2018, ജൂലൈ 11, ബുധനാഴ്‌ച

വൈകാരികതയുടെ ജനല്‍നോട്ടങ്ങള്‍.

എന്റെ ജനാലകള്‍ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ടാവും .  കുറെ മരക്കഷണങ്ങള്‍ കൂട്ടിവച്ച ചതുരക്കളങ്ങള്‍ മാത്രമായിരുന്നില്ല  എനിയ്ക്ക് ജനാലകള്‍.  എന്റെ ജീവിതത്തില്‍ ഒരുപാട് ദൗത്യം നിര്‍വ്വഹിച്ചു അവര്‍. 

കാറ്റിന്റെ ഒരു ചെറുമര്‍മ്മരം കൊണ്ട്  തഴുകിയും  ദിവാസ്വപ്നങ്ങളുടെ അതിവൈകാരികതകളിലേയ്ക്ക് ക്ഷണിച്ചും  ജനാലകള്‍ എന്നെ പ്രണയിച്ചു. ഞാന്‍ അവരേയും.

കൗമാരസ്വപ്നങ്ങളിലും ജനാലകള്‍ കണ്ണായി.  ഒരു കുട്ടിയിഷ്ടത്തിലേക്കുള്ള കണ്ണ്‍.  പാട്ട് പാടി ഇറങ്ങിവന്നപ്പോള്‍  സ്റ്റേജിന്റെ  അരികില്‍ നിന്ന് ,   "പാട്ട് നന്നായീട്ടോ "   എന്ന് പതിയെ പറഞ്ഞ  പാട്ടുകാരനായ കൂട്ടുകാരനെ കടക്കണ്ണ്‍ എറിഞ്ഞ് പുഞ്ചിരിച്ച് നീങ്ങുമ്പോള്‍  ജനാല ഒരു  പ്രതീക്ഷയായിരുന്നു...  നിരത്തിലൂടെ  നടന്നു നീങ്ങിയ  കൂട്ടുകാരനെ നോക്കി  മിഴികള്‍ ചിമ്മിപ്പിടഞ്ഞത് ചുവന്ന വിരിയിട്ട ജനാലകള്‍ക്കിപ്പുറം  മറഞ്ഞുനിന്നപ്പോഴായിരുന്നു.  പങ്കയുടെ  കാറ്റില്‍ ഉലയുന്ന  ചുവന്ന വിരികളെപ്പോലും  സ്നേഹിച്ചുപോയ നിമിഷങ്ങള്‍.  

 നൃത്തച്ചുവടുകൾ നോക്കി  പുഞ്ചിരിച്ച  കൂട്ടുകാരൻ വീണ്ടും ജനലിഷ്ടത്തിലേയ്ക് വന്നു.  ആദ്യത്തെ കവിത പിറന്നതും ഒരു ജനൽനോട്ടത്തിലായിരുന്നു.  ജനലിലൂടെ ഒളിഞ്ഞുനോക്കി കണ്ണിറുക്കിയ നക്ഷത്രങ്ങളെ നോക്കി പതിമൂന്നുവയസ്സുകാരിയുടെ ആദ്യ കവിത.  

നിഷ്ക്കളങ്കതയുടെ  അക്ഷരങ്ങൾ പെറുക്കി നിരത്തിയ ആ വരികളിൽ കവിതയുണ്ടായിരുന്നോ എന്നെനിയ്ക് അറിയില്ല.  പക്ഷെ അതിനൊരു താളമുണ്ടായിരുന്നു.  'മാനത്ത് നോക്കീ ഞാൻ കണ്ടൂ നക്ഷത്രങ്ങൾ //  വീക്ഷിക്കുന്നുണ്ടെന്നെ സൂക്ഷ്മമായി // '    എന്നെഴുതിയ  അവളുടെ കണ്ണുകളിൽ  കൂടെപ്പാടുന്ന  കുട്ടിപ്പാട്ടുകാരനോടുള്ള  കുട്ടിയിഷ്ടം  മങ്ങിക്കത്തുന്നൊരു മൺചിരാത്  പോലെ തെളിഞ്ഞിരുന്നു..  ഇഷ്ടം !  എത്ര മനോഹരമാണ് ആ പദം  !!  അല്ലെ ?  സ്നേഹം , പ്രണയം എന്നൊക്കെ പറയുന്നതിനേക്കാൾ എത്രയോ ആർദ്രവും സൗമ്യവുമാണ്  'ഇഷ്ടം '   എന്ന വാക്ക്  !  ഞാൻ ചിലപ്പോഴൊക്കെ സ്വയം ഇങ്ങനെ പറഞ്ഞുനോക്കും..  ഇഷ്ടം.. ഇഷ്ടമാണ്.. എനിയ്ക്കിഷ്ടമാണ് നിന്നെ.. 

യൗവ്വനത്തിന്റെ കടന്നുവരവില്‍ ജനാലകളുടെ കുട്ടിക്കളി മാറി.  മഴയുള്ള രാത്രിയില്‍ തുറന്നിട്ട ജനാലയിലൂടെ വഴിവിളക്കിന്റെ പ്രകാശത്തില്‍ മരങ്ങളില്‍ പെയ്തിറങ്ങുന്ന മഴ കണ്ട് ഉള്ളം കുളിര്‍ത്തു.  മഴയുടെ ശബ്ദം  കേട്ടുറങ്ങാന്‍ ജനാലകള്‍ പാതി തുറന്നിട്ടു. ആ  താളവും തണുപ്പും പുതപ്പിനുള്ളിൽ കിടന്ന് കൊതി തീരെ അനുഭവിച്ചു.

ചിലപ്പോഴൊക്കെ രാത്രിയുടെ നിശ്ശബ്ദതയിൽ ജനാലകൾ പാതി തുറന്ന്  മാവിലകൾക്കിടയിലൂടെ കാണുന്ന  ആകാശത്തുണ്ടുകൾക്ക്  ഞാൻ പേരും രൂപവും കൊടുത്തിരുന്നു. 

 മാനം തെളിഞ്ഞ രാത്രിയിലെ നക്ഷത്രസമൃദ്ധിയിലൂടെ  പറന്നു പറന്ന് മനസ്സ് കാവ്യലോകം പൂകിയപ്പോള്‍ തുറന്നിട്ട ജാലകവാതിലിലൂടെ കടന്നുവന്ന മുല്ലപ്പൂഗന്ധം  എന്നിലെ പ്രണയത്തെ തഴുകിയുണര്‍ത്തി .  പ്രണയത്തിന്റെ ഹൃദയാകാശം...

പിന്നീട് നഷ്ടപ്രണയത്തിന്റെ വേദനയില്‍ മുഖം അമര്‍ത്തി നിന്നത്  ജനാലയുടെ തോളിലായിരുന്നു.  കണ്ണുനീരൊഴുക്കാന്‍ അവരൊട്ടു സമ്മതിച്ചതുമില്ല.  എന്റെ കണ്ണില്‍ കിനിഞ്ഞ നനവിനെ ഒപ്പിയെടുക്കാന്‍ അവരെന്നും  കാറ്റിനെ ക്ഷണിച്ചു വരുത്തി.  

കാലം ചിലപ്പോഴൊക്കെ തന്ന അശാന്തിയില്‍ അത്യന്തം മടുപ്പോടെ പുറത്തെ ഇളവെയിലിലേക്ക്  നോക്കിയിരുന്നത് ജനാലയിലൂടെയായിരുന്നു .  അസ്വസ്ഥതയുടെ മുഖം താങ്ങിയ കൈകള്‍ വിശ്രമിച്ചതും ജനല്‍പ്പടിമേലായിരുന്നു .  

ജാലകപ്പഴുതിലൂടെ കാണുന്ന ഒരു തുണ്ട് വെളുപ്പ് ,  എനിയ്ക്ക്  ആകാശത്തിന്റെ കഷണം മാത്രമായിരുന്നില്ല.  അത് ചിന്തകളുടേയും കാഴ്ച്ചപ്പാടുകളുടെയും ആകാശമായിരുന്നു.  പ്രണയത്തിന്റേയും  പ്രണയകലഹത്തിന്റെയും ആകാശമായിരുന്നു.  അക്ഷരങ്ങളുടെ ആകാശമായിരുന്നു. 

ഇന്നെന്റെ  അടുക്കളയിലെ ജനാലക്കാഴ്ച്ചകളില്‍ ചെടികളും മരങ്ങളും തുമ്പികളും ശലഭങ്ങളും നിറയുമ്പോള്‍ ഞാന്‍ ഒരേസമയം അമ്മയും കുട്ടിയുമാകുന്നു .  നിരത്തിലെ വണ്ടികളുടെയും മനുഷ്യരുടേയും ചലനങ്ങള്‍  മനസ്സിനെ എപ്പോഴും കുടഞ്ഞുണര്‍ത്തുന്നു .  ഒരു ചെറുകാറ്റിലുള്ള  ഇലയനക്കം പോലും കവിതകളാകുന്നു..

എന്നാല്‍ ചിലപ്പോഴൊക്കെ മനസ്സ്  അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസ് പോലെയായിമാറുന്നു.  ശൂന്യത... നിതാന്തശൂന്യത..  അപ്പോഴും ജാലകപ്പഴുതിലൂടെ മനസ്സ്  പുറത്തേയ്ക്ക്   പറന്നു.  പറന്നകന്ന മനസ്സിന്‍റെ മുറിച്ചിറകില്‍ നിന്നും നോവുകള്‍ ഇറ്റുവീണു .  നിസ്സംഗതയോടെ ഞാനത് നോക്കിനിന്നു.  പിന്നെയാ നിസ്സംഗത  കാവ്യാത്മകമായൊരു  മൗനമായിമാറി.  മൗനം  അക്ഷരങ്ങളെ  ഗര്‍ഭം ധരിച്ചു...  അക്ഷരങ്ങളുടെ ആകാശം... 

അതെ... എന്റെ ജനാലകൾ.. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ പങ്കുചേർന്ന  എന്റെ ജനാലകൾ.. സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും വൈകാരികതയിലേക്ക് എന്നുമെന്നെ ക്ഷണിച്ച എന്റെ ജനാലകൾ.. 

എല്ലാം അവസാനിപ്പിച്ച്  ഞാൻ എന്റെ എഴുത്തുമുറിയൊഴിയുമ്പോള്‍ പുറത്തേയ്ക്ക് പറക്കാൻ ഒരു ജനാല ഞാൻ അടയ്ക്കാതെ ബാക്കി വച്ചിരിയ്ക്കും.  ഉറപ്പ്.




19 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

ചില ജാലകങ്ങൾക്കു ഒരു ആയിരം കഥകൾ പറയുവാൻ ഉണ്ടായിരിക്കും ശിവ ..എഴുത്തു നന്നായി

Sivananda പറഞ്ഞു...

അതെ സജി.. സന്തോഷം വായനയ്ക്ക്. :)

Sureshkumar Punjhayil പറഞ്ഞു...

Purathe lokathilekku ...!
.
Manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

സന്തോഷം സുരേഷ് :)

ഫ്രാന്‍സിസ് പറഞ്ഞു...

അടച്ചിട്ട മുറിയില്‍ ഒരു വശതോട്ടു മാത്രം തുറന്ന ജനലിലൂടെ ലോകത്തെ നോക്കിക്കാണ്ന്നവര്‍ ആണ് ഏറെയും .ഇതര വശങ്ങളുടെ മനോഹാരിതയെ അവര്‍ അറിയുന്നതേ ഇല്ല.ഓരോ ജനാലകളും ഓരോ ഓരോരോ വീക്ഷണങ്ങള്‍ ആണെന്നും അവയുടെ അനുഭവലോകത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യ മനസ്സുകള്‍ക്കെ സ്വാതന്ത്ര്യത്തിന്റെ ആനന്ദത്തെ,ഇഷ്ടത്തെ,വ്യവശ്ചെദിച്ചു അറിയാന്‍ കഴിയുകയുള്ളൂ എന്നും അവര്‍ മനസ്സിലാക്കുന്നതെയില്ല.ആഗ്രഹിക്കുന്നവര്‍ക്കെങ്കിലും മനസ്സിന്റെ കുറെയേറെ വാതായനങ്ങളെ തുറക്കാന്‍ ഈ ജനല്‍ കാഴ്ചകള്‍ ഉപകരിക്കും.
നന്നായി ഈ രചന.....

മഹേഷ് മേനോൻ പറഞ്ഞു...

പുറത്തെ ലോകത്തെ അകത്തുനിന്നു നോക്കിയപ്പോൾ കണ്ടത് :-)

Angry Bird പറഞ്ഞു...

ഒരുപാടു ജനലുകളും ഒരുപാടനുഭവങ്ങളും.... മനോഹരം ശിവേച്ചീ

Angry Bird പറഞ്ഞു...

ഒരുപാടു ജനലുകളും ഒരുപാടനുഭവങ്ങളും.... മനോഹരം ശിവേച്ചീ

Sivananda പറഞ്ഞു...

സന്തോഷം ഫ്രാന്‍സിസ്..

"പരിമിതമായ ലോകത്തിരുന്ന് അപരിമിതമായ കാഴ്ചകള്‍ കാണുന്നു ശിവ"

ഇതാരാണ് പറഞ്ഞത് എന്നറിയോ ? :)

Sivananda പറഞ്ഞു...

അതെ മഹി .. പരിമിതമായ ലോകത്തിരുന്നു കണ്ട അപരിമിതമായ കാഴ്ചകള്‍..

Sivananda പറഞ്ഞു...

സന്തോഷം ചിന്നുക്കുട്ടീ..

nandu പറഞ്ഞു...

ഇതു കൊണ്ടാഞ് ബാത്ത്റൂമിലെ ജനൽ ഉയരത്തിൽ വെക്കുന്നെ😜😀

Sivananda പറഞ്ഞു...

ഹ്ഹ്ഹ അത് നന്നായി നന്ദു..

NEERAJ.R.WARRIER പറഞ്ഞു...

എന്നാല്‍ ചിലപ്പോഴൊക്കെ മനസ്സ് അക്ഷരങ്ങളില്ലാത്ത വെള്ളക്കടലാസ് പോലെയായിമാറുന്നു. ശൂന്യത... നിതാന്തശൂന്യത.. അതെ... എന്റെ ജനാലകൾ.. എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒരുപോലെ പങ്കുചേർന്ന എന്റെ ജനാലകൾ.. സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും വൈകാരികതയിലേക്ക് എന്നുമെന്നെ ക്ഷണിച്ച എന്റെ ജനാലകൾ..

അജ്ഞാതൻ പറഞ്ഞു...

ജാലകത്തിലൂടെ ഉള്ള കാഴ്ചകൾ എന്നും സുന്ദരമാണ്. നല്ല ഓർമ്മകൾ

Sivananda പറഞ്ഞു...

നീരജ്.. സന്തോഷം..

Sivananda പറഞ്ഞു...

സന്തോഷം ചങ്ങാതി :)

Krishnankumar36@gmail.com പറഞ്ഞു...

ഓടിട്ട മുറിയിലെ പാതി മുറിഞ്ഞ ജനാലകൾ തറവാടുകളുടെ മാനം കാക്കാൻ ഒരുപാട് ഒരുപാട് പെടാ പാട് പെട്ടിരിക്കും... മാളിക പുറത്തെ ജനാല പടികളിൽ പിടഞ്ഞ് വീണ കണ്ണീരുകൾ, മലയുടെ ചൂളം വിളിയിൽ കിതച്ചു പോയ ക്ലാസ് മുറിയുടെ ജനാലകൾ പ്രണയ പരവശത്താൽ അടയാത്തതും നാടൊട്ടുക്കും ഉള്ള ചരിത്രം ആണ്.... ഇതിൽ ചരിത്രം ഉറങ്ങുന്ന തറവാട് തണ്ടികയുടെ കിഴക്കോട്ടു ഉള്ള ജനലുകൾ ആയിരുന്നു എന്റെ പ്രണയ കാവടിയുടെ കുസൃതി കവാടം.......

Sivananda പറഞ്ഞു...

ആഹാ ! കൊള്ളാല്ലോ ! നന്ദി.. സന്തോഷം :)))

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .