2018, ജൂൺ 24, ഞായറാഴ്‌ച

നിറഞ്ഞ സ്നേഹത്തിന്റെ നേര്യതിന്‍തുമ്പ്.

ഒരിക്കല്‍ ഒരു സുഹൃത്ത് ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന    രീതിയില്‍ എന്നോട് സംസാരിച്ചപ്പോള്‍ , വളരെ നിശിതമായ ഭാഷയില്‍ ഞാനതിന് മറുപടി കൊടുക്കുകയും ഒരു വര്‍ഷത്തോളം ആ സൗഹൃദത്തില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. പിറ്റേ വര്‍ഷം ജനുവരി ഒന്നിന് ഞാന്‍ ആ സുഹൃത്തിനെ വിളിച്ച് പുതുവര്‍ഷം ആശംസിച്ചു. അങ്ങനെ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഞങ്ങള്‍ അല്‍പനേരം   സംസാരിച്ചു.  പിന്നീട് മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ഞങ്ങള്‍ കുറെ സുഹൃത്തുക്കള്‍ ഒത്തുകൂടെണ്ട ഒരവസരം വന്നു. അന്ന് ഇതേ സുഹൃത്ത് അല്പം അകലം പാലിച്ച് മാറി  നില്‍ക്കുന്നത് കണ്ട് ഞാന്‍ കൈ കാണിച്ചു വിളിച്ചു. ആ വിളി കാത്ത് നിന്നതുപോലെ ചങ്ങാതി അടുത്തേയ്ക്ക് വന്നു.  പിന്നീടൊരു സന്ദര്‍ഭത്തില്‍ ഈ സുഹൃത്ത് എന്നോട് പറഞ്ഞു ,  'അന്ന് എന്റെ മനസ്സില്‍ അല്പം അകല്‍ച്ച ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു.   ശിവ എന്നെ കൈ കാണിച്ച് വിളിച്ചില്ലേ ? അവിടെ തീര്‍ന്നു ആ അകലം. '   എന്ന് !   

സ്നേഹത്തിന്റെ കടലിളകിയ നിമിഷങ്ങള്‍..

ഒരിയ്ക്കല്‍ ഒരു  സുഹൃത്ത് അത്യന്തം  പ്രതിസന്ധികളില്‍ പെട്ട് ഉഴലുന്ന ഒരു സാഹചര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇത്രമാത്രം പറഞ്ഞു...  ' ധൈര്യമായിരിയ്ക്കണം.. എല്ലാവരും കൂടെയുണ്ട്. '

തിരക്കിലായിരുന്ന അദ്ദേഹത്തെ കൂടുതല്‍ ബുദ്ധിമുട്ടിയ്ക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ഫോണ്‍ കട്ട് ചെയ്തു.  അടുത്ത നിമിഷം തിരികെ കോള്‍ വന്നു. അദ്ദേഹം ഇത്രമാത്രം പറഞ്ഞു...  'ഇപ്പൊ ഈ കോള്‍ എനിയ്ക്ക് അത്യാവശ്യമായിരുന്നു ശിവ..'

സ്നേഹത്തിന്റെ കടലിരമ്പം...

ഒരിയ്ക്കല്‍ ഒരു സുഹൃത്തിന്റെ മകള്‍ സുഖമില്ലാതെ കിടന്നപ്പോള്‍ അവളെ കാണുവാന്‍ പോയി ഞാന്‍. സുഹൃത്തിന്റെ ഭാര്യയുമായിട്ടാണ് എനിയ്ക്ക് കൂടുതല്‍ കൂട്ട്. അതെപ്പോഴും അങ്ങനെയാണ്. പുരുഷസുഹൃത്തുക്കളുടെ ഭാര്യമാരോട്  നല്ലൊരു ബന്ധം സൂക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ ആ സുഹൃത്തുമായി സൗഹൃദം തുടരുകയുള്ളൂ.  എന്റെ എല്ലാ പുരുഷസുഹൃത്തുക്കളുടെയും ഭാര്യമാരുമായി വളരെ അടുപ്പമാണ് എനിയ്ക്ക്. ഒരുപക്ഷെ ചങ്ങാതിയെക്കാള്‍ കൂട്ടാകും അവരുടെ ഭാര്യമാരുമായി.  അല്‍പനേരം അവിടെ ചിലവഴിച്ചു.  ഭക്ഷണം കഴിച്ചു.  ഭക്ഷണം കഴിഞ്ഞു കൈ കഴുകി , അവിടെയിട്ടിരുന്ന ടൌവ്വലില്‍ തുടയ്ക്കാതെ  സുഹൃത്തിന്റെ ഭാര്യയുടെ ഷോളിന്റെ തുമ്പില്‍ കൈ തുടച്ചു. 

എന്റെ സ്വഭാവം അറിയാവുന്ന സുഹൃത്ത് ചിരിച്ചു മറിഞ്ഞു ചോദിച്ചു ,  ശിവ എന്താ ടൌവല്‍ യൂസ് ചെയ്യാതിരുന്നത് '   എന്ന്.   ഞാന്‍ പറഞ്ഞു   ' അതറിയില്ലേ ? സാരിയുടെയും ഷാളിന്റെയുമൊക്കെ തുമ്പില്‍ സ്നേഹം സൂക്ഷിച്ചിട്ടുണ്ട് , അത് ടൌവലില്‍ ഉണ്ടാവില്ല '   എന്ന്.   സുഹൃത്തിന് പിന്നെയും ചിരിയടക്കാനായില്ല.  അദ്ദേഹം പറഞ്ഞു,   'അതിനു അതവള്‍ക്ക് മനസ്സിലായാലല്ലേ ഉള്ളൂ ? അവളിപ്പോ കരുതിക്കാണും  ,  ശിവ ഏത് പട്ടിക്കാട്ടില്‍ നിന്നാണോ വരുന്നേ , ടൌവല്‍ ഇട്ടിട്ടു അതില്‍ തുടയ്ക്കാതെ എന്റെ ഷാള്‍ മുഴുവന്‍ തുടച്ചു വൃത്തികേടാക്കി  എന്ന്'  .

സുഹൃത്തിന്റെ ഭാര്യ എന്നെ ചേര്‍ത്തു പിടിച്ചു ഭര്‍ത്താവിനെ ശകാരിച്ചു.  'പിന്നെ.. ചുമ്മാ ഓരോന്ന് ഓരോന്ന് പറഞ്ഞോളും. ഞാന്‍ എന്റെ വീട്ടില്‍ ചെന്നാല്‍ എന്റെ അമ്മേടെ സാരീടെ തുമ്പിലല്ലാതെ മുഖം തുടയ്ക്കുകയെ ഇല്ല '   എന്ന്..

സ്നേഹത്തിന്‍റെ തിരയിളക്കങ്ങള്‍...

അതങ്ങനെയാണ് .  സ്നേഹം അറിയാനും പറയാനും ഒരുപാട് കാലമൊന്നും വേണ്ട.  ഒരുപാട് കാലം ശ്രമിച്ചാലും അത് സാധിയ്ക്കണമെന്നുമില്ല.  ഒരു വാക്കില്‍ ...  ഒരു നോക്കില്‍ പറയാതെ പറയാം സ്നേഹം..  അത് തിരിച്ചറിയാനുള്ള മനസ്സുണ്ടാകണം എന്നുമാത്രം. അതാണ്‌ ഞാനെഴുതിവച്ചത് ഇങ്ങനെ..

നിനക്ക് കൈ  കഴുകിത്തുടയ്ക്കാനൊരു 
നിറഞ്ഞ സ്നേഹത്തിന്‍റെ നേര്യതിന്‍ 
തുമ്പ് മാത്രം കരുതി ഞാന്‍...

സ്നേഹം പറയാന്‍ ഇതിനപ്പുറം എനിയ്ക്കൊരു ഭാഷയില്ല. കരുതിവയ്ക്കാന്‍ ഇതിനപ്പുറം ഒരു സമ്മാനവുമില്ല..

23 അഭിപ്രായ(ങ്ങള്‍):

സജീവ്‌ പറഞ്ഞു...

Great siva

ഫ്രാന്‍സിസ് പറഞ്ഞു...

സ്നേഹത്തെ കുറിച്ച് ഇതിലും നന്നായി പറയുവാന്‍ ആര്കെങ്കിലും ഒക്കെ കഴിയുമായിരിക്കാം.എനിക്കാകില്ല.എനിക്ക് വല്ലാണ്ടിഷ്ടമായി ശിവ ഈ ഭാഷയും നിരീക്ഷണവും അതിലേറെ ആ ചേതോവികാരവും.വാക്കിലും പ്രവര്‍ത്തിയിലും കൂടി പ്രകടിതമാകുന്ന സ്നേഹത്തിനെ പൂര്നതയുള്ളൂ.ഇഷ്ടമാനെന്നെത്ര പറഞ്ഞിട്ടും ഒരു തലോടലില്ലാതിരിക്കുമ്പോഴും എത്ര തലോടിയിട്ടും ഇഷ്ടമാനെന്നൊരു വാക്കില്ലാതിരിക്കുമ്പോഴും ഒരപൂര്‍ണ്ണത അനുഭവപെടും.(ഇതുരണ്ടും ഉള്ള അഭിനയവും ഉണ്ട് കേട്ടോ.പക്ഷെ അപ്പൊ അതിനു അനുഭവിക്കാന്‍ മാത്രം കഴിയുന്ന 'ജീവന്‍' ഇല്ലായിരിക്കും)
മനോഹരം ഈ വാക്കുകള്‍...

nandu പറഞ്ഞു...

നല്ല ലളിതമായ ഭാഷ.so touching 👍👍

Sivananda പറഞ്ഞു...

സന്തോഷം സജി .. സന്തോഷം.. :)

Sivananda പറഞ്ഞു...

വളരെ സന്തോഷം നന്ദു.. :)

Sivananda പറഞ്ഞു...

ശരിയാണ് ഫ്രാന്‍സിസ്.. ആര്‍ക്കെങ്കിലും കഴിയുമായിരിയ്ക്കും. പക്ഷെ എനിയ്ക്ക് കഴിയില്ല. ഫ്രാന്‍സിസിന്റെ നിരീക്ഷണം വളരെ മനോഹരം.. സന്തോഷം ചങ്ങാതി..

ശ്രീക്കുട്ടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sivananda പറഞ്ഞു...

ശ്രീ വളരെ സന്തോഷം. ആദ്യം പറഞ്ഞത് നേരത്തെതന്നെ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അതപ്പോള്‍ത്തന്നെ ഞാന്‍ തിരുത്തുകയും ചെയ്തിരുന്നു. ബാക്കി പറഞ്ഞ കാര്യങ്ങളെല്ലാം ഞാന്‍ എഡിറ്റ്‌ ചെയ്യാം . കൂടുതല്‍ ശ്രദ്ധിയ്ക്കുകയും ചെയ്യാം . :)

Sivananda പറഞ്ഞു...

തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാനിയ്ക്കുന്നത് ഉപകാരപ്പെടും ശ്രീ.. സന്തോഷമുണ്ട്. :)

ശ്രീക്കുട്ടന്‍ പറഞ്ഞു...

അതിമനോഹരമായ എഴുത്ത് നന്ദാ. ചില സൌഹൃദങ്ങള്‍ ഒരുനിമിഷം മിണ്ടാതിരുന്നാല്‍ മനസ്സു പിടയും. ചിലര്‍ വര്‍ഷങ്ങളോളം മിണ്ടാതിരുന്നാലും പ്രത്യേകിച്ചു വികാരമൊന്നും തോന്നുകയില്ല. സൌഹൃദങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പങ്ങളുടേ ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുണ്ടാകുന്നതാണത്. ഞാന്‍ ഏതെങ്കിലും കാരണവശാല്‍ ആരോടെങ്കിലും മുഷിയാനിടയായാല്‍, പിണങ്ങാനിടയായാല്‍ പിന്നീട് അവരൊട് യാതൊരുവിധബന്ധവും വച്ചുപുലര്‍ത്താന്‍ നില്‍ക്കില്ല. കൂട്ടു പഴയരീതിയിലാക്കാനുള്ള യാതൊരു ശ്രമവും നടത്തുകയില്ല. അവരെ കഴിവതും അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യും. ഏനിക്ക് മനസ്സില്‍ ഏറ്റവും വലിയ മുറിപ്പാടുകള്‍ സമ്മാനിച്ചത് എന്റെ ഏറ്റവുമടുത്ത ചില സൌഹൃദങ്ങളില്‍നിന്നായിരുന്നു. അതുകൊണ്ടാവാം ഏതൊരാളിനോടും പരിധിയില്‍ക്കവിഞ്ഞ അടുപ്പം പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കാത്തത്.

ശ്രീക്കുട്ടന്‍ പറഞ്ഞു...

ശിവാ ഒരു അബദ്ധം പിണഞ്ഞു. ഞാന്‍ സത്യത്തില്‍ പ്ലസ്സിലെ പോസ്റ്റ് വായിച്ചാണ് കമന്റ് ഇട്ടത്. അതുവഴിതന്നെ ബ്ലോഗിലും വന്നിട്ടതാ. ഒരു സംശയം കൊണ്ട് നോക്കിയപ്പോള്‍ ശരിയായി ആണു എഴുതിയേക്കുന്നതുകണ്ടേ. അപ്പോള്‍ അബദ്ധം പറ്റിയല്ലോ എന്നുവിചാരിച്ചു കമന്റ് എഡിറ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍ പറ്റുന്നില്ല. അങ്ങനെ അതു ഡിലിറ്റ് ചെയ്തു. പേജ് റിഫ്രഷ് ആയപ്പോള്‍ ദേ നന്ദയുടെ ബാക്കികമന്റുകള്‍. ശൊ.. വല്ലാത്തൊരു അക്കിടി ആയിപ്പോയി...

Angry Bird പറഞ്ഞു...

ശിവേച്ചീ , ഞാന്‍ പണ്ടു വായിച്ചിട്ടുള്ളൊരു കവിതയിലെ ഇപ്പോഴും മറക്കാതെ കൊണ്ടുനടക്കുന്ന എനിക്കേറെ പ്രിയപ്പെട്ട രണ്ടു വരികള്‍
'' ചാറു പുരണ്ട വിരല്‍ തുടയ്ക്കാനൊരു
പാവാട കൂട്ടിനുണ്ടായിരുന്നു ''
ഇപ്പോള്‍ ശിവേച്ചി പറഞ്ഞതും അതുതന്നെ. എത്രയോ മനോഹരമായ ഒന്നാണത്..... സാരിതുമ്പിലും പാവാടതുമ്പിലും ഒരുപാടു സ്നേഹം കൂട്ടിവച്ച നന്മമനസുകള്‍......

Angry Bird പറഞ്ഞു...

ശിവേച്ചീ , ഞാന്‍ പണ്ടു വായിച്ചിട്ടുള്ളൊരു കവിതയിലെ ഇപ്പോഴും മറക്കാതെ കൊണ്ടുനടക്കുന്ന എനിക്കേറെ പ്രിയപ്പെട്ട രണ്ടു വരികള്‍
'' ചാറു പുരണ്ട വിരല്‍ തുടയ്ക്കാനൊരു
പാവാട കൂട്ടിനുണ്ടായിരുന്നു ''
ഇപ്പോള്‍ ശിവേച്ചി പറഞ്ഞതും അതുതന്നെ. എത്രയോ മനോഹരമായ ഒന്നാണത്..... സാരിതുമ്പിലും പാവാടതുമ്പിലും ഒരുപാടു സ്നേഹം കൂട്ടിവച്ച നന്മമനസുകള്‍......

Sivananda പറഞ്ഞു...

ഹ്ഹ്ഹ്ഹ .. അത് സാരല്യ ശ്രീ. എനിയ്ക്ക് മനസ്സിലായിരുന്നു ഞാനത് എഡിറ്റ് ചെയ്യുന്നതിന് മുന്‍പ് എഴുതിയ കമന്റ് ആണെന്ന്. ഇവിടെ പോസ്റ്റ്‌ ചെയ്ത ഉടനെ ഒന്നുകൂടി വായിച്ചു നോക്കിയപ്പോ മനസ്സിലായിരുന്നു ആ തെറ്റ്. തിരുത്തുകയും ചെയ്തു. പിന്നെ പോയി പ്ലസ്സിലും അത് തിരുത്തി. അതിനും ശേഷമാണ് ശ്രീയുടെ കമന്റ് കണ്ടത്. അപ്പൊ ബാക്കിയും തിരുത്തി. :):)

തിരുത്തലുകളിലൂടെ സ്വയം പാകപ്പെടുന്നു എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു.

ശ്രീ പറഞ്ഞതുപോലെ , ബന്ധങ്ങളുടെ കാര്യത്തില്‍ , ഞാനും വെട്ടിയാല്‍ വെട്ടിയതാ. പിന്നെയൊരു തിരുത്തലില്ല. പക്ഷെ അതിനു മുന്‍പേ ഞാന്‍ ഒരുപാട് ക്ഷമിയ്ക്കുമെന്നു മാത്രം. അത് ഒബ്സേര്‍വ് ചെയ്യാന്‍ വേണ്ടിയാണ്. വെട്ടിമാറ്റലില്‍ തെറ്റ് വരാന്‍ പാടില്ലല്ലോ.. ആ ഒബ്സര്‍വേഷന്‍ കാലയളവില്‍ യോജിച്ചാല്‍ യോജിച്ചു. ഇല്ലെങ്കില്‍ ഇല്ല. :)

Sivananda പറഞ്ഞു...

അതെ ചിന്നുക്കുട്ടീ.. ഒരു കാര്യം ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നും എപ്പോഴും. എന്താന്നോ ? എന്റെ മോള് മുഖം തുടയ്ക്കുന്നത് സാരിത്തുമ്പിലോ ടൌവ്വലിലോ ഒന്നുമല്ല. എന്റെ ഷോള്‍ഡറില്‍ . :):):)

R N Kurup (Unni) പറഞ്ഞു...

നല്ല സ്നേഹം തിരിച്ചറിയാനും അതു നിലനിർത്താനും ഇന്ന് ലോകത്തു ഏറ്റവും പ്രയാസം ഉള്ള കാര്യം . സ്നേഹം കരുണ കരുതൽ ഇവ ഇന്ന് അപ്രത്യക്ഷം ആയികൊണ്ടിരിക്കുന്ന മനുഷ്യ സ്വഭാവങ്ങൾ ആയി മാറി . വിനാശകരമായ ആയുധത്തേക്കാൾ ശത്രുവിനെ പോലും കീഴടക്കാൻ പറ്റുന്ന ആയുധം ആണ് ആത്മാർഥമായ സ്നേഹം . എന്നാൽ ഇന്ന് ഭൂരി ഭാഗവും പ്രഹസനങ്ങൾ മാത്രം ആകുന്നു . നല്ല സ്നേഹങ്ങൾ കാത്തു സൂക്ഷിച്ചു മുന്നോട്ടു പോകാൻ നമുക്ക് കഴിഞ്ഞാൽ ജീവിതത്തിലെ സുന്ദരമായ കാര്യം അതാണ് . നല്ല രചന ... ഭാവുകങ്ങൾ ശിവാനന്ദ

Sivananda പറഞ്ഞു...

അതെ ഉണ്ണി.. ശരിയാണ്.. സന്തോഷം.. :)

അജ്ഞാതൻ പറഞ്ഞു...

കൈ സാരി തുമ്പിൽ തുടച്ചാൽ സ്നേഹം ആവുമോ ? അത് പുതിയ കണ്ടു പിടിത്തം ആണല്ലോ . വേറെ കൈ തുടക്കാൻ ഒന്നും കാണാതെ വരുമ്പോൾ ആവും .. സ്വന്തം സാരി അഴുക്കാവാതിരിക്കാൻ അല്ലെ നിങ്ങൾ സുഹൃത്തിന്റ ഭാര്യയുടെ സാരിയിൽ തുടച്ചത് . അതും അവരുടെ നല്ല സാരി കണ്ടു അവരോടു തോന്നിയ അസ്സൂയ കാരണം .. എന്നിട്ടു അതിനു സ്നേഹം എന്ന ഒരു ബോർഡും .. ബുദ്ധി കൊള്ളാം

Sivananda പറഞ്ഞു...

ഹ്ഹ്ഹ്ഹ അങ്ങനെയാണോ ? ഇഷ്ടം പോലെ വിശകലനം ചെയ്യാം ചങ്ങാതി.. അതൊരു വായനക്കാരന്റെ അവകാശമാണ്. :)

അജ്ഞാതൻ പറഞ്ഞു...

സ്വന്തം അസ്സൂയയെ മറ്റുള്ളവരുടെ അവകാശം ആയി വ്യാഖ്യാനിക്കുന്ന ബുദ്ധി അപാരം തന്നെ ഹാ ഹാ

Sivananda പറഞ്ഞു...

ഹ്ഹ അങ്ങനെയെങ്കില്‍ അങ്ങനെ..

Sureshkumar Punjhayil പറഞ്ഞു...

Bandhangal ...!
.
Manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

സന്തോഷം സുരേഷ്.. :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .