2018, മേയ് 26, ശനിയാഴ്‌ച

നേപാമ് ഗേള്‍ ചിരിയ്ക്കുന്നു ..

" അന്ന് നിങ്ങളുടെ ദേഹത്ത് ഞാന്‍ വെള്ളമൊഴിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിയ്ക്കുമായിരുന്നു ?" 

"ഞാന്‍ കത്തിത്തീരുമായിരുന്നു ..  താങ്കളോ ?  അന്നെന്റെ ദേഹത്ത് വെള്ളമൊഴിച്ചില്ലായിരുന്നെങ്കില്‍ താങ്കള്‍ എന്തുചെയ്യുമായിയൂന്നു ?"

"തീര്‍ച്ചയായും കുറ്റബോധം സഹിയ്ക്കാനാവാതെ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു .."

ഇങ്ങനെ അവര്‍ പരസ്പരം ചോദിച്ചിട്ടുണ്ടാവുമോ?  കിം ഫുക്കും  നിക്ക് ഊട്ട് ഉം ?  അറിയില്ല. പക്ഷെ അവര്‍ ആ ചോദ്യോത്തരങ്ങള്‍ സമൂഹത്തിന് മുന്നില്‍ വയ്ക്കുന്നുണ്ട്  .

കിം ഫുക്ക് ചിരിയ്ക്കുകയാണ്  ! മഴവില്ലണിഞ്ഞത് പോലുള്ള ചിരി !!   ഇന്ന് അവരെ  കാണുമ്പോള്‍ എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട്.  പക്ഷേ ലോകമനസ്സാക്ഷിയുടെ മേല്‍ ഒരു വലിയ പൊള്ളലായി അവശേഷിച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ  ആര്‍ത്തലച്ച നിലവിളി മറക്കാന്‍ .... 

ഇല്ല. ഞാനത് കേട്ടില്ല. എന്നാലും ആ ചിത്രം..  കത്തിപ്പുകയുന്ന  ശരീരവുമായി നഗ്നയായി ആര്‍ത്തലച്ച നിലവിളിയുമായി ഓടിവരുന്ന ആ കൊച്ചു പെണ്‍കുട്ടി ഇന്ന് കാണുന്ന ആ  സുന്ദരിയിലെയ്ക്ക് എത്തിയത് ദൈവത്തിന്റെ കൈ പിടിച്ചായിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ , ആ ദൈവത്തിന്   നിക്ക് ഊട്ട്   എന്ന് പെരിട്ടല്ലേ തീരു നമുക്ക് ? 

കിം ഫുക്ക് .. നിക്ക് ഊട്ട്‌..  

 മറക്കാന്‍ പറ്റില്ലല്ലോ.  'നോങ്ങ്ക്വാ നോങ്ങ്ക്വാ '  (പൊള്ളുന്നു പൊള്ളുന്നു )   എന്ന് അലറിക്കരഞ്ഞുകൊണ്ട് നഗ്നയായി ഓടിവരുന്ന ആ കൊച്ചു പെണ്‍കുട്ടിയുടെ ചിത്രം .. മറക്കാന്‍ പറ്റില്ലല്ലോ.. ഇപ്പൊ  46 വയസ്സ് തികയുന്ന ആ ചിത്രം വിയറ്റ്നാം യുദ്ധകാലത്തെ കൊടും ദുരിതങ്ങളെ ഒരു പൊള്ളലായി നമ്മളെ വേദനിപ്പിയ്ക്കുന്നുണ്ട് ഇപ്പോഴും .  

ഓര്‍മ്മയില്ലേ ?   പത്രത്താളുകളിലൂടെ നമ്മുടെ ആത്മാവില്‍ ചോര തെറിപ്പിച്ച ആ ചിത്രം ഓര്‍മ്മയില്ലേ ? 

എന്തിനായിരുന്നു അത് ?  ആ അമേരിക്ക - വിയറ്റ്‌ നാം യുദ്ധം ?   കമ്മ്യൂണിസത്തെ തുരത്താനോ ? എന്നിട്ട്  അമേരിക്ക എന്തെങ്കിലും നേടിയോ? കുറെ അപമാനമല്ലാതെ ? ആ ചിത്രം .. ഒരേയൊരു ചിത്രം .. അമേരിക്കയുടെ പ്രതിച്ഛായ തന്നെ കളഞ്ഞുകുളിച്ചില്ലേ ? 

1954 ഇൽ  ഫ്രഞ്ച് അധീനതയിലായിരുന്ന  ഫ്രഞ്ച് ഇന്തോ ചൈന എന്ന  വിയറ്റ്നാം,  കമ്യൂണിസ്റ്റ് നേതാവായ ഹോ ചിമിൻ ന്റെ അധീനതയിലായെന്നും ,  വടക്കൻ വിയറ്റ് നാമിൽ ഹോ യും കിഴക്ക് എമ്പറർ  ബയോയും അധികാരം തുടങ്ങിയെന്നും , എമ്പറർ ബയോയെ മാറ്റി കമ്യൂണിസ്റ്റ് വിരോധിയായ ദിൻ ദിയെം സ്ഥാനമേറ്റെന്നും അമേരിക്ക അത് സപ്പോർട്ട് ചെയ്‌തെന്നും ഒക്കെ വായിച്ചറിവ്.

കമ്യൂണിസത്തെ തുരത്താനുള്ള അമേരിക്കയുടെ പ്രവർത്തനം തുടർക്കഥയായി .  1962 ഓടുകൂടി അമേരിക്കൻ സൈന്യം വിയറ്റ്‌നാം മണ്ണിലെത്തിയെന്നും   വര്ഷങ്ങളോളം നീണ്ടുനിന്ന രക്തച്ചൊരിച്ചിലിന്റെ അവസാനം അമേരിക്കയ്ക്ക് കുറെ ഏറെ അപമാനം സമ്മാനമായി കിട്ടിയെന്നുമൊക്കെ അറിയുമ്പോള്‍ .. എന്തിനായിരുന്നു ഇതൊക്കെ എന്ന് വെറുതെ ആലോചിച്ചു..

പത്ത് വര്‍ഷത്തോളം വിയറ്റ്നാം യുദ്ധത്തില്‍ ഫോട്ടോഗ്രാഫര്‍ ആയി പ്രവര്‍ത്തിച്ച നിക്ക് ഊട്ട് എടുത്ത ആ ചിത്രം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു .  ഊണിലും ഉറക്കത്തിലും ആ നിലവിളി അമേരിക്കയെ ഭയപ്പെടുത്തി . അന്നത്തെ പ്രസിഡന്റ്റ് നിക്സന്‍ പറഞ്ഞത്രേ ആ ചിത്രം കള്ളം പറയുന്നു എന്ന്.  ആ കുട്ടിയുടെ ദേഹത്ത്  കുക്കിംഗ് ഓയില്‍ വീണ് പൊള്ളല്‍ പറ്റിയതാണ് എന്നും നിക്ക് ഊട്ട് ഒരു നുണയന്‍ ആണെന്നും അദ്ദേഹം പറഞ്ഞത്രേ.  ആഹാ !!  നമിയ്ക്കണം !!!   അത് പറയുമ്പോള്‍ നിക്ക് ഊട്ട് പറഞ്ഞൊരു കാര്യമുണ്ട്... ഇതാണത്..  

" യുദ്ധത്തിന്റെ കഷ്ടതകള്‍ അത് അനുഭവിയ്ക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിയ്ക്കൂ.  രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് എന്തുവേണമെങ്കിലും പ്രസ്താവിയ്ക്കാം.."

ഈ വാക്കുകള്‍ ഇന്നുമായും നമുക്ക് ചേര്‍ത്ത് വായിയ്ക്കാമെന്ന് തോന്നുന്നു.

ആര്‍ത്ത് നിലവിളിച്ചുകൊണ്ട് മരണത്തില്‍ നിന്നും പിടഞ്ഞോടിവരുന്ന ആ കുഞ്ഞിന്റെ നഗ്നശരീരം മാത്രമാണ് ചില സദാചാരസമൂഹം കണ്ടത്.  നഗ്നത ആരോപിച്ച് നോര്‍വേ യില്‍ ചിത്രം ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു അധികൃതര്‍ !  കൊടുംയുദ്ധത്തിന്റെ ആ കത്തിപ്പുകയുന്ന ഇരയെ അവര്‍ മറന്നു.  ഹാ !! നമിച്ചുനമിച്ച് നമുക്ക് തോല്‍ക്കാം !!!

സംഭവം  വിവാദമായതുകൊണ്ടാവാം  അവര്‍ എഫ് ബി യില്‍ ചിത്രം തിരികെയിട്ടു.    'നേപാമ് ഗേള്‍'  എന്ന് പേരിട്ട ആ ചിത്രം എടുത്ത സാഹചര്യവും അതെടുത്ത ഹുയിന്‍ കോങ്ങ് ഊട്ട് എന്ന നിക്ക് ഊട്ട് ഉം എന്‍റെ വായനയെ ദിവസങ്ങളോളം കണ്ണീരില്‍ ആഴ്ത്തി .  

1972 ജൂണ്‍ എട്ടാം തീയതി ആയിരുന്നു അത്.   ട്രാന്‍ ബാങ്ങ് എന്ന വിയറ്റ് കോങ്ങ് ഗ്രാമത്തില്‍ നടന്ന എയര്‍ സ്ട്രൈക്ക് .  ഒരു അമേരിക്കന്‍ സ്കൈ റെന്ജര്‍ , നേപാമ് ബോംബ്‌ ഇട്ടു.  ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങള്‍ക്കിടയിലൂടെയാണ്   നഗ്നയായ ആ കൊച്ചു കുഞ്ഞ്  മരണത്തില്‍ നിന്നും കുതറിയോടി കത്തി പുകയുന്ന ശരീരവുമായി ആര്‍ത്ത് കരഞ്ഞ് നിക്ക്  ഊട്ടിന്റെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് വന്നണഞ്ഞത് ... 

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നമുക്കും നെഞ്ച് പൊട്ടി കരയാം...

" ബോംബ്‌ പൊട്ടി. ആദ്യം കറുത്ത പുക. പിന്നെ വെളുത്ത പുക.ഭയന്നോടുന്ന മനുഷ്യര്‍.  വാവിട്ടു കരഞ്ഞുകൊണ്ടോടുന്ന  കുഞ്ഞുങ്ങള്‍ .. ആ പുകയ്ക്കിടയിലൂടെ ഒരു ഏഴു വയസ്സുകാരന്‍ ഓടിവന്ന് എന്റെ ക്യാമറയ്ക്ക് മുന്നില്‍ മരിയ്ക്കുന്നു.. പിന്നെ കണ്ടത് , നഗ്നയായി ഓടുന്ന ഒരു പെണ്‍കുഞ്ഞ്..അവളുടെ ചര്‍മ്മത്തില്‍ നിന്നും പുകനാളങ്ങള്‍ ഉയരുന്നു..  എന്റെ ക്യാമറ കണ്ണ് ചിമ്മി.. അപ്പോഴാണ്‌ ഞാനവളുടെ പുറം കണ്ടത്.  പുകഞ്ഞ് വേവുന്ന    മാംസം.. വേദന കൊണ്ട് അവള്‍ അലറി. എന്റെ കൈയ്യിലുണ്ടായിരുന്ന വെള്ളം ഞാനവളുടെ ദേഹത്ത് ഒഴിച്ചു. അവള്‍ക്ക് കുടിയ്ക്കാന്‍ വെള്ളം കൊടുത്തു എനിയ്ക്കെങ്ങനെ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച് പോരാന്‍ കഴിയും ? അതുകൊണ്ട് ഞാനവളെ സഹായിച്ചു. ആശുപത്രിയില്‍ എത്തിച്ചു. ... " 

അങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍ ..  ആ പെണ്‍കുട്ടിയാണ്  'നേപാമ് ഗേള്‍ '   എന്നറിയപ്പെട്ട ആ ചിത്രത്തിലെ പെണ്‍കുട്ടി .  വിയറ്റ്‌നാം യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ ചിത്രം !   ചിത്രം  വാര്‍ത്തയായപ്പോള്‍ , അത് സമൂഹം ഏറ്റെടുത്തപ്പോള്‍  അവള്‍ ജീവിയ്ക്കേണ്ടത്  അത്യാവശ്യമായി മാറി.  അവള്‍ ജീവിച്ചു..അല്ല, അവളെ ജീവിപ്പിച്ചു.. ആ പെണ്‍കുട്ടി ഇന്ന് വളര്‍ന്ന് അതീവസുന്ദരിയായി   വിവാഹിതയായി രണ്ടു കുട്ടികളുമായി ക്യാനഡയില്‍ ജീവിയ്ക്കുന്നു.  ഒത്തിരി സന്തോഷം തോന്നി  അവരുടെ  ഇപ്പോഴത്തെ മനോഹരചിത്രം കണ്ടപ്പോള്‍.. 

മരണത്തില്‍ നിന്നും അവളെ കൈ പിടിച്ചു ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന  ദൈവത്തിന്റെ കൈകള്‍ .. അത് നിക്ക് ഊട്ട് അല്ലാതെ മറ്റാരുമല്ല. 

നിക്ക് ഊട്ട് എന്ന  ഈ ഫോട്ടോഗ്രാഫറെ കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ന് സംഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ മാത്രമേ അധികാരമുള്ളൂ .  ഇരയെ സഹായിയ്ക്കാന്‍ അവര്‍ക്ക് അധികാരമില്ല. 

അദ്ദേഹം പറയുന്നു... 

" ഞാന്‍ അന്ന് കിം നെ സഹായിച്ചില്ലായിരുന്നെങ്കില്‍ അവള്‍ മരിച്ചുപോയേനെ. പശ്ചാത്താപം മൂലം ഞാന്‍ ആത്മഹത്യ ചെയ്തേനെ.  അന്നത്തെ എന്‍റെ പ്രവൃത്തികള്‍ മൂലം എന്റെ ജോലിതന്നെ നഷ്ടപ്പെട്ടേക്കാമായിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയെ കൈവിടാന്‍ എന്റെ മനസ്സാക്ഷി എന്നെ അനുവദിച്ചില്ല .  ഞാന്‍ ജോലിയെ പറ്റിയോ നിര്‍ദ്ദേശങ്ങളെ പറ്റിയോ ചിന്തിച്ചില്ല.  ശരിയായതെന്താണോ അത് ചെയ്തു ."

ഇവിടെയാണ്‌.. ഇവിടെത്തന്നെയാണ്  അദ്ദേഹം ദൈവമാകുന്നത്.  അല്ല.. ഏറ്റവും വലിയ വിപ്ലവകാരിയാവുന്നത് .  ആ ചിത്രം കണ്ട് കണ്ണ്‍ നനയാത്തവരായും മനസ്സ് വേവാത്തവരായും ആരുമില്ല എന്നിരിയ്ക്കെ ,  ഒരുപാട് വിശദീകരണത്തിന്റെ  ആവശ്യമുണ്ടെന്നു തോന്നുന്നില്ല.  

ഞാന്‍ ആണയിട്ട് പറയുന്നു ,   കൊന്നതും തിന്നതുമല്ല വിപ്ലവം.  ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് ന് സംഭവങ്ങളില്‍ ഇടപെടാന്‍ അധികാരമില്ല എന്നിരിയ്ക്കെ , അങ്ങനെ ചെയ്‌താല്‍ ജോലിപോലും നഷ്ടമായേക്കാം എന്നിരിയ്ക്കെ , അതൊന്നും കണക്കാക്കാതെ ആ കുഞ്ഞിനെ എടുത്തുകൊണ്ട് ആശുപത്രിയിലെയ്ക്കോടിയ നിക്ക് ഊട്ട് തന്നെയാണ് യഥാര്‍ത്ഥ വിപ്ലവകാരി.. !  

പ്രിയപ്പെട്ട  നിക്ക് ഊട്ട് ! അങ്ങേയ്ക്ക് ഹൃദയത്തില്‍  കൈ ചേര്‍ത്തൊരു വന്ദനം.. !!






20 അഭിപ്രായ(ങ്ങള്‍):

Angry Bird പറഞ്ഞു...

ശരിക്കും ശിവേച്ചീ .ഇതൊക്കെയാണ് യഥാര്‍ത്ഥ വിപ്ളവം.ഇതുപോലുള്ളവരാണ് യഥാര്‍ത്ഥ വിപ്ളവകാരികള്‍.....
അഭിനന്ദനങ്ങള്‍ ശിവേച്ചീ

nandu പറഞ്ഞു...

Great.. vishadamaayi pinne ezhuthaam

ഫ്രാന്‍സിസ് പറഞ്ഞു...

വിചിത്രമാണീ ലോകത്തിന്റെ നിയമങ്ങള്‍ അല്ലെ?സംസ്കാരത്തിന്റെ കാപട്യങ്ങള്‍ എന്നു പറയുന്നതാവും കൂടുതല്‍ ശരി.കൊല്ലാന്‍ നിയമം കൊല്ലാതിരിക്കാന്‍ നിയമം.ചിത്രമെടുക്കാം സഹായിക്കാന്‍ പാടില്ല.
സംഹരിക്കാന്‍ ആറ്റംബോംബ്‌ ഉണ്ടാക്കാം പ്രയോഗിക്കാം എന്നാല്‍ സഹായിക്കാനായി ഒരു രാജ്യത്തില്‍ ഇടപെടുന്നത് കടന്നു കയറ്റം ആകുന്നു.
ശരിയാണ് 'കൊന്നതും തിന്നതും അല്ല വിപ്ലവം'!യദാര്‍ത്ഥ വിപ്ലവം മനസ്സില്‍ നിന്ന് സമൂഹത്തിലേക്കു പടരുന്ന മാനവികതയുടെ പ്രക്യാപനങ്ങള്‍ ആണെന്ന ഈ സൂചന ചിന്താവിഷയം ആകും.....

Sureshkumar Punjhayil പറഞ്ഞു...

Kaarunnyam ...!!!
.
Manoharam, Ashamsakal...!!!

Sivananda പറഞ്ഞു...

സന്തോഷം ചിന്നുക്കുട്ടീ ..

Sivananda പറഞ്ഞു...

സന്തോഷം സുരേഷ് :)

Sivananda പറഞ്ഞു...

അങ്ങനെയാവട്ടെ നന്ദു.. സന്തോഷം.

Sivananda പറഞ്ഞു...

അതെ ഫ്രാന്‍സിസ്.. ചിന്താവിഷയം ആകണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. :)

സജീവ്‌ പറഞ്ഞു...

Good writing siva

സുധി അറയ്ക്കൽ പറഞ്ഞു...

ഈ വിവരങ്ങൾ വളരെ വിശദമായി വന്നത്‌ നന്നായി.നല്ല എഴുത്ത്‌.ട്ടോ.!!!!

Sivananda പറഞ്ഞു...

സന്തോഷം സുധി.. ഒരുപാട് നാളായി കണ്ടിട്ട്.. :)

Sivananda പറഞ്ഞു...

thank u saji..

സജീവ്‌ പറഞ്ഞു...

വിശദമായി എഴുതിയത് നന്നായി

Sivananda പറഞ്ഞു...

nandi..:)

അജ്ഞാതൻ പറഞ്ഞു...

യുദ്ധങ്ങൾ ഒന്നും നേടിത്തരുന്നില്ല വളരെ അധികം നഷ്ടങ്ങൾ മാത്രമാണ് ഉണ്ടാക്കുന്നത് . ജീവനും ജീവിതവും സമ്പത്തും ശുദ്ധവായുവും ഭക്ഷണവും ജലവും നഷ്ടപ്പെടുന്ന ഒരു സമൂഹം ആയി യുദ്ധാന്തരം ആ സമൂഹം മാറും . കുറെ രാഷ്ട്രീയ നേതാക്കൾക്കും ആയുധ കച്ചവടക്കാർക്കും മാത്രം നേട്ടങ്ങൾ ഉണ്ടാകുന്നു . രാഷ്ട്ര നേതാക്കൾ അവരുടെ അതീവ സുരക്ഷയിൽ സുഖ ലോലുപരാകുമ്പോൾ അവരുടെ ഈഗോയുടെയും വാശിയുടെയും അഹങ്കാരത്തിന്റെയും ഫലം അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനം ആണ് . എല്ലാ യുദ്ധങ്ങളിലും ഉണ്ടാവുന്നത് ഇത് തന്നെ ആണ് . വിയറ്റനാം യുദ്ധത്തിന്റെ തീവ്രാദ വിളിച്ചോതുന്ന ഒരു കരളലിയിപ്പിക്കുന്ന ചിത്രം ആയിരുന്നു ഇത് . പല യുദ്ധങ്ങളിലും ഇങ്ങനെ ഉള്ള അവസ്ഥകൾ പുറം ലോകം അറിയാറില്ല . അവരെ രക്ഷപെടുത്തി ജീവിതതിലേക്കു തിരിച്ചു കൊണ്ട് വന്ന ആ ഫോട്ടോ ഗ്രാഫെർക്കു ഒരായിരം നന്ദിയും അഭിനന്ദനങ്ങളും . ഭർത്താവും മകനും മരിച്ച ഭാര്യയുടെയും അമ്മയുടെയും മുഖത്തേക്ക് ക്യാമറയും മൈക്കും പിടിച്ചു ചെല്ലുന്ന ഇന്നത്തെ മാധ്യമ കോമാളികൾ ഈ കഥകൾ വായിച്ചു പഠിക്കണം എന്താണ് മനുഷ്യത്വം എന്ന് അറിയാൻ .

Sivananda പറഞ്ഞു...

സത്യം ചങ്ങാതി ! മാധ്യമകോമാളിത്തം ഇത് തിരിച്ചറിയണം . കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫര്‍ , ഒരു കുട്ടി മരിയ്ക്കാന്‍ കാത്ത്നില്‍ക്കുന്ന കഴുകന്റെ ചിത്രം പകര്‍ത്തി ലോകപ്രശസ്തനായി. കാര്യങ്ങളില്‍ ഇടപെടരുത്, ചിത്രങ്ങള്‍ ഒപ്പിയെടുക്കുക മാത്രമേ ചെയ്യാവൂ എന്നും കുട്ടിയെ തൊടരുതെന്നും ഉള്ള നിര്‍ദ്ദേശം ആ ഫോട്ടോഗ്രാഫര്‍ക്ക് കിട്ടിയിരുന്നു. അതനുസരിച്ച് , ഇരകളെ സഹായിയ്ക്കരുത് എന്നാ നിര്‍ദ്ദേശം പാലിച്ച്, അദ്ദേഹം ആ ചിത്രം പകര്‍ത്തി.

പക്ഷെ ആ കുട്ടിയെ സഹായിച്ചിരുന്നെങ്കില്‍ അത് രക്ഷപെടുമായിരുനല്ലോ എന്ന ചിന്തയില്‍ കുറ്റബോധവും പശ്ചാത്താപവും കൊണ്ട് നീറി ആ ഫോട്ടോഗ്രാഫര്‍ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.

നിക്ക് ഊട്ട് പറയുന്നു, അന്ന് ആ പെണ്‍കുട്ടിയെ സഹായിചില്ലായിരുന്നെങ്കില്‍ കുറ്റബോധം കൊണ്ട് താനും ആത്മഹത്യ ചെയ്യുമായിരുന്നു എന്ന്.

സന്തോഷം സുഹൃത്തെ.. :)

മഹേഷ് മേനോൻ പറഞ്ഞു...

അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഇത് വായിച്ചപ്പോൾ. ഒരുപാട് മനസ്സുകളെ വേട്ടയാടിയ കാലത്തെ അതിജീവിച്ച ചില ചിത്രങ്ങളിൽ പെടുത്താവുന്ന ഒന്നാണ് ഇതും.



"യുദ്ധത്തിന്റെ കഷ്ടതകള്‍ അത് അനുഭവിയ്ക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിയ്ക്കൂ. രാഷ്ട്രീയ നേതാക്കള്‍ക്ക് അവരുടെ സുരക്ഷിതത്വത്തില്‍ നിന്നുകൊണ്ട് എന്തുവേണമെങ്കിലും പ്രസ്താവിയ്ക്കാം.."


ട്രോയ് എന്ന സിനിമയിൽ ഒഡിസ്യൂസ് അക്കിലസിനോട് പറയുന്ന ഒരു വാചകമുണ്ട് - "War is young men dying and old men talking. You know this" - ഒരു വലിയ സത്യം ഒരു ചെറിയ വാചകത്തിൽ.

Sivananda പറഞ്ഞു...

അതെ മഹി.. അതും ഇന്നത്തെ കാലത്തോട് ചേര്‍ത്തുവയ്ക്കാം. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് മഹിയെ കാണുന്നത്. സന്തോഷം മഹി കണ്ടതില്‍.. :)

മഹേഷ് മേനോൻ പറഞ്ഞു...

കുറച്ചുനാളായി ബ്ലോഗിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ചില തിരക്കുകൾ കാരണം. അതാ ശിവേച്ചീ കാണാഞ്ഞത്. വഴിയോരകാഴ്ചകളിൽ കുറെ നാളിനുശേഷം പോസ്റ്റ് ചെയ്തിട്ടുണ്ട് :-)

Sivananda പറഞ്ഞു...

സന്തോഷം മഹി .. ഞാന്‍ നോക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .