എഴുത്തും വായനയുമെല്ലാം ഉപേക്ഷിച്ച് അത്യന്തം മടുപ്പോടുകൂടി എന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടിയ ഒരു സമയമുണ്ടായിരുന്നു. അന്നൊരു ദിവസം എന്റെയൊരു സുഹൃത്ത് ഓഷോയുടെ പുസ്തകങ്ങൾ കൊണ്ടുത്തന്നിട്ട് പറഞ്ഞു, "എവിടെയാ നീ? ഈ ഇരിയ്ക്കുന്നത് നീയല്ല , തിരികെ വാ "
ഞാൻ എഴുന്നേറ്റു . എനിയ്ക്ക് മുന്നോട്ട് നടക്കണം. നടന്നേ തീരൂ. അതെന്റെ ഇഷ്ടമാണ് !
ഞാൻ നടന്നു. മെല്ലെ.. വളരെ മെല്ലെ.. പൊടി മൂടിപ്പോയ എന്റെ ചിന്തകളെ ഒഷോവായന കഴുകിത്തെളിച്ചു. എഴുതിയത് പലതും ആനുകാലികങ്ങളിലും പത്രത്തിന്റെ വാരാന്തപ്പതിപ്പുകളിലും വന്നു.
മറ്റൊരു സുഹൃത്ത് പറഞ്ഞു, "നീ കണ്മുന്നിലുള്ളത് പലതും കാണാതെപോകുന്നു . ഇങ്ങുവന്നെ.."
ഞാൻ തീരുമാനിച്ചു , എനിയ്ക്ക് കാണണം. കണ്ടേ തീരൂ.. അതെന്റെ ഇഷ്ടമാണ് !
ഇന്റർനെറ്റിന്റെ അനന്തസാദ്ധ്യതകളിലേയ്ക്ക് ഞാൻ കടന്നു. ജീവിതത്തിലെ വഴിത്തിരിവ്... അക്ഷരങ്ങളുടെ ലോകത്തുനിന്നും മാറിനിന്നാൽ കരയിൽ പിടിച്ചിട്ട മൽസ്യത്തെപ്പോലെ ഞാൻ പിടഞ്ഞുമരിയ്ക്കും എന്നെനിയ്ക്ക് അറിയാമായിരുന്നിട്ടും ചില സാഹചര്യങ്ങളിൽ ഞാനെന്റെ അക്ഷരങ്ങളെ പകയോടെ കുടഞ്ഞു തെറിപ്പിയ്ക്കാൻ ശ്രമിച്ചു. എന്നാൽ അവ എന്നെ വിട്ടുപോകാതെ പിന്നെയും പിന്നെയും എന്റെ വിരൽത്തുമ്പിൽ കടിച്ചുതൂങ്ങി. എനിയ്ക്ക് വല്ലാതെ നൊന്തു.. ഞാൻ തീരുമാനിച്ചു. ഇതെന്റെ ഇഷ്ടമാണ് ! എന്റെ മാത്രം ഇഷ്ടം !! അത് സാധിയ്ക്കാൻ എനിയ്ക്കെ കഴിയൂ.. ആ ചിന്തയിൽ നിന്നൊരു പുസ്തകം തന്നെ പിറന്നു.
എന്നോ എന്നിൽ നിന്നും പടിയിറങ്ങിപ്പോയ സംഗീതം... ഞാനോർത്തു, എന്റെ സംഗീതം.. അതെന്റെ ഇഷ്ടമാണ് ! എത്ര മറച്ചിട്ടും അത് ഫാമിലി ഗ്രൂപ്പിലൂടെ പറന്ന് വിദേശത്തെത്തി . ക്ലാവ് പിടിച്ച ഓട്ടുവിളക്ക് പോലെ ആയിപ്പോയ എന്റെ സ്വരത്തെ ഞാൻ തേച്ചുമിനുക്കി കഴിയുന്നത്ര..
മഞ്ഞു വീണലിഞ്ഞ മനസ്സിന്റെ ചില്ലുജാലകങ്ങൾക്ക് ഇപ്പുറം ആരുമറിയാത്ത നോവുകളും ആരും കാണാത്ത മുറിവുകളും നേർത്തൊരു ചിരികൊണ്ട് ഒളിപ്പിച്ചുവച്ച് പുറംകാഴ്ചകളിലെയ്ക്ക് നോക്കുന്ന എന്റെ കണ്ണുകളുടെ ആർദ്രത തെല്ലും കുറയില്ല.. ഒപ്പം തീക്ഷ്ണതയും. അതെന്റെ ഇഷ്ടമാണ് !
എനിയ്ക്കു പിന്നാലെ വരുന്നവരോട് 'ഞാനിവിടെ ഉണ്ടായിരുന്നു ' എന്നൊരു അടയാളപ്പെടുത്തലാണ് ഇന്നെന്റെ ഓരോ അക്ഷരവും. അതെന്റെ ഇഷ്ടമാണ് !
മാനത്തെ മറച്ചുകളയുന്ന കാർമേഘങ്ങൾ ഓർക്കാത്തതെന്താണ് , അവരൊരിയ്ക്കൽ പെയ്തൊഴിയും എന്ന് ? ഓർത്തില്ലെങ്കിലും എനിയ്ക്കൊന്നുമില്ല. ഞാനോർക്കും. അതെന്റെ ഇഷ്ടം !!
4 അഭിപ്രായ(ങ്ങള്‍):
എവിടാരുന്നു??
hai സുധി ! സുധി എവിടായിരുന്നു? :) കണ്ടതില് സന്തോഷം .. ഞാന് ഇവിടൊക്കെ ഉണ്ട്
ശിവാ ഒരു കാര്യം .. എന്തെ പഴയ നിലയിൽ നല്ല കഥകൾ വരുന്നില്ല. ഇപ്പോൾ പലതും അനുഭവക്കുറിപ്പുകൾ പോലെ തോനുന്നു. പഴയ പോലെ നല്ല കഥകൾ പ്രതീഷിക്കുന്നു . രചന തുടരുക.
ഇപ്പോ മറ്റൊരു പ്രോജക്ട് .. അച്ഛന്റെ ജീവചരിത്രം എഴുതുകയാണ് .. മറ്റ് എഴുത്തുകള് തല്ക്കാലം നിർത്തിവച്ചിരിയ്ക്കുന്നതാ :) ഞാന് ഒരു കാര്യം ചോദിച്ചിട്ടു മറുപടി കിട്ടിയില്ല ട്ടോ.. മെയില് അയച്ചാല് കിട്ടുവോ ന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ