോദ്യത്തിന് ഞാന്‍ കൊടുത്ത മറുപടി തികച്ചും അനുയോജ്യമായിരുന്നു എന്ന് ...

പ്രിയ സുഹൃത്തേ , നിങ്ങള്‍ ചോദ്യം ചോദിച്ചത് എന്നോടായിരുന്നില്ല.. ദൈവത്തോടായിരുന്നു.  ദൈവം മറുപടി പറയുന്നു ,  എന്നിലൂടെ...


21 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

Siva
Onnum parayuvan illa

ഫ്രാന്‍സിസ് പറഞ്ഞു...

മഹത്തരം.ശേഷിച്ച ജീവിതത്തിനു ആവശ്യമായ സമ്പാദ്യം ആയില്ലേ.. ഇതിലും വലിയ മറ്റെന്തു സമ്പാദ്യം ആണുള്ളത്!
മനുഷ്യന് കഴിയാതിരുന്ന രണ്ടു കാര്യങ്ങള്‍ പ്രകൃതി സാദിച്ചു തന്നിട്ടുണ്ട്.ഒന്ന് അവര്‍ക്ക്‌ അവരെത്തന്നെ മനസ്സിലാക്കി തന്നു.മറ്റേതു അവര്‍ മാലിന്യക്കൂമ്പാരം ആക്കിയിടങ്ങളെല്ലാം ശുദ്ധമാക്കി. ഇത് രണ്ടും നിലനിര്‍ത്താന്‍ നമുക്ക് കഴിയട്ടെ എന്ന് ആശിക്കാം.

Unknown പറഞ്ഞു...

എല്ലാനന്മകളും നേരുന്നു. ഇവിടെയും വെള്ളം കയറി.

Sivananda പറഞ്ഞു...

സജി, സന്തോഷം വായനയ്ക്ക്..

Sivananda പറഞ്ഞു...

നന്ദി ഫ്രാന്‍സിസ് വായനയ്ക്ക്..

Sivananda പറഞ്ഞു...

നന്ദി സോമാ.. ഇപ്പോഴത്തെ അവസ്ഥയെന്താണ് ?

താണ്ഡവം പറഞ്ഞു...

ചേച്ചി സഹജീവികളെ സഹായിക്കാൻ കാണിച്ച മനസ്സിന് ഒരായിരം സ്നേഹപൂക്കൾ.
ശരിയാണ് ചേച്ചി ഒരു 4 ദിവസം നമ്മൾ മനുഷ്യരായി ജീവിച്ചു വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോൾ വീണ്ടും പഴയപോലെ .

nandu പറഞ്ഞു...

വളരെ നന്നായി നന്ദ.നല്ല presentaton

Sivananda പറഞ്ഞു...

ശരിയാണ് പമ്മാ. വീണ്ടും എല്ലാവരും എല്ലാം മറക്കും.. എല്ലാം പഴയപടിയാവും.

Sivananda പറഞ്ഞു...

സന്തോഷം നന്ദു

അജ്ഞാതൻ പറഞ്ഞു...

വല്ലാത്ത ഭീകര അനുഭവം. മറ്റുള്ളവരെ സഹായിക്കാൻ കാണിച്ച മനസ്സിന് അഭിനന്ദനം. എല്ലാ നന്മകളും ഉണ്ടാവട്ടെ .....
ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പടെ നിരവധി പേരാണ് ഈ പ്രളയത്തിൽ പെട്ടത് . പലരെയും ബന്ധപ്പെടാൻ ശ്രമിച്ചു സാധിച്ചില്ല . മനസ്സ് വേദനിച്ചു ഭയന്ന് കഴിഞ്ഞ കുറെ ദിനങ്ങൾ. എന്റെ നാട്ടിൽ കുട്ടനാട് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല . പ്രകൃതി ഒന്ന് മാറിയാൽ തീരാൻ ഉള്ളതേ ഉള്ളൂ മനുഷ്യൻ ഈ കെട്ടി പടുത്തതോക്കെ എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു കടന്നു പോയ പ്രളയം. പണക്കാരനും പാവപ്പെട്ടവനും എല്ലാം ഒരേ പോലെ ദുരിതാശ്വാസ ക്യാമ്പിൽ ഒരേ പോലെ പായ വിരിച്ചു കിടക്കുന്ന അവസ്ഥയിലേക്ക് എത്തി . എല്ലാരും മനുഷ്യർ ആയി ചിന്തിക്കാൻ തുടങ്ങി . ദുരിതം മാറിയപ്പോഴേക്കും വീണ്ടും വിഷ ജല്പനങ്ങളും ആയി വിഷജന്തുക്കൾ ഇറങ്ങിയിട്ടുണ്ട്.

Sivananda പറഞ്ഞു...

അതെ ചങ്ങാതി .. നാളുകള്‍ക്കകം എല്ലാരും എല്ലാം മറക്കും. മനുഷ്യത്വവും..

Jayakrishnan പറഞ്ഞു...

ഒരു ആയുഷ്കാലത്തിൻറ്റെ പ്രയത്നംകൊണ്ട് കെട്ടി ഉയർത്തിയ ചെറുതും വലുതുമായ വീടെന്ന സ്വപ്നത്തെ ഒരു ദുസ്വപ്നം പോലെ പ്രളയം വന്ന് വിഴുങ്ങിയത് കണ്ട് വിറങ്ങലിച് നിൽക്കുന്ന ലക്ഷകണക്കിന് ജനങ്ങളുടെ ഇടയിൽ വൻ പ്രളയത്തിലും ഒലിച്ചുപോകാത്ത 'ഈഗോ' കറയുള്ള ഒരുപറ്റം മനുഷ്യരെയും കണ്ടു.. തങ്ങളേക്കാൾ പാവപ്പെട്ടവരും, കീഴ്ജാതിക്കാരും, അന്യസംസ്ഥാന തൊഴിലാളികളുമായവരുടെ കൂടെ കുറച്ചുനാളുകൾ ഒരുമിച്ച് പങ്കിടുവാൻ നീരസം കാണിച്ചവർ.. അവരോടൊക്കെ എന്നും പുച്ഛം മാത്രം. ആൻറ്റിയെ പോലുള്ളവർ ഈ ലോകത്ത്‌ ഒത്തിരിയൊത്തിരി വേണം. എല്ലാവർക്കും ഒരു മാതൃകയായി..

അജ്ഞാതൻ പറഞ്ഞു...

evide puthiya postukal onnum kanan illallo

Sivananda പറഞ്ഞു...

സന്തോഷം ജയകൃഷ്ണന്‍.. ശരിയാണ്. മരണത്തിന്റെ മുന്നില്‍പ്പോലും ജാതിയും മതവും സാമൂഹികനിലവാരവും പകച്ചു നിന്ന കാഴ്ച കണ്ടു പലപ്പോഴും.. മതസ്ഥാപനങ്ങളില്‍ അവരവരുടെ മതങ്ങളില്‍ പെട്ടവരെ മാത്രമേ താമസിപ്പിയ്ക്കൂ എന്ന് ചില സ്ഥാപനങ്ങള്‍ പറഞ്ഞതായും കേട്ട്. സത്യമാണോ എന്നാരിയില്ല.. നിറം നോക്കി വസ്ത്രങ്ങള്‍ വേണ്ടെന്നു പറഞ്ഞതായും കേട്ടു.. മരിച്ചാലും വളരാത്ത മനസ്സുകള്‍...

Sivananda പറഞ്ഞു...

അജ്ഞാതാ, എന്തോ മനസ്സില്‍ ഇപ്പൊ ഒന്നുമില്ല. ശൂന്യം. :)

Jayakrishnan പറഞ്ഞു...

:)

NEERAJ.R.WARRIER പറഞ്ഞു...

വാരിപ്പിടിച്ചതത്രയും ഒഴുകിമറഞ്ഞപ്പോള്‍ കരയാന്‍ പോലുമാകാതെ വെറുങ്ങലിച്ച് ഇരിയ്ക്കുന്നവരെ എങ്ങനെ സമാധാനിപ്പിയ്ക്കാനാണ്.. എന്നാലും...

Sivananda പറഞ്ഞു...

so happy neeraj :) how r u?

മഹേഷ് മേനോൻ പറഞ്ഞു...

പ്രളയം വന്നപ്പോൾ ഒന്നായിച്ചേർന്ന് അതിജീവനത്തിനുവേണ്ടി പൊരുതിയവരാണ് വെള്ളമിറങ്ങിയപ്പോൾ പരസ്പരം ചെളി വാരിയെറിഞ്ഞത് എന്നതാണ് ഏറ്റവും സങ്കടം :-(

Sivananda പറഞ്ഞു...

അത് വളരെ ശരിയാണ് മഹി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .