-----------------------------------------------------------------
-- ശിവനന്ദ .
ഒരിയ്ക്കൽ ഞാനെഴുതിയ " ദൈവത്തിന്റെ താഴ്വര " എന്ന കഥ വായിച്ച്, എന്റെയൊരു സുഹൃത്ത് എന്നോട് ചോദിച്ചു, ( കഥയിലെ നായിക ഒരു വീട്ടമ്മ. മനസ്സിൽ അഗ്നിപർവ്വതങ്ങളെ ഗർഭം ധരിച്ച് മൗനത്തിലമരുകയും ഒടുവിൽ ഒരു വലിയ ആളിക്കത്തലോടെ പൊട്ടിത്തെറിയ്ക്കുകയും ചെയ്ത വീട്ടമ്മ . ഇവിടെ ഞാനത് പോസ്റ്റ് ചെയ്തിരുന്നു. പലരും വായിച്ചിട്ടുണ്ടാവും .)
എന്റെ സുഹൃത്ത് ചോദിച്ചതിങ്ങനെയാണ് ...
" ഒരു സാധാരണ വീട്ടമ്മ ചിന്തിയ്ക്കുന്ന രീതിയാണോ ഇത് ? ഒരു സാധാരണ വീട്ടമ്മയ്ക്ക് ഇങ്ങനെയൊക്കെ ചിന്തിയ്ക്കാൻ കഴിയുമോ ?"
ആ ചോദ്യം കേട്ടപ്പോൾ സത്യത്തിൽ ഞാൻ പകച്ച് പോയി . വീട്ടമ്മയുടെ ചിന്തകളേക്കുറിച്ചല്ല , അവരെ വിശകലനം ചെയ്ത സുഹൃത്തിനെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചത്. ഒരു സമൂഹത്തിന്റെ പ്രതിനിധിയാണോ എന്റെ സുഹൃത്ത് എന്ന് ഞാൻ ആലോചിച്ചു. എന്റെ ചിന്തകൾക്ക് തീ പിടിച്ചു.
ഒരു സാധാരണ വീട്ടമ്മയുടെ ചിന്തകൾക്ക് പരിധികളുണ്ടോ ?
അതാര് തീരുമാനിച്ചു ?
വീട്ടമ്മയിൽ സാധാരണമെന്നും അസാധാരണമെന്നുമുള്ള തരംതിരിവുണ്ടോ ?
എന്താണതിന്റെ മാനദണ്ഡം ?
വിദ്യാഭ്യാസമോ ? ലോകപരിചയമോ ? അതോ സാമൂഹിക പദവിയോ ?
വെറും മൂന്നാം ക്ലാസ്സ് വരെ പഠിച്ച ഒരു തമിഴ് സ്ത്രീ. ഒരു തെറ്റിദ്ധാരണയുടെ പേരിൽ പണിസ്ഥലത്ത് നിന്നും പുറത്താക്കപ്പെട്ട അവർക്ക് മറ്റൊരു സ്ഥലത്ത് ജോലിയും താമസസൗകര്യവും ഏർപ്പെടുത്തിക്കൊടുക്കാമെന്ന് ഞാനവരോട് പറഞ്ഞു. അപ്പോൾ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമില്ലാത്ത ആ സ്ത്രീ എന്നോട് പറഞ്ഞു,
"എന്നെ ചേച്ചി സഹായിച്ചാൽ അത് ചേച്ചിയ്ക്ക് പ്രശ്നാവും. ചേച്ചിയെ സങ്കടപ്പെടുത്താൻ എനിയ്ക്ക് പറ്റൂല്ല."
എന്നെ സങ്കടപ്പെടുത്തിക്കൊണ്ട് ഒരു സഹായം വേണ്ടെന്നു പറഞ്ഞ് അവര് പോയി ! ഈ സ്ത്രീയും ഒരു വീട്ടമ്മ. ഈ വീട്ടമ്മയുടെ ചിന്തകളെ ഏത് വകുപ്പിൽപ്പെടുത്തണം ? വിദ്യാഭ്യാസവകുപ്പിലോ ? സാമൂഹ്യക്ഷേമവകുപ്പിലോ ? അതോ സാംസ്ക്കാരികവകുപ്പിലോ ?
വിദ്യാഭ്യാസമില്ല എന്ന് പറയുന്ന ആ വീട്ടമ്മയുടെ ചിന്തകൾക്ക് മുന്നിൽ , വിദ്യാഭ്യാസമുണ്ട് എന്നഭിമാനിയ്ക്കുന്ന ഞാൻ നമസ്കരിച്ചു. ഭൂമിയോളം താഴ്ന്ന്.....
അടുക്കളയിലെ കരിപിടിച്ച ചുമരിൽ ചാരി നിന്ന് ചന്ദ്രലേഖ എന്ന വീട്ടമ്മ പാടിയ "രാജഹംസം " അവരെ ചിറകിലേറ്റി ആകാശത്ത് കൂടി പറന്നത് നമുക്ക് മറക്കാൻ സമയമായില്ലല്ലോ ? അടുക്കളച്ചൂടിൽ എരിഞ്ഞ് തീരുന്ന വീട്ടമ്മയുടെ സ്വപ്നങ്ങളും ചിന്തകളും അപൂർവ്വമായി കാണുന്ന ജാലകപ്പഴുതിലൂടെ ഇങ്ങനെ ജീവനും കൊണ്ട് പറക്കുന്നു...
എനിയ്ക്ക് അടുത്തറിയാവുന്ന ഒരു വീട്ടമ്മ. ഭർത്താവ് ഒരു വർക്ക്ഷോപ്പ് തൊഴിലാളി. അയാള് രാവിലെ ജോലിയ്ക്ക് പോയാൽ സന്ധ്യ കഴിഞ്ഞേ എത്തൂ. മക്കൾ പഠിയ്ക്കുന്നു ... ഈ സ്ത്രീ വീട്ടിൽ പാചകം ചെയ്യുന്നു, വീട് വൃത്തിയാക്കുന്നു , തുണി കഴുകുന്നു , ഭർത്താവിന്റെ രോഗികളായ അച്ഛനെയും അമ്മയേയും പരിചരിയ്ക്കുന്നു , ഇടയ്ക്കിടെ അവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നു , കറന്റ്ചാര്ജ്ജ് , വെള്ളക്കരം , ടെലഫോണ്‍ ബിൽ തുടങ്ങിയവ അടയ്ക്കാൻ പോകുന്നു, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പോകുന്നു , പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങാൻ പോകുന്നു, ഇതിനെല്ലാമിടയിൽ മക്കളുടെ സ്കൂളിൽ പോകുന്നു , അവരുടെ പഠിത്തകാര്യങ്ങൾ ശ്രദ്ധിയ്ക്കുന്നു.....
ഇങ്ങനെ വിശ്രമമില്ലാത്ത ദിവസങ്ങൾ ..... എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന വരുമാനത്തിൽ അവർ സന്തോഷത്തോടെ ജീവിയ്ക്കുന്നു. ഈ സ്ത്രീ ഒരു മൊബൈൽ ഉപയോഗിയ്ക്കുന്നതിൽ തെറ്റെന്ത് ? അവർക്കോ ഭർത്താവിനോ മക്കൾക്കോ അത് തെറ്റായി തോന്നിയില്ല. പക്ഷേ മറ്റൊരാൾ ചോദിയ്ക്കുന്നു. വീട്ടിലിരിയ്ക്കുന്നവർക്ക് എന്തിനാ മൊബൈൽ ഫോണെന്ന് ! അപ്പോൾ അവർ വിശ്രമമില്ലാതെ ചെയ്യുന്ന ജോലിയ്ക്കുള്ള മൂല്യമെന്ത് ?
എന്റെ സംശയം ഇതാണ് .
ഒരു വീട്ടമ്മയുടെ ചിന്തകൾക്ക് എന്തിനാണങ്ങനെ നിബന്ധനകൾ ? ആർക്കാണ് ആ പരിധികൾ കൊണ്ട് നേട്ടം ? അത് ലംഘിച്ചാൽ എന്താണ് ശിക്ഷ ?
വീട്ടമ്മയുടെ ചിന്തകൾക്ക് അടുക്കളക്കെട്ടിലെ കരിയുടേയും പുകയുടേയും നിറമാണോ ?
വീട്ടമ്മയുടെ ചിന്തകൾക്ക് ചാരക്കുഴിയിലെ കരിപ്പാത്രങ്ങളുടെ വില മാത്രമേ ഉള്ളോ ?
അവരുടെ സ്വപ്നങ്ങൾക്കും അവകാശങ്ങൾക്കും വിലക്കുകളുണ്ടോ ?
"വീട്ടമ്മ എന്ന പദവി പലപ്പോഴും പരിഹസിയ്ക്കപ്പെടുന്നില്ലേ " എന്ന് മറ്റൊരു സുഹൃത്ത് എന്നോട് ചോദിച്ചു. ശരിയാണ്.
" ഉദ്യോഗത്തിനൊന്നും പോകണ്ടാല്ലോ ? ചുമ്മാ ഇരുന്നാപ്പോരേ ?"
" വീട്ടുപണിയല്ലേ ഉള്ളു ? ഇതിനുംമാത്രം പറയാനെന്താ ?"
( കുറച്ചു കൂടി ക്രൂരമായി പറഞ്ഞാൽ )
" രാവിലെ കുറെ വച്ചു പുഴുങ്ങിത്തിന്നലല്ലാതെ വേറെ പണിയൊന്നൂല്ലാലോ "
കേട്ടിട്ടുണ്ടാവും എവിടെയെങ്കിലുമൊക്കെ ഇങ്ങനെയുള്ള വാക്കുകൾ . വീട്ടിലെ 'ഏണിങ്ങ് മെമ്പർ ' അല്ലാത്തതിന്റെ നിസ്സാരതയാണ് ...
ആധിപത്യമോഹത്തിന്റെ മൂർച്ചയിൽ തേഞ്ഞുരഞ്ഞ് വക്കും മൂലയും പോയി വികൃതമായ വാക്കുകളാൽ പരിഹസിയ്ക്കപ്പെടുന്നതും അനാദരിയ്ക്കപ്പെടുന്നതും ഒരു വീട്ടമ്മയുടെ മഹത്വം കൂട്ടുന്നു എന്ന് വന്നാലോ ? അവൾ കാണുന്ന ജാലകക്കാഴ്ച്ചകളുടെ തിളക്കം അവളുടെ മനസ്സിന്റേതാണെങ്കിലോ ?
ശ്രദ്ധിച്ചിട്ടുണ്ടോ മറ്റൊരു കാര്യം ? ( പലരും അംഗീകരിയ്ക്കണമെന്നില്ല . പലർക്കും തർക്കവും ഉണ്ടാവും ). പലയിടത്തും നമ്മൾ കാണുന്നതാണ്.
എപ്പോഴും വിരുന്നുകാർ വരുന്ന വീട്. ഓരോരുത്തരും വരുമ്പോൾ , വീട്ടിലെ പുരുഷന്മാർ അടുക്കളയിലേയ്ക്ക് നോക്കി ഓർഡറിടും ..
" അതേയ്, കുടിയ്ക്കാൻ എന്തെങ്കിലുമെടുത്തോ "
എടുക്കുന്നു, കുടിയ്ക്കുന്നു, കുറെ നേരം സംസാരിച്ചിരിയ്ക്കുന്നു , പോകുന്നു....
അടുത്ത വിരുന്നുകാർ ....പിന്നെയും ..പിന്നെയും...
ഇനി ആരും വന്നില്ലെങ്കിൽ റോഡിൽക്കൂടി പോകുന്നവരെ വിളിയ്ക്കും...
" ങാ..എന്തായീ..? ഇങ്ങട് വാന്നേയ്.കേറീട്ട് പോ..."
വന്നുകഴിയുമ്പോൾ മുച്ചൂടും ഒരു പുതപ്പിയ്ക്കൽ .( പതപ്പിയ്ക്കലല്ല ).
" വന്നൊരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കുക, രണ്ടു വാക്ക് മിണ്ടിപ്പറഞ്ഞ് പോവുക ...അതൊക്കെ നമുക്കൊരു സന്തോഷല്ലേ ?"
ശേഷം അടുക്കളയിലേയ്ക്ക്...
"അതേയ് , ഒരു രണ്ടു ചായ. തിന്നാനും കൂടി എന്തെങ്കിലും എടുത്തോ "
അതങ്ങനെ തുടരും.........
ഇതുപോലെ വിരുന്നൊഴിയാത്ത വീടുകൾ പലയിടത്തും കണ്ടിട്ടുണ്ടാവും അല്ലെ ? ഇവിടെ ഞാനെടുത്ത് പറയുന്ന കാര്യം മറ്റൊന്നാണ് .
ഈ വിരുന്നൊഴിയാത്ത വീടുകളിലെ വീട്ടമ്മമാരുടെ മനസ്സുകളിലേയ്ക്ക് നമുക്കൊന്ന് നോക്കാം.
ഇങ്ങനെ അടുക്കളയിലേയ്ക്ക് നിരന്തരം ഓർഡറുകൾ വരുമ്പോൾ , ചെയ്തുകൊണ്ടിരിയ്ക്കുന്ന ജോലികൾ പൂർത്തിയാക്കാൻ പറ്റാതെ , അതിന്റെ ഒഴുക്ക് നഷ്ടപ്പെടുകയോ അത് പാതിവഴിയിൽ നിന്നുപോവുകയോ ചെയ്യുന്നു. ഒരു നിമിഷം പോലും വിശ്രമിയ്ക്കാൻ പറ്റാതെ വരുന്നു . അടുക്കളയിൽ തീ കെടുത്താൻ പോലും കഴിയാതെ വരുന്നു. അതവിടെ നിൽക്കട്ടെ . നമ്മുടെ വിരുന്നുകാരോ ? അവരിങ്ങനെ പറയും...
" ആ ചേട്ടന്റെയൊരു ഹോസ്പ്പിറ്റാലിറ്റി ! ഹോ ! സമ്മതിയ്ക്കണം ! എന്തൊരു നല്ല മനുഷ്യൻ ! "
കേട്ടില്ലേ ? ചേട്ടൻ മിടുക്കനായി. ചേട്ടൻ അടുക്കളയിലേയ്ക്ക് നോക്കി നിരന്തരം ഓർഡറിട്ടതേയുള്ളു . പെടാപ്പാട് പെട്ടത് മുഴുവൻ അവിടുത്തെ വീട്ടമ്മ. ഞാൻ സമ്മതിയ്ക്കുന്നു, വീട്ടമ്മ ഇതൊക്കെ ചെയ്യാൻ കടപ്പെട്ടവളാണ് . അവരത് ചെയ്യുകയും ചെയ്യും . പക്ഷേ ഇവിടെ അവരുടെ സേവനം വിലമതിയ്ക്കപ്പെട്ടൊ ? ഒരു നിമിഷം ആരെങ്കിലും അവരെയൊന്ന് പരിഗണിച്ചൊ ?
ഓർഡറിട്ട ചേട്ടന് കൊടുത്തതിന്റെ പകുതി അംഗീകാരമെങ്കിലും , ഓർഡറനുസരിച്ച ചേച്ചിയ്ക്ക് കൊടുക്കേണ്ടതല്ലേ ?
സത്യത്തിൽ ഒരു വീട്ടമ്മ ആരാണ് ?
പകലന്തിയോളം ഒരു വീടിന്റെ നൊമ്പരങ്ങളത്രയും ഏറ്റു വാങ്ങുന്നവൾ.....വീടിന്റെ പരാതികളത്രയും കേട്ട് തീർപ്പ് കൽപ്പിയ്ക്കുന്നവൾ ......വേതനമില്ലാതെ സേവനം ചെയ്യുന്നവൾ.....അതോടൊപ്പം ഒരിയ്ക്കലും വിലമതിയ്ക്കപ്പെടാത്തവളും ......
എന്നാൽ ഞാനവരെ വിശേഷിപ്പിയ്ക്കുന്നു , ' അടുക്കളയിൽ പൂത്ത അഗ്നിപുഷ്പം ' എന്ന് . ആ അഗ്നിപുഷ്പത്തിന്റെ അടിക്കുറിപ്പുകൾ ഞാനിങ്ങനെ ഉപസംഹരിയ്ക്കുന്നു....
വീട്ടമ്മ എന്ന പദവി അവർ സ്വയം തിരഞ്ഞെടുക്കുന്നതോ അല്ലെങ്കിൽ അവരിൽ അടിച്ചേൽപ്പിയ്ക്കപ്പെടുന്നതോ ആവാം.. പക്ഷേ മറക്കരുത് നാം...
വേതനം പറ്റാത്ത ഈ സേവനം പരിഹസിയ്ക്കപ്പെടെണ്ടതല്ല . അവഗണിയ്ക്കപ്പെടേണ്ടതുമല്ല. ഒരു വീട്ടമ്മയുടെ ബൗദ്ധികനിലവാരത്തേയൊ സാംസക്കാരിക നിലവാരത്തേയോ അളക്കാൻ ഇനിയും കണ്ടുപിടിച്ചിട്ടില്ല ഒരു അളവുകോൽ. അഗ്നിയിൽ സ്ഫുടം ചെയ്തെടുത്തതാണവളുടെ മനസ്സ് . ആ മനസ്സിലെ ചിന്തകൾക്ക് തടയിണ കെട്ടരുത് . പരിധി നിർണ്ണയിയ്ക്കുകയുമരുത് . അവരുടെ അശാന്ത നിശ്വാസങ്ങൾ അടുക്കളകളിൽ നിറയരുത് .
അവർ മനസ്സില് കത്തിച്ച് വച്ച നെയ്ത്തിരി കണ്ണ് ചിമ്മിച്ചിരിയ്ക്കട്ടെ എന്നും. അത് ആളിക്കത്താൻ നമ്മുടെ ഒരു വാക്കോ നോക്കോ പ്രവൃത്തിയോ കാരണമാവാതിരിയ്ക്കട്ടെ ഒരിയ്ക്കലും .......
(ഇത്തരുണത്തിൽ, ഉദ്യോഗസ്ഥകളായ സ്ത്രീകള് ചെയ്യുന്ന ഡബിൾ റോളുകൾ ഞാൻ മറക്കുന്നില്ല . അത് ഞാനെടുത്ത് പറയുന്നു. വീട്ടമ്മയുടെയും ഉദ്യോഗസ്ഥയുടെയും റോളുകൾ ഒന്നിച്ച് കൊണ്ട് പോകുന്ന അവർക്ക് ഇരട്ടി വന്ദനം ....)
തൽക്കാലം നിർത്തുകയാണ് ഈ അടിക്കുറിപ്പുകൾ....
('വീട്ടമ്മ എന്ന പദവി പലപ്പോഴും പരിഹസിയ്ക്കപ്പെടുന്നു ' എന്ന് പറഞ്ഞ എന്റെ പ്രിയ സുഹൃത്തിന് ഞാനിത് സ്നേഹപൂർവ്വം സമർപ്പിയ്ക്കുന്നു ...)
******************
2 അഭിപ്രായ(ങ്ങള്‍):
അവർ മനസ്സില് കത്തിച്ച് വച്ച നെയ്ത്തിരി കണ്ണ് ചിമ്മിച്ചിരിയ്ക്കട്ടെ എന്നും. അത് ആളിക്കത്താൻ നമ്മുടെ ഒരു വാക്കോ നോക്കോ പ്രവൃത്തിയോ കാരണമാവാതിരിയ്ക്കട്ടെ ഒരിയ്ക്കലും .......
ഒരു വീട്ടമ്മയെ വളരെ തന്മയത്തോടെ അവതരിപ്പിച്ചു. അവരുടെ ജോലി ഭാരം ആരും മനസ്സിലക്കാറില്ല .. വളരെ നന്നായ് എഴുതി.....
thank u soma..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ