2017, ജനുവരി 23, തിങ്കളാഴ്‌ച

അക്കേഷ്യാ , നീ തിരിച്ചു പോവുക .. (ലേഖനം )

           

സഹാറാ മരുഭൂമിയിലെ  കൊടും ചൂടിൽ  കത്തുന്ന തീമരം പോലെ ... ഒറ്റയ്ക്ക്  നിന്നെരിയുന്ന   തീനാളം  പോലെ  നീ  നിന്നു !   നാനൂറ്  കിലോമീറ്റർ   ചുറ്റളവിൽ   ഒരു  പുൽക്കൊടിയുടെ പോലും  കൂട്ടില്ലാതെ ഏകാകിനിയായി...  ആയിരത്തി തൊള്ളായിരത്തി എഴുപത്തിമൂന്ന്‌  വരെ !!

മദ്യപിച്ച്   ലക്ക്  കെട്ട   ആ  ലിബിയൻ   ട്രക്ക്  ഡ്രൈവർ ,  നിന്നെ   ഇടിച്ചു   തെറിപ്പിച്ചില്ലായിരുന്നെങ്കിൽ ,  നീയിന്നും   സഹാറയുടെ  തിലകക്കുറി പോലെ  നിൽക്കുമായിരുന്നു  അല്ലെ ?

"ദി ലോൺലി ട്രീ ഓഫ് റ്റെനറെ ".      ഇത് നിനക്ക്  കിട്ടിയ   മരണാനന്തര ബഹുമതി..!    പിന്നെയോ ?   ലോഹ നിർമ്മിതമായൊരു   വൃക്ഷപ്രതിമയും !    അക്കേഷ്യാ !   അത്  നീയായിരുന്നു !!  നീയൊരു  മഹാസംഭവം തന്നെ !!!

പക്ഷേ ,  നിന്നെ   പഠിയ്ക്കാനിറങ്ങിയ   ശാസ്ത്രജ്ഞർ ,  ആ അത്ഭുതം  കണ്ടുപിടിച്ചു !   നിന്റെ  വേരുകൾ  മുപ്പത്തിയാറ്  മീറ്ററിലധികം  ഭൂമിയുടെ   ആഴത്തിലേയ്ക്ക്   തുളച്ചു  കയറിയിരുന്നത്രേ !    നിന്റെ   കഴിവ്   അപാരം തന്നെ !!

പക്ഷേ ..  അക്കേഷ്യാ ...   സൗന്ദര്യം  ചിലർക്ക്  ചിലപ്പോൾ   ശാപമാകുന്നതുപോലെതന്നെ   നിന്റെ   കഴിവുകൾ   നിനക്ക്  ശാപമാകുന്നു...

നാല്പത്തിനാല്   നദികൾ ഉണ്ടായിട്ടും ,  അറബിക്കടലിന്റെയും സഹ്യപർവ്വതങ്ങളുടേയും   താങ്ങും   തണലുമുണ്ടായിട്ടും   മഴക്കാലം   കഴിഞ്ഞാൽ  കേരളം   ഒരു  മരുഭൂമിയായി   മാറിത്തുടങ്ങിയിട്ടുണ്ട് .  മലകളുടെയും  ജലാശയങ്ങളുടെയും  വനങ്ങളുടെയും  നാശത്തോടൊപ്പം   ,  കേരളം  നേരിടുന്ന  വരൾച്ചയുടെ  ഒരു  പ്രധാന പങ്ക് ,  നീ വഹിയ്ക്കുന്നു അക്കേഷ്യാ... പറയാതെ വയ്യല്ലോ എനിയ്ക്ക് ...  അന്വേഷണം   നിന്റെ  പിറകെ  വരും.. തീർച്ച .

ഓസ്‌ട്രേലിയയിൽ   ചതുപ്പ്   നികത്താൻ   നിന്നെ ഉപയോഗിച്ചിരുന്നു   അല്ലെ ?   അവിടെ  നീ അത്രയും  നിസ്സാരയാണ് ???!!!!  

ഞങ്ങളുടെ  വനം വകുപ്പ്   ആഘോഷപൂർവ്വം  നിന്നെ  ഇങ്ങോട്ടു   ആനയിച്ചു കൊണ്ടുവന്നതാണ്.   ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ  തുടക്കത്തിലാണെന്നു തോന്നുന്നു അത്... അതിന്റെ   കാരണങ്ങൾ എന്തോ  ആവട്ടെ ...

"സാമൂഹ്യ വനവത്ക്കരണം'    എന്ന പേരിൽ  കേരളത്തിന്റെ  വഴിയോരങ്ങളിലും  റവന്യൂ ഭൂമിയിലും വനഭൂമിയിലും ഒക്കെ നിന്നെ വളർത്തിയെടുത്തു... പറയാതെ  നിവൃത്തിയില്ല... ഒട്ടും  ആലോചനയില്ലാതെ ചെയ്ത കാര്യം...

"സോഷ്യൽ ഫോറസ്ട്രി "   രൂപീകരിയ്ക്കപ്പെട്ടപ്പോൾ ,  നട്ടുപിടിപ്പിയ്ക്കാൻ ,  പ്രകൃതിയ്ക്കിണങ്ങുന്നതും ഭക്ഷണം ,  ഇന്ധനം ,  വളം ,  ഫൈബർ തുടങ്ങിയ  പ്രയോജനങ്ങൾ   ഉള്ളതുമായ  വൃക്ഷങ്ങളായിരുന്നു  തിരഞ്ഞെടുക്കേണ്ടിയിരുന്നത് .   പൾപ്പിന്  വേണ്ടിയാണത്രെ   നിന്നെ  തിരഞ്ഞെടുത്തത്... അപ്പോപ്പിന്നെ മേൽപ്പറഞ്ഞ  നിബന്ധനകളൊക്കെ  അവർ മറന്നതാകാം... ആവോ...

നീ  പെട്ടെന്ന് വളരും ,   കന്നുകാലികൾ  ആഹരിയ്ക്കില്ല ,  വേലി കെട്ടി സംരക്ഷിയ്ക്കണ്ട ,  എത്ര പ്രതികൂല സാഹചര്യങ്ങളിലും നിലനിന്നോളും . .. ഞങ്ങളുടെ ഭരണകൂടം  നിന്നിൽക്കണ്ട  ഗുണങ്ങൾ  ഇതൊക്കെയാവാം...

പക്ഷേ  തെറ്റ് പറ്റി ... നീ ചതിച്ചു   എന്ന്  ഞാൻ പറയില്ല .. പാവം  നീയെന്ത്   ചെയ്തിട്ടാണ്... എന്നാൽ   ഞങ്ങൾക്ക്  തെറ്റ്  പറ്റി ... നിന്റെ   അതിവ്യാപനം  കൊണ്ട്  ഞങ്ങളുടെ  ഊർവ്വരമായ  മണ്ണിന്റെ  ഘടന തന്നെ  മാറിപ്പോയി ചങ്ങാതി... നീ ഞങ്ങളുടെ കേരളത്തിന്റെ വരൾച്ചയുടെ  ഒരു  ഉൾപ്രേരകവുമായി  മാറി..

അതിഭയാനകമായ   വരൾച്ചയിലേയ്ക്ക്  കേരളം  കടക്കുകയാണ്.. പടിപടിയായി.. സർക്കാരിന്റെ ശ്രമങ്ങൾ പലതും ഫലവത്താവുന്നില്ല .  ഞാൻ   ഉൾപ്പെട്ട  ജനങ്ങളും വേണ്ടതുപോലെ ചെയ്യുന്നില്ലെന്നു വേണം പറയാൻ.

അക്കേഷ്യാ ,   ചോദിയ്ക്കുന്നതുകൊണ്ട്  ഒന്നും തോന്നരുത് ...പിണങ്ങുകയുമരുത്...  കാടുകളിൽ  നിന്നും, പാതയോരങ്ങളിൽ നിന്നും ഞങ്ങളുടെ  കാവുകളിലേയ്ക്കും  നീയിപ്പോൾ രംഗപ്രവേശം  ചെയ്തുവല്ലേ ?

നിന്നെക്കുറിച്ചുള്ള   ആരോപണങ്ങൾ  എത്രയെന്നറിയുമോ  നിനക്ക് ?  കേട്ടോളൂ ...

ജൈവവൈവിദ്ധ്യങ്ങൾക്കും  പ്രകൃതിയ്ക്കും  നീ  ഒരു പ്രയോജനവും  ചെയ്യുന്നില്ല.

മറ്റ്  വൃക്ഷങ്ങളേക്കാൾ വേഗത്തിലും  കൂടിയ   അളവിലും  നീ വെള്ളവും വളവും വലിച്ച്ചെടുക്കുന്നു.

മറ്റു മരങ്ങളെപ്പോലെ  നീ ഈർപ്പം  സംഭാവന ചെയ്യുന്നില്ല.

മെഴുക്  പുരണ്ട  ഇലകളാണ്  നിനക്ക് .  അതിനാൽ,  മണ്ണിൽ  മറ്റു ഇലകളെപ്പോലെ  വേഗം ചീഞ്ഞ് ചേരുന്നില്ല.   സൂക്ഷ്മ ജീവികൾ  നിന്റെ ഇലകളെ വെറുക്കുന്നുണ്ടാവും അല്ലെ ?

നീ മറ്റ്  നാട്ടുമരങ്ങളെ വളരാൻ അനുവദിയ്ക്കുന്നില്ല.. (അല്ല, അത് ശരിയാണോ നീ അങ്ങനെ ചെയ്യുന്നത്?)

കാറ്റിലൂടെയും  വെള്ളത്തിലൂടെയും നിന്റെ വിത്തുകൾ അതിവേഗം  വിതരണം നടത്തപ്പെടുന്നു .

പക്ഷിമൃഗാദികൾക്ക് കഴിയ്ക്കാനുള്ള ഫലങ്ങളൊന്നും നീ ഉൽപ്പാദിപ്പിയ്ക്കുന്നില്ല .

നിന്റെ പൂക്കളിൽ തേനില്ല എന്ന്  എല്ലാവരും പറയുന്നു..!    അതെനിയ്ക്കറിയില്ലായിരുന്നു !       ഈ അറിവ്  എന്നെ ഒത്തിരി വേദനിപ്പിച്ചു ട്ടോ... പാവം നീ.. നിന്നോടെന്താ  ഈശ്വരൻ അങ്ങനെ ചെയ്തത് ?  തേനില്ലാത്തതിനാൽ  വണ്ടുകളും  ശലഭങ്ങളും  നിന്നെ തിരിഞ്ഞ് നോക്കാറില്ലത്രേ..!   കഷ്ടം..!  

തന്നെയല്ല,  നിന്റെ  പൂമ്പൊടി ,  പല വിധത്തിലുള്ള അലർജികൾക്കും , ആസ്മ പോലുള്ള അസുഖങ്ങൾക്കും  കാരണമാകുന്നത്രേ..   ഇത് ശാസ്ത്രീയമായി തെളിയിയ്ക്കപ്പെട്ടിട്ടില്ല  എന്നിരുന്നാലും  അനുഭവസാക്ഷ്യങ്ങൾ  നിനക്കെതിരാണ്  അക്കേഷ്യാ...

കാര്യങ്ങൾ  ഇങ്ങനെയൊക്കെയാണെന്നിരിയ്ക്കേ ,  സത്യം  പറയാമല്ലോ,  നിന്നെ ഞാനും ഇഷ്ടപ്പെടാതിരിയ്ക്കാൻ  തുടങ്ങിയിരിയ്ക്കുന്നു...  നിന്നെ വേരോടെ  പിഴുതെറിഞ്ഞ് ,  പകരം  കേരളത്തിന്റെ  നിർമ്മലമായ മണ്ണിൽ  നാട്ടുമരങ്ങൾ വച്ചുപിടിപ്പിയ്ക്കേണ്ടതിന്റെ   ആവശ്യകത.. അത്യാവശ്യകത കണ്ടില്ലെന്നു നടിയ്ക്കാൻ ഇനിയും എനിയ്ക്കുമാവില്ല.

അതുകൊണ്ട് ,  അക്കേഷ്യാ ,  നീ തിരിച്ചു പോവുക ...   പ്രകൃതിയുടെ ഒരു ഭാഗമാണ്   നീ  .. അതുകൊണ്ടുതന്നെ നിന്നെ എനിയ്ക്കു വെറുക്കണമെന്നു നിർബന്ധമൊന്നുമില്ല .  വെറുപ്പിയ്ക്കാതിരിയ്ക്കുക .   അപേക്ഷയാണ് ..  എന്നെന്നേയ്ക്കുമായി  നീ  ഞങ്ങളെ വിട്ടു  പോവുക..


                                        *****************************

(കടപ്പാട് - മാതൃഭൂമി )










12 അഭിപ്രായ(ങ്ങള്‍):

ബി.ജി.എന്‍ വര്‍ക്കല പറഞ്ഞു...

അക്വേഷ്യ
ഭൂമിയുടെ നാഭിച്ചുഴിയിലൂടെ അടിനാവുകളിൽ എത്തി അവസാനതുള്ളിയും വറ്റിക്കുന്ന പച്ചിലക്കൊമ്പ്‌ . മധുസൂദനൻ നായർ സാറിന്റെ ഒരു കവിതയും ഉണ്ട് അക്വേഷ്യയെക്കുറിച്ചു . നല്ല ഓർമ്മപ്പെടുത്തൽ .

Sivananda പറഞ്ഞു...

നന്ദി ബിജു...

അജ്ഞാതൻ പറഞ്ഞു...

നല്ല ഒരു ലേഖനം . ഇപ്പോൾ നാട്ടിൽ നിന്നും ഇത് അപ്രത്യക്ഷമായി വരുന്നുണ്ട് ...

അജ്ഞാതൻ പറഞ്ഞു...

ഇത് പിഴുതു കളഞ്ഞു നമുക്ക് ഹീമക്കൊന്ന വെച്ചാലോ ? അതാവുമ്പോൾ അതിന്റെ വളവും അതിന്റെ പൂക്കളും അതിൽ വിടരുന്ന സുന്ദര ഓർമ്മകളും ... ഇതേ പോലെ

// ഒരുപാട് ഇഷ്ടമുള്ളവർ അവൾക്ക് ഒരു കുല കൊന്നപ്പൂവ് പറിച്ചുകൊടുക്കണം ".

ഞാൻ നോക്കിയപ്പോൾ , കണ്ണടച്ചു തുറക്കുന്നതിന് മുന്നേ ഒരാൾ പറക്കുന്നു ! ആരാണെന്നോ ? കേശവൻ ! മറ്റൊരു കരുമാടിക്കുട്ടൻ ! മൂന്നാംക്ലാസ്സിൽ തോറ്റുതോറ്റ് ' വലിയവ'നായവൻ !
കൊന്നയിൽ വലിഞ്ഞുകയറി ശിഖരം ചായ്ച്ച് ഒരു കുല പൂവ് പറിച്ച് , മത്സരം ജയിച്ചവനെപ്പോലെ വിജയിയുടെ ചിരി ചിരിച്ച് അവൻ വന്നു. ഭീമസേനൻ ദ്രൗപദിയ്ക്ക് കല്യാണസൗഗന്ധികം കൊണ്ടുവന്നതുപോലെ ! അവന്റെ നേരെ നീണ്ട അനേകം കുഞ്ഞുക്കൈകളെ അവഗണിച്ച് എനിയ്ക്ക് മാത്രം തന്നു ! ///

Sivananda പറഞ്ഞു...

hhhhhh ajnjaathaa...nandi...

സുധി അറയ്ക്കൽ പറഞ്ഞു...

ഈ അക്കേഷ്യ ഇത്ര ഭീകരസംഭവമായിരുന്നോ??

Sivananda പറഞ്ഞു...

athe sudhi .. bheekaranaanu acecia. thank u sudhi..

Punaluran(പുനലൂരാൻ) പറഞ്ഞു...

എന്റെ ചെറുപ്പത്തിൽ നാട്ടിലെ സ്വാഭാവികവനങ്ങൾ മിക്കവയും വെട്ടി അക്കേഷ്യയും യൂക്കാലിപ്റ്റസും വെച്ചു ഗ്രാമത്തിന്റെ ജലസ്രോതസുകൾ നശിപ്പിച്ചു കളഞ്ഞ കഥ എന്നെങ്കിലും ഞാൻ ബ്ലോഗിൽ എഴുതും ..നന്ദി നല്ല ഓർമ്മപ്പെടുത്തലിന് ..ആശംസകൾ

Sivananda പറഞ്ഞു...

നന്ദി സാംസണ്‍.. സന്തോഷം. അക്കേഷ്യ , യൂക്കാലിപ്റ്റസ് , മാഞ്ചിയം തുടങ്ങി എല്ലാം കുളം തോണ്ടുന്ന സാധനങ്ങളാണ്.

Angry Bird പറഞ്ഞു...

Informative Sivechee

Angry Bird പറഞ്ഞു...

Informative Sivechee

Sivananda പറഞ്ഞു...

അതെ ദേഷ്യപ്പക്ഷീ.. നന്ദി..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Copyright © .